Article POLITICS

പൊതു പ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും വരുമാനവിവരം ജനങ്ങളറിയണം

വരവില്‍കവിഞ്ഞ സ്വത്തു സമ്പാദിച്ചുവെന്ന കേസില്‍ മുതിര്‍ന്ന ഐ.എ.എസുകാരനായ ടി.ഒ.സൂരജ് സസ്‌പെന്‍ഷനിലായത് ഈയിടെയാണ്. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം.പോള്‍ ആഭ്യന്തര സെക്രട്ടറിക്കു നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. സസ്‌പെന്‍ഷനിലായ സൂരജിന് തന്നെ മാത്രം കുറ്റക്കാരനാക്കാനുള്ള ശ്രമത്തോടായിരുന്നു എതിര്‍പ്പ്. മാന്യന്മാരും മഹാന്മാരുമെന്നു സ്വയം നടിക്കുന്ന പലരുടെയും പല കാര്യങ്ങളും തനിക്കറിയാമെന്നുള്ള ഭീഷണിയായിരുന്നു സൂരജിന്റെ ആദ്യപ്രതികരണം. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അവര്‍തന്നെയാണ് ലജ്ജാലേശമന്യേ വെളിപ്പെടുത്തുന്നത്.

ജനങ്ങള്‍ തങ്ങള്‍ക്കുള്ള ഇരകളാണെന്നാണ് ഇക്കൂട്ടര്‍ കരുതുന്നത്. കയ്യൂക്കും തിണ്ണമിടുക്കും കാണിച്ച് ആരില്‍നിന്നും എന്തും പിടിച്ചു പറിക്കാനുള്ള അധികാരമാണ് ജനാധിപത്യം തങ്ങള്‍ക്കു നല്‍കിയിരിക്കുന്നതെന്നാണ് അവരുടെ ഭാവം. സര്‍ക്കാര്‍ സര്‍വീസില്‍ മുപ്പത്തിയഞ്ചുകൊല്ലമായി പ്രവര്‍ത്തിക്കുന്നു.അവിടെ നടക്കുന്നത് എന്തെല്ലാമാണെന്ന് ബോധ്യമുണ്ട്.ഇതു സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ല എന്നൊക്കെ മാധ്യമങ്ങളോട് വിളിച്ചുകൂവുന്നത് ഇപ്പോള്‍ പൊടുന്നനെ ആദര്‍ശനിഷ്ഠ കൈവന്നതുകൊണ്ടല്ലല്ലോ. പിടിക്കപ്പെട്ടതുകൊണ്ടല്ലേ?

ഇങ്ങനെയുള്ള അഭിപ്രായപ്രകടനം മതി ഒരാള്‍ക്കെതിരെ കേസു ചാര്‍ജ് ചെയ്യാന്‍. അയാള്‍ സിവില്‍ സര്‍വീസിലുള്ള ഉദ്യോഗസ്ഥനാണെങ്കില്‍ പ്രത്യേകിച്ചും. എന്നാല്‍ അങ്ങനെയൊരന്വേഷണത്തിലേക്ക് ഇതുവരെ കാര്യങ്ങള്‍ നീങ്ങിയിട്ടില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചോദിച്ചു, ഏതൊക്കെ മഹാന്മാരുടെ ചങ്കാണിടിക്കുന്നതെന്ന്. അതിനുള്ള ഉത്തരം നല്‍കേണ്ടത് സൂരജല്ല. അയാള്‍ കളങ്കിതനാണെന്ന് അയാള്‍തന്നെയാണ് പ്രഖ്യാപിച്ചത്. അയാളുടെ വെല്ലുവിളി ഏറ്റെടുക്കേണ്ടത് ഗവണ്‍മെന്റാണ്. പിണറായിയുടെ ചോദ്യത്തിനുള്ള ഉത്തരവും ഗവണ്‍മെന്റ് നല്‍കണം.

സൂരജിന്റെ സേവന ചരിത്രവും സമ്പാദ്യശീലവും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. മറ്റു മഹാന്മാരുടെകാര്യം പുറത്തു വന്നിട്ടില്ല. ആ പട്ടിക ഉദ്യോഗസ്ഥരുടേതു മാത്രമല്ലെന്നു നമുക്കെല്ലാമറിയാം. ഉദ്യോഗസ്ഥന്മാര്‍ക്കും മുകളില്‍ തീരുമാനങ്ങള്‍ക്കു കയ്യൊപ്പു ചാര്‍ത്തുന്ന അധികാരികളുണ്ട്. ജനപ്രതിനിധികളോ രാഷ്ട്രീയ നേതാക്കളോ ആണവര്‍. അവരുടെ അനുവാദത്തോടെയോ പങ്കാളിത്തത്തോടെയോ മാത്രമേ ജനങ്ങളുടെ സ്വത്തു കൊള്ളയടിക്കാനാവൂ. അവരെ കണ്ടെത്താന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്‍കയ്യെടുക്കുമെന്നു കരുതാനാവുമോ? ഗവണ്‍മെന്റിന്റെ ഈ ഭീരുത്വത്തിന്റെ മറവില്‍ പ്രതിപക്ഷത്തെ കള്ളന്മാര്‍ക്കും ഒളിവിടം കിട്ടുമെന്നു തീര്‍ച്ച. എഴുതി ഒപ്പുവെക്കേണ്ടതില്ലാത്ത ഒരൊത്തുതീര്‍പ്പാണത്.

ജീവിക്കാനും കൃഷിചെയ്യാനും ഇത്തിരി മണ്ണിന് ആദിവാസികളും ദളിതരും പതിറ്റാണ്ടുകളായി പ്രക്ഷോഭരംഗത്താണ്. കോര്‍പറേറ്റ് ദല്ലാള്‍ മാഫിയാ വികസനത്തിനുവേണ്ടി നിരന്തരം കയ്യേറ്റങ്ങളും കുടിയൊഴിപ്പിക്കലും നടന്നുകൊണ്ടിരിക്കുന്നു. ജനിച്ച മണ്ണില്‍ ജനസഹസ്രങ്ങള്‍ അഭയാര്‍ത്ഥികളായി ത്തീരുകയാണ്. ജനങ്ങളെ ഉന്മൂലനംചെയ്യാന്‍ ഇടനിലക്കാരായി ദല്ലാള്‍ കാശു വാങ്ങുന്നവര്‍ തടിച്ചുകൊഴുക്കുന്നു. ജനാധിപത്യത്തിന്റെ ഭരണസംവിധാനവും അതനുവദിക്കുന്ന സംരംക്ഷണവും അവര്‍ക്കുമാത്രമുള്ളതായിത്തീരുന്നു. ദേശീയപാതാ വികസനത്തിന് പതിനായിരങ്ങളെ കുടിയിറക്കിവിടാമെന്നുള്ള സമ്മതപത്രം നല്‍കി ഒറ്റുകാശു വാങ്ങിയവരില്‍ പൊതുമരാമത്തു സെക്രട്ടറിയും ഉണ്ടായിരുന്നുവെന്ന് സാഹചര്യമാണ് സൂചിപ്പിക്കുന്നത്. കോടികളുടെ ആസ്തി എവിടെനിന്നു വന്നുവെന്നും ആരൊക്കെയാണ് കൂട്ടുകള്ളന്മാരെന്നും സൂരജ് പറയണം. അഥവാ അയാളെക്കൊണ്ട് അതു പറയിപ്പിക്കണം.

രാഷ്ട്രീയ നേതാക്കള്‍ സംശയത്തിന്റെ കരിനിഴലിലാണ്. അവരുടെ സത്യസന്ധത അവര്‍ തെളിയിക്കണം. തങ്ങളുടെ സ്വത്തുവിവരവും വരുമാനവും അവര്‍ പരസ്യമാക്കണം. ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും അവരുടെയും അവരുടെ കുടുംബത്തിനുമുണ്ടായ അഭിവൃദ്ധി നിയമാനുസൃതമായിരുന്നുവോ എന്നു വിലയിരുത്തപ്പെടണം. രാജാക്കന്മാരെപ്പോലെ മക്കളുടെ വിവാഹാഘോഷങ്ങള്‍ നടത്തുന്നവരുണ്ട്. പതിനായിരങ്ങള്‍ക്ക് അവര്‍ സദ്യയൂട്ടും. കാഴ്ച്ചപ്പണവും സമ്മാനങ്ങളും അവിടെ കുന്നുകൂടും. വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക വിമാനത്തില്‍ വ്യാപാരികളും വ്യവസായികളും പറന്നിറങ്ങും. കാടുവെട്ടിയും വയല്‍ നികത്തിയുമുണ്ടാക്കിയ പന്തലില്‍ ചുവപ്പു പരവതാനികള്‍ നിവരും. സ്വര്‍ണത്തിലോ രത്‌നത്തിലോ പുതപ്പിച്ച വധൂവരന്മാര്‍ മാല ചാര്‍ത്തും. ഇതാണല്ലോ പതിവ്. ഇതിനുള്ള വരുമാനം എവിടെനിന്നാണെന്ന് ആരും ചോദിക്കുന്നില്ല. സന്ദേഹങ്ങള്‍ മുറുമുറുപ്പില്‍ അവസാനിക്കുകയാണ് പതിവ്. പ്രാദേശിക നേതാവായാല്‍ മതി വീടുപണി ആയാസമില്ലാതെ നടക്കും. അഴിമതിയുടെ വികേന്ദ്രീകരണം അത്രമാത്രമായിരിക്കുന്നു. ഇതിനര്‍ത്ഥം എല്ലാവരും ഇങ്ങനെയാണെന്നല്ല. അപൂര്‍വ്വം ചിലര്‍ ആദര്‍ശവാദികളായി ഒറ്റപ്പെട്ടു കഴിയുന്നുണ്ട്.

ചെലവഴിക്കുന്ന പണം വരുമാനാനുസൃതമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പൊതുപ്രവര്‍ത്തകരുടെ കാര്യത്തില്‍ പരസ്യമായ ഓഡിറ്റിംഗ് നിര്‍ബന്ധമാക്കണം. നിലവിലെ നേതാക്കന്മാര്‍ പൊതുപ്രവര്‍ത്തനകാലത്തെ ഓരോ അഞ്ചു വര്‍ഷത്തെയും കുടുംബത്തിന്റെ സ്വത്തുവിവരവും വരുമാനത്തിലെ മാറ്റം സംബന്ധിച്ച സാധൂകരണവും പ്രസിദ്ധീകരിക്കണം. അതിനു തയ്യാറാകാത്തവരെ പൊതുരംഗത്തു തുടരാന്‍ അനുവദിച്ചുകൂടാ. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ധനമൂലധന ശക്തികളും ദല്ലാളുകളും ക്വട്ടേഷന്‍സൈനികരും ചേര്‍ന്ന അവിശുദ്ധ മാഫിയാകൂട്ടുകെട്ട് നമ്മുടെ ജീവിതവും പവിത്രമായ മാനവികമൂല്യങ്ങളും ചവിട്ടിമെതിക്കുകയാണ്. അതിന്റെ അഹങ്കാരം നിറഞ്ഞ നയപ്രഖ്യാപനമാണ് പിടിക്കപ്പെട്ടപ്പോഴും സൂരജ് എന്ന ഉദ്യോഗസ്ഥന്‍ പുറപ്പെടുവിച്ചത്. ജനാധിപത്യത്തിന് സഹിക്കാനാവാത്ത വെല്ലുവിളിയാണത്.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുനടന്ന അഴിമതിത്തുടര്‍ച്ചകളാണ് നേരത്തേ നമ്മുടെ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ധനമന്ത്രിയുടെ കോഴക്കാര്യവും നാം കേട്ടു. നമ്മുടെ കണ്‍മുന്നില്‍ മാധ്യമ വെട്ടത്തില്‍തന്നെ അവ തേഞ്ഞുമായുകയുമാണ്. സൂരജ്കഥയും അക്കൂട്ടത്തില്‍ പെട്ടേക്കും. കേട്ടതെല്ലാം അധികാരോന്മാദത്തിന്റെ ബഹളങ്ങളാണ്. പ്രജകളത് ചോദ്യംചെയ്യേണ്ടതില്ല എന്നാണ് മാടമ്പിമാര്‍ പറയുന്നത്. അവരെ ജനാധിപത്യത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കേണ്ടതുണ്ട്.

29 നവംബര്‍ 2014

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )