Article POLITICS

മലപ്പുറത്ത്‌ കലക്‌ടറേറ്റ്‌ പടിക്കല്‍ കലമുടയ്‌ക്കല്‍ സമരം നവംബര്‍ 27ന്‌

ദേശീയപാതയില്‍ കോര്‍പറേറ്റ്‌ അധിനിവേശത്തിന്‌ വഴിയൊരുക്കാന്‍ ജനങ്ങളെ ഉന്മൂലനംചെയ്യാനുള്ള ഗവണ്‍മെന്റ്‌-കോര്‍പറേറ്റ്‌ സംയുക്ത പദ്ധതിക്കെതിരെ സമരം ശക്തമാകുന്നു. നവംബര്‍ 20ന്‌ സംസ്ഥാനത്തെ ജില്ലാ ആസ്ഥാനങ്ങള്‍ക്കു മുന്നിലേക്ക്‌ ജനങ്ങള്‍ മാര്‍ച്ചുചെയ്‌തു. പ്രാദേശിക അസൗകര്യംമൂലം മാറ്റിവെച്ച മലപ്പുറത്തും കോഴിക്കോട്ടും നവംബര്‍ 27ന്‌ പ്രക്ഷോഭം നടക്കും. മലപ്പുറം ജില്ലയിലെ പ്രശ്‌നബാധിതര്‍ 27ന്‌ കലക്‌ടറേറ്റ്‌ പടിക്കല്‍ കലമുടച്ചു പ്രതിഷേധിക്കാനാണ്‌ തീരുമാനിച്ചിട്ടുള്ളത്‌.

മുപ്പതു മീറ്ററില്‍ ചുങ്കം ചുമത്താത്ത ആറുവരിപ്പാതയാണ്‌ കേരളത്തിനനുയോജ്യമെന്ന്‌ ഭരണ – രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്കെല്ലാം അറിയാം. 2010 മെയ്‌മാസമാദ്യം ചേര്‍ന്ന സര്‍വ്വ കക്ഷിയോഗം അങ്ങനെ തീരുമാനിച്ചതുമാണ്‌. അത്‌ പിന്നീട്‌ അട്ടിമറിച്ചത്‌ കോര്‍പറേറ്റ്‌ -ഇടനില താല്‍പ്പര്യങ്ങള്‍ക്കു കീഴടങ്ങിക്കൊണ്ടാണ്‌. അതിനെത്തുടര്‍ന്നുണ്ടായ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളെ നേരിടാനാവാതെ ഭരണക്കാര്‍ക്കും അവരുടെ സൈനികവ്യൂഹത്തിനും പിന്‍വാങ്ങേണ്ടിവന്നു. രാഷ്‌ട്രപതി ഒപ്പുവെച്ചിറക്കിയ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം മൂന്നുതവണയാണ്‌ റദ്ദായിപ്പോയത്‌. ലാന്റ്‌ അക്യുസിഷ്യന്‍ ഓഫീസ്‌ അടച്ചുപൂട്ടി സ്ഥലം വിടേണ്ട അവസ്ഥപോലുമുണ്ടായി. ഈ അവസരത്തില്‍ റോഡ്‌ വികസനം ഇങ്ങനെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ തളച്ചിടുന്നതിനെതിരെ പലകോണുകളില്‍നിന്നും വിമര്‍ശനമുയര്‍ന്നു. ഇതേ തുടര്‍ന്നാണ്‌ ഇക്കഴിഞ്ഞ മെയ്‌മാസത്തില്‍ വിശദമായ കൂടിയാലോചനകള്‍ക്കു ശേഷം മുപ്പതുമീറ്ററില്‍ ചുങ്കമില്ലാത്ത ആറുവരിപ്പാത എന്ന നിലപാടിലേക്ക്‌ ഗവണ്‍മെന്റ്‌ വന്നത്‌. ഇക്കാര്യം വലിയ പരസ്യങ്ങളിലൂടെ ഗവണ്‍മെന്റ്‌ ജനങ്ങളെ അറിയിക്കുകയും ചെയ്‌തു.

എന്നാല്‍ കോര്‍പറേറ്റുകളും ഗവണ്‍മെന്റും രാഷ്‌ട്രീയ നേതൃത്വങ്ങളുമായുമുള്ള ഇടപാടുകളുടെ ഇടനിലക്കാരും അടങ്ങിയിരിക്കാന്‍ ഒരുക്കമല്ലായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമൂലധന സംരംഭത്തിന്റെയും വ്യവഹാരത്തിന്റെയും വകയില്‍ കിട്ടാവുന്ന കോടികള്‍ കൈയൊഴിക്കാന്‍ അവര്‍ തയ്യാറല്ല. ശക്തമായ സ്വാധീനത്തിലൂടെയും പ്രലോഭനങ്ങളിലൂടെയും ഗവണ്‍മെന്റിനെയും രാഷ്‌ട്രീയ കക്ഷികളെയും അവര്‍ വിലയ്‌ക്കെടുത്തു എന്നു വേണം കരുതാന്‍. ഇടനില താല്‍പ്പര്യം തിരിച്ചറിയാന്‍ പൊതുമരാമത്തു ചുമതലയുള്ള ഐ.എ എസ്സുദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട അഴിമതിയുടെ സ്വഭാവം പരിശോധിക്കുകയേ വേണ്ടൂ. നാല്‍പ്പത്തഞ്ചു മീറ്റര്‍ വേണം കേരളത്തില്‍ ദേശീയപാതക്കെന്നു കേന്ദ്രമന്ത്രി പ്രഖ്യാപിക്കുന്നതിനു രണ്ടാഴ്‌ച്ച മുമ്പുതന്നെ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഉദ്യോഗസ്ഥരാണ്‌ കേരളത്തിലുള്ളത്‌. മുപ്പതു മീറ്ററില്‍ ആറുവരിപ്പാതയാവാമെന്നു പരസ്യപ്പെടുത്തി യതിന്റെ മഷിയുണങ്ങുംമുമ്പുതന്നെ ആ തീരുമാനം അട്ടിമറിക്കാന്‍ ഗവണ്‍മെന്റ്‌ സെക്രട്ടറിമാര്‍ ധൈര്യപ്പെട്ടു. മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും മറിച്ചൊരു തീരുമാനമുണ്ടെന്നു കരുതാനാവില്ല. പണത്തിനുമേല്‍ പറക്കുന്ന പരുന്തുകള്‍ ഇവിടെയുമില്ല എന്നു സാരം.

ജനകീയവികസനമാവുമ്പോള്‍ കുറച്ചുപേര്‍ ത്യാഗം സഹിക്കേണ്ടി വരുമെന്നാണ്‌ അവര്‍ ഉദ്‌ബോധിപ്പിക്കുന്നത്‌. നേട്ടവും കോട്ടവും ജനങ്ങള്‍ ഒരുപോലെ സഹിക്കണം എന്നല്ലേ പറയേണ്ടത്‌? ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്നു ഗവണ്‍മെന്റ്‌ കോര്‍പറേറ്റുകള്‍ക്കു നല്‍കുന്ന ഗ്രാന്റ്‌മതി റോഡ്‌ വികസനത്തിന്‌ എന്ന്‌ ഗവണ്‍മെന്റുരേഖകള്‍തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. എന്നാല്‍ അമിതമായി കാണിക്കുന്ന എസ്റ്റിമേര്‌റ്‌ തുക പിരിച്ചെടുക്കാന്‍ രണ്ടോ മൂന്നോ പതിറ്റാണ്ടുകാലം അവരെ അനുവദിക്കുകയാണ്‌. സ്വന്തം വീടും ഭൂമിയും കൃഷിയും കച്ചവടവും തൊഴിലും നഷ്‌ടമാകുന്നവരുടെ ലക്ഷക്കണക്കിനു കോടി വിലമതിക്കാവുന്ന ഭൂമിയുള്‍പ്പെടെയുള്ള മുതല്‍ മുടക്കിനെപ്പറ്റി ഗവണ്‍മെന്റ്‌ മൗനം പുലര്‍ത്തുന്നു. ആയിരക്കണക്കിനു കോടിയുടെ കള്ളക്കണക്കുണ്ടാക്കുന്ന കോര്‍പറേറ്റുകള്‍ക്ക്‌ റോഡ്‌പണി പൂര്‍ത്തിയാവുംമുമ്പുതന്നെ ചുങ്കംപിരിക്കാന്‍ അനുവാദമുണ്ട്‌. പക്ഷെ, ലക്ഷക്കണക്കിനുകോടി നല്‍കുന്ന നിസ്വരായ സാധാരണക്കാര്‍ക്കു നിശ്ചയിച്ച തുച്ഛമായ തുകതന്നെ ലഭിക്കാന്‍ പതിറ്റാണ്ടുകള്‍ കാത്തിരിക്കണം. ഏഴിമലയിലെയും മൂലമ്പള്ളിയിലെയും അനുഭവം അതാണ്‌ പഠിപ്പിക്കുന്നത്‌. അക്കാലമത്രയും യാചകരായോ അഭയാര്‍ത്ഥികളായോ അലഞ്ഞുജീവിക്കാനായാല്‍ അതിജീവിച്ചെത്തുന്നവര്‍ക്ക്‌ രേഖകളെല്ലാമുണ്ടെങ്കില്‍ അന്നു ഒരു മാസത്തെ റേഷനുപോലും തികയാത്ത സംഖ്യ കിട്ടിയാലായി എന്നേപറയാനാവൂ.

അതല്ലെങ്കില്‍ ആര്‍ക്കാണിതില്‍ ഉറപ്പു നല്‍കാനാവുക എന്നു പറയട്ടെ. മതിയായ വിലയും നഷ്‌ടപരിഹാരവും കൈപ്പറ്റിയേ ഇറങ്ങിപ്പോകേണ്ടതുള്ളു എന്ന്‌ ഉറപ്പു നല്‍കട്ടെ. അതല്ലെങ്കില്‍ ദേശീയപാത കച്ചവടമായി കാണുകയാണെങ്കില്‍ ബി.ഒ.ടി മുതലാളിമാര്‍ ടോള്‍ പിരിക്കുന്ന കാലമത്രയും അതിന്റെ വിഹിതം ദിനംപ്രതി ഇരകള്‍ക്കുകൂടി ലഭ്യമാക്കട്ടെ. ഭൂമി വലിയ നിക്ഷേപമാണ്‌ എന്ന്‌ ഇന്നേതു കൊച്ചുകുട്ടിക്കുമറിയാം. പാവങ്ങളുടെ ഭൂമി കോര്‍പറേറ്റുകള്‍ക്കു സൗജന്യനിക്‌ഷേപമായി വിട്ടു നല്‍കാന്‍ നിര്‍ബന്ധിക്കേണ്ടതില്ല. തുച്ഛമായ പണം നല്‍കി അവരെ കബളിപ്പിക്കുകയും വേണ്ട. രാജ്യത്തിന്റെ വികസനവും കോര്‍പറേറ്റ്‌ ചൂഷണവും കൂട്ടിക്കുഴയ്‌ക്കരുത്‌. കേരളീയരെപ്പോലെ റോഡിനും മറ്റു വികസനപ്രവര്‍ത്തനങ്ങള്‍ക്കും സൗജന്യമായി ഭൂമി നല്‍കിയവര്‍ മറ്റെങ്ങുണ്ട്‌? കച്ചവടമല്ലാത്ത വികസനത്തിന്റെ രീതിയിലാണെങ്കില്‍ ത്യാഗം സഹിക്കാന്‍ ജനങ്ങള്‍ ഇപ്പോഴും ഒരുക്കവുമാണ്‌.

പിന്നെ റോഡിന്റെ കാര്യം. വീതി കൂട്ടണമെന്നു പറയുന്ന ദേശീയപാത അരനൂറ്റാണ്ടിനും മുമ്പ്‌ അന്നത്തെ ആവശ്യകതക്കും സാധ്യതക്കും കീഴ്‌പ്പെട്ടു നിര്‍മ്മിച്ചതാണ്‌. ഇപ്പോള്‍ പണിയേണ്ട പാതയാകട്ടെ, വരാനിരിക്കുന്ന അരനൂറ്റാണ്ടു മുന്‍കൂട്ടിക്കണ്ടു ആസൂത്രണം ചെയ്യുന്നതാകണം. പഴയ കാര്‍ഷിക വ്യാവസായിക വിപണന കേന്ദ്രങ്ങളെ കൂട്ടിയോജിപ്പിച്ചും പഴയ സാങ്കേതിക വിദ്യക്കു വഴങ്ങുന്ന രീതിയിലും നിര്‍മിച്ച പാതകള്‍ ഇപ്പോഴത്തെ ആവശ്യത്തിനുപോലും തികയുകയില്ല. വീതികൂട്ടിയതുകൊണ്ട്‌ ദൂരം കുറയുകയോ സമയലാഭവും ഇന്ധനലാഭവും നല്‍കുകയോ ചെയ്യുന്നില്ല. പഴയ കാര്‍ഷിക വ്യാവസായിക വിപണന കേന്ദ്രങ്ങള്‍ പലതും ക്ഷീണിച്ചു.പുതിയവ ഉയര്‍ന്നുവന്നു. പുതിയ ആവശ്യങ്ങളും നിര്‍ബന്ധങ്ങളും രൂപമെടുത്തിരിക്കുന്നു. അവ സാക്ഷാത്‌ക്കരിക്കുംവിധം പുതിയ പാതയാണുണ്ടാവേണ്ടത്‌. അതിനു സാങ്കേതിക വിദ്യയിലെ വികാസമുള്‍പ്പെടെയുള്ള പുതിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. എലിവേറ്റഡ്‌ ഹൈവേയായിരിക്കും നമുക്കേറ്റവും സ്വീകാര്യം.

ഇപ്പോള്‍ അക്കാര്യമാലോചിക്കാനുള്ള സമയവും വൈകുകയാണ്‌.
കോര്‍പറേറ്റുകളുടെ ദീര്‍ഘവീക്ഷണവും ആസൂത്രണവും അവര്‍ക്കുമെച്ചമുള്ളതാണ്‌. പഴയ റോഡിലല്ല അവരുടെ നോട്ടം. അതുവഴി കിട്ടുന്ന കോടികളിലാണ്‌. റോഡ്‌ചുങ്കം ചെറിയൊരു വരുമാനമേ ആവുന്നുള്ളു അവര്‍ക്ക്‌. അതിലുമെത്രയോ വലിയതാണ്‌ റോഡിനിരുവശവും ഒഴിപ്പിക്കുന്ന കച്ചവടസ്ഥാപനങ്ങളുടെ വരുമാനം വന്‍കിടമാളുകളിലേക്ക്‌ ഒഴുക്കുകവഴി ലഭ്യമാകുന്നത്‌. ചില്ലറവ്യാപാര മേഖല തകര്‍ക്കുന്ന വലിയ നിക്ഷേപങ്ങളെക്കുറിച്ചു വാ തോരാതെ ആക്രോശിക്കുന്ന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെല്ലാം കണ്ണടച്ചിരിപ്പാണ്‌.നമ്മുടെ ഗ്രാമീണ സമ്പദ്‌ഘടന തകര്‍ക്കപ്പെടുകയാണ്‌. കൈത്തൊഴിലുകാര്‍ക്കും ചെറുകിടവ്യാപാരികള്‍ക്കും അവരെ ആശ്രയിക്കുന്ന ഗ്രാമീണ സമ്പദ്‌ഘടനയ്‌ക്കും കനത്ത ആഘാതമാണ്‌ സംഭവിക്കാന്‍ പോകുന്നത്‌. റോഡിന്റെ മറവില്‍ ഇത്രയും അപായകരമായ ഒരു ഇടപാടുനടത്തുന്നതില്‍ ഗവണ്‍മെന്റിന്‌ ലജ്ജ തോന്നേണ്ടതാണ്‌. അവര്‍ എത്രമാത്രം ജനവിരുദ്ധമായിരിക്കുന്നു എന്നതിന്‌ ഇതില്‍പരം തെളിവെന്തുവേണം?

വൈകിയാണെങ്കിലും ഭരണ-പ്രതിപക്ഷ പാര്‍ട്ടികളില്‍പെട്ട ചിലര്‍ക്കെങ്കിലും നേര്‍ബുദ്ധി തോന്നിത്തുടങ്ങിയത്‌ ആശ്വാസകരമാണ്‌. നേരത്തേ മടിച്ചു മടിച്ചു സമരത്തിനെത്താറുണ്ടായിരുന്ന സി.പി.ഐ ഇപ്പോള്‍ തുറന്ന സമീപനം കൈക്കൊണ്ടിരിക്കുന്നു. തിരുവനന്തപുരത്തെ മാര്‍ച്ച്‌ ഉദ്‌ഘാടനംചെയ്യാന്‍ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും തൃശൂരില്‍ മുന്‍ റവന്യു മന്ത്രികൂടിയായ കെ.പി രാജേന്ദ്രനും തയ്യാറായി. മുന്‍ ഇടതുപക്ഷ ഗവണ്‍മെന്‍ര്‌ മുപ്പതു മീറ്ററിലും ചുങ്കരഹിത പാതയിലും ഉറച്ചുനില്‍ക്കാത്തതു വീഴ്‌ച്ചയായി എന്നവരേറ്റു പറഞ്ഞു. ഇതു സമരരംഗത്തു പുതിയ ആവേശമുണ്ടാക്കുമെന്നു തീര്‍ച്ച. ഭൂമി അളന്നെടുക്കാന്‍ വന്ന ഉദ്യോഗസ്ഥരെ പ്രതിരോധിക്കാന്‍ പൊന്നാനിയിലും വെളിയങ്കോട്ടും കുറ്റിപ്പുറത്തും നടത്തിയ ധീരോദാത്തമായ ചെറുത്തുനില്‍പുകളില്‍ സിപിഐ പ്രാദേശികനേതൃത്വമുണ്ടായിരുന്നു എന്നതു വിസ്‌മരിക്കുന്നില്ല. പാലിയേക്കരയിലും സജീവസാന്നിദ്ധ്യമുണ്ടായിരുന്നു. ഇപ്പോഴത്‌ നയപരമായ തീരുമാനമായിരിക്കുന്നു എന്നതാണ്‌ സന്തോഷം നല്‍കുന്നത്‌.

ഇരകളാക്കപ്പെടുന്ന ജനത എല്ലാ രാഷ്‌ട്രീയ കക്ഷിയിലും പെടുന്നവര്‍തന്നെയാണ്‌. രാഷ്‌ട്രീയാധികാരം പങ്കുവെക്കുന്നതില്‍ മത്സരിക്കുകയോ ഉത്സാഹിക്കുകയോ ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ താല്‍ക്കാലിക ലാഭത്തിന്‌ തങ്ങളെ പിന്തുണയ്‌ക്കുന്നവരെ കയ്യൊഴിയുകയാണ്‌. എന്നിട്ടും കാലാകാലങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സ്വന്തംപാര്‍ട്ടികളെ അവര്‍ മാറോടണയ്‌ക്കുന്നു. കൊല്ലാന്‍ കൊണ്ടുപോകുമ്പോഴും വിനീതരാകുന്ന നാട്ടുവഴക്കം. അതവര്‍ തിരിച്ചറിയുന്ന നിമിഷം എന്തുസംഭവിക്കുമെന്നേ നോക്കാനുള്ളു.

പ്രക്ഷോഭം ഒരു പതിറ്റാണ്ടാകുന്ന വേളയാണിത്‌. അവസാനത്തെ സമരത്തിനാണ്‌ ഇരകളൊരുങ്ങുന്നത്‌. കലക്‌ടറേറ്റിലേക്കു കഞ്ഞിക്കലങ്ങളുമായി എത്തുന്നവര്‍ അധികാരികള്‍ ഉടയ്‌ക്കാന്‍പോകുന്ന കലം അവര്‍ക്കു മുന്നില്‍ ആദ്യമേ ഉടയ്‌ക്കുകയാണ്‌. ഇപ്പോഴിതൊരു പ്രതീകമാണ്‌. പണവും അധികാരവും തകര്‍ക്കുന്ന നിസ്വജീവിതങ്ങളുടെ പ്രതീകം. കലമുടയുമ്പോള്‍ മണ്ണിലാവുന്ന കഞ്ഞിയും രക്തവും ചെറുത്തുനില്‍പ്പിന്റെ അവസാനത്തെ മുദ്രാവാക്യമെഴുതാന്‍ തുടങ്ങുകയാണ്‌.

22 നവംബര്‍ 2014

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )