കലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിസമരം ഒരു മാസവും ഒരാഴ്ച്ചയും പിന്നിട്ടിരിക്കുന്നു. പഠനവും സമരവും സമാധാനപരമായി തുടര്‍പ്രക്രിയയായി കൊണ്ടുപോകാനാവുമെന്നു തെളിയിക്കുകയായിരുന്നു അവര്‍. വൈറ്റ് റോസ് 2 എന്നപേരില്‍ നടത്തിയ ഗവേഷകസമരത്തിലായിരുന്നു പുതിയ രീതിയുടെ തുടക്കം. സൗമ്യമായി ഉച്ചരിക്കാവുന്ന മുദ്രാവാക്യങ്ങളെ ബഹളങ്ങളില്‍ മുക്കിക്കൊല്ലാന്‍ അവര്‍ തയ്യാറായിട്ടില്ല. ഒരണസമരം മുതല്‍ ഐക്യകേരളത്തില്‍ നടന്ന വിദ്യാര്‍ത്ഥി സമരങ്ങള്‍ മിക്കവാറും ഏറ്റുമുട്ടലുകളുടേതും രക്തം ചിന്തലിന്റേതുമായിരുന്നു. പുതിയ കാലത്തു പുതിയ സമരമുഖങ്ങള്‍ തുറക്കപ്പെടുന്നത് പ്രതീക്ഷനല്‍കുന്നു.
പൊലീസുമായി ഏറ്റുമുട്ടാത്ത സമരം അധികാരികള്‍ക്കു പിടിക്കുന്നില്ല. എങ്ങനെയെങ്കിലും പൊലീസിനെ അകത്തെത്തിക്കാനാണ് അവരുടെ ശ്രമം. സമരക്കാര്‍ നിര്‍മിച്ച ഓലക്കുടില്‍ പൊളിച്ചുമാറ്റാന്‍ ഒരു വലിയ സംഘം പൊലീസാണ് നിയോഗിക്കപ്പെട്ടത്. പ്രകോപനമുണ്ടാക്കി ഏറ്റുമുട്ടലിലേക്ക് എത്തിക്കാന്‍ അവര്‍ കിണഞ്ഞു ശ്രമിച്ചുനോക്കി. വിദ്യാര്‍ത്ഥികള്‍ പതിവില്ലാത്ത സംയമനമാണ് പാലിച്ചുപോരുന്നത്. പ്രക്ഷുബ്ധമായ ഒരു ശാന്തതയുടെ പുതപ്പാണ് അവര്‍ കാമ്പസിനു മുകളില്‍ വിരിച്ചിരിക്കുന്നത്. വൈസ്ചാന്‍സലര്‍ക്കും മറ്റധികാരികള്‍ക്കും വീര്പ്പുമുട്ടുണ്ടാവുക സ്വാഭാവികമാണ്. വിദ്യാര്‍ത്ഥികളുടെ പ്രകോപനത്തില്നിന്നല്ല,പ്രശാന്തതയില്നിന്നാണ് അവര്‍ക്കു വിമുക്തി വേണ്ടത്. അതിന് പൊലീസ് സംരക്ഷണം കോടതിവഴി നേടി മാളങ്ങളില്‍ ഒളിച്ചിരിക്കുകയാണവര്‍.
വൈസ്ചാന്‍സലര്‍ക്കും ജീവനക്കാര്‍ക്കും പൊലീസ് സംരക്ഷണം ഉറപ്പാക്കിയിരിക്കുന്നു. യൂനിവേഴ്സിറ്റി വിദ്യാര്ത്ഥികള്ക്കുള്ളതോ വിദ്യാര്ത്ഥികളുടേതോ ആണെങ്കിലും പരിഗണന ഉദ്യോഗസ്ഥര്‍ക്കുതന്നെ. വിദ്യാര്‍ത്ഥികളാണ് താമസസൗകര്യത്തിന്റെയും മറ്റു ഭൗതിക സൗകര്യങ്ങളുടെയും അഭാവത്തില്‍ അരക്ഷിതരായിരിക്കുന്നത്. അധികൃതരും അവരുടെ അവകാശങ്ങളെയാണ് അക്രമിച്ചുകൊണ്ടിരിക്കുന്നത്. സ്വാഭാവികമായും സംരക്ഷണം ലഭിക്കാന്‍ വിദ്യാര്‍ത്ഥികളാണ് അവകാശവാദം ഉന്നയിക്കേണ്ടത്. അവര്‍ക്കാണ് ജനാധിപത്യ സര്‍ക്കാറിന്റെ പൊലീസ് സംരക്ഷണം ലഭിക്കാന്‍ അര്‍ഹതയുള്ളത്.
പൊതുവിദ്യാഭ്യാസത്തിന്റെ പരിമിതമായ സൗകര്യങ്ങളില്‍ കൈകടത്തില്ലെന്ന വാഗ്ദാനത്തോടെയാണല്ലോ ഇവിടെ സ്വാശ്രയ മേഖല കെട്ടിപ്പൊക്കിയത്. അമിതമായി പണം മുടക്കി പഠിക്കുന്ന ഒരു വിഭാഗം സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഫലത്തില്‍ രണ്ടു വിഭാഗത്തിന്റെയും നീതി നിഷേധിക്കാനും അവരെ അന്യോന്യം ശത്രുക്കളാക്കാനുമാണ് ഇപ്പോള്‍ അധികൃതര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരു വ്യാഴവട്ടക്കാലമായി സ്വാശ്രയ കോഴ്സുകള്‍ നടത്തി കോടിക്കണക്കിന് രൂപ അധികാദായമുണ്ടാക്കിയ യൂനിവേഴ്സിറ്റി അതിന്റെ ഒരു വിഹിതമെടുത്ത് ഹോസ്റ്റലോ മറ്റു സൗകര്യങ്ങളോ ഏര്‍പ്പെടുത്തിയില്ല. തല്‍ക്കാലത്തേക്ക് എന്നു പറഞ്ഞു സ്വാശ്രയ വിദ്യാര്‍ത്ഥിനികള്‍ക്കു റഗുലര്‍ വിദ്യാര്‍ത്ഥികളുടെ വനിതാ ഹോസ്റ്റലില്‍ പ്രവേശനം അനുവദിച്ചിരുന്നു. പിന്നീടതു തുടരുകയാണ് ചെയ്തത്. താല്‍ക്കാലികം എന്ന വാക്കിന്റെ വില കളഞ്ഞത് അധികൃതര്‍തന്നെയാണ്.
ഹോസ്റ്റല്‍ പ്രവേശനത്തിന് വിദ്യാര്‍ത്ഥികളുടെ വീട്ടിലേക്കുള്ള ദൂരപരിധി കണക്കാക്കുക എന്ന മണ്ടത്തരവും അധികാരികളുടെ ഭാഗത്തുനിന്നുണ്ടായി. യൂനിവേഴ്സിറ്റികളില്‍ മുഴുവന്‍ സമയവും ലാബ്-ലൈബ്രറി സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനും മറ്റസൗകര്യങ്ങളില്നിന്നകന്നു പഠനപ്രക്രിയ സുഗമമാക്കാനുമാണ് താമസസൗകര്യമൊരുക്കുന്നതെന്ന വസ്തുത അവര്‍ മറന്നു. അമ്പതാം വാര്‍ഷികമാഘോഷിക്കാന്‍ രണ്ടു വര്‍ഷം മാത്രം ശേഷിച്ചിരിക്കെയാണ് ഈ ബാലാരിഷ്ടതകള്‍ എന്നത് ഖേദകരമാണ്. ലക്ഷക്കണക്കിനു രൂപ ഉപയോഗിക്കാതെ നഷ്ടമാക്കുന്നതില്‍ മത്സരിക്കുന്ന അധികൃതര്‍ യൂനിവേഴ്സിറ്റി എന്ന സ്ഥാപനം എന്താണ് എന്തിനാണ് എന്നെല്ലാമുള്ള അടിസ്ഥാന ധാരണയാണ് കൈയൊഴിഞ്ഞിരിക്കുന്നത്.
സമരത്തെതുടര്‍ന്നു പണിയാന്‍ നിശ്ചയിച്ചിരിക്കുന്ന ഹോസ്റ്റല്‍ പണി പൂര്‍ത്തീകരിക്കുംവരെ വിദ്യാര്‍ത്ഥികളെ ഗസ്റ്റ് ഹൗസിന്റെ അനക്സ് കെട്ടിടത്തില്‍ താമസിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. നല്ല തീരുമാനമാണത്. എന്നാല്‍ അവര്‍ക്കവിടെ മെസ് ഒരുക്കാനാവില്ലെന്ന പിടിവാശിയാണ് അധികൃതര്‍ക്ക്. അതു ഗസ്റ്റ് ഹൗസിന്റെ ഭാഗമായിരിക്കെ അവിടെ താമസിക്കുന്നവര്‍ക്ക് എവിടെനിന്നു ഭക്ഷണം ലഭ്യമാക്കാനാണോ ഉദ്ദേശിച്ചിരുന്നത് ആ സംവിധാനം താല്‍ക്കാലികമായി താമസിക്കാനെത്തുന്നവര്‍ക്കും ഏര്‍പ്പെടുത്തുകയേ വേണ്ടൂ. എന്നാല്‍ അതൊന്നും സാധ്യമല്ല, ഇപ്പോള്‍ സുഗമമായി നടന്നുപോകുന്ന ഹോസ്റ്റല്‍ മെസ്സില്‍ പ്രശ്നങ്ങളുണ്ടാക്കിയേ പറ്റൂ എന്ന പിടിവാശി എന്തിനാണെന്നു മനസ്സിലാകുന്നില്ല.
വര്‍ഷങ്ങളായി യൂനിവേഴ്സിറ്റി തുടര്‍ന്നുപോരുന്ന അനാസ്ഥക്കു മറയിടാന്‍ വിദ്യാര്‍ത്ഥികളെ ഭിന്നിപ്പിച്ച് പോരടിപ്പിക്കാനാണ് ഇപ്പോള്‍ വി.സിയും സിന്‍ഡിക്കേറ്റും ശ്രമിക്കുന്നത്. നിസ്സാരമായ പ്രശ്നത്തിന് വാശി പിടിക്കാന്‍ അവര്‍ക്കുള്ള ഉത്സാഹം കൗതുകകരമായിരിക്കുന്നു. സെമസ്റ്റര്‍ സമ്പ്രദായത്തിന്റെ പരിമിതികള്‍ക്കകത്ത് ഒരു മാസത്തിലേറെ സമരം തുടരേണ്ടിവരുന്നത് ഒരു നിലയ്ക്കും നല്ലതല്ല. അത് അടിയന്തിരമായി അവസാനിപ്പിക്കാനാണ് വി.സിയും സിന്‍ഡിക്കേറ്റും ശ്രമിക്കേണ്ടത്. വിട്ടുവീഴ്ച്ച വേണമെങ്കില്‍ അതുണ്ടാവേണ്ടത് അവരുടെ പക്ഷത്തുനിന്നാണ്. അക്രമസമരങ്ങളിലേക്കു പ്രോത്സാഹിപ്പിക്കുംവിധം കാമ്പസില്‍ പൊലീസിന്റെ സാന്നിദ്ധ്യം ഉറപ്പുവരുത്താനല്ല അവര്‍ ശ്രമിക്കേണ്ടിയിരുന്നത്. ആ നടപടിയില്‍നിന്ന് അവര്‍ പിന്‍വാങ്ങുകയും വേണം.
1957 ജൂണില്നമ്മുടെ നിയമസഭയില്‍ കേരള സര്‍വ്വകലാശാലാ ബില്‍ സെലക്റ്റുകമ്മറ്റിക്ക് അയക്കുന്നതു സംബന്ധിച്ചു നടന്ന ചര്‍ച്ചയില്‍ സി.എച്ച് മുഹമ്മദുകോയ ഊന്നി പറഞ്ഞകാര്യം സര്‍വ്വകലാശാല സ്വതന്ത്രമായിരിക്കണം എന്നതാണ്. അദ്ദേഹം പറഞ്ഞു: ഏതു കാലത്തും,അധികാരത്തിലിരിക്കുന്ന ഗവണ്മെന്റ് ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയില്പെട്ടവര് അടങ്ങിയതുതന്നെയായിരിക്കും.എന്നാല്‍, ഏറ്റവും പവിത്രമായ സര്‍വ്വകലാശാലയില്‍ രാഷ്ട്രീയത്തിന്റെ നേരിയ ഒരു നിഴല്‍പോലും ഉണ്ടാകാന്‍ പാടില്ലെന്നാണ് എന്റെ അഭിപ്രായം. കഴിയുമെങ്കില്‍ വിദ്യാഭ്യാസമന്ത്രിയെ ആ സ്ഥാനത്തുനിന്ന്(പ്രോ ചാന്‍സലര്‍) ഒഴിവാക്കാന്‍ നിയമപരമായും സാങ്കേതികമായും തടസ്സമില്ലെങ്കില്‍ അതിന് അവതാരകന്(അന്നത്തെ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി) സമ്മതിക്കേണ്ടതാണ്. വൈസ്ചാന്‍സലറെ അദ്ദേഹത്തിന്റെ വീട്ടില്‍പോയി കണ്ടിരുന്ന ഒരു മുഖ്യമന്ത്രിക്കു കീഴില്‍ വിദ്യാഭ്യാസമന്ത്രിയായിരിക്കെ സി.എച്ച് മുഹമ്മദുകോയയാണ് കലിക്കറ്റ് സര്‍വ്വകലാശാലക്കു വേണ്ടി മുന്‍കയ്യെടുത്തതെന്നും ഇപ്പോള്‍ ഓര്‍ത്തുപോകുന്നു.
കലിക്കറ്റ് സര്‍വ്വകലാശാലയെ സംബന്ധിച്ച് സമീപകാലത്തു കേള്‍ക്കുന്ന വാര്‍ത്തകളൊന്നും സുഖകരമല്ല.ഇതു തുടരാന്‍ അനുവദിച്ചുകൂടാ എന്നു കേരളത്തിലെ അക്കാദമിക സമൂഹവും പൊതുസമൂഹവും തീരുമാനിക്കേണ്ടതുണ്ട്.
15 നവംബര്‍ 2014