Article POLITICS

എം.കൃഷ്‌ണന്‍കുട്ടിയെ ഓര്‍ക്കുമ്പോള്‍


പൂവുകളെന്തിന്‌, പുലരികളെന്തിന്‌ /പുഷ്‌പാഭരണ വിഭൂഷിത മോഹന/സന്ധ്യകളെന്തിന്‌/പുഞ്ചിരിയെന്തിനു പൂത്തിരിയെന്തിനു/നെഞ്ചിലിരുന്നു മുറുമ്മും കിളിയുടെ/ചോര പൊടിക്കും സ്വപ്‌നവുമെന്തിന്‌/ അമ്മേ, നിന്റെ തളിര്‍ക്കയ്യുകളി-/ലിരുമ്പു വിലങ്ങു കിലുങ്ങുന്നേരം

പൂത്ത നിലാവും പൊയ്‌കയുമെന്തിന്‌/കാറ്റു ചിരിക്കും തീരവുമെന്തിന്‌/കൊട്ടുകളെന്തിന്‌/പാട്ടുകളെന്തിന്‌/നൃത്തം വെക്കും ചുവടുകളെന്തിന്‌/അമ്മേ, നിന്റെ കരിച്ചട്ടികളില്‍/കണ്ണീരുപ്പു കലങ്ങുന്നേരം.

എങ്കിലുമമ്മേ പാടാം,ഒന്നായ്‌/ഒറ്റത്തൊണ്ടയില്‍/ നിന്റെ പ്രിയങ്കര ഗാനം ഞങ്ങള്‍/വന്ദേമാതരം/സുജലാം സുഫലാം മലയജ ശീതളാം/മാതരം.

എന്നു തടവറയിലെ മഞ്ഞവെളിച്ചത്തിലിരുന്നു പാടിയ അടിയന്തിരാവസ്ഥയിലെ സ്വാതന്ത്ര്യഗായകന്‍ വിടപറഞ്ഞിരിക്കുന്നു. വന്ദേമാതരം എന്ന കാവ്യസമാഹാരത്തിന്റെ അവതാരികയില്‍ പുനലൂര്‍ ബാലന്‍ എഴുതി: അടിയന്തിരാവസ്ഥയുടെ ക്രൂരതയില്‍നിന്ന്‌ കവികളും ചിത്രകാരന്മാരുമൊന്നും ഒഴിവാക്കപ്പെട്ടിരുന്നില്ല.കൃഷ്‌ണന്‍കുട്ടി അതിന്റെ കയ്‌പ്പുനീര്‍ കുടിച്ച കവിയാണ്‌. കവിതയെഴുതിയതിന്റെ പേരില്‍ ജയില്‍വാസമനുഭവിക്കാന്‍ മറ്റാര്‍ക്കെങ്കിലും ഈ കാലഘട്ടത്തില്‍ ഇടവന്നിട്ടുണ്ടോ എന്നറിയില്ല.അടിയന്തിരാവസ്ഥ പിന്‍വലിച്ച ഉടന്‍ പലരും തങ്ങളനുഭവിച്ച യാതനകളും എഴുതിയ കൃതികളും എണ്ണിപ്പറഞ്ഞ്‌ പ്രതിഫലം നേടാന്‍ മുന്നോട്ടുവന്ന അവസരത്തിലും കൃഷ്‌ണന്‍കുട്ടി ജയിലിലായിരുന്നു.

അടിയന്തിരാവസ്ഥയില്‍ പ്രഖ്യാപിക്കപ്പെട്ട ഇരുപതിന പരിപാടിയെയും അഞ്ചിന പരിപാടിയെയും വിമര്‍ശിച്ചുകൊണ്ട്‌ കൃഷ്‌ണന്‍കുട്ടി എഴുതിയ കവിത കര്‍ഷകത്തൊഴിലാളി മാസികയാണ്‌ പ്രസിദ്ധീകരിച്ചത്‌. മുദ്രാവാക്യ കവിതയെന്നു ആക്ഷേപിക്കപ്പെട്ട ആത്മഗാഥ ലക്ഷ്യവേധിയായിരുന്നു. കൊള്ളേണ്ടിടങ്ങളിലെല്ലാം അമ്പുകള്‍ തറച്ചു കയറി. ആഭ്യന്തരവകുപ്പ്‌ കവിയെ ജയിലിലടച്ചു. ജയില്‍ജീവിതം കൃഷ്‌ണന്‍കുട്ടിയുടെ കവിതയെ കൂടുതല്‍ കരുത്തുള്ളതാക്കി.

അസ്‌തിത്വദുഖമല്ലന്യതാബോധമ-/ല്ലത്താഴപ്പഷ്‌ണിയേ പ്രശ്‌നം/അപരിചിതത്വമല്ലര്‍ത്ഥമില്ലായ്‌മയ-/ല്ലടരിന്റെ ശക്തിയേ വിഷയം എന്ന ബോധ്യത്തിലേക്കാണ്‌ കവി ഉണര്‍ന്നത്‌. നാസിത്തടവറയിലടയ്‌ക്കപ്പെട്ട മൂസ ജലീലിനെപ്പോലെ തടവറമാറ്റിത്തീര്‍ത്ത കവിയായാണ്‌ കൃഷ്‌ണന്‍കുട്ടി പുറത്തെത്തിയത്‌. സാധാരണക്കാരന്‍ മാത്രമായിരുന്ന മൂസജലീല്‍ തടവറയിലെത്തുംവരെ കവിതയെഴുതിയിട്ടുണ്ടായിരുന്നില്ല. ഭീകരമായ പീഡനങ്ങളും ഏകാന്തതയും മൂസയെ കവിയാക്കി. നാസികളെ തോല്‍പ്പിച്ച്‌ സോവിയറ്റ്‌ സൈന്യം അകത്തു കയറുമ്പോള്‍ മൂസയുടെ കവിതകളേ ബാക്കിയുണ്ടായിരുന്നുള്ളു. അര്‍ദ്ധ ഫാസിസ്റ്റ്‌ വാഴ്‌ച്ചയെ അതിജീവിച്ച്‌ കൃഷ്‌ണന്‍കുട്ടി പുറത്തുവന്നു. മൂസയുടെ കവിതകളില്‍ സംഭവിച്ച അതേ കാവ്യപരിണാമങ്ങളോടെ.

നീ വരൂ, നീല സമുദ്രങ്ങള്‍ താണ്ടിയും/നീരാവിയെ ജ്ജീവ ചൈതന്യമാക്കിയും/കൊമ്പുകള്‍ കുത്തിയിളക്കിക്കരിമ്പാറ/യുന്തി മറിക്കും മദംപെറ്റൊരാറുപോല്‍/ നീ വരൂ, നിന്റെ വിശാല ബാഹുക്കളില്‍/വീര്‍പ്പുമുട്ടട്ടെ സമസ്‌ത പ്രപഞ്ചവും എന്നു മണ്‍സൂണിനെയോ വിപ്ലവ പ്രസ്ഥാനത്തെയോ നോക്കി കവി എഴുതുന്നു (മണ്‍സൂണ്‍).

അടിയന്തിരാവസ്ഥക്കാലത്ത്‌ കവിത എഴുതിയതിനു ജയിലിലടയ്‌ക്കപ്പെട്ട ഏക മലയാള കവി എം.കൃഷ്‌ണന്‍കുട്ടിയാണ്‌. കൃഷ്‌ണന്‍കുട്ടിക്കെതിരെ ആലപ്പുഴ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ത്രേട്ട്‌ കോടതിയില്‍ 1976 നവംബര്‍ 16ന്‌ സമര്‍പ്പിക്കപ്പെട്ട എഫ്‌.ഐ.ആര്‍ കവിതയുടെ കരുത്തിന്‌ നിത്യസ്‌മാരകമാണ്‌. അതിലിങ്ങനെ കാണാം:

വ്യവസ്ഥാപിത സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കേന്ദ്രഗവണ്‍മെന്റിന്റെയും സംസ്ഥാന ഗവണ്‍മെന്റിന്റെയും ഭരണ നടത്തിപ്പിന്‌ എതിരായി ജനരോഷം വളര്‍ത്തി ഗവണ്‍മെന്റിന്റെ ആഭ്യന്തര സുരക്ഷിതത്വത്തിന്‌ ഹാനി സംഭവിക്കണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടുംകൂടി അതിനുതകത്തക്കവിധത്തില്‍ പൊതുജനങ്ങളില്‍ ധാരണ പരത്തുന്നതിന്‌ ഒന്നാം പ്രതി പദ്യരൂപേണ രചിച്ച ആത്മഗാഥ എന്ന കവിത രണ്ടാം പ്രതി പത്രാധിപരായി നടത്തുന്ന കര്‍ഷകത്തൊഴിലാളി എന്ന മാസികയില്‍ 1976 ഫെബ്രുവരി മാസത്തിലെ 2-ാം വാല്യം 8-ാം ലക്കത്തില്‍ നാലാം പ്രതിയുടെ ഉടമസ്ഥതയില്‍ നടത്തി വരുന്ന ആലപ്പുഴ മുല്ലയ്‌ക്കല്‍ വാര്‍ഡില്‍ ഉള്ള ഭാസ്‌ക്കര്‍രാജന്‍ പ്രിന്റിംഗ്‌ വര്‍ക്‌സില്‍ അച്ചടിച്ച്‌ മൂന്നാംപ്രതി പരസ്യമായി പ്രസിദ്ധീകരണം നടത്തുകയും പ്രതികള്‍ ഗവണ്‍മെന്റിനോട്‌ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസവും കൂറും നഷ്‌ടപ്പെടുത്തി വെറുപ്പും വിദ്വേഷവും ഉളവാക്കിയിരിക്കുന്നു

എന്ന്‌

അഡീഷണല്‍ എസ്‌.ഐ.ഓഫ്‌ പൊലീസ്‌, ആലപ്പുഴ നോര്‍ത്ത്‌. 16 -11-76
ആലപ്പുഴ നോര്‍ത്ത്‌ പൊലീസ്‌ സ്റ്റേഷന്‍ അഡീഷണല്‍ സബ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.കെ.തങ്കപ്പനാണ്‌ പരാതിക്കാരന്‍.കര്‍ഷകത്തൊഴിലാളി മാസികയില്‍ കവിതയെഴുതിയ എം.കൃഷ്‌ണന്‍കുട്ടി ഒന്നാം പ്രതിയും മാസിക പത്രാധിപര്‍ വി.എസ്‌.അച്യുതാനന്ദന്‍ രണ്ടാം പ്രതിയും പ്രസാധകന്‍ പി.കെ.കുഞ്ഞച്ചന്‍ എ.പി മൂന്നാം പ്രതിയും പ്രിന്റിംഗ്‌ പ്രസ്‌ ഉടമ നാലാം പ്രതിയുമായിരുന്നു. ക്രൈം നമ്പര്‍ 367/76 എന്ന കേസ്‌ മലയാള സാഹിത്യ ചരിത്രത്തിലും സുപ്രധാനമായ ഒരേടായിമാറി.

എണ്‍പതുകള്‍ക്കു ശേഷം ഈ കവി ഏറെക്കുറെ നിശബ്‌ദനായിരുന്നു. തൊണ്ണൂറുകളുടെ ആദ്യപാതിയില്‍ക്കൂടി പുരോഗമന കലാ സാഹിത്യ സംഘത്തില്‍ ഞങ്ങള്‍ സഹപ്രവര്‍ത്തകരായിരുന്നു. ആഗോളവത്‌ക്കരണത്തിനെതിരായ പോരാട്ടങ്ങളില്‍ കാവ്യേതരമായ വഴികളിലേക്ക്‌ അദ്ദേഹം ചിതറിപ്പോയി. എങ്കിലും ചരിത്രത്തില്‍ ധീരമായ ആ ഇടപെടലുകള്‍ പതിഞ്ഞുകഴിഞ്ഞിട്ടുണ്ട്‌. വരും നാളുകള്‍തന്നിരുളില്‍ ഈ കവി വീണ്ടും വീണ്ടും ഓര്‍ക്കപ്പെടുകയും പോരാളികള്‍ക്കു പ്രചോദനമായിത്തീരുകയും ചെയ്യും.

13 നവംബര്‍ 2014

1 അഭിപ്രായം

 1. വൌ !

  ഈ വാര്ത്തുയുടെ ചരിത്രപ്രാധാന്യം മനസ്സിലാക്കിക്കൊണ്ടുതന്നെ തെളിവുള്പ്പെ ടുത്തിക്കൊണ്ട് എഴുതിയിരിക്കുന്നു. ഇതു വായിച്ച ശേഷം ഇന്റിര്നെടറ്റില്‍ തിരഞ്ഞുനോക്കിയപ്പോള്‍, ദേശാഭിമാനി വാര്ത്ത് കണ്ടു. ആ റിപ്പോര്ട്ടിുങ്ങിന് ഇദ്ദേഹത്തിന്റെര ജയില്‍ വാസത്തിന്റെന വാര്ത്താി പ്രാധാന്യം മനസ്സിലായ ലക്ഷണമില്ല.
  കാര്ട്ടൂ ണിസ്റ്റ് അബുവിന്റെയ മഹത്വം ഏതെങ്കിലും ഒരു മണ്ഡലത്തിലൊതുങ്ങി നില്ക്കു ന്നതല്ലെങ്കിലും അദ്ദേഹത്തിന്റെട അടിയന്തിരാവസ്ഥാ കാര്ട്ടൂവണുകള്‍ ഏറെ ചര്ച്ച് ചെയ്യപ്പെട്ടിട്ടുള്ളതാണ്.

  മലയാളത്തിലെഴുതി എന്നതു കൊണ്ടു മാത്രമായിരിക്കാം ഇദ്ദേഹത്തെ അധികമാരും അറിയാതെ പോയത്. ഇതെന്തുകൊണ്ട് കേരളത്തിനു പുറത്ത് ചര്ച്ചര ചെയ്യപ്പെട്ടില്ല?
  ഞാന്‍ വിചാരിക്കുന്നത്, അന്നത്തെ പോലീസുകാര്ക്ക്ത കവിത വായിച്ചിട്ടു മനസ്സിലായല്ലോ. അതിനു കൊടുക്കണം പ്രമോഷന്‍. അബുവിന്റെ് കാര്ട്ടൂതണ് വായിച്ച ശേഷവും പ്രസിദ്ധീകരിക്കാന്‍ അനുവദിക്കുകയാണുടായത്.. ഉമ്മന്‍ ചാണ്ടി യുടെ മന്ത്രിമാര്ക്കുംശ പോലീസുകാര്ക്കും കവിത വായിച്ചാല്‍ മനസ്സിലാകുമോ എന്തോ !

  Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )