Article POLITICS

ചുംബന സമരവും അനുഭൂതികളുടെ രാഷ്‌ട്രീയവും


ഉമ്മവെയ്‌ക്കേ ഹൃദയം തൊടുന്നു നാം എന്നെഴുതിയത്‌ സച്ചിദാനന്ദനാണ്‌. അതു പക്ഷെ ഏകാകികളുടെ പ്രണയ രാത്രികളില്‍ മന്ത്രിക്കാന്‍ മാറ്റിവെക്കപ്പെട്ടിരിക്കുന്നു. ഹൃദയത്തെ സ്‌പര്‍ശിക്കാന്‍ നമുക്കെന്തോ ഒരു ഭയമുണ്ട്‌. അലിയുവാന്‍ വയ്യ എന്ന ശാഠ്യമാവുമോ അതിനു പിറകില്‍? എന്തോ ഒരടുപ്പമെന്ന്‌ അകം സ്‌പന്ദിക്കുമ്പോഴും അടുത്തുചെല്ലാന്‍, കൈവിടര്‍ത്തി ആശ്ലേഷിക്കാന്‍ ആവുന്നില്ല. ഒരകലം, ഒരു ശങ്ക ഒപ്പമുണ്ട്‌. അപരനെ ആശ്ലേഷിക്കാനും തന്നോടു ചേര്‍ക്കാനും തടസ്സമായ എന്തൊക്കെയോ നിലനില്‍ക്കുന്നു. അപ്പോള്‍, അപരന്റെ വാക്കുകള്‍ സംഗീതംപോലെ അനുഭവിക്കുന്ന കാലത്തെപ്പറ്റി പറയുന്നതിലെന്തു കാര്യം?

വിയോജിക്കാന്‍ ആയിരം അടവുകളാണ്‌ നമുക്ക്‌. യോജിക്കുന്നു എന്നത്‌ നാട്യം. നയമെത്ര അഭിനയമെത്ര എന്ന മട്ടിലാണ്‌ ജീവിതം. വിട്ടു, പിരിഞ്ഞു, അകന്നു, വേര്‍പെട്ടു, മരിച്ചു, കൊന്നു, ചതിച്ചു, മാനഭംഗപ്പെടുത്തി തുടങ്ങിയ ഏതു വാര്‍ത്തയും നാമതൊക്കെ പ്രതീക്ഷിച്ചു എന്ന മട്ടിലാണ്‌ കേള്‍ക്കുന്നത്‌. എല്ലാം മറ്റുള്ളവരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. അക്രമിക്കപ്പെട്ടവര്‍, വേട്ടയാടപ്പെട്ടവര്‍, ബലാല്‍സംഗം ചെയ്യപ്പെട്ടവര്‍, കുടിയിറക്കപ്പെട്ടവര്‍, അകറ്റപ്പെട്ടവര്‍ എന്നിങ്ങനെ എല്ലാം ജീവിതത്തിന്റെ സ്വാഭാവികതയില്‍ കാണാനാണ്‌ പ്രിയം. അതൊന്നും നമ്മെ നടുക്കുന്നില്ല. പക്ഷെ, ഒരാള്‍ ഒരാളെ സ്‌നേഹിക്കുന്നു എന്ന അറിവ്‌ നമ്മുടെ സമനില തെറ്റിക്കും. സ്‌നേഹത്തിന്റെ ഉന്മാദത്തില്‍ വീണിട്ടില്ലാത്ത നയശാലികള്‍ക്ക്‌ സ്‌നേഹത്തോളം മാരകമായ രോഗം കേട്ടറിവില്ല. ഞാന്‍, നീ എന്നൊക്കെ വ്യവഛേദിച്ചു കാണുന്ന അനുഭവഭേദങ്ങളെ അതില്ലാതാക്കിക്കളയും. സ്വത്വവാദികള്‍ക്കും സ്വത്വനിരാസം വരും. വിയോജിക്കുമ്പോള്‍, എതിര്‍ക്കുമ്പോള്‍, കൊല്ലുമ്പോള്‍ വിജൃംഭിക്കുന്ന ഞാന്‍ യോജിക്കുമ്പോള്‍, സ്‌നേഹിക്കുമ്പോള്‍, ആശ്ലേഷിക്കുമ്പോള്‍ അലിഞ്ഞില്ലാതാവും. ആ ലയത്തില്‍ നീയും മുങ്ങിപ്പോവും.

ഒരാള്‍ ഒരാളെ കൊന്നു / ഒരാള്‍ ഒരുവളെ ബലാല്‍സംഗം ചെയ്‌തു എന്നൊക്കെ കേള്‍ക്കുമ്പോഴോ അതു കാണുമ്പോഴോ അറിഞ്ഞിട്ടില്ലാത്ത ആത്മസംഘര്‍ഷമാണ്‌ സ്‌നേഹാശ്ലേഷങ്ങള്‍ നമുക്കു തരുന്നത്‌. രണ്ടുപേര്‍ പരസ്‌പരം നോക്കി അംഗീകരിക്കുമ്പോള്‍തന്നെ ലോകം മാറുന്നുവെന്നാണ്‌ ഒക്‌ടോവിയോ പാസ്‌ എഴുതിയത്‌. അന്യോന്യം അംഗീകരിക്കുന്ന നിമിഷം ഉരുകിത്തീരുന്ന അഹംബോധത്തിന്റെ അഭാവമുണര്‍ത്തുന്ന ഉടലുണര്‍വ്വാണ്‌ സ്‌നേഹാശ്ലേഷമാകുന്നത്‌. ഒരു സ്‌പര്‍ശംപോലും മാന്ത്രിക കര്‍മ്മമാകുന്നു.ഒക്‌ടോവിയോ പാസ്‌ എഴുതുന്നു: എന്റെ കൈകള്‍ നിന്റെ ഉണ്‍മയെ മൂടിയ തിരശ്ശീലകള്‍ നീക്കുന്നു. മറ്റൊരു നഗ്നതയിലേക്കു നിന്നെ ഉടുപ്പിക്കുന്നു. നിന്റെ ഉടലിന്റെ ഉടലുകളെ അതു തുറക്കുകയായി. എന്റെ കൈകള്‍ നിന്റെ ശരീരത്തിന്‌ മറ്റൊരു ശരീരം കണ്ടെത്തുന്നു. സ്‌പര്‍ശമെന്നാണ്‌ കവിതയുടെ പേര്‌.

പ്രണയത്തിന്റെ കാവ്യാനുഭവമാവാമത്‌. എന്നാല്‍, ഏറിയോ കുറഞ്ഞോ എല്ലാ സ്‌നേഹാനുഭവങ്ങളിലും ഈ മാറ്റിമറിക്കലുകളുണ്ട്‌. ഇങ്ങനെയൊരു രൂപാന്തരത്തെ നാം ഭയപ്പെടുന്നു. നമ്മില്‍തന്നെ ഒളിച്ചിരിക്കുന്ന മറുസ്വത്വം മറ്റൊരു ഉടലാക്കി നമ്മെ മാറ്റുമോ എന്നുപോലും ഭയപ്പെടണം. നിലവിലുള്ളതിന്റെ / ശീലിച്ചതിന്റെ സുരക്ഷ, ആവാനിടയുള്ളതില്‍നിന്നു ലഭിക്കുമോ? ആ ഭയത്തില്‍നിന്നാണ്‌ ഭിന്ന ലിംഗാവസ്ഥകളെ നാം വെറുത്തു തുടങ്ങിയത്‌. ഇപ്പോള്‍ അതൊരു നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമായി മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ ആ സാംസ്‌ക്കാരിക നടുക്കം നമ്മെ പുതിയ യാഥാര്‍ത്ഥ്യങ്ങളിലേക്ക്‌ ഉണര്‍ത്തേണ്ടതായിരുന്നു. പക്ഷെ മറ്റൊന്നാണ്‌ സംഭവിക്കുന്നത്‌. നാം വീണ്ടും ഓടിയൊളിക്കാന്‍ വെമ്പുന്നു. മനപ്പൂര്‍വ്വം ശരീരങ്ങളെ വെറുക്കുന്നു. അഥവാ ഭയക്കുന്നു. ലഭിച്ച ഉടലിനും അതുവഴി വിധിച്ച അധികാരത്തിനും കീഴ്‌പ്പെടാനുള്ള യുക്തികള്‍ ദൈവനാമത്തില്‍ ആവര്‍ത്തിക്കുന്നു. ഈ അപായകരമായ ഒളിജീവിതത്തെ ധീരമായി നേരിട്ട കലയും ജീവിതവുമായിരുന്നു ഋതുപര്‍ണഘോഷിന്റേത്‌. കലകൊണ്ടും ശരീരംകൊണ്ടും വ്യവസ്ഥയെ നേരിടാമെന്ന്‌ ദൈവേച്ഛയെ അദ്ദേഹം വെല്ലുവിളിച്ചു.

അനുഭവത്തിന്റെ ഒരു കരയില്‍നിന്ന്‌ മറ്റൊരു കരയിലേക്ക്‌ മഴവില്ലുപോലെ വളഞ്ഞുനില്‍പ്പാണ്‌ ശരീരമെന്നും പാസ്‌ കുറിക്കുന്നു. ശബദംകൊണ്ടും ശരീരംകൊണ്ടുമാണ്‌ പാലങ്ങള്‍. നമ്മെ ബന്ധിപ്പിക്കുന്ന അനന്തകോടി പാലങ്ങള്‍. മുറുകിയ അധികാരബന്ധങ്ങളുടെ കാലത്ത്‌ ആദ്യം തകര്‍ക്കപ്പെടുക ഈ പാലങ്ങളാണ്‌. അയിത്തവും ഭ്രഷ്‌ടുമെല്ലാം രൂപമാറ്റത്തോടെ അവതരിക്കും. സ്‌മാര്‍ത്തവിചാരങ്ങള്‍ അരങ്ങേറും. തൊട്ടുകൂടാത്ത നവവരേണ്യതയുടെ അധികാരത്തിനു ജീവവായു നല്‍കാന്‍ സദാചാര നിഷ്‌ഠ പുലര്‍ത്തി ആത്മാഹൂതി ചെയ്യുന്ന കീടജന്മങ്ങളായി നാം മാറും. സ്‌നേഹവും പ്രണയവും വാത്സല്യവും കുറ്റകൃത്യമായിത്തീരും. സ്‌നേഹരഹിതമായ ആശ്ലേഷവും ചുംബനവും ആത്മീയമെന്ന്‌ ആഘോഷിക്കപ്പെടും. ഫാസിസത്തിന്റെ അമ്മബോധം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന്‌ വില്‍ഹംറീഹ്‌ എഴുതിയിട്ടുണ്ടല്ലോ.

നോട്ടവും സ്‌പര്‍ശവും ആശ്ലേഷവും ചുംബനവും രതിസൂചകങ്ങളുമാവാം. എന്നാല്‍ അതാണു രതിയെന്നോ അതും രതിയെന്നോ ധരിച്ചുകൂടാ. നോക്കുന്നവര്‍ക്കും നോക്കപ്പെടുന്നവര്‍ക്കും സ്‌പര്‍ശിക്കുന്നവര്‍ക്കും സ്‌പര്‍ശിക്കപ്പെടുന്നവര്‍ക്കും ആശ്ലേഷിക്കുന്നവര്‍ക്കും ആശ്ലേഷിക്കപ്പെടുന്നവര്‍ക്കും ചുംബിക്കുന്നവര്‍ക്കും ചുംബിക്കപ്പെടുന്നവര്‍ക്കും ഇടയില്‍ നിഗൂഢമായി നിര്‍വ്വഹിക്കപ്പെടുന്ന സംവേദനത്തിന്റെ സ്വഭാവമാണ്‌ അതു നിശ്ചയിക്കുക. കാഴ്‌ച്ചയില്‍ അതു തെളിഞ്ഞുകിട്ടുകയില്ല. കാഴ്‌ച്ചക്കാരന്റെ മോഹങ്ങളോ മോഹഭംഗങ്ങളോ തീര്‍ച്ചകളോ അതിനിശ്ചയങ്ങളോ പരിമിതപ്പെടുത്തുന്ന പ്രതികരണങ്ങളെ പരിഗണിക്കാനാവില്ല. നോട്ടവും സ്‌പര്‍ശവും ആശ്ലേഷവും ചുംബനവുമെല്ലാം നമ്മുടെ പൊതുജീവിതത്തില്‍ അസാധാരണമായ കാര്യമല്ല. നരവംശസാസ്‌ത്ര പണ്‌ഡിതര്‍ ഇവയെങ്ങനെ രൂപപ്പെട്ടുവെന്നും സാമൂഹികമായി അംഗീകരിക്കപ്പെട്ടുവെന്നും വിശദീകരിക്കുന്നുണ്ട്‌. ചുരുങ്ങിയത്‌ ഡസ്‌മണ്ട്‌ മോറിസിന്റെ നിരീക്ഷണങ്ങളെങ്കിലും മലയാളികള്‍ക്കു പരിചിതമാണ്‌.

ഉമ്മ, മുത്തം, ചുംബനം തുടങ്ങിയ വാക്കുകള്‍ വ്യത്യസ്‌ത സന്ദര്‍ഭത്തിലും അര്‍ത്ഥത്തിലുമാണ്‌ നാം പ്രയോഗിക്കുന്നത്‌. ഉമ്മയും മുത്തവും നല്‍കാനുള്ളതും ചുംബനം എടുക്കാനുള്ളതുമാണ്‌ എന്നാണ്‌ പൊതു ധാരണ. വാത്സല്യപൂര്‍വ്വമോ സ്‌നേഹപൂര്‍വ്വമോ നല്‍കാനും ഏറ്റുവാങ്ങാനുമാവും ഉമ്മകള്‍. ചുംബനത്തില്‍ മര്‍ദ്ദമേറും. വലിച്ചെടുക്കലാണത്‌. അതപ്പോള്‍ അധരങ്ങളിലാവണമെന്നും നാമങ്ങ്‌ സങ്കല്‍പ്പിക്കുന്നു. അത്രയുമെത്തുമ്പോള്‍ വലിച്ചുനീട്ടാവുന്നയത്രയും സങ്കല്‍പ്പിച്ചെടുക്കാനാവും മലയാളിക്ക്‌. എന്നാല്‍ നമ്മുടെ ഭാഷാവ്യവഹാരത്തില്‍ സ്‌നേഹചുംബനമെന്നത്‌ ഊറ്റിയെടുക്കലല്ല. പ്രാണനെ ചുംബിച്ചെടുക്കുന്നതിന്‍മുമ്പു പോകൂ പ്രിയപ്പെട്ട പക്ഷീ എന്നിടത്ത്‌ വലിച്ചെടുക്കലാവാമെങ്കിലും ഇപ്പിതാവിതാ മുദ്രവെക്കുന്നു നിന്‍ നെറുകയില്‍ നിറവാര്‍ന്ന ചുംബനം എന്നിടത്ത്‌ അനുഗ്രഹവുമാണ്‌. ചുംബനം എന്ന വാക്ക്‌ മലയാളിയെ വിറളി പിടിപ്പിക്കുന്നുവെന്നത്‌ അത്ഭുതകരംതന്നെ.

സ്‌നേഹചുംബന സമരം എന്നത്‌ അനുഭൂതികളുടെ മണ്‌ഡലത്തിലെ രാഷ്‌ട്രീയ സമരമാണ്‌. രാഷ്‌ട്രീയ മണ്‌ഡലത്തില്‍ അനുഭൂതികളുടെ സമരവുമാണ്‌. ചുബനങ്ങളുടെ മത്സരമല്ല അരങ്ങേറിയത്‌. മനസ്സില്‍ തങ്ങളുദ്ദേശിച്ച ചുംബനാഭാസങ്ങളുടെ മഞ്ഞച്ചിത്രങ്ങള്‍ നിവര്‍ത്തി ചുംബനസമരത്തിനെതിരെ പ്രതിഷേധത്തിനു പോയവര്‍ക്കാണു പിഴച്ചത്‌. മാനവികതയുടെ ഉണര്‍വ്വുകളെ എതിര്‍ക്കാന്‍ എല്ലാകാലത്തും കോപ്പുകൂട്ടിപ്പോന്ന യാഥാസ്ഥിതിക ചേരിയെയാണ്‌ അവര്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചത്‌. പുനരുത്ഥാനവാദികളെല്ലാവരും അവിടെ ഒന്നാവുന്നതും നാം കണ്ടു. മതവര്‍ഗീയതയുടെ ഭിന്ന ധാരകള്‍ വൈരംമറന്ന്‌ ഒറ്റച്ചേരിയായത്‌ മാനവികതയെ നേരിടാനായിരുന്നുവെന്നത്‌ കേരളം കണ്ടു. ഫാസിസം വരുന്ന വഴി കാണിച്ചുതരാനായി ഉമ്മവെക്കുന്ന കുട്ടികള്‍ക്ക്‌. ചുംബനസമരത്തിന്റെ വിജയപ്രഖ്യാപനമായിരുന്നു അത്‌.

ജാതസൊഹൃദമുറങ്ങുവാന്‍ സ്വയം/ ജാത, തള്ളയുടെ മാറണഞ്ഞപോല്‍
നീ തുനിഞ്ഞു, നിരസിച്ചിരിക്കില്‍ ഞാ-/ നേതു സാഹസികനാമഹോ പ്രിയേ!

എന്നു കുമാരനാശാന്റെ യുവയോഗി ഒരു നൂറ്റാണ്ടു മുമ്പാണ്‌ചിന്തിച്ചത്‌( നളിനി). ‘എന്തു സംഭവമിതെന്തു ബന്ധമിങ്ങെന്തു ഹേതു വിതിനെന്തൊരര്‍ത്ഥമോ! ‘ എന്ന വിസ്‌മയം യോഗിക്കുമുണ്ടായിരുന്നു. എങ്കിലും പെട്ടെന്നുതന്നെ ആ സ്‌നേഹാശ്ലേഷത്തിന്റെ പൊരുള്‍ ആശാന്‍ പഠിപ്പിച്ചു. ഒക്‌ടോവിയോ പാസിനും ആറോ ഏഴോ പതിറ്റാണ്ടു മുമ്പ്‌ സ്‌പര്‍ശത്തിലെ അനുഭൂതിസമരം ആശാന്‍ രേഖപ്പെടുത്തിയിരിക്കുന്നു.

2 ഒക്‌ടോബര്‍ 2014

7 അഭിപ്രായങ്ങള്‍

 1. Your attempt to articulate the beautiful concept of ‘chumbanam’ deserves appreciation. It should be read by every hypocrites of Kerala. When two persons kiss, the world within them and the world around them undergo a drastic change. They overcome the burdens and the boundaries of body consciousness and attain a state of liberation and bliss. This state of liberation is what religions, scriptures and spirituality ultimately aim for. It is a revolt against one’s own ego and worldliness.
  I disagree with your argument of making such a powerful and great concept of ‘Chumbanam’ as a strategy of revolt against ‘moral police’. Does ‘moral policing’ deserve it? Do we need an AK 47 to kill the mosquitoes?

  Like

 2. 1സ്‌നേഹചുംബന സമരം എന്നത്‌ അനുഭൂതികളുടെ മണ്‌ഡലത്തിലെ രാഷ്‌ട്രീയ സമരമാണ്‌. രാഷ്‌ട്രീയ മണ്‌ഡലത്തില്‍ അനുഭൂതികളുടെ സമരവുമാണ്‌. എന്ന് ഒരു കൂട്ടര്‍ വാദികുന്നു ==എന്തൊന് ഈ അനുഭൂതികളുടെ സമരം എന്നത് ? 2ചുബനങ്ങളുടെ മത്സരമല്ല അരങ്ങേറിയത്‌. മനസ്സില്‍ തങ്ങളുദ്ദേശിച്ച ചുംബനാഭാസങ്ങളുടെ മഞ്ഞച്ചിത്രങ്ങള്‍ നിവര്‍ത്തി ചുംബനസമരത്തിനെതിരെ പ്രതിഷേധത്തിനു പോയവര്‍ക്കാണു പിഴച്ചത്‌. എന്ന് വേറൊരു വാദം ===ഇവരെല്ലാം തന്നെ ചുംബനം ജീവിതത്തില്‍ നടത്തുന്നവര്‍ അല്ലെ ?
  3മാനവികതയുടെ ഉണര്‍വ്വുകളെ എതിര്‍ക്കാന്‍ എല്ലാകാലത്തും കോപ്പുകൂട്ടിപ്പോന്ന യാഥാസ്ഥിതിക ചേരിയെയാണ്‌ അവര്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചത്‌. പുനരുത്ഥാനവാദികളെല്ലാവരും അവിടെ ഒന്നാവുന്നതും നാം കണ്ടു എന്ന് മറ്റൊരു വാദം .==== എല്ലാ വലതു പക്ഷ ക്കാരെയും ഒന്നാകി തീര്‍ത്തു ഈ അപക്വമായ സമരം എന്നതാണ് എനിക്ക് പറയാന്‍ ഉള്ളത്

  4 മതവര്‍ഗീയതയുടെ ഭിന്ന ധാരകള്‍ വൈരംമറന്ന്‌ ഒറ്റച്ചേരിയായത്‌ മാനവികതയെ നേരിടാനായിരുന്നുവെന്നത്‌ കേരളം കണ്ടു.==== അടിയന്തിരാവസ്ഥക് ശേഷം നടന്ന 77 ലെ തുപോലെ വീണ്ടും ജനവിരുധ്വ ശക്തികളെ ജയിപ്പികാണേ ഈ സമരം കൊണ്ട് ആയതു
  .5 ഫാസിസം വരുന്ന വഴി കാണിച്ചുതരാനായി ഉമ്മവെക്കുന്ന കുട്ടികള്‍ക്ക്‌. ചുംബനസമരത്തിന്റെ വിജയപ്രഖ്യാപനമായിരുന്നു അത്‌===ഇത് കുട്ടികളുടെ … അവരെ ഞാന്‍ വെറുതെ വിടുന്നു . അവരുടെ പ്രായം കണക്കിലെടുത്ത് . എന്നാല്‍ ഇതിനെ മഹത്വ വല്കരികുന്ന ആചാര്യന്മാരുടെ jingoism ആണ് എനിക്ക് ചൂണ്ടി കാണിക്കാന്‍ ഉള്ളത് .

  Like

 3. kozhikode down own ഹോട്ടലില്‍ നടന്നു വന്നിരുന്ന എന്ന് പറയപെടുന്ന അനാസശ്യത്തെ എതിര്‍ത്തുകൊണ്ട് കേരളത്തിലെ ഒരു കൂട്ടം രാഷ്ട്രീയ് കൂട്ടം നിയമം കയില്ടുതതിനെ തിരെ പ്രതികരികുന്നതിനു പകരം ആ അനശ്യാസ ചുംബനത്തെ വെള്ള അടിക്കാന്‍ നടത്തിയ ഈ ചുംബന സമരത്തെ എങ്ങിനെ ആണ് സാംസ്‌കാരിക കേരളം അമ്ഗീകരികുക ?കേരളത്തില്‍ വളരെ ലഘുവായിരുന്ന യുക്തി മോര്ച്ചയെ ഒരു ഗുരുവാക്കി മാറ്റാന്‍ മാത്രം ആനു ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച രാഷ്ട്ര്യത്തിനു ആയതു . അതോടൊപ്പം രാഹുല്‍ പശുപല്‍ കൂട്റെര്ക് എന്താണ് സിവില്‍ വ്യക്തി ഭാവി സമൂഹത്തില്‍ ആഗ്രഹിക്കുന്ന വ്യക്തിസ്വതന്റ്രം എന്ത് എന്ന് പ്രകടിപ്പികാനും സാധിച്ചു . ഇത് ആസാദു പോലെ ഉള്ള ലെനിനിസ്റ്റ് വ്യക്തിസ്വതന്ത്രത്തിനു എതിരുമാണ് എന്നതാണ് വസ്തുത . രൂപത്തിലും , ഉള്ളടക്കത്തിലും ഇതിന്റെ പിതൃത്വം എറ്റെടുകുന്ന ലെനിനിസ്റ്റ് കംമുനിസ്ടുകളുടെ തികഞ്ഞ രാഷ്ട്രീയ പാപരത്വം ആണ് ഞാന്‍ കണ്ടത് .

  Like

 4. ഹൃദയാവര്ജ്ജആകമായ ഭാഷ. അമിതവൈകാരികതയിലേക്കു പോകാതെ, നിഷേധാത്മകമായ വിവാദങ്ങളെ വിളിച്ചു വരുത്താതെ, പക്വതയോടെയും ലക്`ഷ്യബോധത്തോടെയുള്ളതുമായ ഇടപെടല്‍.

  എല്ലാറ്റിനുമുപരി, ആസാദിന്റെ് ബാഹ്യശരീരം പോലെത്തന്നെ മനസ്സും കാലമേറെ ചെന്നിട്ടും യൌവനപൂര്ണ്ണമമാണെന്നു വിളിച്ചു പറയുന്ന, ദീപ്തമായ ചിന്താധാര. “നളിനി”യില്നിനന്നുമുള്ള ആ വരികള്‍ ഉദ്ദരിച്ചതിനു വളരെ നന്ദി.

  കുറിപ്പ്: രാഷ്ട്രീയവിഷയങ്ങള്‍ സംസാരിക്കുമ്പോഴും സമാനമായ, നേര്ക്കു -നേര്‍ സംവദിക്കുന്ന ഭാഷ ഉപയോഗിക്കുമെന്ന് ആഗ്രഹിക്കുന്നു.

  Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )