Article POLITICS

കലിക്കറ്റ്‌ സര്‍വ്വകലാശാലയിലെ ഹോസ്റ്റല്‍ സമരം നല്‍കുന്ന മുന്നറിയിപ്പ്‌

കലിക്കറ്റ്‌ സര്‍വ്വകലാശാലയിലെ ഹോസ്റ്റല്‍ സമരം ഇതെഴുതുമ്പോഴും തുടരുകയാണ്‌. കാമ്പസിലെ റഗുലര്‍ വിദ്യാര്‍ത്ഥികളുടെ പൊതുവേദിയായ ഡിപ്പാര്‍ട്ടുമെന്റ്‌ സ്റ്റുഡന്റ്‌സ്‌ യൂണിയന്റെ നേതൃത്വത്തിലുള്ള നിരാഹാര സമരം പതിനൊന്നു ദിവസം പിന്നിട്ടിരിക്കുന്നു. കാമ്പസിലെ വൈസ്‌ചാന്‍സലര്‍ – സിന്‍ഡിക്കേറ്റ്‌ മൂപ്പിളമ തര്‍ക്കത്തിലും ഭൂവിനിയോഗ -കാസ്‌ലാബ്‌ നിര്‍മ്മാണ താല്‍പ്പര്യങ്ങളിലും കുഴിച്ചുമൂടപ്പെടുന്ന ഗൗരവതരമായ ഒരു വിഷയം ഈ സമരം ഉന്നയിക്കുന്നുണ്ട്‌.

സമരം, ഹോസ്റ്റലില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ കയറ്റുന്നതിനെതിരെയാണെന്നും അവര്‍ക്കു ഭക്ഷണം നല്‍കുന്നതിനെതിരെയാണെന്നും കൗതുകകരമായ വാര്‍ത്ത പ്രചരിപ്പിക്കപ്പെടുന്നുണ്ട്‌. ആരാണ്‌ ഈ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍? ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിദ്യാര്‍ത്ഥികളാണ്‌ അവരെന്ന്‌ സിന്‍ഡിക്കേറ്റ്‌ സബ്‌ക്കമ്മറ്റിയും രേഖപ്പെടുത്തുന്നുണ്ട്‌. എന്താണ്‌ റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഈ വിഭാഗക്കാരോട്‌ ഒരു കുടിപ്പക? അഥവാ അങ്ങനെയൊരു പ്രശ്‌നം നിലവിലുണ്ടോ? മറ്റേതോ വിഷയത്തെ അങ്ങനെ ചുരുക്കിക്കെട്ടുകയാണോ? സര്‍വ്വകലാശാലാ പ്രശ്‌നങ്ങളെ സമീപിക്കുന്നവര്‍ക്കു ഇങ്ങനെയൊരു ആലോചനയില്‍നിന്ന്‌ ഒഴിഞ്ഞുമാറാനാവില്ല. കാമ്പസിലെ ഹോസ്റ്റല്‍ സമരം എങ്ങനെ അവസാനിപ്പിച്ചാലും ബാക്കിയാവുന്ന ചില അതീവ ഗൗരവതരമായ വിഷയങ്ങളെ ഇതോര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

സാധാരണ പൊതു വിദ്യാഭ്യാസമെന്നും സ്വാശ്രയ വിദ്യാഭ്യാസമെന്നും വിദ്യാഭ്യാസ രംഗം വിഭജിക്കപ്പെട്ടതിന്റെ തുടരനുഭവങ്ങളാണിവ. കാമ്പസിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിദ്യാര്‍ത്ഥികള്‍ സ്വാശ്രയ കോഴ്‌സുകളില്‍(ബി.പി.ഇ, ബി.പി.എഡ്‌ ) പഠിക്കുന്നവരാണ്‌. കാമ്പസില്‍ അവരുടെ എണ്ണത്തിന്റെ മൂന്നോ നാലോ ഇരട്ടിവരുന്ന വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ഓഫ്‌ ഹെല്‍ത്ത്‌ സയന്‍സസിലും സെന്റര്‍ ഫോര്‍ ഹെല്‍ത്ത്‌ സയന്‍സസിലും സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സസിലും മറ്റുമായി വേറെയുമുണ്ട്‌. എഞ്ചിനീയറിംഗ്‌ കോളേജിന്റെ വിഷയം അതിനും പുറമേയാണ്‌. ഈ സ്വാശ്രയ ധാരയിലെ ഒരു ഘടകം മാത്രമാണ്‌ കാമ്പസിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിദ്യാര്‍ത്ഥികള്‍.

സ്വാശ്രയ കോഴ്‌സുകളോ കോളേജുകളോ നടത്തുന്നതു സംബന്ധിച്ചു സുപ്രധാനമായ സുപ്രീംകോടതി വിധികളുണ്ട്‌. 2005 ആഗസ്‌ത്‌ 12ന്റെ പി.എ.ഇമാംധാര്‍ – സ്റ്റേറ്റ്‌ ഓഫ്‌ മഹാരാഷ്‌ട്ര കേസിലെ വിധിയും അതില്‍ അന്യത്ര പിന്തുടര്‍ന്നിരിക്കുന്ന ടി.എം.എ ഫൗണ്ടേഷനും കര്‍ണാടക ഗവണ്‍മെന്റും തമ്മിലുള്ള കേസും ഇസ്ലാമിക്‌ അക്കാദമി ഓഫ്‌ എഡ്യുക്കേഷനും കര്‍ണാടക ഗവണ്‍മെന്റം തമ്മിലുള്ള കേസും ഇക്കൂട്ടത്തില്‍ പെടുന്നു. ഫീസ്‌ ഘടന നിശ്ചയിക്കുന്നതിന്‌ കോടതി അംഗീകരിച്ച മാനദണ്‌ഡത്തില്‍ പ്രഥമവും പ്രധാനവുമായ കാര്യം വിദ്യാര്‍ത്ഥികള്‍ക്കുള്ള മെച്ചപ്പെട്ട ഇന്‍ഫ്രാ സ്‌ട്രക്‌ചര്‍ (പഠന-താമസ-ഭക്ഷണ സൗകര്യങ്ങള്‍)ഒരുക്കിക്കൊടുക്കുക എന്നതാണ്‌. റഗുലര്‍ വിദ്യാര്‍ത്ഥികളെ അപേക്ഷിച്ച്‌ ഭീമമായ തുക ഒരേ കോഴ്‌സിന്‌ ഈടാക്കുമ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട അക്കാദമികാന്തരീക്ഷവും നല്‍കേണ്ടതുണ്ട്‌. എന്നാല്‍ സ്വാശ്രയ വിദ്യാര്‍ത്ഥികളും നിരന്തരം വഞ്ചിക്കപ്പെടുന്നു. കുറഞ്ഞ വേതനത്തിനു ജോലിയെടുക്കാന്‍ തയ്യാറുള്ളവരല്ലാതെ മികച്ച അദ്ധ്യാപകരുടെ സേവനം ലഭിക്കുന്നില്ല. ഹോസ്റ്റല്‍ സൗകര്യമില്ല. മറ്റു ഭൗതിക സാഹചര്യങ്ങളും കുറവാണ്‌. കോടതി വിധിയുടെ സത്ത നിരന്തരം ലംഘിക്കപ്പെടുകയാണ്‌. പല സ്വകാര്യ കച്ചവടകോളേജുകളും ഇങ്ങനെയൊക്കെയായതില്‍ അത്ഭുതമില്ല. എന്നാല്‍ മികച്ച പാരമ്പര്യമുള്ള ഒരു യൂനിവേഴ്‌സിറ്റിയും ആ വഴി പിന്തുടരുന്നത്‌ ആശാസ്യമല്ല.

അധിക തുക നല്‍കി പഠിക്കുമ്പോള്‍ ആ പണം തങ്ങളുടെ പഠനത്തിനല്ല പ്രയോജനപ്പെടുന്നതെന്ന്‌ അധിക പണം മുടക്കി പഠിക്കുന്നവരറിയേണ്ടതുണ്ട്‌. 2012 -13ല്‍ 17 കോടിയിലേറെയാണ്‌ സ്വാശ്രയ കോഴ്‌സുകളിലൂടെ കലിക്കറ്റ്‌ യൂനിവേഴ്‌സിറ്റിക്കു ലഭിച്ചത്‌. അതിനു മുമ്പത്തെ വര്‍ഷവും പതിനേഴുകോടിയുണ്ട്‌. അതിനു മുമ്പുള്ള രണ്ടു വര്‍ഷങ്ങളില്‍ പതിനഞ്ചോളം കോടി രൂപ വീതം ലഭിച്ചിട്ടുണ്ട്‌. ഒരു വ്യാഴവട്ടക്കാലമായി ഇങ്ങനെ ലഭിച്ച കോടിക്കണക്കിനു രൂപയില്‍ അല്‍പ്പമെടുത്ത്‌ ഒരൊറ്റ ഹോസ്റ്റല്‍പോലും കാമ്പസില്‍ പണിതിട്ടില്ല. ഇത്‌ സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണ്‌. വിദ്യാര്‍ത്ഥി കേന്ദ്രിതമാകണം യൂനിവേഴ്‌സിറ്റികള്‍ എന്ന ഗജേന്ദ്ര ഗാട്‌ക്കര്‍ മുതല്‍ യശ്‌പാല്‍ വരെയുള്ള കമ്മീഷനുകളുടെ അടിസ്ഥാന സമീപനങ്ങളും അട്ടിമറിക്കപ്പെടുന്നു.

കലിക്കറ്റ്‌ സര്‍വ്വകലാശാലയിലെ ഹോസ്റ്റലുകളില്‍ സിന്‍ഡിക്കേറ്റംഗങ്ങളും എം.എല്‍ എമാരും മാധ്യമങ്ങളുമെല്ലാം കയറിത്തുടങ്ങിയിരിക്കുന്നു. ഇപ്പോഴെങ്കിലും അതൊക്കെ ശ്രദ്ധയില്‍ വന്നുതുടങ്ങിയതു നന്നായി. 650പേരെ മാത്രം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റലില്‍(റഗുലര്‍) ഇരട്ടിയോളം പേരെയാണ്‌ കുത്തി നിറച്ചിരിക്കുന്നത്‌. ആണ്‍കുട്ടികളുടെ ഹോസ്റ്റലിലും സ്ഥിതി വ്യത്യസ്‌തമല്ല. ഗവേഷകര്‍ക്കു രാജ്യത്തെ ഏതു യൂനിവേഴ്‌സിറ്റിയിലും ഒരാള്‍ക്ക്‌ ഒരു മുറി എന്ന സൗകര്യം ലഭ്യമാണ്‌. അതു പക്ഷെ കലിക്കറ്റില്‍ വിദൂരസ്വപ്‌നമാണ്‌. വിദ്യാര്‍ത്ഥികള്‍ക്കുള്ളതാണ്‌ യൂനിവേഴ്‌സിറ്റി എന്ന തത്വം അധികൃതര്‍ മറന്നിരിക്കുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു ഭ്രമമുള്ള അധികാരികള്‍ സമീപകാലത്തുതന്നെ കോടിക്കണക്കിനു രൂപ അതിനു നീക്കിവെച്ചു കാമ്പസില്‍ കള പറിക്കലും കൃഷിചെയ്യലും കാസ്‌ ലാബുണ്ടാക്കലുമൊക്കെയാണ്‌ അടിയന്തിരാവശ്യമെന്നു കണ്ടെത്തിയിരുന്നു. ഹോസ്റ്റല്‍ നിര്‍മ്മാണം അക്കൂട്ടത്തില്‍ പെടുത്തുകയുണ്ടായില്ല.

ഒരു ഭാഗത്തു പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനുതകേണ്ട പണം ധൂര്‍ത്തടിക്കുക, മറുഭാഗത്തു അധികപണം നല്‍കി പഠിക്കുന്ന സ്വാശ്രയകോഴ്‌സ്‌ വിദ്യാര്‍ത്ഥികളുടെ പണംകൊണ്ടാണ്‌ യൂനിവേഴ്‌സിറ്റിയിലെ ശമ്പളമുള്‍പ്പെടെയുള്ള നിത്യനിദാനച്ചെലവുകള്‍ കഴിഞ്ഞുപോകുന്നതെന്നു വരുത്തുക. ഇതാണ്‌ വൈസ്‌ചാന്‍സലറും സിന്‍ഡിക്കേറ്റുംകൂടി നടത്തിപ്പോന്നത്‌. ഭൂമി ആര്‍ ആര്‍ക്കു പാട്ടത്തിനു കൊടുക്കണം, ആരുടെ ലിസ്റ്റുപ്രകാരമായിരിക്കണം നിയമനങ്ങള്‍ നടക്കേണ്ടത്‌ എന്നൊക്കെയുള്ള കയ്യാങ്കളിയല്ലാതെ ആരോഗ്യകരമായ എന്തു അഭിപ്രായ വ്യത്യാസമാണ്‌ വൈസ്‌ചാന്‍സലര്‍ക്കും സിന്‍ഡിക്കേറ്റിനുമിടയിലുള്ളത്‌? വിദ്യാര്‍ത്ഥികള്‍ക്കും അക്കാദമിക സമൂഹത്തിനും അതു വഴി പൊതു സമൂഹത്തിനും ഉപകരിക്കേണ്ട ആസൂത്രണത്തെ കച്ചവടക്കണ്ണോടെ സമീപിക്കുന്നതുകൊണ്ടാണ്‌ ഈ തകര്‍ച്ച മുഴുവനുമുണ്ടായത്‌. ആ തെറ്റാണ്‌ തിരുത്തപ്പെടേണ്ടത്‌.

വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ പ്രശ്‌നത്തെ പറ്റി പഠിക്കാന്‍ നിയോഗിക്കപ്പെട്ട സിന്‍ഡിക്കേറ്റ്‌ സബ്‌ക്കമ്മറ്റി , ഹോസ്റ്റല്‍ അറ്റകുറ്റപ്പണികള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും ഹോസ്റ്റല്‍ അന്തേവാസികളില്‍നിന്നു പണം പിരിക്കണമെന്നാണ്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. സ്വകാര്യ യൂനിവേഴ്‌സിറ്റികളെപ്പോലും ലജ്ജിപ്പിക്കുന്ന നയമാണിത്‌. വിദ്യാര്‍ത്ഥികളുടെ ജീവല്‍പ്രധാനമായ ആവശ്യങ്ങളല്ലാതെ പ്രധാന ചെലവിനമായി അധികൃതര്‍ കാണുന്നത്‌ മറ്റെന്തിനെയാണ്‌? എല്ലാറ്റിനും ചെലവഴിച്ച്‌ മരംവെട്ടി,ചാണകംവാങ്ങി വിദ്യാര്‍ത്ഥികള്‍ക്കു ചെലവാക്കാന്‍ പണമില്ല അതവര്‍തന്നെ ചെയ്യട്ടെ എന്നു പറയാന്‍ നാണം തോന്നേണ്ടതല്ലേ? റഗുലര്‍ വിദ്യാര്‍ത്ഥികളെക്കൂടി അധികപണം പിഴിയാവുന്ന സ്വാശ്രയ ധാരയിലേക്കു കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായേ ഇതിനെ കാണാനാവൂ.

കാമ്പസിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിനും ഗസ്റ്റ്‌ ഹൗസിനും ഇടയിലുള്ള ഗസ്റ്റ്‌ ഹൗസിന്റെ ഒരു ബ്ലോക്കു റഗുലര്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്‌റ്റലില്‍ ചേര്‍ത്ത്‌ അവിടെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കു പ്രവേശനം നല്‍കണമെന്നാണ്‌ കമ്മറ്റിയുടെ മറ്റൊരു നിര്‍ദ്ദേശം. മറ്റൊരിടത്തും ഇങ്ങനെ രണ്ടു ധാരകളെ ഒന്നിച്ച്‌ ഒരു ഹോസ്‌റ്റലില്‍ പാര്‍പ്പിച്ച്‌ പ്രശ്‌നങ്ങള്‍ക്ക്‌ വഴിയൊരുക്കുന്ന പതിവില്ല. ഡിപ്പാര്‍ട്ട്‌മെന്റ്‌ സ്റ്റുഡന്റ്‌സ്‌ യൂനിയന്‍ എന്ന വിദ്യാര്‍ത്ഥികളുടെ പൊതു വേദിയില്‍പ്പോലും നിലവില്‍ റഗുലര്‍ ധാരയെ മാത്രമേ പരിഗണിക്കുന്നുള്ളു. ഈ സാഹചര്യത്തില്‍ രണ്ടുധാരകളുടെ പോരിനിടയാക്കുന്ന തീരുമാനങ്ങളിലേക്ക്‌ നീങ്ങാതെ നോക്കേണ്ടതുണ്ട്‌.

സ്‌്‌പോര്‍ട്‌സ്‌ കുട്ടികള്‍ക്കും റഗുലര്‍ കുട്ടികള്‍ക്കും ഒരേ മെസ്സ്‌ എന്നതും കുട്ടികളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്‌. അധികപണം ചെലവഴിക്കാന്‍ കഴിയുന്നവരും ദരിദ്ര വിദ്യാര്‍ത്ഥികളും എന്ന ഭേദം മാത്രമല്ല രണ്ടളവില്‍ രണ്ടു ക്രമത്തില്‍ വ്യത്യസ്‌ത സമയങ്ങളില്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളും ഉണ്ടാകുമെന്ന്‌ അവര്‍ ഭയപ്പെടുന്നു. പക്ഷെ, അതിനെക്കാള്‍ അപകടകരമായ ഒരു കാര്യം പൊതു വിദ്യാഭ്യാസ ധാരയുടെ സ്വാഭാവിക നടത്തിപ്പിനു മേല്‍ പണാധിപത്യത്തിന്റെ കരിനിഴല്‍ പടരുന്നു എന്നതാണ്‌. സാധാരണ പൊതു സമൂഹത്തിന്‌ പണമൂപ്പന്മാരുടെ ഇംഗിതങ്ങള്‍ കാത്തു കഴിയേണ്ടിവരും . വിദ്യാഭ്യാസത്തിലെ പൊതു ഇടങ്ങളെല്ലാം ധനാധിപത്യത്തിനു കീഴടങ്ങുകയാണ്‌. ഒട്ടകത്തിന്‌ ഇടംകൊടുത്ത അറബിയുടെ കഥ പഴങ്കഥയല്ല.

നാക്‌ ടീം സന്ദര്‍ശിച്ചപ്പോള്‍ ഹോസ്റ്റല്‍ സൗകര്യങ്ങളില്‍ ഉത്‌ക്കണ്‌ഠ അറിയിച്ചതായി അധികൃതര്‍ ഇപ്പോഴാണ്‌ ഓര്‍ക്കുന്നത്‌. സബ്‌കമ്മറ്റി ഉദാരമായി ഒരു കാര്യംകൂടി രേഖപ്പെടുത്തിയിരിക്കുന്നു. യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ളതാണ്‌ എന്നതാണത്‌. എന്നിട്ടും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒരു നിശ്ചിത കാലയളവിനുള്ളിലെങ്കിലും താമസസൗകര്യം നല്‍കുമെന്നോ നല്‍കാന്‍ശ്രമിക്കുമെന്നോ പറയാനുള്ള ഔചിത്യബോധം അവര്‍ക്കുണ്ടായില്ല. സ്‌പോര്‍ട്‌സ്‌ ഹോസ്റ്റലും നിര്‍മാണത്തിലിരിക്കുന്ന ലേഡീസ്‌ ഹോസ്‌റ്റലിന്റെ ഒന്നാം നിലയും മാത്രമാണ്‌ നിര്‍ദേശത്തിലുള്ളത്‌. നിലവിലുള്ള ഹോസ്റ്റലുകളുടെ അറ്റകുറ്റപ്പണികളും പറയുന്നുണ്ട്‌. യുദ്ധകാലാടിസ്ഥാനത്തില്‍ പണിയുമെന്നാണു വാഗ്‌ദാനം. അതെത്രകാലമാണെന്നു കണ്ടറിയാം. എങ്കിലും ഇത്രത്തോളമെങ്കിലും എത്തിക്കാന്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍സമരം വഴിയൊരുക്കി.

സ്വാശ്രയ വിദ്യാര്‍ത്ഥികളില്‍നിന്നു പിരിച്ചെടുത്ത ഫീസിന്റെ നിശ്ചിത ശതമാനം അവരുടെ ഹോസ്റ്റല്‍ നിര്‍മാണത്തിനു മാറ്റിവെക്കണം. യുദ്ധകാലാടിസ്ഥാനത്തില്‍ ആറു മാസംകൊണ്ട്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കണം. അതുവരെ മാത്രം അവര്‍ക്കുള്ള പകരം സംവിധാനം കണ്ടെത്തണം. ഇതു സാധ്യമാണെന്നിരിക്കെ, മറ്റു താല്‍പ്പര്യങ്ങള്‍ക്കു വഴിപ്പെട്ട്‌ വിദ്യാര്‍ത്ഥികളോട്‌ പോരു കുറിക്കുന്നത്‌ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കുഭൂഷണമല്ല.

ഇപ്പോള്‍ തുടരുന്ന സമരം, റഗുലര്‍-സ്വാശ്രയ ധാരകളെ നിത്യ സംഘര്‍ഷത്തിലേക്കു തള്ളി വിടാനിടയാക്കുന്ന സിന്‍ഡിക്കേറ്റ്‌ തീരുമാനം തിരുത്തുന്നതിനുവേണ്ടിയാണ്‌. രണ്ടു ധാരകളെയും കൂട്ടിക്കുഴയ്‌ക്കാതെ രണ്ടു വിഭാഗങ്ങള്‍ക്കും അര്‍ഹതപ്പെട്ട നീതി നല്‍കുകയാണ്‌ വേണ്ടത്‌. ഇവരെ തമ്മിലടിപ്പിക്കുന്നത്‌ ആര്‍ക്കും ഗുണകരമാവില്ല. പൊതു വിദ്യാഭ്യാസം കണ്‍മുന്നില്‍ പിച്ചിച്ചീന്തപ്പെടുകയാണ്‌. തടയാന്‍ കൈ പൊങ്ങുന്നില്ലെങ്കില്‍ ഭീരുക്കളേ, സ്വന്തം കണ്ണുപൊത്തുകയെങ്കിലുമാവാം.

25 ഒക്‌ടോബര്‍ 2014

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )