Article POLITICS

ഞാന്‍ എന്ന സിനിമയ്‌ക്കൊരു ന്യായവാദം

ഞാന്‍ എന്ന സിനിമ കണ്ടു. രഞ്‌ജിത്തും ടി.പി. രാജീവനും മലയാള സിനിമയെ നാട്ടുവഴിയില്‍ പിടിച്ചുനിര്‍ത്തി അതിന്റെ തൊങ്ങലുകള്‍ അഴിച്ചുമാറ്റിയിരിക്കുന്നു. വികാര ക്ഷോഭങ്ങളുടെയും വര്‍ണപകിട്ടുകളുടെയും ക്ഷണിക വിഭ്രാന്തികള്‍ക്കു സ്വയം സമര്‍പ്പിച്ച പ്രേക്ഷകസോമാന്യത്തെ ജീവിതത്തിന്റെ യുക്തികള്‍കൊണ്ട്‌ ഉണര്‍ത്താനൊരു ശ്രമം എന്നേ കരുതേണ്ടൂ.

മഹാപ്രസ്ഥാനങ്ങളുടെ കടലിരമ്പം നാം ധാരാളം കേട്ടു. ഇരമ്പിയെത്തുന്ന മഹാശബ്‌ദത്തില്‍ ഒരടരോ ശ്വാസനാദമോ വേര്‍തിരിച്ചറിയാനും അതു ചരിത്രത്തിന്റെ മുദ്രകളോടെ തുറന്നുവെക്കാനുമാണ്‌ രഞ്‌ജിത്തും രാജീവനും ശ്രമിച്ചിട്ടുള്ളത്‌. പാലേരി മാണിക്യത്തില്‍ സ്വന്തം വേരുകള്‍ തേടുന്ന ഞാനുണ്ട്‌. അച്ഛനും മകനുമായോ അമ്മയും മകളുമായോ തുടരുകളാകുന്ന സ്വാഭാവികതയില്‍തന്നെ, ജനിതകമുദ്രകളും സ്ഥലകാല വടിവുകളും സിനിമയുടെ സൂക്ഷ്‌മദര്‍ശിനിയില്‍ വിടരുകയാണ്‌. പാലേരിയില്‍ നിന്നു കോട്ടൂരിലെത്തുമ്പോള്‍ ഞാനകം നിര്‍ദ്ദയമായ കീറിമുറിക്കലിനു വിധേയമായിരിക്കുന്നു.

എന്‍ എന്നോ, കെ.ടി.എന്‍ കോട്ടൂരെന്നോ നാരായണനെന്നോ ഉറപ്പിക്കാതെ, തുടക്കംതൊട്ടേ വിഭ്രമിക്കുന്നതായിരുന്നു ഞാനറിവ്‌ . അല്ലെങ്കില്‍ അതിലെന്തുണ്ട്‌ കാര്യം എന്ന ഉദാസീനത, തനിക്കുതന്നെ നിഷേധിക്കേണ്ടി വരുന്ന ഒരിരുളകം ഞാനിലുണ്ടല്ലോ എന്ന തിരിച്ചറിവിന്റേതാകാം. സാമൂഹികമോ ചരിത്രപരമോ ആയ പ്രേരണകള്‍ അറുത്തുമാറ്റുകയാണ്‌ പൊക്കിള്‍ക്കൊടി ബന്ധത്തെ. അമ്മയില്‍നിന്നോ വീട്ടില്‍നിന്നോ എടുത്തെറിയപ്പെടണം ബുദ്ധനും ഗാന്ധിക്കും ഗുവേരക്കും. അവര്‍ക്കൊപ്പമോ ശേഷമോ ഇറങ്ങിത്തിരിച്ച ജനകോടികള്‍ക്കും. ഇരുന്ന കൊമ്പു വെട്ടുന്ന ഈ വിഛേദക്രിയക്കു സാധൂകരണമാകുന്നത്‌ മനുഷ്യസ്‌നേഹത്തിന്റെ നവലോക ദര്‍ശനങ്ങളാകുന്നു.

വേറിട്ടും പിളര്‍ന്നും പോന്നവര്‍ വളര്‍ന്നിട്ടുണ്ട്‌. രക്തസാക്ഷികളായിട്ടുണ്ട്‌. എങ്ങോട്ടെന്നറിയാതെ അലിഞ്ഞുതീര്‍ന്നിട്ടുണ്ട്‌. ആ പരിണാമത്തിന്റെ രാസസൂത്രം തേടേണ്ടിവരുന്ന നിയോഗമാണ്‌ രഞ്‌ജിത്തും രാജീവനും അയത്‌നലളിതമായി സാക്ഷാത്‌ക്കരിക്കുന്നത്‌. ഒരു പാതിരാ കൊലപാതകത്തിന്റെ രഹസ്യമന്വേഷിക്കുന്നആരും പാലേരിയില്‍ പുത്രരിലൂടെ പകരുന്ന പിതൃഛായകളുടെ കടുംനിറക്കൂട്ടിലാണ്‌ ചെന്നുവീഴുന്നത്‌. നിഷേധത്തിന്റെ ആള്‍ രൂപങ്ങള്‍ നിസ്സഹായരാകുന്ന വിധേയത്വത്തിന്റെ മറ്റൊരു വ്യവഹാരഘടന തെളിയുന്നു. അതു കോട്ടൂരില്‍ ദാര്‍ശനികമായ സംഘര്‍ഷമായി വികസിക്കുന്നു. പുത്രനായ്‌ പിറക്കുന്നതും താന്‍തന്നെയെന്ന ഔപനിഷിക ദര്‍ശനത്തിന്റെ വിരസമായ ആവര്‍ത്തിച്ചുറപ്പിക്കലേയല്ല ഇത്‌.

ഒരു പുരുഷനും വേറിട്ട അസ്‌തിത്വമുള്ള ഒരാളാകുന്നില്ലെന്നും ഒരു തുടര്‍ച്ചയില്‍ സംഭവിച്ചുപോകുന്ന സ്വാഭാവികത മാത്രമാണെന്നും സ്‌ത്രീശബ്‌ദത്തില്‍ തന്നെയാണ്‌ ഓര്‍മ്മപ്പെടുത്തലുണ്ടാകുന്നത്‌. പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന അനുഭവ വൃക്ഷത്തില്‍ ഒരേ വ്യവഹാരത്തിന്റെ ആവര്‍ത്തനമായി താന്‍ പതിച്ചിടപ്പെട്ടിരിക്കുന്നുവെന്ന്‌ അറിയുന്നവര്‍ അപൂര്‍വ്വമാണ്‌. ആ അറിവാകട്ടെ, അയാളെ നിത്യമായ സന്ദേഹങ്ങളിലേക്കോ അനിശ്ചിതത്വങ്ങളിലേക്കോ തള്ളിവിടുന്നു. അതല്ലെങ്കില്‍ വ്യവസ്ഥാപിത ഘടനയ്‌ക്കകത്തു വിപരീത വ്യവഹാരംകൊണ്ട്‌ പൊടുന്നനെ ബദലുണ്ടാക്കാനാവുമെന്നു വെറുതെ സങ്കല്‍പ്പിക്കുന്നു. ലോകദര്‍ശനത്തെയും തന്നില്‍ സ്‌പന്ദിക്കുന്ന അടിവേരുകളെയും കൂട്ടിയിണക്കുന്ന അതല്ലെങ്കില്‍ പുതുക്കിയുണര്‍ത്തുന്ന എന്തോ ഒന്നിന്റെ അഭാവം ഓരോരുത്തരെയും വീണ്ടും വീണ്ടും ഏകാകികളാക്കിത്തീര്‍ക്കുന്നു.

സാമാന്യ പൗരജനതയില്‍ തടവിലകപ്പെട്ട വ്യക്തികളുടെ പിടച്ചിലുകളുണ്ട്‌. നിയമങ്ങള്‍ക്കു മുന്നില്‍ പകച്ചുനില്‍ക്കുന്ന നീതിബോധമുണ്ട്‌. കൂട്ടായമുന്നേറ്റം, കൂട്ടായ പോരാട്ടം, കൂട്ടായ വിലപേശല്‍ എന്നിങ്ങനെ സംഘജീവിതത്തിന്റെ രാഷ്‌ട്രീയ ബോധ്യങ്ങളില്‍ ഇടഞ്ഞുനില്‍ക്കുന്ന സ്വത്വസൂക്ഷ്‌മങ്ങളുണ്ട്‌. കവിയായോ സംഘാടകനായോ കാമുകനായോ ഗൃഹസ്ഥനായോ വിശ്വാസിയോയോ ചിതറാതെ പോകുമ്പോള്‍ അനുഭവങ്ങളോടു രാജിയാകാന്‍ നടത്തുന്ന യുദ്ധം. എഴുത്തുകാരന്‍ എന്ന നിലയില്‍ രാജീവന്‌ അത്‌ എഴുതണം. സംവിധായകനായ രഞ്‌ജിത്തിന്‌ അതു പകര്‍ത്തണം.നാടകത്തിലും സിനിമയിലും നിരന്തരം അന്വേഷണത്ത്വര പ്രകടിപ്പിച്ചുപോന്ന ജോയ്‌മാത്യുവിനും സജിതമടത്തിലിനും ദുല്‍ക്കറിനുമൊക്കെ അതാവിഷ്‌ക്കരിക്കണം.

സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം, എന്താണ്‌ സ്വാതന്ത്ര്യം എന്ന ചോദ്യത്തിലുടക്കിപ്പോകുന്നതു നാം കാണുന്നു. അച്ഛന്റെ പേരോ, തന്റെ വിലാസമോ അറിയാത്തവന്‌ വിമോചനം എങ്ങനെയാണ്‌? രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടുമ്പോള്‍ പോരാളികളുടെ ജീവിതം അവസാനിക്കുന്നു എന്നു പറയാറുണ്ടല്ലോ. ഗാന്ധിജിക്കു മരിക്കണമായിരുന്നുവോ? ഇല്ലെങ്കില്‍ ആ വീര്യം, ആ ജീവിതത്തുടര്‍ച്ച മറ്റെവിടെയോ അന്വയിക്കപ്പെടണം. ഗോത്രത്തില്‍നിന്നോ സംഘടനയില്‍നിന്നോ വീട്ടില്‍നിന്നോ പുറത്താക്കപ്പെടുന്നവര്‍ എം.എന്‍ വിജയന്‍മാസ്റ്റര്‍ പറഞ്ഞതുപോലെ ജീവിതത്തില്‍ നിന്നു പുറത്താക്കപ്പെടുകയാണോ? അങ്ങനെയൊക്കെ സംഭവിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ഇങ്ങനെയൊരു അന്വേഷണത്തിനു തയ്യാറെടുക്കുന്നതോടെ ഒരു സിനിമ മുഖ്യധാരയുടെ ആശ്രമങ്ങളില്‍ നിന്നും പുറത്താക്കപ്പെടുമോ?

വ്യവസായ കലയുടെ പരിശീലിക്കപ്പെട്ട പ്രേക്ഷകരിലേക്കാണ്‌ ബ്രഹ്‌തിയന്‍ ധീരതയോടെ രഞ്‌ജിത്‌ എത്തിയിട്ടുള്ളത്‌. ആട്ടും അടിയും അംഗീകാരവും ഒരേ ദൂരത്തുണ്ട്‌. നിര്‍മ്മമമായി സങ്കീര്‍ണതകളേതുമില്ലാതെ അതീവ ലളിതമായി മനുഷ്യസ്‌നേഹിയായ ഏതൊരു സാധാരണക്കാരന്റെയും അകംവിങ്ങുന്ന ദാര്‍ശനിക സംഘര്‍ഷമാണ്‌ രഞ്‌ജിത്തും സംഘവും തുറന്നുവെക്കുന്നത്‌.പിതാക്കളിലൂടെയും പുത്രരിലൂടെയുമാണ്‌ ഞാനനുഭവത്തിന്റെ കനലാളുന്ന അകങ്ങളടയാളപ്പെടുന്നത്‌. പാലേരിയിലും കോട്ടൂരിലുമായി രാജീവനും രാജീവുമാരുമായി രഞ്‌ജിത്തും രഞ്‌ജിത്തുമാരുമായി മമ്മൂട്ടിയും ദുല്‍ക്കറുമായി പിതൃയാനമാണ്‌ പൂര്‍ത്തീകരിക്കുന്നത്‌. സാമൂഹികമായ അനിവാര്യതകളോട്‌ ഇടഞ്ഞു നില്‍ക്കുന്ന പാരമ്പര്യത്തിന്റെയും ചരിത്രത്തിന്റെയും തീക്ഷ്‌ണമെങ്കിലും അദൃശ്യസൗമ്യമായ അനുഭവമുഖമാണത്‌.

സിനിമ വ്യവസായംതന്നെ. ഉത്‌പന്നങ്ങളുടെ ഗുണമേന്മയാണോ വിപണിയില്‍ കുന്നുകൂടുന്ന ലാഭമാണോ ഒരേമട്ടുത്‌പ്പന്നങ്ങളുടെ നിരന്തരാവര്‍ത്തനത്തിന്റെ ലഹരിയാണോ സിനിമ ലക്ഷ്യമാക്കുന്നത്‌? വ്യവസായികളുടെ ലക്ഷ്യം തന്നെയാണ്‌ ഒരു ജനതയുടെ ഇച്ഛയെന്നു വരുന്നത്‌ കോര്‍പറേറ്റ്‌ അധീശത്വത്തിന്റെ വിജയമാണ്‌. അതങ്ങനെ വിട്ടു നല്‍കാന്‍ കഴിയില്ല എന്ന വാശിയുണ്ട്‌ ഞാന്‍ എന്ന സിനിമയില്‍.

മുപ്പതുകളുടെ അവസാനവും നാല്‍പ്പതുകളുമാണ്‌ കഥാ സന്ദര്‍ഭം. ഏഴു പതിറ്റാണ്ടു മുമ്പുള്ള കേരളം ഇന്നു നമുക്കു സഹിക്കാവുന്നതിനും അപ്പുറമാണ്‌. ഞാന്‍ ഇപ്പോഴും പങ്കുവെക്കുന്ന മുഖ്യവേവലാതികള്‍ അന്നത്തേതുതന്നെ. എന്റേതെന്നു പറയാവുന്ന എല്ലാറ്റിനും വലിയ മാറ്റങ്ങളാണുണ്ടായത്‌. എന്റെ പുറമിടങ്ങളുടെ വികാസം എന്റെതന്നെ അകമിടത്തിലുണ്ടാക്കുന്ന വിങ്ങലുകള്‍ വര്‍ധിച്ചതേയുള്ളു. നാടകീയമായ ഒരാവിഷ്‌ക്കാര കൗശലം തീരെ നാടകീയമല്ലാത്ത ഉള്‍ത്തിണര്‍പ്പുകളെ ചൊടിപ്പിച്ചുണര്‍ത്തുകയാണ്‌. മറ്റൊരു കാലത്തിലേക്കു കടക്കുമ്പോഴുള്ള അസ്വസ്ഥത നമ്മെ നീറ്റുന്നുണ്ടെങ്കില്‍ അതിനു കാരണം നാം വിപണിയുടെ വേദനാസംഹാരികളിലാണ്‌ സ്വാസ്ഥ്യം അനുഭവിക്കുന്നത്‌ എന്നതുമാത്രമാണ്‌.

ഞാന്‍ മികച്ച സിനിമയാണോ എന്നു പറയാന്‍ യോഗ്യതയുള്ള വിധികര്‍ത്താവല്ല ഞാന്‍. ഞാന്‍ എന്നിലൂടെ ഇങ്ങനെയൊക്കെ സംസാരിക്കുന്നു എന്നെഴുതിവെക്കാന്‍ നിയുക്തനാകുന്നു എന്നു മാത്രം.

2 ഒക്‌ടോബര്‍ 2014

1 അഭിപ്രായം

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )