Article POLITICS

കലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ ലോകം തെരഞ്ഞതെന്ത്‌?

കലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ മുപ്പത്‌ പോസ്‌റ്റ്‌്‌ ഗ്രാജ്വേറ്റ്‌ ഡിപ്പാര്‍ട്ടുമെന്റുകളും 373 അഫിലിയേറ്റഡ്‌ കോളേജുകളുമുണ്ടെന്നു ഔദ്യോഗിക വെബ്‌സൈറ്റ്‌ അറിയിക്കുന്നു. അഫിലിയേറ്റഡ്‌ കോളേജുകള്‍ 450 വരുമെന്നു ചില പത്രവാര്‍ത്തകളില്‍ കണ്ടിരുന്നു. മുന്നൂറ്റി എഴുപത്തിമൂന്നോ നാനൂറ്റമ്പതോ ആവട്ടെ, ഇത്രയേറെ അഫിലിയേറ്റഡ്‌ കോളേജുകളുള്ള മറ്റൊരു യൂനിവേഴ്‌സിറ്റി ഉണ്ടാവാനിടയില്ല. ഉന്നത വിദ്യാഭ്യാസ രംഗത്തു അക്കാദമിക നിലവാരവും സ്വാതന്ത്ര്യവും കൂടുതല്‍ മെച്ചപ്പെടുംവിധം വികേന്ദ്രീകൃത പരിഷ്‌ക്കരണങ്ങള്‍ ആവശ്യമാണെന്ന വിചാരം ശക്തിപ്പെടുന്ന കാലമാണിത്‌. അങ്ങനെയൊരു ആലോചനയ്‌ക്കു മുന്‍കയ്യെടുക്കേണ്ട യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി പ്രവേശനം മുതല്‍ ഗവേഷണം വരെയുള്ള വിഷയങ്ങളില്‍ കൂടുതല്‍ക്കൂടുതല്‍ അധികാര കേന്‌ദ്രീകരണത്തിനാണ്‌ മുതിരുന്നത്‌. അക്കാദമിക സമിതികള്‍ക്കും സെനറ്റിനും സിന്‍ഡിക്കേറ്റിനുമെല്ലാമുള്ള അക്കാദമിക സ്വാതന്ത്ര്യവും അധികാരവും കൊള്ളയടിക്കപ്പെട്ടിരിക്കുന്നു. യൂണിവേഴ്‌സിറ്റി എന്നത്‌ വൈസ്‌ചാന്‍സലറുടെയോ രാഷ്‌ട്രീയാധികാര നേതൃത്വങ്ങളുടെയോ വിവേകത്തിനനുസരിച്ച്‌ ഉയരുകയും ഉന്മാദത്തിനനുസരിച്ച്‌ ഉലയുകയും ചെയ്യുന്ന ഊഹവ്യാപാര സ്ഥാപനമാകുന്നത്‌ ആര്‍ക്കും ഭൂഷണമല്ല.

ഗൂഗിള്‍ സേര്‍ച്ചില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍പേര്‍ അന്വേഷിച്ച ഇന്ത്യന്‍ സര്‍വ്വകലാശാല കലിക്കറ്റാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ലോകത്തിലാകട്ടെ നാലാംസ്ഥാനവും കലിക്കറ്റിനാണ്‌. കേള്‍ക്കുമ്പോള്‍ ഏതൊരു മലയാളിക്കും അല്‍പ്പം രോമാഞ്ചമുണ്ടാകുന്ന വാര്‍ത്തയാണിത്‌. അതു സര്‍വ്വകലാശാല കൈവരിച്ച വലിയ നേട്ടമാണെന്ന്‌ വൈസ്‌ചാന്‍സലര്‍ പ്രതികരിക്കുകയുമുണ്ടായി. ഓണ്‍ലൈന്‍ കോഴ്‌സുകളും ഓഫ്‌കാമ്പസുകളുമുള്ള പ്രമുഖ യൂണിവേഴ്‌സിറ്റികളെയാണ്‌ കലിക്കറ്റ്‌ പിന്‍തള്ളിയിരിക്കുന്നത്‌. ഓക്‌സ്‌ഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റി പതിമൂന്നാം സ്ഥാനത്തും ഹാവാഡ്‌ യൂണിവേഴ്‌സിറ്റി പതിനഞ്ചാം സ്ഥാനത്തും കേംബ്രിഡ്‌ജ്‌ പതിനാറാം സ്ഥാനത്തുമാണ്‌. കാലിഫോര്‍ണിയ, സ്‌റ്റാന്‍ഫോഡ്‌ യൂണിവേഴ്‌സിറ്റികളെയും കലിക്കറ്റ്‌ പിറകിലാക്കിയിരിക്കുന്നു.അഭിമാന ശിഖരങ്ങള്‍ തളിര്‍ക്കാന്‍ ഇതുമതിയല്ലോ.

ഒന്നാം സ്ഥാനത്തെത്തിയ ഫീനിക്‌സ്‌ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ വ്യാപാരത്തില്‍ പ്രശസ്‌തമാണ്‌. ഇരുന്നൂറിലേറെ ക്യാമ്പസുകളിലായി ആറോ ഏഴോ ലക്ഷം വിദ്യാര്‍ത്ഥികളുമായി പരന്നു കിടക്കുകയാണത്‌. ഡിപ്ലോമ മുതല്‍ പി എച്ച്‌ ഡി വരെ കിട്ടും. മൂന്നോ നാലോ യൂണിവേഴ്‌സിറ്റികള്‍ നടത്തുന്ന അമേരിക്കയിലെ വിദ്യാഭ്യാസ കോര്‍പറേറ്റു ഭീമനായ അപ്പോളോ ഗ്രൂപ്പാണ്‌ ഈ യൂണിവേഴ്‌സിറ്റിയും നടത്തുന്നത്‌. ഏറ്റവും വലിയ സ്വകാര്യ യൂണിവേഴ്‌സിറ്റി എന്നതാണ്‌ ഫീനിക്‌സിന്റെ ഖ്യാതി. ഹൈസ്‌കൂള്‍ ഡിപ്ലോമയുള്ള ആര്‍ക്കും ചേരാവുന്ന തുറന്ന പ്രവേശന നയമാണ്‌ അവര്‍ക്കുള്ളത്‌. ഫീസടയ്‌ക്കാന്‍ പ്രാപ്‌തിയുള്ള ആര്‍ക്കും അവിടെ ചേരാം. ലക്ഷക്കണക്കിനാളുകളാണ്‌ ബാങ്ക്‌ ലോണെടുത്ത്‌ വിദ്യാഭ്യാസത്തിനെത്തിയത്‌. ലോണെടുത്തു വീടുവെച്ച്‌ ഭവനരഹിതരായവരുടെ അനുഭവംതന്നെയാണ്‌ ഇവരെയും കാത്തിരുന്നത്‌. തുടര്‍ന്നു കൊഴിഞ്ഞുപോക്ക്‌ ആരംഭിച്ച നാളുകളാണിത്‌. ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയ സ്ഥാപനം എന്ന നിലയില്‍ക്കൂടിയാണ്‌ പൊതുസമൂഹം ഫീനിക്‌സിനെ കാണുന്നത്‌. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ നിയമം ലംഘിച്ചതിന്‌ പലതവണ ശിക്ഷാ നടപടികള്‍ക്കു വിധേയമായിട്ടുണ്ട്‌. വിദ്യാര്‍ത്ഥി പ്രവേശനത്തിലെ അഴിമതികള്‍ക്കും ജീവനക്കാരോടും തൊഴിലാളികളോടുമുള്ള മോശമായ സമീപനത്തിനും കോടിക്കണക്കിനു ഡോളര്‍ പിഴയൊടുക്കി കുപ്രസിദ്ധമായ സ്ഥാപനമാണത്‌. ഏറ്റവുമൊടുവില്‍ യു എസ്സിലെ വിദ്യാഭ്യാസ വകുപ്പ്‌ ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ യൂണിവേഴ്‌സിറ്റിയോട്‌ എല്ലാ രേഖകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്‌.

രണ്ടാം സ്ഥാനത്തുള്ള സുപ്രസിദ്ധമായ മസാച്ചുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ടും സ്വകാര്യ സ്ഥാപനമാണ്‌. കേംബ്രിഡ്‌ജിലാണ്‌ ആസ്ഥാനം. വ്യാവസായിക വളര്‍ച്ചക്കു ജ്ഞാനപരിസരമൊരുക്കാനാണ്‌ പിറവിയെടുത്തത്‌. ഒന്നര നൂറ്റാണ്ടിന്റെ മഹത്തായ പാരമ്പര്യമുണ്ട്‌. വിയറ്റ്‌നാം യുദ്ധ വിരുദ്ധ പ്രസ്ഥാനം മുതല്‍ റിച്ചാര്‍ഡ്‌ സ്റ്റാള്‍മാന്‍ന്റെ ഫ്രീ സോഫ്‌റ്റ്‌റ്വെയര്‍ പ്രസ്ഥാനംവരെ ഉദിച്ചുയര്‍ന്ന ചരിത്രമുണ്ട്‌. ഒട്ടനവധി പഠന ശാഖകള്‍ക്കും വികസന കാമ്പെയിനുകള്‍ക്കും തുടക്കംകുറിച്ചിട്ടുണ്ട്‌. സൗജന്യമായി ഒട്ടേറെ ഓപ്പന്‍ കോഴ്‌സുകള്‍ നടത്തുന്നുണ്ട്‌. യൂണിവേഴ്‌സിറ്റികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഓപ്പന്‍ കോഴ്‌സ്‌ കണ്‍സോഷ്യത്തിനും മുന്‍കയ്യെടുത്തിട്ടുണ്ട്‌. മൈക്രോസോഫ്‌റ്റ്‌ പോലെയുള്ള വന്‍കിട കോര്‍പറേറ്റ്‌ ഭീമന്മാരുടെയും മാക്‌ ആതര്‍ ഫൗണ്ടേഷന്‍ പോലുള്ള യു.എസ്‌ ഏജന്‍സികളുടെയും നിര്‍ലോഭ സഹകരണത്തിലാണ്‌ വിവരസാങ്കേതിക വിദ്യാകാലത്ത്‌ ഈ സ്ഥാപനം കുതിക്കുന്നത്‌. ബില്‍ഗേറ്റ്‌സ്‌ 20 ദശലക്ഷം ഡോളറാണ്‌ സമീപകാലത്തു സംഭാവന ചെയ്‌തത്‌. സൈനിക ക്ഷേമ രാഷ്‌ട്രമായ അമേരിക്കയുടെ ആ ഇനത്തില്‍ ചെലവഴിക്കുന്ന സംഖ്യയുടെ ഒരു വിഹിതംപറ്റി രണ്ടാംലോകയുദ്ധകാലം മുതല്‍ സൈനികാവശ്യത്തിനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ കൂടി നടത്തുന്നുണ്ട്‌ മസാച്ചുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി അഥവാ എം.ഐ.ടി. അമേരിക്കന്‍ നയകൗശലങ്ങളുടെ നിര്‍മ്മാണ വിതരണ പീഠംകൂടിയാണ്‌ അതെന്നര്‍ത്ഥം.

മൂന്നാം സ്ഥാനത്ത്‌ യൂറോപ്പിലെ ഏറ്റവും വിപുല ശൃംഖലകളുള്ള വിദൂര വിദ്യാഭ്യാസ സ്ഥാപനമായ ഓപന്‍ യൂണിവേഴ്‌സിറ്റിയാണ്‌. രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍ വിവിധ കോഴ്‌സുകള്‍ക്കു പഠിക്കുന്നു. അതില്‍ അരലക്ഷം പേരും ഇംഗ്ലണ്ടിനു പുറത്തുള്ളവരാണ്‌. ലോകത്തെവിടെയുമുള്ള വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന പദ്ധതികളുള്ള വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം എന്ന നിലയില്‍ വളരെ പ്രശസ്‌തമായ സ്ഥാപനമാണിത്‌. ഓണ്‍ലൈന്‍ സാദ്ധ്യതകളിലാണ്‌ ഓപ്പന്‍ യൂണിവേഴ്‌സിറ്റി വളര്‍ന്നു പന്തലിച്ചിരിക്കുന്നത്‌. തൊഴിലെടുക്കുന്നവര്‍ക്കും സാധാരണ വിദ്യാര്‍ത്ഥികളും ഒരുപോലെ ആശ്രയിക്കുന്നു.

മുകളില്‍ പറഞ്ഞ മൂന്നു സ്ഥാപനങ്ങള്‍ക്കു പിറകില്‍ നാലാമതായി കലിക്കറ്റ്‌ വന്നുപെട്ടിരിക്കുന്നത്‌ ഈ വര്‍ഷമാണ്‌. അതെങ്ങനെ സംഭവിച്ചു? വൈസ്‌ ചാന്‍സലര്‍ അവകാശപ്പെടുന്നപോലെ പൊടുന്നനെ ഒരന്താരാഷ്‌ട്ര പ്രശസ്‌തി കൈവന്നുവോ? അക്കാദമിക മികവില്‍ കുതിച്ചുചാട്ടമുണ്ടായോ? ഗൂഗിളില്‍ ആരാണ്‌ കലിക്കറ്റിനെ തേടിയത്‌? എന്തിനായിരുന്നു അത്‌?

കലിക്കറ്റില്‍ നടപ്പാക്കുന്ന പുതിയ പരിഷ്‌ക്കാരങ്ങള്‍ക്കു ലഭിച്ച അംഗീകാരമായാണ്‌ വൈസ്‌ചാന്‍സലര്‍ ഈ നേട്ടത്തെ കാണുന്നത്‌. വിദ്യാര്‍ത്ഥി പ്രവേശന രജിസ്‌ത്രേഷനും അലോട്ട്‌മെന്റും പരീക്ഷാ രജിസ്‌ത്രേഷനും ഹാള്‍ ടിക്കറ്റ്‌ വിതരണവും ഓണ്‍ലൈനാക്കി. യൂണിവേഴ്‌സിറ്റി പ്രവര്‍ത്തന മേഖലയ്‌ക്കകത്തെ കോളേജുകളില്‍ പ്രവേശനം ആഗ്രഹിച്ച്‌ രക്ഷിതാക്കളും കുട്ടികളും ഓടിനടക്കുന്ന കാഴ്‌ച്ച സമീപമാസങ്ങളില്‍ കണ്ടതാണ്‌. അക്ഷയ സെന്ററുകളിലും ഇന്റര്‍നെറ്റ്‌ കഫെകളിലും അലഞ്ഞു തിരിയുകയായിരുന്നു മിക്കവരും. പലവട്ടം പോയാലാണ്‌ സൈറ്റില്‍ കയറാനാവുക. അപ്ലോഡിങ്ങിന്‌ കഫെകളില്‍ ഏറെ പണച്ചെലവുണ്ടായി. മലപ്പുറം ജില്ലയിലെ നിരക്ഷരരായ പല രക്‌ഷിതാക്കള്‍ക്കും വിവര സാങ്കേതിക വിദ്യ അപ്രാപ്യമായ കുട്ടികള്‍ക്കും ശരിയായ രീതിയില്‍ അപേക്ഷിക്കാന്‍പോലും സാധിച്ചില്ല.

യൂണിവേഴ്‌സിറ്റി സൈറ്റില്‍ ഓരോ തവണ കയറുമ്പോഴും , പരാജയപ്പെടുന്ന ഓരോ ശ്രമവും ഗൂഗിളില്‍ വിജയിക്കുന്ന അന്വേഷണമായി. അലോട്ട്‌മെന്റ്‌ ലിസ്റ്റിനു വേണ്ടിയുള്ള തെരച്ചിലും ലക്ഷക്കണക്കിനാളുകള്‍ ദശലക്ഷക്കണക്കിനു തവണയാണ്‌ നടത്തിയത്‌. പാഴായ പണത്തിന്റെയും സമയത്തിന്റെയും കണക്കെടുത്താല്‍ അതിലും നമുക്കു മുന്നിലെത്താനാവുമായിരുന്നു. ലിസ്‌റ്റിടുക ക്യാന്‍സല്‍ ചെയ്യുക, വീണ്ടും ലിസ്റ്റിടുക എന്നിങ്ങനെ ജനങ്ങളെ നെറ്റ്‌ കഫെകളിലേക്ക്‌ ഓടിക്കാന്‍ അധികൃതര്‍ ഒട്ടൊന്നുമല്ല ഉത്സാഹിച്ചത്‌. നാനൂറില്‍ പരം കോളേജുകളിലെ റഗുലര്‍ വിദ്യാര്‍ത്ഥികളും ലക്ഷക്കണക്കിനു വിദൂര വിദ്യാര്‍ത്ഥികളും പരീക്ഷ എപ്പോള്‍ നടക്കും, റിസല്‍റ്റ്‌ എപ്പോഴെത്തും പി.ജി അഡ്‌മിഷ്യന്‍ എപ്പോഴുണ്ടാകും എന്നെല്ലാം അറിയാനും നിരന്തരം വെബ്‌സൈറ്റ്‌ തെരയുകയായിരുന്നു. ഇതിനും പുറമേ സമരങ്ങളുടെ വേലിയേറ്റം, സിന്‍ഡിക്കേറ്റിലെ കയ്യാങ്കളി, വിശദീകരണം തേടിയുള്ള മെമ്മോകളുടെ പെരുമഴ,ഹോസ്റ്റലില്‍ പാമ്പ്‌, ഭൂമി ഇടപാട്‌, സ്‌ത്രീവിരുദ്ധ നിലപാട്‌,ഗവേഷക പീഡനം എന്നിങ്ങനെ ആളുകളെ ആകര്‍ഷിച്ച വിഷയങ്ങള്‍ വേറെയുമുണ്ടായിരുന്നുവല്ലോ.

ജനങ്ങളുടെ ആശങ്കകളാണോ യൂണിവേഴ്‌സിറ്റിയെ അഭിമാനം കൊള്ളിക്കേണ്ടത്‌? ഓണ്‍ലൈന്‍ സംവിധാനം ശക്തിപ്പെടുത്തുന്നത്‌ ജനങ്ങളെ തുണയ്‌ക്കാനാവണം. ഓരോ ഓണ്‍ലൈന്‍ അന്വേഷണവും യൂണിവേഴ്‌സിറ്റിക്കും അക്കാദമിക സമൂഹത്തിനും പൊതു സമൂഹത്തിനും ഗുണകരമാകണം. അതുണ്ടാവുന്നുണ്ടോ എന്ന പരിശോധനയാണാവശ്യം. അതു ഗുണകരമാകണമെങ്കില്‍ യൂണിവേഴ്‌സിറ്റിയുടെ നടത്തിപ്പ്‌ നീതിപൂര്‍വ്വമാകണം. ജനാധിപത്യാവകാശങ്ങളും അക്കാദമികാന്തരീക്ഷവും സംരക്ഷിക്കപ്പെടണം. ഫീനിക്‌സ്‌ യൂണിവേഴ്‌സിറ്റിപോലെ വ്യാപാര താല്‍പ്പര്യത്തിലേക്കാണ്‌ കലിക്കറ്റും കുതിച്ചത്‌. പഠന പ്രവര്‍ത്തനങ്ങളെക്കാള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കാന്‍ അധികാരികളെ പ്രേരിപ്പിച്ചതതാണ്‌.

കോടിക്കണക്കിനു രൂപ ചെലവഴിച്ച്‌ ഓഫീസുകെട്ടിടവും പടിപ്പുരയും നിര്‍മ്മിക്കാനും ഇതര ക്രയ വിക്രയങ്ങള്‍ക്കും പണവും മനസ്സുമുണ്ട്‌. ഗവേഷകര്‍ക്കും അദ്ധ്യാപകര്‍ക്കും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആയിരം കടമ്പകള്‍ കടക്കണം. ചാണകം വാങ്ങുന്ന പണമുണ്ടെങ്കില്‍ ഫെലോഷിപ്പു പ്രശ്‌നം പരിഹരിക്കാമെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. സ്വാശ്രയ കോഴ്‌സുകളില്‍ ബിരുദ പഠനത്തിനു വന്നുചേരുന്ന പണം മുടക്കുന്ന വിദ്യാര്‍ത്ഥികളോട്‌ അധികാരികള്‍ക്കു പ്രത്യേക വാത്സല്യമാണെന്നും കേള്‍ക്കുന്നു. ബിരുദാനന്തര ബിരുദ പഠനത്തിനും എംഫില്‍ ഗവേഷണ പഠനങ്ങള്‍ക്കും എത്തിയവര്‍ക്കു താമസ സൗകര്യം നല്‍കിയില്ലെങ്കിലും സ്വാശ്രയ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടരുതെന്നു യൂണിവേഴ്‌സിറ്റിക്കു നിര്‍ബന്ധമുണ്ട്‌.

യൂണിവേഴ്‌സിറ്റികളില്‍ ഏറ്റവും പ്രധാനം പഠന വകുപ്പുകളും അതുമായി ബന്ധപ്പെട്ട സൗകര്യങ്ങളുമാണ്‌. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യം അതില്‍ ഏറ്റവും പ്രധാനമാണ്‌. ആദ്യം പണം ചെലവഴിക്കേണ്ടത്‌ അത്തരം കാര്യങ്ങള്‍ക്കാണ്‌. ദൗര്‍ഭാഗ്യവശാല്‍,കലിക്കറ്റില്‍ സ്ഥിതി ദയനീയമാണ്‌. കലിക്കറ്റിനെ സംബന്ധിച്ചു ഗൂഗിളില്‍ തെരയുന്നവര്‍ ഇവിടത്തെ ഇല്ലായ്‌മകളും കൊള്ളരുതായ്‌മകളുമല്ല അറിയേണ്ടത്‌ എന്ന ബോധം ഉത്തരവാദിത്തപ്പെട്ടവര്‍ക്കു വേണം.

ഇന്നത്തെ നിലയില്‍ അന്വേഷണം കൂടുംതോറും അഭിമാനിക്കാനല്ല ലജ്ജിക്കാനാണ്‌ തോന്നേണ്ടത്‌.

27 സെപ്‌തംബര്‍ 2014

3 അഭിപ്രായങ്ങള്‍

  1. കഴിഞ്ഞ കുറേ ദിവസങ്ങളായി സർവകലാശാല വിഷയങ്ങളിൽ താങ്കൾ നടത്തികൊണ്ടിരിക്കുന്ന ഇടപെടലുകൾക്കു ഞാൻ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഈ ലേഖനം അതിനു ഒരു ശക്തമായ തുടർച്ചയാണ്

    Like

  2. I completely agree with Dr. Azad. have felt the Calicut University website as one of the worst organized websites among educational institution websites. One can easily verify this by comparing some of the best universities in India. In the CU website it is very difficult to locate an information. For example if you are looking for the syllabus of the newly introduced CUCBCSS -UG – 2014 – Syllabus in the PAREEKSHA BHAVAN section of the university, you can not easily find it. This is something all students and faculty members require for quick reference. Instead of displaying it prominently in the page for syllabus it is listed as the 13th item in the link. I my self search several times for this syllabus before I could locate it. ( http://www.universityofcalicut.info/index.php?option=com_content&task=view&id=1795&Itemid=318)
    Instead of assuming false pride, the university should take steps urgently to make the website user friendly. One website I like very much is the website of Central university of Pondicherry, where I have found finding of any information very easy.

    Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )