അഡ്വക്കറ്റ് വിദ്യാ സംഗീതിന് അഭിവാദ്യങ്ങള്‍.
ഫേസ്ബുക്കു വഴിയാണ് ആ വാര്‍ത്ത കണ്ടത്. ശോഭാ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാന്‍ തൃശൂരിലെ പുഴക്കല്‍ പാടം നികത്തിയതിനെതിരെ വിദ്യനല്കിയ പരാതിയില്‍ കോടതി വിധിയുണ്ടായിരിക്കുന്നു.
നീര്‍ത്തട സംരക്ഷണ നിയമം കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു ശോഭാ ഡവലപ്പേഴ്സ് പത്തൊമ്പത് ഏക്കര്‍ നെല്‍വയല്‍ മണ്ണിട്ടു നികത്തി കെട്ടിടസമുച്ചയം പണിതുയര്‍ത്തിയത്. പണത്തിന്റെ പ്രതാപം ഏതനീതിക്കും സാധൂകരണമാകുമെന്ന പ്രഖ്യാപനംപോലെ മലയാളിയുടെ നീതിബോധത്തെ പരിഹസിക്കുന്ന കെട്ടുകാഴ്ച്ചയാണ് തൃശൂരില്‍ ഉയര്‍ന്നത്. അത് അടിയോടെ പിഴുതെടുത്ത് പൂര്‍വ്വ സ്ഥിതി വരുത്തണമെന്ന് ഹൈക്കോടതി ഉത്തരവായിരിക്കുന്നു. അതു പ്രകാരം ഒക്ടോബര്‍ 18നു മുമ്പ് പൂര്‍വ്വ സ്ഥിതി ഉറപ്പാക്കണമെന്നു ജില്ലാ കലക്ടര്‍ ഉത്തരവു നല്‍കിക്കഴിഞ്ഞു.
സമര പാരമ്പര്യമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും കര്‍ഷക കര്‍ഷകത്തൊഴിലാളി പ്രസ്ഥാനങ്ങളും ധാരാളമുണ്ട് നമുക്ക്. നെല്‍വയലിലേക്ക് ഇരച്ചെത്തിയ കച്ചവടമൂലധനത്തെ തടഞ്ഞുനിര്‍ത്താന്‍ ആരെയും കണ്ടില്ല. നീര്‍ത്തട സംരക്ഷണ നിയമവും അതിനു മുമ്പ് കാര്‍ഷിക പരിഷ്ക്കരണ ഭൂ പരിഷ്ക്കരണ നിയമങ്ങളും കൊണ്ടുവന്നവര്‍ ഏതുപാധിയിലാണ് കീഴടങ്ങിയതെന്നറിയില്ല. വീടുവെക്കാന്‍ വയല്നികത്തേണ്ടി വരുന്ന സാധാരണ പൗരനെ വേട്ടയാടാനുള്ള ഉത്സാഹവും നിയമബോധവുമൊക്കെ വന്‍കിട കയ്യേറ്റക്കാരെ നേരിടുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്കും കൈമോശംവരുന്നു. ധനാധികാരവും രാഷ്ട്രീയാധികാരവും ഉദ്യോഗസ്ഥാധികാരവും അത്യപൂര്‍വ്വമായ സാഹോദര്യമാണ് ജനങ്ങളെ വേട്ടയാടുമ്പോള്‍ പ്രകടിപ്പിക്കുന്നത്.
അനധികൃതമായ ഭൂമി നികത്തലിനും കയ്യേറ്റത്തിനുമെതിരെ സ്ഥലംനിവാസികള് ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കിയിരുന്നു. ജില്ലാ പഞ്ചായത്തംഗവും അഡ്വക്കറ്റുമായ വിദ്യാ സംഗീതും കലക്ടറെ നേരിട്ടു കണ്ട് പരാതിപ്പെട്ടു. കലക്ടറേറ്റിനു ഒന്നോ രണ്ടോ കിലോമീറ്റര്‍ മാത്രം ദൂരെയുള്ള സ്ഥലം സന്ദര്‍ശിക്കാനോ പരാതി പരിഹരിക്കാനോ കലക്ടര്‍ മുന്‍കയ്യെടുത്തില്ല. വികസനമെന്ന മാന്ത്രിക പദം എല്ലാ നിയമലംഘനങ്ങളെയും സാധൂകരിക്കുമെന്ന് അവരൊക്കെ ധരിച്ചിരിക്കണം. നീതിബോധവും നിയമത്തെക്കുറിച്ചു ധാരണയുമുള്ളതുകൊണ്ടാവാം വിദ്യക്കു അടങ്ങിയൊതുങ്ങിയിരിക്കാന്‍ കഴിയാതെപോയത്. തുടര്‍ന്നു നടന്ന നിയമപോരാട്ടങ്ങള്‍ക്കു മുന്നില്‍ കോര്‍പറേറ്റ് ധാര്‍ഷ്ട്യത്തെ അടിയറവു പറയിക്കാന്‍ അവര്‍ക്കു കഴിഞ്ഞു.
ചരിത്രപ്രാധാന്യമുള്ള ഒരു വിധിയായിരുന്നിട്ടും അതു ചര്‍ച്ചചെയ്യാന്‍ മാധ്യമങ്ങളൊന്നും തയ്യാറായില്ല. അപൂര്‍വ്വം ചില മാധ്യമങ്ങളിലേ വാര്‍ത്ത വന്നുള്ളു. ധന ധിക്കാരത്തിന് അടികിട്ടിയപ്പോള്‍ മാധ്യമമുതലാളിത്തം തനിനിറംകാട്ടി. തരിശു ഭൂമി ധാരാളം കിടക്കുമ്പോഴും നീര്ത്തടത്തിലേ നവകോര്പറേറ്റു നാഗരികതയുടെ കോണ്ക്രീറ്റെടുപ്പുകള്ക്കു നിവരാനാവൂ എന്നതു വാശിയാണ്. മണ്ണിനു വേണ്ടി പൊരുതാനും മണ്ണില്‍ അദ്ധ്വാനിക്കാനും ശേഷിയുള്ളവരുടെ വംശം അറ്റുതീര്ന്നിട്ടില്ല. അവര്‍ നിവര്‍ന്നുനിന്നും മരിച്ചും പൊരുതുകയാണ്. കൃഷിഭൂമി കര്ഷകനുകൊടുക്കാനും ഭക്ഷ്യധാന്യങ്ങള്‍ ഉത്പാദിപ്പിക്കുന്നതില്‍ സ്വയംപര്യാപ്തത വരിക്കാനും നമുക്കു താല്പര്യമില്ല. ഭൂമി കൃഷിക്കല്ല, കച്ചവടത്തിനാണ് എന്നു തീരുമാനിച്ചുറപ്പിച്ച ഒരു ഭരണകൂടമാണ് നമ്മെ നയിക്കുന്നത്. മുത്തങ്ങയിലും ചെങ്ങറയിലും അരിപ്പയിലും പൊരുതുന്നവരെ അവര്‍ കാണുകയില്ല.
പരിമിതികളേറെയുള്ള പഴയ ഭൂപരിഷ്ക്കരണ നിയമം പോലും സഹിക്കുക വയ്യെന്നും അത് അട്ടിമറിച്ചാലേ പുതിയ വികസനത്തിന്റെ ആവശ്യകതകള്‍ നിവര്ത്തിക്കാനാവൂ എന്നും ഭരണാധികാരികള്‍ പറഞ്ഞുതുടങ്ങിയിട്ട് കുറച്ചുകാലമായി. കൃഷി നഷ്ടമാണെന്നായിരുന്നു ആദ്യമൊക്കെ പറഞ്ഞുപോന്നത്. പിന്നീട് കൃഷിയെക്കാള്‍ പ്രധാനം കോര്‍പറേറ്റ് വികസന സംരംഭങ്ങളാണെന്നു മറയില്ലാതെ പറയാനാരംഭിച്ചു. മൂന്നാറിലും ആറന്മുളയിലും വളന്തക്കാട്ടും മൂലമ്പള്ളിയിലും കിനാലൂരിലുമെല്ലാം ജനങ്ങളെ ചവിട്ടിക്കുതിച്ചത് ഈ വികസന നയമാണ്. നിയമങ്ങളെപ്പോഴും പണക്കൊഴുപ്പിലേക്കു ചായുകയായിരുന്നു. സമരപ്രസ്ഥാനങ്ങളുടെ പരിണാമം, ഇനി സമരങ്ങളൊന്നും വിജയിക്കുകയില്ല എന്ന ധാരണയിലേക്കു പൊതുബോധത്തെ നയിച്ചിട്ടുണ്ട്. എങ്കിലും ഇരകളാക്കപ്പെടുന്നവര്‍ക്കു ഒന്നു പിടയുകയെങ്കിലും ചെയ്യാതെ മരിക്കാനാവുമോ? അങ്ങനെ പിടഞ്ഞു നില്ക്കുന്നവരുടെ സമരപ്രസ്ഥാനം ശക്തിപ്പെടുന്ന കാലത്താണ് വലിയ സമരോര്‍ജ്ജം നല്കുന്ന ഒരിടപെടലായി വിദ്യയുടെ നിയമയുദ്ധം മാറിയത്. കോര്‍പറേറ്റുകളോട് ഒറ്റയ്ക്കെന്താവും എന്ന നിസ്സഹായതയെക്കൂടിയാണ് വിദ്യ തോല്‍പ്പിച്ചിരിക്കുന്നത്.
ജനവിരുദ്ധ വികസനനയത്തിന്റെ തണലിലുള്ള കോര്‍പറേറ്റ് കയ്യേറ്റങ്ങളെ പ്രതിരോധിക്കാന്‍ ഇത്തരം ഒറ്റപ്പെട്ട നിയമയുദ്ധങ്ങള്‍ മതിയാവുകയില്ല എന്നതു ശരിയാണ്. വിപുലമായ ജനകീയ സമരൈക്യം രൂപപ്പെട്ടേ മതിയാകൂ. കീഴടങ്ങിക്കൊണ്ടിരിക്കുന്ന ഒരു ജനതയ്ക്ക് പക്ഷെ, ഇതൊരു വലിയ യുദ്ധവിജയംതന്നെയാണ്. ഒക്ടോബര്‍ 19നു മുമ്പ് നികത്തപ്പെട്ട സ്ഥലം പൂര്‍വ്വ സ്ഥിതിയിലാവുമോ അതോ പുതിയ പഴുതുകള്‍ കണ്ടെത്തി കോര്‍പറേറ്റ് മേധാവികള്‍ രക്ഷപ്പെടുമോ എന്നു കാത്തിരുന്നു കാണാം. നേരത്തേയെന്നപോലെ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും ഇവരെ രക്ഷിക്കാന്‍ എങ്ങനെയെല്ലാമാണ് ഒത്തുകളിക്കുക എന്നതും കാണേണ്ടതുതന്നെ. നാം ഇനിയും നിസ്സംഗരാകണോ എന്നു തീരുമാനിക്കാന്‍ നമുക്കും ഇതാണു സമയം.
ആഗോളവത്ക്കരണകാലത്തെ കോര്‍പറേറ്റു കയ്യേറ്റങ്ങള്‍ക്കെതിരായ കേരളീയ സമരത്തില്‍ ഉജ്വലമായ ഒരധ്യായമാണ് വിദ്യയുടെ ഒറ്റയാള്‍പോരാട്ടം. വിദ്യക്ക് വിദ്യക്കൊപ്പമുള്ളവര്ക്ക് അഭിവാദ്യങ്ങള്‍.
21 സെപ്തംബര്‍ 2014
The entire shoba city is illegal or latest buildings in 19 acres of land are only illegal structures ?will demolished by Oct 18th?…Do you believe supreme courts decision will support Adv Vidhaya on this issue ,if these companies go to Delhi ?…anyway congratulations Vidhya fighting for illegal activities..
LikeLike