Article POLITICS

അധികാര രാഷ്‌ട്രീയവും മദ്യ നിരോധനവും

ജനനംപോലുള്ള ഉണര്‍വ്വുകളും മരണംപോലുള്ള മയക്കങ്ങളും നിറഞ്ഞതാണ്‌ ജീവിതം. ഒന്നിനപ്പുറം മറ്റേതുണ്ട്‌. അവ മാറി മാറി അറിയുക ആനന്ദകരമാവാം. അതിനെ അത്യാചാരമെന്നോ ഒളിച്ചോട്ടമെന്നോ ആക്ഷേപിക്കാം. ഓരോരുത്തരും ഓരോ രീതിയില്‍ അന്വേഷിക്കുന്നത്‌ അപ്പുറത്തെ ആനന്ദംതന്നെയാണ്‌. അതു ലഭിക്കേണ്ടത്‌ ഒളിച്ചും പാത്തുമല്ല. അദ്ധ്വാനത്തിന്റെയോ ഇതര സാമൂഹിക ഇടപെടലുകളുടെയോ നിമിഷങ്ങളില്‍ ഒരാളിലേക്ക്‌ അങ്ങനെയൊരു ലഹരി പ്രവഹിക്കണം. അതുണ്ടാവുന്നില്ലെങ്കില്‍ അവിടെ ജീവിതത്തില്‍ ജനവിരുദ്ധ നിയമങ്ങളാണ്‌ ഭരിക്കുന്നത്‌ എന്നാണര്‍ത്ഥം. അദ്ധ്വാനത്തിന്റെ ഫലം അനുഭവിക്കാന്‍ കഴിയാതെപോകുന്നവരും അദ്ധ്വാനിക്കാതെ ജീവിച്ചു ജീവിതത്തിന്റെ നിരര്‍ത്ഥകതയില്‍ വേദനിക്കുന്നവരും കൃത്രിമ ലഹരിയിലേക്കു വഴുതുക സ്വാഭാവികമാണ്‌. ഉണര്‍ന്നിരിക്കെ അടിമയുടെ ജീവിതം ജീവിക്കുന്ന ഒരാള്‍ക്ക്‌ മയക്കത്തില്‍ അധികാരത്തിന്റെ പങ്കു കിട്ടുന്നു. രാജാവായി ജീവിക്കുന്നവര്‍ക്കോ അലച്ചിലിന്റെ യാചകാനന്ദം ലഭ്യമാകുന്നു.

ലഹരി നിരോധിക്കാനാവില്ല. ഔഷധങ്ങള്‍ വേണ്ടെന്നു വെക്കാനുമാവില്ല. മദ്യപിച്ചു മരിച്ചവരെക്കാള്‍ എത്രയോ മടങ്ങു വരും മരുന്നു പരീക്ഷണങ്ങള്‍ക്കു വിധേയമായി മരിച്ചവര്‍. ഔഷധങ്ങള്‍ നിരോധിക്കുമോ നിങ്ങള്‍? ക്രിസ്‌തുവിനും ആയിരക്കണക്കിനു വര്‍ഷം മുമ്പാരംഭിച്ച ലഹരിപാനത്തിന്‌ ഒരു സര്‍ക്കാര്‍ വിജ്ഞാപനംകൊണ്ട്‌ അറുതി വരുത്തുമോ? ഒന്നല്ലെങ്കില്‍ മറ്റൊരു ലഹരി വേണം, ലോകത്തിന്റെ രോഗശമനത്തിന്‌. അതവര്‍ കണ്ടെത്തും.

പണത്തിനു പിറകേ പേപിടിച്ചോടുന്ന ലഹരിയോ ദാരിദ്ര്യം നല്‍കുന്ന ലഹരിയോ തൊഴിലില്ലായ്‌മ നല്‍കുന്ന ലഹരിയോ നിത്യമായ വിവേചനവും അടിച്ചമര്‍ത്തലും നല്‍കുന്ന ലഹരിയോ അപായകരമായി അധികാരികള്‍ക്കു തോന്നുന്നില്ലല്ലോ. ലഹരിമരുന്നുകളെക്കാള്‍ അപായകരമായ ഭക്ഷണമാണ്‌ ഒരു ജനത ശീലിക്കുന്നതെന്ന ബോധ്യവും നിങ്ങള്‍ക്കില്ലല്ലോ. നിരോധിക്കേണ്ടത്‌ വ്യാജ ലഹരികളെയല്ല. അതിലേക്കു നയിക്കുന്ന കാരണങ്ങളെയാണ്‌. ജീവിതത്തിന്റെ സ്വാഭാവിക ലഹരി അനുഭവിക്കാനാവുന്ന ജനത കൃത്രിമ ലഹരിയെ കൈയ്യൊഴിഞ്ഞുകൊള്ളും. അതിനു നിയമ നിര്‍മ്മാണമോ ഓഡിനന്‍സോ വേണ്ട.

അരാജകത്വത്തിലേക്കു നയിക്കുന്ന ആനന്ദങ്ങള്‍ക്കു തീര്‍ച്ചയായും നിയന്ത്രണം വേണം. അപരന്റെ സ്വാസ്ഥ്യവും ജീവിക്കാനുള്ള അവകാശവും അക്രമിക്കപ്പെട്ടുകൂടാ. തന്നെത്തന്നെ കൂടുതലറിയുകയോ അനുഭവിക്കുകയോ ചെയ്യുന്ന ആനന്ദത്തില്‍നിന്നും അന്യനെ കീഴ്‌പ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുന്ന ആപത്തിലേക്ക്‌ വീഴ്‌ത്തുന്ന ഒരു ലഹരിയും നിലനിന്നുകൂടാ. അത്‌ മദ്യമാവാം. ക്ഷാത്രവീര്യമോ പൗരോഹിത്യ വീര്യമോ ആവാം. കപട രാഷ്‌ട്രീയ ശാഠ്യത്തിന്റേതാവാം. രക്തപാന മഹോത്സവങ്ങളെക്കാള്‍ വര്‍ജ്യമല്ല മറ്റൊന്നും.

പുകവലി നിരോധിച്ചല്ലോ എന്ന വിജയഗാഥ കേള്‍ക്കുന്നുണ്ട്‌. പ്രശ്‌നം പുകവലിയുടെതായിരുന്നുവോ? പതിനായിരക്കണക്കിനു ബീഡിത്തൊഴിലാളികളാണോ ഇവിടെ മരണം വിതച്ചത്‌? എണ്‍പത്തിരണ്ടു വയസ്സായ എന്റെ അച്ഛന്‍ ഏഴു പതിറ്റാണ്ടോളം കാലമാണ്‌ ബീഡി വലിച്ചുകൊണ്ടിരുന്നത്‌. ബീഡി വലിച്ച കാലമത്രയും അദ്ദേഹം ഒരു രാഷ്‌ട്രീയവുംകൂടി വലിച്ചുകൊണ്ടിരുന്നു. ബീഡിക്കൊപ്പംവന്ന രാഷ്‌ട്രീയം അദ്ധ്വാനത്തിന്റെയും സംഘബോധത്തിന്റെയും രാഷ്‌ട്രീയമായിരുന്നു. വൈലോപ്പിള്ളി എഴുതിയതുപോലെ, പുറത്തുതള്ളട്ടെ യൊരു മുറിവീടിപ്പുകയായീ നാട്ടില്‍ ശ്വസിച്ച അനീതികളെന്നു അവര്‍ കരുതിയിരിക്കണം.

മറ്റുള്ളവര്‍ ഊതിവിടുന്ന പുകകൊണ്ട്‌ ഈ ലോകം നിറയുകയാണല്ലോ എന്നു ഖേദിക്കുന്നവരെക്കൊണ്ടു ലോകം നിറഞ്ഞിരിക്കുന്നു. അതിനെക്കാള്‍ മാരകമായ വിഷം നമ്മുടെ നിത്യരുചിയായി തീന്‍മേശകളില്‍ നിറയുമ്പോള്‍ ആരും സങ്കടപ്പെടുന്നില്ല. പുതിയ രുചികളുടെ തമ്പുരാന്മാര്‍ അവരുടെ രാഷ്‌ട്രീയം വിളമ്പുകയാണ്‌. മണ്ണിലും ജലത്തിലും മലയിലും വയലിലും വിഷം കലക്കുന്നവര്‍ക്കു നിരുപാധിക മാപ്പ്‌. പുക വലിക്കുന്നവരെ ശിക്ഷിക്കാന്‍ പുതിയനിയമങ്ങള്‍!

പുക വലിക്കരുത്‌, മദ്യപിക്കരുത്‌, പ്രകടനം നടത്തരുത്‌, സംഘടനകളോ സമരങ്ങളോ അരുത്‌. അസമത്വങ്ങളുടെയും വിവേചനങ്ങളുടെയും കയ്യേറ്റങ്ങളുടെയും ഈ ലോകം കയ്യൂക്കുള്ളവര്‍ ഭരിക്കട്ടെ. അല്ലാത്തവര്‍ അനുഭവിക്കട്ടെ. ധനികരേ ഖേദിക്കരുത്‌. നിങ്ങള്‍ക്കു ഫൈവ്‌സ്റ്റാര്‍ സൗകര്യങ്ങളുണ്ടല്ലോ. ചൂഷണം ചെയ്യുന്നതിന്റെ ലഹരി, നിസ്വലക്ഷങ്ങള്‍ കണ്‍മുന്നില്‍ പെരുകുന്നതിന്റെ ലഹരി, കയ്യേറ്റങ്ങളുടെയും കുടിയിറക്കലുകളുടെയും നരഹിംസകളുടെയും വികസനങ്ങളുടെയും നുരയുന്ന ലഹരി. അവിടെയൊന്നും ഒരു തടസ്സവും വരില്ല. മൂന്നാറില്‍ പോയ പൂച്ചകള്‍ മടങ്ങിയല്ലോ. ഓരോ വട്ടവും സിബിഐ ഒന്നും കണ്ടെത്താതെ നിങ്ങളെ തുണച്ചല്ലോ. പൊതു സ്ഥാപനങ്ങളെല്ലാം സ്വകാര്യ മൂലധനത്തിന്‌ ചൂതാട്ടം നടത്താന്‍ വിട്ടുതന്നല്ലോ.

‘സുസ്ഥിതി സുഖം,മദ്യമിയറ്റും വിസ്‌മൃതിയില്‍ തിരഞ്ഞവ’രാണ്‌ നിസ്വരായ മനുഷ്യര്‍. അവരോടുള്ള യുദ്ധ പ്രഖ്യാപനംപോലെയല്ല ജനാധിപത്യ സര്‍ക്കാറുകള്‍ ഒരു തീരുമാനവും കൈക്കൊള്ളേണ്ടത്‌. മദ്യം വിപത്താവാം. എന്നാല്‍ മദ്യമാണ്‌ വിപത്തെന്നു പഠിപ്പിക്കുന്നത്‌ വലിയ വിപത്തുകളെ സാധൂകരിക്കാനേ സഹായകമാവൂ. ചൂഷണവും കൂടുതല്‍ സൂക്ഷ്‌മവും വ്യാപകവുമാവുന്ന കാലത്ത്‌ മനുഷ്യര്‍ കൂടുതല്‍ കൂടുതല്‍ അസ്വസ്ഥരാകും. പ്രതിവിധി സംഘടിതരാകലും പൊരുതി നില്‍ക്കലുമാണെന്നു മുമ്പു കരുതിയിരുന്നു. ഇപ്പോള്‍ അത്തരം കൂട്ടായ്‌മകള്‍ ശിഥിലമായിരിക്കുന്നു. പ്രതിരോധ രാഷ്‌ട്രീയം ക്ഷീണിക്കുമ്പോള്‍ അരാഷ്‌ട്രീയതയും അരാജകത്വവും പെരുകും. ഇതും കൃത്രിമ ലഹരിയിലേക്കാണ്‌ വഴിതുറക്കുന്നത്‌. പ്രക്ഷുബ്‌ധ യൗവ്വനങ്ങള്‍ക്കു കലാപത്തിന്റെ നീരുവേണം. ‘വീടിവായില്‍ വിപത്തു കത്തിക്കുന്ന’ പ്രായമാണ്‌. പ്രതിരോധ രാഷ്‌ട്രീയത്തെ സമരോന്മുഖമാക്കാതെ പ്രതിലോമ ലഹരികള്‍ നാടുനീങ്ങില്ല.

ഇപ്പോള്‍ കേരളത്തിലുണ്ടായ ചര്‍ച്ചകളും മദ്യ നിരോധന തീരുമാനങ്ങളും യഥാര്‍ത്ഥ പ്രശ്‌നങ്ങളെ മറച്ചുവെക്കാന്‍ മാത്രമേ സഹായിക്കൂ. ജീവിത നിലവാരത്തെ ഉയര്‍ത്താനുള്ള സാര്‍ത്ഥക ശ്രമങ്ങളോടു ചേര്‍ത്തുവേണം അവശ്യ നിയന്ത്രണങ്ങള്‍പോലും കൊണ്ടുവരാന്‍.

14 സെപ്‌തംബര്‍ 2014

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )