(അനീഷ്കുമാറിന്)
അനീഷ്കുമാര്‍ എന്നെ വിട്ടുപോകുന്നില്ല. ഞാനെന്തോ ചെയ്യേണ്ടതുണ്ട് എന്ന ഓര്മ്മിപ്പിക്കലാണോ അത്? അഥവാ ചെയ്യേണ്ട നേരത്തു ഞാനൊന്നും ചെയ്തില്ലല്ലോ എന്ന കുറ്റപ്പെടുത്തല്‍? സെപ്തംബര്‍ 3ന്റെ പത്രത്തിലാണ് അനീഷ്കുമാറിന്റെ വേര്പാടുവാര്ത്ത കണ്ടത്. അപ്പോള്‍ മുതല്‍ വല്ലാത്ത ഒരസ്വസ്ഥത .
ഞാനെന്താണ് വേണ്ടത്? ഒരാള്‍ ക്രൂരമായി പീഢിപ്പിക്കപ്പെടുമ്പോള്‍ ഒന്നും അറിയാതിരുന്നതിന്. സഹപ്രവര്‍ത്തകര്‍ സമരരംഗത്തിറങ്ങിയപ്പോഴും അശ്രദ്ധമായി സ്വന്തം ചര്യകളില്‍ മുഴുകിയതിന്. എല്ലാ സമരങ്ങളെയും വിഴുങ്ങുന്ന അപൂര്‍വ്വ വരംകൊണ്ട് അനുഗ്രഹിക്കപ്പെട്ട അധികാരരാഷ്ട്രീയത്തിന്റെ ആള്രൂപജന്തുജന്മങ്ങളെ ഭയന്നൊളിക്കുന്നതിന്.
മലപ്പുറം ജില്ലയിലെ മൂന്നിയൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകനായിരുന്നു കെ.കെ.അനീഷ്കുമാര്‍. 2006 ജൂണിലാണ് അദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ എന്നതുപോലെ സംഘടനാരംഗത്തും നേതൃത്വപരമായ പ്രവര്‍ത്തനമായിരുന്നു അനീഷിന്റേത്. പങ്കാളിത്ത പെന്ഷന് പദ്ധതി നടപ്പാക്കി സേവനമേഖലയില്‍ (ജനവിരുദ്ധമായ) ഘടനാപരമായ പരിഷ്ക്കാരത്തിനു പച്ചക്കൊടി കാട്ടിയ സര്‍ക്കാറിനെതിരെ സംസ്ഥാനത്താകെ പടര്‍ന്ന സമരത്തില്‍ സ്വന്തം സ്കൂളിലെ അദ്ധ്യാപകരെ അനീഷ് അണിനിരത്തി. വിദ്യാഭ്യാസം ഭരിക്കുന്ന രാഷ്ട്രീയം നിത്യനിദാനത്തിന് കൈയേറ്റ മാനേജര്‍ അനീഷിന്റെ വിധി നിര്‍ണയിക്കുന്ന സര്‍വ്വാധികാരിയായി.
സമരത്തെത്തുടര്‍ന്നുള്ള നാളുകളില്‍ അരങ്ങേറിയ ഗൂഢാലോചനയാണ് അനീഷിന്റെ സസ്പെന്‍ഷനിലേക്കും പിന്നീട് പിരിച്ചുവിടലിലേക്കും എത്തിയതെന്നു സഹപ്രവര്‍ത്തകര്‍ പറയുന്നു. സസ്പെന്‍ഷനിലായിരിക്കെ നല്കിയ അപ്പീലില്‍ തിരൂര്‍ ഡി.ഇ.ഒ അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടതാണ്. അധികാര സ്വാധീനമുപയോഗിച്ച് ഡി.ഡി.ഇയെ സ്വാധീനിച്ചു സസ്പെന്ഷന് പിരിച്ചുവിടലാക്കാനാണ് മാനേജര്‍ ശ്രമിച്ചത്. ആശ്രിതനെപ്പോലെ പെരുമാറുന്ന ഉദ്യോഗസ്ഥന് അനീഷിന്റെ ജീവിതത്തിനു പൂര്ണവിരാമമിടാനുതകിയ ഉത്തരവില്‍ കയ്യൊപ്പു വെച്ചത് സര്‍വ്വീസില്‍നിന്നു പിരിയുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പാണ്.തുടര്‍ന്നു അനീഷ് ഡി.പി.ഐക്കു നല്കിയ പരാതിയിലും നടപടിയുണ്ടായില്ല. മാനേജര്തന്നെ പഞ്ചായത്തു പ്രസിഡണ്ടും വിദ്യാഭ്യാസ മന്ത്രിയുമൊക്കെയാകുന്ന ലജ്ജാകരമായ അവസ്ഥയായിരുന്നു അത്.
മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരുന്ന നാടാണിത്. ലോകത്തെ വിസ്മയിപ്പിച്ച ഒരു വിദ്യാഭ്യാസബില്ല് നിയമസഭയില്‍ അവതരിപ്പിക്കാനെങ്കിലും നമുക്കു സാധിച്ചിരുന്നു. പല ഇടപെടലുകളില്‍ അട്ടിമറിച്ചിട്ടും അതുയര്‍ത്തിയ വിപ്ലവസന്ദേശം മാഞ്ഞുപോയിട്ടില്ല. മാനേജര്‍മാരുടെ പാദ സേവകരോ ആജ്ഞാനുവര്‍ത്തികളോ ആവരുത് അദ്ധ്യാപകരെന്നു മുണ്ടശ്ശേരിക്കു നിര്‍ബന്ധമുണ്ടായിരുന്നു. പുല്ലുവെട്ടാനും പശുവിനെക്കറക്കാനും അദ്ധ്യാപകരെ നിയോഗിക്കുന്ന മാനേജര്‍മാരെപ്പറ്റി ചെറുകാട് മുത്തശ്ശിയില്‍ എഴുതിയിട്ടുണ്ട്. അത്തരക്കാരെയും അവരുടെ സേവകപ്പരിഷകളെയും ചെറുത്തുതോല്‍പ്പിച്ചാണ് ആത്മാഭിമാനമുള്ള അദ്ധ്യാപകരുടെ തലമുറ ജന്മമെടുത്തത്. ആ അഭിമാനത്തെ ഒന്നുകൂടി ഉയര്‍ത്താനാണ് അദ്ധ്യാപക നിയമനം പി എസ് സിക്കു വിടണമെന്നു മുണ്ടശ്ശേരിമാഷ് ശഠിച്ചത്.
മുണ്ടശ്ശേരിയും മാഷെ സ്വീകരിച്ചിരുത്തിയ ജനപക്ഷരാഷ്ട്രീയവും എങ്ങുപോയി? കേരളം കൈവിടരുതാത്ത മൂല്യങ്ങളാണവ. എല്ലാ വഴികളും തോല്‍പ്പിക്കുകയാണെങ്കില്‍ ആത്മാഭിമാനമുള്ളവര്‍ക്കു ജയിക്കാന്‍ ഒരൊറ്റ വഴിയേയുള്ളുവെന്നു അനീഷ്മാഷ് കരുതിക്കാണുമോ? അനീഷ് ഭീരുവായിരുന്നില്ല. ഭീരുവിന്റെ വഴിയിലൂടെയായിരുന്നില്ല ആ സമരജീവിതം കടന്നുപോന്നത്. സ്വകാര്യമൂലധനവും അധികാര രാഷ്ട്രീയവും വന്ധ്യ ഉദ്യോഗസ്ഥവൃന്ദവും തമ്മിലുള്ള അവിഹിതക്കൂട്ടുകെട്ടില് അരുതാത്തതു മാത്രം നടക്കുന്ന മേഖലയായി വിദ്യാഭ്യാസം മാറുമ്പോള്‍ എങ്ങനെ ജീവിക്കണം ആത്മാഭിമാനമുള്ള മനുഷ്യര്‍? പോയ വര്‍ഷങ്ങളില്‍ എത്രയോ പേരെ സ്വകാര്യ മാനേജ്മെന്റ് നിഷ്ക്കരുണം പുറത്തെറിഞ്ഞിരിക്കുന്നു. നിസ്സാര കാര്യങ്ങള്‍ ഊതി വീര്‍പ്പിച്ചാണ് തങ്ങളുടെ ദുര്‍വൃത്തികള്‍ക്ക് അരു നില്‍ക്കാത്തവരെ അവര്‍ പകപോക്കലിനു വിധേയമാക്കിയത്.
തൊഴിലില്‍ നിന്ന് എടുത്തെറിയുന്നത് ജീവിതത്തില്‍നിന്ന് എടുത്തെറിയല്തന്നെയാണ്. ഒരാളെയും അങ്ങനെ ചെയ്തുകൂടാ. അതില്‍ കുറഞ്ഞ ശിക്ഷതന്നെ എത്രയോ ആവാമല്ലോ. ജോലി നല്‍കുന്നത് തങ്ങളാണ് അതുകൊണ്ട് തങ്ങള്‍ക്ക് എന്തുമാവാമെന്നു ഏതെങ്കിലും മാനേജര്‍ കരുതരുത്. ഒരോ സ്ഥാപനത്തെയും നിലനിര്‍ത്തുന്നതു ജനങ്ങളാണ്. ജനങ്ങളുടെയും ജനാധിപത്യ സംവിധാനങ്ങളുടെയും ഔദാര്യംപറ്റിയാണ് ഓരോ സ്കൂളും നിലനില്‍ക്കുന്നത്. തീറെഴുതിക്കിട്ടിയ ഭൂമിയില്‍പ്പോലും തോന്നിയതുപോലെ പ്രവര്‍ത്തിക്കാന്‍ നിലവിലുള്ള നിയമം അനുവദിക്കുന്നില്ലെന്ന് ഓര്‍ക്കുന്നതു നന്ന്. അദ്ധ്യാപകര്‍ക്ക് ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കുന്നത് ഗവണ്മെന്റാണെങ്കില് കോഴവാങ്ങി നിയമിക്കാനും സുഗമമായ പഠനാന്തരീക്ഷം തകര്‍ക്കാനും മാത്രമെന്തിനാണ് ഒരു മാനേജര്‍? കയ്യൂക്കാണ് വിജയത്തിനു നിദാനമെന്നു വരുമ്പോള്‍ നീതിബോധം കാടുകയറുമെന്നു തായാട്ടു ശങ്കരന് എഴുതിയത് ഓര്‍മ്മ വരുന്നു.
മൂന്നിയൂര്‍ സ്കൂള്‍ മാനേജരുടെ ദുര്‍വൃത്തികള്‍ക്ക് കീഴടങ്ങിയതെന്തിനെന്ന് വിദ്യാഭ്യാസ വകുപ്പു പറയട്ടെ. തന്റെ സ്വന്തം പ്രദേശത്തെ ഈ ഹിംസയെപ്പറ്റി വിദ്യാഭ്യാസമന്ത്രിക്ക് എന്തു പറയാനുണ്ട്? ജില്ലയിലെ വലിയ രാഷ്ട്രീയ കക്ഷികൂടിയായ മുസ്ലീം ലീഗിന് തങ്ങള്‍ ഏതു പക്ഷത്തെന്നു പറയേണ്ടിവരും.
അധികാരത്തിനു ജനങ്ങളെ ഇല്ലാതാക്കാന്‍ നിരവധി ആയുധങ്ങളുണ്ട് എന്നു ചരിത്രബോധമുള്ളവര്‍ക്ക് അറിയാം. അധികാരത്തിന്റെ ആള്‍രൂപങ്ങള്‍ അഹങ്കരിക്കേണ്ട. ജനാധിപത്യത്തിന്റെ സമഭാവനയും സഹകരണവും ശീലിക്കാന്‍ ഇപ്പോഴെങ്കിലും ശ്രമിക്കുകയാണു വേണ്ടത്. ഞങ്ങള്‍ മാത്രം മതി എന്ന സങ്കുചിതത്വം ഒരാളെയും രക്ഷപ്പെടുത്തില്ല. തോല്ക്കുമെന്നുറപ്പായ ജനതക്കു കീഴ്മേല്‍ ചിന്തിക്കേണ്ടി വരില്ല. അതുകൊണ്ട് ആരെയും കൂടുതല്‍ തോല്പ്പിച്ചുകൂടാ. ചവിട്ടിയരച്ചുകൂടാ.
അനീഷ്മാഷുടെ മൃതദേഹത്തെപ്പോലും ഭയന്നതെന്തിനാണ്? സ്കൂളിന്റെ പടിവാതില്‍ കൊട്ടിയടച്ച് മാനേജര്‍ ആരോടാണ് പകപോക്കിയത്? അങ്ങാടിയിലെ പീടിക വരാന്തയിലാണ് വിദ്യാര്‍ത്ഥികള്‍ പ്രിയപ്പെട്ട അദ്ധ്യാപകനെ അവസാനനോക്കു കണ്ടത്. താഴിട്ടു പൂട്ടിയ സ്കൂള്‍ ഗേറ്റ് എന്നേക്കുമായി അങ്ങനെ കിടന്നെങ്കിലെന്ന് അവരിലാരെങ്കിലും തീര്‍ച്ചയായും ആശിച്ചുകാണണം. മൃതദേഹത്തെ നേരിടാന്‍ പൊലീസ് വണ്ടികളെത്തിച്ച ആദ്യത്തെ മാനേജരും മൂന്നിയൂരുകാരന് തന്നെയാവണം. അനീഷുമാഷ്ക്കു നീതി കിട്ടണം. മരണാനന്തരവും അതു നേടിയേ പറ്റൂ. വധശിക്ഷയിലേക്കു നയിക്കാവുന്ന എന്തു കുറ്റമാണ് അനീഷ് ചെയ്തതെന്നു കേരളീയര്ക്കറിയണം. ശിക്ഷ വിധിച്ചവര് ജനങ്ങളെ ബോധ്യപ്പെടുത്തട്ടെ.
ഈ സമരത്തില്‍ ഞാനുമുണ്ട് എന്നെഴുതാതെ വയ്യ.
11 സെപ്തംബര്‍ 2014