Article POLITICS

ഗവേഷണവും ഗവേഷകസമരവും നേരംപോക്കല്ല

 

ഗവേഷണം ഒരു തൊഴിലോ തൊഴില്‍രഹിതര്‍ക്കുള്ള നേരമ്പോക്കോ അല്ല. ആര്‍ജ്ജിതമായ അറിവുകള്‍ക്കകത്തു രൂപപ്പെടുന്ന അതൃപ്‌തിയോ ആകാംഷയോ തുറന്നിടുന്ന പുതിയ പ്രശ്‌നമേഖലയിലേക്കുള്ള സാഹസികമായ കുതിപ്പാണത്‌. നിലവിലുള്ളതിന്റെ നിരാകരണമോ വിപുലീകരണമോ ആണത്‌. സര്‍വ്വകലാശാലകളിലെ അക്കാദമിക ഗവേഷണങ്ങളെല്ലാം, നഴ്‌സറി മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള നിര്‍ണീതവും സമയബന്ധിതവുമായ ശിക്ഷണത്തിലൂടെ കൈവരിച്ച ജ്ഞാനത്തിനും അതു നില നില്‍ക്കുന്ന ജ്ഞാനാധികാര ബന്ധത്തിനും അതിന്റെ സവിശേഷ രീതിശാസ്‌ത്രത്തിനും വികസിച്ച യുക്തിബോധത്തിനും അകത്തുവെച്ചു നിര്‍വ്വഹിക്കുന്ന ധീരമായ പൊളിച്ചടുക്കലുകളോ കൂട്ടിച്ചേര്‍ക്കലുകളോ തുടര്‍ച്ചയൊരുക്കലുകളോ ആണ്‌. അത്തരമൊരു ദൗത്യം നിറവേറ്റുമ്പോഴാണ്‌ ഒരാള്‍ ഡോക്‌റ്റര്‍ ഓഫ്‌ ഫിലോസഫി ബിരുദത്തിന്‌ അര്‍ഹനാകുന്നത്‌.

അറിവുകളെ അതിന്റെ ജീവാസ്‌പദങ്ങളില്‍ അഥവാ അതിനെ ചൈതന്യവത്താക്കുന്ന സൂക്ഷ്‌മ യുക്തികളില്‍ മുഖാമുഖം നേരിടുന്നവനാണ്‌ ഗവേഷകന്‍. വസ്‌തുതകളുടെ സമാഹരണവും അവയുടെ വ്യവസ്ഥപ്പെടുത്തലുകളും നിയമനിര്‍ണയങ്ങളും സിദ്ധാന്തവത്‌ക്കരണവും ഉദാസീനമായി ചെയ്‌തു തീര്‍ക്കാവുന്നതല്ല. വസ്‌തുതകളുടെ ശേഖരണവും ക്രോഡീകരണവും ഒരറയിലെ മേശക്കു മുന്നിലിരുന്നു മാത്രം പൂര്‍ത്തീകരിക്കാനാവില്ല. ആപ്പീസുകള്‍ തുറന്നു വെക്കുന്ന സമയം കണക്കാക്കി ഒരറിവും ഗവേഷകന്റെ മേശക്കു മുന്നില്‍ വന്നു ക്യൂ നില്‍ക്കുകയില്ല. ആറോ എട്ടോ മണിക്കൂര്‍ കണക്കാക്കിയുള്ള വേതനാധിഷ്‌ഠിതമായ തൊഴിലല്ല ഗവേഷണം. യുക്തിസംഘര്‍ഷങ്ങളുടെ വേദനാകരവും ത്യാഗനിര്‍ഭരവുമായ തപശ്ചര്യയാണത്‌.

ബിരുദാനന്തര ബിരുദം നേടി മറ്റൊന്നും ചെയ്യാനില്ലാതെ നേരംപോക്കിന്‌ ഗവേഷണത്തിന്‌ ഇറങ്ങിത്തിരിച്ചവരുണ്ടാകാം. അദ്ധ്യാപകനായതിനാല്‍ പ്രമോഷനുവേണ്ടി മാത്രം ഗവേഷിക്കാമെന്നു നിശ്ചയിച്ചവരുമുണ്ടാകാം. അത്തരക്കാരെ സൃഷ്‌ടിക്കാനും ഗവേഷണ മേഖല അവര്‍ക്കു തീറെഴുതാനുമാണ്‌ അക്കാദമിക ഗവേഷണത്തിനു ചേരാനുള്ള യോഗ്യതയില്‍ സര്‍വ്വകലാശാല വെള്ളം ചേര്‍ത്തത്‌. അമ്പത്തഞ്ചു ശതമാനം മാര്‍ക്കോടെ പി.ജി പാസായവര്‍ക്കേ നേരത്തേ ഗവേഷണത്തിനു ചേരാന്‍ കഴിയുമായിരുന്നുള്ളു. അത്‌ അമ്പതു ശതമാനമായി കുറച്ച്‌ ഗവേഷണത്തിന്റെ ഗൗരവം ചോര്‍ത്താന്‍ തീരുമാനിച്ചത്‌ സര്‍വ്വകലാശാലാ അധികാരികളാണ്‌. ഗവേഷണകുതുകികള്‍ക്ക്‌ അനൗപചാരിക ഗവേഷണത്തിന്‌ വിദ്യാഭ്യാസ യോഗ്യതയോ പ്രായമോ പരിഗണിക്കാതെ സഹായം നല്‍കുന്ന സ്ഥാപനങ്ങളുള്ള നമ്മുടെ നാട്ടില്‍ അക്കാദമിക ഗവേഷണമേഖല ഇത്രത്തോളം ഉദാരമാകേണ്ടത്‌ സ്വകാര്യ മൂലധന ലോബികളുടെ മാത്രം താല്‍പ്പര്യമാണ്‌. ദളിത്‌ വിഭാഗങ്ങള്‍ക്കാകട്ടെ, ലഭിച്ചുപോന്ന ആനുകൂല്യം എടുത്തുകളയാനും അവര്‍ മടി കാണിച്ചില്ല. നാല്‍പ്പത്തഞ്ചു ശതമാനം മാര്‍ക്കുവേണം ഇപ്പോഴവര്‍ക്കു ഗവേഷണം ചെയ്യാന്‍.

ഇങ്ങനെ കച്ചവട താല്‍പ്പര്യത്തെ ഗവേഷണമേഖലയിലേക്കു തുറന്നുവിട്ടവര്‍ ഗവേഷണമേഖലയെ പരിപോഷിപ്പിക്കാന്‍ ചില ഒറ്റമൂലികള്‍ തേടിയിറങ്ങിയിരിക്കുകയാണ്‌. അതിലൊന്നാണ്‌ പഞ്ചിംഗ്‌ മിഷ്യന്‍. രാവിലെയും വൈകീട്ടും വിരല്‍വെച്ചു വന്ദിക്കണം. അതാണത്രെ ഗവേഷകന്റെ സാന്നിദ്ധ്യ സാക്ഷ്യം! രാവിലെ മുതല്‍ വൈകീട്ടുവരെ ഗവേഷകമുറിയില്‍ ഗവേഷണത്തൊഴിലെടുക്കണം. എപ്പോഴെങ്കിലും വി.സി കനിഞ്ഞാല്‍ മാത്രം കിട്ടുന്ന ഫെലോഷിപ്പുതുകയ്‌ക്കുള്ള അഭ്യാസമാണത്‌. അതു കഴിഞ്ഞുള്ള നേരമേ ഇനി സ്വതന്ത്ര ഗവേഷണത്തിനു ലഭിക്കുകയുള്ളു. ശമ്പളവും ഇതര ആനുകൂല്യങ്ങളും കൈപ്പറ്റി തൊഴിലെടുക്കുന്ന വിഭാഗങ്ങള്‍ക്ക്‌ അവരുടെ മേശക്കു മുന്നില്‍ ചെയ്‌തു തീര്‍ക്കേണ്ട ഫയലുകള്‍ എത്തിക്കൊള്ളും. ഒരു ഗവേഷകന്റെ മുന്നിലേക്കും അങ്ങനെയൊരു പാത ആരും വെട്ടിയിട്ടില്ല. അയാളുടെ വഴിയും അതിന്റെ വ്യഥയും അയാള്‍ക്കുമാത്രം അറിയുന്നതാണ്‌. മാര്‍ഗദര്‍ശിമാര്‍ അതറിയുന്നുണ്ട്‌. അഥവാ അറിയണം.

ഗവേഷണം മുഴുവന്‍ സമയ സമര്‍പ്പണമാണ്‌. ജീവിതത്തിന്റെ ഏറ്റവും ചൈതന്യപൂര്‍ണമായ കാലമാണ്‌ അതിനു സമര്‍പ്പിക്കുന്നത്‌. ഫെലോഷിപ്പും ലൈബ്രറി-ലബോറട്ടറി സൗകര്യങ്ങളും ഹോസ്റ്റലുമൊക്കെ ഒരുക്കിക്കൊടുക്കാനാണ്‌ അധികാരികള്‍ ശ്രദ്ധിക്കേണ്ടത്‌. ഓരോരുത്തരും ഏറ്റെടുത്ത വിഷയം ഭംഗിയായി നിര്‍വ്വഹിക്കുന്നുണ്ടെന്ന്‌ ഉറപ്പു വരുത്തലാണ്‌ ഗവേഷകഗൈ്വഡുമാരുടെ ചുമതല. അതവര്‍ ചെയ്യുന്നില്ല എന്ന പരാതിയുണ്ടെങ്കില്‍ മറ്റു സംവിധാനങ്ങളും ഏര്‍പ്പെടുത്താം. ഓരോരുത്തരുടെയും ഗവേഷണത്തിന്റെ ഭാഗമായ വസ്‌തുതാ ശേഖരണത്തിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും ഓരോ രീതിയാകും അവലംബിക്കുന്നുണ്ടാവുക. അതവര്‍ യഥാസമയം തൃപ്‌തികരകമായി നിര്‍വ്വഹിക്കുന്നുണ്ടോ എന്നുറപ്പാക്കാന്‍ സമയബന്ധിതമായി അവരുടെ പ്രവര്‍ത്തനത്തിന്റെ അളവല്ല,ഗുണനിലവാരമാണ്‌പരിശോധിക്കേണ്ടത്‌. ഇപ്പോള്‍തന്നെ അതിനുള്ള സംവിധാനങ്ങളുണ്ടു താനും.

ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലയളവ്‌ രാഷ്‌ട്രത്തിന്റെ ജ്ഞാനവിപ്ലവത്തിനു സമര്‍പ്പിച്ചവര്‍ക്കു ലഭ്യമാക്കേണ്ട സൗകര്യങ്ങള്‍ എങ്ങനെയെല്ലാം തടഞ്ഞുവെക്കാം എന്നു ശ്രമിക്കുന്നവര്‍ രാജ്യദ്രോഹമാണ്‌ ചെയ്യുന്നത്‌. നാലോ അഞ്ചോ ആറോ വര്‍ഷംകൊണ്ടു തീര്‍ക്കാവുന്ന ഗവേഷണം അധികൃതര്‍ സൃഷ്‌ടിക്കുന്ന തടസ്സംകൊണ്ട്‌ നീണ്ടുപോകുന്നു. യഥാസമയം ഫെലോഷിപ്പു കിട്ടാതെ നരകിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു ശ്രമകരമായ ദൗത്യം പൂര്‍ത്തീകരിക്കാനാവുന്നില്ല. ജീവിതനിലവാര സൂചികയിലെ മാറ്റത്തിനനുസരിച്ചു ഫെലോഷിപ്പുതുക വര്‍ധിപ്പിച്ചു നല്‍കേണ്ടവര്‍ ഉള്ള തുക നല്‍കാതിരിക്കാന്‍ കാരണമന്വേഷിക്കുകയാണ്‌. കൊട്ടാരങ്ങള്‍ക്കും പടിപ്പുരകള്‍ക്കും ധൂര്‍ത്തടിക്കാന്‍ പണമുണ്ട്‌. അക്കാദമിക ഗവേഷണം മുഖ്യ ചുമതലയായ യൂനിവേഴ്‌സിറ്റിയില്‍ അതിനു നീക്കിവെക്കാന്‍ മാത്രം പണമില്ല. യുജിസി പോലുള്ള ഏജന്‍സികള്‍ പാസാക്കിയ തുകതന്നെ വിദ്യാര്‍ത്ഥിയില്‍നിന്ന്‌ തട്ടിയെടുക്കാനാണ്‌ അധികൃതര്‍ ശ്രമിച്ചുപോരുന്നത്‌.

ഗവേഷണ നിലവാരം മെച്ചപ്പെടുത്താന്‍ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയാണ്‌ ആദ്യം ഉറപ്പാക്കേണ്ടത്‌.പിടിച്ചുവെച്ച ഫെലോഷിപ്പുകളുടെ വിതരണവും അനാവശ്യനിയന്ത്രണങ്ങളുടെ പിന്‍വലിക്കലും അത്യാവശ്യമാണ്‌. ഗവേഷകരെ തെരുവിലയച്ച്‌ എന്തിനാണ്‌ ഒരു സര്‍വ്വകലാശാല നില നില്‍ക്കുന്നത്‌? വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയാണ്‌ അതു വഴി രാഷ്‌ട്രത്തിനുവേണ്ടിയാണ്‌ വി.സിയും പരിവാരങ്ങളും കെട്ടിടങ്ങളും വാഹനങ്ങളും ഉള്‍പ്പെടെ എല്ലാമെന്ന്‌ ഓര്‍ക്കുന്നതു നല്ലതാണ്‌. രാജ്യത്തിന്റെ ധൈഷണികോത്ഥാനത്തിനു വേണ്ടിയാണ്‌ , അക്കാദമിക സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്‌ കലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി കാമ്പസില്‍ ഗവേഷകര്‍ അനിശ്ചിതകാല സമരത്തിനിറങ്ങിയിട്ടുള്ളത്‌. അതു വിജയിപ്പിക്കാനുള്ള ബാധ്യത മുഴുവന്‍ ജനാധിപത്യ വാദികളുടേതുമാണ്‌. വെള്ള പനിനീരുകളേ പൊതുസമൂഹം നിങ്ങളെ അഭിവാദ്യം ചെയ്യുന്നു.

9 സെപ്‌തംബര്‍ 2014

 

5 അഭിപ്രായങ്ങള്‍

 1. ഗവേഷണ വിദ്യാർത്ഥികൾക്ക് നല്കുന്ന ഫെല്ലോഷിപ്പ് സർക്കാർ ജീവനക്കാരുടെ ക്ഷാമ ബത്തക്ക് ആനുപാതികമായി വർദ്ധിപ്പിക്കേണ്ടതും അവർക്ക് സമൂഹത്തില് മാന്യമായി ജീവി ക്കാനുള്ള അവസരം ഉറപ്പുവരുത്തേണ്ടതുമാണ്. എങ്കിലേ അവർക്ക് അർപ്പണബോധത്തോ ടെ ഈ രംഗത്ത് പ്രവർത്തിക്കാൻ സാധിക്കൂ. പഠനത്തിലെ മികവും ജ്ഞാനാന്വേഷണത്തി ലുള്ള അഭിരുചിയും മാത്രമായിരിക്കണം ഗവേഷണ രംഗത്തേക്ക് വരാനുള്ള യോഗ്യതയുടെ മാനദണ്ഡം. അതുപോലെ തന്നെ ഗവേഷണ ബിരുദം സർക്കാർ അദ്ധ്യാപകനാവാനുള്ള കു റുക്കുവഴിയാവരുത്. പല ഗവേഷകരും സർക്കാർ ജോലി നേടിക്കഴിഞ്ഞാല് പിന്നെ ഗവേഷ ണം അവസാനിപ്പിക്കുകയാണ് പതിവ്.

  Like

 2. താങ്കളുടെ അഭിപ്രായത്തോടു വളരേ യോജിക്കുന്നു..ദു:ഖകരമായ ഒരു വസ്തുത പല എന്നല്ല മിക്ക ഗവേഷണ പ്രബന്ധങ്ങളും പ്രീഡിഗ്രി വിദ്യാര്‍ഥിയുടെ സാധാരണ ഒരു നോട്ടിന്റെ അത്ര പോലും നിലവാരമില്ല . ആസാദ് ,പറഞ്ഞാല്‍ ഞെട്ടരുത് 17 വര്‍ഷം പി.ജി പഠിപ്പിക്കുന്ന അദ്ധ്യാപികയുടെ പി.ച്ച്.ഡി തീസിസ് വായിച്ചപ്പോള്‍ മനസ്സിലായത് അവര്‍ക്ക് ഭാഷയുടെ സാമാന്യ വ്യാകരണം പോലും അറിയില്ലെന്നതാണ്. മഹാത്മാഗാന്ധി യൂണിവേഴ്സിററിയിലും മററും സ്ഥിതി പരിതാപകരമാണ്…ഞാന്‍ പറയട്ടെ എന്റെ ഒരു വ്യക്തിപരമായ അനുഭവം..ആസാദ് മലയാളമാണ് പഠിപ്പിക്കുന്നത്.. ഞാന്‍ ഹിന്ദിയും .. ഞാന്‍ ഒരു ഗൈഡല്ല .ഗവേഷണത്തിന്റെ.. പക്ഷേ പല പ്രബന്ധങ്ങളും എന്നോട് വായിക്കാനും തിരുത്താനുമായ പലരും തരുന്നുണ്ട്.. എന്റെ കോളേജിലെ റിട്ടയര്‍ഡ് ചെയ്ത ഒരദ്ധ്യാപകന്‍ കാലിക്കററ് യൂണിവേഴ്ശിററിയില്‍ ഹിന്ദീ വിഭാഗത്തില്‍ ഡോക്ടര്‍ മൂഹമ്മദിന്റെ കീഴില്‍ ഗവേഷണം ചെയ്തു. . ഹരികൃഷ്ണ പ്രേമി എന്ന പഴയ ഒരു നാടകകൃത്തിന്റെ ഏകാംങ്ക നാടകങ്ങളില്‍ … സത്യം പറഞ്ഞാല്‍ ആ ലേഖകന്റെ ഇരുപതോളം ഏകാങ്കനാടകങ്ങളുടെ മുഖവുര പകര്‍ത്തി വെച്ചിരിക്കുന്നു.. അതു പോലെ..ഒരു വ്യത്യാസവുമില്ലാതെ .. അയാള്ക്കും കിട്ടി പി.ച്ച.ഡി… ഇത് ഒരു പാശ്ചാത്യ സര്‍വ്വകലാശാലയില്‍ നടക്കുമോ…സാധാരണ പരീക്ഷ എഴുതിയാല്‍ പലരും തോല്‍ക്കും …പി.ച്ച.ഡി പരീക്ഷയില്‍ തോററവരായി ആരെങ്കിലുമുണ്ടോ… അതികഠിനമായി അദ്ധ്വാനിച്ച് , ആസാദ് പറഞ്ഞപോലെ ഗവേഷണ ബിരുദം നേടുന്നവരും ഇത്തരം കപടസ്വരൂപങ്ങള്‍ക്കും ലഭിക്കുന്നു ഒരേ ബിരുദം.. ഡോക്ടര്‍ … എനിക്കു തോന്നുന്നത് ഗവേഷണ ബിരുദത്തിനും ഗ്രേഡിങ്ങ് വേണമെന്നാണ്…

  Like

 3. പ്രാഥമിക സൌകര്യങ്ങൾ പോലുമില്ലാത്ത സർവ കലാശാലയിലിരു ന്നാണ് ഞങ്ങൾ ഗവേഷണം നടത്തുന്നത് …ഗവേഷണത്തിന്റെ ഗുണ നിലവാരം മെച്ചപെടുത്താൻ നടത്തുന്ന ഏത് നടപടികളെയും ഞങ്ങൾ സ്വാഗതം ചെയും …അതല്ല കുറച്ചായി കാലിക്കട് സർവകലാശാലയിൽ നടക്കുന്നത് …. സർവകലാ ശാലയുടെ ഗവേഷണ മേഖലയെ തകർത്ത് സ്വകാര്യവല്ക്കരിക്കാനുള്ള ശ്രമമാണ് അത്….. മുൻപ് വന്ന orderകൾപലതും അതാണ്‌ തെളിയിക്കുന്നത്‌
  …..ഞങ്ങൾ മടിയർ ആണ് എന്നാണ് പൊതു സമൂഹത്തെ വി സി ധരിപ്പിച്ചത് … അത് കൊണ്ടാണ് ഞങ്ങൾ പഞ്ചിഗ് എതിര്ക്കുന്നത് എന്നും തെറ്റിദ്ധരിപ്പിച്ചു … ,ഗവേഷണ മേഖലയിലെ മറ്റ് 10 ഓളം ആവശ്യങ്ങൾ ഉന്നയിച്ചും സർവോപരി അക്കാദമിക സ്വാതന്ത്ര്യം പുന സ്ഥാപിക്കണം എന്നും ആവശ്യപ്പെട്ടാണ്‌ ഞങ്ങൾ സമരം നടത്തുന്നത് ….24 മണിക്കൂറും പ്രവർത്തിക്കുന്ന ലൈബ്രറികൾ ,ലബോറട്ടറികൾ ,ഡിപ്പാർട്ട്മെന്റ് , ഹോസ്ടൽ ,സുരക്ഷ ,ഇതര സംവിധാനങ്ങൾ എന്നിങ്ങനെ 24 മണിക്കൂരും പ്രവര്ത്തിക്കുന്ന ഒരു സർവ കലാശാലയെ ഞങ്ങൾ വിഭാവനം ചെയുന്നതും അത് കൊണ്ടാണ് … അത്തരത്തിൽ മുഴുവൻ സമയവും അക്കാദമിക അന്തരീക്ഷം സജീവമാക്കുകയും ഗവേഷക സ്വാതന്ത്ര്യത്തെയും വില മതിക്കുന്ന ഒരു സർവകലാ ശാലയിൽ നിന്ന് മാത്രമേ അന്വേഷനാത്മകവും വിപ്ലവാത്മകവുമായ ഒരു ഗവേഷണം സാധ്യമാകൂ …അത് കൊണ്ട് തന്നെയാണ് ഇത് അടിസ്ഥാനപരമായി അക്കാദമിക സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ളതാകുന്നത് …എല്ലാ ജനാധിപത്യ വാദികളും ഇതിനെ പിന്തുണക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് ….

  ഷഹന വി എ
  ഗവേഷക ,മലയാള വിഭാഗം
  കാലിക്കറ്റ് സർവകലാ ശാല

  Like

 4. ആസാദ് മാഷിനോട് രാഷ്ട്രീയ കാര്യങ്ങളിൽ നിരവധി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്,,
  എങ്കിലും ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കാൻ കാലികറ്റ് സർവകലാശാല ഗവേഷകർ നടത്തിയ സമരത്തിന് നല്കിയ പിന്തുണയ്ക്ക്‌ ആദരവോടെ, സ്നേഹത്തോടെ അഭിവാദ്യങ്ങൾ…

  സി ജംഷീദ് അലി

  പ്രസിഡണ്ട് , AKRSA

  Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )