ലോകസഭാ തെരഞ്ഞെടുപ്പ് മിക്ക കമ്യൂണിസ്റ്റു പാര്‍ട്ടികളുടെയും കണ്ണു തുറപ്പിച്ചിട്ടുണ്ട്. രാജ്യം തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിനു കീഴ്പ്പെട്ടിരിക്കുന്നു. ആഗോളവത്ക്കരണ പരിഷ്ക്കരണ നടപടികള്‍ക്ക് പുതിയ വേഗമാണ് കൈവന്നിരിക്കുന്നത്. കോര്‍പറേറ്റു വികസന സംരംഭങ്ങളുടെ ഇരകളായി കോടിക്കണക്കായ ജനത മാറുകയാണ്. സാമൂഹിക ക്ഷേമ നടപടികള്‍ എന്ന അജണ്ട ഇനിയില്ല. കയ്യൂക്കുള്ളവര്‍ക്ക് – സമ്പന്നര്‍ക്ക് – അതിജീവിക്കാം. സോഷ്യലിസം എന്ന ലക്ഷ്യം കൂടുതല്‍ കൂടുതല്‍ അകലുകയാണ്.
സാമ്രാജ്യത്വ അതിവ്യാപനത്തിന്റെ ഘട്ടങ്ങളില്‍ സമരസപ്പെട്ട ഇടതുപക്ഷ മുന്നേറ്റങ്ങളെല്ലാം ഇന്നു പശ്ചാത്തപിക്കുകയാണ്. സമരോര്‍ജ്ജത്തെ മുഴുവനും മൂലധനക്കോയ്മകളൂറ്റിയിരിക്കുന്നു. പരിഷ്ക്കരണ നടപടികള്‍ ജനങ്ങളുടെ പുരോഗതിക്കല്ല, ചെറു ന്യൂനപക്ഷത്തിന്റെ കൊള്ളയ്ക്കാണ് വഴി തുറന്നത്. സോഷ്യലിസത്തിനും മുതലാളിത്തത്തിനും ഇടയില്‍ ചവിട്ടിനില്ക്കാനൊരിടമില്ലെന്ന് കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. മുതലാളിത്തത്തിനു കൂട്ടിക്കൊടുപ്പല്ല കമ്യൂണിസ്റ്റ് രാഷ്ട്രീയം. ഇരകളാക്കപ്പെടുന്നവരുടെ സമരപ്രസ്ഥാനമാണത്. ഈ വര്‍ഷമാദ്യം ലിസ്ബണിലും പോയ വര്‍ഷം ആതന്‍സിലും ചേര്‍ന്ന ലോക കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങളുടെ സമ്മേളനത്തില്‍ ഇക്കാര്യങ്ങളെല്ലാം ചര്ച്ചയ്ക്കുവന്നതായി രേഖകളില്‍ കാണുന്നു. വലതുപക്ഷവുമായുള്ള ഒത്തു തീര്‍പ്പുകള്‍ വിപ്ലവശക്തികളെ ദുര്ബ്ബലപ്പെടുത്തിയെന്ന കടുത്ത വിമര്‍ശനമാണുയര്‍ന്നത്.
ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ്, തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടികള്‍ക്കുശേഷം ഇന്ത്യയിലെ പ്രമുഖ കമ്യൂണിസ്റ്റു പ്രസ്ഥാനമായ സി പി എം രാഷ്ട്രീയ നയം പുനപ്പരിശോധിക്കാന്‍ തയ്യാറാവുന്നത് എന്നു വേണം കരുതാന്‍. അതു സാമാന്യമായ യുക്തികൊണ്ടും അമിതമായ ശുഭപ്രതീക്ഷകൊണ്ടും തോന്നുന്നതുമാവാം. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കാന്‍ പോകുന്ന രേഖയും എടുക്കുന്ന നിലപാടും ആ പാര്‍ട്ടിയെ സംബന്ധിച്ചു നിര്‍ണായകമാണ്. അതു തയ്യാറാക്കുന്നതിന്റെ ഭാഗമായി ആഗോളവത്ക്കരണ കാലത്തു പാര്‍ട്ടി സ്വീകരിച്ച നയത്തിന്റെയും പ്രയോഗത്തിന്റെയും ശരിതെറ്റുകള്‍ വിലയിരുത്തപ്പെടണം. അത്തരത്തിലുള്ള സൂക്ഷ്മവും ഗൗരവതരവുമായ പ്രവര്‍ത്തനം മാത്രമേ പൊതു സമൂഹത്തിനു പുതിയ പ്രതീക്ഷകള്‍ നല്‍കുകയുള്ളൂ.
എന്നാല്‍, ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ നിരാശാജനകമാണ്. പാര്‍ട്ടികളുടെ ലയനമോ പുനരേകീകരണമോ പരിഹാരമാകുമെന്ന ധാരണ തെറ്റാണ്. തിരുത്തല്‍ പ്രക്രിയ ശരിയായ ദിശയിലല്ലെന്നാണ് ഇതിനര്‍ത്ഥം. സി പി എമ്മും സി പി ഐയും തങ്ങള്‍ക്കേറ്റ തിരിച്ചടിയെ അതിജീവിക്കാന്‍ തങ്ങളൊന്നിച്ചാല്മതി എന്നാണ് പറയാന്‍ ശ്രമിക്കുന്നത്. ആദ്യം ഇരു പാര്‍ട്ടികളും തങ്ങള്‍ക്കേറ്റ തിരിച്ചടിയുടെ കാരണങ്ങളാണ് കണ്ടെത്തേണ്ടത്. ജനകീയ പ്രശ്നങ്ങളില്‍ സഹകരിക്കാന്‍ രണ്ടു പാര്‍ട്ടികളായി നില്ക്കെത്തന്നെ അവര്‍ക്കെന്തായിരുന്നു തടസ്സമെന്നു വിശദീകരിക്കട്ടെ. ഒന്നിച്ചാലും ഭിന്നിച്ചാലും ജനകീയപ്രശ്നങ്ങളില്‍ എന്തു നിലപാടെടുക്കുന്നുവെന്നതാണ് ജനങ്ങളുടെ വിഷയം. അടിസ്ഥാന രാഷ്ട്രീയം വിസ്മരിക്കാനായാല്, ഏതേതു പാര്‍ട്ടികള്‍ക്കും ലയിക്കാനോ ഒന്നിക്കാനോ ആവും. കൂടുവിട്ടു കൂടു മാറാനാവും. ഈ അരാഷ്ട്രീയത്തിനാണ് ആദ്യം പരിഹാരമുണ്ടാവേണ്ടത്.
ജനകീയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒരു നല്ല നീക്കം പഞ്ചാബിലുണ്ടായിരിക്കുന്നു. ആഗസ്ത് നാലിന് നാലു ഇടതുപക്ഷ പാര്‍ട്ടികളുടെ കണ്വെന്ഷന് ചണ്ഢീഗഢില്‍ സമരപ്രഖ്യാപനം നടത്തിയിരിക്കുന്നു. സി.പി.എം, സി.പി.ഐ, സി.പി.എം പഞ്ചാബ്, സി.പി.ഐ.എം.എല്‍ ലിബറേഷന്‍ എന്നീ പാര്‍ട്ടികളുടെ സംയുക്ത കണ്‍വന്‍ഷനായിരുന്നു അത്. ആദ്യ ഘട്ടമെന്ന നിലയില്‍ സെപ്തംബര്‍ 2 മുതല്‍ 5വരെ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വേരുകള്‍ ആഴത്തിലുണ്ട് പഞ്ചാബില്‍. അവിടെനിന്നുള്ള പുതിയ തുടക്കം സ്വാഗതാര്‍ഹമാണ്.
ഈ സമരൈക്യം ആവേശകരമാണെങ്കിലും അതു ശക്തിപ്പെടണമെങ്കില്‍ സാമ്രാജ്യത്വ ആഗോളവത്ക്കരണത്തിനെതിരായ രാഷ്ട്രീയ നിലപാടുകള്‍ക്ക് വ്യക്തതയും കണിശതയും വേണം. പാര്‍ട്ടി പരിപാടിയില്‍ സിപിഎം 2000ല്‍ വരുത്തിയ മാറ്റം അതിനനുഗുണമായിരുന്നുവോ എന്നു പുനപ്പരിശോധിക്കണം. പരിപാടി മാറ്റത്തിന്റെ തണലില്‍ കയ്യൊപ്പുവെച്ചു നടത്താനാരംഭിച്ച പരിഷ്ക്കരണ ശ്രമങ്ങളില്‍നിന്ന് പാര്‍ട്ടിക്കു പിന്വാങ്ങാനാവുമോ? നന്ദിഗ്രാം മുതല്‍ മൂലമ്പള്ളിവരെ സ്വീകരിച്ച നിലപാടുകള്‍ ശരിയായിരുന്നുവോ?
പൊള്ളാനിടയുള്ള ചര്‍ച്ചകള്‍ക്കൊന്നും ആരും സന്നദ്ധരാവുന്നല്ല എന്നതാണു വാസ്തവം. മുകള്‍ത്തട്ടില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തമ്മിലുണ്ടാക്കുന്ന സഖ്യവും മുന്നണിയും പാര്‍ലമെന്ററി പരിഹാരമല്ല,അവസരവാദമാണ്. ജനാധിപത്യ മതനിരപേക്ഷ കക്ഷികളുടെ ഐക്യമെന്നത് ആകര്‍ഷകമായ കാര്യംതന്നെ. എന്നാല്‍, അതു രൂപപ്പെടുത്തേണ്ടത് കടുത്ത ജീവല്‍ പ്രശ്നങ്ങളിലേക്കും ജീവന്മരണ സമരങ്ങളിലേക്കും തള്ളിവിടപ്പെടുന്ന ജനലക്ഷങ്ങളോടുള്ള പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലായിരിക്കണം. അവരുടെ സമരങ്ങളില്‍ കൂട്ടുചേര്ന്നുകൊണ്ടായിരിക്കണം. അതിനു തടസ്സം പാര്‍ട്ടി പരിപാടി പരിഷ്ക്കരിച്ചതാണെങ്കില് ആ ഭാഗം മരവിപ്പിക്കുകയോ പിന്‍വലിക്കുകയോ വേണം. പുതിയ സമരകാലത്തിനു യോജിച്ചവിധമാണ് ഇടതുപക്ഷത്തിന്റെ പരിപാടികള്‍ക്കു രൂപം നല്‍കേണ്ടത്. ആ വിധമാണ് തിരുത്തലുകള്‍ വരുത്തേണ്ടത്.
ചുരുക്കത്തില്‍, പുതിയ മുതലാളിത്തത്തിന്റെ അക്രമോത്സുക പടയോട്ടത്തില്‍ ഇരകളാക്കപ്പെടുന്ന മുഴുവന്‍ ജനവിഭാഗങ്ങളുടെയും വിപുലമായ സമരൈക്യമാണ് ഇന്ത്യയിലെ പുതിയ ഇടതുപക്ഷമുന്നേറ്റത്തിന് അടിത്തറയാകേണ്ടത്. അതു മറച്ചുവെച്ചുകൊണ്ടുള്ള ഒരു മുദ്രാവാക്യവും സ്വീകാര്യമാവില്ല.