Article POLITICS

നയം തിരുത്തുമോ വെട്ടി നിരത്തുമോ?

പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല ,സമീപഭൂതകാലത്തു രാജ്യത്താകെ പാര്‍ട്ടിയുടെ ജനസ്വാധീനത്തിലുണ്ടായ പിറകോട്ടടിയുടെ അടിസ്ഥാനത്തിലും രാഷ്‌ട്രീയ സമീപനം പുനപ്പരിശോധിക്കേണ്ടതുണ്ടെന്നു സി പി എമ്മിന്റെ കേന്ദ്രനേതൃത്വം തിരിച്ചറിഞ്ഞിരിക്കുന്നു. അങ്ങനെയൊരു പ്രഖ്യാപനത്തോടെയാണ്‌ ദില്ലിയില്‍ ചേര്‍ന്ന നേതൃയോഗങ്ങള്‍ സമാപിച്ചത്‌. പിശക്‌ രാഷ്‌ട്രീയ നയത്തിന്റെതായതുകൊണ്ടാണ്‌ പരാജയത്തിന്റെ കാരണം നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്‌. പുതിയ നയം അവതരിപ്പിക്കേണ്ടി വരുമ്പോള്‍ പുതിയ നേതൃത്വവും രൂപപ്പെടാതെ വയ്യ. കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ പാരമ്പര്യമതാണ്‌.

ഇപ്പോഴുണ്ടായ ആഘാതം പാര്‍ട്ടിയുടെ കണ്ണു തുറപ്പിച്ചുവെന്നു തോന്നുന്നു. നയസമീപനത്തിലാണ്‌ പാളിച്ചയെന്ന വിമര്‍ശനം ഉയര്‍ന്നു വരുമ്പോഴൊക്കെ വാശിയോടെ പ്രതിരോധിച്ചിരുന്ന രീതി നേതൃത്വം തിരുത്തിയിരിക്കുന്നു. നവ ഉദാരവത്‌ക്കരണത്തിന്റെ സ്വാധീനം ഇന്ത്യന്‍ സമൂഹത്തെയും വര്‍ഗ ഘടനയെയും ഏതു വിധത്തിലാണ്‌ സ്വാധീനിച്ചതെന്നു വീണ്ടും പരിശോധിക്കും. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്‌ അംഗീകരിച്ച പ്രമേയത്തില്‍ തിരുത്തലുകളാവശ്യമെങ്കില്‍ അതിനും തയ്യാറാവുമെന്ന്‌ കാരാട്ടു പറയുന്നു. ഇനി എങ്ങോട്ട്‌ എന്നാണ്‌ കാത്തിരുന്നു കാണാനുള്ളത്‌.

സി പി എമ്മിന്റെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്ന പ്രധാന പാളിച്ച, ആഗോളവത്‌ക്കരണ സാമ്പത്തിക നയങ്ങളോടും അതിന്റെ ഭാഗമായ കോര്‍പറേറ്റ്‌ വികസന അജണ്ടകളോടും സമരസപ്പെടുന്ന നിലപാടിലേക്കു പാര്‍ട്ടി മാറി എന്നതായിരുന്നു. പുത്തന്‍ സാമ്പത്തിക നയം നടപ്പാക്കിത്തുടങ്ങിയ തൊണ്ണൂറുകളില്‍ ബംഗാളിലും കേരളത്തിലും അധികാരത്തിലിരുന്ന ഇടതുപക്ഷ സര്‍ക്കാറുകളും സാമ്രാജ്യത്വാശ്രിത വികസന പദ്ധതികള്‍ക്കാണ്‌ മുന്‍കയ്യെടുത്തത്‌. ഡി പി ഇ പി മുതല്‍ ജനകീയ ആസൂത്രണം വരെയുള്ള പദ്ധതികള്‍ ഘടനാപരമായ പരിഷ്‌ക്കാരങ്ങള്‍ക്കുള്ള മുന്നൊരുക്കമായിരുന്നുവെന്ന്‌ ഞങ്ങളില്‍ ചിലരൊക്കെ വിമര്‍ശനമുന്നയിച്ചിരുന്നു. വാട്ടര്‍ അതോറിറ്റി പോലുള്ള സര്‍ക്കാര്‍ സംവിധാനത്തെ നോക്കുകുത്തിയാക്കി മാറ്റി ജലനിധി പദ്ധതി കൊണ്ടുവന്നപ്പോഴും ലോകബാങ്കിനെ കൂടുതല്‍ക്കൂടുതല്‍ ആശ്രയിക്കാന്‍ ഉത്സാഹം കാണിച്ചപ്പോഴും വരാന്‍പോകുന്ന അപകടത്തെപ്പറ്റി സൂചനകള്‍ നല്‍കിയിരുന്നു. ഈ പരീക്ഷണങ്ങള്‍ സമസ്‌ത മേഖലകളിലേക്കും വ്യാപകമാക്കി. മൂലധനശക്തികള്‍ക്കും സാമ്രാജ്യത്വ ധനകാര്യ സ്ഥാപനങ്ങള്‍ക്കും വലിയ പരിഗണന ലഭിച്ചു. തൊഴിലവകാശങ്ങള്‍ കാറ്റില്‍ പറന്നു. താല്‍ക്കാലിക ജീവനക്കാര്‍ മതിയെന്നായി. സംഘടിത ശക്തികള്‍ ദുര്‍ബ്ബലമായി. അസംഘടിത മേഖലയില്‍ ചൂഷണം വര്‍ധിച്ചു. മിനിമം കൂലിപോലും കിട്ടാക്കനിയായി. കോര്‍പറേറ്റു മൂലധനത്തിന്റെ നീരാളിക്കൈകള്‍ എത്തിയേടത്തെല്ലാം അസ്വസ്ഥത പുകഞ്ഞു. മലകളും നദികളും നീര്‍ത്തടങ്ങളും അക്രമിക്കപ്പെട്ടു. നിസ്വരായ മനുഷ്യര്‍ കിടപ്പാടങ്ങളില്‍നിന്നും തൊഴിലിടങ്ങളില്‍നിന്നും കൂട്ടത്തോടെ പുറന്തള്ളപ്പെട്ടു തുടങ്ങി. വികസനത്തിന്റെ ഇരകളുടെ വലിയ നിരകള്‍ സൃഷ്‌ടിക്കപ്പെട്ടു. അവരുടെ അസ്വസ്ഥതകളിലും പ്രക്ഷോഭങ്ങളിലും സി പി എം എത്തിനോക്കിയില്ല. വികസിത കേരളവും വികസിത ഇന്ത്യയുമാണ്‌ അവര്‍ ലക്ഷ്യമാക്കിയത്‌. ഏതു വലതുപക്ഷ പ്രസ്ഥാനവും ഉയര്‍ത്തുന്ന മുദ്രാവാക്യം.

അധ്വാനിക്കുന്ന വര്‍ഗത്തിലും കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരിലും ഉണ്ടായ മാറ്റം പരിശോധിക്കുമെന്നും കാരാട്ടു പറയുന്നു. ലോകസഭയില്‍ പ്രവര്‍ത്തിച്ചുകൊണ്ടും അതിനുമുമ്പും കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ എ കെ ജിയും ട്രേഡ്‌ യൂണിയന്‍ പടുത്തുയര്‍ത്തുന്നതില്‍ ഇ ബാലാനന്ദനും നല്‍കിയ സേവനങ്ങള്‍ ഓര്‍മ്മയില്‍ വേണം. കര്‍ഷകത്തൊഴിലാളി യൂണിയന്‍ സെക്രട്ടറിയായി ദീര്‍ഘകാലം കഴിഞ്ഞ വിജയരാഘവനോ കര്‍ഷകസംഘം നേതാവായ എസ്‌ രാമചന്ദ്രന്‍ പിള്ളക്കോ മൂന്നു സംസ്ഥാനങ്ങള്‍ക്കു പുറത്ത്‌ ഒരിഞ്ചു മുന്നേറാനായില്ല. എകെജിക്കും ബാലാനന്ദനും ലഭിച്ചിട്ടില്ലാത്ത ഉന്നത വിദ്യാഭ്യാസവും ഭാഷാ ജ്ഞാനവും പുതിയ നേതാക്കള്‍ക്കുണ്ടായിരുന്നുവെങ്കിലും അതവരെയോ പാര്‍ട്ടിയെയോ തുണച്ചില്ല. എന്തായിരുന്നു തടസ്സമെന്ന്‌ അവര്‍തന്നെ വ്യക്തമാക്കട്ടെ. അംഗങ്ങളുടെ വര്‍ധനവു ചൂണ്ടിക്കാട്ടി ഇതര സംസ്ഥാനങ്ങളിലെ ഇടതുപക്ഷ മുന്നേറ്റത്തെപ്പറ്റി പതിവ്‌ വായ്‌ത്താരിയാണ്‌ പുറപ്പെടുവിക്കുന്നതെങ്കില്‍ കഷ്‌ടം,കഷ്‌ടം എന്നേ പറയാനാവൂ. പുതിയ നേതാക്കളെ ഒറ്റതിരിച്ച്‌ അപമാനിക്കാനല്ല എന്റെ ശ്രമം. മറിച്ച്‌ അവര്‍ പിന്തുണയ്‌ക്കുകയും നടപ്പാക്കുകയും ചെയ്‌ത നയം ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ വളര്‍ച്ചയ്‌ക്കു സഹായകമായിരുന്നില്ലെന്ന്‌ ചൂണ്ടിക്കാട്ടുകയാണ്‌.

ജനകീയപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയും ജനാധിപത്യ അവകാശങ്ങളും മതനിരപേക്ഷതയും സംരക്ഷിക്കാനും സമരരംഗത്തിറങ്ങുമെന്നും കാരാട്ടു പറയുന്നു. ജനകീയപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി നടത്തിയ സമരങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞില്ലെന്ന പരാതി സിപിഎമ്മിനു നേരത്തേയുണ്ട്‌. ജനങ്ങള്‍ക്കുവേണ്ടി നടത്തിയ സമരങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തമുണ്ടായില്ലെന്നായിരുന്നു വ്യസനം. അതേസമയം ജനങ്ങള്‍ ജീവല്‍ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി നടത്തുന്ന ഒട്ടേറെ സമരങ്ങളിലേക്ക്‌ സി പി എം ഉള്‍പ്പെടെ ഒരു രാഷ്‌ട്രീയപ്രസ്ഥാനവും തിരിഞ്ഞു നോക്കിയില്ലെന്ന വാസ്‌തവവുമുണ്ട്‌. അതേക്കുറിച്ച്‌ അവര്‍ക്കിപ്പോഴും മിണ്ടാട്ടമില്ല. സമരത്തിനു തീയതി കുറിക്കാനും നേതൃത്വം നല്‍കാനും ഞങ്ങള്‍ക്കാണ്‌ അവകാശം വേണ്ടവരെല്ലാം ഞങ്ങള്‍ക്കു പിറകില്‍ അണി നിരന്നാല്‍ മതി എന്നാണ്‌ ഭാവം. അതിനൊരു മാറ്റവും വരുന്നില്ല. ജനങ്ങള്‍ക്കുവേണ്ടി സമരം പ്രഖ്യാപിക്കുകയും നടത്തുകയും ചെയ്യുന്നതുപോലെ പ്രധാനമാണ്‌ ജനങ്ങളുടെ സമരത്തില്‍ സഹകരിക്കുകയും അതു വിജയിപ്പിക്കുകയും ചെയ്യുക എന്നതും. സമീപകാലത്തെ ജനങ്ങളുടെ അവകാശ സമരങ്ങളില്‍ ഏറ്റവും പിന്തിരിപ്പന്‍ നിലപാടാണ്‌ സിപിഎം കൈക്കൊണ്ടിട്ടുള്ളത്‌. അത്‌ അവര്‍ സ്വീകരിച്ച നയത്തിന്റെ ജനവിരുദ്ധതയും പാപ്പരത്തവും മൂലമാണ്‌.

പുതിയ മുതലാളിത്ത വികാസം ഉത്‌പാദനത്തുറയിലുണ്ടാക്കിയ മാറ്റമോ അസംഘടിതരോ തിരിച്ചറിയപ്പെടാത്തവരോ ആയ ഉത്‌പാദനശക്തികളുടെ പിടച്ചിലുകളോ സിപിഎം അറിഞ്ഞില്ല. പഴയ മുതലാളിത്ത ഘട്ടത്തില്‍ പട്ടിക തിരിച്ചുവെച്ച അധ്വാനശക്തികളുടെ സംഘടനാസ്വരൂപങ്ങളുണ്ടാക്കിയും കെട്ടുകാഴ്‌ച്ചകള്‍ നടത്തിയും വിപ്ലവ മന്ത്രങ്ങളുരുക്കഴിച്ചും കാലം കഴിക്കുകയാണവര്‍. ഇതു പരിശോധിക്കാനും തിരുത്താനുമാണ്‌ സി പി എം ഉദ്ദേശിക്കുന്നതെങ്കില്‍ അത്‌ അഭിനന്ദനീയവും സ്വാഗതാര്‍ഹവുമാണ്‌.

പക്ഷെ, കേരളത്തിലും ബംഗാളിലുമുണ്ടായ പരാജയത്തിന്റെ കാരണം തിരക്കുമ്പോള്‍,സത്യത്തെ നേരിടാനുള്ള മടി പ്രകടമാണ്‌. ജനങ്ങളില്‍നിന്ന്‌ ഒറ്റപ്പെടാനും കാരാട്ടുതന്നെ ചൂണ്ടിക്കാട്ടുന്നപോലെ ഇടതുപക്ഷത്തിന്റെ വോട്ടു ബിജെപിയിലേക്കു പോകാനും ഇടയാക്കിയ സാഹചര്യം എന്തായിരുന്നു? ജനങ്ങള്‍ക്കു ബോധ്യമാകുന്ന ഒരു കാരണമെങ്കിലും പറയാന്‍ കാരാട്ടിനു കഴിയണമായിരുന്നു. ഇന്ത്യന്‍ പാര്‍ട്ടിക്കുതന്നെ അഭിമാനവും മാതൃകയുമായിരുന്നു കേരളത്തിലെ പാര്‍ട്ടിയെന്ന പഴയ നേതാക്കളുടെ വെളിപ്പെടുത്തലുകള്‍ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ട്‌. എണ്‍പതുകളുടെ തുടക്കത്തില്‍ ബംഗാള്‍ പാര്‍ട്ടിയില്‍ ആശയ വ്യതിയാനം പ്രകടമായപ്പോള്‍ മുതല്‍ 1996ല്‍ കേനന്ദ്രത്തില്‍ ഗവണ്‍മെന്റുണ്ടാക്കുന്നതില്‍ പാര്‍ട്ടി വഹിക്കേണ്ട പങ്കു നിശ്ചയിക്കുന്നതില്‍വരെ കേരളത്തിന്റെ അഭിപ്രായം നിര്‍ണായകവും പ്രത്യയശാസ്‌ത്രബദ്ധവുമായിരുന്നു.തൊണ്ണൂറുകളില്‍ കേരളാപാര്‍ട്ടിയില്‍ അരങ്ങേറിയ കൊട്ടാര വിപ്ലവവും അധികാരാരോഹണവും സ്ഥിതി മാറ്റി മറിച്ചു. വലതുപക്ഷ വ്യതിയാനത്തിലും മുതലാളിത്ത വികസന കാഴ്‌ച്ചപ്പാടിലും വര്‍ഗീയവാദ ബന്ധങ്ങളിലും മറ്റിടങ്ങളുമായി മത്സരിക്കാനായി കേരളഘടകത്തിന്റെ വാസന.

ഇതെവിടെയാണ്‌ സിപിഎമ്മിനെ എത്തിച്ചത്‌? കോര്‍പറേറ്റ്‌ അധികാര ശൃംഖലകളിലും അഴിമതി ക്വട്ടേഷന്‍ മാഫിയാ ദുഷ്‌പ്രവണതകളിലും ഇതരജീര്‍ണതകളിലുമല്ലേ? അതു തിരുത്താതെ ജനവിശ്വാസമാര്‍ജ്ജിക്കുന്നതെങ്ങനെ? ജനങ്ങളുടെ യജമാനന്മാരായി ജനങ്ങള്‍ക്കു ഒന്നും മനസ്സിലാക്കാനുള്ള ശേഷിയില്ലെന്ന മട്ടില്‍ അധികാരവും ആജ്ഞയും പ്രയോഗിക്കുന്ന രീതി അവര്‍ തിരുത്തണം. പഴയ നേതാക്കളുടെ ത്യാഗത്തിന്റെയോ സമരപാരമ്പര്യത്തിന്റെയോ ഓര്‍മ്മയില്‍ ജനം എക്കാലത്തും ഇവരോടു ക്ഷമിക്കുകയില്ല എന്നു കൂടി തെരഞ്ഞെടുപ്പുഫലത്തിന്‌ അര്‍ത്ഥമുണ്ട്‌.

കോര്‍പറേറ്റ്‌ വലതുപക്ഷ ആക്രമണങ്ങളുടെ യുദ്ധ സമാനമായ അന്തരീക്ഷത്തെ നേരിടേണ്ടിവരുന്ന സാഹചര്യമാണ്‌ രാജ്യത്തു വന്നു ചേര്‍ന്നിരിക്കുന്നത്‌. ആ ഗൗരവത്തില്‍ തിരുത്തലുകള്‍ വരുത്തി ഇടതുപക്ഷം ശക്തിയാര്‍ജ്ജിക്കേണ്ടതുണ്ട്‌. ജനങ്ങള്‍ തീര്‍ച്ചയായും അതാണാഗ്രഹിക്കുന്നത്‌. താല്‍ക്കാലികമായ അതിജീവനത്തിന്റെ യുക്തികള്‍ തേടുക മാത്രമാണെങ്കില്‍ കമ്യൂണിസ്റ്റു നാമധേയമുള്ള മുന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയായിപ്പോലും സി പി എമ്മിനു നില്‍ക്കാനാവില്ല.

10 ജൂണ്‍ 2014

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )