അച്ചടി മാധ്യമരംഗത്തു വിദേശനിക്ഷേപമാവാം എന്ന സമ്മതം ഇന്ത്യാഗവണ്മെന്റിന്റെ ദയനീയമായ കീഴടങ്ങലാണ്. ആറു പതിറ്റാണ്ടു മുമ്പ് ഇന്ത്യയിലെ ആദ്യ പ്രസ് കമ്മീഷനും ആ സമിതിയുടെ നിര്‍ദ്ദേശപ്രകാരം നെഹ്റു ഗവണ്മെന്റും സ്വീകരിച്ച നിലപാടുകളാണ് നിഷ്ക്കരുണം കയ്യൊഴിക്കപ്പെട്ടത്. വിദേശദിനപത്രങ്ങളോ ഇതര കാലിക പ്രസിദ്ധീകരണങ്ങളോ ഭാവിയില്‍ നമ്മുടെ രാജ്യത്തു പ്രസിദ്ധീകരിക്കാന്‍ അനുവാദം നല്‍കരുത്. പ്രധാനമായും കാലിക വിഷയങ്ങളും വാര്‍ത്തകളും കൈകാര്യം ചെയ്യുന്ന പ്രസിദ്ധീകരണങ്ങളുടെ ഇന്ത്യന്‍ എഡിഷന് ആരംഭിക്കാനും അനുവാദം നല്കിക്കൂടാ. ഈ രണ്ടു വാക്യങ്ങളും നെഹ്റുവിന്റെ മന്ത്രിസഭ 1955ല്‍ അംഗീകരിച്ച പ്രമേയത്തിലേതാണ്.
സ്വാതന്ത്ര്യം കിട്ടി മൂന്നു വര്‍ഷം കഴിയുംമുമ്പുതന്നെ അമേരിക്കന്‍ രഹസ്യാന്വേഷണ സ്ഥാപനങ്ങളുടെയും ഫണ്ടിംഗ് ഏജന്‍സികളുടെയും ഓഫീസ് ദില്ലിയില്‍ തുറക്കാനും ഗ്രാമീണ വികസനാസൂത്രണത്തില്‍ നേരിട്ട് ഇടപെടാനും ശ്രമമുണ്ടായതാണല്ലോ. അന്നുതന്നെ അതു തുറന്നു കാട്ടാനും ചെറുത്തുനില്ക്കാനും ജനകീയ സമരശക്തി ജാഗ്രതകാട്ടി. കമ്യൂണിസ്റ്റു പ്രസ്ഥാനവും കര്ഷകസംഘവുമാണ് അതിന് നേതൃത്വം നല്‍കിയത്. ഒരു നവസ്വതന്ത്ര രാഷ്ട്രത്തിന് അതിന്റെ ദേശീയ താല്‍പ്പര്യം സംരക്ഷിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവ് നെഹ്റുവിനുമുണ്ടായി.
1952ല്‍ ജസ്റ്റിസ് ജെ.രാജാധ്യക്ഷയുടെ നേതൃത്വത്തിലാണ് ആദ്യത്തെ പ്രസ് കമ്മീഷന് രൂപീകരിക്കപ്പെട്ടത്. ഡോ. സി.പി.രാമസ്വാമി അയ്യര്‍, ആചാര്യ നരേന്ദ്രദേവ്, ഡോ.സക്കീര്‍ ഹുസൈന്, ഡോ.വി.കെ.വി റാവു എന്നിവരായിരുന്നു അംഗങ്ങള്‍. ഇന്ത്യന്‍ പത്രപ്രവര്‍ത്തനരംഗത്തെ മികവുറ്റതാക്കുന്നതിനും രാജ്യതാല്‍പ്പര്യം ഉയര്ത്തിപ്പിടിക്കാനാവുംവിധം കാര്യക്ഷമമാക്കുന്നതിനുമുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കാനായിരുന്നു ഈ കമ്മീഷന് നിയോഗിക്കപ്പെട്ടത്. 1966ല്‍ ഇന്ത്യന്‍ പ്രസ്കൗണ്‍സിലിന്റെ രൂപീകരണത്തിനിടയാക്കിയ ആദ്യ ചുവടുവെപ്പായിരുന്നു അത്. ആ കമ്മീഷന് മുന്നോട്ടുവെച്ച ശുപാര്‍ശകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിദേശ ഇടപെടലുകളുണ്ടാവരുത് എന്നത്.
ഇന്ത്യന്‍ മാധ്യമരംഗം വെട്ടിപ്പിടിക്കാനുള്ള വിദേശമൂലധനക്കോയ്മകളുടെ ശ്രമം പല ഘട്ടങ്ങളിലുമുണ്ടായി. അപ്പോഴെല്ലാം ഈ തത്വത്തില്‍ ഉറച്ചുനില്‍ക്കാനുള്ള സമ്മര്‍ദ്ദമാണ് ഇന്ത്യന്‍ മാധ്യമരംഗത്തുനിന്നും പൊതുസമൂഹത്തില്നിന്നുമുണ്ടായത്. ഇന്ത്യന്‍ പത്രലോകം ഇന്ത്യന്‍ കൈകളിലായിരിക്കണമെന്നാണ് അതിന്റെ ധനനിക്ഷേപത്തെസംബന്ധിച്ചും ഉന്നത ചുമതലയുള്ള പത്രപ്രവര്‍ത്തകരെക്കുറിച്ചും എടുത്തുപറഞ്ഞുകൊണ്ടുതന്നെ കമ്മീഷന് നിര്‍ദ്ദേശിച്ചിരുന്നത്. ഇത് പലവട്ടം ഇന്ത്യന്‍ ഭരണകൂടത്തെ ഓര്‍മ്മിപ്പിക്കേണ്ടി വന്നിട്ടുണ്ട്. 1955 സെപ്തംബര്‍ 13 നു ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം ഇന്ത്യന്‍ പത്രനയത്തിന്റെ അടിസ്ഥാന രേഖയായി അംഗീകരിച്ചത് രാജാധ്യക്ഷ കമ്മീഷന്റെ റിപ്പോര്‍ട്ടാണല്ലോ. ഇതു മറ്റൊരു വിദഗ്ധ സമിതിയുടെയും അന്വേഷണമോ ശുപാര്‍ശയോ കൂടാതെ ബഹു രാഷ്ട്രകുത്തകകളുടെയോ കോര്‍പറേറ്റുകളുടെയോ ഇംഗിതങ്ങള്‍ക്കു വഴങ്ങി അട്ടിമറിക്കാനാണ് ശ്രമമുണ്ടായതെന്നത് ലജ്ജാകരമാണ്.
അടിയന്തിരാവസ്ഥക്കു ശേഷം ജനതാപാര്‍ട്ടിയുടെ നേതൃത്വത്തില്‍ അധികാരമേറ്റ ഗവണ്മെന്റ് നിശ്ചയിച്ച രണ്ടാം പ്രസ് കമ്മീഷനും അടിസ്ഥാന നയങ്ങളില്‍ മാറ്റം വരുത്തുകയുണ്ടായില്ല. രാജ്യത്തിന്റെ വികസനത്തിനാണ് മുഖ്യ ഊന്നല്‍ നല്‍കേണ്ടത് എന്നു നിരീക്ഷിക്കുമ്പോഴും ഇന്ത്യന്‍ പ്രസ്സിന്റെ സ്വാതന്ത്ര്യത്തെയും ഇന്ത്യനായിരിക്കേണ്ടതിന്റെ ആവശ്യകതയെയും ഉയര്‍ത്തിപ്പിടിച്ചു.
ആഗോളവത്ക്കരണ നയങ്ങളുടെ നടത്തിപ്പുകാലം വന്നപ്പോഴാണ് സാമ്പത്തിക ശക്തികളുടെ സമ്മര്‍ദ്ദം ശക്തമായത്. ഇന്ത്യന്‍ കുത്തകകള്‍തന്നെ വിദേശ നിക്ഷേപത്തിന് പരവതാനി വിരിക്കണമെന്ന് ആവശ്യപ്പെട്ടുതുടങ്ങി. ഇത്തരം ഇടപാടുകളിലെല്ലാം ഗുണഭോക്താക്കളായി വളര്‍ന്നുവന്ന രാഷ്ട്രീയ ദല്ലാളന്മാരും വിദേശനിക്ഷേപത്തിന് മുറവിളി കൂട്ടിത്തുടങ്ങി. 1950കളിലെ അച്ചടി മാധ്യമലോകമല്ല ഇന്നത്തേത് എന്ന കാരണമാണ് അവര്‍ പ്രധാനമായും ഉന്നയിച്ചത്. അക്ഷരങ്ങളില്‍നിന്ന് ദൃശ്യങ്ങളിലേക്കുണ്ടായ പരിവര്‍ത്തനവും നവ ഉദാരലോകത്തിന്റെ സവിശേഷതകളുമാണ് അവര്‍ ചൂണ്ടിക്കാണിച്ചത്. ദേശീയത സംബന്ധിച്ച സങ്കല്പ്പത്തിലും വലിയ മാറ്റങ്ങളുണ്ടായെന്നു ചൂണ്ടിക്കാണിക്കപ്പെട്ടു. മൂലധനത്തിന്റെയും വിപണിയുടെയും അന്താരാഷ്ട്രവത്ക്കരണത്തിനു മുമ്പില്‍ പഴയ രേഖകള്‍ക്ക് ഒരു മൂല്യവും പരിഗണിക്കപ്പെട്ടില്ല.
പുതിയ ശതകത്തിന്റെ തുടക്കത്തില്‍തന്നെ സര്‍ക്കാറിന്റെ നിലപാടുമാറ്റം പ്രകടമായി. ജനരോഷത്തെ ഭയന്നതിനാല്‍ ധൃതി പിടിച്ചു നടപ്പാക്കാനായില്ലെന്നുമാത്രം. ഒരു ദശകംകൂടി പിന്നിട്ടപ്പോള്‍ പാര്‍ലമെന്ററി കമ്മറ്റിയുടെ ശുപാര്ശവന്നു. 26 ശതമാനത്തോളം വിദേശ നിക്ഷേപമാവാം എന്നതായിരുന്നു അത്. ഈ തീരുമാനം വലിയൊരു വിപത്തിന്റെ ആരംഭമാണെന്ന് മാധ്യമവിമര്ശകര് എഴുതി. പരസ്യങ്ങളില്‍ പിടി മുറുക്കി പിന്‍വാതിലിലൂടെ ഇന്ത്യന്‍ മാധ്യമലോകത്തെ ചൊല്പ്പടിയില് നിര്‍ത്താന്‍ കോര്‍പറേറ്റുകള്‍ക്ക് അനുവാദം നല്‍കലാണ് നടന്നതെന്നായിരുന്നു വിമര്‍ശനം. ഏറ്റവുമേറെ സബ്സിഡിയില്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണ് ഇന്ത്യന്‍ മാധ്യമരംഗം. പ്രത്യേകിച്ചും പത്രലോകം. ഉത്പാദനച്ചെലവുകളെക്കാള് കുറഞ്ഞ വിലയ്ക്ക് പത്രം ലഭിക്കുന്നത് അതുകൊണ്ടാണ്. എല്ലാ മേഖലയിലുമെന്നപോലെ സബ്സിഡി നിലയ്ക്കുന്നതോടെ വന്‍കിട കോര്‍പറേറ്റുകള്‍ക്കുമാത്രം കൈകാര്യം ചെയ്യാവുന്ന മേഖലയായി മാധ്യമരംഗം മാറും. കോര്‍പറേറ്റുകളുടെ കടുത്ത മത്സരങ്ങളുടെ വേദിയായി അതു മാറും. വാര്‍ത്തകള്‍ക്കും വിനോദങ്ങള്‍ക്കും വലിയ വില നല്‍കേണ്ടിവരും. ജ്ഞാന സമ്പദ്ഘടനയുടെ വിധാതാക്കള്‍ നമ്മുടെ അറിവവകാശവും സാക്ഷരതയും തട്ടിപ്പറിച്ചെടുക്കും. സാംസ്ക്കാരികവും രാഷ്ട്രീയവുമായ ദേശീയതയുടെ അടിവേരുകള്‍ തോണ്ടി അധിനിവേശ താല്‍പ്പര്യങ്ങളുടെ അടിമകളാക്കി മാറ്റും. ഒന്നാം പ്രസ്കമ്മീഷന് ചൂണ്ടിക്കാട്ടിയ അപകടം വാ പിളര്‍ന്നു നമുക്കു മുന്നില്‍ വന്നു നില്‍ക്കുകയാണ്.
നരേന്ദ്രമോഡി ഗവണ്മെന്റ് അധികാരമേറ്റ് എഴുപത്തിരണ്ടു മണിക്കൂറുകള്‍ പിന്നിടുന്നതിനു മുമ്പാണ് രണ്ട് വിനാശകരമായ പ്രസ്താവനകള്‍ പുറത്തു വന്നിരിക്കുന്നത്. പ്രതിരോധ രംഗത്തും മാധ്യമരംഗത്തും നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിക്കാനുള്ള നീക്കമാണത്. ഏതൊരു രാഷ്ട്രത്തിന്റെയും മര്‍മ്മപ്രധാനമായ രണ്ടു മേഖലകളാണവ. അവിടെ സ്വന്തം രാജ്യത്തിന്റെ പരമാധികാരം നില നിര്‍ത്തണമെന്ന രാഷ്ട്ര നിര്‍മ്മാതാക്കളായ മഹാനേതാക്കളുടെയും വിദഗ്ധസമിതികളുടെയും ഉപദേശങ്ങള്‍ അട്ടിമറിക്കപ്പെടുകയാണ്. 2013 ജൂണില്‍ സാമ്പത്തിക കാര്യ സെക്രട്ടറി അരവിന്ദ് മായാറാമിന്റെ നേതൃത്വത്തില്‍ മന്‍മോഹന്‍സിംഗ് ഗവണ്മെന്റ് നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടിരുന്നു. വിദേശമൂലധനത്തിനു വിപുലമായ തോതില്‍ മാധ്യമരംഗം തുറന്നുകൊടുക്കാനുള്ള ഔപചാരിക ചുവടുവെപ്പായിരുന്നു അത്. ആ നീക്കത്തിന്റെ ഭയാനകമായ പൂര്‍ത്തീകരണമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.
സ്വദേശി ജാഗരണത്തിന്റെ മുഖംമൂടിയണിഞ്ഞ് ദീര്‍ഘകാലം ജനങ്ങളെ കബളിപ്പിച്ചവരാണ് മര്‍മ്മപ്രധാനമായ മേഖലകള്‍ വിദേശ കോര്‍പറേറ്റുകള്‍ക്കു തീറെഴുതിയിരിക്കുന്നത്. തങ്ങള്‍ സാമ്പത്തിക മൗലികവാദികളോ കടും പിടുത്തക്കാരോ അല്ലെന്ന് സാമ്രാജ്യത്വ യജമാനന്മാരെ ബോധ്യപ്പെടുത്താനുള്ള തത്രപ്പാടിലാണവര്‍. പഴയ വരേണ്യ മതാത്മക ഹിന്ദുത്വമല്ല,കോര്‍പറേറ്റു ഫാഷിസമാണ് അണിയറയില്‍ തയ്യാറെടുക്കുന്നതെന്നു വ്യക്തം. ഒരുങ്ങിക്കൊള്ളുവിന്‍ എന്ന മുന്നറിയിപ്പാണത്.
2 ജൂണ്‍ 2014