Article POLITICS

ആം ആദ്‌മി പാര്‍ട്ടിയും ബി.രാജീവന്റെ ജൈവരാഷ്‌ട്രീയവും

Image

ആം ആദ്‌മി പാര്‍ട്ടി മായുന്ന സ്വപ്‌നമോ എന്ന ശീര്‍ഷകത്തില്‍ ബി.രാജീവന്‍ മാതൃഭൂമിയുടെ എഡിറ്റോറിയല്‍ പേജിലെഴുതിയ (മാതൃഭൂമി ദിനപത്രം 29 മെയ്‌ 2014) ലേഖനം ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ഏക ബദല്‍ ആം ആദ്‌മിയാണെന്ന നിരീക്ഷണമാണ്‌ മുന്നോട്ടുവെക്കുന്നത്‌. അദ്ദേഹം എഴുതുന്നു: ബി.ജെ.പിയും കോണ്‍ഗ്രസ്സും മുതല്‍ മാവോവാദി ഗ്രൂപ്പുകള്‍വരെയുള്ള പാര്‍ട്ടികളെല്ലാം ഭിന്ന മാര്‍ഗങ്ങളിലൂടെയാണെങ്കിലും ഭരണകൂടാധികാരത്തെ ലക്ഷ്യം വെക്കുന്നവയാണ്‌. ഭരണകൂടാധികാരത്തെ കേന്ദ്രമാക്കുന്ന ഈ പരമ്പരാഗത രാഷ്‌ട്രീയത്തിന്റെ ചട്ടക്കൂടിനു പുറത്ത്‌ ഭരിക്കപ്പെടുന്നവരുടെ അധികാരത്തിന്റെ രാഷ്‌ട്രീയം കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്ന ഒരു വേറിട്ട പ്രസ്ഥാനമായാണ്‌ ആം ആദ്‌മി പാര്‍ട്ടി രംഗത്തേക്കു വന്നത്‌.

ഇത്‌ എത്രമാത്രം ശരിയാണ്‌? ദില്ലിയിലെ ശ്രദ്ധേയമായ ചില ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ടുണ്ടായ ഉണര്‍വ്വാണ്‌ ആ പ്രസ്ഥാനത്തിന്റെ പിറവിക്കു ഹേതുവെന്ന്‌ സമ്മതിക്കാം. കോര്‍പറേറ്റനുകൂല ദുര്‍ന്നയങ്ങളും അവയുടെ കൂടപ്പിറപ്പായ അഴിമതിയും ഇതര ജീര്‍ണതകളും പെരുകിവരികയും രാജ്യത്തെ അധികാരബദ്ധ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെല്ലാം അതിന്റെ പങ്കുകാരാകുകയും ചെയ്‌ത സന്ദര്‍ഭമായതിനാല്‍ പുതിയ പ്രസ്ഥാനം വലിയ പ്രതീക്ഷകളുണര്‍ത്തുകയും ചെയ്‌തു. ദില്ലി തെരഞ്ഞെടുപ്പു വിജയം പുതിയ ജനജാഗ്രതയുടെയും ബദലന്വേഷണത്തിന്റെയും രാഷ്‌ട്രീയാന്തരീക്ഷത്തിന്‌ ഊര്‍ജ്ജം പകര്‍ന്നു. പക്ഷെ, ഇതൊക്കെയുണര്‍ത്തിയെടുത്ത പുതിയ ഉത്തരവാദിത്തത്തെ ഏറ്റെടുക്കാനുള്ള സൈദ്ധാന്തികമോ പ്രായോഗികമോ ആയ ശേഷി ആ പ്രസ്ഥാനത്തിനുണ്ടായിരുന്നില്ല എന്നതല്ലേ വാസ്‌തവം?

രാജീവന്‍ അവകാശപ്പെടുന്നതുപോലെ ആം ആദ്‌മി പാര്‍ട്ടി ഭരണകൂടാധികാരത്തെ ലക്ഷ്യം വെക്കുന്നില്ലെന്ന്‌ എങ്ങനെ പറയാനാവും? സമരകാലമല്ല, അധികാരാരോഹണകാലമാണ്‌ ആ പ്രസ്ഥാനത്തെ രാജ്യത്തെങ്ങും സ്വീകാര്യമാക്കിയത്‌. നിയമസഭയിലേക്കും ലോകസഭയിലേക്കും മത്സരിക്കുമ്പോള്‍ തങ്ങളുടെ ശേഷിക്കപ്പുറത്തേക്കു കടക്കാന്‍ അവര്‍ക്കുള്ള പ്രേരണ രണ്ടാവാനേ തരമുള്ളു. ഒന്ന്‌ വ്യാപകമായ ജനകീയാംഗീകാരം ഉറപ്പാക്കുക. രണ്ട്‌, ഭരണാധികാരത്തിലെത്തുക. നിലവിലുള്ള വ്യവസ്ഥയില്‍ ബഹുസ്വരമായ ജനകീയാധികാരത്തിന്റെ ജൈവരാഷ്‌ട്രീയത്തിന്‌ പ്രായോഗികമുഖം കണ്ടെത്താന്‍ ആ പ്രസ്ഥാനം എങ്ങനെ ശ്രമിച്ചുവെന്നാണ്‌ നാം കരുതേണ്ടത്‌?

പുതിയ മുതലാളിത്തത്തിന്റെ രാഷ്‌ട്രീയ പുനര്‍ക്രമീകരണത്തിന്റെ രാഷ്‌ട്രാന്തരീയ അജണ്ടക്കു കീഴ്‌പ്പെട്ടാണ്‌ നമ്മുടെ രാജ്യത്തെ ഭരണകൂടവും പ്രവര്‍ത്തിച്ചുപോരുന്നത്‌. ജീവിതത്തിന്റെ സമസ്‌തമേഖലകളെയും അതു കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്നു. ജനജീവിതത്തിന്റെ ഓരോ തുടിപ്പിലും ഈ അധിനിവേശത്തിനെതിരായ പിടച്ചിലുകള്‍ നിറയുന്നുണ്ട്‌. കാരണമറിയാതെയും അറിഞ്ഞുമുള്ള അസ്വസ്ഥതകളുടെ പുകച്ചിലുകളാണവ. ഭരിക്കപ്പെടുന്നവരുടെ അധികാരത്തിന്റെ ഉണ്മയും പ്രവര്‍ത്തനരൂപവുമായ ജൈവരാഷ്‌ട്രീയത്തിന്റെ നൂതന കര്‍ത്തൃത്വം അവിടെയല്ലേ തെളിയേണ്ടത്‌? ഓരോ ആവശ്യങ്ങളെ പ്രമാണിച്ച്‌ തടിച്ചുകൂടുന്ന ആള്‍ക്കൂട്ടങ്ങളില്‍ ജനാധികാര രാഷ്‌ട്രീയത്തിന്റെ സൂക്ഷ്‌മങ്ങളുണ്ടെന്ന്‌ രാജീവന്‍തന്നെ ജൈവരാഷ്‌ട്രീയവും ജനസഞ്ചയവും എന്ന പുസ്‌തകത്തില്‍ വിശദീകരിക്കുന്നുണ്ടല്ലോ. ഈ രാഷ്‌ട്രീയ ബഹുസ്വരതയെ പുതിയ രാഷ്‌ട്രീയ ബദലായി പരിവര്‍ത്തിപ്പിക്കാനുള്ള എന്തുപായമാണ്‌ ആം ആദ്‌മി പാര്‍ട്ടിയുടെ കൈവശമുള്ളത്‌? അഥവാ ആ ചെറുതുകളുടെ ചെറുത്തുനില്‍പ്പുകളെ അതേവിധം നിലനിര്‍ത്തുകയാണ്‌ വേണ്ടതെങ്കില്‍ രാഷ്‌ട്രീയാധികാര മത്സരത്തില്‍ പങ്കുചേരുന്നതെന്തിനാണ്‌?

ഇങ്ങനെയൊരു ബാധ്യത നിര്‍വ്വഹിക്കണമെങ്കില്‍, ആദ്യമുണ്ടാവേണ്ടത്‌ നമ്മുടെ ഗവണ്‍മെന്റിന്റെയും കോര്‍പറേറ്റ്‌ മുതലാളിത്തത്തിന്റെയും പ്രായോഗിക പദ്ധതികളും കൗശലങ്ങളും തിരിച്ചറിയണം. അവ വേരുകളാഴ്‌ത്തുന്ന ഇന്ത്യന്‍ വരേണ്യഗൃഹാതുരതയുടെ ഗൂഢലക്ഷ്യങ്ങളറിയണം. അവ തിരുത്താനും നവലോകം നിര്‍മ്മിക്കാനും വേണ്ട ജനകീയോര്‍ജ്ജമാണ്‌ സംഭരിക്കേണ്ടത്‌. അതാണ്‌ ബദല്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം. ഈ കേന്ദ്ര ലക്ഷ്യം മറന്നോ മറച്ചുവെച്ചോ ഉള്ള പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യവേധിയാവുകയില്ല. അഴിമതിക്കോ ഇതര ജീര്‍ണതകള്‍ക്കോ എതിരായുള്ള ഉപ സമരങ്ങള്‍ താല്‍ക്കാലിക വിജയങ്ങളോ ആരവങ്ങളോ ഉണ്ടാക്കിയെന്നു വരാം. അതുപോലും പ്രസക്തമാകുന്ന കാലമാണിതെന്നു വിസ്‌മരിക്കുന്നില്ല. എന്നാല്‍,കുറെക്കൂടി ഗൗരവതരമായ അന്വേഷണങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കുമാണ്‌ നാം ഒരുങ്ങേണ്ടത്‌.

ഇരുണ്ടുതുടങ്ങിയ ഇന്ത്യന്‍ ജനജീവിതത്തിന്റെ ഒരു ദുരന്തസന്ദര്‍ഭത്തിലാണ്‌ ആം ആദ്‌മി പാര്‍ട്ടിയിലൂടെ ഭരിക്കപ്പെടുന്നവരുടെ ബദല്‍ രാഷ്‌ട്രീയത്തിന്റെ ശബ്‌ദം ഉയരാന്‍ തുടങ്ങിയത്‌ എന്ന രാജീവന്റെ നിരീക്ഷണം ഭാഗികമായേ ശരിയാവുന്നുള്ളു. സന്ദര്‍ഭത്തെക്കുറിച്ചുള്ള പരാമര്‍ശം ശരിയാണെങ്കിലും ഉയര്‍ന്നത്‌ ബദല്‍ രാഷ്‌ട്രീയത്തിന്റെ ശബ്‌ദമാണെന്നു പറയാനാവില്ല. അത്‌ രാജീവന്റെ അമിതമായ അവകാശവാദമാണ്‌. അദ്ദേഹത്തിനു സമര്‍ത്ഥിക്കേണ്ട ജനസഞ്ചയ രാഷ്‌ട്രീയത്തിനുള്ള ഒരു ന്യായവാദം. പാശ്ചാത്യ ആധുനിക മുതലാളിത്തത്തിന്റെ ശാസ്‌ത്രവാദപരവും വസ്‌തുവാദപരവുമായ ഏകപക്ഷീയ ഭൗതികവാദത്തിനും വ്യക്തിസ്വത്വവാദപരമായ ലിബറല്‍ ജനാധിപത്യ രാഷ്‌ട്രീയത്തിനും ബദലായി രൂപപ്പെട്ട സ്‌പിനോസിസ്റ്റ്‌ ഭൗതികവാദത്തിന്റെയും സമ്പൂര്‍ണ ജനാധിപത്യത്തിന്റെയും വീണ്ടെടുപ്പാണല്ലോ രാജീവന്റെ ലക്ഷ്യം.

ഈ രാഷ്‌ട്രീയ കാഴ്‌ച്ചപ്പാടാണ്‌ അദ്ദേഹത്തെ മഹാത്മാഗാന്ധിയിലെത്തിക്കുന്നത്‌. ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം ഇന്ത്യ സ്വതന്ത്രമാവുക എന്നാല്‍, ഇന്ത്യന്‍ ജനതക്കുമേല്‍ പ്രയോഗിക്കപ്പെടുന്ന ബ്രിട്ടീഷ്‌ മുതലാളിമാരുടെ അധികാരത്തെ ഇന്ത്യന്‍ മുതലാളിമാര്‍ക്കു കൈമാറുക എന്നതായിരുന്നില്ല. മറിച്ച്‌ മുകളില്‍നിന്നുള്ള അധികാരപ്രയോഗമില്ലാതെ ഇന്ത്യന്‍ ഗ്രാമങ്ങളിലെ മനുഷ്യര്‍ക്ക്‌ അവരുടെ സ്വാധികാര പ്രകാശനത്തിനുള്ള സ്വാതന്ത്ര്യം കൈവരിക്കുക എന്നതായിരുന്നു. ഇത്രയും കാണുന്ന മാര്‍ക്‌സിസ്റ്റ്‌ ചിന്തകനെന്ന്‌ അറിയപ്പെടുന്ന രാജീവന്‍ സ്വകാര്യസ്വത്തിനെയും ഭരണകൂടത്തെയും മാറ്റി നിര്‍ത്തി ജനകീയാധികാരം ലക്ഷ്യമാക്കുന്ന മാര്‍ക്‌സിസത്തെയും കാണാതിരിക്കുന്നില്ല. പക്ഷെ അദ്ദേഹം, ആം ആദ്‌മി പ്രസ്ഥാനത്തിനുമുമ്പ്‌ പരമ്പരാഗത യൂറോപ്യന്‍ രാഷ്‌ട്രീയത്തിന്റെ മാതൃകയെ തീര്‍ത്തും തള്ളിക്കളഞ്ഞുകൊണ്ട്‌ അതിന്‌ നേര്‍വിപരീതമായ ഒരു ബദല്‍ രാഷ്‌ട്രീയ മാതൃക അവതരിപ്പിച്ച ഇന്ത്യന്‍ നേതാവായി ഗാന്ധിജിയെ അവതരിപ്പിക്കുന്നു. ഗാന്ധിജിക്കു ശേഷം കെജ്രിവാള്‍ എന്ന അവകാശവാദം മാത്രമല്ല ഇവിടെ ശ്രദ്ധിക്കാനുള്ളത്‌. ഇരുപതുകള്‍ മുതല്‍തന്നെ കോണ്‍ഗ്രസ്സിനകത്തു നടന്ന രൂക്ഷമായ രാഷ്‌ട്രീയ സമരങ്ങളുടെ അന്തസ്സത്ത അദ്ദേഹം വിസ്‌മരിക്കുകയും ചെയ്യുന്നു. മുകളില്‍നിന്ന്‌ അധികാരപ്രയോഗമില്ലാതെ എന്നുപറയുമ്പോള്‍ ഏതു തരം രാഷ്‌ട്രീയാധികാരമാണത്‌ എന്നു വിശദീകരിക്കേണ്ടി വരുന്നു. അല്ലാത്തപക്ഷം ഗാന്ധിയന്‍ ബദലെന്നല്ല ഗാന്ധിയന്‍ ഉട്ടോപ്യ എന്നാണ്‌ വിളിക്കേണ്ടി വരിക. ആദ്യകാല ഇന്ത്യന്‍മുതലാളിത്തത്തോടുള്ള പ്രതികരണമാണ്‌ ഗാന്ധിജിയുടേതെങ്കില്‍ ഉത്തരാധുനിക ദാര്‍ശനിക സമസ്യയാണ്‌ രാജീവനെ നയിക്കുന്നത്‌. ദൈവമില്ലെങ്കിലും പ്രപഞ്ചമുണ്ടെന്നും രാജാവില്ലെങ്കില്‍ അരാജകവാദമാവില്ലെന്നുമുള്ള ഉത്തരാധുനിക തീര്‍ച്ചയാണത്‌.

ജനാധിപത്യത്തിന്റെ പേരില്‍ ജനങ്ങളെ നിലനില്‍ക്കുന്ന വ്യവസ്ഥയോട്‌ ചേര്‍ത്തുനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍തന്നെ അവരെ അധികാരകേന്ദ്രങ്ങളില്‍നിന്ന്‌ അകറ്റിനിര്‍ത്തുകകൂടി ചെയ്യുന്ന ഇരട്ടമുഖമുള്ള ഒരു യന്ത്രമായാണ്‌ പരമ്പരാഗത രാഷ്‌ട്രീയം പ്രവര്‍ത്തിക്കുന്നത്‌. തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തില്‍ പങ്കാളിയാകുന്ന ആം ആദ്‌മി പാര്‍ട്ടി എങ്ങനെയാണ്‌ അതില്‍നിന്ന്‌ വ്യത്യസ്‌തമായി പ്രവര്‍ത്തിക്കുന്നതെന്നും രാജീവന്‍ വിശദീകരിക്കേണ്ടതുണ്ട്‌. ലിബറല്‍ ജനാധിപത്യയുഗത്തിലെ പരീക്ഷണങ്ങളിലൊന്ന്‌ എന്നേ എഎപി പരീക്ഷണത്തെയും കാണാനാവൂ. സ്‌പിനോസിയന്‍ സിദ്ധാന്തങ്ങള്‍ക്കു സാധൂകരണമാകാന്‍ അതു രാജീവനെ തുണയ്‌ക്കുകയില്ല.

സമരോത്സുകമായ ജനസഞ്ചയങ്ങള്‍ കേരളത്തിലും രാജ്യത്താകെയും പിടഞ്ഞുണരുമ്പോള്‍ ആ സമരപഥങ്ങളിലൊന്നും ഇത്ര ആവേശത്തോടെ രാജീവന്‍ പ്രത്യക്ഷപ്പെട്ടുകാണാറില്ല. അതിനെക്കാള്‍ ജാഗ്രതയോടെ പ്രത്യക്‌ഷപ്പെടുക അധികാരകേന്ദ്രീകരണമുണ്ടെന്ന്‌ അദ്ദേഹംതന്നെ വിമര്‍ശിക്കുന്ന താരതമ്യേന വലിയ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വേദികളിലാണുതാനും. ആം ആദ്‌മി പ്രസ്ഥാനം രൂപപ്പെടുംമുമ്പുതന്നെ പിറവിയെടുത്തതും ഇപ്പോഴും തുടരുന്നതുമായ സമരോത്സുക ജനസഞ്ചയങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്‌. അതുസംബന്ധിച്ച്‌ അദ്ദേഹത്തിന്റെ നിലപാടുകളറിയാന്‍ ആഗ്രഹമുണ്ട്‌.

സംഘപരിവാറിന്റെ രാഷ്‌ട്രീയം മാറ്റത്തിനു വിധേയമായിട്ടുണ്ട്‌ എന്ന നിരീക്ഷണം ശ്രദ്ധേയമാണ്‌. കൂടുതല്‍ കോര്‍പറേറ്റുവത്‌ക്കരിക്കപ്പെട്ട തീവ്ര വലതുപക്ഷത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായാണ്‌ ആ മാറ്റം. അതേസമയം സംഘപരിവാറിന്റെ ഈ പുതിയ രാഷ്‌ട്രീയഘട്ടത്തെ അഭിമുഖീകരിക്കാന്‍ ആം ആദ്‌മി പാര്‍ട്ടി മുന്നോട്ടുവെച്ച ബദല്‍ രാഷ്‌ട്രീയത്തിനേ സാധിക്കൂ എന്ന വിശകലനം അപക്വമായി. തന്റെ ജനസഞ്ചയ രാഷ്‌ട്രീയം ചാരി വെക്കാന്‍ വളരെ ദുര്‍ബ്ബലമായ കാലുകളാണ്‌ രാജീവന്‌ ലഭിച്ചിരിക്കുന്നത്‌. ഇടതുപക്ഷ രാഷ്‌ട്രീയത്തിന്‌ പ്രസക്തി നഷ്‌ടപ്പെട്ടുവെന്ന ഏറ്റുപറച്ചില്‍ വലതുപക്ഷ പാളയത്തില്‍ വീണുപോയ പ്രസ്ഥാനങ്ങളെ സംബന്ധിച്ചാണെങ്കില്‍പ്പോലും വീണ്ടുവിചാരത്തിന്‌ വിധേയമാക്കേണ്ടതുണ്ട്‌. സമത്വലോകമെന്ന സങ്കല്‍പ്പം എല്ലാ അധികാരങ്ങളുടെയും നിരാസമോ സ്വാധികാരപൂര്‍ണമായ ഉയിര്‍പ്പോ ആവാമല്ലോ. അങ്ങനെയൊരു ലക്ഷ്യത്തെപ്പറ്റി സംസാരിക്കുന്നതുതന്നെ തീവ്ര വലതുപക്ഷ യുഗത്തില്‍ ജനകീയ രാഷ്‌ട്രീയത്തിന്റെ ചെറുത്തുനില്‍പ്പാണ്‌.

29 മെയ്‌ 2014

14 അഭിപ്രായങ്ങള്‍

 1. ഞാന്‍ സോഷ്യളിസത്തെ വിമര്സികുന്നത് അത് ഒരു spent force ആനു എന്ന കാഴ്ചപാടില്‍ ആനു .
  ഒരു പര്ളിമെന്ടരി ഘടന എന്തെന്ന് അനുഭവിച്ച ഇന്ത്യന്‍ സമൂഹം സ്ടാലിന്റെ , മാവോയുടെ , ലെനിന്റെ ഒരു സാമൂഹിക ഘടന ( സ്ഥിരമായ ഒരു ചുവപ്പന്‍ അടിയതിരവസ്ഥ ഭരണകൂടത്തെ) ഒരികലും ഇഷ്ടപെടില്ല എനതു മനസിലാകാത്ത കമുനിസ്ടുകള്‍ എങ്ങിനെ ഇവിടെ നില നില്‍കാന്‍ ആനു ?

  Like

 2. Being that you are the first representatives of the element of Air does
  NOT mean the sign of the Twins is the most basic,
  generic, or prehistoric model of Air signed cognition, whereas Libra and Aquarius take what few novel ideas Gram and Gramps Gemini hack up and add all the modern mental accoutrements and intellectually
  enhancing upgrades. Together with the rebel leader and others, Riggs stirs up some good-old-fashioned revolution against the local tyrant Lionwhyte (Judas Priest lead singer Rob Halford) and his boss,
  the supremely evil Doviculus (Tim Curry, ladies and gentlemen).
  This also comes loaded with a no surveys download
  to get the castle clash android cheats that much easily.

  Like

 3. 4 large aperture lens, and adds AF, exposure adjustment and facial
  recognition features, except the pixel is less than i – Phone 4S’s 8 megapixel, other shooting parameters fully move closer to i
  – Phone 4S. The chart shows you the six-month trend of foreclosures in Palm Beach County where we still have an auction every
  day of the week Monday through Friday. There may also be many wild and
  unspoilt beaches with famously a selection or either white, red or black sand – perfect places to sleep the night and enjoy the pleasures of paradise that is
  known.

  Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )