രാജി ഒരു പ്രവര്‍ത്തനമാണെന്ന് എം എന്‍ വിജയന് പറഞ്ഞതോര്‍ക്കുന്നു. എം.എ ബേബിയുടെ രാജിചിന്തയാണ് ഇപ്പോള്‍ ആ ഓര്‍മ്മയുണര്‍ത്തുന്നത്. കൊല്ലം ലോകസഭാ മണ്ഡലത്തില്‍ പരാജിതനായപ്പോള്‍ തന്റെ നിയമസഭാമണ്ഡലമായ കുണ്ടറയിലും ആറായിരത്തിലേറെ വോട്ടിന് പിറകിലായത് ബേബിയെ സങ്കടപ്പെടുത്തുന്നു. എം.എല്‍ എ സ്ഥാനം രാജിവെക്കുന്നതാണ് ധാര്‍മികതയെന്ന് അദ്ദേഹം കരുതുന്നു. അക്കാര്യം അദ്ദേഹം സിപിഎം നേതൃത്വത്തെയും മാധ്യമപ്രവര്‍ത്തകരെയും അറിയിച്ചുകഴിഞ്ഞു.
രാജിവെക്കേണ്ടതുണ്ടെന്ന് സിപിഎം തീരുമാനിച്ചിട്ടില്ലെന്നാണ് സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ശനിയാഴ്ച്ച മാധ്യമങ്ങളോട് പറഞ്ഞത്. എന്തോ എവിടെയോ ചില ചേരായ്കകള്‍ പുറത്തുവരുന്നു. പാര്‍ട്ടി ഘടകത്തില്‍ പറയേണ്ടതും പറഞ്ഞിരിക്കാവുന്നതുമായ ഒരഭിപ്രായം ബേബി മാധ്യമങ്ങളെ അറിയിച്ചത് എന്തുകൊണ്ടാവും? ബേബി രാജിവെച്ചേക്കുമെന്ന് നേരത്തേ ചില മാധ്യമങ്ങളില്‍ വന്ന അഭ്യൂഹത്തെ തള്ളിക്കൊണ്ട് അങ്ങനെയൊരാലോചനയേ നടന്നില്ലെന്ന കോടിയേരിയുടെ പ്രസ്താവന വന്നു മണിക്കൂറുകള്‍ക്കകമാണ് ബേബി തുറന്നടിച്ചിരിക്കുന്നത്. തുടര്‍ന്നാണ് രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് പിണറായിയും പറഞ്ഞിരിക്കുന്നത്.
കേരളത്തില്‍നിന്നുള്ള മൂന്നു പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ പ്രസ്താവനകളാണ് നാം കണ്ടത്. ലോകസഭാ തെരഞ്ഞെടുപ്പിന്റെയും സിപിഎമ്മിന്റെയും ചരിത്രത്തിലാദ്യമായി ഏറ്റവും കനത്ത ആഘാതമേറ്റുവാങ്ങിയ സന്ദര്‍ഭമാണിത്. ഒമ്പതു സീറ്റും 3.2 ശതമാനം വോട്ടുമാണ് കിട്ടിയത്. ബംഗാളില്‍ സ്ഥിതി പരമദയനീയമായി. വെറും രണ്ടു സീറ്റിലേക്കാണ് മൂന്നര പതിറ്റാണ്ടിന്റെ മഹത്തായ പാരമ്പര്യം പ്രസ്ഥാനത്തെ എത്തിച്ചിരിക്കുന്നത്. ജനകീയ ആസൂത്രണമെന്ന ഒറ്റമൂലിയും രക്ഷിച്ചില്ല. മഹത്തായ രണ്ടു പരീക്ഷണശാലകളിലും വിജയന്മാഷ് മുന്നറിയിപ്പു നല്‍കിയപോലെത്തന്നെ സംഭവിച്ചു. ഇപ്പോഴെങ്കിലും ചിന്തിക്കേണ്ടേ,എന്താണ് പറ്റിയതെന്ന്.
ആള്‍ക്കൂട്ടത്തില്‍ നില്ക്കുമ്പോള് മൂക്കൊലിപ്പ് നന്നല്ല, മൂക്കടച്ചുപിടിക്കണം എന്നു പറയുന്നതുപോലെയാണ് പുതിയ ശുദ്ധീകരണവാദം ഉയര്‍ന്നുകേള്‍ക്കുന്നത്. മൂക്കൊലിപ്പിന് കാരണം ജലദോഷമാണ് അതില്ലാതാവണം എന്നല്ലേ കരുതേണ്ടത്? വ്യക്തികള്‍ ഗൗരവം കാണിക്കരുത്,ചിരിക്കണം, ജനങ്ങളെ പരിഗണിക്കണം എന്നൊക്കെ പറയാം. എന്നാല്‍, ജനങ്ങളെ ഏറ്റവുമേറെ മടുപ്പിക്കുന്ന ഈ പെരുമാറ്റങ്ങളുടെ പ്രേരണ വലതുപക്ഷാഭിമുഖ്യവും അധികാരബദ്ധതയുമാണെന്ന് ആര്‍ക്കാണറിയാത്തത്? അത്തരം വ്യതിയാനങ്ങള്‍ തിരുത്താനാണ് യഥാര്‍ത്ഥത്തില്‍ ഉത്സാഹിക്കേണ്ടത്. തെറ്റുതിരുത്തല്‍ കാമ്പെയിനും തെറ്റുതിരുത്തല്‍ പ്ലീനവും കഴിഞ്ഞിട്ടും തെറ്റകളുടെ പേമാരിതന്നെയാണ്. തെറ്റിച്ച അടിസ്ഥാന പ്രേരണകളെ അഭിമുഖീകരിക്കാനുള്ള ആര്‍ജ്ജവമോ ശേഷിയോ പ്രകടിപ്പിക്കാനാവാത്തതുകൊണ്ടാണത്.
മുതലാളിത്ത വ്യാവഹാരിക ക്രമങ്ങളിലെ വ്യക്തിധാര്മികതയെയാണോ ബേബി ഉയര്‍ത്തിപ്പിടിക്കുന്നത്? കമ്യൂണിസ്റ്റു പാര്‍ട്ടിക്കു കിട്ടിയ (തീര്‍ച്ചയായും അരിവാള്‍ ചുറ്റിക നക്ഷത്രത്തിന്) വോട്ടുകളുടെ കുറവിനും വര്‍ദ്ധനവിനും രാഷ്ട്രീയമായ കാരണങ്ങള്‍ കാണും. അതിനതീതമായ ഒരു സ്വാധീനം തനിക്കുണ്ടെന്നു ബേബി കരുതിയിരിക്കണം. അതുകൊണ്ടാണ് ഇത് പാര്‍ട്ടിയുടെയല്ല, തന്റെ പരാജയമാണെന്ന് ബേബിക്കുതോന്നുന്നത്. അങ്ങനെയെങ്കില്‍,കുണ്ടറയിലെ ജനങ്ങള്‍ക്കു അദ്ദേഹത്തെ ലോകസഭയിലേക്കുവിടാന് ഒട്ടും താല്പര്യമില്ലഎന്നും കരുതിക്കൂടേ?. നിയമസഭയില്‍ ബേബിയുണ്ടാവണമെന്ന് അവര്ക്കാഗ്രഹിക്കാമല്ലോ. അപ്പോള്‍ അവരുടെ ആഗ്രഹത്തിനെതിരായി ബേബി രാജിക്ക് ഒരുങ്ങുന്നത് എന്തിനാണ്?
ഇനി ഒരുപക്ഷെ, രാഷ്ട്രീയമായ കാരണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നതെങ്കിലോ? ഇടതുപക്ഷ രാഷ്ട്രീയത്തിന് പിന്തുണ കുറയുന്നതായി വിലയിരുത്താം. അതദ്ദേഹത്തിന്റെ മനസ്സിലുണ്ട്. അതുകൊണ്ടാണല്ലോ നേതാക്കള്‍ കുറെകൂടി വശ്യമായി പെരുമാറണം എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നത്. പാര്‍ട്ടിക്കേറ്റ പരാജയം മുന്‍നിര്‍ത്തി ഞാന്‍ രാജി വെക്കുന്നു; നിങ്ങളോ? എന്നൊരു ചോദ്യമായിരിക്കുമോ ബേബി പുറത്തുവിടുന്നത്? അങ്ങനെയെങ്കില്‍ രോഗലക്ഷണത്തെയല്ല, രോഗത്തെയാണ് അദ്ദേഹം ചൂണ്ടിക്കാണിക്കേണ്ടത്. നേതാക്കളുടെ പെരുമാറ്റദോഷമാണ് എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും കാരണമെന്ന വിലാപവും പൂപോലെ ചിരിക്കുന്ന മൃദുലഹൃദയനേതാക്കള് പ്രസ്ഥാനത്തിലുണ്ടെന്ന കണ്ണിറുക്കലും കൊട്ടാരവിപ്ലവത്തിന്റെ മോഹമുഖത്തുനിന്നുറവെടുക്കുന്നതാണ്. പാര്‍ട്ടിയില്‍ നേതാക്കളെ മാറ്റി പരീക്ഷിക്കൂ ഞാന്‍ തയ്യാര്‍ എന്നേ അതിനര്‍ത്ഥമുള്ളു.
പതനകാരണം കേരളത്തിലെങ്കിലും കണ്ണൂര്‍ നേതാക്കളില്‍ ചാരി പുതിയ ബിംബപ്രതിഷ്ഠകള്‍ക്ക് ഇത്രയൊക്കെ മതിയാവും. പതനത്തില്‍നിന്നു സിപിഎമ്മിനെ രക്ഷിക്കാന്‍ അതു മതിയാവില്ല. വരാനിരിക്കുന്ന സമ്മേളനകാലമേ മനസ്സിലുള്ളുവെങ്കില് ഇതു സമര്‍ത്ഥമായ ചുവടുവെപ്പുതന്നെ. കമ്യൂണിസ്റ്റു രാഷ്ട്രീയത്തെ കൊലയാളി രാഷ്ട്രീയവും മുതലാളി രാഷ്ട്രീയവും ജീര്‍ണ രാഷ്ട്രീയവുമെല്ലാമാക്കി മാറ്റിയതിന്റെ സകല പാപഭാരവും പിണറായിയിലും കണ്ണൂര്‍ നേതാക്കളിലും ചുമത്തിയാല്‍ കുറ്റം പറയാനുമാവില്ലല്ലോ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളില്‍ കമ്യൂണിസ്റ്റു രാഷ്ട്രീയത്തെ പുതിയ മുതലാളിത്ത നയങ്ങളിലേക്കും ശീലങ്ങളിലേക്കും നയിക്കാന്‍ ഏറെ കിണഞ്ഞു ശ്രമിച്ചവരില്‍ ഒരാളാണ് ബേബി. ആ അണുക്കളില്‍ മുങ്ങിക്കുളിച്ചതിന്റെ ഫലമാണ് ഇപ്പോഴുള്ള രോഗങ്ങള്‍. എം എല്‍ എസ്ഥാനം രാജിവെച്ചതുകൊണ്ടുമാത്രം ബേബി വിശുദ്ധനാവില്ല. തൊണ്ണൂറുകളുടെ മുക്കാല്‍ഭാഗവും വി എസ്സിനൊപ്പം നിന്നു സി ഐ ടി യു പക്ഷത്തിനെതിരെയും പിന്നീടിതുവരെ പിണറായിക്കൊപ്പംനിന്നു വി എസ് പക്ഷത്തിനെതിരെയും പട നയിച്ചവരില്‍ ഒരാളാണല്ലോ അദ്ദേഹം. അദ്ദേഹം ഏതു രാഷ്ട്രീയത്തിനൊപ്പം നിന്ന് ഏതു രാഷ്ട്രീയത്തെയാണ് തോല്‍പ്പിച്ചുകൊണ്ടിരുന്നത്? അപ്പോഴൊന്നും ഉയര്‍ന്നുകേട്ടിട്ടില്ലാത്ത ധാര്മികതാവാദം ഇപ്പോള്‍ പൊടുന്നനെ എവിടെനിന്നാണ് വന്നുവീണത്?
പാര്‍ട്ടി പങ്കാളിത്തജനാധിപത്യം പരീക്ഷിച്ചപ്പോള്‍, ലോകബാങ്ക് പദ്ധതികള്‍ക്കു വഴങ്ങിയപ്പോള്‍,മുതലാളിത്ത വികസനം അടിച്ചേല്പ്പിച്ചപ്പോള്, സാമ്രാജ്യത്വ സാമ്പത്തിക ഏജന്‍സികള്‍ക്കു വഴങ്ങിയപ്പോള്‍, മുതലാളിത്തജീര്ണതകള് പതുക്കെപ്പതുക്കെ അരിച്ചുകയറിയപ്പോള്‍, കുത്തകമുതലാളിമാരില്നിന്ന് പണയമായും സംഭാവനയായും കോടികള്‍ വാങ്ങിയപ്പോള്‍, വെറുക്കപ്പെട്ടവരുമായി ആത്മബന്ധമുണ്ടാക്കിയപ്പോള്, കൊലപാതകങ്ങള്‍ക്കു ക്വട്ടേഷന്‍ കൊടുത്തപ്പോള്‍, ശിക്ഷിക്കപ്പെട്ട കൊലയാളികള്‍ക്കു ഐക്യദാര്‍ഢ്യം നല്കിയപ്പോള്,അപ്പോഴൊന്നും ബേബി ആ വാക്കുച്ചരിച്ചു കണ്ടില്ലല്ലോ. രാജ്യത്തൊരുപാടിടങ്ങളില് പുതിയ മുതലാളിത്തം ജനങ്ങളെ കുടിയൊഴിച്ചുകൊണ്ടിരുന്നപ്പോള്, വ്യാപാരസമുച്ചയങ്ങളും സഞ്ചാരപഥങ്ങളും കുടിവെള്ള-ഭക്ഷ്യ-കൃഷി-തൊഴില്‍-സേവന മേഖലകളും മൂലധനശക്തികള്‍ വളച്ചുകെട്ടി അവകാശം സ്ഥാപിച്ചപ്പോഴും വീണ്ടുവിചാരമുണ്ടായില്ല ഒരു നേതാവിനും.
ഇതിനര്‍ത്ഥം, ഇനി അങ്ങനെയൊരു വീണ്ടുവിചാരമുണ്ടായാല്‍ അംഗീകരിക്കില്ല എന്നല്ല. തിരുത്തുമ്പോള്‍,അതു ജനങ്ങളെ മുന്‍നിര്‍ത്തിയെന്ന് അവകാശവാദമുന്നയിക്കുന്നുവെങ്കില്‍,ഇക്കാര്യങ്ങളിലെ നിലപാടുകള്‍കൂടി ഉറക്കെ പ്രഖ്യാപിക്കണം. അതല്ലാതെ ഇപ്പോഴുള്ള കളങ്കം നീങ്ങുകയില്ല. ബേബിക്കൊപ്പം യെച്ചൂരിയും പിബിയില്‍ രാജിസന്നദ്ധത പ്രകടിപ്പിച്ചതായി മാധ്യമങ്ങളില്‍ കാണുന്നു. കാരാട്ട് രാജിവെക്കണമെന്ന് സോമനാഥ ചാറ്റര്‍ജിയും ആവശ്യപ്പെട്ടിരിക്കുന്നു.
2005 ഏപ്രില്‍ 6മുതല്‍11വരെ ദില്ലിയില്‍ ചേര്‍ന്ന പതിനെട്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സാണ് പ്രകാശ് കാരാട്ടിനെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പതിമൂന്നാം കോണ്‍ഗ്രസ്സില്‍ സെന്റര്‍ സെക്രട്ടറിയേറ്റിലേക്കും പതിനാലാം കോണ്‍ഗ്രസ്സില്‍ പോളിറ്റ് ബ്യൂറോയിലേക്കും കാരാട്ടും യെച്ചൂരിയും രാമചന്ദ്രന്‍പിള്ളയും ഒന്നിച്ചാണ് എത്തിയത്. അതിലും സീനിയോറിറ്റിയുള്ളവര് ഇപ്പോള്‍ പിബിയിലില്ല. പന്ത്രണ്ടാം കോണ്ഗ്രസ്സു മുതല്‍ ഉണ്ടായിരുന്ന വി എസ് ഇപ്പോള്‍ കേന്ദ്രകമ്മറ്റിയിലേയുള്ളു.പരിഷ്ക്കരിച്ച പരിപാടിക്കു ന്യായവാദങ്ങള്‍ നിരത്തുന്ന യെച്ചൂരി, ബംഗാളിലെ മഹാപതനം കണ്ടതാണല്ലോ. ഏതു ന്യായവാദങ്ങള്കൊണ്ടാണ് അദ്ദേഹത്തിനത് തടഞ്ഞുനിര്‍ത്താനായത്?
യെച്ചൂരിയും ബേബിയും ആരംഭിച്ചുവെന്നു കരുതാവുന്ന പുതിയ പടപ്പുറപ്പാട് അടുത്ത കോണ്‍ഗ്രസ് മഹാമേളയുടെ അധികാരാരോഹണത്തിന്റെ അങ്കപ്പുറപ്പാടല്ലെങ്കില് അതവര് തെളിയിക്കട്ടെ. പാര്‍ട്ടിയുടെ പതനത്തിനു പിറകില്‍ പ്രത്യയശാസ്ത്ര നിലപാടുകളിലെ മുതലാളിത്താനുകൂല വ്യതിചലനമല്ലെങ്കില് പിന്നെയെന്തെന്ന് അവര്‍ വ്യക്തമാക്കട്ടെ.
25 മെയ് 2014