സി പി എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഒരു പ്രസ്താവന ഇന്നത്തെ(20 മെയ് 2014) പത്രത്തില്‍ കണ്ടു. ആര്.എം.പി യു ഡി എഫിന് വോട്ടു നല്‍കിയത് എന്തിനാണെന്നും യു ഡി എഫില്‍ ചേരുന്നുണ്ടോയെന്നും വ്യക്തമാക്കണമെന്നാണ് കോടിയേരി ആവശ്യപ്പെടുന്നത്. ചോദ്യത്തിന്റെ മറുപടിയിലേക്കു കടക്കുംമുമ്പ് ചോദ്യത്തില്‍ പ്രകടമാകുന്ന തിരിച്ചറിവിനെ അഭിനന്ദിക്കേണ്ടതുണ്ട്. യു ഡി എഫിന്റെ നയങ്ങളോടും പ്രവര്‍ത്തനങ്ങളോടും വിയോജിപ്പുള്ള പ്രസ്ഥാനമാണ് ആര് എം പിയെന്ന് അദ്ദേഹം സമ്മതിക്കുന്നു. സി പി എമ്മിന്റെ ഭാഗത്തുനിന്നായതുകൊണ്ട് അതൊരംഗീകാരംതന്നെയാണ്.
യു ഡി എഫിനോട് എന്നല്ല വലതുപക്ഷ-ജനവിരുദ്ധ നയങ്ങളോട് അതാരു നടപ്പാക്കുകയാണെങ്കിലും വിയോജിക്കുകയും എതിര്‍ക്കുകയും ചെയ്യുക എന്നതാണ് ആര്.എം.പിയുടെ നയം. എന്‍.ഡി.എയോടും യു പി എയോടും ശക്തമായ എതിര്‍പ്പാണുള്ളത്. കമ്യൂണിസ്റ്റ് ദര്‍ശനങ്ങള്‍ അംഗീകരിക്കുകയും സോഷ്യലിസത്തിനു വേണ്ടി പോരാടുകയും ചെയ്യുന്ന ഏതൊരു പ്രസ്ഥാനത്തോടും അനുഭാവവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുകയും ചെയ്യും. ചുരുങ്ങിയത് ജനങ്ങളുടെ ദൈനംദിനാവശ്യങ്ങള്ക്കുവേണ്ടിയുള്ള പോരാട്ടങ്ങളിലെങ്കിലും പങ്കെടുക്കുന്നവരോട് അനുഭാവവുമുണ്ട്. ആ നിലയ്ക്ക് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഐക്യനിരയിലാണ് ആര്.എം.പിയുടെയും സ്ഥാനം. എന്നാല്‍ ഇടതുപക്ഷ പുറന്തോടു നിലനിര്‍ത്തി വലതുബദലുകളിലൊന്നായി മാറുന്ന കപട ഇടതുപക്ഷത്തെ തുറന്നു കാണിക്കാനുള്ള ദൗത്യംകൂടി ആര്.എം.പിയില്‍ വന്നുചേര്‍ന്നിരിക്കുന്നു. ഇത് വൈയ്യക്തികമോ വൈകാരികമോ ആയ എതിര്‍പ്പുകളുടെ പ്രശ്നമല്ല.
അതി വിശാലവും ഭീതിദവുമായ ജനവിരുദ്ധ സഖ്യമാണ് വലതുപക്ഷ രാഷ്ട്രീയം കെട്ടിപ്പൊക്കിയിരിക്കുന്നത്. വലതു മാന്ത്രികതയുടെ വിരലുകള്‍ പ്രഖ്യാപിത ഇടതുപക്ഷ പ്രസ്ഥാനങ്ങളെപ്പോലും കോര്‍പറേറ്റനുകൂല നിലപാടുകളിലേക്കു വലിച്ചടുപ്പിച്ചിട്ടുണ്ട്. കോര്‍പറേറ്റ് വികസനമെന്നപേരുള്ള ജനവിരുദ്ധ വികസനമാണ് അവരുടെയും മുദ്രാവാക്യം. ജനകീയവും സമത്വോന്മുഖവുമായ ഒരു കാഴ്ച്ചപ്പാടു രൂപപ്പെടുത്താനുള്ള ബാധ്യതയില്‍നിന്നും അവര്‍ പിന്മാറിയിരിക്കുന്നു. നിര്‍ബന്ധിത സമരമുഖങ്ങളില്‍ ജീവിതം പൊരിയുന്ന ജനങ്ങള്‍ക്കൊപ്പം അവരെ കാണുന്നേയില്ല. ഈ സാഹചര്യത്തില്‍ പുതിയൊരു ജനപക്ഷ ഇടതുരാഷ്ട്രീയം രൂപപ്പെട്ടു വരണമെന്നു ഏതൊരു ഇടതുപക്ഷ അനുഭാവിയും ആഗ്രഹിക്കും. മുന്നണി രാഷ്ട്രീയത്തിന്റെ സംഘടിവും നിക്ഷിപ്തതാല്പര്യങ്ങളാല് അന്ധവുമായ പ്രവാഹങ്ങളില്‍നിന്നു ജനങ്ങളെ പുതിയ ബോധ്യത്തിലേക്ക് ഉണര്‍ത്തുക എളുപ്പമല്ല. വലതു മാന്ത്രികതയുടെ സ്വര്ഗസ്വപ്നങ്ങളില് വീണുപോകാനാവില്ല. വടകര സീറ്റ് തന്ന് ഞങ്ങളെ വിലയ്ക്കെടുക്കാനാവില്ലെന്ന് ചന്ദ്രശേഖരന്‍തന്നെ പറഞ്ഞിട്ടുണ്ടല്ലോ.
വളരെ വലിയൊരു പ്രസ്ഥാനമല്ല ആര്.എം.പി. വലിയൊരു ബാധ്യതയുടെ ഭാരമാണ് അതിനെ പ്രസക്തമാക്കുന്നത്. ചൂഷിത സമൂഹങ്ങളുടെ വിമോചനവുമായി ബന്ധപ്പെട്ട ഏറ്റവും അഭികാമ്യമായ കാഴ്ച്ചപ്പാടിന്റെ തെളിച്ചമാണ് നയിക്കുന്നതെങ്കിലും അതേറ്റെടുക്കാവുന്ന പ്രാപ്തനേതൃത്വമായി പാര്‍ട്ടി രൂപപ്പെട്ടിട്ടില്ല. അതിന്റെ ബാലാരിഷ്ടതകള്‍ മറച്ചുവെക്കേണ്ടതാണെന്നു കരുതുന്നുമില്ല. മൂലധനക്കോയ്മകളുടെ ഉള്ളംകയ്യില്‍ ആടിത്തിമര്‍ക്കുന്ന വലതുരാഷ്ട്രീയത്തിന്റെ കോമാളിരൂപങ്ങള്ക്കോ അതിനു കയ്യടിക്കുന്നവര്ക്കോ ചരിത്രത്തിലെ ഈ സന്ദിഗ്ധതകളെ അഭിമുഖീകരിക്കാനാവില്ല. പുതിയ മുതലാളിത്തം വിരിച്ചിട്ട വര്‍ണകമ്പളങ്ങള്‍ മാറ്റിയാലേ ദുരിതജീവിതം കാണാനാവൂ. ഞങ്ങള്‍ ആവുംവിധം അതു ചെയ്യാന്‍ ശ്രമിക്കുന്നു. പഴയ ഇടതുപ്രസ്ഥാനങ്ങള്‍ അതിന്റെ ഭൂതകാലോദ്ദേശ്യങ്ങളിലേക്കു തിരിച്ചെത്തിയിരുന്നെങ്കിലെന്ന് ഞങ്ങളും ആഗ്രഹിക്കുന്നു. ഒരു വലിയ ശുദ്ധീകരണത്തിനു വിധേയമാകാനും പ്രത്യയശാസ്ത്ര നിരാസത്തില്നിന്നു കരകയറാനും കഴിഞ്ഞാല്‍ അനിവാര്യമായ ബഹുജനമുന്നേറ്റത്തിന് നേതൃത്വം നല്കാന് അവര്ക്കുമാവും. അതിന് തയ്യാറുണ്ടോ എന്നതാണ് ചോദ്യം.
അവരതിന് തയ്യാറാകുന്നതിന്റെ ലക്ഷണമൊന്നും ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. ഏതെങ്കിലുമൊരു പാര്‍ട്ടി വോട്ടു മറിച്ചതല്ല അവര്‍ നേരിടുന്ന പ്രശ്നമെന്നെങ്കിലും സി പിഎം തിരിച്ചറിയണം. ബംഗാളില്‍ മൂന്നും നാലും സ്ഥാനങ്ങളിലേക്കു മൂക്കുകുത്തി വീഴാനും ലോകസഭയില്‍ ഒമ്പതു സീറ്റിലൊതുങ്ങാനും ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ടിംഗ് ശതമാനത്തിലേക്കു കൂപ്പുകുത്താനുമിടയാക്കിയത് ആര്.എം.പിയല്ല. അത്രയെങ്കിലും അവര്‍ക്കു സമ്മതിക്കാനാവുമോ? ആഗോളവത്ക്കരണകാലത്ത് തുടര്‍ച്ചയായി വോട്ടിംഗ് ശതമാനം കുറഞ്ഞുവരികയായിരുന്നു. അംഗത്വത്തിന്റെ തോതിലും കുറവെന്ന് സമ്മേളനരേഖകള് പറയുന്നു. കൊഴിഞ്ഞുപോക്കും വലിയ അളവിലായിരുന്നല്ലോ. യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ ഭയന്നിട്ടെന്ത്? ഈ വീഴ്ച്ചകള്ക്കിടയാക്കിയ പിശകുകള്‍ തിരുത്തുകയല്ലേ വേണ്ടത്?
വലതുജീര്ണതകളുടെ തീക്ഷ്ണത നിങ്ങളെക്കൊണ്ട് എന്തുമാത്രം ലജ്ജാകരമായ കൃത്യങ്ങള്‍ ചെയ്യിച്ചു! മഹാന്മാരായ നേതാക്കളെപ്പോലും വെട്ടിയൊതുക്കി. സമ്മേളനങ്ങളിലെ വോട്ടുകൊണ്ടുമുതല് നേരിട്ട് ആയുധങ്ങള്‍ ഉപയോഗിച്ചുവരെ. പണക്കാരെ പ്രീണിപ്പിച്ചും വിടുപണിചെയ്തും സമരപാരമ്പര്യത്തെ നിറംകെട്ടതാക്കി. അവിശുദ്ധ പണമിടപാടുകളിലും അഴിമതികളിലും ചാടിച്ചു. അധോലോക മാഫിയാ ബന്ധങ്ങള്‍ക്കു കീഴ്പ്പെടുത്തി. പോരാളികളെ പിറകില്‍നിന്നു വെട്ടാന്‍ ക്വട്ടേഷന്‍ സംഘങ്ങളെ പോറ്റുന്ന ദയനീയാവസ്ഥയിലേക്കു തള്ളി. അധികാരത്തിനുവേണ്ടി ആരുമായും ഏതു ബന്ധത്തിനും തയ്യാറായി. മതപുരോഹിതന്മാരെയും മാഫിയാസംഘങ്ങളെയും നമിച്ചുതുടങ്ങി. ഇനി എങ്ങോട്ടാണ് നിങ്ങള്‍ക്കു വീഴാനുള്ളത്? ഈ വഴിയില്‍ ആര്‍ക്കാണിനി നിങ്ങളെ സഹായിക്കാനാവുക?
ചന്ദ്രശേഖരന്റെ ചോരക്കു ബാലറ്റുപേപ്പറിലൂടെയെങ്കിലും ജനങ്ങള്‍ക്കു പകരം ചോദിക്കണമായിരുന്നു. ആര്.എം.പിക്കും. യു ഡി എഫിനെ അഥവാ സി പി എമ്മിന്റെ എതിര് സ്ഥാനാര്‍ത്ഥിയെ അക്കാരണംകൊണ്ടു പിന്തുണയ്ക്കാവുന്നതേയുള്ളു. എന്നാല്‍, ജനകോടികളെ ദുര്‍നയങ്ങള്‍കൊണ്ട് ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്ന ഭരണകൂടനയങ്ങള്‍ക്കെതിരെ പൊരുതാതെ ഈ തെരഞ്ഞെടുപ്പു കടന്നുപോയിക്കൂടാ. തെരഞ്ഞെടുപ്പില്‍ എല്ലാ വലതുപക്ഷ നിലപാടുകാര്‍ക്കുമെതിരെ പൊരുതുന്ന ഇടതു ഗ്രൂപ്പുകളെയും സമരപ്രസ്ഥാനങ്ങളെയും അണിനിരത്താന്‍ ഞങ്ങള്‍ ശ്രമിച്ചു. ഇതൊരു പുതിയ രാഷ്ട്രീയത്തിന്റെ തുടക്കമായാണ് കാണേണ്ടത്. ഇതിന്റെ മാറ്റം വരും കാലത്തു പ്രകടമാകും. വടകരയില്‍ പക്ഷെ ജനങ്ങള്‍ -ആര് എം പി യുടെ അനുഭാവികള്‍ ഉള്‍പ്പെടെ – കൊലച്ചോര പേറുന്ന ഒരു പ്രസ്ഥാനത്തെ ഒരു കാരണവശാലും വിജയിപ്പിക്കില്ല എന്നു തീരുമാനിക്കാനിടയായെങ്കില് അതിന്റെ കാരണക്കാരും സി പി എമ്മാണ്. കൊലക്കു പിന്നില്‍ മാത്രമല്ല കൊലയാളികള്ക്കൊപ്പവും നിലയുറപ്പിക്കുന്ന അശ്ലീലവും ജനാധിപത്യ മാനവിക മൂല്യങ്ങള്‍ക്കു നിരക്കാത്തതുമായ കൃത്യം ജനങ്ങളെ അത്രമാത്രം അലോസരപ്പെടുത്തിയിരിക്കണം.
യു ഡി എഫിലേക്കു പോകുന്നതോ അവര്‍ക്കു വോട്ടുചെയ്യുന്നതോ അത്രമാത്രം വെറുക്കപ്പെട്ടതാണെന്ന് സി പി എം കരുതുന്നുണ്ടോ? ഒരേ നയത്തിന്റെ നടത്തിപ്പുകാരായ ഇവര്‍ക്കിടയില്‍ എപ്പോഴാണ് ഇങ്ങനെയൊരു വേര്പിരിയലുണ്ടായത്. 2004ല്‍ ലോകസഭയില്‍ 43 സീറ്റു വാങ്ങുമ്പോള്‍ പല സംസ്ഥാനത്തും കോണ്‍ഗ്രസ്സുമായി ധാരണയുണ്ടായിരുന്നല്ലോ. ബംഗാളില്‍ ഇക്കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പില്‍പോലും കോണ്‍ഗ്രസ്സിന് വോട്ടുനല്കുമ്പോള് നിങ്ങളുടെ കൈവിറച്ചു കണ്ടില്ലല്ലോ. അവിടെ കോര്പറേഷന് പഞ്ചായത്തു ഭരണങ്ങളിലും അങ്ങനെയൊരു കൂട്ടുകെട്ടുണ്ടല്ലോ. അതങ്ങനെ മറച്ചുവെക്കാനാവുമോ? ദല്‍ഹിയില്‍ നേതാക്കള്‍ കാലങ്ങളായി വോട്ടുചെയ്തുപോന്നതും കോണ്‍ഗ്രസ്സിന്. ഇത്തവണ തിരുവനന്തപുരത്തു ബി ജെ പിക്കുപോലും വോട്ടുപോകുന്നതു കണ്ടു. എന്തുപറ്റി നിങ്ങള്‍ക്ക്? വാരണാസിയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് മോഡിയെ സഹായിക്കാനായിരുന്നുവോ?
ആഗോളവത്ക്കരണ ചൂഷണം വിപുലവും സൂക്ഷ്മവുമാകുമ്പോള് അതിനെതിരായ ഐക്യനിരയും സമരശക്തികളുടെ നേതൃത്വത്തില്‍ രൂപപ്പെടണം. വലതു അവസരവാദ പരിഷ്ക്കരണവാദ നിലപാടുകള്‍ നിങ്ങളുപേക്ഷിക്കണം. വലത് അവസരവാദ കക്ഷികളുമായുള്ള ബന്ധങ്ങളും അവസാനിപ്പിക്കണം. സമരശക്തികളായ സാമൂഹിക ഇടതുപക്ഷവും ആര് എം പിയുള്‍പ്പെടുന്ന ഇടതുമുന്നേറ്റവും സഹകരിക്കുന്ന വിപുലമായ ഇടതുമുന്നേറ്റത്തിന്റെ പ്രസക്തിയെപ്പറ്റി ചിന്തിക്കണം. അല്ലെങ്കില്‍ ഇനി ഏറെദൂരമൊന്നും നിങ്ങള്‍ക്കു പോകാനാവില്ല.
20 മെയ് 2014
“യു ഡി എഫി ലെക്ക് പോകുന്നതോ അവര്‍ക്ക് വോട്ട് ചെയ്യുന്നതോ വെറുക്കപ്പെട്ടതാണെന്നു സി പി എം കരുതുന്നുണ്ടോ/:“ എന്ന ചോദ്യത്തില്‍ തന്നെ മുല്ല്പ്പിള്ളിക്ക് വോട്ട് ചയ്തു എന്ന പരസ്യസമ്മതം ഉണ്ട്,,…എല്ലാവര്‍ക്കുമറിയാവുന്നതുപോലെ സി പി എം അതിന്റെ ചരിത്രത്തിലുടനീളം കോണ്‍ഗ്രസ്സ് എന്നു പ്രതിസ്ന്ധി നെരിട്ടോ അന്നൊക്കെ അതിനെ കൈയ് മെയ് മറന്നു സഹായിച്ചിട്ടേയുള്ളൂ..ഒന്നാം യു പി എ സര്‍ക്കാരിനെ പിന്തുണച്ചതും രാഷ്ട്രപതി തെരഞ്ഞെടൂപ്പില്‍ എടൂത്ത സമീപനവുമൊക്കെ അതി വിദൂരമല്ലാത്ത ഉദാഹരണങ്ങള്‍..മാത്രമല്ല നവലിബറല്‍ നയങ്ങള്‍ അധികാരമുള്ളിടത്തൊക്കെ കോണ്‍ഗ്രസ്സിനേക്കാള്‍ വേഗതയില്‍ നടപ്പാക്കാനും അവര്‍ തയ്യാറായി…അതിന്റെ ഒക്കെ പരിണിത ഫലമാാണു ഇന്നതു നേരിടുന്ന പ്രതിസന്ധിയും…ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന നാമകരണത്തിനു പോലും ആ പാര്‍ട്ടി യോഗ്യമല്ല.,,അതിന്റെ രാഷ്ട്രീയാപചയം ആ പാര്‍ട്ടിയുടെ ശവക്കുഴി തോണ്ടുന്നതിലെക്കെത്തിച്ചു….എന്നിട്ടും ടി പി വധവുമായി ബന്ധപ്പെട്ട സി പി എമ്മിന്റെ ഫാസിസ്റ്റ് നിലപാടിനെ ചെറുക്കാന്‍ കോണ്‍ഗ്രസ്സിനു വോട്ടു ചെയ്യുന്ന നിലപാട് രാഷ്ട്രീയമായി ന്യായീകരിക്കത്തതല്ല..( ആര് എം പി യുടെ പ്രധാനപ്പെട്ട പലപ്രവര്‍ത്തകരും ഇങ്ങ്നേയാണിതിനെ ന്യായീകരിക്കുന്നത്) സി പി എം അടക്കമുള്ള വ്യവസ്ഥാപിത ഇടതുപക്ഷം ഇന്ത്യന്‍ ഇടതുപക്ഷത്തെ ലിക്വിഡേറ്റ് ചെയ്യുകയായിരുന്നു ..വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ ഇന്നധികാരത്തില്‍ വരുന്നതിന്റെ ഉത്തര വാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനും അതിന്നാവില്ല ( വി പി സിങ് മന്ത്രി സഭയുടെ കാലം ഓര്‍ക്കാവുന്നതാണു) ആസാദ് തന്നെ സൂചിപ്പിക്കുന്ന ധനമൂലധനാ ധിനിവേശത്തിന്റെ ഭീകരവാഴ്ചയെ ചെറുക്കാന്‍ കെല്പൂള്ള രാഷ്ട്രീയ നേതൃത്വമായി ഇന്ത്യയിലെ ഇടതുപക്ഷത്തിന്നാകണമെങ്കില് എന്താണിടതുപക്ഷം എന്നും ഏതാണിടതു പക്ഷം എന്നുമുള്ള തിരിച്ചറിവ് വളരെ പ്രധാനപ്പെട്ടതാണു…ഈ തെരഞ്ഞെടുപ്പില്‍ പൊലും മമതാബാനര്‍ജിയുടെ സഖ്യകക്ഷിയായ S U C I യും പ്രത്യേക സാമ്പത്തിക മേഖലകളോടും ,ആണവനിലയങ്ങളോടും എക്സ് പ്രസ്സ് ഹൈവേകളോടും അടക്കം ആഗോളീകരണ വികസന നയങ്ങളെ പിന്തുണയ്ക്കുന്ന ,അത്തരം നിലപാടുകളെ എതിര്‍ക്കുന്നവരെ വികസന വിരോധികളായിക്കാണുന്ന വി ബി ചെറിയാന്റെ പാര്‍ട്ടിയുമായി ചെര്ന്നുണ്ടാക്കിയ എല്‍ യു എഫ് എങ്ങനേയാണു ഇടതു മുന്നണിയാവുക എന്നു കൂടി ആസാദ് വിശദീകരിക്കണം….പിന്നെ ടി പി യെ പോലൊരു സഖാവിനെ സി പി എം പോലൊരു പാര്‍ട്ടി കൊന്നുകളയുന്നത് ആ പാര്‍ട്ടിയുടെ രാഷ്ട്രീയാപചയത്തിന്റെ ഭാഗമായാണു..ആ രാഷ്ട്രീയാപചയത്തെ തുറന്നു കാട്ടി പ്രത്യയ ശാസ്ത്ര രാഷ്ട്രീയ വ്യക്തതയിലൂടെ ശരിയായൊരു വിപ് ളവബദലിന്റെ റാാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ട് സി പി എം എന്ന പാര്‍ട്ടിയെ തുറന്നു കാട്ടുകയും കടന്നാക്രമിക്കുകയും ചെയ്യുന്നതായിരിക്കും വര്‍ഗ്ഗപരമായി ശരി,,കൂടുതല്‍ ശരി..
LikeLike