Article POLITICS

CONSPIRACY BEHIND TP MURDER AND POLITICS OF POWER അന്വേഷണത്തെ ഭയക്കുന്നതെന്തിന്‌?

ടി പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന്‌ രണ്ടാണ്ട്‌ തികയുകയാണ്‌. ഇതിനിടയില്‍ കൊലയാളികള്‍ക്കുള്ള വിചാരണയും ശിക്ഷാവിധിയും നടന്നുകഴിഞ്ഞു. കൊലയാളികള്‍ക്കും ചന്ദ്രശേഖരനുമിടയില്‍ രാഗദ്വേഷങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നിട്ടും അവര്‍ കൊല നടത്തിയത്‌ ആര്‍ക്കുവേണ്ടിയാണ്‌ എന്ന ചോദ്യത്തിന്‌ കോടതി, ലഭിച്ച രേഖകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ എത്തിച്ചേര്‍ന്ന നിഗമനമുണ്ട്‌. വ്യക്തി വിരോധമല്ല, രാഷ്‌ട്രീയ വൈരാഗ്യമാണ്‌ പ്രേരണ.

വധിക്കപ്പെടാനിടയാവും വിധം ചന്ദ്രശേഖരന്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്‌ട്രീയം എന്തായിരുന്നു? ജനകീയ പ്രശ്‌നങ്ങളോടും സമരങ്ങളോടും ഐക്യപ്പെടുന്ന ഇടതുപക്ഷ രാഷ്‌ട്രീയമായിരുന്നു അത്‌. വലതുപക്ഷ ചാഞ്ചാട്ടങ്ങളോടും കോര്‍പറേറ്റ്‌ വികസന സമവായങ്ങളോടും കൂട്ടുചേരുന്ന വ്യവസ്ഥാപിത ഇടതുപക്ഷ വളവുകളെ അതു തുറന്നു കാട്ടി. പുതിയ മുതലാളിത്തത്തിനെതിരായ പോരാട്ടം പുതിയ പുതിയ പ്രശ്‌നമുഖങ്ങളിലേക്കു പടര്‍ന്നുപിടിക്കുന്ന കാലത്ത്‌ മുതലാളിത്തവുമായി സന്ധിചെയ്യാനും അതിന്റെ ജനവിരുദ്ധ വികസനപാതകളെ അന്ധമായി പിന്തുടരാനുമുള്ള മത്സരത്തിലാണ്‌ അധികാര ബദ്ധ വലത്‌-ഇടതു കക്ഷികള്‍ അണി നിരന്നത്‌. ദേശീയപാതാ സ്വകാര്യവല്‍ക്കരണ വിരുദ്ധ സമരത്തിലും പാലിയേക്കരയിലെ ബി.ഒ.ടി വിരുദ്ധ സമരത്തിലുമൊക്കെ ചന്ദ്രശേഖരനെത്തി. ഒഞ്ചിയത്തിന്റെ അതിര്‍ത്തിക്കപ്പുറത്ത്‌ പുതിയ ഇടതുപക്ഷ രാഷ്‌ട്രീയവുമായി കൈകോര്‍ക്കുന്നവരെ കണ്ടെത്താനും പുതിയ രാഷ്‌ട്രീയപഥത്തില്‍ ഐക്യപ്പെടുത്താനും ശ്രമിച്ചു. കേരളത്തിലും അഖിലേന്ത്യാ തലത്തിലും ഇടത്‌ ഏകോപന സമിതികളുണ്ടാക്കി ആഗോളവല്‍ക്കരണ വിരുദ്ധ സമരങ്ങളെയും ഇടതു രാഷ്‌ട്രീയാന്വേഷണങ്ങളെയും ഏകോപിപ്പിക്കാന്‍ശ്രമിച്ചു.

കോര്‍പറേറ്റു മുതലാളിത്ത താല്‍പ്പര്യങ്ങളോട്‌ ഒട്ടിനില്‍ക്കാനും അതേസമയം ഇടതു വിപ്ലവനാട്യം തുടരാനും ശ്രമിച്ചുപോന്നവര്‍ക്ക്‌ ടി.പി വലിയ രാഷ്‌ട്രീയ വെല്ലുവിളിയാണുയര്‍ത്തിയത്‌. ഏതാണ്‌ ഇടതുപക്ഷം എന്ന്‌ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാവുമെന്ന നിലവന്നു. ചന്ദ്രശേഖരനെ ഇല്ലാതാക്കിയാല്‍ ആ രാഷ്‌ട്രീയം ഇല്ലാതാകുമെന്ന വലതുപക്ഷമൗഢ്യം ചിലരെ അന്ധരാക്കി. ഇരുട്ടില്‍ പതിയിരുന്ന്‌ ചന്ദ്രശേഖരനു നേരെ വീശിയ വാളുകളും വീണ വെട്ടുകളും പകല്‍ വെളിച്ചത്തില്‍ ഇപ്പോള്‍ അവര്‍ക്കുനേരെ പതിക്കുകയാണ്‌. അവര്‍ വെട്ടിക്കുന്ന വെട്ടൊക്കെ അവരിലും കൊള്ളുന്നതെന്തെന്ന്‌ കവി അന്നേ വിസ്‌മയിച്ചിരുന്നു.

കൊലപാതകത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും അവര്‍ തങ്ങളുടെ കറുത്ത കൈയുകള്‍ ആഞ്ഞുപതിപ്പിച്ചത്‌ പരിഷ്‌കൃത സമൂഹത്തിന്റെ മുഖത്തുതന്നെയാണ്‌ എന്ന്‌ പ്രമുഖ ദിനപത്രങ്ങള്‍ എഡിറ്റോറിയലുകള്‍ എഴുതി. കുറ്റമേല്‍ക്കാന്‍ ആരും വന്നില്ല. എങ്കിലും ശവമടക്കിനു മുമ്പേതന്നെ കൊലപാതകത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന്‌ എല്ലാവരും വിളിച്ചു പറഞ്ഞു. ഒഞ്ചിയത്തും സംസ്ഥാനത്താകെയും രൂപപ്പെട്ടുവന്ന രാഷ്‌ട്രീയ സാഹചര്യം അറിയുന്നവര്‍ക്കെല്ലാം വധത്തിനു പിറകിലെ പ്രേരണകളെയും രാഷ്‌ട്രീയത്തെയും സംബന്ധിച്ച്‌ ചില ഊഹങ്ങളൊക്കെയുണ്ടായിരുന്നു. ചിലരൊക്കെ അതുസംബന്ധിച്ചു പ്രസ്‌താവനകളിറക്കി. സി പി എം നേതൃത്വമറിയാതെ ചന്ദ്രശേഖരന്‍ വധിക്കപ്പെടില്ല എന്ന ബോധ്യമാണ്‌ റവല്യൂഷനറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിക്കുണ്ടായിരുന്നത്‌. 2008 മുതല്‍ പുതിയ രാഷ്‌ട്രീയ മുന്നേറ്റത്തിന്‌ തടയിടാന്‍ അത്രമാത്രം പോര്‍വിളികളും അക്രമങ്ങളും വധശ്രമങ്ങളും അവിടെ നടന്നുകഴിഞ്ഞിരുന്നു.

ചന്ദ്രശേഖരന്‍ വധത്തില്‍ ഗൂഢാലോചനയുണ്ടെന്ന്‌ സി പി എമ്മിനും അഭിപ്രായമുണ്ടായിരുന്നു. സംഭവം നടന്നു മണിക്കൂറുകള്‍ക്കകം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ ഇക്കാര്യം പറയുകയും ചെയ്‌തു. മെയ്‌ 6ന്റെ ദേശാഭിമാനി ദിനപത്രത്തിന്റെ ഒന്നാം പുറത്തെ മുഖ്യവാര്‍ത്ത(കൊലപാതകത്തിനുപിന്നില്‍ ഗൂഢാലോചന: പിണറായി)അതു സംബന്ധിച്ചായിരുന്നു. ഇതര ഭരണ പ്രതിപക്ഷ കക്ഷികളും വധത്തിനുപിറകില്‍ ഗൂഢാലോചനയുള്ളതായി ആരോപിച്ചു. സംസ്ഥാനത്തെ രഹസ്യാന്വേഷണ വിഭാഗം വകുപ്പുതലത്തില്‍ നല്‍കിക്കൊണ്ടിരുന്ന വിവരങ്ങളില്‍, ചന്ദ്രശേഖരന്‍ വധിക്കപ്പെടാനിടയുണ്ടെന്ന സൂചനയുണ്ടായിരുന്നു. പാളിപ്പോയ രണ്ടു പദ്ധതികളെക്കുറിച്ച്‌ എടുത്തു പറഞ്ഞിരുന്നു. ഈ വിവരം പിന്നീടാണ്‌ പുറത്തറിയുന്നതെങ്കിലും 2008 മുതല്‍ ആഭ്യന്തര വകുപ്പിനും അതിന്റെ മേലാളര്‍ക്കും സാഹചര്യത്തിന്റെ ഗൗരവം അറിയാമായിരുന്നു.

ചുരുക്കത്തില്‍, ഗൂഢാലോചന നടന്നുവെന്ന കാര്യത്തില്‍ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനും ഭരണ പ്രതിപക്ഷ കക്ഷികള്‍ക്കും പൊതുസമൂഹത്തിനും സംശയമുണ്ടായിരുന്നില്ല. എന്നാല്‍ അക്കാര്യം സി ബി ഐ അന്വേഷിക്കേണ്ടതുണ്ട്‌ എന്ന ആവശ്യമുയര്‍ന്നപ്പോള്‍ സമ്മിശ്ര പ്രതികരണമാണുണ്ടായത്‌. യഥാര്‍ത്ഥത്തില്‍, ഗൂഢാലോചന നടന്നുവെന്ന്‌ അഭിപ്രായപ്പെട്ടവര്‍ തങ്ങളുടെ ബോധ്യത്തിനോ സന്ദേഹത്തിനോ ആസ്‌പദമായ കാര്യങ്ങള്‍ അഥവാ തെളിവുകള്‍ നിയമത്തിന്‌ കൈമാറണമായിരുന്നു. അതല്ലെങ്കില്‍ അന്വേഷണം ആവശ്യപ്പെടുകയെങ്കിലും വേണമായിരുന്നു. ഇക്കാര്യത്തില്‍ പ്രതികരണം അത്ഭുതകരമായിരുന്നു. ഒരുകൂട്ടര്‍ അന്വേഷണത്തെ കഠിനമായി എതിര്‍ത്തു. മറ്റൊരുകൂട്ടര്‍ അന്വേഷണം ആവശ്യമാണ്‌ എന്ന നിലപാട്‌ പ്രഖ്യാപിക്കുകയും രഹസ്യമായി എതിര്‍ക്കുകയും ചെയ്‌തു. ചിലര്‍ തികഞ്ഞ മൗനം പുലര്‍ത്തി നിഷ്‌പക്ഷരായി.

കൊലപാതകക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചുകൊണ്ട്‌ 2012 ആഗസ്‌ത്‌ 13ന്‌ പൊലീസ്‌ നല്‍കിയ ഉറപ്പും പാലിക്കപ്പെട്ടില്ല. കുറ്റപത്രത്തില്‍ ഇങ്ങനെ പറയുന്നു: ഈ കേസില്‍ എ1മുതല്‍ എ14 കൂടിയ പ്രതികള്‍ക്കൊപ്പം ടി പി ചന്ദ്രശേഖരനെ വധിക്കുന്നതിനായി കൂടുതല്‍ വ്യക്തികള്‍ പങ്കെടുത്തിട്ടുണ്ടോ എന്നതിനെക്കുറിച്ചും എ7,എ25 എന്നിവരെ ഒളിവില്‍ പോകാന്‍ സഹായിച്ചവരെപ്പറ്റിയും തുടര്‍ന്നും അന്വേഷണം നടത്തുന്നതാണ്‌ എന്നും ആയത്‌ പൂര്‍ത്തിയാക്കുന്ന മുറയ്‌ക്ക്‌ അനന്തര നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഉള്ള വിവരം ബോധിപ്പിച്ചുകൊള്ളുന്നു. ഈ വാക്കുപാലിക്കാന്‍ പൊലീസിന്‌ കഴിഞ്ഞുവോ? ഇല്ലെങ്കില്‍ എന്തായിരുന്നു തടസ്സം? ഈ അന്വേഷണം പൂര്‍ത്തീകരിക്കാന്‍ അനുവദിക്കാതെ അന്വേഷണസംഘത്തിന്‌ പിന്‍വാങ്ങേണ്ടിവന്നത്‌ ഏതു നിര്‍ബന്ധത്തിനു വഴങ്ങിയാണ്‌?

ഇതുമായി കൂട്ടിവായിക്കേണ്ട മറ്റുചില കാര്യങ്ങള്‍കൂടിയുണ്ട്‌. 2008മുതല്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരങ്ങളുമായി ബന്ധപ്പെട്ടതാണത്‌. 2009 നവംബര്‍ 6ന്‌ ഇപ്പോഴത്തെ ഒഞ്ചിയം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ജയരാജനെ അക്രമിച്ചു കൊലപ്പെടുത്താന്‍ശ്രമിച്ചപ്പോഴും 2010 മാര്‍ച്ച്‌ 19ന്‌ കെ.കെ ജയനെ കൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോഴുമെല്ലാം വടകരയിലെ സംഘര്‍ഷാവസ്ഥ വിശദീകരിക്കുന്ന പൊലീസ്‌ റിപ്പോര്‍ട്ട്‌ മുകളിലേക്കു പോയിട്ടുണ്ട്‌. 23 3 2010ന്‌ അയച്ച റിപ്പോര്‍ട്ടില്‍ ഒഞ്ചിയം,ചോറോട്‌,അഴിയൂര്‍ പഞ്ചായത്തുകളില്‍ അക്രമമഴിച്ചുവിടാന്‍ കണ്ണൂര്‍ ജില്ലയിലെ പാനൂര്‍, ചൊക്ലി, കരിയാട്‌ പ്രദേശങ്ങളിലെ സി പി എം പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുവെന്ന നിരീക്ഷണമുണ്ട്‌. 2010 ഒക്‌ടോബര്‍ 25ന്‌ അയച്ച റിപ്പോര്‍ട്ടില്‍ ആര്‍.എം.പിയെ തകര്‍ക്കാന്‍ ചന്ദ്രശേഖരനെ ഇല്ലാതാക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നുണ്ട്‌. 2010 നവംബര്‍11ന്‌ അയച്ച കത്തിലാകട്ടെ കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള സിപിഎം പ്രവര്‍ത്തകര്‍ രണ്ടുതവണ ചന്ദ്രശേഖരനെ അക്രമിക്കാന്‍ ഒഞ്ചിയത്തെത്തിയ വിവരമാണുള്ളത്‌. ആസൂത്രണത്തിലെ പോരായ്‌മകൊണ്ടു മാത്രമാണ്‌ കൃത്യം നടത്താനാവാതെ വന്നതെന്നും സ്‌പെഷല്‍ ബ്രാഞ്ച്‌ രേഖപ്പെടുത്തിയിരിക്കുന്നു. ചന്ദ്രശേഖരന്‌ പൊലീസ്‌ സംരക്ഷണം നല്‍കേണ്ടതുണ്ടെന്നും ആ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

ഇത്തരത്തിലുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ 2009മുതല്‍ 2012വരെ സംസ്ഥാന പൊലീസ്‌ മേധാവികള്‍ക്ക്‌ സ്‌പെഷല്‍ബ്രാഞ്ച്‌ ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടും ആവശ്യമായ നടപടിയുണ്ടായില്ല. ഓരോ പൗരന്റയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട നിയമപാലകര്‍ മുന്‍കൂട്ടി തുടര്‍ച്ചയായി വിവരം ലഭിച്ചിട്ടും ഒരു ചെറുവിരലനക്കാന്‍ തയ്യാറായില്ല. ഏതു പ്രദേശത്തുനിന്ന്‌ ഏതു വിഭാഗം ആളുകളില്‍നിന്നാണ്‌ അക്രമമുണ്ടാകുന്നതെന്ന വിവരം ലഭിച്ചിട്ടുപോലും ഒരന്വേഷണവും നടത്തിയില്ല. ഒരു കേസും രജിസ്റ്റര്‍ ചെയ്‌തില്ല. 2009 മുതല്‍ 2012വരെയുള്ള കാലത്ത്‌ ബന്ധപ്പെട്ട പൊലീസ്‌ മേധാവികളും ആഭ്യന്തര വകുപ്പു കൈകാര്യംചെയ്‌ത മന്ത്രിമാരും എടുത്ത നിലപാടുകളും നടപടികളും അന്വേഷണ പരിധിയില്‍ വരേണ്ടതുണ്ട്‌. ചന്ദ്രശേഖരന്‍ വധ ഗൂഢാലോചനക്കു സഹായകമാവുകയായിരുന്നു ആഭ്യന്തര വകുപ്പിന്റെ നിഷ്‌ക്രിയത്വം. ചന്ദ്രശേഖരന്‌ പൊലീസ്‌ സംരക്ഷണം കൊടുക്കുന്നതിനെക്കാള്‍ അനിവാര്യം, അതുവരെ ഉണ്ടായ അക്രമങ്ങളിലും അക്രമണാസൂത്രണങ്ങളിലും കുറ്റക്കാരെ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കലായിരുന്നു. അതിനു പക്ഷെ, ആഭ്യന്തര വകുപ്പു തയ്യാറല്ലായിരുന്നു. നിയമപാലനമെന്ന ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതില്‍ ആഭ്യന്തരവകുപ്പു വരുത്തിയ വീഴ്‌ച്ചയാണ്‌ ചന്ദ്രശേഖരന്റെ വധത്തിലേക്കു നയിച്ച കാരണങ്ങളിലൊന്ന്‌.

ചന്ദ്രശേഖരന്‍വധത്തിനു പിറകില്‍ ഗൂഢാലോചനയുണ്ടെന്ന്‌ സി പി എം അഭിപ്രായപ്പെട്ടത്‌ യു ഡി എഫിനു നേരെ വിരല്‍ ചൂണ്ടിക്കൊണ്ടായിരുന്നു. മെയ്‌ 5ന്‌ പിണറായി പറഞ്ഞു: പ്രൊഫഷണല്‍ കൊലയാളികളെ വാടകക്കെടുത്ത്‌ നടത്തിയതാണ്‌ ഇതെന്ന്‌ സംശയിക്കണം. ക്വട്ടേഷന്‍ സംഘത്തെ സാധാരണ ഉപയോഗിക്കുന്നത്‌ യു ഡി എഫാണ്‌……തീവ്രവാദികള്‍ ചില പാര്‍ട്ടികളില്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന ആക്ഷേപവും ഇക്കാര്യത്തില്‍ അന്വേഷിക്കണം. തീര്‍ച്ചയായും Imageസി പി എമ്മിന്‌ ഇതു സംബന്ധിച്ച അഭിപ്രായങ്ങളും സന്ദേഹങ്ങളും പങ്കുവെക്കാം. ഗൗരവതരമായ അഭിപ്രായങ്ങളോ ആരോപണങ്ങളോ ആകുമ്പോള്‍ അക്കാര്യം ഉറപ്പിക്കാനാവശ്യമായ അന്വേഷണവും വേണ്ടതാണല്ലോ. സി പി എം ആരോപിക്കുന്നപോലെ ഗൂഢാലോചനയില്‍ യുഡിഎഫ്‌ ബന്ധമോ തീവ്രവാദി ബന്ധമോ ഉണ്ടെങ്കില്‍ പുറത്തുവരേണ്ടതല്ലേ? അതിന്‌ സി ബി ഐ അന്വേഷണം അല്ലെങ്കില്‍ മറ്റേതെങ്കിലും ഒരന്വേഷണം ആവശ്യമല്ലേ?

1971ല്‍ ബംഗാളില്‍ ഫോര്‍വേഡ്‌ ബ്ലോക്ക്‌ നേതാവായിരുന്ന ഹേമന്ത്‌ ബസു വധിക്കപ്പെട്ട സംഭവവുമായി താരതമ്യം ചെയ്‌തുകൊണ്ടായിരുന്നു ദേശാഭിമാനി വാര്‍ത്തകള്‍. പിണറായിയുടെ പത്രസമ്മേളന വാര്‍ത്ത മുതല്‍ കോഴിക്കോട്ടെ പ്രത്യേക ലേഖകനും പ്രഭാവര്‍മ്മയും എഴുതിയ കുറിപ്പുകള്‍വരെ വരെ ഈ മട്ടിലുള്ളതായിരുന്നു. ഒഞ്ചിയത്തും ഇപ്പോള്‍ ഹേമന്ത്‌ ബസു ഉണ്ടായിരിക്കുന്നു എന്നാണവര്‍ എഴുതിയത്‌. ബംഗാളില്‍ ഹേമന്ത്‌ ബസു വധം സി പി എമ്മിനുമേല്‍ കെട്ടിവെക്കാന്‍ നടത്തിയ ശ്രമത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട്‌ കേരളത്തില്‍ ടി പി വധം സംബന്ധിച്ചുള്ള സി പി എം വിരുദ്ധ പ്രചാരണം എന്നായിരുന്നു ദേശാഭിമാനി വാദം. സി പി എമ്മിനെ ജനമധ്യത്തില്‍ താറടിക്കുന്നതിന്‌ ഉന്നതതല ഗൂഢാലോചന നടന്നുവെന്നാണ്‌ സെക്രട്ടറി പറഞ്ഞത്‌. കൊലപാതകം ആസൂത്രിതമെന്നും അന്വേഷണം വഴി തിരിക്കാന്‍ നീക്കം എന്നുമായിരുന്നു സിപിഎം നിലപാട്‌.

കോഴിക്കോട്‌ കോടതിയുടെ വിധി വന്നതോടെ ഹേമന്ത്‌ ബസു വധവുമായുള്ള താരതമ്യമുപേക്ഷിക്കാന്‍ സി പി എം നിര്‍ബന്ധിതമായി. പാര്‍ട്ടി നടത്തിയതായി പറയുന്ന അന്വേഷണത്തിലും അങ്ങനെയൊരു സംശത്തിന്‌ തെളിവുകള്‍ ലഭിച്ചില്ല. തങ്ങളുടെ പ്രാദേശിക നേതാവായ രാമചന്ദ്രനെതിരെ നടപടി സ്വീകരിക്കേണ്ടിയും വന്നു. ക്വട്ടേഷന്‍ സംഘത്തെ സാധാരണ ഉപയോഗിക്കുന്നത്‌ യു ഡി എഫാണ്‌ എന്ന നിരീക്ഷണം പിണറായി നേരത്തേ അവതരിപ്പിച്ചുവെങ്കിലും അസാധാരണമായി സി പി എമ്മിനും ശീലമുണ്ട്‌ എന്ന സാധ്യത തെളിഞ്ഞുവന്നല്ലോ. മുല്ലപ്പള്ളിയും കൂട്ടരും സംശയിച്ചത്‌ ശരിയായി എന്നു്‌ അല്‍പ്പം ജാള്യത്തോടെയെങ്കിലും അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. അതേ സമയം, മുല്ലപ്പള്ളിക്കും കൂട്ടര്‍ക്കുമോ കേരളത്തിലും കേന്ദ്രത്തിലുമുള്ള അധികാരവും പദവിയുമൊന്നും പറഞ്ഞ കാര്യങ്ങള്‍ ശരിയെന്നോ തെറ്റെന്നോ തെളിയിക്കാന്‍ സഹായകമായില്ല. കൊലയാളികളെ പിടികൂടാന്‍ കാണിച്ച അഭിനന്ദനീയമായ ജാഗ്രതയും നടപടികളും അവരെ അതിനു പ്രേരിപ്പിച്ച മുഴുവന്‍ ഗൂഢാലോചനക്കാരെയും പിടികൂടുന്ന കാര്യത്തില്‍ പ്രവര്‍ത്തനക്ഷമമായില്ല. വധഗൂഢാലോചന നടത്തിയവര്‍ അത്ര നിസ്സാരക്കാരല്ല എന്നു വ്യക്തം.

കൊലപാതകക്കേസും ഗൂഢാലോചനക്കേസും ഒരുമിച്ച്‌ അന്വേഷിക്കാമായിരുന്നു. അതു ചെയ്‌തില്ല. കുറ്റപത്രത്തില്‍ ഉറപ്പു നല്‍കിയപോലെ തുടരന്വേഷണം ആവാമായിരുന്നു. അതുമുണ്ടായില്ല. നേരത്തേ രജിസ്‌റ്രര്‍ ചെയ്‌ത വധശ്രമക്കേസ്‌ സി ബി ഐക്ക്‌ വിടാമായിരുന്നു. അതിനും തയ്യാറായില്ല. ഭരണ പ്രതിപക്ഷ കക്ഷികളുടെ ഇച്ഛകള്‍ക്കപ്പുറത്തു കാര്യങ്ങള്‍ കടക്കരുതെന്ന ശാഠ്യം വിജയിക്കുന്നു. കൊലയാളികളെയും ചില കീഴ്‌ത്തട്ടു നേതാക്കളെയും വിട്ടുകൊടുത്തുകൊണ്ട്‌ നേതൃതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഒത്തുതീര്‍പ്പുണ്ടാവുകയാണോ? ഗൂഢാലോചനകൂടി പുറത്തുകൊണ്ടു വരേണ്ടത്‌ പൊതുസമൂഹത്തിന്റെ ആവശ്യമാണ്‌. പരിഷ്‌കൃത സമൂഹത്തിന്റെ മുഖത്തേറ്റ വെട്ട്‌ ആരുടേതാണെന്നറിയണം. ജനാധിപത്യ സമൂഹത്തില്‍ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനുള്ള ബാധ്യത ഗവണ്‍മെന്റിനുണ്ട്‌. അതിനുള്ള നിര്‍ബന്ധം ചെലുത്താന്‍ ജനാധിപത്യ മാനവിക മൂല്യങ്ങളില്‍ വിശ്വാസം നഷ്‌ടപ്പെട്ടിട്ടില്ലാത്ത പൊതുസമൂഹത്തിനു കഴിയണം. തീരെ വഴങ്ങാത്ത സാഹചര്യത്തിലാണ്‌ കോടതിയെ സമീപിക്കേണ്ടിവരുന്നത്‌. അതു നിയമത്തിന്റെ വഴി.

28 ഏപ്രില്‍ 2014

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )