Article POLITICS

മാധ്യമങ്ങള്‍ മറയ്‌ക്കുന്നത്‌ ജനങ്ങളുടെ ജീവിതത്തെയും സമരത്തെയും

ലോകസഭാ തെരഞ്ഞെടുപ്പു ചൂടുപിടിക്കുമ്പോള്‍ മുകള്‍പരപ്പില്‍ മാധ്യമങ്ങളൊരുക്കുന്ന ചിത്രം മുന്നണികള്‍ തമ്മിലുള്ള മത്സരങ്ങളുടെയും വാഗ്വാദങ്ങളുടെയും ആര്‍പ്പുവിളികളുടേതുമാണ്‌. ജനങ്ങളുടെ ജീവിതത്തെ കഴിഞ്ഞ അഞ്ചുവര്‍ഷം എങ്ങനെ ബാധിച്ചുവെന്ന്‌ ആരും അന്വേഷിക്കുന്നില്ല. മുന്നണികള്‍ക്കു പുറത്തെ സമരോത്സുക ശബ്‌ദങ്ങളെ മാധ്യമങ്ങള്‍ അവഗണിക്കുന്നു. യു ഡി എഫ്‌, എല്‍.ഡി എഫ്‌, ബി.ജെ.പി എന്നീ മൂന്നു സ്‌തംഭങ്ങളെ ചുറ്റുകയാണവര്‍. വന്‍കിട കോര്‍പറേറ്റുകളുടെ താല്‍പ്പര്യംതന്നെയാണ്‌ മാധ്യമമുതലാളിത്തത്തിനുമുള്ളത്‌. ആ താല്‍പ്പര്യം മൂന്നു മുന്നണികളുടെ കയ്യില്‍ ഭദ്രവുമാണ്‌. കൂടുതല്‍ സഹായികള്‍ ആരെന്ന കാര്യത്തിലേ അവര്‍ക്കിടയില്‍ തര്‍ക്കമുള്ളു. ചുരുക്കത്തില്‍ കോര്‍പറേറ്റ്‌ താല്‍പ്പര്യങ്ങളുടെ സൗഹൃദമത്സരങ്ങളായി നമ്മുടെ ജനാധിപത്യസംവിധാനത്തിലെ തെരഞ്ഞെടുപ്പുകള്‍ മാറിയിരിക്കുന്നു.

തെരഞ്ഞെടുപ്പു ചൂടു പിടിക്കുന്നതിനിടയില്‍ ഇന്നലെ വ്യത്യസ്‌തമായ ഒരു കൂട്ടായ്‌മയില്‍ പങ്കെടുക്കാനിടയായി. രാഷ്‌ട്രീയ ഭേദമില്ലാതെ ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളും തടിച്ചുകൂടിയ പരിപാടിയായിരുന്നു അത്‌. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി മലപ്പുറം ജില്ലയിലെ കാക്കഞ്ചേരി കിന്‍ഫ്രക്കു മുന്നില്‍ ഒരു പുതിയ ജനകീയ സമരത്തിനു തുടക്കം കുറിക്കുകയായിരുന്നു. ദേശീയപാതക്കു സമീപത്ത്‌ കിന്‍ഫ്രയുടെ സ്ഥലത്ത്‌ മലബാര്‍ ഗോള്‍ഡിന്റെ ഒരു ആഭരണ നിര്‍മാണശാല ഉയര്‍ന്നു വരുന്നതു സംബന്ധിച്ച ആശങ്കയും സമീപത്തായി വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പ്രവര്‍ത്തനമാരംഭിച്ച സിന്തൈറ്റ്‌ ഗ്രൂപ്പ്‌ കമ്പനിയുടെ മാലിന്യങ്ങള്‍ സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങളുമാണ്‌ ജനങ്ങളെ പുതിയ സമരപ്രഖ്യാപനത്തിലേക്കു നയിച്ചത്‌.

സിന്തൈറ്റ്‌ കമ്പനി പുറത്തുവിടുന്ന വിഷപ്പുകയും രാസവസ്‌ത്തുക്കള്‍ കലര്‍ന്ന മാലിന്യവും സമീപവാസികളുടെ ജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്‌. കിണറുകള്‍ മലിനമായിക്കഴിഞ്ഞു. ഇതിനെതിരെ എന്തുചെയ്യണമെന്നു അന്വേഷിച്ചുകൊണ്ടിരിക്കെയാണ്‌ പുതിയ ഭീഷണിയുമായി മലബാര്‍ ഗോള്‍ഡ്‌ എത്തിയിരിക്കുന്നത്‌. രണ്ടു ലക്ഷം ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള ഒരു വന്‍കെട്ടിടം അവിടെ ഉയര്‍ന്നുകഴിഞ്ഞു. പഞ്ചായത്തിന്റെയോ ജനങ്ങളുടെയോ അനുമതിയില്ലാതെയാണിത്‌. സ്വര്‍ണശുദ്ധീകരണവും ആഭരണനിര്‍മാണവും നടത്തുമ്പോള്‍ ഒട്ടേറെ രാസ പരിണാമങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്‌. ഉപയോഗിക്കേണ്ടി വരുന്ന രാസ പദാര്‍ത്ഥങ്ങളെല്ലാം അത്യന്തം അപകടകാരികളുമാണ്‌. ജനസാന്ദ്രതയേറിയ പ്രദേശത്ത്‌ ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലാത്തതാണ്‌.

കിന്‍ഫ്ര പാര്‍ക്കില്‍ അറുപതോളം ഭക്ഷണ പാനീയ നിര്‍മ്മാണ ശാലകളും കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളുമാണ്‌ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്‌. ഇവയ്‌ക്കിടയിലാണ്‌ ഈ അപകടകാരി കടന്നെത്തിയിരിക്കുന്നത്‌. മുമ്പ്‌ സര്‍വ്വകലാശാലക്കുവേണ്ടി ജനങ്ങളില്‍നിന്ന്‌ ഏറ്റെടുത്ത ഭൂമിയാണിത്‌. വ്യവസായ പാര്‍ക്കു തുടങ്ങാന്‍ പിന്നീട്‌ ഗവണ്‍മെന്റിന്‌ വിട്ടു നല്‍കുകയായിരുന്നു. ഭൂമി വിട്ടു നല്‍കിയ ജനങ്ങളുടെ അനുവാദമൊന്നും ആരും അന്വേഷിച്ചില്ല. ഇപ്പോഴത്‌ ജനങ്ങള്‍ക്കുതന്നെ വിനാശവുമായി മാറി. മലബാര്‍ ഗോല്‍ഡുപോലുള്ള സ്വര്‍ണക്കുത്തകകളെ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും പിണക്കാന്‍ ധൈര്യപ്പെടില്ലല്ലോ. കള്ളപ്പണമായാലും കള്ള സ്വര്‍ണമായാലും വിനാശകരമായ വികസനത്തിന്റെ പേരില്‍ വിറ്റഴിക്കാനാവും. ഇരകളാവുന്നത്‌ ജനങ്ങളാണെന്നുമാത്രം.

ഡോ. എ അച്യുതനും ഡോ.മുഹമ്മദ്‌ ഷാഫിയും ഡോ.കെ.കെ വിജയനും ഈ സംരംഭം ഉപേക്ഷിക്കുംവരെ സമരം ശക്തിപ്പെടുത്താന്‍ ജനങ്ങളോട്‌ അഭ്യര്‍ത്ഥിച്ചു. വരും തലമുറകളെക്കൂടി ബാധിക്കുന്ന വിഷബാധയെ ചെറുക്കണം. ജനങ്ങളെ മറന്നു കോര്‍പറേറ്റുകള്‍ക്കും കുത്തകകള്‍ക്കും വേണ്ടി നടത്തുന്ന വികസനം വിനാശകരമാണെന്ന്‌ അവര്‍ ഓര്‍മ്മിപ്പിച്ചു. നൂറുകണക്കിനാളുകള്‍ ആശങ്കകളോടെ ഒത്തുചേര്‍ന്നെടുത്ത സമരതീരുമാനം മാധ്യമങ്ങളില്‍ വാര്‍ത്തയായില്ല.

കലിക്കറ്റ്‌ സര്‍വ്വകലാശാലക്ക്‌ രണ്ടുകിലോമീറ്ററിനകത്ത്‌ രണ്ടപകടങ്ങളാണ്‌ ഇപ്പോള്‍ തലയുയര്‍ത്തി നില്‍ക്കുന്നത്‌. വടക്ക്‌ കാക്കഞ്ചേരിയിലെ വിഷമലിനീകരണ ഭീഷണിയും തെക്ക്‌ ചേളാരിയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പാചക വാതക ശേഖരണ വിതരണ കേന്ദ്രവും. എണ്ണക്കമ്പനി തുടങ്ങുന്നുവെന്ന്‌ തെറ്റിദ്ധരിപ്പിച്ചായിരുന്നു അവരുടെ രംഗപ്രവേശം. കൂടുതല്‍ തൊഴിലവസരമുണ്ടാകുമെന്നും ഭൂമിക്കു വിലകൂടുമെന്നാണ്‌ ജനങ്ങള്‍ പ്രതീക്ഷിച്ചത്‌. അതെല്ലാം തെറ്റായിരുന്നുവെന്ന്‌ ബോധ്യമാകുമ്പോഴേക്കും വളരെ വൈകിപ്പോയി. ജനവാസയോഗ്യമല്ലാത്തിടത്ത്‌ സ്ഥാപിക്കേണ്ട വാതക ശേഖരണ സ്ഥാപനം ദേശീയപാതക്കു സമീപം ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശത്തുതന്നെ സ്ഥാപിച്ചത്‌ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ്‌. ഐ.ഒ.സി ചേളാരിയില്‍നിന്ന്‌ മാറ്റണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്‌.

ലാഭം മാത്രം ലക്ഷ്യമാക്കുന്ന ജനവിരുദ്ധ വികസനമാണ്‌ വര്‍ദ്ധിച്ചു വരുന്നത്‌. ഭരണകൂടവും രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും ജനങ്ങളെ മറക്കുകയോ അവഗണിക്കുകയോ ചെയ്യുന്നു. എന്‍ഡോ സള്‍ഫാന്‍ ഇരകള്‍ക്കും പ്ലാച്ചിമടയിലെ ഇരകള്‍ക്കും ഇപ്പോഴും നീതി അകലെയാണ്‌. കാതികുടത്തും കൂടങ്കുളത്തുമെല്ലാം സമരം തുടരുകയാണ്‌. വിഷമലിനീകരണത്തിനിരയായി അകാലമൃത്യു വരിക്കേണ്ടി വരുന്നവര്‍, നിത്യ രോഗികളായിത്തീരുന്നവര്‍, കിടപ്പാടവും ഭൂമിയും ഉപേക്ഷിക്കേണ്ടി വന്നവര്‍, ചികിത്സാച്ചെലവിനു വഴികാണാതെ ജീവനൊടുക്കേണ്ടി വരുന്നവര്‍ എന്നിങ്ങനെ വിനാശ വികസനത്തിന്റെ ഇരകളുടെ നിര കൂടി വരുന്നു. കോര്‍പറേറ്റ്‌ വികസനത്തിന്‌ വേണ്ടി സര്‍ക്കാറിന്റെ കയ്യേറ്റത്തിന്‌ വിധേയരായവരും ധാരാളമാണ്‌. കിടപ്പാടവും ഭൂമിയും തൊഴിലും ബലാല്‍ക്കാരമായി പിടിച്ചുപറിക്കപ്പെട്ടവര്‍, തൊഴില്‍ സുരക്ഷയില്‍നിന്നും ക്ഷേമ പ്രവര്‍ത്തനങ്ങളില്‍നിന്നും ഒഴിച്ചു നിര്‍ത്തപ്പെട്ടവര്‍, മിനിമം വേതനം നിഷേധിക്കപ്പെട്ടവര്‍, അമിത ജോലിഭാരത്തിന്‌ നിര്‍ബന്ധിക്കപ്പെടുന്നവര്‍ എന്നിങ്ങനെ ആഗോളവത്‌ക്കരണം കൊണ്ടുവരുന്ന അപകടങ്ങളെ ഒന്നൊന്നായി നമ്മുടെ രാജ്യം അഭിമുഖീകരിക്കുകയാണ്‌.

രക്ഷിക്കാന്‍ പഴയതുപോലെ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളില്ല. അവരില്ലെങ്കിലും പ്രക്ഷോഭങ്ങളുണ്ടാകുമെന്ന്‌ വന്നാല്‍ തങ്ങള്‍ ഒറ്റപ്പെട്ടുപോകുമോ എന്ന ഭയത്താല്‍ മാത്രം അവര്‍ ചില സമരങ്ങളെയൊക്കെ പിന്തുണക്കും. സമരം രൂക്ഷമാകുമ്പോള്‍ നിര്‍ണായക സന്ദര്‍ഭത്തില്‍ വികസനമന്ത്രം ഉരുവിട്ട്‌ കോര്‍പറേറ്റ്‌ പക്ഷത്തു നില ഭദ്രമാക്കും. അതാണ്‌ പാലിയേക്കര ടോള്‍ വിരുദ്ധ സമരത്തിലും മൂലമ്പള്ളിയിലും ദേശീയ പാതാ സ്വകാര്യവത്‌ക്കരണ വിരുദ്ധ സമരത്തിലുമൊക്കെ നാം കണ്ടത്‌. പ്ലാച്ചിമട നഷ്‌ടപരിഹാര ട്രിബ്യൂണല്‍ ബില്ല്‌ നിയമസഭ 2011 ഫെബ്രുവരി 24ന്‌ ഏകകണ്‌ഠമായാണ്‌ പാസ്സാക്കിയത്‌. രാഷ്‌ട്രപതിയുടെ ഒപ്പു വാങ്ങാന്‍ ഇതുവരെ സാധിച്ചില്ല. കോളകമ്പനിയുടെ ഇംഗിതങ്ങള്‍ക്കപ്പുറത്തേക്ക്‌ ഒരു ചുവടുവെക്കാന്‍ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്കു കഴിയുന്നില്ല.

ദേശീയപാതാ സ്വകാര്യവത്‌ക്കരണം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നും അതു റ്റു ജി സ്‌പെക്‌ട്രം അഴിമതിയെ മറികടക്കുമെന്നും പറഞ്ഞത്‌ വി.എം. സുധീരനാണ്‌. അതു കെ പി സി സി പ്രസിഡണ്ടാവുന്നതിന്‌ മുമ്പായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ അഭിപ്രായം മാറിയോ എന്നറിയില്ല. പക്ഷെ, ഈ നയത്തിന്‌ യു പി എയും ബി ജെ പിയും മറുപടി പറയേണ്ടതില്ലേ? ഈ നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്കൊപ്പം സമരരംഗത്തുണ്ടാകേണ്ടിയിരുന്ന എല്‍.ഡി എഫ്‌ സ്വകാര്യവത്‌ക്കരണത്തെ പിന്തുണച്ചതെന്തിന്‌ എന്ന്‌ അവരും വിശദീകരിക്കേണ്ടതില്ലേ?

മൂന്നു മുന്നണികള്‍ക്കു പുറത്താണ്‌ യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ ജീവിതവും രാഷ്‌ട്രീയവുമുള്ളത്‌. മാധ്യമങ്ങള്‍ അവഗണിക്കുന്നതുകൊണ്ടു മാത്രം അതു മറയ്‌ക്കപ്പെടുകയില്ല. അവര്‍ക്കൊപ്പം നില്‍ക്കുന്നവരെ അവര്‍ക്കു തിരിച്ചറിഞ്ഞല്ലേ പറ്റൂ.

30 മാര്‍ച്ച്‌ 2014

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )