Article POLITICS

ലോകസഭാ തെരഞ്ഞെടുപ്പിന്റെ രാഷ്‌ട്രീയം


ആര്‍ എം പി സംസ്ഥാനതല പാര്‍ട്ടിയായി രൂപംകൊണ്ടത്‌ കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ്‌. നാലുമാസത്തിനകം ഒരു ലോകസഭാ തെരഞ്ഞെടുപ്പിനെയാണ്‌ നേരിടേണ്ടിവന്നിരിക്കുന്നത്‌. ബാലാരിഷ്‌ടതകള്‍ക്കിടയിലും ശ്രദ്ധേയമായ ഒരു ചുവടുവെപ്പിനുള്ള അവസരമായി ഞങ്ങളിതിനെ കാണുന്നു.

പതിനാറാം ലോകസഭയിലേക്കുള്ള മത്സരത്തില്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള യു പി എയും ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എയും സി പി എം നേതൃത്വത്തിലുള്ള മൂന്നാം മുന്നണിയുമാണ്‌ പ്രധാനമായും രംഗത്തുള്ളത്‌. മൂന്നു മുന്നണികളും അവയ്‌ക്കകത്തെ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും കഴിഞ്ഞ പതിറ്റാണ്ടുകളില്‍ നമ്മുടെ രാജ്യത്തെ ഭരണക്രമത്തില്‍ ഏറിയോ കുറഞ്ഞോ ഇടപെടുകയും തങ്ങളുടെ പങ്കു നിര്‍വ്വഹിക്കുകയും ചെയ്‌തുപോന്നിട്ടുണ്ട്‌.

സ്വാതന്ത്ര്യം ലഭിച്ച്‌ ആറരപ്പതിറ്റാണ്ട്‌ പിന്നിട്ടിട്ടും അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടായിട്ടില്ല. ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി സമരം ചെയ്യുകയാണ്‌ ജനകോടികള്‍. കുടിവെള്ളം, പാര്‍പ്പിടം, കൃഷിഭൂമി, വിദ്യാഭ്യാസം,ആരോഗ്യം, തൊഴില്‍, ശുചിത്വം, സുരക്ഷ,ഊര്‍ജ്ജം, വ്യവസായം എന്നിങ്ങനെ എല്ലാ മണ്‌ഡലങ്ങളിലും ജനതാല്‍പ്പര്യത്തെ തട്ടിമാറ്റി മൂലധനക്കോയ്‌മകള്‍ പിടിമുറുക്കിയിരിക്കുന്നു. ആഗോളമൂലധനത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി സാമൂഹിക സേവനരംഗങ്ങളില്‍നിന്നും ലജ്ജാകരമായ പിന്‍മാറ്റമാണ്‌ ഗവണ്‍മെന്റ്‌ നടത്തിയിരിക്കുന്നത്‌. മിശ്ര സമ്പദ്‌ഘടനയുടെയും ക്ഷേമരാഷ്‌ട്ര സങ്കല്‍പ്പത്തിന്റെയും എല്ലാ മൂല്യങ്ങളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും വലതുപക്ഷ പ്രസ്ഥാനങ്ങളും കയ്യൊഴിയുകയും ചെയ്‌തു.

ചരിത്രത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളിലൂടെയാണ്‌ തൊഴിലാളികളും കൃഷിക്കാരും കടന്നുപോകുന്നത്‌. തൊഴില്‍മേഖലകളാകെ പുനര്‍ക്രമീകരിക്കുകയും തൊഴിലവസരങ്ങള്‍ വെട്ടിച്ചുരുക്കുകയും ചെയ്‌തിരിക്കുന്നു. നൂറ്റാണ്ടുകളിലൂടെ നേടിയ അവകാശങ്ങള്‍ ഒന്നൊന്നായി നഷ്‌ടമാകുന്നു. തൊഴില്‍ സ്ഥിരതക്കും മിനിമം വേതനത്തിനും തൊഴില്‍ സുരക്ഷക്കും അനുബന്ധ ആവശ്യങ്ങള്‍ക്കും സമരരംഗത്തിറങ്ങേണ്ടിവരുന്നു. കരാര്‍ തൊഴിലിന്റെ അനിശ്ചിതത്വങ്ങളില്‍പെട്ട്‌ അസംഘടിതരും അന്യോന്യം മത്സരിക്കുന്നവരുമായി തൊഴിലാളികളെ ഭിന്നിപ്പിച്ചു നിര്‍ത്താനാണ്‌ പുതിയ മുതലാളിത്തത്തിന്റെ ശ്രമം. ട്രേഡ്‌ യൂണിയനുകളെ ദുര്‍ബ്ബലമാക്കാനും സന്നദ്ധസംഘടനകളെയും കരാര്‍പടകളെയും വളര്‍ത്തിയെടുക്കാനുമാണ്‌ മൂലധനശക്തികള്‍ക്കും വ്യവസ്ഥാപിത രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ഉത്സാഹം. കാര്‍ഷികമേഖലയില്‍ സമഗ്രമായ പുരോഗതി മുന്‍നിര്‍ത്തിയുള്ള നയസമീപനങ്ങള്‍ സ്വീകരിക്കാനാവാത്തവിധം ഗവണ്‍മെന്റ്‌ കോര്‍പറേറ്റുകള്‍ക്കു കീഴടങ്ങിക്കഴിഞ്ഞു. ഭൂപരിഷ്‌ക്കരണമോ കാര്‍ഷിക പരിഷ്‌ക്കരണമോ അജണ്ടയിലില്ല.ആഗോളമൂലധനത്തിന്റെ കടിഞ്ഞാണില്ലാത്ത ഈ ഇടപെടലുകളെ തടഞ്ഞുനിര്‍ത്താന്‍ ത്രാണിയുള്ള ജനകീയ രാഷ്‌ട്രീയമാണ്‌ ഉയര്‍ന്നു വരേണ്ടത്‌. അത്തരമൊരു ശ്രമത്തിനാണ്‌ ആര്‍.എം.പി മുന്‍തൂക്കംകൊടുക്കുന്നത്‌.

തൊണ്ണൂറുകള്‍ക്കുശേഷം പുത്തന്‍സാമ്പത്തിക നയം അവതരിപ്പിച്ചുകൊണ്ട്‌ സാമ്പത്തികരംഗത്തെ സാമ്രാജ്യത്വാനുകൂലമായി പുനസംവിധാനം ചെയ്യുകയായിരുന്നു കോണ്‍ഗ്രസ്‌. ഓരോ പൗരന്റെയും ക്ഷേമം ഉറപ്പുവരുത്താനുള്ള ബാധ്യതയില്‍നിന്ന്‌ പിറകോട്ടുപോകുകയും കോര്‍പറേറ്റു മൂലധനത്തിന്റെയും ഉദാരവിപണിയുടെയും താല്‍പ്പര്യങ്ങള്‍ക്കു പൂര്‍ണമായും കീഴ്‌പ്പെടുകയായിരുന്നു അവര്‍. പിന്നീട്‌ അധികാരത്തില്‍ വന്നപ്പോള്‍ അതുതന്നെയാണ്‌ തങ്ങളുടെയും നയമെന്നാണ്‌ എന്‍ ഡി എയും തെളിയിച്ചത്‌. സി പി എമ്മും കൂട്ടുകക്ഷികളും തങ്ങള്‍ക്കധികാരമുണ്ടായിരുന്ന സംസ്ഥാനങ്ങളില്‍ ഇതേ നയം നടപ്പാക്കാനാണ്‌ വ്യഗ്രത കാണിച്ചത്‌. ആഗോളവത്‌ക്കരണ വിരുദ്ധ സമരങ്ങളില്‍ അണിചേരാന്‍പോലും അവര്‍ മടിച്ചു. രാജ്യത്താകെ വളര്‍ന്നുവന്ന ജനകീയ സമരങ്ങളെ അഭിമുഖീകരിക്കാനോ അഭിവാദ്യം ചെയ്യാനോ പിന്തുണയ്‌ക്കാനോ തയ്യാറാകാത്ത ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പൊതു സമൂഹത്തില്‍ കൂടുതല്‍ ഒറ്റപ്പെടുകയാണ്‌.പുതിയ മുതലാളിത്താധിനിവേശത്തിനെതിരെ പൊരുതി നില്‍ക്കുന്ന സാമൂഹിക ഇടതുപക്ഷ മുന്നേറ്റങ്ങളെയും ഇതര ജനകീയ മുന്നേറ്റങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടാണ്‌ ഈ കാലഘട്ടത്തിലെ ജനകീയ ബദല്‍ രൂപപ്പെടേണ്ടത്‌. അത്തരമൊരു രാഷ്‌ട്രീയമാണ്‌ ആര്‍.എം.പി മുന്നോട്ടുവെക്കുന്നത്‌.

ഭൂമിയുടെ കേന്ദ്രീകരണവും ഫ്യൂഡല്‍ സാമൂഹികബന്ധങ്ങളും ഇന്നും രാജ്യത്തിന്റെ പുരോഗതിക്കു പ്രധാന ഭീഷണിയായി തുടരുന്നു. എന്നാല്‍ മുതലാളിത്ത വികസനം ജനവിരുദ്ധമായി പിടിമുറുക്കുന്നത്‌ ഫ്യൂഡല്‍ സാമൂഹികബന്ധങ്ങളെ താലോലിച്ചും അതിന്റെ ഘടനകളെ പുതുക്കിയെടുത്തുമാണ്‌. ദേശീയ സ്വാതന്ത്ര്യ സമരകാലത്തുതന്നെ സാമ്രാജ്യത്വ പിന്തുണയോടെ വളര്‍ത്തിയെടുക്കപ്പെട്ട വര്‍ഗീയത ഫാസിസ്റ്റ്‌ പ്രവണതകളിലേക്കു വളര്‍ന്നു തിടംവെച്ചത്‌ കോര്‍പറേറ്റു മൂലധനശക്തികളുടെ പിന്തുണയോടെയാണ്‌. ഈ അവിഹിതചേര്‍ച്ചയുടെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളായിരുന്നു സമീപഭൂതകാലത്തു നടന്ന വംശഹത്യയും വര്‍ഗീയ കലാപവും അവയുടെ മറവില്‍ ഇരമ്പിക്കയറിയ ആഗോളമൂലധന പദ്ധതികളും സന്നാഹങ്ങളുമെല്ലാം. വര്‍ഗീയ പ്രീണനങ്ങളുടെ മൃദുമുദ്രകള്‍ ചാര്‍ത്തുന്ന കോണ്‍ഗ്രസ്സിനെക്കാള്‍ ഇന്ത്യനജണ്ട നടപ്പാക്കാന്‍ ബി.ജെ.പിയാവും മെച്ചമെന്ന നിലപാടിലേക്കു ചില വന്‍കിട കോര്‍പറേറ്റുകളെങ്കിലും മാറിയിട്ടുണ്ട്‌. തീവ്ര വര്‍ഗീയതയും സാമ്രാജ്യത്വവും തമ്മിലുള്ള ഗാഢമായ ചങ്ങാത്തം നാം തിരിച്ചറിയണം.

സമസ്‌തമേഖലകളും സ്വകാര്യവത്‌ക്കരിക്കാനും അതിനനുഗുണമായി നിയമങ്ങളും നികുതിവ്യവസ്ഥകളും പുനസംവിധാനം ചെയ്യാനും തീരുമാനങ്ങളും നടത്തിപ്പും ആഗോളവത്‌ക്കരണ ശക്തികള്‍ക്ക്‌ കൈമാറാനുമുള്ള തൊണ്ണൂറുകളുടെ തുടക്കത്തിലെടുത്ത സന്നദ്ധതയുടെ വിലയാണ്‌ ഇന്ത്യന്‍ ജനത ഇപ്പോള്‍ നല്‍കേണ്ടിവരുന്നത്‌. ദുസ്സഹമായ വിലക്കയറ്റവും അനുനിമിഷം നഷ്‌ടമാകുന്ന ജീവിതസുരക്ഷയും ഗ്രാമീണ ഇന്ത്യയെ നടുക്കുന്നു. ലക്ഷക്കണക്കിന്‌ കര്‍ഷകര്‍ക്കാണ്‌ ജീവനൊടുക്കേണ്ടി വന്നത്‌. സ്റ്റാറ്റിയൂട്ടറി റേഷന്‍ സമ്പ്രദായം കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ പരിപാടിയില്ല. ഉണ്ടായിരുന്ന പൊതു വിതരണ സംവിധാനംതന്നെ ഇല്ലാതാവുന്നു. പാചകവാതകത്തിനും നിത്യോപയോഗ സാധനങ്ങള്‍ക്കുമെല്ലാം വില നിശ്ചയിക്കാനും നിയന്ത്രിക്കാനുമുള്ള അവകാശംപോലും ജനാധിപത്യ ഗവണ്‍മെന്റുകള്‍ പണയപ്പെടുത്തിയിരിക്കുന്നു. ഒറ്റു കാശിന്റെ കിലുക്കം കോടിക്കണക്കിന്‌ കോടികളുടേതായി മാറിയിരിക്കുന്നു. അഴിമതികളുടെയും മറ്റു ജീര്‍ണതകളുടെയും പേമാരിയാണ്‌ ജനാധിപത്യത്തെ സ്‌തംഭിപ്പിക്കുന്നത്‌.

ഇവയ്‌ക്കെല്ലാം പുറമേയാണ്‌ ദയാരഹിതമായ മൂലധനകടന്നുകയറ്റമുണ്ടാക്കുന്ന ഭീഷണികള്‍. കോര്‍പറേറ്റു വികസനങ്ങള്‍ക്ക്‌ നിക്ഷേപത്തിന്റെ യുക്തി മാത്രമേയുള്ളു. പഴയകാല മഹാനേതാക്കളെല്ലാം ഊന്നിപ്പറഞ്ഞ ദരിദ്രരും ദുര്‍ബ്ബലരുമായ മനുഷ്യരുടെ ജീവിത പുരോഗതി ആരുടെയും അജണ്ടയിലില്ല. മനുഷ്യരെ ഉന്മൂലനം ചെയ്‌തും ധനാധിപത്യമാവാം എന്ന പൊതുസമ്മതമാണ്‌ ഭരണക്കാരും വ്യവസ്ഥാപിത ഇടതു വലതു ചേരികളില്‍ നിരന്നിട്ടുള്ള രാഷ്‌ട്രീയക്കാരും സ്ഥാപിക്കാന്‍ശ്രമിക്കുന്നത്‌. വികസനത്തില്‍ രാഷ്‌ട്രീയമില്ല എന്ന പൊതു സൂത്രത്തില്‍ അവര്‍ ഒപ്പുവെച്ചിരിക്കുന്നു. ഇരകളാക്കപ്പെടുന്ന ജനലക്ഷങ്ങള്‍ രക്ഷിക്കാന്‍ ആരുണ്ട്‌ എന്നു നിലവിളിക്കുന്നുണ്ട്‌. കിടപ്പാടവും ഭൂമിയും നഷ്‌ടപ്പെട്ട്‌ തെരുവിലിറങ്ങേണ്ടി വന്നവര്‍, കീടനാശിനി ബാധയേറ്റും മരുന്നു പരീക്ഷണങ്ങള്‍ക്കു വഴങ്ങിയും നിത്യരോഗികളായവര്‍, വികസനമാലിന്യങ്ങളുടെ ഇടയില്‍ മലിനജലവും മലിനവായുവും ദാരിദ്ര്യവും സഹിക്കേണ്ടി വരുന്നവര്‍, ഭൂരഹിതരായവര്‍, തൊഴിലിടങ്ങളില്‍നിന്നു പിരിച്ചുവിടപ്പെട്ടവര്‍, തൊഴില്‍ ലഭിച്ചിട്ടേയില്ലാത്തവര്‍, തൊഴില്‍ സുരക്ഷയില്‍നിന്നും ഇതര ആനുകൂല്യങ്ങളില്‍നിന്നും എടുത്തെറിയപ്പെടുന്നവര്‍,എന്തിനുമേതിനും ചുങ്കം കൊടുക്കേണ്ടി വരുന്നവര്‍, ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ പദ്ധതികളില്‍നിന്നെല്ലാം ആട്ടിയകറ്റപ്പെട്ടവര്‍, സബ്‌സിഡികളുടെ ഉദാരതയറ്റ്‌ ഒറ്റ രാത്രികൊണ്ട്‌ കടക്കെണിയിലേക്കും മരണവക്ത്രത്തിലേക്കും തലകുത്തിവീണവര്‍…ഇവരൊക്കെയാണ്‌ ഈ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യേണ്ടവര്‍.

ഇവര്‍ ആരെയാണ്‌ തുണയ്‌ക്കേണ്ടത്‌? ഇവരുടെ സഹനങ്ങളിലും സമരങ്ങളിലും ആരാണ്‌ ഉണ്ടായിരുന്നത്‌? പഴയ സമരപോരാട്ടങ്ങളുടെ തഴമ്പേറ്റി നടക്കുന്ന ഗജവീരന്മാരെ പുതിയ സമരഭൂവിലെങ്ങും ആരും കണ്ടിട്ടില്ല. ചട്ടപ്പടി സമരോത്സവങ്ങളും അനുഷ്‌ഠാനങ്ങളും നടത്തി നേരംപോക്കുന്നവര്‍ പുതിയ ജൈവസമരങ്ങളെ അവഗണിക്കുന്നു. അതുവഴി സമരത്തിലേക്കു നയിക്കുന്ന പുതിയ മുതലാളിത്തത്തോട്‌ ആത്മബന്ധം സ്ഥാപിക്കുന്നു. അക്കൂട്ടര്‍ക്ക്‌ ആഗോളവത്‌ക്കരണ നയസമീപനങ്ങള്‍ക്ക്‌ ബദലാകാന്‍ സാധ്യമല്ല. അവരുടെ പുതിയ കൂട്ടുകെട്ടിലുള്ളത്‌ പോരാടുന്ന പ്രസ്ഥാനങ്ങളല്ല. ആഗോളവത്‌ക്കരണം നടപ്പാക്കുന്ന സംസ്ഥാനതല പാര്‍ട്ടികളാണ്‌. സമരരാഷ്‌ട്രീയം പുതിയൊരു മുഖം കൈവരിക്കുകയാണ്‌. അതിന്‌ സമരബന്ധുവാര്‌ ഭരണശത്രുവാര്‌ എന്നു തിരിച്ചറിയയാനുള്ള ശേഷിയുണ്ട്‌. അവിടെയാണ്‌ ആര്‍.എം.പി സമരോന്മുഖമായ സാമൂഹിക ഇടതുപക്ഷത്തെ കണ്ടെത്തുന്നതും ഐക്യപ്പെടുന്നതും.

ഒരൊറ്റ രാത്രികൊണ്ട്‌ ഒരു മായാജാലവും സംഭവിക്കണമെന്നില്ല. സംഭവിച്ചുകൂടെന്നുമില്ല. അതിനപ്പുറം ദീര്‍ഘമായ കാലയളവില്‍ രൂപപ്പെട്ടു വരാനിരിക്കുന്ന പുതിയ ജനകീയ രാഷ്‌ട്രീയത്തിന്റെ അടിത്തറ കുറെകൂടി പാകപ്പെടുത്താനുള്ള ശ്രമമാണുണ്ടാവേണ്ടത്‌. പതിനാറാം ലോകസഭാതെരഞ്ഞെടുപ്പ്‌ ആ ശ്രമത്തിന്റെ ഭാഗമായാണ്‌ തിരിച്ചറിയേണ്ടത്‌.

26 മാര്‍ച്ച്‌ 2014

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )