ആര്.എം.പിക്കെതിരെ തിരിഞ്ഞിരിക്കുന്നു വി എസ് അച്യുതാനന്ദന് എന്ന വാര്‍ത്ത സമീപദിവസങ്ങളില്‍ ഏറെ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. യു.ഡി.എഫിന്റെ വാലാണ് ആര്.എം.പി എന്നതാണ് അദ്ദേഹം ഉന്നയിച്ച വിമര്‍ശനം. അതിനെന്തു തെളിവെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് രമയുടെ നേതൃത്വത്തില്‍ കാസര്കോട്ടുനിന്നാരംഭിക്കുമെന്നു പറഞ്ഞിരുന്ന ജാഥ തിരുവഞ്ചൂരിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നു മാറ്റിവെച്ചു എന്നായിരുന്നു മറുപടി. എവിടെനിന്നാണ് ഇങ്ങനെയൊരു വിവരം കിട്ടിയതെന്ന് വി എസ് തന്നെയാണ് വ്യക്തമാക്കേണ്ടത്. സിബി ഐ അന്വേഷണത്തിന് ഉത്തരവിട്ടല്ലോ ഇനിയെന്തിനാണ് ജാഥ എന്നാണത്രെ തിരുവഞ്ചൂര്‍ ചോദിച്ചത്.
ഇവിടെ ഓര്‍ക്കേണ്ട കാര്യം, കേരളയാത്ര നടത്താന്‍ ആര്.എം.പി നിശ്ചയിച്ചത് ടി.പി വധക്കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെടാനല്ല. അതു സെക്രട്ടേറിയറ്റിനു മുന്നിലെ നിരാഹാര സമരത്തിലൂടെ നേടിക്കഴിഞ്ഞിരുന്നു. ആര്.എം.പി 2013 ഡിസംബറില്‍ സംസ്ഥാന പാര്‍ട്ടിയായി രൂപപ്പെടുമ്പോള്‍തന്നെ പുതിയ പ്രസ്ഥാനത്തിന്റെ നയസമീപനങ്ങള്‍ വിശദീകരിക്കുന്ന ഒരു സംസ്ഥാന ജാഥ നടത്താന്‍ തീരുമാനിച്ചിരുന്നു. ടി.പി.വധക്കേസിലെ വിധിദിനം അടുത്തുവന്നിരുന്നതിനാല് അതുകഴിഞ്ഞാവാം ജാഥ എന്നായിരുന്നു ധാരണ. എന്നാല്‍, ഗൂഢാലോചനക്കേസ് സി ബി ഐക്കു വിടാനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയല്ലാതെ ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതിരുന്ന സാഹചര്യത്തില്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്കു നീങ്ങേണ്ടിവന്നു. അതിനു ശേഷം ജാഥക്കുള്ള തയ്യാറെടുപ്പിന് ഒരു മാസത്തിലേറെ എടുക്കാനാവുമായിരുന്നില്ല. പലവിധ പ്രയാസങ്ങള്‍ക്കിടയിലും ജാഥക്കുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് ലോകസഭാതെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നത്. വിഷുവിനു ശേഷം ഏപ്രില്‍ അവസാനവാരമോ മെയ് ആദ്യമോ മാത്രമേ കേരളത്തില്‍ തെരഞ്ഞെടുപ്പുണ്ടാവാനിടയുള്ളു എന്ന ധാരണ തെറ്റി.
ഏപ്രില്‍ 17 മുതല്‍ മാര്‍ച്ച് 26 വരെയായിരുന്നു ജാഥ നിശ്ചയിച്ചിരുന്നത്. നോമിനേഷന് നല്‍കാനുള്ള അവസാന തിയതി മാര്‍ച്ച് 22 ഉം പിന്‍വലിക്കാനുള്ളത് 26 ഉം ആയാണ് വിജ്ഞാപനമുണ്ടായത്. വളരെ ചെറിയ പാര്‍ട്ടിയായ ആര്.എം.പിക്ക് രണ്ടു പ്രവര്‍ത്തനവുംകൂടി ഒന്നിച്ചുകൊണ്ടുപോകാനാവുമായിരുന്നില്ല. അങ്ങനെയാണ് ജാഥ നിര്‍ത്തിവെച്ച് തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കാന്‍ തീരുമാനമെടുത്തത്. വലിയ പ്രസ്ഥാനങ്ങള്‍പോലും തെരഞ്ഞെടുപ്പു തീരുമാനിച്ചശേഷം ജാഥ നടത്തുക പതിവില്ല. ഈ സാഹചര്യം വി എസ് അച്യുതാനന്ദന് ബോധ്യമാവാത്തതെന്താണെന്നറിയില്ല. ഇതില്‍ തിരുവഞ്ചൂരിനും കോണ്‍ഗ്രസ്സിനും എന്തു കാര്യമെന്നും വ്യക്തമല്ല. എന്നിരിക്കെ ഇത്രയും ദുര്‍ബ്ബലമായ ഒരു ഈര്‍ക്കില്‍കൊണ്ട് വി എസ്, ആര്.എം.പിയെ മാരകമായി മര്ദ്ദിച്ചതെന്തിനാണാവോ? ആര്.എം.പിയും താനും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് ആരെയോ ബോധ്യപ്പെടുത്താനുള്ള ശ്രമം എന്നേ കരുതാനാവൂ.
പല ചാനലുകളില്‍ നല്കിയ അഭിമുഖങ്ങളിലും പത്രസമ്മേളനത്തിലുമായി അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ പരിശോധിച്ചാല്‍ അദ്ദേഹത്തിന്റെ അക്രമോത്സുകത മുഴുവന്‍ പ്രകടമായത് സി പി എമ്മിനു നേരെയാണെന്നു കാണാം. ടി.പി വധം വ്യക്തി വിരോധം കാരണമല്ല, രാഷ്ട്രീയ വിരോധം കാരണമാണെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചു നില്ക്കുന്നു. സി.ബി ഐ അന്വേഷണം നടക്കട്ടെയെന്നും പാര്‍ട്ടി അന്വേഷിച്ചു കണ്ടെത്തിയതില്‍ കൂടുതലായി പുതിയ വിവരം പുറത്തു വന്നാല്‍ അപ്പോള്‍ പ്രതികരിക്കാമെന്നും തുറന്നടിക്കുന്നു. തന്റെ മാത്രം ശക്തമായ നിലപാടുകൊണ്ടാണ് കേന്ദ്ര നേതൃത്വം അന്വേഷണത്തിന് തുനിഞ്ഞതെന്നും റിപ്പോര്‍ട്ട് സംസ്ഥാനസമിതിയില്വെച്ച് രാമചന്ദ്രനെ പുറത്താക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം തള്ളി തന്റെ ആവശ്യവും സമരവീര്യവും അംഗീകരിക്കാന്‍ പോളിറ്റ് ബ്യൂറോ നിര്‍ബന്ധിതമായി എന്നാണല്ലോ അദ്ദേഹം പറയുന്നത്. റിപ്പോര്‍ട്ടില്‍ കൊലപാതകത്തിനു കാരണം വ്യക്തിവിരോധമാണെന്നു കണ്ടെത്തിയതിനോട് വി എസ് യോജിക്കുന്നില്ല. അക്കാര്യത്തില്‍ കോടതിയുടെ നിരീക്ഷണത്തോടാണ് അദ്ദേഹം ഐക്യപ്പെടുന്നത്. രാഷ്ട്രീയ കൊലപാതകമാണെന്ന മുന്‍നിലപാട് കയ്യൊഴിയാന്‍ അദ്ദേഹം തയ്യാറല്ല. ഗൂഢാലോചനക്കേസില്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന സി പി എം നിലപാടല്ല, അതു നടക്കട്ടെ എന്ന സ്വന്തം നിലപാടാണ് വി എസ് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നത്.
സി.പി.എം നേതാവ് എന്ന നിലയില്‍ ആര്.എം.പിയെ രാഷ്ട്രീയമായി എതിര്‍ക്കുകയും അതേസമയം സി പി എമ്മിനെതിരെ നേരത്തെ ഉന്നയിച്ച വിഷയങ്ങള്‍ കുറെകൂടി ശക്തമായി ഉറപ്പിക്കുകയുമാണ് വി എസ് ചെയ്തിരിക്കുന്നത്. ലാവ്ലിന് കേസിനെക്കൂടി അദ്ദേഹം വലിച്ചു പുറത്തിട്ടിരിക്കുന്നു. സി.പി എം അടച്ചുവെച്ച അദ്ധ്യായമാണ് അദ്ദേഹം നിഷ്ക്കരുണം തുറന്നിരിക്കുന്നത്. ലാവ്ലിനില് സി എ ജി റിപ്പോര്‍ട്ടിലെ പരാമര്‍ശം അവഗണിച്ചുതള്ളാനാവില്ലെന്നും മുകളിലെ കോടതിയുടെ വിധി വരട്ടെയെന്നുമാണ് വി എസ് പറഞ്ഞിരിക്കുന്നത്.
ആര്.എം.പിക്കുനേരെ വി എസ് നടത്തിയ പരാമര്‍ശങ്ങള്‍ക്കും കുറ്റാരോപത്തിനും ആര് എം പി മറുപടി നല്‍കിയിട്ടുണ്ട്. എന്നാല്‍ മുമ്പെന്നത്തേതിലും തീക്ഷ്ണമായ ഭാഷയില്‍ സി പി എമ്മിന്റെ സംസ്ഥാന നേതൃത്വത്തെ കടന്നാക്രമിച്ചിട്ടും അവര്‍ മിണ്ടുന്നില്ല. ആര് എം പിയെ തുറന്നു കാണിക്കുക വഴി വി എസ്, തിരുവഞ്ചൂരിന്റെ അടവുകള്‍ പൊളിച്ചിരിക്കുകയാണെന്നാണ് കോടിയേരി പ്രതികരിച്ചത്. തെരഞ്ഞെടുപ്പുവേളയിലും സി പി എമ്മിന്റെ നിലപാടുകള്‍ക്കെതിരെ വി എസ് നടത്തിയ ചാട്ടുളി പ്രയോഗം കോടിയേരിയോ മറ്റു നേതാക്കളോ അറിഞ്ഞമട്ടില്ല. തെരഞ്ഞെടുപ്പു കഴിയുന്നതുവരെ അവര്‍ക്കതു ശ്രദ്ധിക്കാനുമാവില്ല. ഉള്ളനേരം വി എസിന്റെ പേരും പടവും വെച്ച് കിട്ടാവുന്നിടത്തോളം വോട്ടു വാരണമല്ലോ. പാലം കടന്നാല്‍ തിരിഞ്ഞു ചവിട്ടുകയുമാവാം.
ആര്.എം.പിയെയും വിഎസിനെയും പരസ്പരം ഏറ്റുമുട്ടിച്ചാല് അല്‍പ്പം ചോര കുടിക്കാമെന്ന കുറുക്കന്ന്യായം കോടിയേരിയുടെ ശബ്ദത്തിലുണ്ട്. ആര് എം പി , സി പി എമ്മിനെ എതിര്‍ക്കുന്നത് ആ പാര്‍ട്ടി സ്വീകരിക്കുന്ന തെറ്റായ നയസമീപനങ്ങളുടെ പേരിലാണ്. സി പി എം നേതൃത്വത്തെ മുഴുവന്‍ ആ നയം നടപ്പാക്കുന്നവരായേ കാണാനാവൂ. വി എസ് ഉള്‍പ്പെടെ ആ പാര്‍ട്ടിക്കകത്തു നില്‍ക്കുന്നവരെല്ലാം അതു നടപ്പാക്കുന്നവരാണ്. എന്നാല്‍,ആഭ്യന്തരമായ പ്രതിസന്ധികളില്‍ പെട്ടിട്ടോ താല്‍ക്കാലിക താല്പര്യങ്ങള് മുന്‍നിര്‍ത്തിയോ വിഭാഗീയതയുടെ ഭാഗമായോ ആ പാര്‍ട്ടിക്കകത്തു പൊട്ടലും ചീറ്റലുമുണ്ടാകുന്നത് ഞങ്ങളും കാണുന്നുണ്ട്. ജനവിരുദ്ധ നിലപാടുകള്‍ പിന്തുടരുന്നതിനാല് ജീര്‍ണതകളിലേക്ക് ഒരു പാര്‍ട്ടി എങ്ങനെ കൂപ്പു കുത്തുന്നു എന്നു ജനങ്ങളെ പഠിപ്പിക്കാന്‍ ആ കാഴ്ച്ചകള്‍ മതിയാവുന്നുണ്ട്.
ആന്തരിക വൈരുദ്ധ്യങ്ങള്‍ മൂര്ച്ചിക്കുമ്പോള് ചിലപ്പോള്‍ സംഘടനാ ചട്ടക്കൂടിന്റെ പ്രശ്നങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഉറപ്പാക്കുന്നതു സംബന്ധിച്ച് ജാഗ്രത പുലര്‍ത്തേണ്ടവര്‍ ന്യൂനപക്ഷാഭിപ്രായങ്ങളെ വേട്ടയാടുന്നരീതി സമീപഭൂതകാലത്തു വലിയ ചര്‍ച്ചകളുയര്‍ത്തിയിട്ടുണ്ട്. നയസമീപനങ്ങളിലുണ്ടായ പ്രത്യയശാസ്ത്ര നിരാസവും ആ പാര്‍ട്ടിയെ എവിടേക്കാണ് നയിക്കുന്നതെന്നും ഞങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ട്.ഒരു ഇടതുപക്ഷ പ്രസ്ഥാനം ആഗോളവത്ക്കരണകാലത്ത് എങ്ങനെയാവരുത് എന്നതിന് സി പി എമ്മോളം നല്ല പാഠമില്ല.
ഫലത്തില്‍,കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വലതുപക്ഷ രാഷ്ട്രീയത്തിന്റെ വാലായി മാറിയത് സി പി എമ്മും അവര്‍ നയിക്കുന്ന മുന്നണിയുമാണ്. ജനങ്ങളോടല്ല അവരുടെ പ്രതിബദ്ധത കോര്പറേറ്റുകളോടാണ്. സമരം ചെയ്യുന്ന ജനലക്ഷങ്ങളോടല്ല ധനികന്യൂനപക്ഷത്തിന്റെ വികസനാസൂത്രണങ്ങളോടാണ് അവര്‍ക്കു മമത. ആഗോളവത്ക്കരണത്തിനെതിരെ പൊരുതിജീവിക്കുന്ന ജനകോടികളെ അവര്‍ കാണുകയില്ല. കോര്‍പറേറ്റ് ദല്ലാളന്മാരുടെ ഭരണത്തിനെതിരെ ആത്മാര്‍ത്ഥമായ ഏതു നീക്കത്തിനും ആദ്യ സഖ്യം അവരുമായാണ് വേണ്ടത്. എന്നാല്‍ ദല്ലാള്‍ സഖ്യത്തിന്റെ മൂന്നു മുഖങ്ങളായി കോണ്‍ഗ്രസ് – ബി ജെ പി – സി പി എം മുന്നണികള്‍ മാരിയിരിക്കുന്നു. ഒരേ നയത്തിന്റെ മൂന്നു മുഖങ്ങളാണവ. ഒി എസ് ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത് വലതു രാഷ്ട്രീയത്തിന്റെ ജീര്‍ണ വാലിലാണ്.
24 മാര്‍ച്ച് 2014