കേരളത്തില്‍ രണ്ടു പ്രബല രാഷ്ട്രീയ മുന്നണികളാണുള്ളത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും. വ്യത്യസ്ത രാഷ്ട്രീയ ദര്‍ശനങ്ങളുടെയും നയസമീപനങ്ങളുടെയും രണ്ടു രാഷ്ട്രീയ ധാരകളായാണ് അവ രൂപപ്പെട്ടതും നിലനിന്നതും. ജനാധിപത്യ ഭരണ സംവിധാനത്തിനകത്തെ അധികാര വടംവലികള്ക്കുള്ള ശക്തിസ്വരൂപണമാണ് പലപ്പോഴും നടന്നതെങ്കിലും രണ്ടുകൂട്ടരും ഭിന്ന നയങ്ങള്‍കൊണ്ടും മുദ്രാവാക്യങ്ങള്‍കൊണ്ടും വേറിട്ടു നിന്നിരുന്നു.
അറുപതുകളില്‍ ഇന്നു കാണുന്നപോലെയുള്ള മുന്നണി സംവിധാനത്തിലേക്കു കാലെടുത്തുവെക്കുമ്പോള്‍, ഒരു ധാരക്കു നേതൃത്വം കൊടുത്ത സി പി എം തങ്ങളുടെ പരിപാടിയുടെ ആദ്യ ഘട്ടമായ ജനകീയ ജനാധിപത്യ വിപ്ലവത്തിന് ഊന്നല്‍ നല്കാന് ശ്രമിച്ചു. ജനകീയ ജനാധിപത്യ ബദലാണ് കെട്ടിപ്പടുക്കുന്നതെന്ന് പ്രഖ്യാപിച്ചു. സാമ്രാജ്യത്വ വിരുദ്ധ നിലപാടുകളും സോഷ്യലിസ്റ്റ് മുദ്രാവാക്യങ്ങളും ഉയര്‍ത്തിപ്പിടിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനാവട്ടെ, സ്വാതന്ത്ര്യാനന്തര ഭരണ സംവിധാനത്തെ ശക്തിപ്പെടുത്തി മുന്നോട്ടു പോകേണ്ടതുണ്ടായിരുന്നു. രാജ്യത്തിനത്തു വളര്‍ന്നു വരുന്ന മുതലാളിത്ത വികസനത്തിന്റെയും അതിജീവിക്കാന്‍ ശ്രമിക്കുന്ന ഫ്യൂഡല്‍ ബന്ധങ്ങളുടെയും രക്ഷക വേഷം അവര്‍ തിമര്‍ത്താടി. അതേസമയം, സാര്‍വ്വദേശീയ രംഗത്തു സാമ്രാജ്യത്വ – സോഷ്യലിസ്റ്റു ചേരികളില്നിന്നകന്ന് മൂന്നാംലോക നയവും ഉയര്‍ത്തിപ്പിടിച്ചു.
സി പി എമ്മും കോണ്‍ഗ്രസ്സും ഇങ്ങനെ വ്യക്തമായ രണ്ടു വീക്ഷണങ്ങളെ പ്രതിനിധാനം ചെയ്തു മുന്നണികളുണ്ടാക്കിത്തുടങ്ങിയെങ്കിലും ഇതര കക്ഷികള്‍ ഓരോ ഘട്ടത്തിലും ഓരോ നിലപാടു സ്വീകരിച്ചു കൂടുവിട്ടു കൂറു മാറിക്കൊണ്ടിരുന്നു. അധികാര രാഷ്ട്രീയത്തിന്റെ ശാക്തിക ബലാബലം നിശ്ചയിക്കാനുള്ള കേവല ലീലകളായി ഈ പ്രക്രിയ മാറി. 1972ല്‍ മധുരയില്‍ ചേര്‍ന്ന ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ് ഇതുസംബന്ധിച്ചു ചര്‍ച്ച ചെയ്തു. ജനകീയ ജനാധിപത്യ ബദല്‍ എന്ന ആശയം സാധാരണ ജനങ്ങള്‍ക്കു എളുപ്പം മനസ്സിലാവുന്നില്ലെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന ആശയമാവും കൂടുതല്‍ ഉചിതമാവുകയെന്നും നിരീക്ഷിച്ചു. ജനാധിപത്യമെന്ന പദമുള്ളതിനാല്‍ ഏതു രാഷ്ട്രീയ പ്രസ്ഥാനത്തെയും കൂടെ കൂട്ടാമെന്ന നിലവരെയായി. എണ്‍പതുകളില്‍ ഹിന്ദുത്വ രാഷ്ട്രീയം ശക്തിപ്പെട്ടുവന്നതോടെ വീണ്ടുവിചാരമുണ്ടായേ പറ്റൂ എന്ന നിലവന്നു. ന്യൂനപക്ഷ മത സാമുദായിക വിഭാഗങ്ങളെ ചേര്‍ത്തുള്ള കൂട്ടുകെട്ടുകള്‍ ഭൂരിപക്ഷ വര്‍ഗീയതയെ ശക്തിപ്പെടുത്തുമെന്ന ബോധോദയമുണ്ടായി. അടിയന്തിരാവസ്ഥാനന്തരം അധികാരമേറ്റ ജനതാ ഗവണ്മെന്റിന്റെ പതനത്തോടെ സിപിഎമ്മിന്റെ ബംഗാള്‍ ഘടകത്തിലുണ്ടായ ഉരുള്‍പ്പൊട്ടല്‍ വര്‍ഗീയ പ്രസ്ഥാനങ്ങളോടുള്ള നിലപാടു സംബന്ധിച്ച നീണ്ട ചര്‍ച്ചകള്‍ക്കു തുടക്കം കുറിച്ചു.
ഭൂരിപക്ഷ വര്‍ഗീയതയോടു മൃദു സമീപനം കൈക്കൊള്ളുന്ന ബംഗാള്‍ ഘടകവും ന്യൂനപക്ഷ വര്‍ഗീയതയോടു മൃദു സമീപനം പുലര്‍ത്തുന്ന കേരള ഘടകവും തെറ്റു തിരുത്തി ശരിയായ നിലപാടിലേക്കു വരേണ്ടതുണ്ടെന്ന് സി പി എം നേതൃത്വം കണ്ടെത്തി. രണ്ടു ഘടകങ്ങളിലും തുടര്‍ച്ചയായി ഇടപെട്ടുകൊണ്ട് ഒരു തത്വാധിഷ്ഠിത നിലപാട് അവതരിപ്പിക്കാന്‍ കേന്ദ്രകമ്മിറ്റി പരിശ്രമിച്ചു. ശരീ അത്ത് വിവാദവും അഖിലേന്ത്യാലീഗിന്റെ മുന്നണി വിടലും ബദല്‍ രേഖക്കെതിരായ രാഷ്ട്രീയകാമ്പെയിനുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു. ഇങ്ങനെയൊരു തത്വാധിഷ്ഠിത നിലപാട് ഉയര്‍ത്തിക്കാട്ടിയാണ് 1987ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടതും വിജയിച്ചതും. തുടര്‍ന്നു 1988 അവസാനം തിരുവനന്തപുരത്തു ചേര്‍ന്ന സി പി എമ്മിന്റെ പതിമൂന്നാം കോണ്‍ഗ്രസ് ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ മുന്നണിയാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ചൂണ്ടിക്കാട്ടി.
ഇങ്ങനെ നിരന്തരം ഇടപെട്ടും നവീകരിച്ചുമാണ് ഇടതുപക്ഷം അതിന്റെ വിപ്ലവോന്മുഖമായ രാഷ്ട്രീയ മുന്നേറ്റം ആസൂത്രണം ചെയ്തുപോന്നത്. കോണ്‍ഗ്രസ്സാകട്ടെ, അസാമാന്യമായ മെയ് വഴക്കത്തോടെ മുതലാളിത്ത ആധുനികതയെയും ഫ്യൂഡല്‍ ഗൃഹാതുരതയെയും ഒന്നിപ്പിച്ചു നിര്‍ത്തി. കോണ്‍ഗ്രസ്സിനകത്ത് ആദ്യകാലം മുതല്‍ ശക്തമായിരുന്ന ഇടതു വലതു ധാരകളെ ചാഞ്ഞും ചരിഞ്ഞും ഒന്നിപ്പിച്ചു നിര്‍ത്തി. അപായകരമായ സന്ദര്‍ഭങ്ങളിലെല്ലാം ഏതെങ്കിലുമൊരു കമ്യൂണിസ്റ്റു പാര്‍ട്ടി അവരെ തുണയ്ക്കാനെത്തി. ഇന്താ ചൈനാ യുദ്ധഘട്ടം, ബാങ്ക് ദേശസാല്‍ക്കരണ കാലം, കോണ്‍ഗ്രസ് പിളര്‍പ്പു ഘട്ടം, അടിയന്തിരാവസ്ഥാകാലം, സംഘപരിവാര ഭീഷണികാലം എന്നിങ്ങനെ ഓരോ പ്രതിസന്ധിയും ഇടതുപക്ഷ തുണയോടെയാണ് അവര്‍ കടന്നു കയറിയത്. പ്രതിസന്ധി ഘട്ടങ്ങളില്‍ കോണ്‍ഗ്രസ്സിനെ സഹായിച്ചും അല്ലാത്ത ഘട്ടങ്ങളില്‍ കോണ്‍ഗ്രസ്സിനെ എതിര്‍ത്തും രണ്ടു നയങ്ങളുടെ വക്താക്കളും പ്രയോക്താക്കളുമായാണ് മുന്നണികള്‍ മുന്നേറിയത്. കേരളത്തിലെ മാത്രം മുന്നണികളാണെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സൂക്ഷ്മ സ്പന്ദനങ്ങള്‍ അവ ഏറ്റു വാങ്ങിയിട്ടുണ്ട്.
1957ലും 1967ലും 1980ലും1987ലുമെല്ലാം കേരളത്തില്‍ എല്‍ ഡി എഫ് അധികാരത്തിലെത്തി. കാര്‍ഷിക പരിഷ്ക്കരണവും വിദ്യാഭ്യാസ പരിഷ്ക്കരണവും മുതല്‍ ക്ഷേമ പെന്ഷനുകള്വരെയുള്ള ഭരണനടപടികളില്‍ ഒരു ജനപക്ഷ ചായ്വ് പ്രകടമായിരുന്നു. ഫെഡറല്‍ സംവിധാനത്തിന്റെ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് മറ്റു സംസ്ഥാനങ്ങളില്‍നിന്നു ഭിന്നമായ പദ്ധതികള്‍ ആസൂത്രണം ചെയ്തുനടപ്പാക്കാനാണ് ശ്രമമുണ്ടായത്. ഇതു ഭരണരംഗത്തു പ്രതിഫലിപ്പിക്കാന്‍ ദീര്‍ഘകാലത്തെ സമരമുന്നേറ്റങ്ങള്കൊണ്ടാണ് സാധ്യമായത്. ആ സമരങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷ മുന്നണിയുടെ അടിത്തറയിട്ടത്. അതിലെ അപാകതകളാണ് മുന്നണിയുടെ ദൗര്‍ബല്യത്തിനു കാരണമായതും.
ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളില്‍ ഇടപെട്ടു പരിഹാരം കാണാനുള്ള നിരന്തര സമരത്തിന്റെ വേദിയായാണ് കമ്യൂണിസ്റ്റുകാര്‍ മുന്നണിയെ വിഭാവനം ചെയ്യുന്നത്. ജീവല്പ്രശ്നങ്ങളിലുള്ള സമരൈക്യത്തിലാണ് മുന്നണി രൂപപ്പെടേണ്ടത്. അതുപക്ഷെ ഫലപ്രദമായി പരീക്ഷിക്കാന്‍ കേരളത്തില്‍ കഴിഞ്ഞിട്ടില്ല. ഭരണത്തിനുള്ള ഐക്യസൂത്രമായേ അതു നടപ്പായുള്ളു. സമരങ്ങളിലൂടെ ഉറച്ചുകിട്ടുന്ന മുന്നണി , ഭരണവര്‍ഗ താല്‍പ്പര്യങ്ങള്‍ക്കെതിരായ വര്ഗരാഷ്ട്രീയത്തെക്കൂടി ഉള്‍ക്കൊള്ളുന്നതായിരിക്കും. അത്തരമൊരു മുന്നണിക്കേ ഭരണവും സമരമായി കാണാനാവൂ. അഥവാ ഭരണവും സമരവും ഒന്നിച്ചുകൊണ്ടുപോകാനാവൂ.
എന്നാല്‍ നമ്മുടെ മുന്നണി രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെയൊരനുഭവം ഉറച്ചുകിട്ടിയില്ല. അതിന്റെഫലമായി ഭരണമാത്ര മുന്നണികളായി അവ മാറി. ലക്ഷ്യവും മുദ്രാവാക്യവും നഷ്ടപ്പെട്ട, താല്‍ക്കാലികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുക മാത്രം ചെയ്യുന്ന സംവിധാനങ്ങളായി അവ തുടര്‍ന്നു. തൊണ്ണൂറുകളില്‍ നിയോലിബറല്‍ പരിഷ്ക്കരണ നടപടികളുടെ നടത്തിപ്പുകാരായി രണ്ടു മുന്നണികളും മാറി. യഥാര്‍ത്ഥ നളനെ തിരിച്ചറിയാന്‍ ദമയന്തിക്കുപോലും ആവില്ലെന്ന അവസ്ഥ.
എണ്‍പതുകളുടെ ഒടുവില്‍ തത്വാധിഷ്ഠിത നിലപാട് പ്രഖ്യാപിച്ച സി പി എം തൊണ്ണൂറുകളില്‍ ഭരണ നവീകരണ നടപടികളുടെ നടത്തിപ്പുകാരായി. സാമ്രാജ്യത്വ മൂലധനത്തിനും ലോകബാങ്ക് പദ്ധതികള്‍ക്കും പിറകില്‍ ഓടുകയായിരുന്നു അവര്‍. നവ ഉദാരതയുടെ വിസ്മയ ഭരണം കൈവിടാതിരിക്കാന്‍ സാമുദായിക സംഘടനകള്‍ക്കും തീവ്രവാദ സംഘടനകള്‍ക്കും വലതുപക്ഷജീര്ണതകള്ക്കും കൈകൊടുത്തു സ്വീകരിക്കാന്‍ സി പി എം സന്നദ്ധമായി. പാര്‍ട്ടിയിലോ മുന്നണിയിലോ ആദര്‍ശമോ തത്വമോ മൂല്യമോ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് സി പി എം കരുതിയില്ല. വര്‍ഗ നിലപാടുകള്‍ കയ്യൊഴിയുന്നതില്‍ ഒരു വേവലാതിയും കണ്ടില്ല. പാലില്‍ വെള്ളം ചേര്‍ത്തുചേര്‍ത്തു വെള്ളം മാത്രമേയുള്ളുവെന്നു വന്നു.
നാലര പതിറ്റാണ്ടു പിന്നിട്ട മുന്നണി രാഷ്ട്രീയത്തിന്റെ ചരിത്രം വിപ്ലവ ബദലില്നിന്നു ബദല്വിപ്ലവ വായാടിത്തത്തിലേക്കുള്ളതായി. വ്യവസ്ഥ പൊളിച്ചു പണിയാന്‍ ഒരുമ്പെട്ടുവന്നവര് വ്യവസ്ഥയുടെ കാവല്‍ക്കാരായി. ലക്ഷ്യം മറന്ന കൂട്ടത്തിന് പാര്‍ട്ടിയിലോ മുന്നണിയിലോ വരുന്നതും പോകുന്നതും ആരായാലെന്ത്? സോഷ്യലിസ്റ്റുകാരെയും കമ്യൂണിസ്റ്റുകളെയും കുത്തിക്കുത്തി പുറത്താക്കി കുലംകുത്തിയെന്ന് അട്ടഹസിച്ചു ചിരിക്കുന്ന അധികാരോന്മത്തതക്കു അഹങ്കാരമെന്നു വിളിച്ചാല്‍ മതിയാവില്ല. ഒരു ജനതയുടെ സ്വപ്നങ്ങള്‍ക്കു മുകളിലാണ് അവര്‍ താണ്ഡവമാടുന്നത്.
സോഷ്യലിസ്റ്റു ജനതപോയി. ജോസഫ് ഗ്രൂപ്പു പോയി. ആര് എസ് പിയും പോയി. അവശേഷിച്ച ജനതക്കു തൃപ്തിയില്ല. എന്‍.സി.പിക്കു തൃപ്തിയില്ല. സി പി ഐ ഞരങ്ങുന്നുണ്ട്. കടന്നപ്പള്ളി എന്തു പറയാന്‍! സി പി എമ്മിന്റെ വലതുമുന്നണി വേണോ കോണ്‍ഗ്രസ്സിന്റെ വലതു മുന്നണി വേണോ എന്നേ ചോദ്യമുള്ളു. വേറിട്ടു നിന്ന് ഇടതുപക്ഷ രാഷ്ട്രീയം പറയാനോ പ്രവര്‍ത്തിക്കാനോ ത്രാണിയില്ലാത്തവര്‍ക്ക് ഇതിലൊന്നു തെരഞ്ഞെടുക്കാം. ആര്. എസ്. പി അതാണ് ചെയ്തത്. ഗൗരിയമ്മക്കുമതാവാം.
രണ്ടു പ്രധാന മുന്നണികളും ബി ജെ പിയും വലതു കോര്‍പറേറ്റ് രാഷ്ട്രീയത്തിന്റെ മൂലധനലീലകളില് മുഴുകട്ടെ. അവയ്ക്ക് പുറത്ത് മാത്രമേ ബദല്‍ രൂപപ്പെടുകയുള്ളു. അത് ഉണര്‍ത്തിയെടുക്കാന്‍ ഈ വലതു മുന്നണികളെ ഒരേ പോലെ തള്ളിക്കളയാനുള്ള ആര്‍ജ്ജവം വേണം. സ്വാഭാവികമായി പൊട്ടിപ്പുറപ്പെടുന്ന ജനകീയ സമരങ്ങളോട് ഐക്യപ്പെടാനും തൊഴിലെടുക്കുന്ന സംഘടിതരും അസംഘടിതരുമായ ജനലക്ഷങ്ങളുടെ സമരങ്ങളോട് ചേര്‍ത്തുപിടിക്കാനും കഴിയണം. പുതിയകാലത്തു ശേഷിക്കുന്ന ഇടതുപക്ഷത്തിന്റെ കടമയാണത്.
10 മാര്‍ച്ച് 2014