ചന്ദ്രശേഖരന് വധഗൂഢാലോചന സംബന്ധിച്ച് സി ബി ഐ അന്വേഷണം വേണമെന്ന രമയുടെയും ആര്.എം.പിയുടെയും നിലപാട് പരോക്ഷമായി ശരിവെക്കുന്ന രീതിയിലാണ് ഇപ്പോള്‍ സി.പി.എം അന്വേഷണറിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.
സി.പിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സംസ്ഥാനസമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് സംസ്ഥാനസമിതി ഏകകണ്ഠമായി അംഗീകരിച്ചുവെന്നാണ് ദേശാഭിമാനി ഇന്ന് മുഖപ്രസംഗത്തില്‍ പറയുന്നത്. കോടതി കണ്ടെത്തിയതുപോലെ, രാഷ്ട്രീയ വൈരാഗ്യമല്ല വ്യക്തിവിരോധമാണ് കൊലയ്ക്കു കാരണമെന്ന് പാര്‍ട്ടി കമ്മീഷന് കണ്ടെത്തി. ഇക്കാര്യത്തില്‍ മുഖ്യ കുറ്റവാളി കെ.സി രാമചന്ദ്രനാണെന്നും സി പി എമ്മിനിതില് പങ്കില്ലെന്നു വ്യക്തമായെന്നും സംസ്ഥാനകമ്മറ്റിക്കു ബോധ്യമായി. നിലനില്‍പ്പിനായുള്ള വിവാദം എന്ന മുഖപ്രസംഗത്തില്‍ ഇങ്ങനെ പറയുന്നു:
റിപ്പോര്‍ട്ട് സംസ്ഥാനകമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചു.പാര്‍ട്ടി ലോക്കല്‍കമ്മിറ്റി അംഗം കെ.സി.രാമചന്ദ്രനെ ദ്രോഹിച്ചതുമൂലമുണ്ടായ വ്യക്തിവിരോധമാണ് കൊലയിലേക്കെത്തിച്ചതെന്ന് അന്വേഷണത്തില്‍ മനസ്സിലായി.. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനോ ജില്ലാ നേതൃത്വത്തിനോ ഏരിയാ നേതൃത്വത്തിനോ കൊലപാതകത്തില്‍ പങ്കില്ലെന്ന് അന്വേഷണറിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കം വരുത്താനിടയാക്കിയ കൊലപാതകത്തിന്റെ പേരില്‍ തെറ്റുചെയ്തുവെന്ന് പാര്‍ട്ടി കണ്ട കെ സി രാമചന്ദ്രനെ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് പുറത്താക്കാന്‍ സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചു. ചന്ദ്രശേഖരന് നിഷ്ഠൂരമായി വധിക്കപ്പെട്ടതില്‍ പങ്കില്ലെന്ന തുടക്കം മുതലുള്ള പാര്‍ട്ടി നിലപാട് ശരിയാണെന്ന് കോടതിവിധിയിലും പാര്‍ട്ടി നടത്തിയ അന്വേഷണത്തിലും സംശയരഹിതമായി തെളിയിക്കപ്പെട്ടു. ഇതോടെ തെറ്റിദ്ധരിക്കപ്പെട്ട നിഷ്കളങ്കരും നിഷ്പക്ഷമതികളുമായ എല്ലാവര്ക്കും സത്യം ബോധ്യപ്പെടാനിടയായി.
കൊലചെയ്യാന്‍ നേതൃത്വംകൊടുത്തതു രാമചന്ദ്രനാണെന്നു മാത്രമല്ല, അയാളെ ദ്രോഹിച്ചതുമൂലമുണ്ടായ വ്യക്തി വിരോധമാണ് കൊലയ്ക്കു കാരണമെന്നുകൂടി കണ്ടത്തിയിരിക്കുന്നു. ഇതു അന്വേഷണഘട്ടത്തിലോ വിചാരണയുടെ ഘട്ടത്തിലോ കോടതി വിധിയിലോ കണ്ടെത്തിയിട്ടുള്ള കാര്യമല്ല. മറിച്ച് വ്യക്തി വിരോധമല്ല രാഷ്ട്രീയ വിരോധമാണ് കാരണമെന്നു കോടതി കണ്ടെത്തിയിട്ടുമുണ്ട്. ഈ കോടതി വിധി അംഗീകരിക്കാനാവില്ലെന്നും പുതിയ അന്വേഷണം നടക്കണമെന്നും സി പി എം കരുതുന്നുണ്ടോ? സിപിഎമ്മിന്റെ പ്രവര്‍ത്തകരും അനുഭാവികളും കോടതി വിധിയല്ല പാര്‍ട്ടി വിധിയാണ് അംഗീകരിക്കുകയും മാനിക്കുകയും ചെയ്യേണ്ടത് എന്നാണോ കരുതേണ്ടത്? നമ്മുടെ രാജ്യത്തെ നീതിന്യായ വ്യവസ്ഥക്കു പുറത്തു രാഷ്ട്രീയ -മത – സാമുദായിക വിഭാഗങ്ങള്‍ക്കെല്ലാം സമാന്തര സംവിധാനങ്ങള്‍ തയ്യാറാക്കാന്‍ കഴിഞ്ഞെന്നുവരും. അവര്‍ക്കൊക്കെ കോടതിവിധിയെ ചെറുതാക്കിക്കാണിക്കുന്ന സമാന്തര വിധികള്‍ പ്രസ്താവിക്കാനുമാവും. ഇത്തരം ഫത്വകള് ജനാധിപത്യ ഭരണസംവിധാനത്തില്‍ ഭൂഷണമാണോ?
ഏതെങ്കിലും ഘട്ടത്തില്‍ വ്യക്തികളോ സംഘടനകളോ ഏതെങ്കിലും കുറ്റകൃത്യത്തെ സംബന്ധിച്ച് അന്വേഷിക്കുകയോ തെളിവുകള്‍ ശേഖരിക്കുകയോ ചെയ്താല്‍ അതു നിലവിലുള്ള നിയമവ്യവസ്ഥക്കു സമാന്തരമായി വിചാരണചെയ്യാനും ശിക്ഷിക്കാനും പ്രയോജനപ്പെടുത്തുകയല്ല,നിയമവ്യവസ്ഥക്കു മുന്നില്‍ സമര്‍പ്പിക്കുകയാണ് വേണ്ടത്. സംഘടനക്കു നിരക്കാത്തതു ചെയ്താല്‍ സംഘടനയില്‍നിന്നു പുറത്താക്കാം. പൊതു സമൂഹത്തിലെ കൊടും കുറ്റവാളികളെ സാധാരണ സംഘടനകള്‍ വച്ചുപുലര്‍ത്താറില്ല. അവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഒരേ കുറ്റത്തിന് ഒന്നിച്ചു ശിക്ഷിക്കപ്പെട്ടവരില്‍ ഒരാള്‍ മാത്രമാണ് കുറ്റം ചെയ്തിരിക്കുന്നതെന്ന് വിധിക്കാന്‍ ഒരു സംഘടനക്കും അധികാരമില്ല. അങ്ങനെയെന്തെങ്കിലും തെളിവുകള്‍ ലഭ്യമായിട്ടുണ്ടെങ്കില്‍ അതു കോടതിയില്‍ ഹാജരാക്കാനും പുനരന്വേഷണമോ തുടരന്വേഷണമോ ആവശ്യപ്പെടാനുമാണ് ശ്രമിക്കേണ്ടത്. അതു ചെയ്യാതെ പൊതു സമൂഹത്തിനുമുന്നില്‍ മറ്റൊരുവിധത്തില്‍ പ്രചാരവേല നടത്തുന്നത് ജനാധിപത്യ മൂല്യങ്ങളെയും നിയമവ്യവസ്ഥയെയും അപമാനിക്കലാണ്.
സിപിഎം കണ്ടെത്തിയതുപോലെ രാമചന്ദ്രന്റെ വ്യക്തി വിരോധമാണ് കാരണമെങ്കില്‍ രാമചന്ദ്രന് അത്ര നിസ്സാരനായിരിക്കുകയില്ല. ഏഴംഗ കൊലയാളിസംഘത്തെ ഏര്‍പ്പാടാക്കാനും കൊല ചെയ്യിക്കാനും കുഞ്ഞനന്തനുള്പ്പെടെയുള്ളവരെ ഒളിവിലയക്കാനും ഏറ്റവും പ്രഗല്ഭരായ വക്കീലന്മാരെക്കൊണ്ടു കേസു വാദിക്കാനും സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോയെവരെ മുള്‍മുനയില്‍ നിര്‍ത്താനും കഴിഞ്ഞ ലോക്കല്‍കമ്മിറ്റി അംഗവും ചെറുകിട കോണ്ട്രാക്റ്ററുമാണ് അയാള്‍. അയാളെ പുറത്താക്കുന്നതുതന്നെ വലിയൊരനുഷ്ഠാനംപോലെയാണ്. പോളിറ്റ് ബ്യൂറോയിലും മറ്റു മേല്‍ഘടകങ്ങളിലും പ്രവര്‍ത്തിച്ചവരെയൊക്കെ മുമ്പു പുറത്താക്കിയിട്ടുണ്ട്. മിക്കവരും വിവരമറിയുന്നത് അടുത്ത ദിവസങ്ങളിലെ പത്രങ്ങളില്നിന്നുമാണ്. ഇവിടെ ലോക്കല്‍ കമ്മിറ്റി അംഗത്തെ പുറത്താക്കുന്നതിനു മുമ്പും പിമ്പുമായി ഓടിയെത്തുന്നത് പോളിറ്റ്ബ്യൂറോ അംഗവും സംസ്ഥാനസമിതി അംഗങ്ങളുമാണ്. ഒരു മനുഷ്യനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയെന്നു തെളിഞ്ഞ ശേഷം പുറത്താക്കപ്പെടുന്ന ആള് തുടര്‍ന്നും പാര്‍ട്ടി അനുഭാവിയായിരിക്കുമെന്ന് ഉറപ്പു വാങ്ങാനാണത്രെ നേതാക്കള്‍ ജയിലിലെത്തിയത്! വടകരയില്‍ നിയുക്ത സ്ഥാനാര്‍ത്ഥിയായ ഷംസീര്‍ ചന്ദ്രശേഖരന്റെ കൊലയാളിയുടെ അനുഗ്രഹം വാങ്ങി വേണം പ്രചാരണപ്രവര്ത്തനങ്ങളാരംഭിക്കാന് എന്ന കാര്യത്തില്‍ നിര്‍ബന്ധബുദ്ധിതന്നെ പ്രകടിപ്പിച്ചു.
സിപിഎമ്മിന്റെ ഓരോ ചുവടുവെപ്പും കൊലയിലുള്ള പങ്കാളിത്തം വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പൊതുസമൂഹത്തിനു മുന്നില്‍ കൊലയില്‍ പങ്കുള്ളതുകൊണ്ടാണ് കൊലയാളികളെ സിപിഎം സഹായിച്ചുകൊണ്ടിരിക്കുന്നതെന്ന വിചാരം ശക്തമാണ്. ഓരോ ഘട്ടത്തിലും സിപിഎം നടത്തിയ അഭിപ്രായ പ്രകടനങ്ങളും പ്രമുഖനേതാക്കളെല്ലാം കൊലയാളികളെ തുണയ്ക്കാന്‍ ഓടിയെത്തിയതും വിധിയെപ്പോലും തള്ളിപ്പറഞ്ഞുകൊണ്ട് കുഞ്ഞനന്തനും കൂട്ടര്‍ക്കും കീഴടങ്ങുന്നതും പൊതുസമൂഹം കണ്ടതാണ്. ഊരാന്‍ ശ്രമിക്കുംതോറും ഊരാക്കുടുക്കില്പ്പെടുന്ന അപരാധി ജീവിതമാണ് ഇപ്പോള്‍ ആ പ്രസ്ഥാനം നയിക്കുന്നത്.
സിപിഎമ്മിന്റെ സ്ഥാപകനേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ വി എസ് അച്യുതാനന്ദന് ഈ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും രാഷ്ട്രീയ വൈരാഗ്യംതന്നെയാണ് കൊലയ്ക്കു കാരണമെന്നും ആവര്‍ത്തിച്ചിരിക്കുന്നു. സിപിഎം നേതാക്കള്‍ക്കുതന്നെ ബോധ്യമില്ലാത്ത കാര്യമാണ് അവര്‍ പൊതു സമൂഹത്തിനു മുന്നില്‍ വച്ചിരിക്കുന്നത്. മാര്‍ക്സിസത്തിന്റെ മനുഷ്യസ്നേഹപരമായ ഉള്ളടക്കത്തെ പ്രവൃത്തികൊണ്ടും വാക്കുകൊണ്ടും ചവിട്ടിയരക്കുന്ന സംഘടനക്കു മാര്‍ക്സിസ്റ്റു പാര്‍ട്ടിയെന്നു പേര്. സങ്കടകരമായ അവസ്ഥയാണത്. മുതലാളിത്തത്തിന്റെ ജീര്ണമൂല്യങ്ങളില് അഭിരമിക്കുന്ന അധോലോക സംഘമായി അതു മാറുകയാണ്. ജനാധിപത്യ മൂല്യങ്ങളില്‍ അടിയുറച്ചു നില്ക്കുന്ന ഒരാള്‍ക്കും അഭിമാനം കയ്യൊഴിയാതെ അവരുമായി സഹകരിക്കാനാവില്ല.
8 മാര്‍ച്ച് 2014