Article POLITICS

പ്ലാച്ചിമടയുടെ ആഹ്വാനം

ImageImage

കേരള നിയമസഭ 2011 ഫെബ്രുവരി 24ന്‌ ഏകകണ്‌ഠമായി അംഗീകരിച്ച പ്ലാച്ചിമട നഷ്‌ടപരിഹാര ട്രിബ്യൂണല്‍ ബില്ലിന്‌ എന്തു സംഭവിച്ചു? ഒരു ദശകക്കാലത്തെ സഹനത്തിന്റെയും സമരത്തിന്റെയും ഫലമായി ഒരു ജനതക്കു ലഭിച്ച ആശ്വാസമായിരുന്നു അത്‌. മൂന്നു വര്‍ഷം പിന്നിടുമ്പോഴും രാഷ്‌ട്രപതിയുടെ അംഗീകാരത്തിനു സമര്‍പ്പിക്കുകപോലും ചെയ്യാതെ,ദില്ലിയിലെ ഭരണകാര്യാലയങ്ങളിലെവിടെയോ പൊടിപിടിച്ചു കിടക്കുകയാണ്‌ ആ ബില്ല്‌.

രണ്ടായിരത്തിന്റെ തുടക്കത്തില്‍ ജനകീയ സമരസമിതികള്‍ ജല ചൂഷണത്തിനും ജലമലിനീകരണത്തിനുമെതിരെ പ്രക്ഷോഭമാരംഭിച്ചപ്പോള്‍ മുഖ്യധാരാ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളൊന്നും തിരിഞ്ഞു നോക്കിയിരുന്നില്ല. എല്ലാ എതിര്‍പ്പുകളെയും നേരിട്ട്‌ രാജ്യം മുഴുവന്‍ ശ്രദ്ധിക്കുന്ന സമരമായി അതു വളര്‍ന്നപ്പോള്‍ രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ക്കു തിരിഞ്ഞു നോക്കാതിരിക്കാന്‍ വയ്യെന്നായി. എന്‍ജിഒ സമരം, വിദേശഫണ്ട്‌ എന്നിങ്ങനെ മാരക പ്രഹരശേഷിയുള്ള ആരോപണങ്ങളെ മറികടന്നു സമരം ആളിപ്പടര്‍ന്നത്‌ പ്രശ്‌നത്തിന്റെ ഗൗരവസ്വഭാവംകൊണ്ടും ജനങ്ങളുടെ സമരവീര്യംകൊണ്ടുമാണ്‌. താല്‍ക്കാലിക ലാഭങ്ങള്‍ക്കായി മാത്രമാണ്‌ മുഖ്യധാരാ പ്രസ്ഥാനങ്ങള്‍ അനുഭാവം ചൊരിഞ്ഞത്‌. കൊക്കോകോള പോലുള്ള കോര്‍പറേറ്റു ഭീമന്മാരോടു പൊരുതാന്‍ അവര്‍ക്കൊട്ടും താല്‍പര്യമില്ല. 2011ല്‍ അന്നത്തെ രാഷ്‌ട്രീയ സമ്മര്‍ദ്ദത്തിനു വഴങ്ങി നിയമസഭയില്‍ ബില്ലുകൊണ്ടുവരാന്‍ നിര്‍ബന്ധിപ്പിക്കപ്പെട്ടുവെങ്കിലും അതൊരിക്കലും രാഷ്‌ട്രപതിയുടെ മേശപ്പുറത്തെത്താതിരിക്കാന്‍ അതീവ ശ്രദ്ധയാണ്‌ പ്രകടിപ്പിച്ചിരിക്കുന്നത്‌. ഭരണപക്‌ഷത്തും പ്രതിപക്ഷത്തുമുള്ള ജനപ്രതിനിധികള്‍ കുറ്റകരമായ അലംഭാവമാണ്‌ കാണിച്ചിരിക്കുന്നത്‌.

ഈ സാഹചര്യത്തില്‍ പ്ലാച്ചിമടയില്‍ ആരംഭിച്ചിരിക്കുന്ന ജനാധികാര സമരത്തെ ജനാധിപത്യവാദികള്‍ പിന്തുണയ്‌ക്കേണ്ടതുണ്ട്‌. നിയമപരമായി ലഭിക്കേണ്ട ആശ്വാസവും ആനുകൂല്യവും അവകാശവും ലഭിക്കുന്നില്ലെങ്കില്‍ പ്ലാച്ചിമടയിലെ കൊക്കോകോളയുടെ സ്ഥലത്തു കൃഷിയിറക്കല്‍ ഉള്‍പ്പെടെയുള്ള സമരസംരംഭങ്ങളിലേക്കു തിരിയാനാണ്‌ തദ്ദേശവാസികള്‍ തീരുമാനിച്ചിരിക്കുന്നത്‌. അതിന്റെ ഭാഗമായി, ജനവരി 30 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്‌.

2000 ജൂണ്‍ 3ന്‌ ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസ്‌ കമ്പനി പ്രൈവറ്റ്‌ ലിമിറ്റഡ്‌ പ്ലാച്ചിമടയില്‍ പ്ലാന്റ്‌ നിര്‍മിക്കുമ്പോള്‍ വരാനിരിക്കുന്ന ഭവിഷ്യത്തുകളെപ്പറ്റി ഗ്രാമവാസികള്‍ക്ക്‌ അറിയുമായിരുന്നില്ല. കുറേപേര്‍ക്കു തൊഴിലു കിട്ടും എന്ന ശുഭപ്രതീക്ഷ മാത്രമേയുണ്ടായിരുന്നുള്ളു. എന്നാല്‍, രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ സ്ഥിതി മാറി. ഗ്രാമത്തിലെ നീര്‍ത്തടങ്ങള്‍ വരണ്ടുതുടങ്ങി. കിണറുകളിലും കുളങ്ങളിലും ജലത്തില്‍ മാരകമായ വിഷാംശം പ്രത്യക്ഷപ്പെട്ടുതുടങ്ങി. ജനങ്ങളില്‍ വലിയ അളവില്‍ രോഗം പടര്‍ന്നു. ശുദ്ധജലത്തിന്‌ കിലോമീറ്ററുകള്‍ താണ്ടാന്‍ സ്‌ത്രീകള്‍ നിര്‍ബന്ധിതരായി. ഈ സമയത്തെല്ലാം ഒരു ദശലക്ഷം ലിറ്ററിലേറെ വെള്ളമാണ്‌ പ്രതിദിനം കോളകമ്പനി ഊറ്റിക്കൊണ്ടിരുന്നത്‌. അതു പുറന്തള്ളിക്കൊണ്ടിരുന്ന വിഷാംശത്തിന്റെ അളവും വര്‍ദ്ധിക്കുകയായിരുന്നു. ഈ സാഹചര്യമാണ്‌ തദ്ദേശവാസികളെ സമരത്തിലേക്കു വലിച്ചിറക്കിയത്‌.

2003ല്‍ ബിബിസി .വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ച്‌ വിഷാംശമുള്ള ജലമാണതെന്ന്‌ ലോകത്തോടു പറഞ്ഞു. സമരത്തിന്‌ അന്താരാഷ്‌ട്രമാനം കൈവരാന്‍ ഇതിടയാക്കി. സെന്റര്‍ ഫോര്‍ സയന്‍സ്‌ ആന്റ്‌ എന്‍വിറോന്‍മെന്റും ജലപരിശോധന നടത്തി വിഷാംശം സ്ഥിരീകരിച്ചു. 2004ല്‍ ഇന്ത്യന്‍ പാര്‍ലമെന്ററി കമ്മിറ്റിക്കും ഇക്കാര്യം ബോധ്യമായി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ ജോയിന്റ്‌ പാര്‍ലമെന്ററി സമിതിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പ്ലാച്ചിമടയിലെ വെള്ളത്തില്‍ മാരകമായതോതില്‍ വിഷാംശമുണ്ടെന്ന്‌ മുന്നറിയിപ്പു നല്‍കി. 2006ആദ്യം കേരള ഗവണ്‍മെന്റ്‌ സംസ്ഥാനത്തു കോള നിരോധിക്കാന്‍ നിര്‍ബന്ധിതമായി. എന്നാല്‍ ആഴ്‌ച്ചകള്‍ക്കുള്ളില്‍തന്നെ കേരളഹൈക്കോടതി നിരോധനം നീക്കി. കോള സംസ്ഥാനത്തു നിരോധിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റിനധികാരമില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇക്കാലയളവില്‍, നേരത്തേ വില്‍പ്പനയിലുണ്ടായ ഇടിവു പരിഹരിച്ച്‌ ഇന്ത്യയിലെ ശീതളപാനീയ വില്‍പ്പനയുടെ 95 ശതമാനവും കോള – പെപ്‌സി കമ്പനികള്‍ കൈക്കലാക്കി.

മറ്റൊരു വിധിയില്‍ കേരള ഹൈക്കോടതിയുടെ ശ്രദ്ധേയമായ ഒരു പരാമര്‍ശമുണ്ടായി. വാണിജ്യാവശ്യാര്‍ത്ഥം ജലമുപയോഗിക്കുന്നതു സംബന്ധിച്ച വിഷയം മുന്‍നിര്‍ത്തിയായിരുന്നു അത്‌. ഇന്ത്യന്‍ ഭരണഘടനയുടെ 21#ാ#ം വകുപ്പ്‌ ഉറപ്പു നല്‍കുന്ന ജീവിക്കാനുള്ള ഏതൊരു പൗരന്റെയും അവകാശം സംരക്ഷിക്കപ്പെടണം. ഭൂഗര്‍ഭജലം പൊതുഅവകാശത്തിലുള്ളതാണ്‌. അതിന്റെ സൂക്ഷിപ്പും ഉപയോഗവും ഗവണ്‍മെന്റ്‌ ബാധ്യതയാണ്‌. അതു വന്‍തോതില്‍ ചൂഷണത്തിനു വിധേയമായിക്കൂടാ.

രാജസ്ഥാനില്‍ ജയ്‌പൂരിനടുത്ത്‌ കലധേരയിലും തമിഴ്‌നാട്ടില്‍ ശിവഗംഗയിലുമെല്ലാം കോളക്കമ്പനികളുടെ കനത്ത ജലചൂഷണത്തിനും മാരകമായ മലിനീകരണത്തിനുമെതിരെ ഇതേ കാലത്തു സമരമാരംഭിച്ചിരുന്നു. ഇന്ത്യക്കു പുറത്തും കോളക്കമ്പനികളുടെ ചരിത്രം തദ്ദേശീയരുമായുള്ള ഏറ്റുമുട്ടലിന്റെ ചരിത്രംകൂടിയാണ്‌. പുതിയ അധിനിവേശത്തിന്റെ ശീതളയുദ്ധമാണ്‌ കോള-പെപ്‌സി കമ്പനികള്‍ നടത്തുന്നതെന്ന്‌ നേരത്തേതന്നെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്‌. പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ ഒട്ടനവധി ചെറുത്തുനില്‍പ്പുകള്‍ എണ്‍പതുകളിലുണ്ടായിട്ടുമുണ്ട്‌. ഇത്തരം അധിനിവേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുന്ന ഒരു മുഖ്യധാരാ ഇടതുപക്ഷ രാഷ്‌ട്രീയം നമ്മുടെ നാട്ടിലും അന്നു സജീവമായിരുന്നു.

നമ്മള്‍തന്നെ അക്രമിക്കപ്പെട്ടപ്പോള്‍, ദൗര്‍ഭാഗ്യവശാല്‍ അത്തരം പ്രസ്ഥാനങ്ങള്‍ നോക്കുകുത്തികളായിത്തീര്‍ന്നിരിക്കുന്നു. മാത്രമല്ല,മിക്കപ്പോഴും മുതലാളിത്ത വികസനത്തിന്റെ പ്രധാന വക്താക്കളായി വ്യവസ്ഥാപിത ഇടതുപക്ഷം മാറുകയും ചെയ്‌തു. കോര്‍പറേറ്റുകള്‍ക്കു സൗകര്യമൊരുക്കിക്കൊടുക്കലായി അവരുടെ ദൗത്യം. നന്ദിഗ്രാമിലെ സലിം കമ്പനിക്കായാലും ബോല്‍ഗാട്ടിയില്‍ മുഹമ്മദാലിക്കായാലും ശോഭാസിറ്റിയില്‍ മേനോനായാലും ദേശീയപാതയില്‍ ബിഒടിക്കായാലും വിടുപണി വിഷമമല്ലാതായിത്തീര്‍ന്നിരിക്കുന്നു അവര്‍ക്ക്‌. കൊക്കോകോളക്കെതിരെ ശബ്‌ദമുയര്‍ത്താനും അവര്‍ക്കാവില്ല. കേരളരക്ഷക്കു കോര്‍പറേറ്റുകള്‍ എന്നായിരിക്കുന്നു മുദ്രാവാക്യം.

കോര്‍പറേറ്റുകള്‍ ചൂഷണവും ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധവും തുടരുമ്പോള്‍ അവര്‍ക്കനുകൂലമായ നയസ്വീകരണത്തിലും നിയമനിര്‍മാണത്തിലുമാണ്‌ കോണ്‍ഗ്രസ്‌ ബിജെപി ഭരണകൂടങ്ങള്‍ ശ്രദ്ധിച്ചത്‌. പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിച്ച്‌ ജനങ്ങളെ എന്തിനുമേതിനും വിപണിയെ ആശ്രയിക്കുന്നവരാക്കിയും അശരണരാക്കിയും മാറ്റാന്‍ മൂലധനശക്തികള്‍ക്കു വിടുപണിചെയ്യുകയാണ്‌ മുഖ്യധാരാ രാഷ്‌ട്രീയ നേതൃത്വങ്ങള്‍. കമ്മീഷന്‍-കച്ചവട താല്‍പര്യങ്ങളാണ്‌ അവരിലുമുള്ളത്‌. പ്ലാച്ചിമടയിലെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി നടത്തുന്ന സമരം അവര്‍ക്കു കാണാനാവില്ല. മൂലമ്പള്ളിയിലും ചെങ്ങറയിലും വിളപ്പില്‍ശാലയിലും കിനാലൂരിലും കാസര്‍കോട്ടും കണ്ണെത്താത്തതുപോലെ. ദേശീയപാത,അതിവേഗ തീവണ്ടിപ്പാത,ഗ്യാസ്‌പൈപ്പ്‌ലൈന്‍ വികസനത്തിന്റെ ഭാഗമായ അഴിമതിയും ക്രൂരമായ കുടിയിറക്കും കണ്ടില്ലെന്നു നടിക്കുന്നതുപോലെ.

അതിനാല്‍ ഈ സമരങ്ങളൊക്കെ പുതിയൊരു ആഹ്വാനം മുന്നോട്ടുവെക്കുന്നുണ്ട്‌. ജനകീയപ്രശ്‌നങ്ങളുമായി പുറത്തിറങ്ങുമ്പോള്‍ വലിയ കോര്‍പറേറ്റു ശക്തികളോടാണ്‌ ഏറ്റുമുട്ടേണ്ടത്‌. പഴയ ജനകീയ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളൊന്നും അവിടെ ജനങ്ങളെ തുണയ്‌ക്കുകയില്ല. കോര്‍പറേറ്റ്‌ മൂലധനശക്തികളോട്‌ ഏറ്റുമുട്ടാന്‍ ശേഷിയും പ്രതിബദ്ധതയുമുള്ള ഒരു രാഷ്‌ട്രീയ ശക്തിയെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും നമുക്കു കഴിയണം. താല്‍ക്കാലികമായ തിരിച്ചടികള്‍ക്കും പരാജയങ്ങള്‍ക്കുമപ്പുറം നമ്മുടെ സഹനങ്ങള്‍ക്കും സമരങ്ങള്‍ക്കും കൊടിയുയര്‍ത്തി നില്‍ക്കാനും വിജയിക്കാനും മറ്റൊരു പോംവഴിയില്ല.

15 ഫെബ്രുവരി 2014

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )