Article POLITICS

രമയുടെ സമരം നവരാഷ്‌ട്രീയത്തിനു നാന്ദി


Image

ചന്ദ്രശേഖരന്‍ വധ ഗൂഢാലോചന സംബന്ധിച്ച്‌ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട്‌ ആര്‍.എം.പി സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം കെ.കെ രമ തിരുവനന്തപുരത്തു നടത്തിയ നിരാഹാര സമരം സമീപകാല സമര ചരിത്രത്തിലെ ഉജ്വലമായ അനുഭവമായി. പ്രബലമുന്നണികള്‍ക്കു പുറത്തു രാഷ്‌ട്രീയസമരം സാധ്യമാണെന്നുവന്നു. കക്ഷി രാഷ്‌ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിക്കുംവിധമുള്ള പിന്തുണയും പങ്കാളിത്തവും നല്‍കിയാണ്‌ പൊതുസമൂഹവും മാധ്യമലോകവും സഹകരിച്ചത്‌.

മനുഷ്യാവകാശത്തിന്റെയും ജനാധിപത്യാവകാശത്തിന്റെയും നിരാകരണവും ലംഘനവും നിരന്തരം അരങ്ങേറുന്ന കാലമാണിത്‌. രാഷ്‌ട്രീയ – ഉദ്യോഗസ്ഥ- മൂലധന – മാഫിയാ കോയ്‌മകളുടെ അവിശുദ്ധ സഖ്യങ്ങളാണ്‌ നാടുവാഴുന്നത്‌. ടി.പി.ചന്ദ്രശേഖരന്‍ വധം നിര്‍വ്വഹിച്ചവര്‍ രാഷ്‌ട്രീയ വൈരത്തിന്റെ ബാഹ്യ പ്രേരണകള്‍ക്കു വിധേയമാകുകയായിരുന്നുവെന്ന്‌ കോടതി കണ്ടെത്തി. ചന്ദ്രശേഖരനെ സംബന്ധിച്ചും ഏറ്റവും പൈശാചികമായ ആ കൊലപാതകം സംബന്ധിച്ചും ഒരു വലിയ രാഷ്‌ട്രീയ പ്രസ്ഥാനം കെട്ടിപ്പൊക്കിയ കെട്ടുകഥകളുടെ കോട്ട ചീട്ടുകൊട്ടാരംപോലെ തകര്‍ന്നടിഞ്ഞു. കഥകളുണ്ടാക്കാന്‍ കാണിച്ച അമിതോത്സാഹത്തിന്റെ മറവില്‍ മേല്‍ പറഞ്ഞ തരത്തിലുള്ള ഒരവിഹിത കൂട്ടുകെട്ടിന്റെ നിഴലനക്കം നാമറിഞ്ഞുതുടങ്ങി.

സ്‌ക്രിപ്‌റ്റു തയ്യാറാക്കി, പലവട്ടം ശ്രമിച്ചു പരീക്ഷിച്ചു നടത്തിയ ക്രൂരമായ കൊലപാതകം. കൊലയാളികളെ രക്ഷിക്കാനും ഒളിപ്പിക്കാനും ഒടുവില്‍ പിടിക്കപ്പെട്ടപ്പോള്‍ അവര്‍ക്കുവേണ്ടി റോഡ്‌ഷോയും തെരുവുസര്‍ക്കസും നടത്താനും സംഘടന. കേസു നടത്താന്‍ വലിയ ഫീസുവാങ്ങുന്ന യോഗ്യരായ വക്കീലന്മാര്‍. ജയില്‍വാസ കാലത്തു വേഷവും ഭക്ഷണവും വെള്ളവും മൊബൈല്‍ഫോണും ഇന്റര്‍നെറ്റു കണക്ഷനും. ഫേസ്‌ബുക്കിലൂടെ ലോകത്തെയാകെ അഭിസംബോധന ചെയ്യാനുള്ള അവസരം. ആരുമായും ചാറ്റുചെയ്യാം. സാക്ഷികളെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്താം. സൗകര്യങ്ങളൊരുക്കാന്‍ ഉദ്യോഗസ്ഥരുണ്ട്‌. ഏതൊക്കെയോ ഉറപ്പുമായി ആരൊക്കെയോ വന്നു കാണുന്നു. സ്വര്‍ണക്കടത്തും ദുരൂഹലീലകളുമുള്ള ഫായിസിന്റെ ശക്തമായ പിന്തുണ. എല്ലാം ഏകോപിപ്പിക്കാന്‍ സദാ സന്നദ്ധമായി അകത്തും പുറത്തും ചിലര്‍.

ആഭ്യന്തര വകുപ്പ്‌ ഒന്നുമറിഞ്ഞില്ല. വകുപ്പുമന്ത്രി തെക്കന്‍ സ്ഥലനാമം വഹിക്കുന്ന കൃഷ്‌ണനോ വടക്കന്‍ സ്ഥലനാമം വഹിക്കുന്ന വിജയനോ എന്നു മാത്രം വ്യക്തമായില്ല. അറസ്‌റു ചെയ്‌ത പൊലീസുകാരെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തി ഗിരി പ്രഭാഷണങ്ങളുണ്ടായി. പൊലീസുകാരാ നിനക്കു മക്കളില്ലേ, അവര്‍ പുറത്തിറങ്ങില്ലേ എന്നു സംസ്ഥാന നേതാവ്‌ കുശലംചോദിച്ചപ്പോള്‍ കണ്ണൂരിലെ യുവനേതാവ്‌ അല്‍പ്പംകൂടി കടന്നു പറഞ്ഞു. പൊലീസുകാരാ,നിന്റെ വീട്ടില്‍ ഭാര്യയില്ലേ, അവര്‍ ഒറ്റയ്‌ക്കല്ലേ വീട്ടില്‍?

എന്തായിരുന്നു ഈ ഇളകിയാട്ടത്തിനു പിറകില്‍? ഒരാളെ സംശയിച്ച്‌ അറസ്റ്റു ചെയ്‌തതേയുള്ളു. എം എല്‍.എമാരും നേതാക്കളും ഒഴുകിയെത്തി. നിയമപാലകരുടെ ആപ്പീസ്‌ ഉപരോധിച്ചു. ശിക്ഷിക്കപ്പെട്ട്‌ വിയൂര്‍ ജയിലിലെത്തിയപ്പോഴും ഇതേ ദൃശ്യം ആവര്‍ത്തിച്ചു. കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ചവര്‍ക്കു ജയിലില്‍ മര്‍ദ്ദനമേറ്റതായി ഒരു വാര്‍ത്ത. മാധ്യമങ്ങള്‍ സ്‌കൂപ്പടിച്ചെടുക്കുംമുമ്പെ എംഎല്‍എമാര്‍ ഓടിയെത്തി. ഏഴുമണിക്കൂര്‍ കുത്തിയിരിപ്പ്‌. ഇരുപത്തിനാലു മണിക്കൂര്‍ തികയുംമുമ്പ്‌ അഞ്ചു എംഎല്‍എമാര്‍, രണ്ടു ജില്ലാ സെക്രട്ടറിമാര്‍,ഒരു പോളിറ്റ്‌ ബ്യൂറോ അംഗം. മഹാനേതാക്കന്മാര്‍ക്കുപോലും കൈവന്നിട്ടില്ലാത്ത ഭാഗ്യമുണ്ടായി: ചന്ദ്രശേഖരനെ കൊന്നവര്‍ക്കും അടുപ്പക്കാര്‍ക്കും.

ടി.പി.ചന്ദ്രശേഖരനെ കൊന്നവരെപ്പോലെ ഭാഗ്യംചെയ്‌ത വിഐപി കൊലയാളികളെ ആരെങ്കിലും എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? കൊല്ലിച്ചവര്‍ മഹാശക്തര്‍. കൃത്യം നിര്‍വ്വഹിച്ചവരെ വഴിയിലുപേക്ഷിക്കുന്ന നീചരല്ല അവര്‍. അവര്‍ക്കു മുന്നില്‍ പൊലീസും ജയിലും നിയമവും സര്‍ക്കാറും വഴിമാറുന്നു. 2012 മെയ്‌ നാലിന്‌ ടി.പി വധിക്കപ്പെട്ട ശേഷമുള്ള ദിനങ്ങളില്‍ കേരളീയ സമൂഹത്തിന്റെ ധാര്‍മിക നിര്‍ബന്ധത്തിനു വഴങ്ങി സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. അതിന്റെ ഫലമായി കുറ്റവാളികള്‍തന്നെ പിടിയിലായി. വടക്കേ മലബാറില്‍ അതു പതിവില്ലാത്തതാണ്‌. പാര്‍ട്ടി ആപ്പീസില്‍നിന്ന്‌ നല്‍കുന്ന പേരുകളാണ്‌ അവിടെ പ്രതിപ്പട്ടിക. അതു മാറ്റിമറിച്ചതിനു അക്കാലത്തെ ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനത്തിനു സ്‌തുതി. എന്നാല്‍ പിന്നെ എത്ര പെട്ടെന്നാണ്‌ ആ വകുപ്പാകെ ആരുടെയോ കാല്‍ക്കല്‍ നമിച്ചത്‌! കൊലയാളി ജീവിതം ഉത്സവച്ചന്തമുള്ളതാക്കിയത്‌!

നിയമവ്യവസ്ഥയും ധാര്‍മികമൂല്യങ്ങളും ജനാധിപത്യാവകാശങ്ങളുമെല്ലാം കണ്‍മുന്നില്‍ പിച്ചിച്ചീന്തപ്പെട്ടപ്പോഴും സ്വതന്ത്രബുദ്ധി ജീവികളുടെ ഉദയമുണ്ടായില്ല. ജനാധിപത്യ പ്രസ്ഥാനങ്ങളോ സാംസ്‌ക്കാരിക സംഘടനകളോ അപലപിച്ചില്ല. കോടതിക്കുപോലും ഭയമുള്ള പ്രമാണി നേതൃത്വമുണ്ടല്ലോ. അവര്‍ക്കെന്തുമാകാം. കൊല്ല#നുള്ള അവകാശവും അവര്‍ക്കുണ്ടെന്ന മട്ടിലാണ്‌ കാര്യങ്ങള്‍. ഞങ്ങള്‍ ചെയ്‌തിട്ടില്ല. ഞങ്ങള്‍ അന്വേഷിക്കും. ഞങ്ങള്‍ നടപടിയെടുക്കും ഞങ്ങളെപ്പറ്റി നിങ്ങള്‍ക്കൊന്നുമറിഞ്ഞുകൂടാ.

ചന്ദ്രശേഖരന്‍ വധം അന്വേഷിച്ച സംഘം 2012 ആഗസ്‌ത്‌ 13ന്‌ സമര്‍പ്പിച്ച കുറ്റ പത്രത്തിലെ അവസാന ഖണ്‌ഡിക ഇങ്ങനെയാണ്‌: ഈ കേസില്‍ എ1 മുതല്‍ എ14 കൂടിയ പ്രതികള്‍ക്കൊപ്പം ടി.പി ചന്ദ്രശേഖരനെ വധിക്കുന്നതിനായി ഗൂഢാലോചനയില്‍ കൂടുതല്‍ വ്യക്തികള്‍ പങ്കെടുത്തിട്ടുണ്ടോ എന്നതിനെക്കുറിച്ചും എ7, എ25 എന്നിവരെ ഒളിവില്‍പോകാന്‍ സഹായിച്ചവരെപ്പറ്റിയും തുടര്‍ന്നും അന്വേഷണം നടത്തുന്നതാണ്‌ എന്നും ആയത്‌ പൂര്‍ത്തിയാക്കുന്ന മുറയ്‌ക്ക്‌ അനന്തര നടപടികള്‍ സ്വീകരിക്കുന്നതാണ്‌ എന്നും ഉള്ള വിവരം ബോധിപ്പിച്ചുകൊള്ളുന്നു.

ഇക്കാര്യത്തില്‍ പക്ഷെ,കേരളത്തിലെ ആഭ്യന്തര വകുപ്പ്‌ എന്തെങ്കിലും അന്വേഷണ നടപടികള്‍ സ്വീകരിച്ചതായി നാം അറിഞ്ഞിട്ടില്ല. പൂര്‍ത്തീകരിക്കേണ്ട അന്വേഷണപ്രക്രിയ വഴിയില്‍ തടയപ്പെട്ടു. സംശയത്തിന്റെ മുന കൂടുതല്‍ നേതാക്കളിലേക്കു നീങ്ങുമ്പോഴേക്കും നേതൃതലത്തില്‍ ഒരവിഹിത സഖ്യം രൂപപ്പെട്ടിരിക്കണം. അപായകാലത്തു മുമ്പും നേതാക്കള്‍ക്കിടയില്‍ ഈ പതിവുണ്ടത്രെ. കുറ്റം കാണുന്നവരാവാം സൂര്യനെല്ലിയും ഐസ്‌ക്രീമും ഉദാഹരിക്കുന്നു. ലാവ്‌ലിനും സോളാറും ഉദാഹരിക്കുന്നു.

ഈ സാഹചര്യത്തില്‍, ടി.പി വധഗൂഢാലോചനയില്‍ പങ്കാളികളായ മുഴുവന്‍ പേരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള പ്രക്ഷോഭം മാനവികമൂല്യങ്ങളുടെയും ജനാധിപത്യാവകാശങ്ങളുടെയും പുനസ്ഥാപനത്തിനും നിലനില്‍പ്പിനും വേണ്ടിയുള്ള പോരാട്ടംകൂടിയാകുന്നു. ആ നിലയ്‌ക്കാണ്‌ രമയുടെ സമരത്തെ പൊതുസമൂഹം പിന്തുണച്ചത്‌. മുഖ്യധാരാ രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ കൈയൊഴിഞ്ഞ ജനപക്ഷ കാഴ്‌ച്ചപ്പാടും ധാര്‍മികനിലപാടും നവലോകദര്‍ശനവും പ്രത്യാനയിക്കാനുതകുന്ന ഒരു ജനകീയമുന്നേറ്റം രൂപപ്പെടുത്തുകയെന്ന ശ്രമകരമായ ദൗത്യമാണ്‌ ആര്‍എംപിയുടെ മുന്നിലുള്ളത്‌. രമയുടെ സമരം ആ നിലയ്‌ക്കുള്ള ശ്രദ്ധേയമായ കാല്‍വെപ്പായിരുന്നു.

സിബിഐ അന്വേഷണം അംഗീകരിച്ചുവെന്നത്‌ ചെറിയ കാര്യമല്ല. എന്നാല്‍ അതു വലിയ കാര്യമായി കണ്ടു സംതൃപ്‌തിയടയാനും ആര്‍എംപി തയ്യാറല്ല. ഭരണകൂടവും മുഖ്യധാരാ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും കോര്‍പറേറ്റുകളും ഉദ്യോഗസ്ഥവൃന്ദവും അധോലോകക്കൂട്ടുകളും സന്ധിക്കുന്ന ഭീകരമായ ഒരന്തരീക്ഷം ജനങ്ങളെ ഭയപ്പെടുത്തുന്നുണ്ട്‌. അതു തിരുത്താനുള്ള സമരത്തിന്റെ ഭാഗമായേ ചന്ദ്രശേഖരന്‍ വധ ഗൂഢാലോചനാകേസിലും നീതി ലഭ്യമാകുകയുള്ളു. ആ സമരത്തിനാണ്‌ മുന്‍തൂക്കം ലഭിക്കേണ്ടത്‌.

14 ഫെബ്രുവരി 2014

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )