Article POLITICS

സുധീരന്‍ പ്രസിഡണ്ടായാല്‍ മാറുമോ കോണ്‍ഗ്രസ്‌?

കേരള പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മറ്റിയുടെ പ്രസിഡണ്ടായി വി.എം.സുധീരനെത്തുന്നത്‌ തെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ അനുകൂല ചലനമുണ്ടാക്കുമെന്ന്‌ കോണ്‍ഗ്രസ്‌ ഹൈക്കമാണ്ട്‌ കണക്കുകൂട്ടുന്നു. സുധീരന്‌ ജനങ്ങളിലുള്ള വലിയ സ്വാധീനശേഷി പാര്‍ട്ടിക്കു മുതല്‍ക്കൂട്ടാക്കാനാണ്‌ നീക്കം. ചൊവ്വാഴ്‌ച്ച രാവിലെ പ്രസിഡണ്ടു പദവി ഏറ്റെടുക്കുന്നതിന്‌, താന്‍ ഇതുവരെ പ്രകടിപ്പിച്ച പല അഭിപ്രായങ്ങളും ഓഫീസിനു പുറത്തുവെച്ചായിരിക്കുമോ സുധീരന്‍ കെപിസിസി ഓഫീസിലേക്കു കയറുക എന്നാണ്‌ ഇനി അറിയാനുള്ളത്‌. ശ്രദ്ധേയമായ ഭാരവാഹിത്വമൊന്നുമില്ലാതിരുന്ന സന്ദര്‍ഭത്തില്‍ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനും അഭിപ്രായപ്രകടനം നടത്തുന്നതിനും ലഭിച്ചുപോന്ന സ്വാതന്ത്ര്യം ഏറെക്കുറെ അവസാനിക്കും. അങ്ങനെ ലഭിച്ച ജനപ്രിയ ഇരിപ്പിടവും കാത്തുസൂക്ഷിക്കുക പ്രയാസമാകും.

ദേശീയപാത സ്വകാര്യവത്‌ക്കരിക്കുന്നതിനും ടോള്‍ പിരിക്കുന്നതിനും പുനരധിവാസവും മതിയായ പരിഹാരവും ഉറപ്പാക്കാതെയുള്ള കുടിയൊഴിപ്പിക്കലിനും എതിരായ സമരത്തോടൊപ്പം നിന്നിട്ടുണ്ട്‌ സുധീരന്‍. ആ നില്‍പ്പ്‌ ഒരര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സിന്റെ നവലിബറല്‍ നയങ്ങള്‍ക്കും ഘടനാപരമായ പരിഷ്‌ക്കാരങ്ങള്‍ക്കും എതിരെയുമായിരുന്നു. കാസര്‍കോട്‌ എന്‍ഡോസള്‍ഫാന്‍ മുതല്‍ തിരുവനന്തപുരം വിളപ്പില്‍ശാല വരെയുള്ള സമരങ്ങളില്‍ ചിലപ്പോഴൊക്കെ പങ്കെടുത്ത്‌ ആവേശം പകര്‍ന്ന മുഖ്യധാരാ പ്രസ്ഥാനങ്ങളിലെ നായകര്‍ വിഎസ്‌ അച്യുതാനന്ദനും സുധീരനുമായിരുന്നല്ലോ. പ്രതിപക്ഷ നേതൃ സ്ഥാനത്തിരുന്ന്‌ വി എസ്‌ അച്യുതാനന്ദന്‍ സ്വന്തം പാര്‍ട്ടിക്കകത്തും പുറത്തുമായി അനുഭവിക്കുന്നതെന്തെന്ന്‌ കേരളീയര്‍ കാണുന്നുണ്ട്‌. ഇപ്പോള്‍തന്നെ കോണ്‍ഗ്രസ്സിലെ വി എസ്‌ എന്നു ചിലരൊക്കെ വിശേഷിപ്പിക്കുന്നുണ്ട്‌ സുധീരനെ. അദ്ദേഹത്തിന്റെ ഭാവിയും ആ വഴിക്കായിരിക്കുമോ?

ആവാനിടയില്ല. കോണ്‍ഗ്രസ്സിന്റെ സാമ്രാജ്യത്വ ആഗോളവത്‌ക്കരണാനുകൂല സാമ്പത്തിക നയങ്ങള്‍ മാറ്റാനല്ല, അതു കൂടുതല്‍ ജനപ്രിയമായ രീതിയില്‍ എതിര്‍പ്പുകള്‍ ലഘൂകരിച്ച്‌ നടപ്പാക്കാനാണ്‌ സുധീരനെ പ്രസിഡണ്ടാക്കിയിരിക്കുന്നത്‌. പുതിയ മുതലാളിത്താധിനിവേശത്തിന്റെ കെടുതികള്‍ തടഞ്ഞുനിര്‍ത്താനുള്ള സമരങ്ങള്‍ക്കൊപ്പമല്ല, സമരങ്ങളെ തണുപ്പിക്കുന്ന അധികാരകൗശലങ്ങള്‍ക്കൊപ്പമായിരിക്കും അദ്ദേഹത്തിനു നില്‍ക്കേണ്ടിവരിക. സമരബന്ധുവായ പഴയ സുധീരനില്‍നിന്ന്‌ പ്രസിഡണ്ട്‌ സുധീരനിലേക്കുള്ള മാറ്റം കോണ്‍ഗ്രസ്സിലെ ഒളി/തെളി സാധ്യതകള്‍ക്കകത്തെ രണ്ടിടങ്ങള്‍ തുറന്നുകാട്ടാന്‍ പര്യാപ്‌തമാണ്‌. കോണ്‍ഗ്രസ്സുകാരനായിരിക്കെ, പ്രസ്ഥാനത്തിന്റെ നയവൈകല്യംകൊണ്ടാണ്‌ ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതെന്നും അതു തിരുത്തേണ്ടതുണ്ടെന്നും പ്രഖ്യാപിക്കാനും അതിനെതിരെ പൊരുതാനുമല്ല, ആ തെറ്റായ നയത്തെയും അതിനെതിരെ സമരം ചെയ്യുന്ന ബഹുജനങ്ങളെയും ഒരേ സമയം പിന്തുണയ്‌ക്കാനാണ്‌ അദ്ദേഹം ശ്രമിച്ചത്‌. ഈ മെയ്‌ വഴക്കമാണ്‌ അദ്ദേഹത്തെ പ്രസിഡണ്ടു സ്ഥാനത്തെത്തിച്ചിരിക്കുന്നത്‌.

രമേശ്‌ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമെല്ലാം കോണ്‍ഗ്രസ്‌ നയത്തിന്റെ വക്താക്കളും പ്രയോക്താക്കളുമാണ്‌. സ്വാഭാവികമായും ആ നയത്തിനെതിരായ ജനരോഷത്തിന്‌ അവരും ഇരകളായിത്തീര്‍ന്നു. ജനവിരുദ്ധ നയത്തിന്റെ നടത്തിപ്പുമൂലമുണ്ടാകുന്ന ജീര്‍ണ വാസനകളും പിശകുകളും അവരെ പിടികൂടുകയും ചെയ്‌തു. അധികാര പദവികളുടെ ഭാര നിര്‍ബന്ധങ്ങളില്ലാത്തതിനാല്‍ സുധീരന്‌ വേറിട്ടൊരു മുഖം കാത്തുവെക്കാനായി. എങ്കിലും എടുത്തുപറയേണ്ട ഒരു കാര്യമുണ്ട്‌. ജീര്‍ണതകള്‍ക്ക്‌ എളുപ്പം വഴങ്ങുകയില്ല എന്നൊരു ധാര്‍മിക ശാഠ്യം സുധീരനെ തീര്‍ച്ചയായും വ്യത്യസ്‌തനാക്കുന്നുണ്ട്‌. പദവികള്‍ വഹിച്ചിരുന്നപ്പോഴും വിട്ടുനിന്നപ്പോഴും വേറിട്ടൊരു വ്യക്തിനിഷ്‌ഠ അദ്ദേഹം പുലര്‍ത്തിയിട്ടുണ്ട്‌. അതദ്ദേഹത്തിന്‌ തുടരാനാവട്ടെയെന്ന്‌ കേരളം ആഗ്രഹിക്കുന്നുമുണ്ട്‌. അതേ സമയം രാജ്യത്തെ കോര്‍പറേറ്റ്‌ മൂലധന വാഴ്‌ച്ചയിലേക്കും ഹിംസാത്മക മത്സരങ്ങളിലേക്കും തള്ളിവിടുകയും ജനജീവിതം ദുസ്സഹമാക്കുകയും ചെയ്‌ത കോണ്‍ഗ്രസ്സിന്റെ സാമ്രാജ്യത്വാശ്രിത നയങ്ങളോട്‌ സന്ധിചെയ്യുകവഴി വേട്ടക്കരോടാണ്‌ അദ്ദേഹം ഐക്യപ്പെട്ടിരിക്കുന്നതെന്ന്‌ കാണാതിരുന്നുകൂടാ. ഇരകളുടെ സമരങ്ങളില്‍ വേട്ടക്കാര്‍ ആശംസിക്കാനെത്തുമോ?

എങ്കിലും ആരൊക്കെയോ ആഗ്രഹിക്കുന്നുണ്ട്‌, കെടുതികള്‍ തടയാന്‍ സുധീരനുണ്ടാവണേയെന്ന്‌. ആറന്മുളയിലും കാതികുടത്തും കൂടങ്കുളത്തും പ്ലാച്ചിമടയിലും കാസര്‍കോട്ടും അങ്ങനെയോരോ സമരവേദിയിലും ജനകീയപ്രശ്‌നങ്ങളുടെ നിത്യസംഘര്‍ഷങ്ങളില്‍ എന്തു നിലപാടെടുക്കുമെന്ന്‌ അവര്‍ ഉറ്റുനോക്കുന്നു. അതിവേഗ തീവണ്ടിപ്പാത യും ചുങ്കപ്പാതയും വേണ്ടെന്നുവെക്കാന്‍ അദ്ദേഹം മുന്‍കയ്യെടുക്കുമോ? ആ നിലപാടുകള്‍ക്കുള്ള അംഗീകാരമാണ്‌ തനിക്കു ലഭിച്ച പ്രസിഡണ്ടു പദവിയെന്ന്‌ ശബ്‌ദം കുറച്ച്‌ തന്നോടുതന്നെയെങ്കിലും പറയാന്‍ സുധീരനാവുമോ? ഇല്ലെങ്കില്‍ മൂലധനത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള യുദ്ധങ്ങളില്‍ ജനങ്ങള്‍ക്കെതിരെ താനുമൊരു ആയുധം മാത്രമാണെന്ന്‌ അദ്ദേഹത്തിന്‌ തിരിച്ചറിയാനാവുമോ? ആടുന്നത്‌ ഇരട്ടവേഷമാണെങ്കില്‍ ഒരു നിമിഷം ലജ്ജിച്ചു തല താഴ്‌ത്താമോ?

10 ഫെബ്രുവരി 2014

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )