ലാവ്ലിന്‍കേസില്‍ പിണറായി വിജയന് ഉള്‍പ്പെടെയുള്ള ഏഴു പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ട് കഴിഞ്ഞ നവംബര്‍ 5ന് തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി ആര് രഘു വിധി പ്രസ്താവിച്ചിരുന്നു. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതി പദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ട് എസ്.എന്‍.സി ലാവലിനുമായി സംസ്ഥാന സര്‍ക്കാറുണ്ടാക്കിയ കരാര്‍ നഷ്ടം വരുത്തിവെച്ചുവെന്ന സിഎജിയുടെ 2006ലെ കണ്ടെത്തലാണ് കേസിലേക്കു നയിച്ചത്. 2007 ജനവരി 16 ന് കേരള ഹൈക്കോടതിയാണ് ഈ കേസ് സിബിഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ടത്.
ആദ്യഘട്ടത്തില്‍ ഉത്സാഹപൂര്‍വ്വം അന്വേഷിച്ച സിബിഐ ഒരു ഘട്ടം പിന്നിട്ടപ്പോള്‍ സമീപനത്തില്‍ വരുത്തിയ അലംഭാവം പ്രകടമായിരുന്നു. ഇത് ആ ഘട്ടത്തില്‍തന്നെ മാധ്യമങ്ങളില്‍ ചര്‍ച്ചയായതുമാണ്. അവസാന ദിവസങ്ങളില്‍ ഒരു മുന്നൊരുക്കവുമില്ലാതെ കോടതിയിലെത്തിയ സിബിഐയുടെ അഭിഭാഷകനോട് കേസ് പഠിക്കാന്‍ ജഡ്ജി ആവശ്യപ്പടുന്ന അവസ്ഥപോലുമുണ്ടായി. ഇതിനുവേണ്ടി കോടതിനടപടികള്‍ നിര്‍ത്തിവെക്കുന്ന സാഹചര്യവും നാം കണ്ടു.
കേസില്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് സിബിഐ പറഞ്ഞിരുന്നെങ്കിലും ഇതുവരെ അതുണ്ടായിട്ടില്ല. കേന്ദ്ര ഗവണ്മെന്റും കോണ്‍ഗ്രസ്സും അഴിമതി വിരുദ്ധ നിലപാടെടുക്കാനാവാതെ അറച്ചുനില്ക്കുകയാണ്. അന്യോന്യ സഹായത്തിന്റെയും സഹകരണത്തിന്റെയും വലതുപക്ഷ വഴികളില്‍ അവര്‍ ഐക്യപ്പെടുകയാണ്. കേന്ദ്ര മന്ത്രിമാരില്‍ ചിലര്‍ക്കുപോലും പിണറായിയുടെ കാര്യത്തില്‍ സവിശേഷ താല്‍പ്പര്യമുണ്ടെന്നു പറഞ്ഞു കേള്‍ക്കുന്നു. പി.ജെ കുര്യനെപ്പോലുള്ളവര്ക്കാകട്ടെ, ഉപകാരസ്മരണക്കുള്ള സന്ദര്‍ഭമാണ് വീണുകിട്ടിയിരിക്കുന്നത്. സിബിഐ കോണ്‍ഗ്രസ്സിന്റെ കൂട്ടിലെ തത്തയാണെന്ന് സിപിഎം പറയുന്നത് അനുഭവത്തിന്റെ അടിസ്ഥാനത്തില്തന്നെയായിരിക്കണം. അപ്പീല്‍ നല്കാന് ഒരാഴ്ച്ച കൂടിയേ ശേഷിച്ചിരിപ്പുള്ളൂ എന്നാണറിയുന്നത്. അതിനുള്ളില്‍ ഇനി സിബിഐ യുടെ പുനപരിശോധനാ ഹരജി വരുമോ എന്നു കണ്ടറിയാം.
ലാവലിന്‍ കേസില്‍ നേരത്തേ ഹൈക്കോടതിയെ സമീപിച്ച നന്ദകുമാര്‍ ഈ വിധിക്കുശേഷം റിവ്യു ഹര്‍ജി സമര്‍പ്പിക്കുകയുണ്ടായി. ഇതു പരിഗണിക്കേണ്ട ഘട്ടമെത്തുമ്പോള്‍ അതു നിര്‍വ്വഹിക്കേണ്ട ജഡ്ജിമാര്‍ കേസില്‍നിന്നു പിന്‍വാങ്ങുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. തുടര്‍ച്ചയായി നാലു ജഡ്ജിമാരാണ് ഈ കേസു പരിഗണിക്കാന്‍ തങ്ങള്‍ക്കാവില്ലെന്ന നിലപാടെടുത്തിരിക്കുന്നത്. തോമസ്.പി ജോസഫ്, കെ ഹരിലാല്‍, ഹാറുണ്‍ അല്‍ റഷീദ്, എം എല്‍ ഫ്രാന്‍സിസ് ജോസഫ് എന്നിവരാണ് പൊതുസമൂഹത്തെയും നിയമവൃത്തങ്ങളെയും അമ്പരപ്പിച്ചുകൊണ്ടു പിന്മാറിയിരിക്കുന്നത്. ഏതെങ്കിലും വിധത്തില്‍ ബന്ധമുള്ളവരുടെ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍നിന്ന് ജഡ്ജിമാര്‍ മാറിനില്‍ക്കുക സാധാരണമാണ്. എന്നാല്‍ ഇത്രയുംപേര്‍ വിമുഖത പ്രകടിപ്പിക്കുന്നത് അപൂര്‍വ്വമായ അനുഭവമാണ്. ഇത് പൊതുജനങ്ങള്‍ക്കിടയില്‍ വലിയ ഉത്ക്കണ്ഠയും ഭീതിയും സൃഷ്ടിക്കുന്നുണ്ട്. ബഹുമാനപ്പെട്ട നീതി പീഠത്തെ സമ്മര്‍ദ്ദത്തിലാക്കുന്ന എന്തു സാഹചര്യമാണ് നിലവിലുള്ളതെന്നു വ്യക്തമല്ല. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയുടെ സെക്രട്ടറി പ്രതിയായ ഒരു കേസാണെന്നത് പ്രശ്നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ആ രാഷ്ട്രീയ പാര്‍ട്ടിയാകട്ടെ, കൊലപാതക ഗൂഢാലോചനക്കേസില്‍ അകപ്പെട്ടു നില്ക്കുന്ന സന്ദര്‍ഭവുമാണിത്. കോടതിക്കും ഭയമാണോ എന്ന് ഏതെങ്കിലുമൊരു പൗരന് സംശയിച്ചുപോയാല്‍ കുറ്റം പറയാനാവില്ല. നീതിപീഠത്തിന്റെ ചെറിയൊരു അങ്കലാപ്പുപോലും ജനജീവിതത്തെ ഭീതിയിലേക്കും ആശങ്കയിലേക്കും തള്ളിവിടും. അതിനാല്‍ ബഹുമാനപ്പെട്ട കോടതി ഇങ്ങനെയൊരു സാഹചര്യമുണ്ടായതു സംബന്ധിച്ചു ജനങ്ങളോടു വിശദീകരിക്കേണ്ടതുണ്ട്. ഇത് ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടതുമുണ്ട്.
കേന്ദ്രസര്‍ക്കാറിനും സിബിഐക്കും കോടതിക്കുമൊക്കെ എന്താണ് സംഭവിക്കുന്നത്? ലോകരാജ്യങ്ങള്‍ പലതും ലാവലിന്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തുകയും അവരുടെ കരാര്ലംഘനങ്ങള്ക്കും അഴിമതികള്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന സമയമാണിത്. ലോകബാങ്കുപോലും ലാവലിനെ കരിമ്പട്ടികയില്‍ പെടുത്തിക്കഴിഞ്ഞു. അത്തരമൊരു ഘട്ടത്തില്‍ അഴിമതി കോര്‍പറേറ്റുകള്‍ക്കു പൊതുവിലും ലാവലിനു വിശേഷിച്ചും ആശ്വാസം നല്കുന്ന ഒരു വിധിയായിരുന്നു തിരുവനന്തപുരം സിബിഐ കോടതിയില്‍നിന്നുണ്ടായത്. കോടതി അയച്ച സമന്‍സുകള്‍ കൈപ്പറ്റാനോ നിയമനടപടികള്‍ക്കു വിധേയമാകാനോ സന്നദ്ധമാകാതിരുന്നിട്ടുകൂടി എത്ര ഉദാരമായാണ് നമ്മുടെ നിയമം അവരെ ആദരിച്ചിരിക്കുന്നത്. 374.50 കോടി രൂപയുടെ ദുര്‍വിനിയോഗത്തിനും അഴിമതിക്കും ആരു സമാധാനം പറയണം? 2006ല്‍ സി എ ജി ചൂണ്ടിക്കാട്ടിയ, സംസ്ഥാന ഖജനാവിനുണ്ടായ നഷ്ടത്തെപ്പറ്റിയുള്ള വിശകലനം അന്യോന്യ സഹിഷ്ണുതയോടെ മറക്കാവുന്നതേയുള്ളുവെന്ന് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു തീരുമാനിക്കാം. അതു ജനങ്ങളെ ഞെട്ടിക്കുകയില്ല. പക്ഷെ, രാജ്യത്തിന്റെ നീതിബോധവും ധാര്‍മികതയുമെല്ലാം പണക്കോയ്മക്കും അധികാരഗര്‍വ്വിനും മുന്നില്‍ കുനിഞ്ഞു നില്ക്കുന്നുവെങ്കില് അത് അപമാനകരമാണ്. ജനങ്ങളുടെ അവസാനത്തെ അത്താണിയും തകര്‍ന്നുവീണാല്‍ അരാജകത്വമായിരിക്കും ഫലം.
30 ജനവരി 2014