Article POLITICS

ചന്ദ്രശേഖരന്‍ രക്തത്തിലെഴുതിയത്‌

Image

ചന്ദ്രശേഖരന്‍വധക്കേസിന്റെ വിധി വരാന്‍ മണിക്കൂറുകളേ ബാക്കിയുള്ളു. കേരളത്തിന്റെ മനസ്സില്‍ വലിയ ആഘാതമേല്‍പ്പിച്ച ഒരു കൊലപാതകവും അതിന്റെ വിവാദങ്ങളൊഴിയാത്ത വിചാരണക്കാലയളവും നമ്മുടെ ജീവിതത്തില്‍ എങ്ങനെയാണ്‌ അടയാളപ്പെട്ടത്‌? എത്രയോ കൊലപാതകങ്ങള്‍ക്കിടയില്‍ ഈ സംഭവം വേറിട്ടുനിന്നതെങ്ങനെയാണ്‌? ഒരു രാഷ്‌ട്രീയകക്ഷി വിലപിക്കുന്നത്‌, തങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന എത്രയോ പേര്‍ വധിക്കപ്പെട്ടു. മാധ്യമങ്ങള്‍ ഇത്രമേല്‍ വ്യാകുലപ്പെട്ടില്ലല്ലോ എന്നാണ്‌. അവരും അന്വേഷിക്കുന്നത്‌ ഈ കൊലപാതകത്തിന്‌ എന്തു വ്യത്യസ്‌തതയാണുള്ളത്‌ എന്നാണ്‌.

നാലു ലക്ഷം അംഗങ്ങളുള്ള രാഷ്‌ട്രീയകക്ഷി എട്ടു ലക്ഷം കൈകളും എട്ടു ലക്ഷം കാലുകളും ഒറ്റ ശിരസ്സോടെ പ്രവര്‍ത്തിപ്പിക്കുന്ന വിസ്‌മയപ്രതിഭാസം കൂടിയാവും. അതു കാണാത്തവരോടാണ്‌ ഈ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക്‌ ഒരു ചുക്കും അറിയില്ലെന്ന്‌ സെക്രട്ടറിക്കു പറയേണ്ടി വരുന്നത്‌. ഈ പടുകൂറ്റന്‍ പ്രതിഭാസത്തിന്‌ പക്ഷെ, ഒരു നിസ്സാരനായ ഏരിയാകമ്മറ്റി അംഗം ആ പ്രദേശത്തെ അല്‍പ്പംചില പ്രവര്‍ത്തകര്‍ക്കൊപ്പം ചില വിയോജിപ്പുകളുന്നയിച്ച്‌ മാറിനിന്നത്‌ സഹിക്കാനായില്ല. അയാള്‍ പാര്‍ട്ടിയെ നശിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നു,കുലംകുത്തിതന്നെ എന്നാണ്‌ ഫത്വ ഉണ്ടായത്‌. ഒന്നോ ഒരായിരമോ കുലംകുത്തികള്‍ക്കു നശിപ്പിക്കാനാവുമോ ഈ പടുകൂറ്റന്‍ ഭീകര സ്വത്വത്തെ എന്നാരും ചോദിച്ചുകളയരുത്‌. പ്രത്യയശാസ്‌ത്രം നേരത്തേ നഷ്‌ടമായ വിപ്ലവപാര്‍ട്ടിക്ക്‌ എന്തും ഏതും ഭയംജനിപ്പിക്കുന്നതായിരിക്കും. സ്വന്തം ഉടലിനെ താങ്ങാനുള്ള ഇച്ഛാശക്തിയോ ശേഷിയോ അതിനു കാണില്ല. ഇഷ്‌ടാനുസരണം ജീവിക്കാന്‍ തടസ്സം നില്‍ക്കുമെന്ന്‌ തോന്നിക്കുന്ന എല്ലാറ്റിനെയും അതു വരിഞ്ഞുമുറുക്കി കൊന്നു കളയും.

ലെനിനിസ്റ്റ്‌ സംഘനാ ഉടലാണുള്ളതെന്ന്‌ പറയുമ്പോള്‍ ഒരൊറ്റ ശിരസ്സേയുള്ളു എന്നതിനാണ്‌ ഊന്നല്‍. ആ ശിരസ്സില്‍ ലക്ഷ്യബോധമോ ദര്‍ശന വ്യക്തതയോ ഇല്ലെങ്കില്‍ എന്തു സംഭവിക്കും.? അത്രയേ സിപിഎമ്മിനു സംഭവിച്ചുള്ളു. അതു പറയുന്നത്ര ലളിതമോ ലഘുവോ അല്ല,അതുകൊണ്ടുണ്ടായ ദുരിതങ്ങള്‍. പ്രത്യയശാസ്‌ത്ര വ്യക്തതയും ലക്ഷ്യബോധവും ഉള്ള സംഘടനാ നേതൃത്വമുണ്ടായിരുന്നതുകൊണ്ടുകൂടിയാണ്‌ ബൊള്‍ഷേവിക്‌ വിപ്ലവം നടന്നത്‌. വലതുപക്ഷ അവസരവാദവും ജീര്‍ണതയും ബാധിച്ച സംഘടനാശിരസ്സ്‌ ലോകത്തെ പുതുക്കിപ്പണിയാനുപകരിക്കേണ്ട ശരീരത്തെ അധമപ്രവൃത്തികള്‍ക്കു നിയോഗിക്കും. ലോകത്തെ സ്‌പര്‍ശിച്ച്‌ ലോകത്തിന്റെ മിടിപ്പുകള്‍ ശിരസ്സോളമെത്തിക്കാനും ദര്‍ശനദീപ്‌തിയോടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും ഉപകരിക്കേണ്ട ബൃഹദ്‌ശരീരത്തെ അധമവൃത്തികള്‍ക്കു നിയോഗിക്കരുതേ എന്നു നിലവിളിച്ചവരെ പുറന്തള്ളാനും കൊലപ്പെടുത്താനുമുള്ള നിശ്ചയം തീര്‍ച്ചയായും വിപ്ലവകരമല്ല.

ജീര്‍ണചിന്തയുടെയും ആസക്തികളുടെയും സ്വകാര്യതകളില്‍ അഭിരമിക്കുകയാണ്‌ പഴയ വിപ്ലവപ്രസ്ഥാനം. ജനാധിപത്യ മൂല്യങ്ങളോ മനുഷ്യത്വമോ തിരിച്ചറിയാന്‍പോലും കെല്‍പ്പില്ലാതായി. പഴയ മതപൗരോഹിത്യംപോലെ യുക്തിചിന്തക്കുനേരെ അവര്‍ ആയുധമുയര്‍ത്തുന്നു. സ്വന്തമായി ശബ്‌ദിക്കുന്നവനു വധഭീഷണി. ഊരില്‍ ഭ്രഷ്‌ട്‌. ഒരേ പതാകക്കും പരിപാടിക്കും കീഴില്‍ വിയര്‍പ്പും രക്തവും ചിന്തി ജീവിതം പകുത്തവര്‍ ഭിന്ന ചേരികളിലേക്ക്‌ എടുത്തെറിയപ്പെടുന്നു. ധനക്കോയ്‌മകള്‍ക്കും അധികാരങ്ങള്‍ക്കും മാഫിയകള്‍ക്കും വഴങ്ങുന്ന നേതൃത്വത്തിന്‌ വിമര്‍ശപക്ഷത്തെ ഇല്ലാതാക്കണം. ഭ്രാതൃഹത്യ അവരുടെ നിയമത്തില്‍ കുറ്റകരമല്ലാതായി. ചെഗുവേരയെ വധിച്ചതിന്‌ സാമ്രാജ്യത്വത്തിനുമുണ്ട്‌ ന്യായീകരണങ്ങള്‍. അവരും ചോദിക്കും ഞങ്ങള്‍ എത്രപേരെ വധിച്ചു? ഞങ്ങളില്‍ എത്രപേര്‍ കൊല്ലപ്പെട്ടു ? എന്താണ്‌ ചെഗുവേരക്കുമാത്രം ഒരു പ്രത്യേകത?

മനുഷ്യസ്വാതന്ത്ര്യത്തിനും സമാധാനത്തിനും വേണ്ടി പൊരുതുന്നുവെന്നാണ്‌ അമേരിക്കന്‍ സാമ്രാജ്യത്വം എന്നും അവകാശപ്പെട്ടിട്ടുള്ളത്‌. എല്ലാ കയ്യേറ്റങ്ങളെയും അവര്‍ ന്യായീകരിക്കുന്നതങ്ങനെയാണ്‌. അതുപോലെയാണ്‌, ജനകീയജനാധിപത്യത്തിനും സോഷ്യലിസത്തിനും വേണ്ടി പൊരുതുന്നു എന്നവകാശപ്പെടുകയും മൂലധനതാല്‍പ്പര്യങ്ങള്‍ക്കും അതിന്റെ മത്സരങ്ങള്‍ക്കും ജീര്‍ണതകള്‍ക്കും വഴങ്ങുകയും സഹോദരങ്ങളെ അക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന ഇടതുപക്ഷ നാമധേയമുള്ള പ്രസ്ഥാനത്തിന്റെയും കഥ. ജീര്‍ണതക്കുവേണ്ടി ബലിയാടാകുന്നതും ജീര്‍ണതക്കെതിരെ പൊരുതി രക്തസാക്ഷിയാകുന്നതും ഒരുപോലെയല്ല. രണ്ടും രണ്ടാണ്‌. രണ്ടും ദുഖകരമാണെങ്കിലും വ്യവസ്ഥയെ നിലനിര്‍ത്താനുള്ള ത്യാഗവും വ്യവസ്ഥയെ മാറ്റാനുള്ള ത്യാഗവും ഒരുപോലെയാവുകയില്ല. യുദ്ധത്തില്‍ മരിച്ച അമേരിക്കന്‍സൈനികനില്‍ന്ന്‌ ചെ വ്യത്യസ്‌തനാകുന്നത്‌ അങ്ങനെയാണ്‌. കാലദേശങ്ങള്‍ കടന്നു വളരുന്ന രക്തസാക്ഷിത്വങ്ങള്‍ വ്യവസ്ഥയെ മാറ്റാനുള്ള പോരാട്ടങ്ങളുടെ ഊര്‍ജ്ജമാണ്‌.

ലക്ഷങ്ങളുടെ പൊയ്‌ക്കാലുകളില്‍ ഇഴയുന്നത്‌ ഒരു മഹാപ്രസ്ഥാനത്തിന്റെ ജഡജീര്‍ണതകളാണെന്ന്‌ ഞെട്ടലോടെയും ഖേദത്തോടെയും നാം തിരിച്ചറിയുന്നു. നട്ടെല്ലില്‍ നിവര്‍ന്നു നിന്നു വളരാന്‍ശ്രമിക്കുന്ന നാളെയുടെ പ്രസ്ഥാനോര്‍ജ്ജത്തിന്റെ മുളകളരിയാനാണ്‌ ഇച്ഛാഭംഗം ബാധിച്ചവര്‍ ശ്രമിച്ചത്‌. ചെറുതെങ്കിലും കാഴ്‌ച്ചപ്പാടുള്ള കരുത്താര്‍ന്ന ഒരു പ്രസ്ഥാനത്തിന്റെ ശിരസ്സറുക്കാനായിരുന്നു ശ്രമം. പ്രസ്ഥാനത്തിനും ജനതക്കും യുക്തിചിന്തയുടെ ശിരസ്സുകള്‍ നല്‍കിയാണ്‌ ചന്ദ്രശേഖരന്‍ വിടവാങ്ങിയത്‌.

യുക്തിചിന്തയുണര്‍ത്താന്‍ മഹാഗ്രന്ഥമൊന്നും എഴുതിവെക്കേണ്‌തില്ല. ഗിരിപ്രഭാഷണങ്ങളും ആവശ്യമില്ല. ഒരു ചുവടുവെപ്പ്‌, ഒരു തീരുമാനം വ്യവസ്‌ഥയെ ചൊടിപ്പിക്കുന്നുവെങ്കില്‍ ഒരു ജനതക്കുള്ള ആഹ്വാനമായിരിക്കണം അത്‌. അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കെതിരെയുള്ള മുന്നേറ്റങ്ങള്‍ക്കു്‌ ഒരു മാനിഫെസ്റ്റോ ആയിരിക്കണം അത്‌. വിപ്ലവകാരികള്‍ ജീവിതംകൊണ്ടെഴുതുന്നത്‌ വരും തലമുറകളുടെ മോചനഗീതമാണ്‌.

കൊന്നവരാരെന്ന്‌ പലരെയും ചൂണ്ടി ഒടുവില്‍ എല്ലാ തെളിവുകളും തങ്ങള്‍ക്കെതിരെ വരുന്നുവെന്ന്‌ ഞെട്ടേണ്ടിവന്ന പ്രസ്ഥാനം അതു ഞങ്ങളല്ലെന്നു പുലമ്പിക്കൊണ്ടിരിക്കുന്നു. കൊലയാളികളെ നിയോഗിച്ചവര്‍, അവരെ ഒളിപ്പിച്ചവര്‍, പിടികൂടപ്പെട്ടപ്പോള്‍ ചെലവേറിയ വക്കീലുമാരെ ഒരുക്കിക്കൊടുത്തവര്‍, കുറ്റവാളികളെ പിടികൂടിയ പൊലീസിനെ ഭീഷണിപ്പെടുത്തിയവര്‍, തടവറയില്‍ വേഷവും ഭക്ഷണവും മുതല്‍ മൊബൈലും ഇന്റര്‍നെറ്റും വരെ എത്തിച്ചു കൊടുത്തവര്‍… അവരാരൊക്കെയാണ്‌? ഏതു താല്‍പ്പര്യമാണ്‌ അവരെ നയിക്കുന്നത്‌?

എന്തും വാങ്ങാനുള്ള ധനശേഷി, ആരെയും സ്വാധീനിക്കാനുള്ള ധനാധികാര ബന്ധങ്ങള്‍, എല്ലാം നിവര്‍ത്തിച്ചുകൊടുക്കുന്ന ഉദ്യോഗസ്ഥവൃന്ദം, ഇരുട്ടിലും മറവിലും തുണയ്‌ക്കുന്ന മാഫിയാ കൂട്ടുകള്‍….വലതുപക്ഷരാഷ്‌ട്രീയത്തിന്റെ എല്ലാ ചേരുവകളും ചേരുംപടി ചേര്‍ന്നിരിക്കുന്നു. ജനാധിപത്യ മൂല്യത്തിനും മനുഷ്യസ്‌നേഹത്തിനും ഒരിത്തിരിയിടം കിട്ടാന്‍ എത്രമേല്‍ ചോരപ്പുഴകള്‍ താണ്ടേണ്ടിവരും? ചന്ദ്രശേഖരന്റെ ചോര അലറിവിളിക്കുന്നത്‌ എനിക്കു കേള്‍ക്കാം. കൊലയും കൊലവിളിയും നിര്‍ത്ത്‌. നിങ്ങള്‍ക്കു വേണ്ടുവോളമാകും എന്റെ രക്തം.

രക്തം രക്തത്തെ തിരിച്ചറിയുമെങ്കില്‍ കൈകള്‍ മണത്തുനോക്കൂ. ഇതാരുടെ രക്തമാണ്‌?

21 ജനവരി 2014

1 അഭിപ്രായം

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )