Article POLITICS

പാചകവാതക പ്രശ്‌നം: ഒരേ പരിഹാര നിര്‍ദ്ദേശവുമായി സിപിഎമ്മും കോണ്‍ഗ്രസ്സും

പാചകവാതക വില വര്‍ദ്ധനവിനെതിരെ സിപിഎം നടത്തിവന്ന നിരാഹാര സമരം പിന്‍വലിച്ചു. സബ്‌സിഡിയോടെയുള്ള സിലിണ്ടറുകളുടെ എണ്ണം പ്രതിവര്‍ഷം ഒമ്പതില്‍നിന്ന്‌ പന്ത്രണ്ടായി ഉയര്‍ത്തിയതിനെത്തുടര്‍ന്നാണത്രെ തീരുമാനം. വിലനിര്‍ണയാവകാശം ഗവണ്‍മെന്റിലേക്കുതന്നെ തിരിച്ചെടുക്കുംവരെയോ, സബ്‌സിഡി പിന്‍വലിക്കില്ലെന്ന്‌ ഉറപ്പുകിട്ടും വരെയോ സമരം നീളുമെന്ന്‌ അവര്‍ പറഞ്ഞിട്ടില്ലല്ലോ. അങ്ങനെ പറയുമ്പോഴത്‌ ആഗോളവത്‌ക്കരണത്തിനെതിരായ സമരമാകും. ഇപ്പോഴത്തെ സ്ഥിതിയില്‍ സിപിഎമ്മില്‍നിന്ന്‌ ആരും അതു പ്രതീക്ഷിക്കുന്നില്ല. ആംആദ്‌മി തുടങ്ങിവെച്ചതും ഇന്ത്യ മുഴുവന്‍ പടരാനിടയുള്ളതുമായ ജനകീയസമര മുന്നേറ്റങ്ങളില്‍നിന്ന്‌ ഒരിത്തിരി രക്ഷനേടാന്‍ രാഹുല്‍ഗാന്ധി പ്രഖ്യാപിച്ച പന്ത്രണ്ടു സിലിണ്ടറെന്ന പരിഹാരത്തില്‍തന്നെയാണ്‌ സിപിഎം സമരവും ആശ്വാസം കണ്ടെത്തിയിരിക്കുന്നത്‌.

ഇറക്കുമതിയെ ആശ്രയിച്ചുമാത്രം പെട്രോളിയം സാധ്യതകള്‍ നിര്‍വ്വഹിക്കേണ്ടിവരുന്ന രാജ്യമാണ്‌ നമ്മുടേത്‌. ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ സൗരോര്‍ജ്ജത്തെയോ ഇതര പ്രകൃതിദത്ത സാധ്യതകളേയോ വേണ്ടവിധം വികസിപ്പിക്കാന്‍ നമുക്കു സാധിച്ചിട്ടില്ല. അത്തരമൊരു ശ്രമമുണ്ടായാല്‍തന്നെ ഡോളര്‍ദൈവങ്ങള്‍ മൂക്കുചെത്താനെത്തും. അത്തരമൊരു പരീക്ഷണവും പ്രോത്സാഹിപ്പിച്ചുകൂടാ എന്നാണ്‌ ഡോളര്‍ദൈവങ്ങളുടെ ആജ്ഞ. തൊണ്ണൂറുകള്‍ക്കു ശേഷമുള്ള സാമ്പത്തിക പുനര്‍ ക്രമീകരണ അജണ്ടക്കു നമ്മുടെ രാജ്യത്തെ ദരിദ്രരും സാധാരണക്കാരും ബലിനല്‍കപ്പെടുകയാണ്‌.

പെട്രോളിയം ഉത്‌പ്പന്നങ്ങളുടെ വിലനിലവാരം ക്രമപ്പെടുത്താനുള്ള കാര്യമായ ശ്രമം നടന്നത്‌ 1961ലെ ദാംലിയ കമ്മറ്റിയുടെ ശുപാര്‍ശകള്‍ക്കു ശേഷമാണ്‌. അതിനുമുമ്പ്‌ അത്തരമൊരു ശ്രമം നടന്നത്‌ 1948ല്‍ ബര്‍മാഷെല്ലുമായി ഉണ്ടാക്കിയ കരാറിലാണ്‌. 1958വരെ അതുപ്രകാരമാണ്‌ വിലനിര്‍ണയം തുടര്‍ന്നത്‌. അറുപതുകളില്‍തന്നെ ടി.എന്‍ താലൂക്‌ദാറിന്റെയും ശാന്തിലാല്‍ ഷായുടെയും നേതൃത്വത്തിലുള്ള കമ്മറ്റികളും വിലനിര്‍ണയോപാധികളാണ്‌ അന്വേഷിച്ചത്‌. സ്വാതന്ത്ര്യാനന്തര വര്‍ഷങ്ങളില്‍ ഏറെ പ്രതിസന്ധികളുണ്ടാക്കിയ വിഷയംതന്നെയായിരുന്നു ഇത്‌. അന്താരാഷ്‌ട്ര മാര്‍ക്കറ്റിലെ വിലയുടെയും ഇറക്കുമതിച്ചെലവുകളുടെയും അടിസ്ഥാനത്തിലുള്ള വിലനിര്‍ണയമായിരുന്നു നടന്നത്‌. 1976ല്‍ ഓയില്‍ പ്രൈസ്‌ കമ്മറ്റി (ഒ.പി.സി)നിലവില്‍ വന്നു. ആഭ്യന്തരമായ ഉത്‌പാദനത്തിനു വരുന്ന ചെലവിന്റെ അടിസ്ഥാനത്തിലുള്ള വില കണക്കാക്കുന്ന രീതി സ്വീകരിക്കാന്‍ തുടങ്ങി.

ഒ.പി.സി യുടെയും റിവ്യു കമ്മറ്റിയുടെയും നിലപാടുകളിലൂന്നിയുള്ള രീതി തൊണ്ണൂറുകള്‍വരെ തുടര്‍ന്നു. ആഗോളവത്‌ക്കരണത്തിന്റെ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി രാജ്യാന്തര കോര്‍പറേറ്റ്‌ സംരംഭകരെ ഈ മേഖലയിലേക്കു ക്ഷണിച്ചു വരുത്തുന്ന നയം ഗവണ്‍മെന്റ്‌ സ്വീകരിച്ചു. ഇന്ത്യയിലെ എണ്ണ വ്യവസായത്തെ പുനര്‍ക്രമീകരിക്കാനുള്ള കോര്‍പറേറ്റ്‌ താല്‍പ്പര്യങ്ങളാണ്‌ പിന്നീട്‌ പ്രവര്‍ത്തനക്ഷമമായത്‌. ലോകബാങ്കു ശുപാര്‍ശകള്‍ ഇതിനനുഗുണമായിരുന്നു. വിലനിര്‍ണയം സ്വതന്ത്ര കമ്പോളത്തിന്‌ കൈമാറുകയായിരുന്നു കേന്ദ്രഗവണ്‍മെന്റ്‌. 2002 മുതല്‍ 2004വരെയുള്ള കാലത്ത്‌ അതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിച്ചുതുടങ്ങി. 2009ല്‍ വിലനയം പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട ഡോ.കിരിത്‌ പരീഖിന്റെ ശുപാര്‍ശകള്‍ വിപണികേന്ദ്രിത വിലനിര്‍ണയം സ്ഥിരവും നിയമപരവുമാക്കി. പിന്നെ വിപണിവിലയിലേക്കു സാധാരണക്കാരനെ എത്തിക്കുക എന്ന ജോലിയാണ്‌ ബാക്കിയുണ്ടായിരുന്നത്‌. ഡയറക്‌റ്റ്‌ ബെനിഫിറ്റ്‌ പദ്ധതിയുടെ മറവില്‍ സബ്‌സിഡി ഇല്ലാതാക്കലും ജനങ്ങളെ വിപണിവിലയില്‍ തളയ്‌ക്കലുമാണ്‌ ലക്ഷ്യമാക്കുന്നത്‌. പാചകവാതകത്തിന്റെ ശരിയായ വില(വിപണി വില) കൊടുക്കാന്‍ ശീലിപ്പിക്കുക, ഏതു സാഹചര്യത്തിലും അതു വാങ്ങാന്‍ നിര്‍ബന്ധിതമാക്കുക എന്നതാണ്‌ ഈ നയത്തിന്റെ കാതല്‍. ഒമ്പതു സിലിണ്ടറാണെങ്കിലും പന്ത്രണ്ടു സിലിണ്ടറാണെങ്കിലും അതതു കാലങ്ങളില്‍ കൂടിയ വിലകൊടുത്തു വാങ്ങണം. പന്ത്രണ്ടു സിലിണ്ടറാക്കുന്നതോടെ, സബ്‌സിഡി നിര്‍ത്താന്‍ തീരുമാനിച്ചവര്‍ക്കു ലാഭമാണുണ്ടാകുന്നത്‌. ജനങ്ങളെ കൂടുതല്‍ ഉപഭോഗം ശീലിപ്പിക്കുന്നത്‌ ലാഭകരമാകും. പതുക്കെയാണെങ്കിലും മുഴുവന്‍ നിരക്കും ഈടാക്കുകയുമാവാം.

യഥാര്‍ത്ഥത്തില്‍, വിലനിര്‍ണയാവകാശം വിപണിശക്തികളില്‍നിന്ന്‌ തിരിച്ചെടുത്ത്‌ ഗവണ്‍മെന്റില്‍ നിക്ഷിപ്‌തമാക്കണം. അടിക്കടിയുള്ള വിലകൂട്ടലിന്‌ ശമനമുണ്ടാകണം. സാധാരണക്കാരനു ലഭിച്ചുപോന്ന സബ്‌സിഡിപോലുള്ള അവകാശങ്ങള്‍ മൂലധനശക്തികള്‍ക്ക്‌ അടിയറവെക്കരുത്‌. പഴയതുപോലെ സബ്‌സിഡി കുറച്ചുള്ള സംഖ്യയെ ഉപയോക്താക്കളില്‍നിന്ന്‌ ഈടാക്കാവൂ. അതിന്‌ ആധാറോ,ബാങ്ക്‌ അക്കൗണ്ടോ അടിച്ചേല്‍പ്പിക്കരുത്‌. ഇപ്പോഴത്തെ വിലയില്‍ താല്‍ക്കാലികമായി കുറവു വരുത്തിയോ സിലിണ്ടറിന്റെ എണ്ണം കൂട്ടിയോ പരിഹാരം കാണാവുന്ന പ്രശ്‌നമല്ല നാം അഭിമുഖീകരിക്കുന്നത്‌. വിപണിശക്തികള്‍ സ്വയമേവതന്നെ പലപ്പോഴും ഇത്തരം പരിഷ്‌ക്കരണങ്ങള്‍ നടപ്പാക്കാറുണ്ട്‌. അതു വിപണിയെ ശക്തിപ്പെടുത്താനാണ്‌ ഉതകുക.

ഈ സാഹചര്യത്തിലാണ്‌ ഗ്യാസിന്റെ വില കുറയ്‌ക്കാന്‍ നടത്തിയ സമരം സമരാഭാസമായെന്നു പറയേണ്ടി വരുന്നത്‌. വിപണിശക്തിയില്‍നിന്ന്‌ വിലനിര്‍ണയാധികാരം എടുത്തുമാറ്റാനാണ്‌ ജനങ്ങള്‍ ആവശ്യപ്പെടുന്നത്‌. താല്‍ക്കാലികമായി വില കുറയ്‌ക്കാനല്ല. സബ്‌സിഡി ഭരണകൂടത്തിന്റെ ഔദാര്യമല്ല. ജനങ്ങളുടെ അവകാശമാണ്‌. അതു പിടിച്ചുവാങ്ങലും ജനകീയസമരങ്ങളുടെ ലക്ഷ്യമാകണം. ഒമ്പതോ പന്ത്രണ്ടോ എന്ന സിലിണ്ടറിന്റ എണ്ണം ഒരൗദാര്യ പ്രഖ്യാപനമെന്നപോലെയാണ്‌ മുഴങ്ങുന്നത്‌. അത്‌ ജനങ്ങളെ യഥാര്‍ത്ഥ പ്രശ്‌നത്തില്‍നിന്ന്‌ വഴിമാറ്റാനുള്ളതാണ്‌.

മുഖ്യധാരാ രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ക്കുപുറത്ത്‌ ജനകീയമുന്നേറ്റങ്ങള്‍ രാഷ്‌ട്രീയ ശക്തിയായി രൂപപ്പെട്ടു തുടങ്ങിയപ്പോഴാണ്‌ പുതിയ പ്രഖ്യാപനങ്ങള്‍ വേണ്ടിവന്നത്‌. എഐസിസി സമ്മേളനത്തിനു പുതിയ സാഹചര്യം അവഗണിക്കാനായില്ല. അവര്‍ക്കു കോര്‍പറേറ്റുകളെ കൈയൊഴിയുകയും വയ്യ. അങ്ങനെയാണ്‌ പന്ത്രണ്ടു സിലിണ്ടര്‍കൊണ്ട്‌ ചൂലുകളുടെ മുന്നേറ്റത്തെ തടയാമെന്ന ബുദ്ധി പിറന്നത്‌. ഇതുതന്നെയാണ്‌ സിപിഎം സമരത്തിന്റെയും കഥ. വൈദ്യുതിബോര്‍ഡ്‌ സ്വകാര്യവത്‌ക്കരിക്കുമ്പോഴെന്നപോലെ പെട്രോളിയം ഉത്‌പ്പന്നങ്ങളുടെ വിലനിര്‍ണയാധികാരം വിപണിശക്തികള്‍ക്കു വിട്ടുകൊടുത്തപ്പോഴും ഉറക്കംതൂങ്ങുകയായിരുന്നു അവര്‍. അതല്ലെങ്കില്‍ ആ നയത്തെ പിന്തുണയ്‌ക്കുകയായിരുന്നു. ഈ പ്രക്രിയക്കു വേഗം കൂടിയ കഴിഞ്ഞ ഒരു വര്‍ഷമത്രയും സമരവുമായി രംഗത്തെത്താന്‍ സിപിഎമ്മിനു കഴിഞ്ഞില്ല. ദില്ലിയിലെ ആം ആദ്‌മി തരംഗത്തോടെ ജനകീയ ഇച്ഛകള്‍ക്കും സമരങ്ങള്‍ക്കും പലമട്ടു പ്രായോഗികരൂപങ്ങളുണ്ടാകാമെന്ന്‌ രാഷ്‌ട്രീയകക്ഷികള്‍ പഠിച്ചു. ഈ പഠനമാണ്‌ ആയിരത്തിനാനൂറു കേന്ദ്രങ്ങളില്‍ സമരമായി പരീക്ഷിക്കാന്‍ പ്രേരണയായത്‌. കോണ്‍ഗ്രസ്‌ കണ്ടെത്തിയ അതേ പരിഹാരത്തിലാണ്‌ സിപിഎമ്മും എത്തിച്ചേര്‍ന്നതെന്നത്‌ രസകരമായിരിക്കുന്നു. ഒരേ നയം പങ്കുവെക്കുന്നവര്‍ക്ക്‌ ഒരേ പരിഹാരമേയുണ്ടാവൂ. ഇന്ത്യയിലെ ജനകീയ സമരമുന്നേറ്റത്തെ കെട്ടിനിര്‍ത്താന്‍ പന്ത്രണ്ട്‌ ഗ്യാസ്‌ കുറ്റി മതി എന്ന തീര്‍പ്പില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും കൈകോര്‍ക്കുന്നു.

1 അഭിപ്രായം

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )