Article POLITICS

പാചകവാതക പ്രശ്‌നവും ദിശമാറുന്ന സമരങ്ങളും

പാചകവാതക വില വര്‍ദ്ധനവിനും വിലക്കയറ്റത്തിനുമെതിരെ സിപിഎം ഓരോ നിയോജകമണ്‌ഡലത്തിലും പത്തു വീതം കേന്ദ്രങ്ങളില്‍ പുതിയ സമരമാരംഭിച്ചിരിക്കുന്നു. വിലക്കയറ്റത്തിനെതിരെ ജനങ്ങളിലുയര്‍ന്നു പൊങ്ങുന്ന അമര്‍ഷം ഏതെങ്കിലും ഒരു കക്ഷി അനുകൂലതരംഗമാക്കി മാറ്റുന്നതു തെറ്റല്ല. അത്തരമൊരഭ്യാസത്തിനപ്പുറത്ത്‌ ജനങ്ങളോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കല്‍ എന്ന ലക്ഷ്യമുണ്ടെങ്കില്‍ വിലക്കയറ്റത്തിനിടയാക്കുന്ന സാമ്പത്തിക നയങ്ങളോടു കണക്കു പറഞ്ഞു പിരിയണം. അന്താരാഷ്‌ട്ര സാമ്പത്തിക സ്ഥാപനങ്ങള്‍ക്കു കീഴ്‌പ്പെടാനും കൂടുതല്‍ ക്കൂടുതല്‍ വായ്‌പ്പ സ്വീകരിച്ച്‌ സാമ്പത്തിക പുനര്‍ക്രമീകരണത്തിന്‌ വഴിയൊരുക്കാനും മുമ്പു ഭരണത്തിലിരിക്കുമ്പോള്‍ സ്വീകരിച്ച നടപടികളെ തള്ളിപ്പറയണം. അതല്ലെങ്കില്‍ പാലിയേക്കരയിലെ ദേശീയപാതയില്‍ ടോള്‍നിരക്കു കുറച്ചാല്‍മതി എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ സമരാഭാസത്തിന്റെ തുടര്‍ച്ചയായേ ഈ സമരത്തെയും കാണാനാവൂ.

ദേശീയപാത സ്വകാര്യവത്‌ക്കരിക്കാനും ജനങ്ങളില്‍നിന്നു ചുങ്കം പിരിക്കാനും അനുവദിക്കില്ലെന്നാണ്‌ ഇടതുപക്ഷം പറയേണ്ടത്‌. ചുങ്കനിരക്കു കൂടിപ്പോയതാണ്‌ കുഴപ്പമെന്നു പറയുന്നത്‌ സാധാരണ നിലയില്‍ എന്‍ജിഒകളുടെയും വലതുപക്ഷത്തിന്റെയും സ്വഭാവമാണ്‌. നിരക്കല്‍പ്പം കുറച്ചാല്‍ അവര്‍ തൃപ്‌തരാകും. എന്നാല്‍ എന്‍ജിഒകള്‍ അല്‍പ്പംകൂടി രാഷ്‌ട്രീയബോധം പ്രകടിപ്പിച്ചുതുടങ്ങി. അവര്‍, ചുങ്കം അടിച്ചേല്‍പ്പിക്കുകയും തോന്നുമ്പോഴെല്ലാം തോന്നുന്നപോലെ ചുങ്കം വര്‍ദ്ധിപ്പിച്ച്‌ ജനങ്ങളെ പിഴിയുകയും ചെയ്യുന്ന വ്യവസ്ഥക്കെതിരായ സമരത്തില്‍ അണിനിരക്കാനും നേതൃത്വം നല്‍കാനും ആരംഭിച്ചിരിക്കുന്നു. സര്‍ക്കാറിതര അധികാരകേന്ദ്രങ്ങളിലേക്കു നിര്‍ണായകമായ അധികാരങ്ങള്‍ കൈമാറാന്‍ നിര്‍ബന്ധിതമാകുംവിധം ആഗോളവത്‌ക്കരണ അജണ്ടക്കോ സാമ്രാജ്യത്വ നിര്‍ദ്ദേശങ്ങള്‍ക്കോ കീഴ്‌പ്പെട്ടിരിക്കുകയാണ്‌ സര്‍ക്കാറുകളും മുഖ്യധാരാ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും. ചുങ്കപ്പിരിവിനിടയാക്കിയത്‌ അവര്‍ തുടര്‍ന്ന സാമ്രാജ്യത്വാനുകൂല കോര്‍പറേറ്റനുകൂല സാമ്പത്തികനയങ്ങള്‍തന്നെയാണ്‌. ആ നയം തിരുത്താന്‍ തയ്യാറല്ലാത്തതിനാലാണ്‌ ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നോട്ടെ,നിരക്കല്‍പ്പം കുറച്ചാല്‍മതി എന്ന താല്‍ക്കാലിക പരിഹാരത്തിലേക്ക്‌ തിരിയുന്നത്‌.

പാചകവാതക വില നിര്‍ണയാവകാശം പരിപൂര്‍ണമായും സ്വതന്ത്ര വിപണിയുടെ നിയമങ്ങള്‍ക്കും നടത്തിപ്പിനും വിട്ടു നല്‍കിയപ്പോള്‍ നടത്തേണ്ടിയിരുന്നതാണ്‌ ഈ സമരം. പിന്നീട്‌, സബ്‌സിഡി ഇല്ലാതാക്കാനുള്ള ശ്രമമാരംഭിച്ചു. ആധാറുമായി ലിങ്കു ചെയ്യാനും ബാങ്ക്‌ അക്കൗണ്ടുമായി ബന്ധിപ്പിക്കാനും കഠിനശ്രമമാരംഭിച്ചിട്ട്‌ ഒരു വര്‍ഷമായി. പരമോന്നത നീതിപീഠമായ സുപ്രീംകോടതിക്കുപോലും ഇതിനെതിരെ രംഗത്തു വരേണ്ടിവന്നു. ആധാര്‍ നിയമവിധേയമല്ലെന്നും ഒരു ക്ഷേമപ്രവര്‍ത്തനത്തിനും ഗവണ്‍മെന്റ്‌ അതു നിര്‍ബന്ധമാക്കരുതെന്നും കോടതി ഉത്തരവിട്ടിട്ടും പെട്രോളിയം മന്ത്രാലയം ഉറച്ചുനിന്നു. ഈ സന്ദര്‍ഭങ്ങളിലൊന്നും രാജ്യത്ത്‌ മുഖ്യധാരാ പാര്‍ട്ടികള്‍ സമരങ്ങള്‍ പ്രഖ്യാപിച്ചുകണ്ടില്ല. ഇപ്പോള്‍ നടത്തുന്ന സമരമാകട്ടെ, വിലകുറയ്‌ക്കുക എന്ന മുദ്രാവാക്യത്തില്‍ ഒതുങ്ങുകയുമാണ്‌. പെട്രോളിയം ഉത്‌പ്പന്നങ്ങളുടെ യുദ്ധസമാനമായ വിലക്കയറ്റത്തിനിടയാക്കുന്ന സാഹചര്യം ഗവണ്‍മെന്റ്‌ വിശദമാക്കേണ്ടതുണ്ട്‌. ഇന്ത്യയില്‍ ഇവയുടെ വിലനിര്‍ണയം സംബന്ധിച്ചും നികുതിനിര്‍ണയം സംബന്ധിച്ചും കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലത്തെ നടപടിക്രമങ്ങളെക്കുറിച്ചും അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്‌. അവ പ്രസിദ്ധീകരിക്കാന്‍ ഭരണ – പ്രതിപക്ഷ കക്ഷികള്‍ മുന്‍കയ്യെടുക്കണം.

അടുത്ത ആറുമാസത്തിനിടയില്‍ വരാനിരിക്കുന്ന വലിയ പ്രക്ഷോഭം വൈദ്യുതി ചാര്‍ജ്‌ വര്‍ദ്ധനവുമായി ബന്ധപ്പെട്ടായിരിക്കുമെന്ന്‌ ഇപ്പോഴേ ഉറപ്പിക്കാം. ലോകസഭാ തെരഞ്ഞെടുപ്പു കഴിയുന്നതോടെ വൈദ്യുതി ചാര്‍ജ്‌ എത്ര ഇരട്ടിയായാണ്‌ കൂടാന്‍ പോകുന്നതെന്നേ നോക്കേണ്ടൂ. അതിലേക്കുള്ള പ്രധാന കടമ്പ കടന്നു കഴിഞ്ഞു. വൈദ്യുതിബോര്‍ഡിന്റെ സ്വകാര്യവത്‌ക്കരണത്തിന്‌ ഗവണ്‍മെന്റ്‌ അംഗീകാരം നല്‍കി. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടു കാലമായി ബോര്‍ഡ്‌ സ്വകാര്യവത്‌ക്കരിക്കാനും വിഭജിക്കാനും അന്താരാഷ്‌ട്ര മൂലധനക്കോയ്‌മകളുടെയും ലോകബാങ്കിന്റെയും സമ്മര്‍ദ്ദമാരംഭിച്ചിട്ട്‌. ഇതിനെതിരായി അതിശക്തമായ ജീവന്മരണ പോരാട്ടമാണ്‌ ഇക്കാലയളവില്‍ ട്രേഡ്‌ യൂണിയനുകള്‍ നടത്തിയത്‌. ആ ചെറുത്തുനില്‍പുകളുടെ ചരിത്രം അവഗണിച്ചുകൊണ്ട്‌, വൈദ്യുതിബോര്‍ഡ്‌ സ്വകാര്യ കമ്പനിയാക്കാന്‍ യുഡിഎഫ്‌ സര്‍ക്കാറിന്‌ ധൈര്യമുണ്ടായത്‌ പ്രതിപക്ഷത്തിന്‌ സമരവീര്യം നഷ്‌ടപ്പെട്ടു എന്നതുകൊണ്ടാവാം. ചെറുത്തുനില്‍ക്കക്കേണ്ട ഘട്ടത്തില്‍ സ്വകാര്യവത്‌ക്കരണത്തിന്‌ മൗനസമ്മതം നല്‍കുകയും പിന്നീട്‌ ജനങ്ങളെ കബളിപ്പിക്കുംവിധം വിലകുറയ്‌ക്കല്‍ ആവശ്യമുയര്‍ത്തുകയും ചെയ്യുക എന്നതായിട്ടുണ്ട്‌ പ്രതിപക്ഷ സമരരീതി.

നമ്മുടെ കുടിവെള്ളം എഡിബി – ലോകബാങ്ക്‌ നിര്‍ദ്ദേശങ്ങള്‍ക്കു വഴങ്ങി സ്വകാര്യവത്‌ക്കരിക്കാന്‍ നീക്കമുണ്ടായപ്പോഴും മുഖ്യധാരാ രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായിരുന്നു. പൊതു വാട്ടര്‍ടാപ്പുകളും സൗജന്യജലവും ഇല്ലാതാകുമെന്ന മുന്നറിയിപ്പിനെ അവര്‍ അവഗണിച്ചു. എല്‍.ഡി.എഫ്‌ വായ്‌പ്പയെടുക്കുമ്പോള്‍ ചരടുകളെല്ലാം വഴിമാറുമെന്നായിരുന്നു വാദം. പക്ഷെ വഴിമാറിയത്‌ നാം അനുഭവിച്ചുപോന്ന ജലലഭ്യതയാണ്‌. വെള്ളം വിലയേറിയതും കോര്‍പറേറ്റുകള്‍ക്ക്‌ കൊള്ളയടിക്കാനാവുംവിധം പരുവപ്പെട്ടതുമായ കച്ചവടവസ്‌തു മാത്രമായിരിക്കുന്നു. ആരോഗ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും കൃഷിയുടെയമെല്ലാം മേഖലകളില്‍ ഇത്തരം കീഴടങ്ങലുകള്‍ സാമാന്യജനജീവിതത്തെയാണ്‌ ദുരിതത്തിലാഴ്‌ത്തിയത്‌. രാഷ്‌ട്രീയപ്രസ്ഥാനങ്ങള്‍ക്ക്‌ ആസ്‌തി വര്‍ദ്ധിച്ചതേയുള്ളു. കോര്‍പറേറ്റുകളുടെ ഇഷ്‌ടതോഴരാണവര്‍. തൊണ്ണൂറ്റൊമ്പതു ശതമാനത്തിന്റെയല്ല, ഒരു ശതമാനത്തിന്റെ താല്‍പ്പര്യമാണ്‌ അവര്‍ക്കു പ്രധാനം.

വ്യാപാരമേഖല വിദേശനിക്ഷേപത്തിനു തുറന്നുകൊടുക്കുമ്പോഴും ജനപഥങ്ങളെല്ലാം ബിഒടി മുതലാളിമാര്‍ വീതിച്ചെടുക്കുമ്പോഴും കടലോരവും തുരുത്തുകളും കോര്‍പറേറ്റുകള്‍ കയ്യടക്കുമ്പോഴും ധനമൂലധന വികസനത്തിനുവേണ്ടി നിഷ്‌ക്കരുണം കുടിയൊഴിപ്പിക്കപ്പെടുമ്പോഴും നീര്‍ത്തടങ്ങള്‍ റിയല്‍എസ്റ്റേറ്റ്‌ മാഫിയ വിഴുങ്ങുമ്പോഴും കണ്ണും കാതും പൂട്ടിയിരുന്നവര്‍, ഒരു നിലവിളിക്കും ഞെട്ടിയുണര്‍ന്നിട്ടില്ലാത്തവര്‍ തെരഞ്ഞെടുപ്പടുക്കുമ്പോള്‍ കാണിക്കുന്ന പൊറാട്ടുനാടകം കൗതുകകരംതന്നെ. അടിസ്ഥാനപ്രശ്‌നത്തോടു നിലപാടു സ്വീകരിക്കാതെയുള്ള ഒരു സമരമുറയും ജനങ്ങളിനി പരിഗണിക്കുകയില്ല. വലതുപക്ഷ രാഷ്‌ട്രീയത്തിന്റെ പ്രചാരണകൗശലമെന്നതില്‍കവിഞ്ഞ്‌ മാധ്യമങ്ങള്‍ക്കും ഇവ പ്രസക്തമാവുകയില്ല.

15 ജനവരി 2014

1 അഭിപ്രായം

  1. ഇടതുപക്ഷം ഏറ്റെടുത്ത് നടത്തിയിട്ടുള്ള എല്ലാ സമരങ്ങളുടെയും തുടര്‍ച്ചയാണ് ഈ സമരവും. മനോരമയുടെ ഫ്രണ്ട് പേജില്‍ വാര്‍ത്ത വന്നിട്ടില്ലെങ്കില്‍ അങ്ങിനെ ഒരു സംഭവം നടന്നു എന്നറിയാ‍തെ പോകുന്നവര്‍ക്ക് ഇതാദ്യത്തെ സമരമാണെന്ന് തോന്നും. താങ്കള്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നൊരു മറുചോദ്യം ആകാമോ?

    Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )