Article POLITICS

കോര്‍പറേറ്റു രാഷ്‌ട്രീയത്തിന്റെ ഇരട്ടവേഷങ്ങള്‍

ജനങ്ങളെ ദുരിതത്തിലാഴ്‌ത്തുന്ന നയസമീപനങ്ങള്‍ തുടര്‍ന്നുപോരുന്ന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളിലെ പദവികളും ആനുകൂല്യങ്ങളും നിലനിര്‍ത്തിക്കൊണ്ട്‌, ദുരിതമനുഭവിക്കുന്നവരുടെ നിലവിളികളില്‍ പങ്കുചേരുന്നവര്‍ ഹിംസയുടെ ആനന്ദമാണനുഭവിക്കുന്നത്‌. ഇരകള്‍ക്കൊപ്പം വിലാപവും വേട്ടക്കാര്‍ക്കൊപ്പം ആനന്ദവും എന്ന ഇരട്ട വേഷം നായാട്ടുകൗശലമല്ലാതെ മറ്റെന്ത്‌? ഇരകളുടെ പ്രതിരോധത്തെ നിര്‍വീര്യമാക്കാന്‍ നിയുക്തമായ ട്രോജന്‍സേനയെ തിരിച്ചറിയാതെ വരരുത്‌.

നമ്മുടെ രാഷ്‌ട്രീയലോകത്ത്‌ ഇത്തരം ഇരട്ടവേഷങ്ങള്‍ പെരുകുകയാണ്‌. അവര്‍ക്കു സ്വീകാര്യതയുണ്ടാക്കുന്നതില്‍ കോര്‍പറേറ്റു മാധ്യമങ്ങള്‍ക്കും സവിശേഷ ശ്രദ്ധയാണ്‌. തങ്ങളുടെ രാഷ്‌ട്രീയകക്ഷിക്കു വന്നുചേര്‍ന്ന അപമാനവീകരണം തിരുത്തുകയാണെന്ന ഭാവമാണ്‌ വേഷക്കാരുടേത്‌. ഫലത്തില്‍ ജനങ്ങളെ കൂടുതല്‍ക്കൂടുതല്‍ അടിമകളാക്കാനുള്ള സമ്മതപത്രമാണ്‌ അവര്‍ സമ്പാദിക്കുന്നത്‌.

കേരളത്തിലെ ജനകീയ സമരങ്ങളിലെല്ലാം കയറിയെത്തി ആശംസിക്കുന്ന മുഖ്യധാരാ രാഷ്‌ട്രീയക്കാരായ ചില നേതാക്കളുണ്ട്‌. അവരുടെ രാഷ്‌ട്രീയപാര്‍ട്ടികളുടെ നയവൈകല്യവും കോര്‍പറേറ്റു മൂലധനസേവയുമാണ്‌ ഒട്ടുമിക്ക പ്രശ്‌നങ്ങളുടെയും അടിസ്ഥാനമെന്ന കാതലായ പ്രശ്‌നം അവര്‍ മറച്ചുവെക്കുന്നു. അധികാരം നിലനിര്‍ത്താന്‍ ജനങ്ങള്‍ വേണം എന്നതുകൊണ്ട്‌ ജനകീയസമരങ്ങളിലെത്തും. അധികാരത്തിന്റെ വേദികളാകട്ടെ കോര്‍പറേറ്റുകള്‍ക്കും ഇതര ചൂഷകവിഭാഗങ്ങള്‍ക്കും തുറന്നുകൊടുക്കുകയും ചെയ്യും. ജനങ്ങളെ പറ്റിക്കുന്നതില്‍നിന്ന്‌ രാഷ്‌ട്രീയകക്ഷികള്‍ അവരെ വിലക്കുകയില്ല. അധികാരത്തിനും മൂലധനത്തിനും അതിന്റെ സമസ്‌ത കൊള്ളരുതായ്‌മകള്‍ക്കും സാധൂകരണമുണ്ടാക്കാന്‍ ഇത്തരം ഉപകരണങ്ങള്‍ അവര്‍ക്കാവശ്യമുണ്ട്‌. ജനകീയ സമരങ്ങളിലെ പാവങ്ങളാകട്ടെ ഇരട്ടവേഷക്കാരിലൂടെ ജനാധിപത്യ ഭരണകൂടം പ്രസാദിക്കുമെന്ന്‌ സ്വപ്‌നം കാണുന്നു.

ഭൂരഹിതരും ഭവനരഹിതരും തൊഴില്‍രഹിതരും പെരുകുന്നു. പാചകവാതകമുള്‍പ്പെടെ നിത്യോപയോഗ വസ്‌തുക്കള്‍ക്കെല്ലാം വിലക്കയറ്റം. തൊഴില്‍ സുരക്ഷയില്‍നിന്നും ക്ഷേമപദ്ധതികളില്‍നിന്നും ജനം പുറന്തള്ളപ്പെടുന്നു. സ്‌ത്രീകളും കുട്ടികളും പ്രകൃതിയും കയ്യേറ്റങ്ങള്‍ക്കു വിധേയമാകുന്നു. പുരോഗതിക്കുള്ളതെന്നു മുന്നോട്ടുവെക്കുന്ന ചുവടുകളെല്ലാം സ്വകാര്യ ലാഭങ്ങളുടെയും അഴിമതിയുടെയും കളങ്കത്തില്‍ പുതയുന്നു. നാടിന്റെ നന്മക്കെന്ന സര്‍ക്കാറുത്തരവുകള്‍ കിടപ്പാടത്തില്‍നിന്നും കുടിവെള്ളത്തില്‍നിന്നും തൊഴിലിടത്തില്‍നിന്നുമെല്ലാം മനുഷ്യരെ ചുഴറ്റിയെറിയുന്നു. മൂലധനപ്രവാഹത്തിന്റെ കുത്തൊഴുക്കില്‍ ബലിനല്‍കാനായി ഒരു ജനതയെ ആട്ടിത്തെളിക്കുകയാണ്‌ രാഷ്‌ട്രീയപ്രസ്ഥാനങ്ങള്‍. കുരുക്കുകളില്‍ മുറുകിപ്പിടയുമ്പോള്‍ ഒന്നിടഞ്ഞുവെന്നോ നിലവിളിച്ചുവെന്നോ വരാം. അപ്പോഴതാ സാന്ത്വനവുമായി നിഷ്‌ക്കളങ്കഭാവത്തില്‍ ഒറ്റുവേഷങ്ങള്‍.

ഇടഞ്ഞുനില്‍ക്കാനും നിലവിളിക്കാനും മുഖ്യധാരാ രാഷ്‌ട്രീയ കക്ഷികളുടെ ആപ്പീസുകള്‍ നിരങ്ങുന്ന സ്വഭാവം ഇപ്പോഴില്ല. ഉയര്‍ത്താനൊരു പതാകയോ ഉദ്‌ഘാടനത്തിനൊരു നേതാവോ ഇല്ലാത്തതുകൊണ്ട്‌ ഒരു സമരവും നടക്കാതെ പോയിട്ടില്ല. ഈ പുതിയ അനുഭവമാണ്‌ സമരത്തിന്റെ മൊത്തവ്യാപാരികളെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്‌. ഞങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി നടത്തിയ സമരങ്ങളില്‍ നിങ്ങള്‍ വന്നില്ലല്ലോ എന്ന പരിഭവമാണവര്‍ക്ക്‌. എന്നാല്‍ പാവങ്ങളുടെ സമരത്തില്‍ പങ്കെടുക്കുന്നത്‌ പാര്‍ട്ടിക്കാര്‍ക്കു നാണക്കേടാണ്‌. അവരുടെ ആഢ്യത്തവും പാരമ്പര്യവും നോക്കേണ്ടേ? അതുകൊണ്ടവര്‍ ചിലരെയൊക്കെ കയറൂരിവിട്ട്‌ കാര്യം സാധിക്കുന്നു. തങ്ങള്‍ ബുദ്ധിപൂര്‍വ്വം നടപ്പാക്കിയ നയത്തിനെതിരെ ജനം നടത്തുന്ന സമരത്തിലും തങ്ങളുണ്ടല്ലോ. എന്താ പോരേ?

ഒരേ സമയം രണ്ടിടങ്ങളെ താലോലിക്കുന്നവര്‍ ആദര്‍ശവാദികളല്ല. മാധ്യമങ്ങളുടെ ശുപാര്‍ശകൊണ്ട്‌ ആദര്‍ശഛായ കൈവരില്ല. ആ നാട്യം സ്വന്തം മുറിക്കകത്തുപോലും അയാളെ തുണയ്‌ക്കുകയുമില്ല. കാപട്യത്തിന്റെ ആള്‍രൂപങ്ങളെ വേട്ടക്കാരെക്കാള്‍ വെറുക്കേണ്ടിവരും. അവര്‍ കോര്‍പറേറ്റു വേട്ടമൃഗങ്ങള്‍ക്കു മുന്നിലേക്കു ജനത്തെ ആട്ടിത്തെളിക്കുന്ന പിന്നാമ്പുറക്കാരാണ്‌. ജനകീയ നേതാക്കളെന്ന പട്ടങ്ങളൊന്നും അവരെ തുണച്ചുകൂടാ. ചെറുത്തുനില്‍ക്കുന്ന പോരാളികള്‍ക്കു മുന്നില്‍ ഇരട്ടവേഷങ്ങളുടെ തനിനിറം വെളിപ്പെടണം. ശത്രുവിനും മിത്രത്തിനും തന്നെത്തന്നെ പകുക്കുന്ന ഒത്തിരിപ്പിന്റെ അശ്ലീലം സഹിക്കാനുള്ള ബാധ്യത ജനത്തിനില്ല.

9 01 2014

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )