പാചകവാതകം സബ്സിഡിയോടെ ലഭിക്കാന്‍ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് അപേക്ഷിക്കാനുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കുമ്പോള്‍ കേരളത്തില്‍ അമ്പതുശതമാനത്തിലധികം ഉപഭോക്താക്കളും പുറത്തുനില്‍ക്കുകയാണ്. സബ്സിഡിയില്ലാതെ 1100രൂപയോളം മുടക്കിയാലേ അവര്‍ക്ക് ഒരു കുറ്റി ഗ്യാസ് ലഭിക്കൂ എന്നതായിരുന്നു അവസ്ഥ. പുതുവര്‍ഷ സമ്മാനമായി ഒരു കുറ്റി ഗ്യാസിന് മുന്നൂറോളം രൂപ വര്‍ദ്ധിപ്പിച്ചുകൊണ്ട് പുതിയ ഉത്തരവും വന്നുകഴിഞ്ഞു. ഗവണ്മെന്റാകട്ടെ അങ്ങനെയൊരു സംഭവം അറിഞ്ഞമട്ടില്ല.
ആധാര്‍നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് സബ്സിഡിയുള്ള ഗ്യാസ് ലഭിക്കുകയില്ലെന്ന് എണ്ണക്കമ്പനികള്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിരിക്കുന്നു. ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കാന്‍ രണ്ടുമാസം കൂടി അവസരം നല്‍കാനാണ് ഇപ്പോഴുള്ള ശ്രമം. പരമോന്നത നീതിപീഠമായ സുപ്രീം കോടതി ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും എണ്ണക്കമ്പനികളോ കേന്ദ്രസര്‍ക്കാറോ അതിനൊരു വിലയും കല്പ്പിച്ചിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ആധാര്‍ കാര്‍ഡിന് നിയമപ്രാബല്യം നല്‍കാനുള്ള ബില്ല് പാര്‍ലമെന്റ് അംഗീകരിച്ചിട്ടുമില്ല. എല്ലാ നിയമവഴക്കങ്ങളും ധാര്‍മികതയും കാറ്റില്‍പറത്തുകയാണ് അധികാരികളും കോര്‍പറേറ്റുകളും. പാചകവാതകം ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന് മെയ്8നും ആഗസ്ത് 23നും ലോകസഭയില്‍ മന്ത്രി നല്കിയ ഉറപ്പും പാലിക്കപ്പെട്ടില്ല. ജനാധിപത്യ തത്വങ്ങളും മൂല്യങ്ങളും ചവിട്ടിമെതിക്കാന്‍ ജനപ്രതിനിധികള്‍ക്കും ഭരണകൂടത്തിനും പ്രത്യേക വാശിതന്നെയുണ്ടെന്നു തോന്നുന്നു. ആധാര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ വിപണിവില നല്കി സിലിണ്ടര്‍ വാങ്ങേണ്ടിവരുമെന്ന് പെട്രാളിയം മന്ത്രാലയം എല്ലാഭാഷകളിലും ഭീഷണി മുഴക്കിയിരിക്കുന്നു.
ഗുണഭോക്താക്കള്‍ക്ക് ഉപാധികളോടെ നിയന്ത്രിതമായി പണം എത്തിച്ചുകൊണ്ടാണെങ്കിലും സബ്സിഡി നിയന്ത്രണം സാദ്ധ്യമാക്കണമെന്ന ലോകബാങ്ക് നിര്‍ദ്ദേശം അക്ഷരംപ്രതി അനുസരിക്കുകയാണ് ഇന്ത്യന്‍ ഭരണാധികാരികള്‍. ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതി എങ്ങനെ ഫലപ്രദമായി നടപ്പാക്കാമെന്നു ചര്‍ച്ചചെയ്യാന്‍ ആസൂത്രണബോര്‍ഡ് 2013 ഏപ്രില്‍ 29ന് വിളിച്ചുചേര്‍ത്ത ജില്ലാകലക്ടര്‍മാരുടെ യോഗം 54ജില്ലകളിലെ പരീക്ഷണങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ പാചക വാതക സിലിണ്ടറുകള്‍ ഡയറക്റ്റ് ബെനിഫിറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്യാനുള്ള പദ്ധതികള്‍ക്കു വേഗം കൂട്ടി. ഇതിന് ആധാര്‍ രജിസ്ത്രേഷന് നിര്‍ബന്ധിതമാക്കിക്കൊണ്ട് ജനങ്ങള്‍ക്കെതിരായ യുദ്ധം പ്രഖ്യാപിച്ചു. ഇതിന്റെ വിശദാംശങ്ങള്‍ കഴിഞ്ഞ സെപ്തംബര്‍ 18ന് പാചകവാതകമെടുത്ത് ജനങ്ങള്‍ക്കെതിരെ യുദ്ധം എന്ന പേരില്‍ ഒരു ലേഖനമായി ഞാന്‍ എന്റെ ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ജനങ്ങള്‍ക്കെതിരെ ഈ ആസൂത്രിതവും കിരാതവുമായ കടന്നുകയറ്റം നടക്കുമ്പോള്‍ നമ്മുടെ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എന്തു ചെയ്യുകയായിരുന്നു?
ഇപ്പോഴിതാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ചില്ലറ ഔദാര്യങ്ങള്‍ വെച്ചുനീട്ടിത്തുടങ്ങിയിരിക്കുന്നു. പരിമിതപ്പെടുത്തിയ സിലിണ്ടറുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ആലോചിക്കാം എന്നൊക്കെയാണ് പറയുന്നത്. ഈ യുദ്ധം നിര്‍ത്താമെന്നോ ക്ഷേമപദ്ധതികള്‍ തുടരാമെന്നോ ഉള്ള വാഗ്ദാനങ്ങളില്ല. മന്മോഹന് ഗവണ്മെന്റില്നിന്ന് അങ്ങനെയെന്തെങ്കിലും പ്രതീക്ഷിക്കാനാവില്ലല്ലോ. പക്ഷെ ദില്ലിയിലെ ആം ആദ്മി തരംഗമുണ്ടാക്കിയ ഞെട്ടലും വെപ്രാളവുമാണ് സിലിണ്ടറുകളുടെ എണ്ണം കൂട്ടാമെന്ന വെറുംവാക്കില്‍ തെളിയുന്നത്. ഇതേ ഇടര്ച്ചയോടെയാണെങ്കിലും സിപിഎമ്മിനും ഒടുവില്‍ ഇതു ജനങ്ങള്‍ക്കെതിരായ യുദ്ധമാണെന്ന് പറയേണ്ടിവന്നിരിക്കുന്നു. ആധാര്‍ കാര്‍ഡുമായി ബാങ്ക്അക്കൗണ്ടിനെ ബന്ധിപ്പിക്കാത്തവര്‍ക്ക് പുതു വര്‍ഷത്തില്‍ പാചകവാതക സബ്സിഡി നല്‍കില്ലായെന്ന കേന്ദ്രപെട്രോളിയം മന്ത്രാലയത്തിന്റെ അന്ത്യശാസനം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും സുപ്രീം കോടതിവിധിയുടെ നഗ്നമായ ലംഘനമാണെന്നും ഇപ്പോഴവര്‍ പ്രയാസപ്പെട്ട് കണ്ടെത്തിയിരിക്കുന്നു. സിപിഎം ഒരു പ്രസ്താവനപോലും പുറപ്പെടുവിച്ചില്ലല്ലോ എന്നാരും പരിഭവിക്കേണ്ട. അതില്‍ക്കൂടുതല്‍ പ്രതീക്ഷിക്കുകയും വേണ്ട.
ആഗോളവത്ക്കരണ നയസമീപനങ്ങളിലെ ഐക്യത്തില്‍ മറച്ചുവെക്കാനാഗ്രഹിച്ച പലതും ജനങ്ങള്‍ക്കിടയില്‍ പെരുകിവരുന്ന പ്രതിഷേധങ്ങള്‍ക്കിടയില്‍ പരിഹാരമില്ലാത്ത വൈരുദ്ധ്യമായി പുറത്തുചാടുകയാണ്. പ്രതിപക്ഷ ഭരണപക്ഷ സമവായത്തിന്റെയും അണിയറക്കരാറുകളുടെയും ജീര്ണരാഷ്ട്രീയത്തിന് ഭയപ്പെടാനുണ്ടെന്നു വന്നിരിക്കുന്നു. ജനകീയപ്രതിഷേധങ്ങള്ക്കു രാഷ്ട്രീയശക്തിയായിത്തീരാനാവും എന്ന പാഠം അവരെ ഭയപ്പെടുത്തുന്നുണ്ട്. ജനങ്ങള്‍ക്കെതിരായ കോര്‍പറേറ്റുകളുടെയും അവരുടെ അവിഹിതകൂട്ടാളികളുടെയും യുദ്ധത്തിനെതിരെ ജനങ്ങള്‍ നടത്തുന്ന ചെറുത്തുനില്‍പ്പില്‍ ഐക്യപ്പെടുകയാണ് ശരിയായ ഇടതുപക്ഷം ചെയ്യേണ്ടത്. സ്വകാര്യവത്ക്കരണത്തോടു സന്ധിയാവാമെന്ന് തീരുമാനിച്ചവര്‍ക്ക് കോര്‍പറേറ്റുകളുടെയും ബിഒടി മുതലാളിമാരുടെയും ഔദാര്യവും കാത്തുകിടക്കാനല്ലാതെ മറ്റെന്തിനാവും? കഴിഞ്ഞ ഒരു വര്‍ഷക്കാലമത്രയും നിശബ്ദമായി കാഴ്ച്ചകണ്ടുനിന്നവര് തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ഒന്നു വേഷംകെട്ടുന്നു എന്നേ കരുതെണ്ടതുള്ളു.
1 ജനവരി 2014