കേരളത്തില്‍ രണ്ടു ഗവണ്മെന്റ് കോളേജുകളുള്‍പ്പെടെ പതിമൂന്ന് കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്കാന് ഗവണ്മെന്റ് തീരുമാനിച്ചിരിക്കുന്നു. തുടര്‍ന്ന് സ്വകാര്യ സ്വാശ്രയ കോളേജുകളെക്കൂടി ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താനാണ് ഗവണ്മെന്റ് നീക്കം. സൂക്ഷ്മ സാഹചര്യങ്ങളെക്കൂടി പരിഗണിക്കുന്നതും നവീനവും ബഹുസ്വരവുമായ സ്വതന്ത്രാന്വേഷണത്തിനും പഠനത്തിനും ഊന്നല്‍ നല്‍കുന്നതുമായ അക്കാദമിക സ്വയംഭരണം നേടിയെടുക്കണമെന്നത് വിദ്യാഭ്യാസ വിചക്ഷണരുടെ ഏറെക്കാലമായുള്ള സ്വപ്നമാണ്. പതിറ്റാണ്ടുകള്‍ക്കു മുമ്പ് കോത്താരി കമ്മീഷന്‍തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തിന്റെ ആദ്യ വിദ്യാഭ്യാസ ബില്ലില്‍ ഇവ്വിധം ജനാധിപത്യപരമായ വികാസത്തിന്റെ വിത്തുകളുണ്ട്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍, കേരളീയമായ വിദ്യാഭ്യാസ സങ്കല്പ്പങ്ങളുടെയും മുന്നേറ്റങ്ങളുടെയും തുടര്‍ച്ചയോ വികാസമോ ആയല്ല രണ്ടു പതിറ്റാണ്ടായി നമ്മുടെ വിദ്യാഭ്യാസ രംഗത്തു പരീക്ഷണങ്ങള്‍ മുന്നേറുന്നത്. സാക്ഷരതയിലും മൂല്യാധിഷ്ഠിത വിദ്യാഭ്യാസ നിലപാടുകളിലും നാം കൈവരിച്ച നേട്ടങ്ങളെ സ്തംഭിപ്പിക്കുകയും ലക്ഷ്യത്തിലും പ്രയോഗത്തിലും വലിയ അട്ടിമറിക്കു വിധേയമാക്കുകയുമാണ് തൊണ്ണൂറുകളിലുണ്ടായത്. ഡി.പി.ഇ.പി, എസ്.എസ്.എ, റൂസ പദ്ധതികള്‍ ഇവ്വിധമുള്ള അധിനിവേശത്തിന്റെ വിളിപ്പേരുകളാണ്. ആഗോളവത്ക്കരണത്തിന്റെ മുന്നോടിയായി സ്വതന്ത്രവ്യാപാരത്തിന്റെ സാമ്പത്തിക രാഷ്ട്രീയ താത്പര്യങ്ങളിലൂന്നിയുള്ള ബോധരൂപീകരണവും സമൂഹസൃഷ്ടിയുമാണ് ഈ പദ്ധതികള്‍ തുടക്കത്തില്‍തന്നെ ലക്ഷ്യമാക്കിയത്. അന്താരാഷ്ട്ര (സാമ്രാജ്യത്വ)സാമ്പത്തിക സ്ഥാപനങ്ങളുടെ നിര്‍ബന്ധപൂര്‍വ്വമായ നിര്‍ദ്ദേശങ്ങളായാണ് ഘടനാപരമായ പരിഷ്ക്കാരങ്ങളുടെ കൂടി ഭാഗമായി ഈ പരിഷ്ക്കാരങ്ങള്‍ ഇവിടെ അടിച്ചേല്‍പ്പിക്കപ്പെട്ടത്. ഇതിനിടയില്‍ നമ്മുടെ തനതന്വേഷണങ്ങളും വളര്‍ച്ചയും തടയപ്പെട്ടു.
ലോകബാങ്കും ഐ എം എഫും നയിക്കുന്ന നവീകരണ പ്രക്രിയ, ആഗോളമൂലധന ശക്തികളുടെ താല്‍പ്പര്യത്തിന് മനുഷ്യശേഷിയെ വിപണി വിഭവമാക്കി പരിവര്‍ത്തിപ്പിക്കുന്ന ഒന്നാണ്. ജനങ്ങളുടെ ചെലവില്‍ കോര്‍പ്പറേറ്റുകളുടെ ജനചൂഷണത്തിനും കൊള്ളയ്ക്കും നവീനമായ ജ്ഞാനമേഖലയെയും അതിന്റെ അദ്ധ്വാന ശക്തിയെയും ഒരുക്കിക്കൊടുക്കുന്ന ദൗത്യമാണ് ഈ സാമ്പത്തിക സ്ഥാപനങ്ങള്‍ നിര്‍വ്വഹിക്കുന്നത്. കരിക്കുലവും പാഠ്യപദ്ധതിയും കോഴ്സ്ഘടനയും ശിക്ഷണ രീതിയും അതതു പ്രദേശത്തിന്റെ സവിശേഷതകള്‍ മുന്‍നിര്‍ത്തി വേണം തയ്യാറാക്കി നടപ്പാക്കാനെന്ന സാമാന്യ വിവേകം നമുക്കു നഷ്ടപ്പെട്ടു. അന്താരാഷ്ട്ര മൂലധന വ്യാപനത്തിന്റെയും വിനിമയത്തിന്റെയും നിയമങ്ങളും താല്‍പ്പര്യങ്ങളുമായി കണ്ണിചേര്‍ക്കപ്പെട്ട പുതുവിദ്യാഭ്യാസ നയം നടപ്പാക്കാന്‍ ഭരണാധികാരികള്‍ കൂട്ടുനിന്നു. 2002ല്‍ ബിര്‍ള – അംബാനി റിപ്പോര്‍ട്ടിലൂടെയും 2005ലെ സാം പിത്രോഡ ശുപാര്‍ശകളിലൂടെയും 2012ലെ നാരായണമൂര്‍ത്തി കമ്മറ്റി റിപ്പോര്‍ട്ടിലൂടെയും വിദ്യാഭ്യാസ രംഗത്തെ കോര്‍പ്പറേറ്റുവല്‍ക്കരണമാണ് പൂര്‍ത്തിയായത്. ജ്ഞാനാധിഷ്ഠിത സമ്പദ്ഘടന ഏറ്റവും വലിയ വ്യവസായമായി വിദ്യാഭ്യാസത്തെ കാണുന്നത് സ്വാഭാവികം മാത്രമാണ്. അത് നടപ്പാക്കുമ്പോള്‍,മറ്റേതു മൂലധന വികസനത്തിലുമെന്നതുപോലെ ജനങ്ങള്‍ എന്ന ഘടകം പരിഗണനാവിഷയമേയാവുന്നില്ല.
ജനകീയ വിദ്യാഭ്യാസവും പുതുമുതലാളിത്ത വിദ്യാഭ്യാസവുമായുള്ള വൈരുദ്ധ്യം മൂര്‍ഛിക്കുമ്പോള്‍, ആ രംഗത്തു പുതുതായി തുടങ്ങുന്ന ഏത് സംരംഭത്തിലും ഈ വൈരുദ്ധ്യം പ്രതിഫലിക്കും. സ്വാശ്രയത്വം എന്ന ജനസ്വീകാര്യതയുള്ള നല്ല പദം മികച്ച കച്ചവടസംജ്ഞയായി മാറിയത് നമ്മുടെ കണ്മുന്നിലാണ്. സ്വാശ്രയകോളേജുകളെന്നത് വിദ്യാഭ്യാസ മേഖലയിലെ അറവുശാലകളോ അംഗീകൃത കൊള്ളയടി കേന്ദ്രങ്ങളോ ആയി മാറിയപ്പോള്‍, ആദ്യമെല്ലാം പൊരുതി നിന്നവര്‍തന്നെ അതിന്റെ കൂട്ടു സംരംഭകരാവുന്നതും നാം കണ്ടു. ഏറ്റവുമൊടുവില്‍ സ്വയംഭരണാവകാശം കൂടി നല്കി മൂലധനമൂര്ത്തികള്ക്കു സര്‍വ്വാധികാരങ്ങളും കൈമാറുമ്പോള്‍ കേരളത്തില്‍ പ്രതിഷേധസ്വരം ഉയര്‍ത്താന്‍ മുഖ്യധാരയില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനവും ബാക്കിയില്ലെന്ന സ്ഥിതിയാണ്. കെ എസ് ഇ ബിയും കെ എസ് ആര് ടി സിയും സ്വകാര്യ കമ്പനികളായി മാറ്റുമ്പോഴും പ്രതിപക്ഷം എവിടെയോ ബാധയൊഴിപ്പിക്കലിന് പോയതായിരുന്നു. അക്കാദമിക സ്വയംഭരണമെന്ന പുരോഗമനപരമായ തത്വത്തെയാണ് ഇപ്പോള്‍ ഭരണകൂടവും മൂലധനശക്തികളും ചേര്‍ന്ന് ജനങ്ങള്‍ക്കെതിരെ തിരിച്ചുവെച്ചിരിക്കുന്നത്.
പതിമൂന്ന് കോളേജുകള്‍ സ്വയംഭരണകോളേജുകളാക്കാന് നിശ്ചയിച്ചപ്പോള്‍ അതില്‍ പതിനൊന്നും സ്വകാര്യ കോളേജുകളായി. അവിടെയെല്ലാം അദ്ധ്യാപകരെ നിയമിച്ചുപോരുന്നത് മാനേജ്മെന്റാണ്. ശമ്പളം കൊടുക്കുന്നത് സര്‍ക്കാറും. നിയമനങ്ങളില്‍ സംവരണതത്വം പാലിക്കപ്പെടുന്നുണ്ടോ എന്ന് അന്വേഷിക്കുന്നതുപോലും കുറ്റമായെന്നുവരും. സ്വാശ്രയകച്ചവടവും പതിവു കോഴ്സുകളുമെന്ന് കോളേജുകള്‍ രണ്ടു മുഖങ്ങളുയര്ത്തിയാണ് നില്‍ക്കുന്നത്. രണ്ടുതരം കോഴ്സുകള്‍, രണ്ടുതരം അദ്ധ്യാപകര്‍, രണ്ടുതരം വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെയുള്ള വൈവിദ്ധ്യമായിരിക്കുന്നു കോളേജുകളുടേത്. അവിടെ മത്സരിക്കുന്നത് യഥാര്‍ത്ഥത്തില്‍ മൂല്യവും മൂലധനവും തമ്മിലാണ്. മൂല്യങ്ങളുടെ ഭാഗത്തുനില്ക്കാന് ആരുണ്ട്? മൂലധനത്തിന്റെ ഭാഗത്താണ് ഭരണ-പ്രതിപക്ഷ കക്ഷികള്‍. മൂല്യങ്ങളിലല്ല,നേട്ടങ്ങളിലാണ് അവരുടെ കണ്ണ്. അവര്‍ക്കു കീഴില്‍ കുനിഞ്ഞുമാത്രം നില്ക്കുന്ന യഥാര്‍ത്ഥ ഇരകള്‍- അവര്‍ അദ്ധ്യാപകരോ വിദ്യാര്‍ത്ഥികളോ രക്ഷിതാക്കളോ ബഹുജനങ്ങളോ ആകട്ടെ- തങ്ങള്‍ ഇരകളാണെന്ന സത്യം തിരിച്ചറിയാതെപോകുന്നു. സര്‍വ്വകലാശാലകളിലെ ജനാധിപത്യ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ അദ്ധ്യാപക സംഘടനകള്‍ മത്സരിക്കുന്നു. ഭരണസംവിധാനങ്ങളില്‍ കയറിപ്പറ്റിയാല്‍, തങ്ങളുടെ സംഘടനയില്പ്പെട്ടവര്ക്കു മാത്രം എല്ലാം വീതിക്കുക ,അധികാരം ആസ്വദിക്കുക എന്നിങ്ങനെ വലതുപക്ഷ സ്വഭാവമാര്‍ന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ബഹുദൂരം പിറകിലാക്കിയാണ് അവരുടെ മുന്നേറ്റം. വിദ്യാഭ്യാസ രംഗത്തെ ധനാധിനിവേശത്തെ ചെറുക്കാനും ജനകീയ വിദ്യാഭ്യാസത്തിന്റെ മൂല്യബോധമുയര്ത്തിപ്പിടിക്കാനും ബാധ്യതയുള്ളവരാണ് നിലവിലുള്ള ജനാധിപത്യാവകാശങ്ങളുടെ സത്തപോലും ചോര്‍ത്തിക്കളയുന്നത്. ചുരുക്കത്തില്‍, മൂലധനാധിനിവേശത്തിന് കളമൊരുക്കാനും എതിര്‍പ്പുകളില്ലാതെ അതിജീവിക്കാനും ആവശ്യമായ മണ്ണ് ഒരുക്കിക്കൊടുക്കാന്‍ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തങ്ങളുടെ നിഴല്‍ സംഘടനകളെ പരുവപ്പെടുത്തിയിരിക്കുന്നു എന്നര്‍ത്ഥം. ജനാധിപത്യമൂല്യങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടല്ല, മുറുകെ പിടിച്ചുകൊണ്ടാണ് ധനാധിനിവേശത്തിന്റെ കച്ചവടകൗശലങ്ങളോട് കണക്കുതീര്ക്കേണ്ടതെന്ന് അവര്‍ തിരിച്ചറിയണം.
ഇന്നത്തെ ദുരന്തത്തില്‍നിന്നു കേരളത്തെ രക്ഷിക്കണമെങ്കില്‍ മൂലധനാധിനിവേശത്തോടു സന്ധി ചെയ്യാത്തതും ജനതാല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതുമായ പുതിയ മുന്നേറ്റങ്ങള്‍ രൂപപ്പെടണം. മൂലധനതാല്പ്പര്യങ്ങള്ക്കു മൂക്കു കയറിടുന്ന നിയമനിര്‍മ്മാണത്തിലൂടെ മാത്രമേ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കൂ. അക്കാദമിക സ്വയംഭരണം നടപ്പാക്കാനുള്ള പ്രാഥമിക ഉപാധി കലാലയങ്ങളെ കച്ചവടവിമുക്തമാക്കലാണ്. ധനത്തെ തൊഴുതുകൊണ്ടുള്ള വിദ്യ വിദ്യാഭ്യാസമല്ല,ധനാഭാസമാണ്.
26 ഡിസംബര്‍ 13