Article POLITICS

സാമൂഹിക ഇടതുപക്ഷവുമായി സമരൈക്യം

Image

ജനങ്ങളും രാഷ്‌ട്രീയകക്ഷികളും തമ്മിലുള്ള വൈരുദ്ധ്യം വര്‍ദ്ധിച്ചുവരികയാണ്‌. ദുരിതമനുഭവിക്കുന്നവര്‍ക്കു തങ്ങളുടെ രക്ഷകരെന്ന ബോധ്യമായിരുന്നു മുഖ്യധാരാ പാര്‍ട്ടികളെ സംബന്ധിച്ചുണ്ടായിരുന്നത്‌. നിലവിലുള്ള വ്യവസ്ഥക്കെതിരെ പൊരുതാനുള്ള ഉപകരണങ്ങളായാണ്‌ അവ പിറവിയെടുത്തത്‌. അധികാരത്തിന്റെ ശീതളഛായകള്‍ വലിയ മാറ്റങ്ങളുണ്ടാക്കി. ദേശീയപ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്ള പാര്‍ട്ടികളെയും സോഷ്യലിസ്റ്റ്‌ ലക്ഷ്യം കൈവരിക്കുംവരെ പൊരുതുമെന്ന്‌ പ്രഖ്യാപിച്ച വിപ്ലവപാര്‍ട്ടികളെയും മൂലധനത്തിന്റെ വിനീതരായ കുഞ്ഞാടുകളാക്കി അതു മാറ്റി. ദുരിതങ്ങള്‍ പേമാരിപോലെ പെയ്യുമ്പോള്‍ പക്ഷെ, ജനങ്ങള്‍ക്കു പൊരുതാതെ വയ്യ. സമരസപ്പെടുന്ന പാര്‍ട്ടികളും സമരസജ്ജമാകുന്ന സാമൂഹിക ജനവിഭാഗങ്ങളും എന്ന വൈരുദ്ധ്യമാണ്‌ ശക്തിപ്പെടുന്നത്‌. മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ സേവന വ്യവസായ ശാലകളോ കാരുണ്യപ്രവര്‍ത്തന ശാലകളോ ആയി മുതലാളിത്ത സ്‌പോണ്‍സേഡ്‌ പൗരസമൂഹ രാഷ്‌ട്രീയത്തിന്റെ പുനരുത്‌പ്പാദനം നിര്‍വ്വഹിക്കുമ്പോള്‍ നിലവിലുള്ള വ്യവസ്ഥക്കുകീഴിലെ ദുരിതങ്ങള്‍ക്കെതിരായ സമരം വ്യവസ്ഥക്കെതിരായ സമരമാക്കി വളര്‍ത്തി സാമൂഹിക ഇടതുപക്ഷം രാഷ്‌ട്രീയ ശക്തിയാകുന്നു. രാഷ്‌ട്രീയ പ്രത്യയശാസ്‌ത്രം കയ്യൊഴിഞ്ഞ മുഖ്യധാരാ പ്രസ്ഥാനങ്ങളോടല്ല, സമരോന്മുഖവും ബദലന്വേഷകരുമായ സാമൂഹിക ഇടതുപക്ഷത്തോടാണ്‌ രാജ്യപുരോഗതിയില്‍ താല്‍പ്പര്യമുള്ള ഏതൊരാള്‍ക്കും ഇന്ന്‌ ഐക്യപ്പെടാനാവുക. സാമൂഹിക ഇടതുപക്ഷവുമായുള്ള ഐക്യവും നിരന്തര സംവാദവുമാണ്‌ അടിയന്തിര രാഷ്‌ട്രീയ അജണ്ടയായിരിക്കേണ്ടതെന്ന്‌ റവല്യൂഷനറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി കരുതുന്നു.

ജനങ്ങള്‍ക്കിടയില്‍ രൂപംകൊള്ളുന്ന അസ്വസ്ഥതകളും കലഹങ്ങളും ചെറുത്തുനില്‍പ്പുകളും പ്രക്ഷോഭങ്ങളും നിലവിലുള്ള വ്യവസ്ഥ അടിച്ചേല്‍പ്പിച്ച ദുരിതങ്ങളുടെ ഫലമായും അവയ്‌ക്കെതിരായുമാണ്‌ പൊട്ടിപ്പുറപ്പെടുന്നത്‌. ആഗോളവത്‌ക്കരണമൂലധനക്കോയ്‌മകളാണ്‌ അധികാരവ്യവസ്ഥ നിയന്ത്രിക്കുന്നത്‌. സ്വാഭാവികമായും സമരം സാമ്രാജ്യത്വ സാമ്പത്തികാധിനിവേശത്തിനും അതിന്റെ ചൂഷണോപാധികള്‍ക്കുമെതിരാകുന്നു. സാമ്രാജ്യത്വ ധൈഷണികത മുളപ്പിച്ചെടുത്ത ജനപ്രിയഛായയുള്ള ചൂഷണമുഖങ്ങള്‍ അനവധിയാണ്‌. പതുക്കെപ്പതുക്കെയാണെങ്കിലും അവയുടെ യഥാര്‍ത്ഥ മുഖം വെളിപ്പെട്ടു തുടങ്ങിയിരിക്കുന്നു. ആഗോളവത്‌ക്കരണം എന്ന പേരും മനുഷ്യത്വ മുഖമുള്ള മുതലാളിത്തമെന്ന വിശേഷണവും മൂലധനാധിനിവേശം എളുപ്പമാക്കി. ജനങ്ങള്‍ വഞ്ചിക്കപ്പെട്ടു. തുടര്‍ന്ന്‌ ക്ഷേമ സഹായ പദ്ധതികളുടെ വെട്ടിക്കുറയ്‌ക്കലുകള്‍ക്കും നവകോളനിവത്‌ക്കരണത്തിനും അതു ഘടനാപരമായ പരിഷ്‌ക്കാരമെന്നു ചെല്ലപ്പേരിട്ടു. മൂലധന വികാസത്തെ ജനങ്ങളുടെ വികസനമെന്നു തെറ്റിദ്ധരിപ്പിച്ചു. ഇരകളാക്കപ്പെടുന്നതും നാടുകടത്തപ്പെടുന്നതും കുടിയൊഴിപ്പിക്കപ്പെടുന്നതും സ്വാഭാവികമെന്നു കാണാന്‍ നിര്‍ബന്ധിച്ചു. രാജ്യത്തിന്റെ ധാതുസമ്പത്തും പ്രകൃതി വിഭവങ്ങളുമാകെ ഒരു ചെറുന്യൂനപക്ഷത്തിന്റെ അവകാശമായി. ഉദാര ജനാധിപത്യവും സ്വതന്ത്ര വിപണിയും ഉദാരവും സ്വതന്ത്രവുമാകുന്നത്‌ മൂലധനത്തിനുവേണ്ടി മാത്രമാണെന്നത്‌ മറച്ചുവെക്കപ്പെട്ടു. മുതലാളിത്തത്തിനെതിരായ ചെറുത്തുനില്‍പ്പ്‌ നിര്‍വീര്യമാക്കാന്‍ പുതിയമുതലാളിത്തം കണ്ടെത്തിയ അടവ്‌ സോഷ്യലിസ്റ്റു മുഖംമൂടിയണിഞ്ഞുള്ള സൂക്ഷ്‌മയുദ്ധമായിരുന്നു. അതിന്റെ ഒളിപ്പോരാളികളായാണ്‌ സാമ്രാജ്യത്വാശ്രിത സന്നദ്ധസംഘടനകളും ജലനിധി -മൈക്രോഫിനാന്‍സ്‌-ഡി.പി.ഇ.പി- എസ്‌.എസ്‌.എ – പങ്കാളിത്ത ജനാധിപത്യ- കുടുംബശ്രീ – അയല്‍ക്കൂട്ട പദ്ധതികളും സ്വത്വരാഷ്‌ട്രീയ പോസ്റ്റ്‌ മാര്‍ക്‌സിസ്റ്റ്‌ ചിന്താധാരകളും കടന്നുവന്നത്‌. കോര്‍പറേറ്റിസമെന്ന ഒരൊറ്റ ബൃഹദാഖ്യാനമേ സത്യമായുള്ളുവെന്നും വിപരീത ചിന്തകളെല്ലാം ശിഥിലവും സാങ്കല്‍പ്പികവുംമാത്രമെന്നുമുള്ള ഉത്തരാധുനിക കല്‍പ്പനകള്‍ക്ക്‌ സര്‍വ്വകലാശാലാ ധൈഷണികതയുടെ സാക്ഷ്യപത്രം ലഭിച്ചു. പഠനങ്ങള്‍ക്കും സര്‍വ്വേകള്‍ക്കും സമരങ്ങള്‍ക്കും സ്‌പോണ്‍സര്‍മാരുണ്ടായി. സന്നദ്ധസൈനികര്‍ അന്നദാതാക്കളോടു സദാ കൂറുകാണിച്ചു. മൂലധനമൂര്‍ത്തികള്‍ അതിന്റെ വിപരീത ശക്തികളെ എങ്ങനെയാണ്‌ മുതലാളിത്ത വ്യവഹാരപഥത്തിന്റെ ഭാഗമാക്കിത്തീര്‍ത്തതെന്നു വ്യക്തമാകുന്നു.

പൗരസമൂഹ രാഷ്‌ട്രീയമെന്ന പേരിലാണ്‌ ധൈഷണിക സാമ്രാജ്യത്വം സാധൂകരണം കണ്ടെത്തിയത്‌. ഇടതു വലതു പ്രവണതകളുടെ മാന്ത്രിക സംയുക്തമെന്ന ആകര്‍ഷക മുഖം ഈ പുതിയ രാഷ്‌ട്രീയ സംജ്ഞക്കു സ്വീകാര്യതയുണ്ടാക്കി. പ്രാതിനിധ്യ ജനാധിപത്യത്തെക്കാള്‍ മികച്ചതാണ്‌ പുതിയ മുതലാളിത്തം സ്‌പോണ്‍സര്‍ ചെയ്യുന്ന പങ്കാളിത്ത ജനാധിപത്യമെന്ന്‌ പ്രചരിപ്പിക്കപ്പെട്ടു. ഇതിനായി പഞ്ചായത്തീരാജ്‌ നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ അന്താരാഷ്‌ട്ര ധനകാര്യ സ്ഥാപനങ്ങള്‍ക്കു ധൃതിയായിരുന്നു. ഇടതുപ്രവണതകളോടെ അതിജീവിക്കാനാവുമെന്ന പുതിയമുതലാളിത്തത്തിന്റെ കൗശലബുദ്ധിയില്‍ കവിഞ്ഞൊന്നുമായിരുന്നില്ല അത്‌ എന്നു വെളിപ്പെടുകയാണ്‌. രണ്ടു പതിറ്റാണ്ടിന്റെ ആഗോളവത്‌ക്കരണ മൂലധന കടന്നാക്രമണങ്ങള്‍ക്ക്‌ നിലമൊരുക്കാന്‍ സിദ്ധാന്തങ്ങളുടെയും പ്രയോഗങ്ങളുടെയും വിപരീതാന്വയങ്ങളാണ്‌ പരീക്ഷിക്കപ്പെട്ടത്‌. സോഷ്യലിസ്റ്റു ബദലിനെ നിര്‍വീര്യമാക്കുകയായിരുന്നു ലക്ഷ്യം. എതിരില്ലാത്ത ബൃഹദ്‌ രൂപമായി പുതിയ മുതലാളിത്തത്തിന്‌ കടന്നുകയറാന്‍ ജനങ്ങളുടെ ബോധരൂപങ്ങളെ അട്ടിമറിക്കുകയും കീഴ്‌പ്പെടുത്തുകയുമായിരുന്നു.

സാമൂഹിക ജനവിഭാഗങ്ങള്‍ അനുഭവത്തില്‍നിന്ന്‌ പാഠം പഠിച്ചിരിക്കുന്നു. തുടക്കത്തില്‍ സാമൂഹിക ഉണര്‍വ്വുകളെ ഏറ്റെടുക്കാനും സമരേതര പാതയില്‍ പരിഹാരമുറപ്പിക്കാനും വിന്യസിക്കപ്പെട്ടിരുന്ന സ്‌പോണ്‍സേര്‍ഡ്‌ സന്നദ്ധസംഘടനകളുടെ വരുതിയില്‍നിന്ന്‌ കാര്യങ്ങള്‍ കൈവിട്ടിരിക്കുന്നു. അതിനു പ്രധാനമായും രണ്ടു കാരണങ്ങളുണ്ട്‌. ഒന്നാമത്തേത്‌, ജനകീയ പ്രശ്‌നങ്ങള്‍ താല്‍ക്കാലിക സമവായങ്ങള്‍ക്കു കീഴ്‌പ്പെടാത്തവിധം സമരോന്മുഖവും സാമ്രാജ്യത്വ ആഗോളവത്‌ക്കരണ വിരുദ്ധവും ആയിത്തീര്‍ന്നു എന്നതാണ്‌. രണ്ടാമത്തേതാവട്ടെ, സന്നദ്ധസംഘടനകള്‍ അനുഷ്‌ഠിച്ച ദൗത്യം കൂടുതല്‍ ഭംഗിയായി ഗവണ്‍മെന്റുകളും ഭരണ പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികളും നിര്‍വ്വഹിക്കുന്നതിനാല്‍ സാമ്രാജ്യത്വ ഏജന്‍സികള്‍ സന്നദ്ധസംഘടനകളെ കൈവിട്ടുതുടങ്ങി എന്നതാണ്‌. ചുരുക്കത്തില്‍, സന്നദ്ധ സംഘടനാ രാഷ്‌ട്രീയം മുഖ്യധാരാ പാര്‍ട്ടികളിലേക്കു പരകായപ്രവേശം ചെയ്‌തിരിക്കുകയാണ്‌. തിരിച്ച്‌, ലക്ഷ്യോന്മുഖമെന്നു പറയാനാവില്ലെങ്കിലും ആഗോളവത്‌ക്കരണവിരുദ്ധ രാഷ്‌ട്രീയത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു നവ ഇടതുപക്ഷ രാഷ്‌ട്രീയം സാമൂഹിക ജനവിഭാഗങ്ങളില്‍ മുളപൊട്ടിയിരിക്കുന്നു. ബദലിനെ സംബന്ധിച്ച ഏറെക്കുറെ ശാസ്‌ത്രീയമായ ഏതൊരു സമീപനവും സംവാദത്തിനെങ്കിലും സ്വാഗതം ചെയ്യപ്പെടേണ്ടതുണ്ടെന്ന ബോധ്യം വ്യാപകമായിട്ടുണ്ട്‌. ചൂഷണ വ്യഗ്രമായ മുതലാളിത്ത മൂല്യങ്ങളും ഇടപെടലുകളും കനത്ത വെല്ലുവിളി നേരിട്ടുതുടങ്ങി. പുതിയ നൂറ്റാണ്ടില്‍ സോഷ്യലിസം തന്നെയാണ്‌ ബദല്‍ എന്ന മുദ്രാവാക്യം സാമൂഹിക ഇടതുപക്ഷവും ചര്‍ച്ചക്കെടുക്കുമ്പോള്‍ പുതിയൊരു ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുകയാണ്‌.

സൂക്ഷ്‌മപ്രശ്‌നങ്ങള്‍ സാമൂഹിക സമരങ്ങളായും സാമൂഹിക സമരങ്ങള്‍ രാഷ്‌ട്രീയ ശക്തിയായും വളര്‍ന്നു വരുമ്പോഴാണ്‌ പുതിയ മുതലാളിത്തത്തെ ഫലപ്രദമായി ചെറുക്കാനാവുക. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും വികസിതരൂപമായ സോഷ്യലിസത്തിലേക്കു ചൂഷിതസമൂഹങ്ങളുടെ പ്രക്ഷോഭങ്ങളെ എത്തിക്കാന്‍ അവര്‍ക്കൊപ്പംനിന്നു പ്രവര്‍ത്തിക്കുകയെന്നതാണ്‌ ഏതൊരു പുരോഗമനവാദിയുടെയും ചുമതല. വ്യവസ്ഥയെ പൊളിച്ചു പണിയുക എന്നതാണ്‌ ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ കാതല്‍. വ്യവസ്ഥയെ നിലനിര്‍ത്താന്‍ യത്‌നിച്ചുകൊണ്ടുള്ള പരിഷ്‌ക്കരണ നടപടികള്‍ കൂടുതല്‍ക്കൂടുതല്‍ രൂക്ഷമായ ദുരിതങ്ങളിലേക്കാണ്‌ നയിക്കുക. ഇടതുപക്ഷം ഉള്‍പ്പെടെയുള്ള നമ്മുടെ മുഖ്യധാരാ പ്രസ്ഥാനങ്ങള്‍ പരിഷ്‌ക്കരണവാദ രാഷ്‌ട്രീയമാണ്‌ ഉയര്‍ത്തിപ്പിടിക്കുന്നത്‌. ഈ രാഷ്‌ട്രീയത്തോടു സന്ധിചെയ്യാനാവാത്ത ഒരിടതുപക്ഷ രാഷ്‌ട്രീയത്തിന്റെ ഉദയമാണ്‌ സാമൂഹിക ഇടതുപക്ഷവുമായി ഐക്യപ്പെടുന്നതിലൂടെ റവല്യൂഷനറി മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ലക്ഷ്യം വെക്കുന്നത്‌. സംസ്ഥാന കണ്‍വന്‍ഷനോടനുബന്ധിച്ച്‌ കോഴിക്കോട്ടു നടന്ന ജനകീയ സമരങ്ങളോടുള്ള ഐക്യദാര്‍ഢ്യ സമ്മേളനം ഈ നയത്തിന്റെ പ്രഖ്യാപനമായിരുന്നു.

എ.ഡി.ബി, ലോകബാങ്ക്‌ നയങ്ങള്‍ക്കു കീഴ്‌പ്പെടുന്നതിനെതിരെയും ജലനിധി , ഡി.പി.ഇ.പി പദ്ധതികളിലെ സാമ്രാജ്യത്വ ഗൂഢാലോചനക്കെതിരെയും പങ്കാളിത്തജനാധിപത്യാസൂത്രണത്തിലെ മറച്ചുവെക്കപ്പെട്ട സാമ്പത്തികാധിനിവേശ അജണ്ടക്കെതിരെയും മുതലാളിത്ത വികസനത്തിന്റെ നിര്‍ബന്ധപൂര്‍വ്വമായ കുടിയൊഴിപ്പിക്കലിനെതിരെയും സഞ്ചാരപഥങ്ങളുള്‍പ്പെടെ സമസ്‌തവും സ്വകാര്യവത്‌ക്കരിക്കുന്നതിനെതിരെയും പ്രകൃതിക്കുമേല്‍ മൂലധനശക്തികള്‍ നടത്തുന്ന യുദ്ധത്തിനെതിരെയും കഴിഞ്ഞ രണ്ടു ദശകങ്ങളിലായി വളര്‍ന്നു വന്ന സമരങ്ങളില്‍ ഐക്യപ്പെട്ടവര്‍തന്നെയാണ്‌ കൂടുതല്‍ വ്യക്തതയാര്‍ന്ന നയസമീപനങ്ങളോടെ റവല്യൂഷനറി മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയായി രംഗത്തെത്തുന്നത്‌. അതിനാല്‍ സാമൂഹിക ഇടതുപക്ഷവുമായുള്ള സമരൈക്യം ഊട്ടിയുറപ്പിക്കുക പ്രയാസകരവുമല്ല. പഴയ പൗരസമൂഹരാഷ്‌ട്രീയത്തിന്റെ അരാഷ്‌ട്രീയവും സങ്കുചിതവുമായ ധാരണകളുടെ ജീര്‍ണശേഷിപ്പുകള്‍ തുടച്ചുമാറ്റാനും സാമ്രാജ്യത്വ താല്‍പ്പര്യത്തോടെയുള്ള വിദേശഫണ്ടിന്റെ കാണാചരടുകള്‍ ബാക്കിയുണ്ടെങ്കില്‍ തുറന്നുകാട്ടി ഒറ്റപ്പെടുത്താനും നാം പ്രതിജ്ഞാബദ്ധരാകേണ്ടതുമുണ്ട്‌.

1 അഭിപ്രായം

  1. താങ്കളുടെ പര്‍ട്യ്ക് എല്ലാ ഭാവുകങ്ങളും അര്‍പ്പികുന്നു . എന്നാല്‍ ഒരു ഉപദേശവും . മധ്യ വര്‍ഗ ബുധ്വി ജീവികളുടെ സ്വൊഭാവിക സ്വാധീനത്തില്‍ നിന്നും സാധാരണ ജനങ്ങളെ പാര്‍ട്ടി യുടെ സ്വാധീന ത്തിലേക്ക് കൊണ്ട് വരിക എന്ന ഉദ്വേശം ആണ് കമ്മുനിസ്റ്റ് പാര്‍ടികള്‍ ഓരോ സമരത്തിലും ലക്ഷ്യം ആക്കേണ്ടത് . അതിനു പകരം എങ്ങിനെ മധ്യവര്‍ഗ ബുധ്വിജീവികല്‍ക് പ്രമാദിത്വം ഉണ്ടാകാം എന്ന മല്‍സരത്തില്‍ ആണ് ഇവിടത്തെ ലെനിനിസ്റ്റ് പാര്‍ടികളും അതിന്റെ കൈക്കാരും. അത് മന്‍സിലാക്കി പ്രവര്‍ത്തിച്ചാല്‍ നല്ലത് !

    Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )