Article POLITICS

വേണം പുതിയ ഇടതുപക്ഷ രാഷ്‌ട്രീയം

ഇടത്‌, യഥാര്‍ത്ഥത്തില്‍ ഇടതാകണമെങ്കില്‍ രാഷ്‌ട്രീയത്തെ സാധ്യമായതിന്റെ കലയായല്ല, അസാധ്യമായതിനെ സാധ്യമാക്കുന്ന കലയായാണ്‌ കാണേണ്ടതെന്ന്‌ ലാറ്റിനമേരിക്കയിലെ മുതിര്‍ന്ന മാര്‍ക്‌സിസ്റ്റ്‌ നേതാവും ബുദ്ധിജീവിയുമായ മാര്‍ത്താ ഹാര്‍നേക്കര്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്‌. ശീതയുദ്ധാന്ത്യത്തോടെ സമരമാര്‍ഗം വെടിഞ്ഞ്‌ സമരസപ്പെടലിലേക്കു നീങ്ങിത്തുടങ്ങിയ ലാറ്റിനമേരിക്കയിലെ ഇടതു പാര്‍ട്ടികളെ മുന്‍നിര്‍ത്തിയായിരുന്നു ഈ പരാമര്‍ശം. ലാറ്റിനമേരിക്കന്‍ ഇടതുപക്ഷത്തിലെ ചില വിഭാഗക്കാര്‍ , നിര്‍ഭാഗ്യവശാല്‍ രാഷ്‌ട്രീയമെന്നാല്‍ സാധ്യമായതിന്റെ കലയാണെന്ന്‌ വാദിക്കുന്നു. നിലവിലുള്ള ശാക്തികബലാബലം ഏറെ പ്രതികൂലമാകയാല്‍ ഉടന്‍ സംഗതികളില്‍ മാറ്റമൊന്നും വരുത്താന്‍ കഴിയുകയില്ല എന്നതിനാല്‍, ആ യാഥാര്‍ത്ഥ്യം അംഗീകരിച്ച,്‌ നിലവിലുള്ള പരിതസ്ഥിതികളോട്‌ പൊരുത്തപ്പെട്ടു കഴിയുന്ന അവസരവാദപരമായ ഒരു സമീപനം അവര്‍ സ്വീകരിക്കുന്നു. രാഷ്‌ട്രീയത്തെ ഈ രീതിയില്‍ നോക്കുമ്പോള്‍ മുതലാളിത്തത്തിന്‌ ബദല്‍ അന്വേഷിക്കാനുള്ള ശ്രമംതന്നെ ഉപേക്ഷിക്കപ്പെടുന്നു. കാരണം യാഥാര്‍ത്ഥ്യം അംഗീകരിക്കുക എന്നു പറഞ്ഞാല്‍ ഒന്നും ചെയ്യാതിരിക്കുക എന്നാണര്‍ത്ഥം. സ്വന്തം രാഷ്‌ട്രീയത്തെ ത്യജിക്കുകയും ഭരണവര്‍ഗത്തിന്റെ രാഷ്‌ട്രീയത്തിന്‌ കീഴടങ്ങുകയും ചെയ്യുക എന്നാണര്‍ത്ഥം.എന്നിങ്ങനെ ഇടതുപക്ഷ രാഷ്‌ട്രീയം എത്തിപ്പെട്ടിരിക്കുന്ന അപകടപ്രതിസന്ധി അവര്‍ തുറന്നുകാട്ടുന്നു.

സോവിയറ്റ്‌ യൂണിയന്റെയും കിഴക്കന്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റുരാജ്യങ്ങളുടെയും തകര്‍ച്ചയും സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ ഭാഗമായ പുനര്‍ക്രമീകരണങ്ങളുടെ ഏകപക്ഷീയമായ മുന്നേറ്റവും സൃഷ്‌ടിച്ച വിഹ്വലതകളുടെ കാലമായിരുന്നു കഴിഞ്ഞ രണ്ടു ദശകങ്ങള്‍. ലോകത്തിലെ മിക്ക കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങളും പേരും പതാകയും പരിപാടിയും മാറ്റി. പരിപാടി മാത്രം മാറ്റി, പുതിയ യാഥാര്‍ത്ഥ്യം അംഗീകരിച്ചു കീഴടങ്ങിയ പാര്‍ട്ടികളുമുണ്ട്‌. ഈ പ്രസ്ഥാനങ്ങള്‍ സ്വന്തം രാഷ്‌ട്രീയം ത്യജിച്ച്‌ ഭരണവര്‍ഗ രാഷ്‌ട്രീയത്തിന്‌ കീഴടങ്ങിയെന്നാണ്‌ മാര്‍ത്ത ഹാര്‍നേക്കര്‍ തുറന്നടിക്കുന്നത്‌. ഇന്ത്യയിലെ വ്യവസ്ഥാപിത കമ്യൂണിസ്റ്റുപാര്‍ട്ടികളെ സംബന്ധിച്ചും ഈ നിരീക്ഷണം ഏറെ പ്രസക്തമാകുന്നു.

പുതിയ മുതലാളിത്തത്തിന്റെ ചൂഷണം സംഘടിത തൊഴിലാളിപ്രസ്ഥാനത്തിന്‌ പുറത്ത്‌ അസംഘടിത തൊഴിലാളികളുടെ വലിയ നിരകള്‍ സൃഷ്‌ടിച്ചു. അക്കൂട്ടരില്‍ കരാര്‍ തൊഴിലാളികളും പ്രവാസിതൊഴിലാളികളും ഉള്‍പ്പെടും. ഘടനാപരമായ പരിഷ്‌ക്കാരങ്ങളുടെ ഭാഗമായി ക്ഷേമ- സഹായ-സുരക്ഷാ പദ്ധതികളായി അനുഭവിച്ചുപോന്നവയെല്ലാം നഷ്‌ടമായിത്തുടങ്ങിയതോടെ മേല്‍പ്പറഞ്ഞ തൊഴിലാളി വിഭാഗങ്ങള്‍ക്കൊപ്പം കീഴാള – കര്‍ഷക – ബഹുജന വിഭാഗങ്ങളും കലഹിച്ചുതുടങ്ങി. സോഷ്യലിസ്റ്റു ബദല്‍ കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധമായ സംഘടിത ഇടതുപക്ഷപാര്‍ട്ടികള്‍ സ്‌തംഭിച്ചു നില്‍ക്കുമ്പോള്‍തന്നെ പുറത്തു സാമൂഹിക ഇടതുപക്ഷം സമരോന്മുഖമായിത്തീര്‍ന്നു. അമേരിക്കയിലെയും യൂറോപ്പിലെയും വികസിത രാജ്യങ്ങളില്‍പ്പോലും ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലമതാണ്‌. തൊണ്ണൂറുകളുടെ രണ്ടാംപാതിയില്‍ ഹവാനയിലും അടുത്ത ദശകത്തില്‍ ആതന്‍സിലും ചേര്‍ന്ന ലോകതൊഴിലാളി സമ്മേളനങ്ങള്‍ നവഉദാരീകരണ ശ്രമങ്ങള്‍ക്കും നയങ്ങള്‍ക്കുമെതിരെ പ്രചാരണങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും കൊടുങ്കാറ്റുകള്‍ക്കാണ്‌ ആഹ്വാനം നല്‍കിയത്‌. ഇതിനൊപ്പംതന്നെ വിവിധ ചൂഷിത ജനവിഭാഗങ്ങളുടെ സമരങ്ങളും ശക്തിപ്പെട്ടു. ഇക്കാലമായപ്പോഴേക്കും മൂലധനാധികാരങ്ങളുടെ വിഭ്രമങ്ങളിലേക്കു വഴിതെറ്റിയ മുഖ്യധാരാ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക്‌ അതിജീവനം അത്ര എളുപ്പമല്ലാതായിത്തീര്‍ന്നു. പാര്‍ട്ടികള്‍ക്കകത്ത്‌ ഒരു വലതുപക്ഷം വളര്‍ന്നു തിടംവെച്ചു തുടങ്ങുമ്പോള്‍ത്തന്നെ പുറത്ത്‌ ഒരു സാമൂഹിക ഇടതുപക്ഷവും ശക്തിപ്പെട്ടുവന്നു. സമരവിമുഖമായ ഇടതുപാര്‍ട്ടികളും ജനകീയ സമരമുന്നേറ്റങ്ങളും തമ്മിലുള്ള വൈരുദ്ധ്യം പ്രകടമായി.

ഈ പ്രതിസന്ധി കമ്യൂണിസ്റ്റുപാര്‍ട്ടികളെ പുതിയ അന്വേഷണങ്ങളിലേക്കു നയിച്ചിട്ടുണ്ട്‌. ഇടതുപക്ഷത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പു സംബന്ധിച്ച ലാറ്റിനമേരിക്കന്‍ ചര്‍ച്ചകളുടെ രേഖയാണ്‌ ഹാര്‍നേക്കറുടെ ഇടതുപക്ഷത്തിന്റെ പുനര്‍നിര്‍മാണം എന്ന പുസ്‌തകം. ഏഷ്യയിലെയും യൂറോപ്പിലെയും പാര്‍ട്ടികളും സൈദ്ധാന്തികരും ഗൗരവതരമായ അന്വേഷണത്തിലേക്കു നീങ്ങുന്നു. ഈയിടെ അന്തരിച്ച പ്രശസ്‌ത മാര്‍ക്‌സിസ്റ്റ്‌ ചരിത്രകാരന്‍ എറിക്‌ ഹോബ്‌സ്‌ബോമും മാര്‍ക്‌സിസ്റ്റ്‌ സാഹിത്യവിമര്‍ശകന്‍ ടെറി ഈഗിള്‍ടണും മുതല്‍ പ്രഭാത്‌ പട്‌നായിക്കും ജയതിഘോഷും വരെയുള്ളവര്‍ ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ പങ്കാളികളായി. രണ്ടാഴ്‌ച്ച മുമ്പു നടന്ന ചൈനീസ്‌ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പ്ലീനം പുതിയസാഹചര്യത്തിലെ വീണ്ടുവിചാരം തന്നെയാണ്‌ ലക്ഷ്യമാക്കിയത്‌. പാര്‍ട്ടിഘടനയെ ബാധിച്ച ജീര്‍ണതകള്‍ രാജ്യത്തിലുണ്ടാക്കുന്ന അസ്വസ്ഥതകളും പൊട്ടിപ്പുറപ്പെടുന്ന കലാപങ്ങളും ചൈനീസ്‌ പാര്‍ട്ടിക്കു കണ്ടില്ലെന്നു നടിക്കാന്‍ വയ്യാതായിരിക്കുന്നു. നേതാക്കന്മാരിലേക്കുള്ള അധികാര കേന്ദ്രീകരണവും തത്‌ഫലമായി പടരുന്ന അഴിമതിയും സാമ്പത്തിക രംഗത്തു തുടരുന്ന അസന്തുലിത വികാസവും ചര്‍ച്ചയ്‌ക്കുവന്നു. വികസനത്തിന്റെ ഇരകളാക്കപ്പെടുന്ന ജനവിഭാഗങ്ങളെ സംബന്ധിച്ച പരിഗണന പ്ലീനം രേഖയിലെ സുപ്രധാന കാല്‍വെപ്പാണ്‌. എന്നാല്‍, പരീക്ഷിക്കുന്നത്‌ സ്വതന്ത്ര വ്യാപാരത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും നടപടികളാകുമ്പോള്‍ അതിന്റെ അനിവാര്യമായ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കേണ്ടിവരും.

മുഖം മിനുക്കേണ്ടതുണ്ടെന്ന്‌ ഇന്ത്യന്‍ ഇടതുപക്ഷവും അതിന്റെ ബുദ്ധിജീവി വിഭാഗവും തിരിച്ചറിയുന്നുണ്ട്‌. അഴിമതിയും അധികാരാസക്തിയും പണക്കൊതിയും സദാചാരവിരുദ്ധശീലങ്ങളും മാഫിയാബന്ധങ്ങളും ഹിംസാത്മക പദ്ധതികളും ഇതിന്റെയെല്ലാം അനുബന്ധജീര്‍ണതകളും മത്സരിക്കുന്ന പൊതു രാഷ്‌ട്രീയധാരയുടെ സജീവ പങ്കാളിയായിത്തീര്‍ന്നിട്ടുണ്ട്‌ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍. വിശേഷിച്ചും സിപിഎം. ആഗോളീകരണത്തിന്റെ ഭാഗമായ നവഉദാരീകരണത്തിനും സ്വകാര്യവത്‌ക്കരണത്തിനും അതുമായി ബന്ധപ്പെട്ട നയനടത്തിപ്പുകള്‍ക്കും തടസ്സം നില്‍ക്കരുതെന്ന നിര്‍ബന്ധവും ആ പാര്‍ട്ടിക്കുണ്ട്‌. അതിനാല്‍ ഈ നയനടത്തിപ്പുകള്‍ക്കെതിരെ നടക്കുന്ന സമരങ്ങളുമായി സി.പി.എമ്മിന്‌ ഒരു ബന്ധവുമില്ല. പാര്‍ട്ടി നടത്തുന്ന ചട്ടപ്പടി സമരങ്ങളിലാകട്ടെ ജനങ്ങള്‍ക്കു താല്‍പ്പര്യവുമില്ലാതായിരിക്കുന്നു. പാലക്കാട്‌ പ്ലീനത്തിന്റെ രേഖയില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്‌. ഏതു ജനവിഭാഗങ്ങളെ ഉദ്ദേശിച്ചാണോ സമരം നടത്തുന്നത്‌,ആ വിഭാഗങ്ങളുടെ പിന്തുണ അതിനു ലഭിക്കുന്നില്ലെന്നാണ്‌ വിലാപം. ഓരോ ജനവിഭാഗത്തിനകത്തും രൂപപ്പെടുന്ന പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി അതതു ജനവിഭാഗങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങുമ്പോള്‍ അതിനെ പിന്തുണയ്‌ക്കുക എന്ന ശീലം സിപിഎമ്മിനില്ല. പ്രശ്‌നം കണ്ടെത്താനും സമരം പ്രഖ്യാപിക്കാനും അതാരു നയിക്കണമെന്നു തീരുമാനിക്കാനുമുള്ള അവകാശം പാര്‍ട്ടിക്കാണെന്ന ശാഠ്യം ശക്തമാണ്‌. അതിലും വലിയ പ്രശ്‌നം പല സമരങ്ങളിലും ഇരകളോടൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണ്‌ പാര്‍ട്ടിയുടെ മനസ്സ്‌ എന്നതത്രെ. പുറത്തു ശക്തിപ്പടുന്ന സമരങ്ങളിലെ ഇടതുപക്ഷ രാഷ്‌ട്രീയം സിപിഎമ്മിന്റെ വലതുപക്ഷനില തുറന്നുകാട്ടാന്‍ ശേഷിയുള്ളതാണ്‌.

ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറെടുക്കുന്ന ഏതൊരു ഇടതുപക്ഷ പാര്‍ട്ടിയും പ്രാഥമിക ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത്‌ ആഗോളീകരണത്തിനെതിരെ സന്ധിയില്ലാതെ പൊരുതുന്ന ജനകീയപ്രസ്ഥാനങ്ങളുമായാണ്‌. നമ്മുടെ മുഖ്യധാരാ ഇടതുപക്ഷമാകട്ടെ, ആഗോളീകരണം നടപ്പാക്കുന്നതില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയ പ്രസ്ഥാനങ്ങളുമായാണ്‌ ചങ്ങാത്തം പ്രഖ്യാപിച്ചിരിക്കുന്നത്‌. കോര്‍പറേറ്റ്‌ ആഗോളീകരണവും ജനകീയചെറുത്തുനില്‍പ്പും എന്ന വൈരുദ്ധ്യമാണ്‌ ജനങ്ങള്‍ക്കുമുന്നിലുള്ളത്‌. അതില്‍ ആര്‍ക്കൊപ്പം എന്ന ചോദ്യത്തിന്‌ ഇടതുപക്ഷത്തിന്‌ ജനകീയ ചെറുത്തുനില്‍പ്പുകള്‍ക്കൊപ്പം എന്ന ഒരുത്തരമേ ഉണ്ടാവേണ്ടതുള്ളു. എന്നാല്‍, ആഗോളീകരണ നടത്തിപ്പിന്റെ സഖ്യകക്ഷികളെ തേടിപ്പോകകയാണ്‌ പാര്‍ട്ടി. ഈ സാഹചര്യത്തില്‍, നഷ്‌ടമായ ഇടതുപക്ഷ പ്രതിഛായ വീണ്ടെടുക്കുകയും വലതുപക്ഷത്തോടൊപ്പം അധികാരം പങ്കിടുകയും എന്ന വിപരീതത്തെ ഐക്യപ്പെടുത്താനുള്ള മായാജാലമാണ്‌ സിപിഎം അന്വേഷിക്കുന്നത്‌. അടിത്തട്ടിലെ പാര്‍ട്ടി ഘടകങ്ങള്‍ ശിഥിലമായ ബംഗാളില്‍ തിരിച്ചുവരാന്‍ തൃണമൂലിന്റെ ദുര്‍ഭരണം സഹായകമായെങ്കില്‍ എന്ന ഒറ്റ പ്രതീക്ഷയേയുള്ളു. കേരളത്തില്‍ യു.ഡി.എഫ്‌ അങ്ങനെയൊരു വഴി ഏറെക്കുറെ തുറന്നുവെച്ചിട്ടുണ്ട്‌. ഇനിയൊന്നു മുഖം മിനുക്കുകകൂടിയാവാം എന്നാണ്‌ സിപിഎം കരുതിയത്‌. അതിന്റെ പുറപ്പാടായിരുന്നു പാലക്കാട്ട്‌ പ്ലീനം.

അംഗങ്ങള്‍ നന്നായി പാര്‍ട്ടിയെ നന്നാക്കൂ എന്നായിരുന്നു പ്ലീനം സന്ദേശം. വ്യക്തികള്‍ സ്വയം നന്നായി സമൂഹത്തെ നന്നാക്കുകയെന്നു പറയുന്ന മാര്‍ക്‌സിസ്റ്റേതര ചിന്തയാണിത്‌. വ്യക്തിയും സമൂഹവും തമ്മിലും അംഗവും പ്രസ്ഥാനവും തമ്മിലും അന്യോന്യാശ്രിത ബന്ധമാണുള്ളത്‌. സാമൂഹികമാറ്റമാണ്‌ സമൂഹസൂക്ഷ്‌മമായ വ്യക്തികളില്‍ സ്‌ഫുരിക്കുക. പാര്‍ട്ടിയുടെ പ്രത്യയശാസ്‌ത്രവും രാഷ്‌ട്രീയ നിലപാടുമാണ്‌ അംഗങ്ങളുടെ പ്രവൃത്തിയിലും പ്രതിബദ്ധതയിലുമുണ്ടാവുക. മുതലാളിത്ത രാഷ്‌ട്രീയത്തില്‍ ചാരിയേ നില്‍ക്കൂ എന്നുവരുമ്പോള്‍ അതിന്റെ ദുഷ്‌പ്രവണതകളും ജീര്‍ണതകളും ഒഴിവാക്കാനാവില്ല. മുതലാളിത്തത്തോടുള്ള രാഷ്‌ട്രീയ – പ്രത്യയശാസ്‌ത്ര ചായ്‌വ്‌ മാറ്റുകയാണ്‌ അംഗങ്ങളെ ശുദ്ധീകരിക്കാനുള്ള പ്രാഥമികോപാധി. പ്ലീനദിനങ്ങളിലും തുടര്‍ന്നും, അഴിമതിയും കളങ്കിതപണത്തോടുള്ള ആര്‍ത്തിയും ക്രിമിനലുകളോടുള്ള ഐക്യദാര്‍ഢ്യവും സംബന്ധിച്ചുവന്ന വാര്‍ത്തകളും പാര്‍ട്ടിയുടെ പ്രതികരണങ്ങളും വഞ്ചി തിരുനക്കര തന്നെയാണെന്നു വ്യക്തമാക്കുന്നുമുണ്ട്‌.

ലോകത്തെമ്പാടും തൊഴിലാളികളിലും ഇതര ചൂഷിത വിഭാഗങ്ങളിലുമുണ്ടായിട്ടുള്ള ഐക്യവും മുന്നേറ്റവും അധികാരബദ്ധമായ കമ്യൂണിസ്റ്റു പാര്‍ട്ടികളെ സ്വാധീനിക്കുന്നില്ല. വിപ്ലവത്തിനുള്ള ഉപകരണമാണ്‌ പാര്‍ട്ടിയെങ്കില്‍ അതിനു വേറെ പാര്‍ട്ടി വേണമെന്നതാണ്‌ അവസ്ഥ. തെരഞ്ഞെടുപ്പില്‍ മത്സരിക്കുക അധികാരത്തിന്റെ ഭാഗമാവുക എന്നതില്‍ കവിഞ്ഞൊന്നും അവരെ നയിക്കുന്നില്ല. തീവ്ര ഇടതുപക്ഷത്തിന്റെ സ്ഥിതി നേര്‍വിപരീതവുമാണ്‌. ജനകീയ പ്രക്ഷോഭങ്ങളുടെ കൂടെ നില്‍ക്കലോ അവരെ നയിക്കലോ അല്ല അധികാരഘടനയെ അട്ടിമറിക്കല്‍ മാത്രമാണ്‌ അവരുടെ അജണ്ട. വലതും ഇടതുമായ ഈ ജനവിരുദ്ധ വ്യതിയാനങ്ങളില്‍നിന്നു വിമുക്തമായ ഇടതുപക്ഷ പ്രസ്ഥാനത്തെയാണ്‌ കാലം ആവശ്യപ്പെടുന്നത്‌. കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും വിവിധ സമരങ്ങളിലായി ചിതറിക്കിടക്കുന്ന സാമൂഹിക ഇടതുപക്ഷവുമായി നിരന്തരമായ സംവാദവും ഐക്യവുമാണ്‌ രൂപപ്പെടേണ്ട പുതിയ ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ മുഖ്യ അജണ്ടയാവേണ്ടത്‌.

മാതൃഭൂമി ദിനപത്രം 6 ഡിസംബര്‍ 2013

3 അഭിപ്രായങ്ങള്‍

 1. Yes a new approach and working class initiative is necessary if a united front of the regional parties is to take off. Indian constitution was federal in character as conceived under the leadership of Ambedkar and passed by the constitutional assembly in 1950. However, thanks to several historical reasons as well as due to the pressures from global monopoly capital and India’s own big business it has lost its federal character during the six decades of the Union Republic. Powers for policy making as well as program implementation are now vested near-exclusively with the Central Government and the role of state governments has been progressively marginalized. A new platform for restoring the balance of powers and responsibilities is the need of the hour not only for improving the efficacy of the Indian State but also for ensuring Indian unity.

  Like

 2. ഈ ഇടതു പ്രസ്ഥാനം എന്ന് പറയുന്ന സ്ഥാനത്തിനു വല്ലോ കോമ്പോ മറ്റോ ഉണ്ടോ ..?

  മറ്റു എല്ലാ രക്ഷ്ട്രീയ കക്ഷികളും കോണ്‍ഗ്രസ്സും.. ബി ജെ പ്പിയും ..AAP യും ഉള്‍പടെ വിദേശ രാജ്യങ്ങള്‍ ഉള്ള രക്ഷ്ട്രീയ കക്ഷികള്‍ വരെ ..അവരൊക്കെ വിഭാവനം ചെയുന്നതില്‍ കൂടുതല്‍ ആയി എന്ത് കോപ്പാണ് ഈ ഇടതു ഈനു പറയുന്ന ടീം ചെയുന്നത്

  Like

 3. “യഥാര്‍ത്ഥത്തില്‍ ഇടതാകണമെങ്കില്‍ രാഷ്‌ട്രീയത്തെ സാധ്യമായതിന്റെ കലയായല്ല, അസാധ്യമായതിനെ സാധ്യമാക്കുന്ന കലയായാണ്‌ കാണേണ്ടതെന്ന്‌ ലാറ്റിനമേരിക്കയിലെ മുതിര്‍ന്ന മാര്‍ക്‌സിസ്റ്റ്‌ നേതാവും ബുദ്ധിജീവിയുമായ മാര്‍ത്താ ഹാര്‍നേക്കര്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്‌.” ==== ഇതെങ്ങിനെ സാധ്യമാകും? ഇദ്ദേഹത്തെ എങ്ങിനെ ആണ് മുതിര്‍ന്ന നേതാവ് എന്നും , ബുധ്വി ജീവി എന്നും വിളി‍ക്കാന്‍ ആവുന്നത് ?

  Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )