കമ്യൂണിസ്റ്റു മൂല്യബോധം ഉയര്‍ത്തിപ്പിടിക്കാന്‍ ഓരോ പാര്‍ട്ടി അംഗത്തിനുമുള്ള ബാധ്യത ഓര്‍മ്മിപ്പിക്കാനും അവരെ അതിനു പ്രേരിപ്പിക്കാനും അതുവഴി സംഘടനയുടെ ദൗര്‍ബല്ല്യങ്ങള്‍ പരിഹരിക്കാനും സംഘടനയെ ശക്തിപ്പെടുത്താനും ഉദ്ദേശിച്ചാണ് സി.പി.എം പാലക്കാട് പ്ലീനം സംഘടിപ്പിച്ചിരിക്കുന്നത്. മൂല്യശോഷണത്തെ സംബന്ധിച്ച ഈ ഗൗരവതരമായ തിരിച്ചറിവും തിരുത്തേണ്ടതുണ്ടെന്ന നിശ്ചയവും സ്വാഗതാര്‍ഹമാണ്. സി.പി.എം ഈ ദൗത്യം എങ്ങനെയാണ് നിര്‍വ്വഹിക്കുക എന്നാണ് പൊതുസമൂഹം ഉറ്റുനോക്കുന്നത്.
കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ ചരിത്രം പഠിക്കുന്നവര്‍ക്കാര്‍ക്കും ഈ തിരുത്തല്‍ ശ്രമങ്ങളില്‍ പുതുമ തോന്നാനിടയില്ല. വ്യതിയാനങ്ങളും അവയ്ക്കെതിരായ നിശിതമായ സമരങ്ങളും സാര്‍വ്വദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. ഇതിന്റെ ഭാഗമായി ഭിന്നതകളും പിളര്‍പ്പുകളും പ്രത്യയശാസ്ത്ര യുദ്ധങ്ങളുമൊക്കെയുണ്ടായിട്ടുണ്ട്. ഇപ്പോഴിവിടെ, വ്യതിയാനങ്ങളുണ്ടായി എന്ന് സിപിഎം അംഗീകരിക്കുന്നു എന്നത് ഗുണപരമാണ്. അതു പ്രത്യയശാസ്ത്രപരമല്ല എന്നും പ്രത്യയശാസ്ത്ര ചര്‍ച്ച നടത്തേണ്ടതില്ലയെന്നും സംഘടനാപരമായ തിരുത്തലുകളും നവീകരണങ്ങളും മാത്രമേ ആവശ്യമുള്ളുവെന്നുമുള്ള തീര്‍പ്പ് പക്ഷെ അപക്വമാണെന്നു പറയാതെ വയ്യ.
ശീതയുദ്ധവും അതേതുടര്ന്ന് സോഷ്യലിസ്റ്റു ബ്ലോക്കിനേറ്റ തിരിച്ചടിയും കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്‍ക്കകത്തു സൃഷ്ടിച്ച സ്ഫോടനങ്ങളും ദിശാമാറ്റങ്ങളും ഇന്ത്യയിലും ചലനങ്ങളുണ്ടാക്കി. ആശയവ്യക്തത വരുത്താനും പാര്‍ട്ടിയെ ഒന്നിച്ചു നിര്‍ത്താനും സി.പി.എം നേതൃത്വം വലിയ അളവില്‍ പരിശ്രമിച്ചു. പതിനാലാം പാര്‍ട്ടി കോണ്‍ഗ്രസ്സിലെ പ്രത്യയശാസ്ത്ര -രാഷ്ട്രീയ -സംഘടനാ രേഖകളും ചര്‍ച്ചകളും തീരുമാനങ്ങളും ആ നിലയ്ക്ക് ശ്രദ്ധേയമായി. സാര്‍വ്വദേശീയ പ്രശ്നങ്ങളെപ്പറ്റിയുള്ള വിശകലനത്തോളം പ്രസക്തവും ശ്രദ്ധേയവുമായിരുന്നു സംഘടനാരംഗത്തെ അധികാരകേന്ദ്രീകരണത്തെക്കറിച്ചും ഇതര മൂല്യച്യുതികളെക്കുറിച്ചുമുള്ള വിലയിരുത്തലും പരിഹാരനിര്‍ദ്ദേശങ്ങളും. ഈ തീരുമാനങ്ങള്‍ എത്രമാത്രം ഗൗരവപൂര്‍വ്വം തിരുത്താന്‍ കഴിഞ്ഞുവെന്ന് ഇതു സംബന്ധിച്ച റിവ്യു പതിനഞ്ചാം കോണ്ഗ്രസ്സിലുണ്ടായി. വേണ്ടത്ര പുരോഗതിയുണ്ടായില്ല എന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് ഒരു തെറ്റു തിരുത്തല്‍ രേഖ തയ്യാറാക്കി ചര്‍ച്ച നടത്താനും തുടര്‍പരിശോധനകള്‍ നടത്താനുമുള്ള തീരുമാനമുണ്ടായത്. 1996 ഒക്ടോബര്‍ 29 മുതല്‍ 31വരെ ചേര്‍ന്ന കേന്ദ്രകമ്മറ്റി ഓണ്‍ റെക്റ്റിഫിക്കേഷന്‍ കാമ്പെയിന് എന്ന രേഖ അംഗീകരിച്ചു കീഴ്ഘടകങ്ങള്‍ക്കു ചര്‍ച്ചനടത്താന്‍ വിട്ടു.
രേഖ വ്യതിയാനങ്ങളുണ്ടായ സാഹചര്യം വിശദീകരിക്കുന്നുണ്ട്. സാര്‍വ്വദേശീയ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനും സോഷ്യലിസ്റ്റു വ്യവസ്ഥക്കുമുണ്ടായ വലിയ തിരിച്ചടി മാര്‍ക്സിസം ലെനിനിസത്തിനെതിരെ മുതലാളിത്തമുയര്ത്തിയ ആരോപണങ്ങളും വിമര്‍ശനങ്ങളും ശരിയെന്ന ധാരണ സൃഷ്ടിക്കാനിടയാക്കി. ഇതു പാര്‍ട്ടി അംഗങ്ങളുടെയും ഘടകങ്ങളുടെയും മൂല്യബോധത്തെ സാരമായി സ്വാധീനിക്കാനിടയായി. സാമ്പത്തിക ഉദാരവത്ക്കരണവും അതിന്റെ ഭാഗമായ ബൂര്‍ഷ്വാ മൂല്യങ്ങളുടെ വിപുലമായ പ്രചാരവും ഇടതുപക്ഷ പ്രസ്ഥാനത്തെയും ബാധിച്ചു. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ വലിയ പങ്കാണ് വഹിച്ചത്. ഉദാരവിപണി നയങ്ങള്‍ ഉപഭോഗാസക്തിയും ജീവിതവീക്ഷണവും മാറ്റി മറിക്കാനിടയാക്കി. ഈ അനുകൂല സാഹചര്യത്തില്‍ വര്‍ഗീയതയും ജാതി – സ്വത്വ രാഷ്ട്രീയവും വളര്‍ന്നു. പുരോഗമന ശാസ്ത്രീയ കാഴ്ച്ചപ്പാടുകള്‍ക്കു വലിയ ക്ഷീണം സംഭവിച്ചു. ഇക്കാലയളവില്‍ പാര്‍ട്ടിയിലേക്കു റിക്രൂട്ടു ചെയ്യപ്പെട്ടവരില്‍ ഭൂരിപക്ഷവും പാര്‍ട്ടിയെപ്പറ്റി ധാരണയില്ലാത്തവരും പെറ്റിബൂര്‍ഷ്വാ പ്രവണതകള്‍ പ്രകടിപ്പിക്കുന്നവരുമായിരുന്നു. 1977നുശേഷം ബൂര്‍ഷ്വാ പാര്‍ട്ടികളുമായി ഉണ്ടാക്കിയ തെരഞ്ഞെടുപ്പു സഖ്യങ്ങളും ധാരണകളും പാര്‍ട്ടിയിലും ബൂര്‍ഷ്വാ മൂല്യങ്ങള്‍ കടന്നു കയറാനിടയാക്കി. പണവും അധികാരവും വലിയതോതില്‍ സ്വാധീനിക്കുമെന്നായി. ആവശ്യത്തിനു പാര്‍ട്ടി വിദ്യാഭ്യാസം നല്‍കാനും സാധിച്ചില്ല. ഇവയെല്ലാം പാര്‍ട്ടിയില്‍ പരിഷ്ക്കരണവാദ പ്രവണതകളും പാര്‍ലമെന്ററി വ്യാമോഹവും തെരഞ്ഞെടുപ്പ് അവസരവാദവും വളരാനിടയാക്കി. വിജ്ഞാനവിരോധവും ജാതി -സ്വത്വ ബോധ സ്വാധീനങ്ങളും അഴിമതിയും അധികാരകേന്ദ്രീകരണവും സ്വജനപക്ഷപാതവുമെല്ലാം കടന്നുകയറുകയും ചെയ്തു.
തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലുള്ള അമിതമായ ഊന്നല്‍ ഒഴിവാക്കിയും വര്‍ഗ – ബഹുജന സമരങ്ങള്‍ ശക്തിപ്പെടുത്തിയും പരിഷ്ക്കരണവാദത്തിനെതിരെ വിട്ടുവീഴ്ച്ചയില്ലാതെ പൊരുതിയും ലളിതമായ ജീവിതശൈലി സ്വീകരിച്ചും ധനവിനിയോഗത്തില്‍ മിതത്വം പാലിച്ചും തെറ്റു തിരുത്തല്‍ സാധ്യമാക്കണമെന്നു രേഖ ചൂണ്ടിക്കാട്ടി. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ ത്രിമാന തിരുത്തല്പദ്ധതിയാണ് രേഖ മുന്നോട്ടുവെച്ചത്.ഇതു ഫലപ്രദമായി നടപ്പാക്കാനാവാതെ ഒന്നര വ്യാഴവട്ടക്കാലത്തിനു ശേഷവും സി.പി.എം ഇരുട്ടില്‍ തപ്പുകയാണ്. പ്രത്യശാസ്ത്രപരമോ രാഷ്ട്രീയമോ ആയ കാര്യങ്ങളില്‍ ചര്ച്ചയ്ക്കെടുക്കേണ്ടതായി ഒന്നുമില്ലെന്നു ഭാവിക്കുമ്പോള്‍, റെക്റ്റിഫിക്കേഷന്‍ രേഖയിലെ നിരീക്ഷണങ്ങള്‍ അട്ടിമറിക്കപ്പെടുന്നു. സംഘടനാ ദൗര്‍ബല്യത്തിനും ജീര്‍ണതക്കും കാരണം പ്രത്യയശാസ്ത്ര ധാരണയിലും രാഷ്ട്രീയ ബോധത്തിലുമുണ്ടായ തകര്‍ച്ചയാണെന്ന ശരിയായ നിരീക്ഷണമായിരുന്നു രേഖയിലുണ്ടായിരുന്നത്. ഈ വ്യതിചലനം പാര്‍ലമെന്ററി രംഗത്തുണ്ടാക്കിയ വലതുപക്ഷ സ്വാധീനങ്ങളെപ്പറ്റിയോ പ്രക്ഷോഭരംഗത്തു സൃഷ്ടിച്ച സമരസപ്പെടലുകളെപ്പറ്റിയോ ചര്‍ച്ചനടത്താതെ തിരുത്താനാവുന്നതെങ്ങനെ? ആഗോളവത്ക്കരണ അജണ്ടകള്‍ക്കു കീഴ്പ്പെട്ടുപോയെന്നു ഒരു സന്ദര്‍ഭത്തിലും സിപിഎം സ്വയംവിമര്‍ശനം നടത്തിയിട്ടില്ല എന്നതു ശ്രദ്ധിക്കേണ്ടതുണ്ട്. കാര്യങ്ങളില്‍ മാറ്റം വരുത്തണമെന്നു പറയുമ്പോള്‍ ഹേതുവായ സന്ദര്‍ഭത്തെയും മാറ്റണമെന്നു കരുതാത്തതെന്ത്? മുറ്റത്തെ പാഴ്മരം കാണിക്കുന്നത് മണ്ണു മോശമാണ് എന്നാണ്. എന്നാല്‍ വഴിയെ പോകുന്നവര്‍ മരത്തെയാണ് പഴിക്കുന്നത് എന്നു ബ്രഹ്തിന്റെ ഒരു കവിതയുണ്ട്. പ്രത്യയശാസ്ത്രത്തിന്റെ മണ്ണു വരണ്ടുതുടങ്ങുമ്പോഴാണ് ശാഖോപശാഖകളായി വളര്‍ന്നു പന്തലിച്ച വൃക്ഷത്തില്‍ വാട്ടവും ഉണക്കവും ഇലകൊഴിച്ചിലുമൊക്കെ പ്രത്യക്ഷപ്പെടുന്നത്. മണ്ണിലുണ്ടായ പുതിയ രാസസംയോഗങ്ങള് ഈ വൃക്ഷത്തിനിണങ്ങുന്നതായിരുന്നില്ല എന്നു സാരം. ഇലകള്‍ തുന്നിക്കെട്ടിയോ ശാഖകള്‍ ചായമടിച്ചോ പ്രശ്നം പരിഹരിക്കാനാവില്ല. ഒന്നുകില്‍ പുതിയ രാസവളവും ഹോര്‍മോണ്‍ ചികിത്സയും മൂലം അടിമുടി മാറിയ പുതിയ വൃക്ഷമാണിതെന്ന് അംഗീകരിച്ചു മുന്നോട്ടുപോകണം. അതല്ലെങ്കില്‍ ശരിയായ പ്രത്യയശാസ്ത്രത്തിന്റെ മണ്ണില്‍ വളരാനനുവദിക്കണം. 1996ലെ രേഖ അതാണുപദേശിച്ചത്.
പ്രത്യയശാസ്ത്ര വ്യതിയാനം തിരുത്താതെ പാര്‍ട്ടിസംഘടനയെ ശക്തിപ്പെടുത്താമെന്ന മോഹം മൗഢ്യമാണ്. എന്നാല്‍ ആ വഴിയെയാണ് ഇപ്പോഴും സി.പി.എം പോകുന്നത്. കളങ്കിത വ്യക്തികളില്‍നിന്നു പണം വാങ്ങിക്കൂടായെന്ന തിരുത്തല്‍ തീരുമാനം കാറ്റില്‍ പറത്തുന്ന പരസ്യവുമായാണ് പ്ലീനം സമാപിക്കുന്ന ദിവസത്തെ ദേശാഭിമാനി ദിനപത്രം പുറത്തിറങ്ങിയത്. ഒന്നാം പേജില്‍തന്നെയാണ് അത്തരമൊരു പരസ്യം പ്രത്യക്ഷപ്പെട്ടത്. അതു പരിപൂര്‍ണമായും ന്യായീകരിച്ചുകൊണ്ട് പത്രപ്രതിനിധികളോട് തട്ടിക്കയറുന്ന സെന്‍ട്രല്‍ കമ്മറ്റി അംഗം ഇ.പി.ജയരാജന്റെ പെരുമാറ്റവും വാര്‍ത്താചാനലുകളില്‍ നാം കണ്ടു. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍നിന്ന് രണ്ടുകോടി രൂപ വാങ്ങിയപ്പോഴുണ്ടായിരുന്ന അതേ ന്യായീകരണം അദ്ദേഹം ഇപ്പോഴും ആവര്‍ത്തിക്കുന്നു. എവിടെയാണ് ഗുണപരമായ മാറ്റമുണ്ടായത്? ഇതേ ദിവസങ്ങളില്‍തന്നെയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ മുന്‍മന്ത്രി എളമരം കരീമിനെതിരായ അഴിമതി ആരോപണവും ഉയര്‍ന്നുവന്നിരിക്കുന്നത്.
ബഹുജനപ്രശ്നങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന സമരങ്ങള്‍ ബന്ധപ്പെട്ട ജനവിഭാഗങ്ങള്‍ അറിയുന്നില്ല. അതിനനുസരിച്ചുള്ള പ്രചാരണം വേണമെന്ന് രാഷ്ട്രീയരേഖ നിര്‍ദ്ദേശിക്കുന്നു. ജനങ്ങള്‍ക്കുവേണ്ടി പാര്‍ട്ടി സമരം നടത്തുന്നു. എന്നാല്‍ ആര്‍ക്കുവേണ്ടിയാണോ സമരം നടത്തുന്നത്,അക്കൂട്ടര്‍ അതറിയുന്നില്ല എന്നാണ് പാര്‍ട്ടിയുടെ വിലാപം. സച്ചിദാനന്ദന്റെ ഒരുകവിതയില്‍ പറയുന്നുണ്ട്. അവന് സ്നേഹിച്ചവര്‍ മറ്റാരെയോ സ്നേഹിച്ചു. അവനെ സ്നേഹിച്ചവരാകട്ടെ അവന്റെ സ്നേഹം കിട്ടാതെ മരിച്ചു. ഇതേ വിലാപംതന്നെയാണ് പാര്‍ട്ടിയുടെതും. ബഹുജനസമരങ്ങള്‍ നടക്കുന്നിടത്ത് അവര്‍ വിളിച്ചിട്ടും പാര്‍ട്ടി തിരിഞ്ഞുനോക്കുന്നില്ല. ജനങ്ങള്‍ക്കുവേണ്ടി പാര്‍ട്ടി സമര്‍പ്പിക്കുന്ന സമരപരിപാടികളിലാകട്ടെ ജനങ്ങളുമെത്തുന്നില്ല. ഈ വൈരുദ്ധ്യത്തിനു കാരണമുണ്ട്. തങ്ങളുടെ നേതൃത്വത്തിലേ സമരങ്ങള്‍ നടക്കാവൂ, അല്ലെങ്കില്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ളതേ അംഗീകരിക്കാനാവൂ എന്ന വാശിയാണത്. വര്ഗസമരങ്ങളുണ്ടാക്കുന്നത് കമ്യൂണിസ്റ്റു പാര്‍ട്ടിയല്ല. അതു കണ്ടെത്തുകയും മൂര്ച്ചിപ്പിക്കുകയുമാണ് പാര്‍ട്ടിയുടെ ഉത്തരവാദിത്തം. ഇക്കാര്യം അറിയാത്തതാവില്ല സിപിഎമ്മിന്റെ പ്രശ്നം. സ്വകാര്യവത്ക്കരണത്തിനെതിരെയും കുടിയൊഴിപ്പിക്കലിനെതിരെയും നടക്കുന്ന വലിയ സമരങ്ങളില്‍പ്പോലും പങ്കെടുക്കാനാവാത്തവിധം മൂലധനതാല്പ്പര്യങ്ങളിലേക്കതു മാറിയിരിക്കുന്നു. ഇനി പുതിയ പ്രചാരണ പരിപാടികളിലൂടെ ഈ ദൗര്‍ബല്യം പരിഹരിക്കാനാവുമെന്നാണത്രെ പാര്‍ട്ടി കരുതുന്നത്. പരിഷ്ക്കരണവാദ അജണ്ട കൈവിടാനാവുന്നില്ല,കമ്യൂണിസ്റ്റു പാര്ട്ടിയെന്നഗമ നഷ്ടപ്പെടുത്തുകയും വയ്യ. അത്രയേ പ്ലീനത്തിനര്ത്ഥമുള്ളു.
1985ല്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന പന്ത്രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ സംഘടനാറിപ്പോര്‍ട്ടില്‍ കേരളത്തെപ്പറ്റി പറയുമ്പോള്‍ ഉന്നയിച്ച ചില വിമര്‍ശനങ്ങളുണ്ട്. അതത്രയും ഇരുപത്തിയെട്ടു വര്‍ഷത്തിനുശേഷം ആവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഇപ്പോഴത്തെ പ്ലീനം റിപ്പോര്‍ട്ടിനുണ്ട്. പഴയ രേഖയില്‍ ഇങ്ങനെ കാണുന്നു: പ്രവര്‍ത്തന ശൈലി മെച്ചപ്പെടുത്തുന്നതിന് ജനങ്ങളുമായി ഇടപെടുന്നതില്‍ ഉദ്യോഗസ്ഥ മേധാവിത്വപരമായ പെരുമാറ്റം ഉണ്ടാകുന്നുവെന്ന് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്കുന്നു. റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയാണ്. ചുരുക്കം ചില സഖാക്കളെങ്കിലും ഒരു കമ്യൂണിസ്റ്റുകാരന്റെ മാതൃകാപരമായ ജീവിതരീതിയും തികഞ്ഞ സദാചാരബോധവും കൈവെടിഞ്ഞിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ തക്ക സമയത്തു കണ്ടുപിടിച്ചു അവക്കെതിരായി പോരാടുകയും പാര്‍ട്ടിയെയാകെ ഇത്തരം പ്രവണതകള്‍ക്കെതിരായി ജാഗ്രത്താക്കുകയും ചെയ്തില്ലെങ്കില്‍ ഈ മാതിരിയുള്ള ദൂഷ്യങ്ങള്‍ക്കു നാം ഇരയാകും. സംസ്ഥാന കമ്മറ്റിയുടെ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടുപോലും അന്യവര്ഗാശയങ്ങളുടെ സ്വാധീനം നിലനില്‍ക്കുന്ന സാഹചര്യത്തിലുള്ള ചില സഖാക്കള്‍ ഇപ്പോഴും വിവാഹ ചടങ്ങുകള്‍ ആര്‍ഭാടപൂര്‍വ്വം നടത്തുകയും വിവാഹം, മരണാനന്തരചടങ്ങുകള്‍ എന്നിവയുടെ കാര്യത്തില്‍ മതപരവും ജാതീയവുമായ ആചാരങ്ങള്‍ക്കു വഴങ്ങുകയും ചെയ്യുന്നുണ്ടെന്നു റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്. സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണസംഘങ്ങള്‍ എന്നിവയിലെ കമ്യൂണിസ്റ്റു മാതൃകയിലുള്ള പ്രവര്‍ത്തനത്തിന്റെ കാര്യം റിപ്പോര്‍ട്ടില്‍ ഊന്നിപറയുകയും അത്തരം സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ സഖാക്കള്‍ , അവരും ബൂര്‍ഷ്വാ പാര്‍ട്ടികളില്‍പെട്ട അഴിമതിക്കാരായ ഭാരവാഹികളും തമ്മിലുള്ള വ്യത്യാസം പ്രവര്‍ത്തനത്തിലൂടെ ജനങ്ങളുടെ മുമ്പാകെ തെളിയിച്ചു കാണിക്കണം എന്നു നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.( പന്ത്രണ്ടാം കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് പുറം 246).മൂന്നു കോണ്‍ഗ്രസ്സുകളുടെ കാലയളവു പിന്നിടുമ്പോള്‍ ഈ വ്യതിയാനങ്ങളെല്ലാം വളര്‍ന്നു തിടം വെക്കുന്ന സാമ്പത്തിക – രാഷ്ട്രീയ സാഹചര്യം ലോകമാകെ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. അതിനു വശപ്പെടുംവിധം പരിപാടി പുതുക്കാനാണ് സിപിഎം ധൃതിപ്പെട്ടത്. സമരങ്ങളില്നിന്നകലുംതോറും തിരുത്തല്‍ കൂടുതല്‍ ശ്രമകരമായിത്തീര്‍ന്നു.
സംഘടനാദൗര്ബല്യം കൂടുതലുള്ള കാലത്തെ മറ്റു രണ്ടു പ്രവണതകള്‍കൂടി ശ്രദ്ധേയമാണ്. റിക്രൂട്ടു ചെയ്യപ്പെടുന്നവരുടെ എണ്ണത്തിലും കൊഴിഞ്ഞുപോകുന്നവരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവുണ്ടായി. വിഭാഗീയതയും വലതുപക്ഷ പരിഷ്ക്കരണവാദ നടപടികളും മൂര്‍ച്ഛിച്ച കാലത്താണ് ഈ പ്രവണതകള്‍ ദൃശ്യമായത്. 2008 മുതല്‍ 2013വരെയുള്ള കാലത്തു 65060 പേരാണ് പുതുതായി പാര്‍ട്ടിയില്‍ പ്രവേശിച്ചത്. ഇത് അതിനു തൊട്ടുമുമ്പുള്ള പത്തുവര്‍ഷക്കാലത്തെ അംഗത്വ വര്ദ്ധനവോളം വരും.1998 മുതല്‍ 2008വരെയുള്ള കാലത്തു അംഗത്വത്തിലുണ്ടായ വര്‍ദ്ധനവ് 68461 ആണ്. 2008 മുതല്‍ 2013വരെയുള്ള കാലത്തെ വളര്‍ച്ച പ്രകടിപ്പിക്കുന്നത് അത്ര അഭിലഷണീയമായ പ്രവണതയല്ല. 1977 – 81 കാലത്തു ബംഗാളിലെ പാര്‍ട്ടി അംഗത്വത്തിലും ഇത്തരമൊരു പ്രവണത ദൃശ്യമായിരുന്നു. 1978ല്‍ ബംഗാളില്‍ അധികാരമേറ്റതിനെത്തുടര്ന്നാണിത്. 33720 അംഗങ്ങളുണ്ടായിരുന്നത് 79190 ആയി ഉയര്‍ന്നു. 1982 ജനവരിയില്‍ വിജയവാഡയില്‍ നടന്ന പതിനൊന്നാം കോണ്‍ഗ്രസ് ഈ പ്രവണതയെ വിശകലനം നടത്തി വര്‍ഗരാഷ്ട്രീയത്തിന്റെ സത്ത ചോര്‍ന്നുപോകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പിണറായി വിജയന് സെക്രട്ടറിയായി സ്ഥാനമേറ്റശേഷമുള്ള ആദ്യ ദശകം അംഗത്വ വര്‍ദ്ധനവ് ഏറ്റവും മോശംനിലയിലായിരുന്നു. അതിനു മുമ്പുള്ള ദശകത്തില്‍ (1988 98)വര്‍ദ്ധന 89314 ആയിരുന്നു. 1978 മുതല്‍ 88വരെയാകട്ടെ അത് 111503 പേരായിരുന്നു. ജനസംഖ്യയിലും മുതലാളിത്ത ചൂഷണത്തിലുമുണ്ടായ പെരുപ്പം പാര്‍ട്ടിയിലേക്കുള്ള റിക്രൂട്ടുമെന്റിനെ ഗുണപരമായി സ്വാധീനിച്ചില്ല. അടിയന്തിരാവസ്ഥാനന്തര കേരളത്തിലെ രാഷ്ട്രീയ ജാഗ്രതയും സമരോത്സുകതയും പതുക്കെപ്പതുക്കെ ക്ഷീണിച്ചു.
പാര്‍ട്ടി അംഗങ്ങള്‍ കേരളത്തില്‍
1978 1988 1998 2008 2013
67366 178869 268183 336644 401704
നവലിബറല്‍ നയങ്ങളും അതിന്റെ ജനവിരുദ്ധ നടത്തിപ്പും എല്ലാ രാഷ്ട്രീയവും ഒരുപോലെയാണെന്ന ചിന്താഗതിക്ക് ശക്തിപകര്‍ന്നു. ഫെഡറല്‍ സംവിധാനത്തിന്റെ പരിമിതികള്‍ക്കകത്തു ധീരമായ പരീക്ഷണമൊന്നും സാധ്യമാവില്ലെന്ന നിരാശ പടര്‍ന്നുപിടിച്ചു. സാമ്രാജ്യത്വ ആഗോളവത്ക്കരണത്തിന്റെ ഘടനാപരമായ പരിഷ്ക്കാരങ്ങള്‍ക്കു വഴങ്ങുകയും സമരങ്ങളുപേക്ഷിക്കുകയും ചെയ്തതോടെ ഇടതുപക്ഷം മറ്റേതൊരു വലതുപക്ഷ കക്ഷിയെയുംപോലെയായി. ഇതു തിരുത്താനും തൊഴിലാളി കര്‍ഷക കീഴാള ബഹുജന സമരങ്ങളുടെ ഐക്യനിരയിലേക്കു കടന്നെത്തുകയും ചെയ്യാതെ സംഘടനാദൗര്ബല്യം പരിഹരിക്കുക സാധ്യമാവില്ല.
30 നവംബര്‍ 2013