Article POLITICS

എംഗല്‍സിന്റെ പാഠവും പശ്ചിമഘട്ട സംരക്ഷണവും

 

വാനരനില്‍നിന്ന്‌ നരനിലേക്കുള്ള പരിവര്‍ത്തനത്തില്‍ അധ്വാനത്തിന്റെ പങ്ക്‌ എന്നപേരില്‍ വിഖ്യാതമായ ഒരു പ്രബന്ധം എംഗല്‍സ്‌ എഴുതിയിട്ടുണ്ട്‌. കസ്‌തൂരിരംഗന്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ ചില നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനുള്ള കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ ആദ്യം മലയോരമേഖലകളിലും പിന്നീട്‌ സംസ്ഥാനത്താകെയും നടന്ന ഹര്‍ത്താല്‍, ഈ കൃതി വീണ്ടും വായിക്കാനൊരു നിമിത്തമായി.

കേരളത്തിലെ കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്‍ക്കകത്ത്‌ മാധവ്‌ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടും കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടും സംബന്ധിച്ചുയര്‍ന്നു വന്ന ചര്‍ച്ചകള്‍ വലിയ പ്രതീക്ഷകള്‍ നല്‍കിയിരുന്നു. മാധവ്‌ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണമെന്നാണ്‌ മാര്‍ക്‌സിസ്റ്റ്‌ ധൈഷണികലോകം പൊതുവില്‍ അഭിപ്രായപ്പെട്ടത്‌. കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തും ഏറ്റവും പുതിയ പാര്‍ട്ടിയായ റവല്യൂഷനറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയും ഇക്കാര്യത്തില്‍ ഏകാഭിപ്രായമാണ്‌ പ്രകടിപ്പിച്ചത്‌. ഒട്ടേറെ പരിസ്ഥിതി സംഘടനകളും ജനകീയ പ്രസ്ഥാനങ്ങളും ഇക്കാര്യത്തില്‍ യോജിക്കാന്‍ തയ്യാറായി. എന്നാല്‍,ഗാഡ്‌ഗില്‍ നിര്‍ദ്ദേശങ്ങളുടെ പ്രാധാന്യവും ജനാധിപത്യസ്വഭാവവും ശാസ്‌ത്രീയതയും അംഗീകരിക്കാന്‍ മുഖ്യധാരാ പ്രസ്‌ഥാനങ്ങള്‍ തയ്യാറായിരുന്നില്ല. കേരളത്തില്‍ മണ്ണ്‌ – വനം – ക്വാറി – കുടിയേറ്റ – കയ്യേറ്റ – റിയല്‍എസ്റ്റേറ്റ്‌ മാഫിയകള്‍ അഴിച്ചുവിട്ട സംഘടിതമായ ആക്രമണത്തില്‍ കത്തോലിക്കാസഭക്കൊപ്പം പക്ഷം ചേരുകയായിരുന്നു ഈ പ്രസ്ഥാനങ്ങള്‍. ഐക്യരാഷ്‌ട്രസഭയുടെ പരിസ്ഥിതി സംരക്ഷണത്തിനായുള്ള സംഘടന അതീവ പരിസ്ഥിതി ദുര്‍ബ്ബലപ്രദേശമായി കണ്ടെത്തിയ പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള ശ്രമകരമായ ബാധ്യത ആറ്റെടുക്കേണ്ട ഗവണ്‍മെന്റുകളെ പിന്തിരിപ്പിക്കാന്‍ മാഫിയകള്‍ക്കു കഴിഞ്ഞു.

2011 ആഗസ്‌തില്‍ സമര്‍പ്പിച്ച ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ ഒരു വര്‍ഷം കഴിയും മുമ്പുതന്നെ പുനപ്പരിശോധനാ സമിതിക്കുമുന്നിലേക്കു തള്ളിവിടപ്പെട്ടു. ബഹിരാകാശ ശാസ്‌ത്രജ്ഞനും ആസൂത്രണബോര്‍ഡംഗവുമായ കസ്‌തൂരിരംഗനെ യാണ്‌ ഈ ചുമതല ഏല്‍പ്പിച്ചത്‌. കോര്‍പ്പറേറ്റനുകൂല വികസനത്തിന്റെ കാഴ്‌ച്ചപ്പാടുകളോടെയുള്ള സമീപനം ഗാഡ്‌ഗില്‍ നിരീക്ഷണങ്ങളുടെയും നിര്‍ദേശങ്ങളുടെയും സത്തചോര്‍ത്തിക്കളയുന്നതായിരുന്നു. കൂടുതല്‍ അപകടകരവും ജനാധിപത്യ വിരുദ്ധവുമായ കണ്ടെത്തലുകളായിരുന്നു അതിലുള്ളത്‌. അതിനെതിരെ ഉയര്‍ന്നുവന്ന കടുത്ത പ്രതിഷേധങ്ങള്‍ക്കിടയില്‍ താരതമ്യേന എതിര്‍പ്പുകള്‍ക്കിടയില്ലാത്തതും നിലവിലുള്ള നിയമംതന്നെ അനുശാസിക്കുന്നതുമായ ചില വിഷയങ്ങള്‍ വിജ്ഞാപനത്തിലൂടെ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പാരിസ്ഥിതികവും ജനകീയവുമായ താല്‍പ്പര്യങ്ങളില്‍ പരമാവധി വെള്ളം ചേര്‍ത്താണെങ്കിലും പുരോഗമനപരമായ ഒരു നീക്കം എന്ന നിലയില്‍ സ്വാഗതാര്‍ഹമായിരുന്നു അത്‌. ഗാഡ്‌ഗില്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണമെന്ന ആവശ്യത്തിലുറച്ചുനില്‍ക്കുമ്പോള്‍തന്നെ ഇതംഗീകരിക്കേണ്ടതുണ്ടെന്നു മിക്കവരും കരുതി.

ഈ വിഷയത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയാണ്‌ സിപിഎം തീരുമാനമെടുത്തത്‌. പാരിസ്ഥിതിക വികസനത്തിന്റെയും ജനപക്ഷ വികസനത്തിന്റെയും വഴിവിട്ട്‌ കോര്‍പ്പറേറ്റ്‌ മൂലധന വികസനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കു കീഴടങ്ങുകയായിരുന്നു അവര്‍. തീരദേശത്തു ബിഒടി സ്വകാര്യവത്‌ക്കരണത്തിനുവേണ്ടി ആയിരക്കണക്കിനുപേര്‍ കുടിയൊഴിപ്പിക്കപ്പെടുമ്പോള്‍ നിസ്സംഗതപുലര്‍ത്തിയവര്‍ മലയോരത്ത്‌ മാഫിയകളും കയ്യേറ്റക്കാരും കുടിയൊഴിപ്പിക്കപ്പെട്ടേക്കുമെന്ന തെറ്റായ പ്രചാരണമുയര്‍ന്നപ്പോഴേക്കും രക്ഷകരായി ഓടിയെത്തുന്നു! ഹര്‍ത്താലിനാഹ്വാനം ചെയ്യുന്നു! കുടിയൊഴിപ്പിക്കപ്പെടുന്ന പാവങ്ങള്‍ക്ക്‌ ഐക്യദാര്‍ഢ്യം നല്‍കാന്‍ മടിക്കുന്നവരാണ്‌ വന്‍കിട കയ്യേറ്റക്കാരുടെയും മാഫിയകളുടെയും രക്ഷാസേനയായി മാറിയിരിക്കുന്നത്‌. കെഎംമാണിയുടെ അദ്ധ്വാനസിദ്ധാന്തവും സിപിഎമ്മിന്റെ മാര്‍ക്‌സിസവും ആശ്ലേഷിക്കുന്ന ഹൈറേഞ്ച്‌ പ്ലീനമാണ്‌ യഥാര്‍ത്ഥത്തില്‍ അരങ്ങേറിയിരിക്കുന്നത്‌.

നൂറ്റാണ്ടിനുമുമ്പ്‌ എംഗല്‍സ്‌ എഴുതി: ‘ക്യൂബയിലെ മലഞ്ചെരിവുകളില്‍ വളര്‍ന്നുനിന്നിരുന്ന കാടുകളെല്ലാം കത്തിച്ച്‌ ചാരമാക്കിയ സ്‌പാനിഷ്‌ പ്ലാന്റര്‍മാര്‍,,കാപ്പിച്ചെടികളുടെ വിളയ്‌ക്കാവശ്യമായ വളം സുലഭമായി ലഭിക്കും എന്നതില്‍ക്കവിഞ്ഞ്‌ ന്നുംതന്നെ കണക്കിലെടുത്തിട്ടില്ല. പിന്നീടുള്ള കനത്ത കാലവര്‍ഷങ്ങള്‍ ഈ പ്രദേശങ്ങളിലെ മണ്ണെല്ലാം ഒഴുക്കിക്കളഞ്ഞ്‌ മൊട്ടപ്പാറമാത്രം ബാക്കിയാക്കിയെങ്കില്‍ അവര്‍ക്കെന്തു ചേതം! പ്രകൃതിയോടുള്ള ബന്ധത്തിലായാലും വേണ്ടില്ല, സമൂഹത്തോടുള്ള ബന്ധത്തിലായാലും വേണ്ടില്ല, ഇന്നത്തെ ഉത്‌പ്പാദനവ്യവസ്ഥ,താല്‍ക്കാലിക നേട്ടങ്ങള്‍ – പെട്ടെന്നുള്ള ഫലങ്ങള്‍ – മാത്രമേ പരിഗണിക്കുന്നുള്ളു�. നമ്മുടെ ഭരണകൂടത്തെ സംബന്ധിച്ചും രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെ സംബന്ധിച്ചും എംഗല്‍സിന്റെ പരാമര്‍ശം വാസ്‌തവമാകുന്നു.

എംഗല്‍സ്‌ ഇങ്ങനെകൂടി എഴുതുന്നു: പ്രകൃതിക്കുമേലുള്ള മനുഷ്യന്റെ വിജയത്തെപ്പറ്റി കൊട്ടിഘോഷിച്ച്‌ നമുക്ക്‌ ഊറ്റംകൊള്ളേണ്ടതില്ല. ഓരോ വിജയത്തിനും അതു നമുക്കുനേരെ പ്രതികാരം വീട്ടിയിട്ടുണ്ട്‌. പുതിയ കൃഷിസ്ഥലങ്ങള്‍ നേടുന്നതിനായി മെസോപൊട്ടാമിയയിലെയും ഗ്രീസിലെയും ഏഷ്യാമൈനറിലെയും അതുപോലുള്ള മറ്റു പ്രദേശങ്ങളിലെയും വനങ്ങള്‍ മുഴുക്കെ നശിപ്പിച്ച മനുഷ്യര്‍, വനങ്ങളോടൊപ്പം, ഈര്‍പ്പം തങ്ങിനില്‍ക്കാനാവശ്യമായ സംഭരണകേന്ദ്രങ്ങളും നശിപ്പിച്ചുകൊണ്ട്‌ ഈ രാജ്യങ്ങളില്‍ ഇന്നത്തേതുപോലുള്ള നശിച്ച ഒരവസ്ഥക്ക്‌ അടിത്തറ പാകുകയാണ്‌ ചെയ്‌തത്‌. ആല്‍പ്‌സ്‌ പര്‍വ്വതനിരകളുടെ തെക്കന്‍ ചരിവുകളില്‍ സമൃദ്ധമായി വളര്‍ന്നിരുന്ന പൈന്‍കാടുകള്‍ മുഴുവന്‍ വെട്ടിനശിപ്പിച്ച ഇറ്റലിക്കാര്‍, തങ്ങളുടെ പ്രദേശത്തെ ഡയറിവ്യവസായത്തിന്റെ ആണിവേരുകളാണ്‌ തങ്ങള്‍ പിഴുതെറിയുന്നതെന്നോ വലിയൊരു കാലത്തേക്കാവശ്യമായ ജലം സംഭരിച്ചുവെക്കാ#ാന്‍ സഹായകമായ അരുവികള്‍ തങ്ങള്‍ നശിപ്പിച്ചുകളയുകയാണെന്നോ വര്‍ഷകാലത്ത്‌ താഴ്‌ വരപ്രദേശങ്ങള്‍ കുത്തിയൊലിക്കുന്ന ജലപ്രവാഹത്തിന്റെ രൂക്ഷമായ ആക്രമണത്തിന്‌ വിധേയമാകാന്‍ ഇടവരുത്തുകയാണെന്നോ ധരിച്ചിരുന്നില്ല…..ഒരു ജേതാവ്‌ ഏതെങ്കിലുമൊരു വൈദേശിക ജനതയെ അടക്കിവാണതുപോലെ പ്രകൃതിക്കതീതമായ ഒരു ശക്തിയെപ്പോലെ പ്രകൃതിയെ അടക്കിവാഴുകയല്ല, മറിച്ച്‌ നാം നമ്മുടെ മാംസവും ചോരയും തലച്ചോറുമെല്ലാമടക്കം പ്രകൃതിയുടെ ഭാഗമാണെന്നും പ്രകൃതിയിലാണ്‌ നമ്മുടെ അസ്‌തിത്വമെന്നും പ്രകൃതിയുടെ മേലുള്ള നമ്മുടെ അധീശത്വത്തിനു കാരണം, മറ്റെല്ലാ ജീവജാലങ്ങളെയും അപേക്ഷിച്ച്‌ അതിന്റെ നിയമങ്ങള്‍ മനസ്സിലാക്കാനും യുക്തിപൂര്‍വ്വം പ്രയോഗിക്കാനുമുള്ള കഴിവ്‌ നമുക്കുണ്ടെന്നുള്ളതുമാണെന്ന വസ്‌തുത ഓരോ ഘട്ടത്തിലും ഓര്‍മ്മിക്കണം.

പ്രകൃതിയുടെ വൈരുദ്ധ്യാത്മകത സംബന്ധിച്ച്‌ എംഗല്‍സ്‌ കഴിഞ്ഞ നൂറ്റാണ്ടിനും മുമ്പെഴുതിയത്‌ ഇപ്പോഴും പ്രസക്തമാകുന്നു. കോര്‍പ്പറേറ്റ്‌മാര്‍ക്‌സിസ്റ്റുകള്‍ക്ക്‌ എംഗല്‍സ്‌ ഒരു തീവ്രവാദിയാണെന്നു തോന്നാം. അവരുടെ പാര്‍ട്ടിയില്‍നിന്ന്‌ അദ്ദേഹത്തെ പുറത്താക്കുകയുമാവാം.

4 അഭിപ്രായങ്ങള്‍

 1. ഈയടുത്ത കാലത്ത് ചെയ്തതില്‍ വെച്ചു ഏറ്റവും വലിയ വിഡ്ഢിത്തം ആണ് മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി ഈ വിഷയത്തില്‍ ചെയ്തത്…മലയോര ജനതയില്‍ ഉയര്‍ന്നു വന്ന ഭീതിയെ തങ്ങള്‍ക്കനുകൂലമായ വോട്ടാക്കി മാറ്റുക്ക എന്നതായിരുന്നിരിക്കണം പാര്‍ട്ടി ലക്ഷ്യം…പക്ഷെ സംഭവിക്കാൻ പോകുന്നത് വലിയ ഒരു തിരിച്ചടി ആണു.

  Like

 2. Environmental issues are issues related to production and distribution of goods and services. They are resolved by the system of governance that rules over the society at large. They are part of the problems of a class dominated society and It is irrational to look at them as fundamental Man-Nature contradictions.

  Like

 3. Dear Com Azad:
  Attached is a paper I wrote, while participating in an inner party debate
  on environment, soon after the first RIO meet two decades ago.
  The Western Ghat issues, in my view, have to be seen as political issues to
  be debated and decided by the democratically elected governments at the
  local, state or central level depending on their merits and as per the
  Indian constitution. Gadgils and Kasturirangans as well as the arms of the
  Central Government that use them have lost their patriotic credentials.
  Rushing with Aranmula Airport is ample proof for the vested interests and
  lack of seriousness on the part of Delhi Government. There is absolutely no
  harm if these issues are left to the discretion of local governments and
  local politicians.
  Vijayachandran

  Like

 4. മാഷേ,
  പരിസ്ഥിതി ഒരു രാഷ്ട്രീയ വിഷയമാണ് എന്നു തിരിച്ചറിയാത്തവർ,
  വികസനം എന്നത് മനുഷ്യവംശത്തിന്റെ മോചന മുദ്രാവാക്യമാണെന്ന് തെറ്റിദ്ധരിച്ചവർ,
  അവർക്കാണ് ഇന്ന് ദൃശ്യത:

  എന്നെങ്കിലും അവരും കാര്യങ്ങൾ തിരിച്ചറിയുമായിരിക്കും.

  Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )