Article POLITICS

ആര്യാടന്‍ അമിതഭാരം ചുമക്കേണ്ട

Image

കേരളത്തില്‍ ദേശീയപാതകള്‍ക്കു എഴുപതുമീറ്ററ്‌ വീതിയെങ്കിലും വേണമെന്ന്‌ ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ്‌ വീണ്ടും അഭിപ്രായപ്പെട്ടിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ അറുപതു മീറ്റര്‍ വീതിയാണുള്ളതെങ്കില്‍ ജനസാന്ദ്രതകൂടിയ സംസ്ഥാനമായ കേരളത്തില്‍ എഴുപതു മീറ്ററെങ്കിലും വേണമെന്നാണ്‌ ആര്യാടന്റെ വാദം. പത്തു വര്‍ഷം മുമ്പ്‌ 24 ലക്ഷം വാഹനങ്ങളേ നമ്മുടെ റോഡുകളിലുണ്ടായിരുന്നുള്ളുവെങ്കില്‍ ഇപ്പോഴത്‌ 77.5 ലക്ഷമായി ഉയര്‍ന്നിരിക്കുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

സാമാന്യബോധത്തിനും പുതിയ മുതലാളിത്തത്തിന്റെ വികസന നിലപാടിനും ഒരേപോലെ പ്രിയപ്പെട്ട യുക്തികള്‍ അവതരിപ്പിക്കുന്നത്‌ മറ്റാരെങ്കിലുമാണെങ്കില്‍ അവഗണിക്കാമായിരുന്നു. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹം നമ്മുടെ ഗതാഗതമന്ത്രിയായിപ്പോയി. സമഗ്രമായ ഒരു ഗതാഗതനയവും അതിന്റെ അടിസ്ഥാനത്തിലുള്ള റോഡുനയവും ആവിഷ്‌ക്കരിക്കാന്‍ നിയുക്തനായ മന്ത്രിക്ക്‌ ഇതുവരെ അതിനു സാധിച്ചിട്ടില്ല. വന്നിറങ്ങുന്ന വാഹനങ്ങള്‍ക്കെല്ലാം ഓടിത്തിമര്‍ക്കാമെന്ന്‌ ഗതാഗതനയവും അവയ്‌ക്കെല്ലാം റോഡുവെട്ടിക്കൊടുക്കാമെന്ന്‌ റോഡ്‌നയവും. ഹോ,എന്തൊരുദാര ജനസ്‌നേഹം. ലോകത്തേതു രാജ്യത്തുണ്ട്‌ ഇത്ര വിശാലഹൃദയര്‍?

പത്തുവര്‍ഷംകൊണ്ട്‌ വാഹനങ്ങള്‍ പെരുകുന്നത്‌ മന്ത്രി ആര്യാടന്‍ കണ്ടിരിക്കുന്നു. ജനസംഖ്യയിലുണ്ടായ വര്‍ധനവു കാണാന്‍ അദ്ദേഹം ജനസംഖ്യാനിയന്ത്രണ മന്ത്രിയൊന്നുമല്ലല്ലോ. ലഭ്യമാകുന്ന മുറയ്‌ക്കു മിച്ചഭൂമി നല്‍കിക്കൊള്ളാമെന്ന്‌ ഭൂപരിഷ്‌ക്കരണനയം പാവങ്ങള്‍ക്കു നല്‍കിയ വാഗ്‌ദാനം പാലിക്കാനാവാത്ത ഒരു സര്‍ക്കാറിന്റെ പ്രതിനിധിയാണദ്ദേഹം. മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ഭൂമികളെല്ലാം വലിയ ഭൂവുടമകളുടെ കയ്യില്‍ ഭദ്രമായിരിക്കുകയാണ്‌. എല്ലാ നിയമവും കാറ്റില്‍പറത്തി ഭൂബാങ്ക്‌ബിസിനസ്സിലേര്‍പ്പെടുന്നവരും വര്‍ധിക്കുന്നു. അപ്പോഴാണ്‌ പതിനായിരങ്ങളെക്കൂടി കുടിയിറക്കിവിടാനുള്ള പദ്ധതികളാലോചിച്ചുണ്ടാക്കുന്നത്‌. അവരുടെ പുനരധിവാസത്തെപ്പറ്റി ആര്യാടനൊന്നും പറഞ്ഞില്ലല്ലോ. മാസങ്ങള്‍ക്കുമുമ്പ്‌ പാര്‍ലമെന്റില്‍ ഒരു ബില്ലവതരിപ്പിക്കപ്പെട്ടു: ദി റൈറ്റ്‌ റ്റു ഫെയര്‍ കോമ്പന്‍സേഷന്‍ ആന്റ്‌ ട്രാന്‍സ്‌പരന്‍സി ഇന്‍ ലാന്റ്‌ അക്യുസിഷ്യന്‍ റിഹാബിലിറ്റേഷന്‍ ആന്റ്‌ റീസെറ്റില്‍മെന്റ്‌ ആക്‌റ്റ്‌ 2013 എന്നാണതിന്റെ പേര്‌. ആഗസ്‌ത്‌ 29ന്‌ ലോകസഭ അതു പാസാക്കി. അതില്‍ പക്ഷെ ദേശീയപാതക്കു സ്ഥലമെടുക്കുമ്പോള്‍ ഉചിതമായ നഷ്‌ടപരിഹാരമോ പുനരധിവാസമോ സുതാര്യതയോ ഉറപ്പുവരുത്താന്‍ ബാധ്യതയില്ലെന്നാണ്‌ സര്‍ക്കാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. ദേശീയപാതക്കുള്ള സ്ഥലമെടുപ്പുകൂടി എന്തേ ആ നിയമത്തിന്റെ പരിധിയില്‍കൊണ്ടുവരാത്തത്‌? ഇക്കാര്യത്തില്‍ ആര്യാടനോ ആര്യാടന്റെ പാര്‍ട്ടിയോ ഒട്ടും ഉത്സാഹിച്ചുകണ്ടില്ല. രാജ്യത്തിന്റെ വികസനമാണല്ലോ കാര്യം. അതിനു വരുന്ന നഷ്‌ടവും ബാധ്യതയും രാഷ്‌ട്രം ഏറ്റെടുക്കണം. പട്ടിണിപ്പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ മണ്ണുവാരിയിടുന്നതല്ല വികസനപ്രവര്‍ത്തനം.

സ്വന്തം മണ്‌ഡലത്തില്‍ ഇരുപതു മീറ്റര്‍ വീതിയില്‍ ഒരു ബൈപ്പാസ്‌ നിര്‍മ്മിക്കാന്‍ കഴിയാത്തവരാണ്‌ മറ്റുള്ളവരുടെ മണ്‌ഡലത്തില്‍ എഴുപതു മീറ്ററാവട്ടെയെന്ന്‌ വിശാലവീക്ഷണം നീട്ടുന്നത്‌. മുപ്പതു മീറ്ററില്‍ ആറുവരിപ്പാതയാവാമെന്നും ചുങ്കപ്പാതയുണ്ടാക്കി ലാഭംകൊയ്യുന്ന കച്ചവടത്തിന്‌ വിയര്‍പ്പും രക്തവുമായ മണ്ണ്‌ കൈവിട്ടുതരാനാവില്ലെന്നും ഇരകള്‍ തീരുമാനമെടുത്തിരിക്കുന്നു. ഭൂമിവാങ്ങി കോര്‍പ്പറേറ്റുകള്‍ക്കു കച്ചവടത്തിനു നല്‍കാനാണെങ്കില്‍ ഭൂവുടമകള്‍ക്കു മതിയായ വിഹിതം ലഭിക്കാനുള്ള അവകാശവുമുണ്ട്‌. പൊതുപ്രവര്‍ത്തകന്‍കൂടിയായ ആര്യാടന്‍ മുഹമ്മദിന്‌ അതറിയില്ലെന്നു വരുമോ? ഇക്കാര്യത്തില്‍ സമരരംഗത്തിറങ്ങാന്‍ നിര്‍ബന്ധിതരായ ഇരകളും അവരെ പിന്തുണയ്‌ക്കുന്ന ഈ ലേഖകനെപ്പോലുള്ളവരും തീവ്രവാദികളാണെനന്നാണ്‌ മന്ത്രി കണ്ടെത്തിയിരിക്കുന്നത്‌. മലപ്പുറം ജില്ലയില്‍ മുസ്ലീം ലീഗുപോലും മുപ്പതു മീറ്ററിലേ റോഡ്‌ സാദ്ധ്യമാകൂ എന്ന നിലപാടാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. ലീഗിനെ അക്രമിക്കാന്‍ വലിയ ഉത്സാഹം കാണിക്കുന്ന ആര്യാടന്‍ ഒരുപടികൂടി കടന്ന്‌ എസ്‌.ഡി.പി.ഐ പോലുള്ള തീവ്രനിലപാടുള്ള കക്ഷികളാണ്‌ സമരരംഗത്തുള്ളതെന്ന്‌ ഭിന്നിപ്പിക്കാനൊരു ശ്രമവും നടത്തുന്നു. മലപ്പുറം ജില്ലയിലെ സമരനേതൃത്വത്തിലുള്ള ലീഗ്‌ പ്രവര്‍ത്തകരെ എസ്‌.ഡി.പി.ഐ യിലേക്കു ചേരിമാറ്റാനും ചെറിയൊരു സാഹസം.

മലപ്പുറം ജില്ലയില്‍ ഐ.എന്‍.എല്‍, വെല്‍ഫെയര്‍ പാര്‍ട്ടി, സോളിഡാരിറ്റി,പി.ഡി.പി,തുടങ്ങിയപ്രസ്ഥാനങ്ങളും വിക്‌റ്റിംസ്‌ ഫോറവും ശാസ്‌ത്രസാഹിത്യ പരിഷത്തും ഉള്‍പ്പെടുന്ന ഇതരസംഘടനകളും ബി.ഒ.ടി പാതക്കെതിരായ സമരരംഗത്തുണ്ട്‌. ഇവരൊക്കെ തീവ്രവാദികളാണെന്നു പറയുന്നതു ആര്യാടന്റെ പ്രസ്ഥാനംപോലും അംഗീകരിക്കുമെന്നു തോന്നുന്നില്ല. ബി.ഒ.ടി മുതലാളിമാരോട്‌ കടപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ ഭാരം ജനങ്ങളുടെ ചുമലില്‍വെച്ചുകെട്ടരുത്‌. ചുങ്കരഹിത പാത നിര്‍മ്മിക്കാനാവശ്യമായ കോടിക്കണക്കിനു രൂപ കേരളീയര്‍ പലവിധം നികുതികളായി അടച്ചുകൊണ്ടിരിക്കുന്നുണ്ട്‌. ആ ഭാരംതന്നെ താങ്ങാവുന്നതിലധികമാണ്‌. യാത്രാക്കൂലി വര്‍ധനവുമുതല്‍ വാഹനനികുതിയും ഇന്ധന ഉപഭോഗവും വരെ മലയാളി അടച്ചുതീര്‍ക്കുന്ന പണത്തിന്റെ വലിയൊരു ശതമാനം ദേശീയപാതാ നവീകരണത്തിനുപയുക്തമാക്കേണ്ടതാണ്‌. ഒരു വര്‍ഷം ഈ ഇനത്തില്‍ എത്ര ആയിരം കോടിരൂപയാണ്‌ പിരിച്ചെടുക്കുന്നത്‌ എന്നറിയാനുള്ള അവകാശമെങ്കിലും മലയാളിക്കില്ലേ? തീര്‍ച്ചയായും ഗവര്‍മെണ്ട്‌ ഒരു ധവളപത്രം പുറത്തിറക്കേണ്ടതുണ്ട്‌.

മറ്റൊരു വിഷയവും വളരെ പ്രധാനമാണ്‌. നേരത്തേ നിര്‍ദ്ദേശിച്ചിരുന്ന എക്‌സ്‌പ്രസ്‌ ഹൈവേ ഏതു സാഹചര്യത്തിലാണ്‌ വേണ്ടെന്നു വെച്ചത്‌? അതു സംബന്ധിച്ചുയര്‍ന്ന വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തിലാണോ? അങ്ങനെയാണെങ്കില്‍ അന്നു വെളിപ്പെട്ട പരിമിതികള്‍ ദേശീയപാതാ വികസനത്തില്‍ ബാധിക്കില്ലെന്നുറപ്പു വരുത്തിയിട്ടുണ്ടോ? താരതമ്യേന ജനാനുകൂലമായി പ്രശ്‌നപരിഹാരം കാണാനാവുമായിരുന്നത്‌ ഏതായിരുന്നു? അങ്ങനെയൊരു ആലോചന ഗവര്‍മെണ്ട്‌ നടത്തിയിട്ടുണ്ടോ? എക്‌സ്‌പ്രസ്‌ ഹൈവേ പദ്ധതി അവതരിപ്പിക്കുന്നതിനു മുന്നോടിയായി നടത്തിയ പഠനത്തില്‍ ദേശീയപാത വീതികൂട്ടുന്നതുകൊണ്ട്‌ ഉദ്ദേശിച്ച ഫലം ലഭിക്കുകയില്ലെന്ന്‌ കണ്ടെത്തിയിരുന്നു. വീതി കൂട്ടിയതുകൊണ്ട്‌ വളവുകള്‍ ഇല്ലാതെയാവില്ല. വളവുകള്‍ അതേപടി നിലനില്‍ക്കുകയാണെങ്കില്‍ ഇന്ധനലാഭവും സമയലാഭവും കൈവരിക്കാനാവില്ല. ചുരുക്കത്തില്‍ ആറുമണിക്കൂര്‍കൊണ്ട്‌ കാസര്‍കോട്ടുനിന്ന്‌ തിരുവനന്തപുരത്തെത്തില്ല.അഥവാ അതിനു ശ്രമിച്ചാല്‍ വലിയ അപകടങ്ങളാണ്‌ അതു വരുത്തിവെക്കുക. ഈ നിരീക്ഷണങ്ങള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ അപാകതകള്‍ പരമാവധി പരിഹരിച്ചുള്ള ഒരു മേല്‍പ്പാല എക്‌സ്‌പ്രസ്‌ ഹൈവേയാകുമായിരുന്നു കേരളത്തിനു യോജിക്കുക. അതിലൂടെ കടന്നുപോകുന്നവരില്‍നിന്ന്‌ സുഖയാത്രക്കുള്ള ചുങ്കം പിരിച്ചാല്‍തന്നെ സാധാരണജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുമായിരുന്നില്ല. നിലവിലുള്ള ദേശീയപാതകള്‍ ചുങ്കരഹിതപാതകളായി നിലനിര്‍ത്തുകയുമാവാമായിരുന്നു.

അങ്ങനെ ജനാനുകൂലമായി ആലോചിക്കാനൊന്നും പണാധികാര തല്‍പ്പരര്‍ക്കു താല്‍പ്പര്യം കാണില്ല. മലയാളിയുടെ മണ്ണും ചെറുകിട വ്യവഹാരശൃംഖലകളും കോര്‍പ്പറേറ്റുകളെ ഏല്‍പ്പിക്കാനുള്ള മത്സരത്തിലാണ്‌ മുന്നണികള്‍. അതിന്റെ കമ്മീഷനും കൈപ്പറ്റിക്കാണണം. അതിനു പറയുന്ന ന്യായമാണ്‌ വാഹനങ്ങള്‍ പെരുകുമ്പോള്‍ വഴികളും വീര്‍ക്കണമെന്നത്‌. പെരുകുന്ന വാഹനങ്ങളില്‍ ഏതേതെല്ലാം ഏതേതിടങ്ങളില്‍ ഓടണം, സ്വകാര്യ വാഹനങ്ങള്‍ക്ക്‌ എവിടെയെല്ലാം പ്രവേശനമാവാം,നിര്‍ബന്ധമായും പൊതുവാഹനങ്ങളില്‍ സഞ്ചരിക്കേണ്ട സന്ദര്‍ഭങ്ങളേതൊക്കെ എന്നെല്ലാം നിശ്ചയിക്കല്‍ ഗതാഗതനയത്തിന്റെ ഭാഗമാണ്‌. സ്വന്തം കാറില്‍നിന്നിറങ്ങി പൊതുവാഹനത്തില്‍ കയറേണ്ടിവരുന്ന ആഢ്യയാത്രികന്റെ പ്രയാസം , ദേശീയപാതക്കുവേണ്ടി കിടപ്പാടം നഷ്‌ടപ്പെടുന്നവന്റെ വേദനയെക്കാള്‍ വലുതായി തോന്നുന്നവരുണ്ടാകാം. അക്കൂട്ടത്തില്‍ പക്ഷെ, ജനാധിപത്യ സംവിധാനത്തിലെ ഒരു മന്ത്രിയുണ്ടായിക്കൂടാ. സമഗ്രമായ ഗതാഗത നയത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം റോഡിന്റെ സ്വഭാവം നിശ്ചയിക്കേണ്ടത്‌.

ജനാധിപത്യസംവിധാനത്തില്‍ മന്ത്രിമാരും കലക്‌റ്റര്‍മാരും നടപ്പാക്കേണ്ടത്‌ ജനങ്ങളുടെ ഇംഗിതങ്ങളാണ്‌. അതിനാണ്‌ അവര്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്‌. ജനങ്ങള്‍ക്കൊന്നും വിവരമില്ല,അവര്‍ക്കു നല്ല വഴി കാണിക്കാന്‍ ഏതോ ചില ദൈവങ്ങള്‍ തങ്ങളെ ഇറക്കിവിട്ടിരിക്കുകയാണ്‌ എന്നൊക്കെയുള്ള ദിവാസ്വപ്‌നങ്ങളില്‍നിന്ന്‌ അവരൊന്നുണരണം. ആ കാലമൊക്കെ കഴിഞ്ഞുപോയി. ജനാധിപത്യത്തില്‍ ജനങ്ങളാണ്‌ യജമാനന്മാര്‍. അവര്‍ക്കു ഗുണപരമായതേ അവര്‍ നിയോഗിച്ചിട്ടുള്ളവര്‍ ചെയ്യേണ്ടതുള്ളു. ആരായാലും ആര്യാടനായാലും അമിതഭാരം ചുമക്കേണ്ടതില്ല.

22 ഒക്‌ടോബര്‍ 2013

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )