ടി.പി.ചന്ദ്രശേഖരന് വധം സി.പി.എമ്മിന്റെ അന്തസ്സുകെടുത്തിയെന്ന് വി.എസ്.ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നു. ആദ്യംമുതല്‍ ഇക്കാര്യത്തില്‍ കേന്ദ്രകമ്മറ്റി അംഗമായ വി.എസ്സിന്റെ നിലപാടു സി.പി.എമ്മിന്റെ ഔദ്യോഗിക നിലപാടില്‍നിന്നു വ്യത്യസ്തമാണ്. പാര്‍ട്ടിയുടെ പങ്കു തള്ളിക്കളയാന്‍ അദ്ദേഹത്തിനാവുന്നില്ല. റിവിഷനിസംപോലെ തള്ളിക്കളയേണ്ട ഒരു ദൂഷ്യമാണ് അതിസാഹസികതയെന്നും മനോരമാവിഷന്റെ നേരെചൊവ്വേ പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കുന്നു. നക്സലിസത്തെ എതിര്‍ക്കുന്നത് ഇക്കാരണംകൊണ്ടുകൂടിയാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. സി.പി.എമ്മിന്റെ പങ്കിനെസംബന്ധിച്ച സുപ്രധാനമായ ഒരു വെളിപ്പെടുത്തലാണിത്. അതിനാല്‍ പ്രതിപക്ഷനേതാവും സി.പി.എം കേന്ദ്രകമ്മറ്റി അംഗവുമായ വി.എസ്സിനെക്കൂടി സാക്ഷിയാക്കി വിസ്തരിക്കേണ്ടത് നിലവിലുള്ള കേസ്സില്‍ അത്യാവശ്യമാകുന്നു.
തൊണ്ണൂറാം ജന്മദിനവുമായി ബന്ധപ്പെട്ടാണ് ചാനല്‍ വി.എസ്സിന്റെ പ്രത്യേക ഇന്റര്‍വ്യു തയ്യാറാക്കിയത്. മുന്‍നിലപാടുകളില്‍നിന്ന് ഒട്ടും മാറിയിട്ടില്ലെന്ന സന്ദേശമാണ് അദ്ദേഹം നല്‍കുന്നത്. എന്നാല്‍, പാര്‍ട്ടി കേന്ദ്രനേതൃത്വം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇപ്പോള്‍ പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന നിലപാടിനോട് വി.എസ്സും യോജിക്കുന്നു. പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യം നീതിന്യായ വ്യവസ്ഥക്കും അതിന്റെ സംവിധാനങ്ങള്‍ക്കും മുന്നില്‍ വെളിപ്പെടുത്തേണ്ടതില്ല എന്നാണ് അദ്ദേഹവും കരുതുന്നത്. കോടതി തെളിവില്ലാതെ വിട്ടയച്ചാല്‍ അവര്‍ രക്ഷപ്പെടട്ടെ എന്ന നിലപാടാണല്ലോ അത്. ഇന്ത്യന്‍ നിയമവ്യവസ്ഥയെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന പ്രവൃത്തിയാണിത്. രാഷ്ട്രീയകക്ഷികളും മത സാമുദായിക സംഘടനകളും ഇതര സംഘടിതരൂപങ്ങളും ഇങ്ങനെയൊരു നിലപാടെടുത്താല്‍ തകര്‍ന്നടിയുക ഇന്ത്യന്‍ ജനാധിപത്യ സംവിധാനങ്ങളാണ്.
പ്രതിപക്ഷനേതാവുകൂടിയായ വി.എസ് പറഞ്ഞ രണ്ടഭിപ്രായങ്ങളും ടി.പി.വധക്കേസുമായി ബന്ധപ്പെട്ടു നടക്കുന്ന വിചാരണകളുടെ ഭാഗമാകേണ്ടതുണ്ട്. അതിനുള്ള നടപടികള്‍ ബന്ധപ്പെട്ടവരില്‍നിന്നും അടിയന്തിരമായി ഉണ്ടാവേണ്ടതുണ്ട്.