Article POLITICS

ജനശത്രുക്കളുടെ തെരഞ്ഞെടുപ്പ്‌ അജണ്ടകള്‍

 

നരേന്ദ്ര മോഡി ഒരു ജനതയുടെ കുതിപ്പുകള്‍ക്കും കിതപ്പുകള്‍ക്കും മുന്നില്‍ മാന്ത്രികവേഷമണിഞ്ഞ്‌ വന്നു നില്‍ക്കുകയാണ്‌. അതിജീവന സമരത്തിന്റെ അജണ്ടയാണ്‌ അയാള്‍ റാഞ്ചിയെടുക്കുന്നത്‌.

രണ്ടു വ്യാഴവട്ടക്കാലത്തെ ഊഹമൂലധനാധിനിവേശത്തിന്റെ പ്രളയജലം വിഴുങ്ങാത്ത ഒരിടവും നമ്മുടെ രാജ്യത്തു ബാക്കിനില്‍ക്കുന്നില്ല. അതിജീവനത്തിന്റെ പിടച്ചിലുകളാണെങ്ങും. ക്ഷേമരാഷ്‌ട്ര ദയാവായ്‌പുകള്‍ വേദന നിറഞ്ഞ ഓര്‍മ്മ മാത്രമായിരിക്കുന്നു. നീതിലേശമില്ലാത്ത വിപണിനിരക്കിലാണ്‌ എല്ലാം നിശ്ചയിക്കപ്പെടുന്നത്‌. ഭരണാധികാരികളേക്കാള്‍ ശക്തര്‍ വിപണിദൈവങ്ങളായിരിക്കുന്നു. സുരക്ഷാ സംവിധാനങ്ങളും സഹായപദ്ധതികളും സബ്‌സിഡികളും ചൊരിയുന്ന അനുഗ്രഹമെന്നത്‌ വെറും കെട്ടുകഥ. ഭക്ഷ്യ-ഊര്‍ജ്ജ-ആരോഗ്യ-തൊഴില്‍-ക്ഷേമ സുരക്ഷകള്‍ എടുത്തുമാറ്റി ക്രൗര്യംനിറഞ്ഞ കൊള്ളക്കൊടുക്കലുകളിലേക്ക്‌ എല്ലാമെല്ലാം എടുത്തെറിയപ്പെട്ടിരിക്കുന്നു. ജനങ്ങളെ പണയംവെച്ചുകളിക്കുന്ന ധൂര്‍ത്തരാഷ്‌ട്രീയത്തിന്‌ ആഗോളമൂലധനമൂര്‍ത്തികളുടെ ഒറ്റുപണത്തിന്‌ മുക്രയിട്ടുനടക്കാനാണ്‌ കൊതി. നിവൃത്തികേടും കെടുതികളും വലയ്‌ക്കുന്ന വര്‍ത്തമാനം സാമ്രാജ്യത്വാധിനിവേശത്തിനെതിരായ രാഷ്‌ട്രീയസമരങ്ങളുടെ ചൂളയായി പൊള്ളുമ്പോഴാണ്‌ കണ്ണുകെട്ടിക്കളിയുമായി മോഡി വരുന്നത്‌. ലോകസഭാതെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍വെച്ച്‌ ജനരോഷത്തെ നെടുകെപ്പിളര്‍ന്ന്‌ ഒരു താല്‍ക്കാലിക അജണ്ടയുടെ താമരപ്പൂവ്‌ വിടരുകയാണ്‌. താമരദളങ്ങള്‍ ഓരോന്നും ഒളിപ്പിച്ചു നിര്‍ത്തുന്നത്‌ മൂലധനാധിനിവേശ ഭീകരതയെയാണ്‌.

1998മുതലുള്ള ഒരു ദശകക്കാലം 182000 കര്‍ഷകരാണ്‌ ജീവനൊടുക്കിയതെന്ന്‌ വിദര്‍ഭ ജന്‍ ആന്തോളന്‍ സമിതി കണക്കുകളുദ്ധരിക്കുന്നു. ഇറക്കുമതിച്ചുങ്കം എടുത്തുകളഞ്ഞ്‌ അമേരിക്കയില്‍നിന്ന്‌ പരുത്തി ഇറക്കുമതിചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ ഇന്നത്തെ ബി.ജെ.പി പ്രസിഡണ്ട്‌ രാജ്‌നാഥ്‌സിങ്ങ്‌ കേന്ദ്രകൃഷിമന്ത്രിയായിരുന്നു. 2002ലെ വംശഹത്യക്കുശേഷം ചോരപ്പാടുണങ്ങാതെ മുക്രയിടുകയായിരുന്നു അന്ന്‌ മോഡി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിറങ്ങലിച്ചുനിന്ന ഒരു ജനതയെ മൂലധനവേട്ടയുടെ ഇരകളാക്കിത്തീര്‍ത്ത കൗശലത്തിനാണ്‌ ഗുജറാത്തുവികസനമെന്ന്‌ പേരു വീണത്‌. അതുകണ്ടാണ്‌ അബ്‌ദുള്ളക്കുട്ടിമാര്‍ ആനന്ദിച്ചത്‌. തൊണ്ണൂറുകളുടെ തുടക്കത്തിലെ രഥയാത്രകളും പള്ളിവേട്ടകളുംകൊണ്ട്‌ സൃഷ്‌ടിച്ച മാന്ത്രിക മഞ്ഞുവീഴ്‌ച്ചകള്‍ക്കകത്താണ്‌ വിപണ്യുദാരതകളുടെ ആദ്യ അവിഹിതവേഴ്‌ച്ചകള്‍ നടന്നത്‌. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാന്‍മാത്രം ഒരു മന്ത്രിയും വകുപ്പുമുണ്ടായി. നരസിംഹറാവുവിന്റെയും മന്‍മോഹന്‍സിങ്ങിന്റെയും നല്ല തുടര്‍ച്ചക്കാരായി വാജ്‌പേയ്‌ സംഘപരിവാരങ്ങള്‍ യഥാര്‍ത്ഥ അജണ്ട നടപ്പാക്കി. ഇപ്പോള്‍ പിന്നെയും മഞ്ഞുവീഴ്‌ച്ചാക്കാലം വരികയാണ്‌. മത സാമുദായിക സ്‌പര്‍ദ്ധയും കലാപങ്ങളും മതസൗഹാര്‍ദ്ദ റാലികളും വര്‍ഗീയവിരുദ്ധ പ്രചാരണങ്ങളും മതനിരപേക്ഷ ഐക്യ പ്രഖ്യാപനങ്ങളും മുഖരിതമാകുന്ന അന്തരീക്ഷത്തില്‍ സാമാന്യജനതയുടെ നിലവിളികള്‍ അമര്‍ന്നടിഞ്ഞുപോകുന്നു. ക്ഷേമജീവിതത്തിന്റെ ഘടനകള്‍ മാറ്റി മറിച്ച ജനശത്രുക്കള്‍ക്കെതിരെ ഉയരേണ്ട ശബ്‌ദം സര്‍വ്വമതപ്രാര്‍ത്ഥനകൊണ്ടലങ്കരിക്കുന്നു.

മോഡി ഒരജണ്ടയാണ്‌. യഥാര്‍ത്ഥ സംഘര്‍ഷങ്ങള്‍ക്കു പകരം വെച്ച വ്യാജമുഖം. അമേരിക്കന്‍ പ്രസിദ്ധീകരണമായ ടൈം ചൂണ്ടിക്കാണിച്ചത്‌, ചെകുത്താനാണ്‌ മോഡിയെങ്കില്‍ ആ ചെകുത്താന്‍ കൂടിയേ കഴിയൂ എന്നാണ്‌. ഏതു ചെകുത്താനാണ്‌ കൂടുതല്‍ നല്ലത്‌ എന്നതായിരിക്കുന്നു ഇപ്പോള്‍ നമ്മുടെ ചര്‍ച്ച. ധൂര്‍ത്ത-ദല്ലാള്‍ ഭരണത്തിന്റെ ഒറ്റുസിംഹങ്ങളെ രക്ഷപ്പെടുത്താനാവരുത്‌ പുലി വരുന്നേ…പുലി വരുന്നേ എന്ന കൂവിയാര്‍ക്കല്‍. മൂന്നാമതൊരു ജനകീയ ബദല്‍ ആവശ്യപ്പെടുന്ന ജനതക്കുമുന്നില്‍ ഏച്ചുകെട്ടലുകളും കെട്ടുകാഴ്‌ച്ചകളുമല്ല വേണ്ടത്‌. രാജ്യത്താകെ നടക്കുന്ന ജനകീയസമരങ്ങളെ ആഗോളവല്‍ക്കരണ വിരുദ്ധ രാഷ്‌ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ഏകോപിപ്പിക്കാനാവണം. അതിനു നേതൃത്വം നല്‍കാനാണ്‌ ഇടതുപക്ഷ രാഷ്‌ട്രീയം ശ്രമിക്കേണ്ടത്‌. മൂലധനക്കോയ്‌മകള്‍ക്കു തരംകിട്ടുമ്പോഴെല്ലാം വഴങ്ങുന്ന പ്രാദേശികപ്പാര്‍ട്ടികളെ വിലപേശല്‍ രാഷട്രീയത്തിലേക്കു ജീവന്‍വെപ്പിക്കാനല്ല ധൃതിവെക്കേണ്ടത്‌. സമരശക്തികളുടെ രാഷ്‌ട്രീയ ദിശയും ശേഷിയും രാഷ്‌ട്ര പുനര്‍നിര്‍മ്മാണത്തിന്‌ ഉപയുക്തമാക്കാനാണ്‌.

താല്‍ക്കാലികമായ വിജയവും സ്ഥാപനരീതിയിലുള്ള നിലനില്‍പ്പുമാണ്‌ പ്രധാനമെന്ന ചിന്ത മുഖ്യധാരാ ഇടതുപക്ഷത്തെ കൂടുതല്‍ അപ്രസക്തമാക്കാനേ സഹായിക്കൂ. ലോകത്താകമാനം വളര്‍ന്നു തിടംവെക്കുന്ന സംഘടിത – അസംഘടിതമേഖലകളിലെ തൊഴിലാളി ശക്തിയും പ്രാന്തവല്‍ക്കൃത ചൂഷിത വിഭാഗങ്ങളുടെ സമരശേഷിയും ഐക്യപ്പെട്ടുകൊണ്ടല്ലാതെ പുതിയ അധിനിവേശങ്ങളെ ചെറുക്കാനാവില്ല. തെരഞ്ഞെടുപ്പു മുന്നണിയെക്കാള്‍ ജനങ്ങള്‍ക്കു പ്രധാനം സമരമുന്നണിതന്നെയാണ്‌. പല മുഖങ്ങളിലെത്തുന്ന വലതുപക്ഷ നയങ്ങള്‍ക്കു ഒരൊറ്റ ശത്രുവേയുള്ളു.അതു ജനങ്ങളാണ്‌.

8 ഒക്‌ടോബര്‍ 2013

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )