എം.എന്‍.വിജയന് വിടപറഞ്ഞിട്ട് ആറു വര്‍ഷം പൂര്‍ത്തിയാകുന്നു. 2007ലെ ഗാന്ധിജയന്തിയുടെ പിറ്റേന്ന് തൃശൂര്‍ പ്രസ്ക്ലബ്ബിലിരുന്ന് അദ്ദേഹം സൗമ്യമായി ഉച്ചരിച്ച അവസാന വാക്കുകളുടെ പൊരുള്‍ ഇപ്പോഴും മാധ്യമങ്ങളോ പൊതുസമൂഹമോ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്തിട്ടില്ല. ആഗോളവല്‍ക്കരണത്തിന്റെ മറവില്‍ നമ്മുടെ രാജ്യത്തേക്ക് കൗശലപൂര്‍വ്വം കടന്നുകയറിയ പുത്തന്‍ അധിനിവേശത്തിന്റെ പ്രവര്‍ത്തനമുഖം തുറന്നുകാട്ടാന്‍ കഴിഞ്ഞതിന്റെ ആവേശമോ പ്രസരിപ്പോ അദ്ദേഹം പുറത്തുകാണിച്ചില്ല. എന്നാല്‍ ആ വിജയത്തിന്റെ സാക്ഷ്യപത്രമായ ഒരു കോടതിവിധി അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചിരുന്നു. എറണാകുളം ചീഫജുഡീഷ്യല് മജിസ്ത്രേട്ട് ടി.കെ മധു 2007 സെപ്തംബര്‍ 28ന് പുറപ്പെടുവിച്ച ഒരു വിധിപ്രസ്താവത്തിന്റെ പകര്‍പ്പായിരുന്നു അത്. ആ വിധിയും വിജയന്‍മാസ്റ്ററുടെ വിടവാങ്ങലും ആഗോളവല്‍ക്കരണ വിരുദ്ധ സമരത്തിന്റെ കേരളീയാനുഭവങ്ങളില് സുപ്രധാന ഏടുകളാണ്.
കാണേണ്ടവര്‍ കാണാനും കേള്‍ക്കേണ്ടവര്‍ കേള്‍ക്കാനും തയ്യാറല്ലായിരുന്നു. കോടതിവിധിയുടെ സത്ത തിരിച്ചറിയപ്പെട്ടില്ല. വഞ്ചനയും രാജ്യദ്രോഹവും ചാരപ്രവര്‍ത്തനവും ആരോപിക്കപ്പെട്ടു മാനഹാനി സംഭവിച്ചുവെന്ന് വിലപിച്ചു കോടതിയെ സമീപിച്ചവര്‍ പകല്‍ വെളിച്ചത്തില്‍ കൂടുതല്‍ അപഹാസ്യരായി. വിജയന്മാസ്റ്ററുടെയും പാഠത്തിന്റെയും വിമര്‍ശനങ്ങള്‍ക്ക് വസ്തുതകളുടെ പിന്‍ബലമുണ്ടെന്നു കോടതി കണ്ടു. കള്ളനെ പിടിക്കുന്നതിനിടയില്‍ സംബോധനകളിലും വിശേഷണങ്ങളിലും ഭാഷാശുദ്ധിയോ പ്രതിപക്ഷ ബഹുമാനമോ കാണിച്ചില്ലെന്നത് കോടതിക്ക് അത്ര പ്രധാനമായി തോന്നിയില്ല. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് തുറന്നു കാണിക്കപ്പെട്ടത്. അതില്‍ തുടര്നടപടികളെടുക്കേണ്ടതുണ്ടെന്ന് സംസ്ഥാന സര്‍ക്കാറിനു തോന്നിയില്ല. സമഗ്രമായ അന്വേഷണമാവശ്യപ്പെട്ട് വിജയന്‍മാസ്റ്റര്‍ നേരത്തേതന്നെ നല്‍കിയിരുന്ന നിവേദനം മുഖ്യമന്ത്രിയുടെ ഒഫീസിലെ പഴയ ഫയലുകളില്‍ ഇപ്പോഴും കിടപ്പുണ്ടാവും.
രാജ്യത്തിന്റെ സൈ്വരജീവിതത്തിനും ജനാധിപത്യസംവിധാനങ്ങള്ക്കുംമേല് പുതിയ അധിനിവേശം പിടിമുറുക്കുന്നു, എഴുപതുകളിലും എണ്‍പതുകളിലുമായി വന്‍തോതില്‍ വിന്യസിക്കപ്പെട്ട എന്‍.ജി.ഒ കളിലൂടെ വിദേശ ആസൂത്രണവും പണവും ഒഴുകിയെത്തുന്നു, അതിനു നമ്മുടെ ബുദ്ധിജീവികളില്‍ ചിലര്‍ ബോധപൂര്‍വ്വം ഇടനിലക്കാരാകുന്നു, രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്കും ഉദ്യോഗസ്ഥ വൃന്ദങ്ങളിലേക്കും ഭരണ വ്യവഹാരങ്ങളിലേക്കുമുള്ള നുഴഞ്ഞുകയറ്റവും സ്വാധീനവും ശക്തമാകുന്നു എന്നിങ്ങനെയുള്ള ബോധ്യങ്ങളില്നിന്നായിരുന്നു അന്വേഷണങ്ങളുടെ തുടക്കം. മുട്ടിത്തുറന്ന വാതിലുകളെല്ലാം ഞെട്ടിപ്പിക്കുന്ന അറിവുകളാണ് നല്‍കിയത്. പാഠത്തിന്റെ ലക്കങ്ങളിലും വിജയന് മാസ്റ്ററുടെയും ഇ.ബാലാനന്ദന്റെയും വി.എസ്.അച്യുതാനന്ദന്റെയും എസ്.സുധീഷിന്റെയും അപ്പുക്കുട്ടന് വള്ളിക്കുന്നിന്റെയും ബര്‍ലിന്‍ കുഞ്ഞനന്തന് നായരുടെയും വി.പി വാസുദേവന്റെയും ഈ ലേഖകന്റെയും ലേഖനങ്ങളിലും പുസ്തകങ്ങളിലുമായി ലഭ്യമായ അധിനിവേശചിത്രം പൊതുസമൂഹത്തിനു മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഒരു വലിയ ഇടതുപക്ഷ പ്രസ്ഥാനത്തിനകത്തെ വിഭാഗീയ സമരങ്ങളില്‍ കണ്ണിചേര്‍ത്ത് ഒരു കൊടും കുറ്റകൃത്യം നിസ്സാരമാക്കിത്തീര്ക്കുന്നതാണ് പിന്നീട് കണ്ടത്.
2004 ജനവരി രണ്ടാം വാരത്തില്‍ സി.പി.എം സംസ്ഥാനസമിതിയും 28,29 തീയതികളില്‍ പോളിറ്റ്ബ്യൂറോയും ഈ വിഷയം ചര്‍ച്ച ചെയ്തു. ഇതു സംബന്ധിച്ച് സംസ്ഥാനകമ്മറ്റി പുറത്തിറക്കിയ പാര്‍ട്ടിക്കത്ത്(1/2004) നേതൃത്വം ഈ വിഷയത്തെ സമീപിച്ചരീതിയുടെ ദൗര്‍ബല്ല്യം വ്യക്തമാക്കുന്നുണ്ട്. മാധ്യമങ്ങളില്‍ ഉയര്‍ന്നു കേട്ട പ്രധാന ആരോപണങ്ങള്‍ക്കു മറുപടി പറയാനും കുറ്റാരോപിതരെ സംരക്ഷിക്കാനും അതേസമയം പങ്കാളിത്ത ജനാധിപത്യം തള്ളിക്കളയാനുമുള്ള മിടുക്കുകാട്ടുന്നുണ്ട് ആ പ്രമേയം. സി.ഡി എസ്സാണ് നെതര്‍ലാന്റ് വഴിയുള്ള ഫണ്ട് കൈപ്പറ്റിയത് എന്നെഴുതി കൈകഴുകുകയായിരുന്നു പാര്‍ട്ടി. സി.ഡി എസ്സല്ല,പരിഷത്താണ് ഫണ്ടു വാങ്ങിയതെന്ന് സി.ഡി.എസ്സ്. ഇവര്‍ക്കു രണ്ടു കൂട്ടര്‍ക്കും പങ്കാളിത്തമുള്ള, ഡോ.എം.പി.പരമേശ്വരന് ഡയറക്ടറും ഡോ. ടി.എം.തോമസ് ഐസക്ക് ജോയിന്റ് ഡയറക്ടറുമായ കെ.ആര്.പി.എല്‍.എല്‍.ഡി പ്രോജക്ടാണ് ഫണ്ടു കൈപ്പറ്റിയതെന്നു ഞങ്ങളും പ്രസ്താവിച്ചിരുന്നു. ഈ ഫണ്ടാണ് 1995 ഒക്ടോബറില്‍ തിരുവനന്തപുരത്തു പ്രഖ്യാപിക്കപ്പെട്ട പരിഷത്തിന്റെ ജനകീയാസൂത്രണ പരിപാടിയുടെ അടിത്തറ. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിക്കകത്തു തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഐസക്കിനു കഴിഞ്ഞു.
വിദേശ സഹായ സംഭാവന നിയന്ത്രണ നിയമം(എഫ്.സി.ആര്.എ) ഇന്ത്യയില്‍ എല്ലാവര്ക്കും ബാധകമായ നിയമമാണ്. പലവിധ ഉപായങ്ങളിലൂടെ വിദേശഫണ്ട് കൈപ്പറ്റാന്‍ ശ്രമിക്കുന്നവര്‍ ഏറെയുണ്ട്. ഈ ഗണത്തില്‍ പെട്ടുകൂടാ എന്നൊരു നിര്‍ബന്ധം മുമ്പ് സി.പി.എമ്മിനുണ്ടായിരുന്നു. 1995ല്‍ ജനകീയ ശാസ്ത്രപ്രസ്ഥാനവുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍, ഒരു നിലയ്ക്കും വിദേശഫണ്ടിംഗ് സ്വീകരിക്കരുതെന്ന് സി.പി.എം പിബി വ്യക്തമാക്കിയിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സി.ഡി.എസ്സിന്റെ കെ.ആര്.പി.എല്‍.എല്‍.ഡി പദ്ധതിയില്‍ പങ്കാളിയാവുകയായിരുന്നുവെന്നാണ് സി.പി.എം കണ്ടെത്തിയത്. സി.ഡി.എസ് ഡച്ചുസഹായം വാങ്ങിയത് നമ്മുടെ പരിഗണനാവിഷയമല്ല.നമുക്ക് എതിര്‍ക്കാനുമാവില്ല എന്നു പാര്‍ട്ടി വിധിക്കുന്നു. ഇവിടെ ഒരു പ്രശ്നമുണ്ട്. ഗവേഷണസ്ഥാപനങ്ങള്‍ വിദേശഫണ്ടു വാങ്ങുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളില്ലേ? അതവര് പാലിച്ചുവെന്ന് ബോധ്യപ്പെട്ടുവോ? ഏതുതരം ഫണ്ടാണ് സി.ഡി.എസ്സിലേക്ക് എത്തിയത്? ഇക്കാര്യത്തില്‍ നിസ്സംഗത പുലര്‍ത്താന്‍ ഇടതുപക്ഷ പ്രസ്ഥാനത്തിനാവുമോ?
നിഷ്ക്കളങ്കമായ ഒരു ഫണ്ടായിരുന്നില്ല നെതര്‍ലാന്റ് വെച്ചു നീട്ടിയത്. ഘടനാപരമായ പുനര്ക്രമീകരണങ്ങളിലേക്കു നയിക്കുന്ന ആസൂത്രിതമായ ഒരു പദ്ധതിയുടെ കടന്നുവരവായിരുന്നു അത്. വികസ്വര രാജ്യങ്ങളില്‍ പങ്കാളിത്ത ഗവേഷണവും അതുവഴി പങ്കാളിത്ത ജനാധിപത്യവും ശക്തിപ്പെടുത്താന്‍ ഡച്ചുസര്ക്കാറിന്റെ മുന്‍കയ്യില്‍ തയ്യാറാക്കപ്പെട്ട പദ്ധതിയായിരുന്നു അത്. നമ്മുടെ ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തിന്റെ അടിത്തറ തകര്‍ക്കാനും പ്രാതിനിധ്യ ജനാധിപത്യത്തിന്റെ സംവിധാനക്രമങ്ങളെ ശിഥിലമാക്കാനും സാമ്രാജ്യത്വമൂലധനാധിനിവേശം സുഗമമാക്കാനും പോന്ന പരിശ്രമം. വികസനരംഗത്തെ സഹകരണം മെച്ചപ്പെടുത്താനെന്ന പ്രഖ്യാപനത്തോടെ, വികസിത – വികസ്വര രാജ്യങ്ങളുടെ ഗവേഷണ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാന്‍ നെതര്‍ലാന്റ്സ് ഡവലപ്മെന്റ് അസിസ്റ്റന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ സ്ഥാപിതമായി. വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിലുള്ള പരസ്പര പങ്കാളിത്തമുറപ്പാക്കല് ലോകമെങ്ങുമുള്ള വികസനശ്രമങ്ങളുടെ പ്രാഥമിക ബാധ്യതയാണെന്നുവന്നു. ചുരുക്കത്തില്‍ സര്‍വ്വകലാശാലകളിലെ ധൈഷണിക വ്യവഹാരങ്ങള്‍ക്ക് അനുവദിച്ച ഫണ്ടായിരുന്നില്ല അത്. ഒരു ജനതയുടെ ജീവിതത്തില്‍ കാതലായ പരീക്ഷണം ലക്ഷ്യമിട്ടുള്ളതായിരുന്നു.
പല പരിമിതികളോടെയാണെങ്കിലും നിലനിന്ന, സ്വാതന്ത്ര്യാനന്തരം നാം സ്വീകരിച്ച സമീപനങ്ങളുടെ പൊളിച്ചെഴുത്താണ് ആഗോളവല്‍ക്കരണ ശക്തികള്‍ക്കു വേണ്ടിയിരുന്നത്. മന്‍മോഹന്‍സിങ്ങും നരസിംഹറാവുവും തുടക്കമിട്ടത് അതിനാണ്. കോണ്‍ഗ്രസ്സിനകത്തു നെഹ്റുവിയന്‍ നയസമീപനത്തെ തകര്‍ത്തു തരിപ്പണമാക്കി. സോഷ്യലിസ്റ്റാഭിമുഖ്യമുള്ള സാമ്പത്തികനയവും പഞ്ചവത്സരപദ്ധതികളും വിദേശനയവും പൊളിച്ചടുക്കി. ധനാഢ്യര്ക്കനുകൂലമായി നികുതിവ്യവസ്ഥയെ പുനര്‍ക്രമീകരിച്ചു. സ്വകാര്യമൂലധനത്തിനു മുന്നില്‍ എല്ലാ വാതിലുകളും മലര്‍ക്കെ തുറന്നിട്ടു. അഖിലേന്ത്യാ തലത്തിലുണ്ടായ ഈ മാറ്റം ഇടതുപക്ഷാഭിമുഖ്യമുള്ള ഒരു സംസ്ഥാനത്തു പൊതുസമ്മിതിയോടെ നടപ്പാക്കാനുള്ള യത്നമായിരുന്നു സോഷ്യലിസ്റ്റു മുഖംമൂടിയണിഞ്ഞുള്ള പങ്കാളിത്ത പദ്ധതികള്‍. പുത്തന്‍ സാമ്പത്തിക നയങ്ങള്‍ സുഗമമാക്കുംവിധം പഞ്ചായത്തീരാജ് നിയമഭേദഗതിയുടെ നിര്‍ദേശം നല്‍കിയത് അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളാണ്. അതിന്റെ സത്യവു മിഥ്യയും വേര്‍തിരിച്ചറിഞ്ഞ് സമീപനം രൂപപ്പെടുത്താന്‍ ശ്രമിച്ചത് ഇ.എം.എസ്സായിരുന്നു.അദ്ദേഹത്തിന്റെ അധികാര വികേന്ദ്രീകരണ സങ്കല്‍പ്പങ്ങളെയും നിലപാടുകളെയും മുന്നില്‍നിര്‍ത്തി പിറകില്‍ പങ്കാളിത്ത ക്കത്തി ഒളിപ്പിക്കുകയായിരുന്നു ഐസക്കും സംഘവും. ഇടതുപക്ഷം മുന്നോട്ടുവെച്ച വികസന പരിപ്രേക്ഷ്യത്തിന്റെ പ്രയോഗമാരംഭിക്കേണ്ട ഘട്ടത്തില്‍ നടപ്പായത് സോഷ്യലിസ്റ്റു മുഖംമൂടിമാത്രമുള്ള പങ്കാളിത്ത പരീക്ഷണമാണ്.
അഖിലേന്ത്യാ തലത്തില്‍ മന്മോഹന് സിങ്ങ് ചെയ്തത് കേരളത്തില്‍ തോമസ് ഐസക്ക് ചെയ്തു. ഒരാള്‍ ത്രിവര്‍ണ പതാകയില്‍ കൈപ്പത്തിപൊക്കിക്കാണിക്കുന്നു. മറ്റെയാള്‍ ചെങ്കൊടിയില്‍ കൈപ്പത്തി ചുരുട്ടിപ്പിടിക്കുന്നു. രണ്ടു കൂട്ടരുടെയും ഐക്യദാര്‍ഢ്യം ജനങ്ങളോടല്ല,സാമ്രാജ്യത്വത്തോടാണ്. ഈ വഞ്ചനയുടെ കഥയാണ് വിജയന്മാഷും പാഠവും പറഞ്ഞുകൊണ്ടിരുന്നത്. ഈ വഞ്ചനയുടെ ഫണ്ടു വാങ്ങിയത് സി.ഡി.എസ്സാണ് ,അതില്‍ നമുക്കിടപെട്ടുകൂടാ എന്നെഴുതി മൗനം പാലിക്കുന്നതിന്റെ അര്‍ത്ഥമെന്താണ്? പണം നല്‍കുക മാത്രമല്ല അതിന്റെ പ്രവര്‍ത്തനപഥം തേടിയെത്തുകയുംചെയ്തു ഡച്ച് ഏജന്‍സി.. 1999 സെപ്തംബര്‍ 29മുതല്‍ ഒക്ടോബര്‍ 2 വരെ തിരുവനന്തപുരത്തു നടന്ന നെതര്‍ലാന്റ് ഡവലപ്മെന്റ് അസിസ്റ്റന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ അന്താരാഷ്ട്ര കോണ്‍ഫ്രന്‍സ് ഈ പദ്ധതിയുടെ കണക്കെടുപ്പു നടത്തുകയായിരുന്നു. 2002 ജനവരി 15ന് നെതര്‍ലാന്റിലെത്തി ഇതേ ഏജന്‍സിയുടെ സമ്മേളനത്തില്‍ തോമസ് ഐസക് ലഭിച്ച പണംകൊണ്ട് ദൂരവ്യാപകമായ ഫലപ്രാപ്തി കൈവരിച്ചതായി ബോധ്യപ്പെടുത്തുകയും ചെയ്തു.
ഇവിടെ പണമല്ല,പണത്തിനു പിറകിലെ പദ്ധതിതന്നെയാണ് കൂടുതല്‍ അപകടകരം. 1957 മുതല്‍ കേരളം കൈവരിച്ച നേട്ടങ്ങളും സ്വീകരിച്ച പുരോഗതിയുടെ വഴികളും വര്‍ഗീയ രാഷ്ട്രീയത്തിന് ഇടനല്‍കാതെ താരതമ്യേന പുരോഗമന രാഷ്ട്രീയം നേടിയെടുത്ത മേല്‍ക്കൈയും തകര്‍ക്കാന്‍ ആരൊക്കെയാണ് കൂട്ടുനിന്നത്? രാഷ്ട്രീയകക്ഷികളെയും പ്രാതിനിധ്യ ജനാധിപത്യത്തിലധിഷ്ഠിതമായ ഭരണ നിര്‍വ്വഹണ സംവിധാനങ്ങളെയും നിര്‍വ്വീര്യമാക്കി ഗുണകാംഷികളും ഗുണഭോക്താക്കളും ഉപഭോക്താക്കളും സഹായികളും ഇരകളും നിറഞ്ഞ ഒരു സമൂഹത്തെ പകരംവെച്ചതാരാണ്? ഇങ്ങനെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ -അതു ഡി.പി.ഇ.പിയോ വിഭവ ഭൂപടനിര്മ്മാണമോ സാക്ഷരതാ പ്രവര്‍ത്തനമോ കുടിവെള്ള പദ്ധതികളോ നഗരവികസനമോ പങ്കാളിത്ത ജനാധിപത്യമോ ആവട്ടെ – വേണ്ട ചര്‍ച്ചകളും മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടോ? ഉണ്ടെങ്കില്‍, മുഴുവന്‍ കേരളീയര്‍ക്കും വരാനിരിക്കുന്ന തലമുറകള്‍ക്കുംവേണ്ടി ആരാണതു നടത്തിയത്?
1996ല്‍ നായനാര്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളിലാണ് ജനകീയാസൂത്രണ പ്രസ്ഥാനം ആരംഭിച്ചത്. എവിടെയെങ്കിലും ചര്‍ച്ചചെയ്യാന്‍ നേരമുണ്ടായിരുന്നില്ല. അതിനുമുമ്പുതന്നെ ജനകീയാസൂത്രണ പദ്ധതിക്കുള്ള മാര്‍ഗരേഖകളും കൈപ്പുസ്തകങ്ങളും തയ്യാറാക്കിക്കഴിഞ്ഞിരുന്നു. വിസ്ക്കോസിന്‍-മോണ്‍ക്ലയര്‍-നെതര്‍ലാന്റ് കൂട്ടുകെട്ടിലൂടെയാണത് നിര്‍വ്വഹിക്കപ്പെട്ടത്. എറിക് ഓലിന് റൈറ്റ്- റിച്ചാര്‍ഡ് ഫ്രാങ്കി – പാട്രിക് ഹെല്ലര്‍ – തോമസ് ഐസക് – പരമേശ്വരന് കൂട്ടുകെട്ടാണ് മുഴുവന്‍ ആലോചനാഭാരവും ഏറ്റത്. റൈറ്റിനും ഫ്രാങ്കിക്കും ഫണ്ടു നല്കാന് അമേരിക്കന്‍ ഫൗണ്ടേഷനുകള്‍ സദാസന്നദ്ധരുമായിരുന്നു. മാരാരിക്കുളം പദ്ധതിക്കോ കാപ്ഡെക്കിനോ ആരോഗ്യപദ്ധതിക്കോ പണത്തിന്റെ കുറവുണ്ടായില്ല.
കമ്യൂണിസ്റ്റുകളുള്ള രാജ്യങ്ങളിലാണ് ഫ്രാങ്കിക്ക് കൗതുകം. അദ്ദേഹം ഒരമേരിക്കന്‍ കമ്യൂണിസ്റ്റായതുകൊണ്ടാണെന്നാണ് സി.പി.എം നേതൃത്വം വിശദീകരിക്കുന്നത്. എന്നാല്‍ ഐസക് വിഭാഗക്കാരിലല്ലാതെ കമ്യൂണിസ്റ്റുകകാരില് ഫ്രാങ്കിക്കു വലിയ താല്‍പ്പര്യമൊന്നുമില്ല. കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ സോവിയറ്റ്യൂണിയനിലേക്കും ചൈനയിലേക്കും ക്യൂബയിലേക്കുമൊക്കെ നോക്കി വെറും ക്യൂബാമുകുന്ദന്മാരായിപ്പോയി എന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശം. വര്‍ഗരാഷ്ട്രീയത്തിന്റെ ഈ സമരോത്സുക ജാഗ്രത വികസനത്തിനു തടസ്സമായിയെന്ന് ഫ്രാങ്കിയും പാട്രിക് ഹെല്ലറും ഉറച്ചു വിശ്വസിക്കുന്നു. പഴയ മട്ടിലുള്ള സോഷ്യലിസ്റ്റു വിപ്ലവത്തിനൊന്നും ഭാവിയില്ലെന്ന വിശ്വാസക്കാരാണവര്. ഇതേകാര്യംതന്നെയാണ് നാലാംലോകവാദമെന്നപേരില് പരമേശ്വരനും ഐസക്കും 1992 മുതല്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരുന്നത്. എറിക് ഓലിന് റൈറ്റാവട്ടെ മുതലാളിത്തത്തിനും സോഷ്യലിസത്തിനും ബദല്‍ അന്വേഷിക്കുകയാണ്. സോഷ്യോളജിക്കല്‍ മാര്‍ക്സിസം എന്ന സംജ്ഞയാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. ഫൗണ്ടേഷനുകളുടെ പദ്ധതികള്‍ സ്വീകരിച്ചുകൊണ്ട് പങ്കാളിത്ത പരീക്ഷണം റിയല്‍ ഉട്ടോപ്യ പ്രോജക്റ്റ് എന്ന പേരില്‍ അദ്ദേഹം ഏറ്റെടുത്തത് തൊണ്ണൂറുകളുടെ തുടക്കത്തിലാണ്. ആ പ്രോജക്റ്റിനുവേണ്ടി കേരളത്തിലെ പങ്കാളിത്ത ജനാധിപത്യാനുഭവങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട് തോമസ് ഐസക്.
2011ല്‍ സിയാറ്റിലില്‍ ചേര്‍ന്ന എ.പി.എസ്.എ വാര്‍ഷികയോഗത്തില്‍ പങ്കാളിത്തം,ജനാധിപത്യം,വികസനം: ബ്രസീല്‍,ഇന്ത്യ,ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ള പാഠങ്ങള്‍ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഐസക്കിന്റെ സഹഗ്രന്ഥകാരനായ പാട്രിക് ഹെല്ലര്‍ സംസാരിച്ചത്, കേരളത്തില്‍ നിലനിന്ന രാഷ്ട്രീയ മേല്‍ക്കൈ മറികടക്കാന്‍ ശാസ്ത്ര സാഹിത്യ പരിഷത്തും സി.പി.എമ്മിലെ പരിഷ്ക്കരണ വാദ വിഭാഗവുമാണ് സഹായിച്ചതെന്നാണ്. സംസ്ഥാനത്തെ ആസൂത്രണ ബോഡിന് ഇത്ര വലിയ ഒരു ദൗത്യം ഏറ്റെടുക്കുക പ്രയാസകരമായിരുന്നു. പരിഷത്തും മറ്റുചില പൗരസമൂഹ സംഘടനകളുമാണ് പങ്കാളിത്ത ജനാധിപത്യാസൂത്രണം സാദ്ധ്യമാക്കിയത്. ഉദ്യോഗസ്ഥ രാഷ്ട്രീയ ദുര്‍വൃത്ത സംഘങ്ങളില്‍നിന്ന് ആസൂത്രണത്തെ വിമോചിപ്പിക്കാനും രാഷ്ട്രീയ ഇടപെടലുകള്‍ക്ക് അതീതമാക്കാനും കഴിഞ്ഞുവെന്നും പാട്രിക് ഹെല്ലര്‍ അവകാശപ്പെടുന്നു. ഇദ്ദേഹവും ഐസക്കും ചേര്‍ന്നെഴുതിയ ഒരു ലേഖനത്തിലെ പരാമര്‍ശം നേരത്തേ വിവാദമായിരുന്നു. കേരളത്തിന്റെ വികസനത്തിനു തടസ്സം ഇവിടത്തെ വര്‍ഗ രാഷ്ട്രീയ ജാഗരണവും ട്രേഡ് യൂണിയന് പ്രസ്ഥാനങ്ങളുമാണ് എന്ന പരാമര്‍ശമായിരുന്നു അത്. സി.പി.എമ്മിന് ഇക്കാര്യം പരിശോധിക്കേണ്ടിവന്നപ്പോള്‍, ഹെല്ലറുടെ മാത്രം അഭിപ്രായമാണത് താനറിയാതെയാണഅ ലേഖനത്തില്‍ കടന്നുവന്നത് എന്നായിരുന്നു ഐസക്കിന്റെ വിശദീകരണം.
ഐസക്കിന് ഇവിടെ ഒരഭിപ്രായവും അവിടെ മറ്റൊരഭിപ്രായവുമാവാം. എറിക് ഓലിന് റൈറ്റിനും പാട്രിക് ഹെല്ലറിനും റിച്ചാര്‍ഡ് ഫ്രാങ്കിക്കും എപ്പോഴും ഒരഭിപ്രായമേയുള്ളു. അറുപതുകളില്‍ അമേരിക്കയിലുണ്ടായ മുന്നേറ്റങ്ങള്‍ കേരളീയ ചിന്തയില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയെന്നും മോസ്ക്കോ പീക്കിംഗ് അച്ചുതണ്ടില്‍നിന്ന് ഇടതുപക്ഷകേരളം വിമോചിതരായിയെന്നും ഫ്രാങ്കി ആശ്വാസംകൊള്ളുന്നുണ്ട്. ഐസക്കില്‍ ഈ ബുദ്ധിജീവി സായ്പുമാര്‍ കണ്ടെത്തിയത് തങ്ങളുടെ ദൗത്യത്തിനിണങ്ങുന്ന ഒരിടനിലക്കാരനെയാവണം. തന്റെ വികേന്ദ്രീകൃത ആസൂത്രണ സങ്കല്പത്തെക്കുറിച്ചു ഇ.എം.എസ് വിശദീകരിക്കുന്നത് ഐസക്കും കൂട്ടുസായ്പുമാരും ഉരുവിട്ട ഇത്തരം വഴുവഴുപ്പന്‍ വലതുരാഷ്ട്രീയത്തിന്റെ പിന്‍ബലത്തിലല്ല. അദ്ദേഹമെഴുതിയതു നോക്കുക: കോണ്‍ഗ്രസ്സും മറ്റു ബൂര്‍ഷ്വാ ഭൂപ്രഭു വര്‍ഗ ഭരണകക്ഷികളും തുടര്‍ന്നുപോന്ന നയസമീപനത്തിന്റെ ഭാഗമായി കേരളം അത്യഗാധമായ ഒരു പ്രതിസന്ധിയില്‍ എത്തിയിരിക്കുന്നു. കാര്‍ഷികം, വ്യാവസായികം,വിദ്യാഭ്യാസപരം മുതലായി ഓരോ മേഖലയിലും കേരളം മുരടിച്ചുനില്ക്കുകയോ പിറകോട്ടുപോയിക്കൊണ്ടിരിക്കുകയോ ആണ്. ഇതിന്റെ ദുരന്തഫലം ഏറ്റവമധികം ബാധിക്കുന്നത് തൊഴിലാളി കര്‍ഷകാദി ബഹുജനങ്ങളെയാണ്. അതുകൊണ്ട് ഇതില്‍നിന്നു രക്ഷകിട്ടാനുള്ള മാര്‍ഗം തൊഴിലാളി-കര്‍ഷകാദി ബഹുജനങ്ങളുടെ വര്ഗതാല്പ്പര്യങ്ങള്ക്കൊത്തതാണ്……..കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതിയ മാര്‍ക്സും എംഗല്‍സും രണ്ടു കാര്യങ്ങള്‍ വ്യക്തമാക്കി. ഒന്നാമത്, കമ്യൂണിസ്റ്റുകാര്‍ എവിടെ നില്‍ക്കുന്നുവെന്ന് വ്യക്തമായും വെട്ടിത്തുറന്നു പറയേണ്ടിയിരിക്കുന്നു. രണ്ടാമത്, സ്വന്തവും സ്വതന്ത്രവുമായ ഈ നിലപാടെടുക്കുന്ന കമ്യൂണിസ്റ്റുകാര്‍ തൊഴിലാളിവര്‍ഗ ജന സാമാന്യത്തില്‍നിന്ന് സ്വയം അകന്നു നില്ക്കുന്നില്ല. ഇങ്ങനെ സ്വന്തം സ്വതന്ത്രനിലപാട് ഉയര്‍ത്തിപ്പിടിക്കുമ്പോള്‍തന്നെ മറ്റുള്ളവരുമായി ഒന്നിച്ചുപോകാന്‍ ശ്രമിക്കുന്നതിന്റെ ഒരു ഉദാഹരണമാണ് വികസനകാര്യത്തില്‍ സി.പി.എം എടുക്കുന്ന നിലപാട്(ചോദ്യങ്ങള്‍ക്കു മറുപടി. ചിന്ത വാരിക).
ഐസക്കിന്റെ പടിഞ്ഞാറന്‍ കൂട്ടുകെട്ടും കൂട്ടുകെട്ടിന്റെ രാഷ്ട്രീയവും ഇ.എം.എസ് ചിന്തക്കു നിരക്കുന്നതായിരുന്നില്ല. അതുകൊണ്ടാണ് അല്പം പ്രയാസപ്പെട്ടാണെങ്കിലും ഇ.എം.എസിനെ ചാക്കിലാക്കാന്‍ കഴിഞ്ഞുവെന്ന് പിന്നീട് വിസ്ക്കോസിന്‍ യൂനിവേഴ്സിറ്റിയില്‍ പോയി എം.പി.പരമേശ്വരന് നെടുവീര്‍പ്പിട്ടത്. കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിനുമേല്‍ പരിഷ്ക്കരണവാദ-പോസ്റ്റ് മാര്‍ക്സിസത്തിന്റെ വിജയം ഫ്രാങ്കി-റൈറ്റ്-ഹെല്ലര്‍ സംഘത്തെ അറിയിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ നയതന്ത്ര ശാലകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും വഴങ്ങുകയും അക്കൂട്ടരുടെ അധിനിവേശത്തിന് ഒത്താശ ചെയ്യുകയുമായിരുന്നു ഈ അവിഹിത സഖ്യമെന്നത് നമ്മെ ഞെട്ടിക്കേണ്ടതാണ്. ഒരു വലിയ പ്രസ്ഥാനത്തിന്റെ ഓരം പറ്റി അതിലെ ധൈഷണിക വളവുകള്‍ പരിചയമില്ലാത്ത നേതൃത്വത്തെ കബളിപ്പിച്ച് അതിനകത്തെ പൊട്ടലുകള്‍ക്കും ചീറ്റലുകള്ക്കുമിടയില് മെയ് വഴക്കത്തോടെ ഇഴഞ്ഞു നീന്തിയുള്ള ദയനീയമായ അതിജീവനം ജുഗുപ്സാവഹമാണ്. ശരിക്കു തോല്‍ക്കാന്‍പോലും ശേഷിയില്ലാത്തവരെന്ന് ഐസക് വിളിച്ചത് ഇ.എം.എസ് മുതല്‍ വിജയന്മാസ്റ്ററുള്പ്പെടെയുള്ളവരെയാണ്. അതൊരു കൊഞ്ഞനം കാട്ടലാണ്. പരിഷ്ക്കരണവാദ രാഷ്ട്രീയം തൊഴിലാളി-കര്‍ഷകാദി ബഹുജനങ്ങള്ക്കുനേരെ നടത്തുന്ന പരിഹാസച്ചിരി. അത്രയുമല്ലാതെ, വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി പറയാന്‍ ഐസക്കിനാവുകയില്ല. മുകളില്‍ പറഞ്ഞ സംഘത്തിന്റെ രാഷ്ട്രീയമാണ് തനിക്കുമുള്ളത് എന്നു പറയാനുള്ള ആര്‍ജ്ജവമാണ് ഐസക്കിനുണ്ടാവേണ്ടത്.
ഐസക്കിന്റെ പ്രതിജ്ഞാബദ്ധത ആരോടെന്നറിയാന് ഒറ്റക്കാര്യം ശ്രദ്ധിച്ചാല്‍മതി. കേരളത്തില്‍ തന്റെ പാര്‍ട്ടിയിലെ പതിനായിരക്കണക്കിനു തൊഴിലാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട ചില സവിശേഷ പഠനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. പക്ഷെ അവയൊന്നും വായിക്കാനുള്ള ഭാഗ്യം ആ സഖാക്കള്‍ക്കുണ്ടായിട്ടില്ല. ദിനേശ്ബീഡിയെപ്പറ്റിയുള്ള പഠനം ഇംഗ്ലീഷില്‍ അമേരിക്കയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മലയാളമെഴുതാന്‍ ഐസക്കിനറിയാം. പ്രസിദ്ധീകരിക്കാന്‍ ചിന്തയുണ്ട്. എന്നാല്‍ ബീഡി കയര്‍ പഠനങ്ങളൊന്നും മലയാളത്തില്‍ കാണാനിടയായില്ല. ഊരാളുങ്കല്‍ പഠനത്തിന്റെ സ്ഥിതിയും മറിച്ചാവില്ല. ജനകീയാസൂത്രണത്തെക്കുറിച്ചുള്ള ഒരു പുസ്തകം ഇംഗ്ലീഷിലാണെങ്കിലും ഇന്ത്യയില്‍ പ്രസിദ്ധീകരിക്കാന്‍ പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ ലെഫ്റ്റ് വേഡ് തയ്യാറായി. അപ്പോഴാകട്ടെ, അമേരിക്കയില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലുള്ള മഹത്തായ പരീക്ഷണശാല എന്ന അദ്ധ്യായം ലെഫ്റ്റ് വേഡിന്റെ പുസ്തകത്തില്‍ അപ്രത്യക്ഷമായിരിക്കുന്നു. തീര്‍ച്ചയായും ഒരു ചീഞ്ഞുനാറ്റം എല്ലാവരും അറിഞ്ഞുതുടങ്ങിയിരിക്കുന്നു.
തന്റെ രാഷ്ട്രീയത്തിലേക്കു പകല്‍വെളിച്ചത്തില്‍ നടന്നു പോകാനുള്ള ആര്‍ജ്ജവവും മാന്യതയും ഐസക്കില്‍ നിന്നു പ്രതീക്ഷിക്കാനാവില്ല. കപടമുഖത്തോടെ കമ്യൂണിസ്റ്റുകാരനായിരിക്കാനാണ് താന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്നാവണം അദ്ദേഹം വിളിച്ചുപറയുന്നത്. കോഴിക്കോട്ടെ സെമിനാറില്‍ ഫ്രാങ്കിക്കൊപ്പം വേദി പങ്കിടാന്‍ അദ്ദേഹം മടിച്ചതെന്തേ? ഈ ഘട്ടത്തില്‍ സി.പി.എമ്മിലെ കസേരപോയാല് സായ്പിനുപോലും വേണ്ടാതാകും. ഐസക്ക് എന്തോ ചോദിച്ചതിന് ആരുമൊന്നും മറുപടി പറഞ്ഞില്ലെന്ന് ഒരു പരിഭവം കേട്ടു. പ്രതികള്‍ ചോദ്യം ചോദിക്കുകയല്ല,ചെയ്ത കുറ്റം ഏറ്റു പറയുകയോ വിശദീകരണം നല്‍കുകയോ ആണ് വേണ്ടത്. 2007 സെപ്തംബര്‍ 28ന്റെ കോടതിവിധി വായിച്ച് ഒന്നു വിയര്ക്കുകയെങ്കിലും ചെയ്യൂ.
21 സെപ്തംബര്‍ 2013
(ജനശക്തി വാരികയില്‍ പ്രസിദ്ധീകരിച്ചത്)
സ്വന്തം പ്രത്യയശാസ്ത്രത്തെയാണ് പലര്‍ക്കും ഭയം.
LikeLike