Article POLITICS

അധിനിവേശ രാഷ്ട്രീയം : ഒരവലോകനം (2005)

( 2005 ജൂലായില്‍ എഴുതിയ ലേഖനം) 

Image

 

ജീവിതത്തിന്റെ സമസ്‌തമേഖലകളിലും സാമ്രാജ്യത്വ അധിനിവേശം പതാക നാട്ടുകയാണ്‌. നാലരശതകം നീണ്ട യൂറോകേന്ദ്രിത കൊളോണിയല്‍ അധീശത്വത്തിന്റെ കൊടുംചൂഷണത്തിനും സ്വേച്ഛാവാഴ്‌ചക്കും തുടര്‍ച്ചയൊരുക്കാനുള്ള യത്‌നത്തിലാണ്‌ അമേരിക്കാകേന്ദ്രിത സാമ്രാജ്യത്വാധീശത്വം. അറുപത്‌ വര്‍ഷംമുമ്പ്‌ രണ്ടാം ലോക മഹായുദ്ധാവസാനത്തോടെ ആരംഭിച്ച പ്രക്രിയ, സോഷ്യലിസ്റ്റ്‌ ചേരിക്ക്‌ ഏല്‍പ്പിച്ച കനത്ത ആഘാതത്തെത്തുടര്‍ന്ന്‌ പുതിയ ഘട്ടത്തിലേക്കു കടന്നു. ഇന്നിപ്പോള്‍, ബഹുരാഷ്‌ട്രകുത്തകകളുടെയും ഇതര ഫിനാന്‍സ്‌ മൂലധനമൂര്‍ത്തികളുടെയും നീരാളിക്കൈകള്‍ എത്തിപ്പെടാത്ത മേഖലകള്‍ ഇല്ലെന്നായിരിക്കുന്നു.

രാജ്യാതിര്‍ത്തികള്‍ ഭേദിച്ചുള്ള ഈ കടന്നുകയറ്റത്തിന്‌ ദേശരാഷ്‌ട്രങ്ങളുടെ ഭരണകൂടങ്ങളോ, അതതിടങ്ങളിലെ മുതലാളിത്ത മൂലധന താല്‍പര്യങ്ങളോ തടസ്സങ്ങളല്ലാതായിരിക്കുന്നു. ലോകബാങ്ക്‌, അന്താരാഷ്‌ട്ര നാണയനിധി തുടങ്ങിയ ധനകാര്യസ്ഥാപനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തവും ഐക്യരാഷ്‌ട്രസഭ പോലെ അന്താരാഷ്‌ട്രതലത്തിലുള്ള പൊതുസ്ഥാപനങ്ങളുടെ പക്ഷപാതനിലപാടുകളും ഈ അധിനിവേശത്തിനു വേഗമേറ്റുന്നു.

ഭരണനവീകരണ പ്രക്രിയയായി, പുനഃസംവിധാന അജണ്ടയായി, സാംസ്‌കാരിക-വിദ്യാഭ്യാസ-ആരോഗ്യ-തൊഴില്‍-ഗതാഗത-ടൂറിസ-വ്യവസായ മേഖലകളിലെല്ലാം പുത്തന്‍ സാമ്പത്തികാധിനിവേശം ത്വരിതഗതിയിലാവുകയാണ്‌. ഭൂപരിഷ്‌കരണ നടപടികളെത്തുടര്‍ന്ന്‌ ഈ രംഗങ്ങളിലെല്ലാം കേരളം കൈവരിച്ച വ്യത്യസ്‌തവും സ്വതന്ത്രവുമായ നിലപാടുകളും മുന്നേറ്റങ്ങളും അട്ടമറിക്കപ്പെടുകയാണ്‌. മുന്‍ഗണനാക്രമങ്ങളും നയസമീപനങ്ങളും മൂലധനാഭിമുഖമായിത്തീര്‍ന്നു. സാമൂഹികനീതിക്കും സാമ്പത്തിക സമത്വത്തിനും വേണ്ടിയുള്ള സമരത്തിന്റേതുകൂടിയായ പൊതുമണ്‌ഡലം ശിഥിലമായിത്തുടങ്ങി. ദയാരഹിതമായ വിലപേശലാണ്‌ എവിടെയും. തൊഴില്‍ നിയമങ്ങള്‍ മൂലധനാനുകൂലമായി തിരുത്തിക്കൊണ്ടിരിക്കുന്നു. പിന്നാക്ക-പാരിസ്ഥിതിക ജീവിതങ്ങളെല്ലാം അവഗണിക്കപ്പെടുന്ന വികസനസങ്കല്‍പങ്ങളാണ്‌ മൂലധനമൂര്‍ത്തികള്‍ അവതരിപ്പിക്കുന്നത്‌. ജനാധിപത്യ-മതേതര പൊതുമണ്‌ഡലങ്ങളെല്ലാം അരാഷ്‌ട്രീയവത്‌കരിക്കാനും ശിഥിലീകരിക്കാനുമുള്ള പൗരസമൂഹരാഷ്‌ട്രീയം അടിച്ചേല്‍പ്പിക്കപ്പെടുന്നു. സാമ്രാജ്യത്വത്തിന്റെ ആശയപ്പുരകളില്‍ രൂപംകൊള്ളുന്ന പങ്കാളിത്ത ജനാധിപത്യത്തിന്റെയും പൗരസമൂഹരാഷ്‌ട്രീയത്തിന്റെയും പ്രവര്‍ത്തന പദ്ധതികളെ നെഞ്ചേറ്റാനും സോഷ്യലിസ്റ്റ്‌ ആസൂത്രണ സങ്കല്‍പങ്ങളെ വെല്ലുവിളിക്കുന്ന സാമ്രാജ്യത്വ വികസനപദ്ധതികളെ ആവേശപൂര്‍വ്വം സ്വീകരിക്കാനും ഇടതുപക്ഷാഭിമുഖ്യമുള്ള കേരളീയ പൊതുബോധം നിര്‍ബന്ധിക്കപ്പെടുന്നു. ആഗോളവല്‍ക്കരണം കൈയൊഴിക്കാനാവാത്ത അനിവാര്യതയായി സ്വീകരിക്കാനുള്ള പ്രവണത വര്‍ദ്ധിച്ചുവരുന്നു.

സാമ്രാജ്യത്വ സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന നിബന്ധനകള്‍ നിയമങ്ങളാക്കാന്‍ ധൃതിപ്പെടുകയാണ്‌ ദേശരാഷ്‌ട്രഭരണകൂടങ്ങള്‍. അവ നിര്‍ദ്ദേശിക്കുന്ന സാര്‍വദേശീയ നിലപാടുകളിലേക്കും നാം മെരുങ്ങിച്ചേരുകയാണ്‌. ഇറാഖിലേക്ക്‌ സൈന്യത്തെ അയക്കാനുള്ള സാമ്രാജ്യത്വ കല്‍പനക്കു വഴങ്ങാന്‍ വിസമ്മതിച്ച ഇന്ത്യ ഇപ്പോഴിതാ, അമേരിക്കയുമായി സൈനിക കരാറിലേര്‍പ്പെടാനും ഇറാനെതിരെ പരസ്യനിലപാട്‌ സ്വീകരിക്കാനും തയാറായിരിക്കുന്നു. ചേരിചേരാനയം കാറ്റില്‍പറത്തി സാമ്രാജ്യത്വപക്ഷപാതികളായി നാം ചേരിതിരിയുകയാണ്‌.

മൂലധനാധിനിവേശത്തിന്‌ കിരാതമായി അഴിഞ്ഞാടാന്‍ ആശയാധിനിവേശത്തിന്റെ മുന്നൊരുക്കവും നടത്തുന്നുണ്ട്‌ സാമ്രാജ്യത്വം. അതിനുവേണ്ടി ഗവണ്‍മെന്റേതര സംഘടനകളെ (എന്‍.ജി.ഒ., സി.ബി.ഒ) ലോകത്തെമ്പാടുമായി വിന്യസിച്ചിട്ടുണ്ട്‌. നമ്മുടെ നാട്ടില്‍ ഇത്തരം സംഘടനകള്‍ പതിനായിരക്കണക്കിനുണ്ട്‌. ഇവയ്‌ക്കൊക്കെ സാമ്പത്തിക സഹായം നല്‍കാനുള്ള ഏജന്‍സികളെയും ലോകത്തെമ്പാടുമായി വിന്യസിച്ചിട്ടുണ്ട്‌.

ഇവയുടെ സമര്‍ത്ഥമായ ഇടപെടലിന്‌ മുന്നുപാധിയായി സര്‍വേകളും പഠനങ്ങളും നടത്താന്‍ സാമൂഹിക-നരവംശശാസ്‌ത്രഗവേഷണങ്ങളുടെ സൂക്ഷ്‌മപഠന പ്രോജക്‌ടുകള്‍ അക്കാദമികമോ അക്കാദമികേതരമോ ആയ രീതിയില്‍ അംഗീകരിച്ചു നടപ്പാക്കുന്നുമുണ്ട്‌. ഇവയുടെയെല്ലാം പിന്തുണയോടെ മൂലധനാധിനിവേശം മറുച്ചുവെക്കാനായി വ്യാജമായ പ്രശ്‌നമണ്‌ഡലങ്ങള്‍ ഒരുക്കാനും നിലനിറുത്താനുമുള്ള ശ്രമങ്ങളുമുണ്ട്‌. മാധ്യമങ്ങള്‍ വഴിയാണ്‌ ഈ സാമ്രാജ്യത്വ ഉപജാപം പടര്‍ന്നുപിടിക്കുന്നത്‌. ഭിന്നവര്‍ഗീയതകളും തീവ്രവാദ-ഭീകരവാദ പ്രസ്ഥാനങ്ങളും പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഇവയില്‍ നിന്ന്‌ രക്ഷപ്പെടാന്‍ സാമ്രാജ്യത്വ അനുകൂലനിലപാടെടുക്കേണ്ടതുണ്ടെന്ന്‌ ബോധ്യപ്പെടുത്താനാണ്‌ ശ്രമം. ഭീകരവാദമോ ഭീകരവാദവിരുദ്ധതയോ എന്ന ദ്വന്ദം സ്ഥാപിക്കുകയും ഭീകരവാദവിരുദ്ധതയാണെങ്കില്‍ അമേരിക്കന്‍ പക്ഷമാണെന്ന്‌ മിഥ്യാബോധമുണ്ടാക്കുകയും ചെയ്യുന്നു. ഇതേരീതിയില്‍, വിമോചനപ്പോരാട്ടം നടക്കുന്ന മണ്‌ഡലങ്ങളിലെല്ലാം ജാതി-മതസ്വത്വബോധം ഉണര്‍ത്തിയെടുക്കാനും വര്‍ഗബോധത്തിന്റെ സ്ഥാനത്ത്‌ സ്വത്വബോധം പകരംവെക്കാനും മൂലധനതാല്‍പര്യം കിണഞ്ഞുശ്രമിക്കുന്നു. വിപ്ലവകാരികള്‍പോലും സ്വത്വരാഷ്‌ട്രീയത്തിന്റെ ഉപകരണങ്ങളായിത്തീരുന്നു. ലിംഗപരമായ വിവേചനത്തിന്റെ മണ്‌ഡലത്തിലും കേവലഭിന്നതകളിലൂന്നിയുള്ള ചേരിതിരിവാണ്‌ സൃഷ്‌ടിക്കപ്പെടുന്നത്‌. അതല്ലെങ്കില്‍ കേവലയോജിപ്പുകളിലൂന്നിയുള്ള (ഭിന്നലൈംഗികാഭിമുഖ്യങ്ങളാവാം) ചേരിതിരിവുകള്‍. വിസ്‌മരിക്കപ്പെടുന്നത്‌ ഇവയ്‌ക്കകത്തെ അധികാരഘടനയും അതിന്റെ സൂക്ഷ്‌മസ്വഭാവവുമാണ്‌, അവ നിലനിര്‍ത്തുന്ന മൂലധനരാഷ്‌ട്രീയമാണ്‌.

യാഥാര്‍ഥ്യമായിക്കഴിഞ്ഞ ഈ പുതിയ അധിനിവേശത്തെക്കാള്‍ ക്രൂരവും മനുഷ്യവിരുദ്ധവുമായ മറ്റൊന്നുമില്ല. നമ്മുടെ അജണ്ടയില്‍ മറ്റൊന്നിനെയും ഒന്നാം സ്ഥാനത്തിരുത്തി മൂലധനാധിനിവേശത്തിന്റെ രാഷ്‌ട്രീയത്തെ രക്ഷപ്പെടുത്താന്‍ നമുക്കാവില്ല. സാമൂഹികമോ സാമ്പത്തികമോ മതപരമോ ജാതീയമോ വംശീയമോ ലിംഗപരമോ ആയ വിവേചനങ്ങളെല്ലാം നിലനിറുത്തുകയും അഗാധമായ പിളര്‍പ്പുകളുണ്ടാക്കുകയും ചെയ്യുന്നത്‌ ഫിനാന്‍സ്‌ മൂലധനമാണ്‌. സ്വേച്ഛാവാഴ്‌ചയിലേക്കു കുതിക്കുന്ന ഈ സാമ്രാജ്യത്വ ശക്തിയെ പിടിച്ചുകെട്ടാന്‍ പുതിയ ഒത്തൊരുമയുടെ പ്രസ്ഥാനം അനിവാര്യമായിരിക്കുന്നു.

II

ശീതയുദ്ധ കാലഘട്ടമായ 1945 മുതല്‍ 1990 വരെയുള്ള നാലരപ്പതിറ്റാണ്ട്‌ ഇന്ത്യയെ സംബന്ധിച്ചും അധിനിവേശത്തിന്റെ ഒന്നാം ഘട്ടമാണ്‌. 1990 കളിലാകട്ടെ, ആസുരമായ രണ്ടാംഘട്ടമാരംഭിക്കുന്നു. അന്താരാഷ്‌ട്ര വ്യാപാരക്കരാറുകള്‍, തൊഴില്‍ നിയമങ്ങള്‍, പേറ്റന്റ്‌ വ്യവസ്ഥകള്‍, ഗവേഷണക്കരാറുകള്‍, ജലമാനേജ്‌മെന്റ്‌ കരാറുകള്‍, വിത്തുനിയമങ്ങള്‍, വായ്‌പാനിയമങ്ങള്‍, ഉല്‍പ്പന്ന സംഭരണ നിബന്ധനകള്‍, ആണവ സഹകരണ കരാറുകള്‍, സ്വതന്ത്ര വിപണി വ്യവസ്ഥകള്‍ എന്നിങ്ങനെ പൊതുസ്വീകാര്യത നേടാവുന്ന പേരുകളിലുള്ള, സാമ്രാജ്യത്വ ഫിനാന്‍സ്‌ മൂലധനത്തെ മാത്രം സഹായിക്കുന്ന സഹകരണങ്ങള്‍ക്കും വിട്ടുവീഴ്‌ചകള്‍ക്കും മേല്‍ക്കോയ്‌മകള്‍ക്കും നാം കൂടുതല്‍ കൂടുതല്‍ വിധേയമാകുകയായിരുന്നു. ഇവയുടെ പൊതു സാമ്പത്തികാടിത്തറയായി പുത്തന്‍ സാമ്പത്തികനയം 1991 ല്‍ തന്നെ നടപ്പാക്കിത്തുടങ്ങി.

അടുത്ത ദശകമായപ്പോഴേക്കും പ്രസിദ്ധമായ ചേരിചേരാനയത്തില്‍ നിന്നും ഇന്ത്യ പിറകോട്ടുപോയി. വിദേശനയം സാമ്രാജ്യത്വാനുകൂലമായി പ്രഖ്യാപിക്കുന്നതില്‍ ഒരുവിധത്തിലുള്ള ലജ്ജയും ഇന്ത്യന്‍ ഭരണകൂടം പ്രകടമാക്കിയില്ല. 1992 ല്‍ നരസിംഹറാവു ഗവണ്‍മെന്റിന്റെ കാലത്താരംഭിച്ച ഇന്തോ-യു.എസ്‌ സൈനിക കൂട്ടുകെട്ടിനും 1995 ല്‍ ഒപ്പുവെച്ച ഇന്തോ-യു.എസ്‌. സൈനിക സഹകരണ കരാറിനും തുടര്‍ച്ചയായി 2005 ന്റെ ആദ്യപാദത്തില്‍ വ്യവസ്ഥകള്‍ ഒന്നുകൂടി ദൃഢപ്പെടുത്തിക്കൊണ്ട്‌ പ്രതിരോധമന്ത്രി പ്രണബ്‌ മുഖര്‍ജി സൈനിക സഹകരണ കരാറിനും പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ്‌ ആണവസഹകരണ കരാറിനും വഴങ്ങുകയുണ്ടായി. ആദ്യ കരാറുകളുടെ പിന്‍ബലത്തില്‍ ബി.ജെ.പി. നേതൃത്വത്തിലുണ്ടായിരുന്ന കേന്ദ്ര ഗവണ്‍മെന്റ്‌, അഫ്‌ഗാന്‍ അധിനിവേശ സന്ദര്‍ഭത്തില്‍ ഇന്ത്യന്‍ തുറമുഖങ്ങളും വിമാനത്താവളങ്ങളും യു.എസ്‌. സൈന്യത്തിന്‌ തുറന്നു കൊടുത്തിരുന്നു. മാത്രമല്ല, അമേരിക്കന്‍ ചാരസംഘടനക്ക്‌ (എഫ്‌.ബി.ഐ) ദല്‍ഹിയില്‍ ഓഫീസ്‌ തുടങ്ങാന്‍ വാജ്‌പേയി ഗവണ്‍മെന്റ്‌ അനുവാദവും നല്‍കി.

പുതിയ കരാറുകള്‍ ഒപ്പിട്ട മഷിയുണങ്ങുംമുമ്പുതന്നെ സെപ്‌റ്റംബറില്‍ മിസോറാമിലെ വനാന്തരങ്ങളിലും തുടര്‍ന്ന്‌ പശ്ചിമസമുദ്രത്തിലും നവംബറിന്റെ തുടക്കത്തില്‍ കൊല്‍ക്കത്തക്കു സമീപമുള്ള കലൈകുണ്ടയിലുമായി കര-നാവിക-വ്യോമ സേനകളുടെ സംയുക്ത പരിശീലനവും അഭ്യാസപ്രകടനവും ആരംഭിക്കുകയുണ്ടായി. അമേരിക്കയില്‍ നിന്ന്‌ യുദ്ധവിമാനങ്ങള്‍ വാങ്ങുക, അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും ഇന്ത്യന്‍ നഗരങ്ങളില്‍ പ്രവേശിക്കാനും ഇന്ധനം നിറക്കാനും സൈന്യത്തിന്‌ താവളമടിക്കാനും സൗകര്യം ഏര്‍പ്പെടുത്തുക, ഭീകരവാദവിരുദ്ധ യുദ്ധങ്ങളില്‍ അന്യോന്യം സഹകരിക്കുക തുടങ്ങിയ നിബന്ധനകളും കരാറിന്റെ ഭാഗമാണ്‌. ഭീകരവാദത്തെ നേരിടാനെന്ന പേരില്‍ അമേരിക്ക നടത്തുന്ന ഏതു സൈനികാക്രമണത്തിനും പിന്തുണ നല്‍കാന്‍ ഈ കരാറുകളുടെ പേരില്‍ ഇന്ത്യ നിര്‍ബന്ധിക്കപ്പെടും.

അമേരിക്കന്‍ അനുവാദമില്ലാതെ ആണവ പരീക്ഷണങ്ങളൊന്നും ഇനി സാദ്ധ്യമല്ലെന്നും വന്നിട്ടുണ്ട്‌. അന്താരാഷ്‌ട്ര എതിര്‍പ്പുകള്‍ അവഗണിച്ചുകൊണ്ട്‌ ആണവപരീക്ഷണം നടത്തിയ രാഷ്‌ട്രമാണ്‌ നമ്മുടേത്‌. ഇന്നിപ്പോള്‍ ഇറാന്‌ അത്തരമൊരു അവകാശം അനുവദിക്കാന്‍ ഇന്ത്യ തയ്യാറല്ല. അഥവാ, അമേരിക്കന്‍ ഇംഗിതത്തിന്‌ വഴങ്ങി ഇറാന്‍ വിരുദ്ധ നിലപാടെടുക്കാന്‍ ഇന്ത്യ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു. മധ്യേഷ്യയിലെ എണ്ണസമ്പത്താണ്‌ ഇറാഖിനെതിരെയും ഇപ്പോള്‍ ഇറാനെതിരെയും തിരിയാന്‍ അമേരിക്കയെ പ്രധാനമായും പ്രേരിപ്പിച്ചിരിക്കുക. നമ്മളാകട്ടെ, ചേരിചേരാനയവും രാജ്യത്തിന്റെ സ്വാശ്രയത്വവും പരമാധികാരവുമെല്ലാം നഷ്‌ടപ്പെടുത്തിയും അമേരിക്കന്‍ മൂലധന താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ ബദ്ധപ്പെടുകയാണ്‌.

ഇന്ത്യക്ക്‌ ചുറ്റും അമേരിക്കന്‍ സൈനിക കൗശലത്തിന്റെ നീരാളിക്കൈകള്‍ പിടിമുറുക്കിക്കഴിഞ്ഞിരിക്കുന്നു. എണ്‍പതുകളില്‍ ശ്രീലങ്കയിലെ ട്രിങ്കോമാലിയിലും ദിഗോ ഗാര്‍ഷ്യയിലും യു.എസ്‌. കേന്ദ്രം ആരംഭിച്ചതുമുതല്‍ നമുക്കുണ്ടായിത്തുടങ്ങിയ അസ്വസ്ഥത അതിന്റെ ഉച്ചിയിലെത്തിയിരിക്കുന്നു. അഫ്‌ഗാനിസ്ഥാന്‍ യുദ്ധത്തോടെ യുദ്ധത്തിന്‌ പിന്തുണതേടിയും അല്‍ഖാഇദയെ ഉന്മൂലനം ചെയ്യുന്നതിനും പാക്കിസ്ഥാനെ ചൊല്‍പ്പടിയില്‍ നിറുത്താന്‍ യു.എസിന്‌ കഴിഞ്ഞു. മാവോയിസ്റ്റ്‌ ആക്രമണങ്ങളെ നേരിടാന്‍ നേപ്പാളിനും യു.എസ്‌ സഹായം ലഭിച്ചു. ശ്രീലങ്കയുമായും ബംഗ്ലാദേശുമായും സൈനിക-സുരക്ഷാ സഹകരണ കരാറില്‍ ഒപ്പിടാനും അമേരിക്കക്ക്‌ സാധിച്ചിട്ടുണ്ട്‌. അതിന്റെ തുടര്‍ച്ചയായാണ്‌ ഇന്ത്യയെ നിര്‍വീര്യമാക്കാനുള്ള സൈനികതല കരാറുകള്‍ നടപ്പാക്കിത്തുടങ്ങിയത്‌.

അതോടൊപ്പം ഈ മേഖലയില്‍ ഭീകരവാദ-തീവ്രവാദ സംഘടനകളെ രൂപപ്പെടുത്താനും നിലനിറുത്താനും യു.എസ്‌ തന്ത്രങ്ങള്‍ പ്രയോഗക്ഷമമായിട്ടുണ്ട്‌. ഭീകരവാദ പരിശീലന കേന്ദ്രങ്ങള്‍ തന്നെ യു.എസ്‌ പിന്തുണയോടെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. സോവിയറ്റ്‌ യൂണിയനെതിരായ ഗൂഢയുദ്ധത്തിന്റെ ഭാഗമായും അഫ്‌ഗാനിസ്ഥാന്റെ ജനാധിപത്യവത്‌കരണ പ്രക്രിയ തകര്‍ക്കാനും ഉസാമ ബിന്‍ലാദനെ വളര്‍ത്തിക്കൊണ്ടു വന്നതു മുതല്‍ ഈ ഭീകരവാദ പാഠശാലകള്‍ ദക്ഷിണേഷ്യയില്‍ സജീവമായിരുന്നു. കേരളത്തില്‍ നിന്ന്‌ തീവ്രവാദ പ്രവര്‍ത്തകര്‍ പരിശീലനത്തിന്‌ ഇത്തരം താവളങ്ങളില്‍ പോയിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന്‌ ഒരു ഉന്നത പോലീസ്‌ ഉദ്യോഗസ്ഥനാണ്‌ മാറാട്‌ കമ്മീഷനു മുന്നില്‍ മൊഴികൊടുത്തിട്ടുള്ളത്‌. ആയുധവും ആശയവും പരിശീലനവും നല്‍കി സാമ്രാജ്യത്വം വളര്‍ത്തിയ ഭീകരവാദം ഇന്ത്യക്ക്‌ ചുറ്റും മാത്രമല്ല, കാശ്‌മീരിലും ദല്‍ഹിയിലും ബോംബെയിലും അഹമ്മദാബാദിലും കേരളത്തില്‍ത്തന്നെയും സജീവമായിട്ടുണ്ട്‌. ഇതോടൊപ്പം ഇന്ത്യയിലെ ഭൂരിപക്ഷ വര്‍ഗീയതക്കും യൂറോപ്പിലെ നവനാസികള്‍ക്കും ഫാഷിസ്റ്റുകള്‍ക്കും നവസിയോണിസ്റ്റുകള്‍ക്കും എന്നപോലെ കൈയയച്ചു സഹായം നല്‍കാന്‍ സാമ്രാജ്യത്വം മുന്‍പന്തിയിലുണ്ട്‌. പുതിയ അധിനിവേശത്തിനു മറയിടാന്‍ ഈ സംഘര്‍ഷാവസ്ഥ അവര്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.

സൈനികാധിനിവേശത്തിന്റെ ചുവടുവെപ്പുകള്‍ അടുത്തെത്തും മുമ്പുതന്നെ, സാമ്പത്തിക-ആശയാധിനിവേശങ്ങളുടെ പരവതാനികള്‍ നിവര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഉദാരവത്‌കരണ-സ്വകാര്യവത്‌കരണ അജണ്ടകള്‍ ത്വരിതഗതിയില്‍ മുന്നേറുകയാണ്‌. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള പ്രത്യേക വകുപ്പും മന്ത്രിയും (ബി.ജെ.പി ഗവണ്‍മെന്റിന്റെ കാലത്ത്‌ നിലവിലുണ്ടായിരുന്നു) ഇന്നില്ലെങ്കിലും ഓഹരി വില്‍പനയും അടച്ചുപൂട്ടലും പൊതുമേഖലയെ തളര്‍ത്തുകയാണ്‌. വൈദ്യുതിയും ജലവും ഇതര പ്രകൃതിവിഭവങ്ങളും സ്വകാര്യവത്‌കരിക്കാനും ഫിനാന്‍സ്‌ മൂലധനത്തിന്റെ കുതിരക്കച്ചവടങ്ങള്‍ക്ക്‌ വിധേയമാക്കാനും വഴികള്‍ തുറന്നിട്ടിരിക്കുന്നു. അസമമായ കരാറുകളുടെയും നവ ഉദാരപരിഷ്‌കാര നടപടികളുടെയും പിന്‍ബലത്തോടെയാണിത്‌. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളും മാത്രമല്ല, ഇന്ത്യയുള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളും ഈ ചൂഷണത്തിന്‌ വിധേയമായിക്കൊണ്ടിരിക്കുന്നു.

ഡബ്ല്യു.ടി.ഒ.യുടെ ദോഹ വട്ടചര്‍ച്ചകളില്‍ ചൈനക്കും ബ്രസീലിനും ദക്ഷിണാഫ്രിക്കക്കുമൊപ്പം ഇന്ത്യയെടുത്ത നിലപാടുകള്‍ വികസിതമുതലാളിത്ത രാഷ്‌ട്രങ്ങളുടെ താല്‍പര്യങ്ങള്‍ക്ക്‌ തിരിച്ചടിയായിരുന്നു. ഈ ആശാവഹമായ നീക്കം കാന്‍കുണ്‍ കൂടിച്ചേരലില്‍ ഇരുപതോളം രാഷ്‌ട്രങ്ങളുടെ പിന്തുണയും നേടി. ചേരിചേരാ നയത്തിന്റെ ഈ പുതിയ വികാസം സാമ്രാജ്യത്വ ചേരിയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരുന്നു. എന്നാല്‍, ഈ നീക്കത്തിന്‌ തടയിടാനും ഇന്ത്യയുമായുള്ള പുതിയ കരാറുകള്‍ പ്രയോജനപ്പെടുത്താനുമാണ്‌ അമേരിക്ക ശ്രമിക്കുന്നത്‌.

മിശ്ര സമ്പദ്‌വ്യവസ്ഥയില്‍ അധിഷ്‌ഠിതവും സോഷ്യലിസ്റ്റ്‌ പാറ്റേണ്‍ മുന്‍ നിര്‍ത്തുന്നതുമായ മുതലാളിത്ത മേല്‍ക്കൈയുള്ള ആസൂത്രണ പ്രക്രിയക്ക്‌ പകരമായി സാമ്രാജ്യത്വ വികസന കാഴ്‌ചപ്പാടുകളും പ്രവര്‍ത്തന പദ്ധതികളും വന്‍തോതിലാണ്‌ ഇന്ത്യയില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടത്‌. നേരത്തേ ആരംഭിച്ച ധൈഷണികാധീശത്വവും സാമ്പത്തിക വായ്‌പാ കെണികളും ഇന്ത്യയെ സാമ്രാജ്യത്വ വികസന പാതയിലേക്ക്‌ വലിച്ചടുപ്പിച്ചു.

III

എണ്‍പതുകളുടെ അന്ത്യത്തോടെത്തന്നെ മുന്നാംലോക രാജ്യങ്ങളിലെ പഞ്ചായത്തീരാജ്‌ ഭേദഗതിക്കും അതിനെത്തുടര്‍ന്ന്‌ പങ്കാളിത്ത ജനാധിപത്യ മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്കും ലോകബാങ്ക്‌ നിര്‍ബന്ധം ശക്തിപ്പെടുത്തിയത്‌ മറ്റൊന്നിനുമായിരുന്നില്ല. രാഷ്‌ട്രത്തെക്കാള്‍ പ്രധാനം വിപണിയാണെന്ന പാഠമാണ്‌ അത്‌ നല്‍കിയത്‌. ദേശരാഷ്‌ട്രങ്ങള്‍ അപ്രസക്തവും ഫിനാന്‍സ്‌ മൂലധനം പ്രധാനവുമായി മാറുകയായിരുന്നു. ഈ വികസനത്തിന്റെ മുഖ്യനടത്തിപ്പുകാരായി ഗവണ്‍മെന്റേതര സംഘങ്ങളെയാണ്‌ സാമ്രാജ്യത്വം വിഭാവനം ചെയ്‌തത്‌. ഭരണകൂടത്തെ നിര്‍ണയിക്കുന്നതും നിലനിര്‍ത്തുന്നതും പൗരജനതയാണെന്ന ഹെഗലിയന്‍ ധാരണയുടെ മേല്‍കൈയോടെ നടന്ന ദേശരാഷ്‌ട്ര വിരുദ്ധമായ ഒരു അധിനിവേശ പ്രക്രിയയായിരുന്നു അത്‌. പൗരസമൂഹത്തിന്റെ ഈ പരമാധികാരം ഒരു മിഥ്യയാണന്ന – സ്വകാര്യ സ്വത്ത്‌ ഇവക്കിടയില്‍ ഭരണകൂടത്തെ നിര്‍ണയിക്കുന്ന ശക്തിയാണെന്നും അതില്‍ മാറ്റംവരുത്താതെ ഒരുപൗരസ്വാതന്ത്ര്യം നിലനില്‍ക്കുന്നില്ലെന്നുമുള്ള- മാര്‍ക്‌സിന്റെ കാഴ്‌ചപ്പാടിന്‌ കിട്ടിക്കൊണ്ടിരുന്ന പിന്തുണയെ അത്‌ തടഞ്ഞുനിറുത്തി. ഫിനാന്‍സ്‌ മൂലധനത്തിന്റെ കുതിപ്പിന്‌ ആവശ്യമായ ആശയപരവും ഭൗതികവുമായ മണ്ണൊരുക്കുന്നതില്‍ സാമ്രാജ്യത്വ കൗശലം വിജയിക്കുകയായിരുന്നു.

ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിനും സുസ്ഥിര വികസനത്തിനുമുള്ള ഫലപ്രദമായ മാര്‍ഗം ഭരണകൂടങ്ങളും വാണിജ്യ-പൗരസമൂഹ സംഘടനകളും തമ്മിലുള്ള പങ്കാളിത്തമാണെന്ന്‌ ലോകബാങ്ക്‌ പുതിയ സിദ്ധാന്തം അവതരിപ്പിച്ചു. നയസമീപനങ്ങള്‍ക്കും ധനസഹായത്തിനുമായി പൗരസമൂഹ സംഘടന (സി.എസ്‌.ഒ.) കള്‍ക്ക്‌ മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ വെബ്‌സെറ്റുകളും പ്രസിദ്ധീകരണങ്ങളും വന്‍തോതില്‍ പ്രചരിച്ചു. പൗരസമൂഹവുമായുള്ള ലോകബാങ്കിന്റെ ഈ ഇടപെടല്‍ 1970 കളില്‍ ഗവണ്‍മെന്റേതര സംഘടനകളെ മുന്‍നിര്‍ത്തിയാണ്‌ ആരംഭിച്ചത്‌. നിരവധി സാമുദായിക സംഘടനകളും (സി.ബി.ഒ.) ഗവണ്‍മെന്റേതര സംഘടനകളും ജനകീയ സമിതികളും തൊഴില്‍ സംഘടനകളും ഫൗണ്ടേഷനുകളുമെല്ലാം ലോകബാങ്ക്‌ അജണ്ട നടപ്പാക്കാന്‍ ഇന്ന്‌ പ്രവര്‍ത്തന രംഗത്തുണ്ട്‌.

രാജ്യത്തെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്‍.ജി.ഒ.കള്‍ക്ക്‌ വിട്ടുകൊടുക്കുന്ന വികസന പദ്ധതികള്‍ സാമൂഹിക നീതിയും സുരക്ഷയും ആസൂത്രണവും ജനതയുടെ അവകാശമാണ്‌ എന്ന നില അട്ടിമറിക്കുകയാണ്‌. ഗവണ്‍മെന്റേതര സംഘടനകളുടെ പ്രവര്‍ത്തനം സന്നദ്ധ പ്രവര്‍ത്തനം മാത്രമാണ്‌. നവ സാമൂഹിക പ്രസ്ഥാനങ്ങള്‍ എന്ന നിലക്കുള്ള അംഗീകാരത്തിന്റെ മറവില്‍ രാഷ്‌ട്രീയ മുന്നേറ്റങ്ങളെ അപ്രസക്തമാക്കാനും അവ നിയോഗിക്കപ്പെടുന്നു.

ചിലപ്പോഴൊക്കെ സാമ്രാജ്യത്വ ധനസഹായത്തോടെ തന്നെ സാമ്രാജ്യത്വ വിരുദ്ധ സമരങ്ങള്‍ ഏറ്റെടുക്കുന്ന സേഫ്‌റ്റി വാള്‍വുകളായും ഇത്തരം സംഘടനകള്‍ പ്രവര്‍ത്തിക്കാറുണ്ട്‌. സാമാന്യ ജനതയ്‌ക്കകത്തെ അമര്‍ഷത്തിന്‌ സമരരൂപം നല്‍കുമ്പോഴും, സാമ്രാജ്യത്വ വിരുദ്ധ പൊതുസമരത്തിന്റെ ഭാഗമാകാതിരിക്കാനുള്ള ശ്രദ്ധ ഇത്തരം സമരങ്ങള്‍ക്കുണ്ട്‌. ഇടതുപക്ഷ രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ ഈ സമരമുഖങ്ങളെ അവഗണിക്കുകകൂടി ചെയ്യുമ്പോള്‍ പൗരസമൂഹ സംഘടനകള്‍ക്ക്‌ അവയുടെ ദൗത്യം ആയാസരഹിതമായിത്തീരുന്നു. ഏതുതരത്തിലുള്ള സൂക്ഷ്‌മതല പ്രശ്‌നങ്ങള്‍ക്കും പൊതു അധികാരഘടനയുടെയും മൂലധനതാല്‍പര്യത്തിന്റെയും ആന്തരിക വൈരുദ്ധ്യങ്ങളെ പ്രതിനിധാനം ചെയ്യാതിരിക്കാന്‍ ആവില്ല. അതുകൊണ്ടുതന്നെ നവസാമൂഹിക പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കുന്ന സൂക്ഷ്‌മതല സമരങ്ങള്‍, ചെറുതും ഒറ്റപ്പെട്ടതുമായ ചെറുത്തുനില്‍പുകളായി അവസാനിക്കണമെന്ന സാമ്രാജ്യത്വ താല്‍പര്യം നിലനിര്‍ത്തുമ്പോള്‍തന്നെ അതിനപ്പുറം കടന്ന്‌ ഒരു ബൃഹദ്‌ സമരമായിത്തീരാനുള്ള സാധ്യതകൂടി ഉള്ളില്‍ വഹിക്കുന്നുണ്ട്‌. ഇതു കണ്ടെത്താനുള്ള ബാധ്യത മുഖ്യ സാമ്രാജ്യത്വ വിരുദ്ധ മുന്നേറ്റമായ ഇടതുപക്ഷത്തിനാണുള്ളത്‌. ഇത്‌ ചൂണ്ടിക്കാണിക്കലും അധിനിവേശ പ്രതിരോധ പ്രവര്‍ത്തകരുടെ ബാധ്യതയാകുന്നു.

നെഹ്‌റു ഭരണത്തിന്റെ ആദ്യകാലത്തു തന്നെ ഇന്ത്യയുടെ ആസൂത്രണ നടത്തിപ്പുകളില്‍ ഇടപെടാന്‍ സാമ്രാജ്യത്വം ശ്രദ്ധിച്ചിരുന്നു. 1952 ല്‍ തന്നെ ദല്‍ഹിയില്‍ ഫോര്‍ഡ്‌ ഫൗണ്ടേഷന്‍ ഓഫീസ്‌ തുറന്നിരുന്നു. നെഹ്‌റു കൊണ്ടുവന്ന കമ്യൂണിറ്റി ഡെവലപ്‌മെന്റ്‌ പ്രോഗ്രാമില്‍ സാമ്രാജ്യത്വ ഇടപെടലുകളുണ്ടായി. സോവിയറ്റ്‌ മാതൃകയിലുള്ള പഞ്ചവത്സരപദ്ധതികള്‍ നടപ്പാക്കിത്തുടങ്ങിയ കാലമായിരുന്നു അത്‌. ഈ സന്ദര്‍ഭത്തില്‍തന്നെ ഇന്തോ-യു.എസ്‌ സാങ്കേതിക സഹകരണ കരാറിന്റെ മറവില്‍ ആസൂത്രണപദ്ധതികളില്‍ നുഴഞ്ഞുകയറാന്‍ അമേരിക്കന്‍ രഹസ്യവിഭാഗം കരുക്കള്‍ നീക്കി. ഫോര്‍ഡ്‌ ഫൗണ്ടേഷനും റോക്ക്‌ ഫെല്ലര്‍ ഫൗണ്ടേഷനുമെല്ലാം ഇന്ത്യയുടെ ആസൂത്രണബോര്‍ഡില്‍ സ്വാധീനം വര്‍ദ്ധിപ്പിച്ചു. നാല്‍പതുകളില്‍തന്നെ ലാറ്റിനമേരിക്കയില്‍ നടത്തിയ സര്‍വേയും പഠനവും വിത്തുഗവേഷണവും അതിന്റെ തുടര്‍ച്ചയായി മൂന്നാംലോകത്തെത്തിച്ച ഹരിതവിപ്ലവവും ഇവയുടെ സംഭാവനയാണ്‌.

ഇന്ത്യയില്‍ ഫോര്‍ഡ്‌ ഫൗണ്ടേഷന്‍ കൃഷിയിലും ഗ്രാമവികസനത്തിലുമായിരുന്നു ഊന്നല്‍ നല്‍കിയിരുന്നത്‌. 1970 കളില്‍ സാമൂഹിക സേവന മേഖലകളിലേക്കും ധനസഹായം വ്യാപിപ്പിച്ചു. സമാധാനത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാഭ്യാസ, മാധ്യമ, കലാസാംസ്‌കാരിക ലക്ഷ്യങ്ങള്‍ക്കും ഫണ്ടും മേല്‍നോട്ടവും നല്‍കിത്തുടങ്ങി. കേരളത്തില്‍ നാടകപ്രവര്‍ത്തനത്തിനും ഫോക്‌ലോര്‍ പഠനങ്ങള്‍ക്കും ഈ പരിഗണനയിലാണ്‌ ഫണ്ട്‌ ലഭിച്ചത്‌. ഇതേത്തുടര്‍ന്ന്‌ നമ്മുടെ നാട്ടിലെമ്പാടുമായി പതിനായിരക്കണക്കിന്‌ ഗവണ്‍മെന്റേതര സംഘടനകള്‍ പിറവിയെടുത്തു.

അമ്പതുകളുടെ ആരംഭത്തില്‍ ആസൂത്രണ പദ്ധതികളില്‍ സാമ്രാജ്യത്വ ഇടപെടലുകള്‍ ആരംഭിച്ചപ്പോള്‍തന്നെ ഇന്ത്യയിലെ കര്‍ഷകപ്രസ്ഥാനവും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനവും അമേരിക്കന്‍ മൂലധനത്തിന്റെ ആധിപത്യം തടയാന്‍ കഴിയുംവിധം പഞ്ചവത്സര പദ്ധതികള്‍ പൊളിച്ചെഴുതണമെന്ന്‌ നെഹ്‌റു ഗവണ്‍മെന്റിനോടാവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതേ ജാഗ്രത നിലനിര്‍ത്തുന്നതിലും മൂലധന ചൂഷണരീതികള്‍ക്കെതിരെ ചെറുത്തു നില്‍ക്കുന്നതിനും ഇടതുപക്ഷം വീഴ്‌ചവരുത്തിത്തുടങ്ങിയോ എന്ന്‌ പരിശോധിക്കേണ്ടതുണ്ട്‌. ലോകബാങ്ക്‌, എ.ഡി.ബി., ഐ.എം.എഫ്‌. തുടങ്ങിയ ധനകാര്യസ്ഥാപനങ്ങളുമായി സഹകരിക്കാനും പങ്കാളിത്ത ഗവേഷണം, പങ്കാളിത്ത ആസൂത്രണം, ഡി.പി.ഇ.പി., കുടുംബശ്രീ, സൂക്ഷ്‌മതല സമ്പാദ്യ പദ്ധതികള്‍ തുടങ്ങിയ ലോകബാങ്ക്‌ പദ്ധതികള്‍ നടപ്പാക്കാനും സാമ്രാജ്യത്വ ഫണ്ട്‌ സ്വീകരിക്കാനും ഇടതുപക്ഷം കാണിക്കുന്ന സാഹസികമായ അമിതാവേശം സംശയാസ്‌പദമാണ്‌. ആഗോളീകരണത്തെ അപ്പാടെ വിഴുങ്ങാന്‍ ഇന്ത്യന്‍ വലതുപക്ഷംപോലും അറച്ചുനില്‍ക്കുമ്പോള്‍, ആഗോളീകരണം കൈയൊഴിക്കാനാവാത്ത അനിവാര്യതയാണെന്നും ഐ.ടി. മേഖല സമരവിമുക്തമാക്കണമെന്നുമൊക്കെ ആവശ്യപ്പെടുന്നത്‌ കമ്യൂണിസ്റ്റുകാരനായ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയാണ്‌.

പുത്തന്‍ സാമ്പത്തികനയം നടപ്പാക്കാനും അതിനനുകൂലമായ ഭരണനവീകരണ പ്രക്രിയ മുന്നോട്ടുകൊണ്ടുപോകാനും കോണ്‍ഗ്രസ്സ്‌-ബി.ജെ.പി. സര്‍ക്കാറുകള്‍ ബദ്ധശ്രദ്ധരായിരുന്നു. ജനകോടികള്‍ക്ക്‌ ജീവിക്കാനുള്ള അവസരം നിഷേധിക്കുന്ന പ്രതിലോമനയങ്ങളെ ചെറുത്തുനില്‍ക്കാന്‍ വലിയ സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനമായ ഇടതുപക്ഷത്തിനാണ്‌ കൂടുതല്‍ ബാധ്യത. ഇടതുപക്ഷ പാര്‍ട്ടികളും ഇടതുപക്ഷ ട്രേഡ്‌ യൂണിയനുകളും സമരരംഗത്തുണ്ടുതാനും. എന്നാല്‍, അധികാരത്തില്‍ വരുന്ന സംസ്ഥാനങ്ങളിലെല്ലാം ഫെഡറല്‍ സംവിധാനത്തിന്റെ പരിമിതികളുടെ നിര്‍ബന്ധംകൊണ്ട്‌ മാത്രമല്ല, നയപരമായ ചാഞ്ചാട്ടംകൊണ്ടുകൂടി ഫിനാന്‍സ്‌ മൂലധനത്തെ സഹായിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നു എന്ന പരാതി വ്യാപകമാകുന്നു. ഭരണനവീകരണ പ്രക്രിയക്ക്‌ ഇടതുപക്ഷ ഭരണകാലത്താണ്‌ തുടക്കം ഉണ്ടാകുന്നത്‌ എന്നത്‌ ഭീതിദമാണ്‌. മൂലധനവും അദ്ധ്വാനശക്തിയും തമ്മിലുള്ള വൈരുദ്ധ്യമാണ്‌ ജീവിതത്തിന്റെ കേന്ദ്രമെന്ന്‌ തിരിച്ചറിയുകയും വിളിച്ചു പറയുകയും ചെയ്യുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌ മൂലധനത്തെ സേവിക്കുന്ന വലതുപക്ഷ അവസരവാദത്തിലേക്കും പരിഷ്‌കരണവാദത്തിലേക്കും വഴുതിപ്പോവാന്‍ കഴിയുമോ? ഇന്ത്യന്‍ ഇടതുപക്ഷത്തെക്കുറിച്ചുള്ള മുഖ്യ വിമര്‍ശം അതായി മാറിയിരിക്കുന്നു. വന്‍കിട മൂലധനമൂര്‍ത്തികളോടുള്ള അനുഭാവം, വാട്ടര്‍തീം പാര്‍ക്കു മുതല്‍ വന്‍കിട സഹകരണ ആശുപത്രികള്‍ വരെയുള്ള സംരംഭങ്ങള്‍, മഹാസൗധങ്ങളോടുള്ള ഭ്രമം എന്നിവയെല്ലാം ഈ മൂലധനാനുകൂല സമീപനത്തിന്റെ പ്രകടനങ്ങളാകുന്നു.

ലോകബാങ്കിന്റെയും എ.ഡി.ബി പോലുള്ള സഹോദരസ്ഥാപനങ്ങളുടെയും കടുത്ത നിയന്ത്രണം, ഭരണനവീകരണം, പുനഃസംഘടന എന്നിങ്ങനെയുള്ള പേരുകളില്‍ നമുക്കു മേല്‍ വന്നുവീഴുകയാണ്‌. ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള സര്‍ക്കാറിന്റെ പിന്മാറ്റം, പൊതുമേഖലാ സ്ഥാപനങ്ങളുടെയും പൊതുവിദ്യാലയങ്ങളുടെയും അടച്ചുപൂട്ടല്‍, ജീവനക്കാരും തൊഴിലാളികളും പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ റദ്ദുചെയ്യല്‍, ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കല്‍, തസ്‌തികകള്‍ വെട്ടിച്ചുരുക്കല്‍, നിയമനങ്ങള്‍ നിര്‍ത്തിവെക്കല്‍, തൊഴില്‍ സുരക്ഷ ഇല്ലായ്‌മ ചെയ്യല്‍, തൊഴിലുടമക്ക്‌ കൂടുതല്‍ സ്വാതന്ത്ര്യവും അവകാശവും നല്‍കല്‍, വ്യവസായ തര്‍ക്ക നിയമഭേദഗതി, ചുമട്ടുനിയമ ഭേദഗതി തുടങ്ങി തൊഴില്‍മേഖലയില്‍ എമ്പാടും എ.ഡി.ബി. നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള പരിഷ്‌കാരങ്ങളാണ്‌ നടക്കുന്നത്‌. ഇതര സ്ഥാപനങ്ങളെ അപേക്ഷിച്ച്‌ കേരളത്തിലെ കീഴാളജീവിതം നേടിയെടുത്ത നേട്ടങ്ങളെ ഇല്ലായ്‌മ ചെയ്യാനും കേരളത്തെ ഒരു നൂറ്റാണ്ട്‌ പിറകിലെത്തിക്കാനുമാണ്‌ ശ്രമം.

IV

രണ്ടു പതിറ്റാണ്ട്‌ കാലമായി ആധുനികോത്തര, പോസ്റ്റ്‌-മാര്‍ക്‌സിസ്റ്റ്‌ സിദ്ധാന്തങ്ങള്‍ക്ക്‌ നമ്മുടെ നാട്ടില്‍ വലിയ അംഗീകാരമാണ്‌ ലഭിക്കുന്നത്‌. സൂക്ഷ്‌മതല രാഷ്‌ട്രീയ പ്രയോഗമെന്ന പേരില്‍ ഗവണ്‍മെന്റേതര, സിവില്‍ സമൂഹ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നതിനൊപ്പമാണിത്‌. ഫിനാന്‍സ്‌ മൂലധന ചൂഷണത്തിന്റെ പ്രയോഗപദ്ധതികളെ സ്ഥൂല-സൂക്ഷ്‌മതലങ്ങളില്‍ ചെറുക്കാന്‍ മാര്‍ക്‌സിസം മതിയാവാതെ വന്നിരിക്കുന്നുവെന്നും പുതിയ പാരിസ്ഥിതിക-ലിംഗ-സ്വത്വ രാഷ്‌ട്രീയം അതുമായി ഇണക്കിച്ചേര്‍ക്കേണ്ടതുണ്ടെന്നുമാണ്‌ പുതിയ വാദം.

ഇതോടൊപ്പമാണ്‌ ഫുക്കുയാമയുടെയും സാമുവല്‍ പി ഹണ്ടിംഗടന്റെയും സിദ്ധാന്തങ്ങളും അവയുടെ പ്രായോഗികാവിഷ്‌കാരങ്ങളും കടന്നുവന്നത്‌. ഉത്തരാധുനിക സിദ്ധാന്തങ്ങളും അവയുടെ മൂന്നാം ലോക പ്രയോഗങ്ങളും മൂലധന പ്രവേശം അനായാസവും വേഗമാര്‍ന്നതുമാക്കാന്‍ ബൂര്‍ഷ്വാ പൊതുമണ്‌ഡലത്തില്‍ വര്‍ഗേതരമായ സ്വത്വാസ്‌പദ ചേരിതിരിവുകള്‍ സൃഷ്‌ടിച്ചതിനു പിറകെയാണിത്‌. പൊതു ജനാധിപത്യ മതേതര മണ്‌ഡലങ്ങളെ അതുപേക്ഷിച്ചുപോന്ന മതാത്മക മൂല്യങ്ങളിലേക്കും ആചാരജീവിതങ്ങളിലേക്കും പ്രത്യാനയിക്കാനുള്ള ശ്രമമായിരുന്നു അത്‌. പുതിയ ദേശീയ സ്വത്വ നിര്‍മിതികളുടെ അനിവാര്യത സാമ്രാജ്യത്വ മൂലധനത്തിന്റെ അതിജീവനത്തിന്‌ അത്യാവശ്യമായിരിക്കുന്നതായി ഹണ്ടിംഗ്‌ടണ്‍ ചൂണ്ടിക്കാട്ടുന്നു. ആഴത്തില്‍ നമ്മിലുള്ളത്‌ മതേതര, ജനാധിപത്യ, വര്‍ഗസ്വത്വബോധങ്ങളല്ലെന്നും ജാതി, മത, വംശ സ്വത്വങ്ങളാണെന്നും അതിനാല്‍ സാമൂഹിക രാഷ്‌ട്രീയഘടന പുതുക്കി നിര്‍മ്മിക്കേണ്ടതുണ്ടെന്നും അമേരിക്കന്‍ ധൈഷണികാസൂത്രകര്‍ കണ്ടെത്തി. ഭാഷയുടെയോ സംസ്‌കാരത്തിന്റെയോ മതേതര പാരമ്പര്യത്തിലൂന്നിയുള്ള സ്വത്വബോധത്തിന്‌ പകരം പുതിയ ശതകം മതജീവിതത്തിന്റെ തിരിച്ചുവരവ്‌ ആയതിനാല്‍ മതസ്വത്വത്തിനാണ്‌ ഊന്നല്‍ നല്‍കേണ്ടതെന്നും അവര്‍ വിലയിരുത്തി. ഇനിയൊരിടത്തും ഒരു സോഷ്യലിസ്റ്റ്‌ ലോക സ്വപ്‌നം ബാക്കി നില്‍ക്കില്ലെന്നും അത്‌ മതസ്വത്വങ്ങളായി വിഭജിക്കപ്പെടുമെന്നുമുള്ള മൂലധനമോഹം ഈ കാഴ്‌ചയില്‍ തുടിച്ചു നില്‍ക്കുന്നു.

സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ നായകസ്ഥാനം മാര്‍ക്‌സിസത്തിന്‌ നഷ്‌ടമായെന്നും പകരം ഇസ്ലാമിക തീവ്രവാദം പകരം വെക്കപ്പെട്ടുവെന്നും പ്രചാരണമുണ്ടായി. ആംഗ്ലോ പ്രൊട്ടസ്റ്റന്റ്‌ ക്രൈസ്‌തവതയുടെ മതദര്‍ശനമാണ്‌ അമേരിക്കയുടേതെന്നും അതും ഇസ്ലാമുമായുള്ള വൈരുദ്ധ്യമാണ്‌ പുതിയ കാലത്തെ മൂര്‍ത്താനുഭവമെന്നും പ്രചരിപ്പിക്കാന്‍ സാമ്രാജ്യത്വം ഉല്‍സാഹിച്ചു. പഴയ സോഷ്യലിസ്റ്റ്‌ രാഷ്‌ട്രങ്ങളിലും തൊഴിലാളി പ്രസ്ഥാനങ്ങളോ മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളോ ശക്തിപ്പെട്ടുവരുന്നിടത്തുമെല്ലാം പുതിയ സ്വത്വനിര്‍മിതികള്‍ പ്രോത്സാഹിപ്പിക്കപ്പെട്ടു. ബോസ്‌നിയ, ചെച്‌നിയ, കൊസോവ, ഫലസ്‌തീന്‍, ഫിലിപ്പീന്‍സ്‌ തുടങ്ങി കശ്‌മീരിലും ഗുജറാത്തിലും ഉള്‍പ്പെടെ ഇത്തരം ഒരു വൈരുദ്ധ്യം തീക്ഷ്‌ണമാക്കി. 2001 സെപ്‌റ്റംബര്‍ പതിനൊന്നിന്റെ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണം ഈ പുതിയ വൈരുദ്ധ്യത്തിന്റെ രാഷ്‌ട്രീയ പ്രയോഗക്ഷമതയുടെ വിളംബരമായിത്തീര്‍ന്നു.

ജനാധിപത്യപരമോ മതേതരമോ ആയ ദേശീയ സ്വത്വ നിര്‍മിതികളെ വകഞ്ഞുമാറ്റി മതാത്മക മൂല്യങ്ങളിലൂന്നിയുള്ള പുനരുത്ഥാന സ്വത്വ നിര്‍മ്മിതിക്ക്‌ ശ്രമിച്ച സാമ്രാജ്യത്വം ഇന്ത്യയില്‍ വര്‍ണാശ്രമമൂല്യബോധത്തിന്‌ തിരിച്ചുവരാന്‍ പിന്തുണ നല്‍കി. പൊതുബോധത്തിലും ഭാഷയിലും ഒളിഞ്ഞും മറഞ്ഞും കിടന്നിരുന്ന വരേണ്യമൂല്യധാരകള്‍ `മതവിശുദ്ധി’യുടെയും വരേണ്യതയുടെയും തിരിച്ചുവരവ്‌ എളുപ്പമാക്കി. ഇതിനുപിറകില്‍ പ്രവര്‍ത്തിച്ച മൂലധനതാല്‍പര്യം തിരിച്ചറിയപ്പെട്ടില്ല. സംഘര്‍ഷങ്ങളെല്ലാം ഭാഷക്കെതിരായോ മതത്തിനെതിരായോ മാത്രമായി അടയാളപ്പെട്ടു. ഈ ഒളിയുദ്ധമാണ്‌ യഥാര്‍ത്ഥത്തില്‍ സാമ്രാജ്യത്വ പിന്തുണയുള്ള സ്വത്വരാഷ്‌ട്രീയം.

ഫിനാന്‍സ്‌ മൂലധനത്തിന്റെ രാഷ്‌ട്രീയതാല്‍പര്യം പക്ഷേ, സംഘപരിവാരങ്ങളുടെ രാഷ്‌ട്രീയ പാര്‍ട്ടിക്കൊപ്പം ഉറച്ചുനിന്നില്ല. അത്‌ കുറേക്കൂടി മതേതരമായ രാഷ്‌ട്രീയ പ്രസ്ഥാനത്തിലൂടെ അജണ്ട നടപ്പാക്കാനാണ്‌ ആഗ്രഹിച്ചത്‌. പുത്തന്‍ സാമ്പത്തികനയത്തിന്റെ മൂലധനാധിനിവേശം നിര്‍വഹിക്കപ്പെടുമ്പോള്‍ അതിനു മറയിടാനുള്ള ഫാഷിസ്റ്റ്‌ സ്വഭാവമാര്‍ന്ന ഹിന്ദുത്വ വര്‍ഗീയതയും ന്യൂനപക്ഷ തീവ്രവാദവും ഭീകരവാദവുമൊക്കെത്തമ്മിലുള്ള ഒത്തുകളിക്ക്‌ കരുക്കള്‍ നീക്കാന്‍ സാമ്രാജ്യത്വം ഉല്‍സാഹിച്ചു. പുറമെ കണ്ട ഫാഷിസ്റ്റ്‌ പ്രവണതകളേക്കാള്‍ അതിലേക്ക്‌ പ്രേരിപ്പിക്കുന്ന ഫിനാന്‍സ്‌ മൂലധനത്തിന്റെ അക്രാമകമായ അധിനിവേശം ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു. ഫാഷിസ്റ്റു വിരുദ്ധ സമരത്തിന്റെയും മുഖ്യകടമ ഈ ഫിനാന്‍സ്‌ മൂലധനത്തിന്റെ കുതിച്ചുകയറ്റത്തിനെതിരായ സമരമാകുന്നു. എന്നാല്‍, വന്നുകഴിഞ്ഞ ഫിനാന്‍സ്‌ മൂലധനാധിനിവേശത്തേക്കാള്‍ വരാനിരിക്കുന്ന ഫാഷിസത്തെയാണ്‌ നേരിടേണ്ടതെന്നും അതിന്‌ ഇരകളുടെ ഐക്യം രൂപവത്‌കരിക്കേണ്ടതുണ്ടെന്നുമുള്ള മൂലധന രാഷ്‌ട്രീയത്തിന്റെ തന്നെ സ്വത്വസമസ്യകളില്‍ ചിലര്‍ക്ക്‌ കാലിടറുകയുണ്ടായി. ഫാഷിസ്റ്റുവത്‌കരണത്തെത്തന്നെ നിര്‍വീര്യമാക്കാന്‍ സംഹാരശേഷിയുള്ള ഫിനാന്‍സ്‌ മൂലധനത്തെ പിടിച്ചുകെട്ടേണ്ടതുണ്ടെന്ന്‌ അവര്‍ ഓര്‍ത്തില്ല. പകരം, സാമ്പത്തിക സമരത്തേക്കാള്‍ പ്രധാനമാണ്‌ സാംസ്‌കാരിക സമരമെന്ന്‌, വൈരുധ്യാത്മക ബന്ധമുള്ള രണ്ടു ഘടകങ്ങളെ വേര്‍പിരിച്ച്‌ മൂലധനസേവ നിര്‍വഹിക്കാനാണ്‌ അവര്‍ ശ്രമിച്ചത്‌.

V

ദലിദ്‌-കീഴാള-ആദിവാസി പ്രശ്‌നങ്ങളിലാകട്ടെ അവര്‍ക്കകത്ത്‌ വളര്‍ന്നുവരുന്ന സമരങ്ങളും അതിന്റെ സംഘടനാരൂപങ്ങളും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്‌. സാമൂഹികനീതിക്ക്‌ വേണ്ടിയുള്ള സമരം സാമ്പത്തിക നീതിക്കുവേണ്ടിയുള്ള സമരമായും പൊതു സാമൂഹിക ഘടനയിലെ അധികാരഭ്രമം തുറന്നു കാട്ടലായും രൂപപ്പെടുത്തേണ്ട ഉത്തരവാദിത്തം സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തിന്റേതാണ്‌. സമരങ്ങളെല്ലാം മൗലികപ്രശ്‌നങ്ങളില്‍ ഊന്നിയതാണെന്ന്‌ കണ്ടെത്തുമ്പോള്‍ത്തന്നെ സാമ്രാജ്യത്വം മോഹിക്കുന്നതുപോലെ സ്വത്വരാഷ്‌ട്രീയ വ്യവഹാരങ്ങളില്‍ അവയെ തളച്ചിട്ടുകൂടാ എന്ന തിരിച്ചറിവും ആവശ്യമുണ്ട്‌. കീഴാളവിഭാഗങ്ങള്‍ക്കുള്ള സംവരണം തുടരണമെന്ന്‌ നാം ആഗ്രഹിക്കുന്നത്‌ സംവരണമില്ലാതെ അവര്‍ക്ക്‌ നിലനില്‍ക്കാവുന്ന ഒരു കാലത്തിന്റെ ഉദയത്തിന്‌ വേണ്ടിയാണ്‌. എല്ലാ കാലത്തും മറ്റാരെങ്കിലും താങ്ങിനിര്‍ത്തേണ്ടതായി ഒരു ജനവിഭാഗവും ഭൂമിയില്‍ ഉണ്ടായിക്കൂടാ.

ഭൂപരിഷ്‌കരണം കീഴാള ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്‌. എന്നാല്‍, അത്‌ വിപ്ലവകരമായ മാറ്റമാക്കി വളര്‍ത്താന്‍ നമുക്ക്‌ കഴിഞ്ഞിട്ടുമില്ല. അദ്ധ്വാനിക്കുന്നവന്‌ ഭൂമിയുടെ അവകാശം പത്തു സെന്റിന്റെ ആനുകൂല്യമില്ല. പ്രകൃതിവിഭവങ്ങളിലുള്ള തുല്യാവകാശം ജന്മസിദ്ധമാണ്‌. എന്നാല്‍, നിയമമാക്കാന്‍ കഴിഞ്ഞ ചെറിയ ആനുകൂല്യത്തെത്തന്നെ കാര്‍ഷിക പരിഷ്‌കരണത്തിന്റെയും കുറേക്കൂടി വികസിച്ച ഭൂവിതരണ-ഭൂവിനിയോഗ പദ്ധതികളുടെയും ഭാഗമാക്കാനുള്ള സമരം ശക്തിപ്പെടുത്താന്‍ നമുക്ക്‌ സാധിച്ചിട്ടില്ല. കീഴാള വിമോചനത്തിന്റെ സമരപാതയില്‍ അതും വിഷയങ്ങളാണ്‌.

സ്‌ത്രീവിമോചനത്തിന്റെ പ്രശ്‌നവും ഇത്തരത്തിലുള്ളതാണ്‌. മുപ്പതോ മുപ്പത്തിമൂന്നോ ശതമാനം സംവരണത്തിന്റെ ആനുകൂല്യമല്ല സ്‌ത്രീയുടെ വിഷയം. ജനസംഖ്യയില്‍ പകുതിയോ അതിലേറെയോ ഉള്ള സ്‌ത്രീകള്‍ക്ക്‌ ജനസംഖ്യാനുപാതത്തിലുള്ള പ്രാതിനിധ്യം അവകാശംതന്നെയാണ്‌. ഇത്‌ എല്ലാ മണ്‌ഡലങ്ങളിലും സാധിച്ചുകിട്ടുകയും വേണം. എന്നാല്‍, നിയമനിര്‍മാണസഭകള്‍ മാത്രമല്ല, പൊതുബോധത്തേയും ജീവിതത്തെയും നിര്‍ണ്ണയിക്കുന്ന സ്ഥൂലവും സൂക്ഷ്‌മവുമായ എല്ലാ അധികാരഘടനകളും സ്വത്തവകാശത്തിന്റെയും അതുവഴി പുരുഷാധിപത്യ സമൂഹത്തന്റെയും താല്‍പര്യം സംരക്ഷിക്കുന്നവയാണ്‌. സ്‌ത്രീയനുഭവങ്ങളും മൂലധന താല്‍പര്യങ്ങളും തമ്മിലുള്ള സംഘര്‍ഷമാണ്‌ കുടുംബ-സാമൂഹിക ബന്ധങ്ങളിലെല്ലാം മുഴങ്ങുന്നത്‌. യഥാര്‍ത്ഥത്തില്‍ ശബ്‌ദമില്ലാത്തത്‌ പുരുഷനാണ്‌. അവന്റേത്‌ മൂലധനത്തിന്റെ ശബ്‌ദമായി കൂടിക്കുഴഞ്ഞിരിക്കുന്നു. അതിനാല്‍, പുരുഷനെ, അവന്‍ അകപ്പെട്ട മൂലധന-അധികാരഘടനയുടെ നില്‍പ്പിടത്തില്‍ തുറന്നുകാട്ടുകയും കലഹിക്കുകയും ചെയ്യാന്‍ സ്‌ത്രീപക്ഷ വിചാരം പ്രതിജ്ഞാബദ്ധമാണ്‌. മൂലധനത്തിന്റെ ഘടനയില്‍നിന്നും നിയമങ്ങളില്‍നിന്നും വിമുക്തരാകുമ്പോള്‍ സ്‌ത്രീയും പുരുഷനും പങ്കുവെക്കുന്ന പുതിയ മാനവികത തീര്‍ച്ചയായും യാഥാര്‍ത്ഥ്യമാകും. ലിംഗപരമായ കേവല ഭിന്നതയോ കേവലൈക്യമോ നല്‍കുന്ന (ലെസ്‌ബിയന്‍, ഗേ വിഷയങ്ങളുള്‍പ്പെടെ) ആഹ്ലാദമോ കൗതുകമോ അല്ല മുഖ്യ പ്രശ്‌നം-തിരിച്ചറിയുകയും വിമോചിപ്പിക്കപ്പെടുകയും ഐക്യപ്പെടുകയും ചെയ്യേണ്ട സ്വന്തം സ്വത്വവും പരസ്വത്വവും നിലനില്‍ക്കുന്ന അധികാര ഘടനയുടെ സഹജഭാവങ്ങളില്‍നിന്ന്‌ വിമുക്തമാകുന്നില്ല എന്നതാണ്‌. അതുകൊണ്ട്‌ ഏതുതരം തിരിച്ചറിവിലും ഐക്യത്തിലും പ്രണയത്തിലും ഒരു സമരത്തിന്റെ അനിവാര്യത ഒളിച്ചുകിടപ്പുണ്ട്‌.

ജൂലായ്‌ 2005

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )