Article POLITICS

പാചകവാതകമെടുത്തു ജനങ്ങള്‍ക്കെതിരെ യുദ്ധം

സമീപകാലത്തെ ഏറ്റവും ജനവിരുദ്ധമായ നയവും അതിന്റെ നടത്തിപ്പും നാം അനുഭവിച്ചറിഞ്ഞത്‌ പെട്രോളിയം ഉത്‌പ്പന്നങ്ങളുടെ വിലക്കയറ്റത്തിലും പാചക വാതക വിതരണ നിയന്ത്രണത്തിലുമാണ്‌. സാധാരണക്കാരന്റെ ജീവിതത്തെ വലിയ പ്രതിസന്ധിയിലേക്കാണ്‌ അതു തള്ളിവിട്ടിരിക്കുന്നത്‌. നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില ക്രമാതീതമായി വര്‍ദ്ധിച്ചു. ഇക്കഴിഞ്ഞ പെരുന്നാള്‍ – ഓണം സീസണ്‍, കടബാദ്ധ്യതകളിലേക്കു കൂപ്പുകുത്തുന്ന കേരളീയ കീഴാള മധ്യവര്‍ഗ ജീവിതങ്ങളുടെ സഹനകാലമായിരുന്നു.

ആഗോളവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ നടപ്പാക്കിത്തുടങ്ങുന്നതിനു തൊട്ടുമുമ്പ്‌ നമ്മുടെ നാളികേരത്തിന്‌ ഇന്നത്തേതിന്റെ ഇരട്ടി വിലയുണ്ടായിരുന്നു. അന്നു പെട്രോളിനു വില ലിറ്ററിന്‌ എട്ടുരൂപ അമ്പതു പൈസയായിരുന്നു. ഡീസലിനു മൂന്നു രൂപ അമ്പതു പൈസയും മണ്ണെണ്ണയ്‌ക്കു രണ്ടു രൂപ ഇരുപത്തിയഞ്ചു പൈസയും പാചക വാതക സിലിണ്ടറിന്‌ അമ്പത്തിയേഴു രൂപ അറുപതു പൈസയുമായിരുന്നു വില. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നരസിംഹറാവു പ്രധാനമന്ത്രിയും മന്‍മോഹന്‍സിംഗ്‌ ധനമന്ത്രിയുമായി ആരംഭിച്ച ഉദാരവത്‌ക്കരണ ഇന്ദ്രജാലങ്ങള്‍ സ്ഥിതിഗതികള്‍ മാറ്റിമറിച്ചു. മുപ്പതുകളിലെ ബോംബെ ഉടമ്പടിയും നെഹ്‌റുവിയന്‍ ക്ഷേമരാഷ്‌ട്ര നടപടികളും പഞ്ചവത്സരപദ്ധതികളും അവയ്‌ക്കു പിറകിലെ സാമ്പത്തിക രാഷ്‌ട്രീയ ദര്‍ശനങ്ങളും ചവിട്ടിമെതിച്ചുകൊണ്ട്‌ സാമ്രാജ്യത്വ സാമ്പത്തികാധിനിവേശത്തിന്‌ അവര്‍ നിലമൊരുക്കിക്കൊടുത്തു. വ്യവസ്ഥകളെല്ലാം ഉദാരമാക്കിക്കൊണ്ട്‌ കോര്‍പ്പറേറ്റുകള്‍ക്കു മുന്നില്‍ വിപണിവാതിലുകള്‍ തുറന്നുകൊടുത്തു. 1994ല്‍ പെട്രോള്‍വില 16.78രൂപയായും ഡീസലിന്റേത്‌ 6.98രൂപയായും ഉയര്‍ന്നു.

പത്തു വര്‍ഷം പിന്നിടുമ്പോള്‍ ഭരണം മാറിമാറി വന്നെങ്കിലും ഉദാരവത്‌ക്കരണ സാമ്പത്തിക നയ സമീപനങ്ങളില്‍ മാറ്റമൊന്നുമുണ്ടായില്ല. 2005ലെത്തുമ്പോള്‍ പെട്രോള്‍വില 43.49രൂപയായും ഡീസലിന്റേത്‌ 30.45രൂപയായും ഉയര്‍ന്നിരുന്നു. 2010ലെത്തുമ്പോള്‍ പെട്രോളിന്‌ പതിനഞ്ചു രൂപയും ഡീസലിന്‌ 9രൂപയും വര്‍ദ്ധിച്ചു. പാചക വാതകത്തിന്‌ ഇക്കാലത്ത്‌ 345.35 രൂപയായി. തൊണ്ണൂറുകള്‍ അവസാനിക്കുമ്പോഴേക്കും പാചകവാതകത്തിന്‌ 146രൂപയിലെത്തിയിരുന്നു. 2000 ആരംഭത്തില്‍ അത്‌ 196.55രൂപയായും മാസങ്ങള്‍ക്കകം 232.25 രൂപയായും ഉയര്‍ന്നു. ഇക്കാലത്തിനിടെ പെട്രോളിയം ഉത്‌പ്പന്നങ്ങളുടെ വില നിയന്ത്രണം പൂര്‍ണമായും കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലേക്കു വഴുതി. സാമ്രാജ്യത്വ സാമ്പത്തിക സ്ഥാപനങ്ങളുടെ നിര്‍ദ്ദേശാനുസരണം മാത്രം ചലിക്കുന്ന ഉപകരണമായി നമ്മുടെ ജനാധിപത്യസര്‍ക്കാര്‍ തരംതാണു. 2012 സെപ്‌തംബറില്‍ പാചകവാതക വില കൂട്ടുകയും സിലിണ്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്‌തു.

2010ലെ സബ്‌സിഡിയുള്ള പാചകവാതക വില 345.35 രൂപയായിരുന്നത്‌ ഒരു വര്‍ഷത്തിനകം ആദ്യം 347 രൂപയായും പിന്നീട്‌ 468.50 രൂപയായുമാണ്‌ ഉയര്‍ന്നത്‌. സബ്‌സിഡി നിരക്കിലുള്ള സിലിണ്ടറുകളുടെ എണ്ണം ആറായി നിജപ്പെടുത്തുകയും കൂടുതല്‍ ആവശ്യമുള്ളതിന്‌ 883 രൂപ വിലയാകുകയും ചെയ്‌തു. കോര്‍പ്പറേറ്റുകളുടെ തോന്നിയതുപോലെയുള്ള വില നിര്‍ണയം മാത്രമല്ല,ഗവണ്‍മെന്റിന്റെ സര്‍വ്വ നികുതികളുടെയും അടിച്ചേല്‍പ്പിക്കലും പെട്രോളിയം ഉത്‌പ്പന്നങ്ങളിലാണ്‌ അരങ്ങേറുന്നത്‌. സാമ്രാജ്യത്വ ധനകാര്യ സ്ഥാപനങ്ങളും കോര്‍പ്പറേറ്റുകളും ഭരണ-രാഷ്‌ട്രീയ നേതൃത്വങ്ങളും ഉദ്യോഗസ്ഥവൃന്ദവും ഒന്നിക്കുന്ന ഒരു അവിഹിതസഖ്യമാണ്‌ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്‌.

വികസിത രാജ്യങ്ങളില്‍ സബ്‌സിഡി എത്രയുമാവാമെങ്കിലും ഇതര രാഷ്‌ട്രങ്ങളില്‍ സബ്‌സിഡി പാടില്ലെന്നാണ്‌ സാമ്രാജ്യത്വകല്‍പ്പന. ദക്ഷിണ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ പെട്രോളിയം പ്രകൃതി വാതക ഇനങ്ങളില്‍ സബ്‌സിഡി നല്‍കാന്‍ റവന്യൂ വരുമാനത്തിന്റെ വലിയൊരുഭാഗം ചെലവഴിക്കുന്നുവെന്നാണ്‌ ലോകബാങ്ക്‌ കണ്ടുപിടിച്ചിരിക്കുന്നത്‌. പെട്രോളിയം ഉത്‌പ്പന്നങ്ങള്‍ക്ക്‌ ഇന്ത്യ 6.75ഉം ബംഗ്ലാദേശ്‌ 7.56ഉം ശ്രീലങ്ക 7.99ഉം ഇന്തോനേഷ്യ 14.51ഉം ശതമാനമാണ്‌ ചെലവഴിക്കുന്നത്‌. ഗ്യാസിനാകട്ടെ, ഇന്ത്യ 0.9ഉം ബംഗ്ലാദേശ്‌ 13.45ഉം മലേഷ്യ 1.41ഉം പാക്കിസ്ഥാന്‍ 19.89ഉം ശതമാനം ചെലവു വരുത്തുന്നു. ഇങ്ങനെ സബ്‌സിഡി നല്‍കുമ്പോള്‍തന്നെ ഇവയുടെ വില ഇന്ത്യയില്‍ അയല്‍ രാജ്യങ്ങളിലുള്ളതിനെക്കാള്‍ എത്രയോ കൂടുതലാണ്‌. രാജ്യത്തിനകത്തെ നികുതി വര്‍ദ്ധനവാണ്‌ കാരണം. അതാകട്ടെ കാലാകാലങ്ങളായി സാമ്രാജ്യത്വ ധനകാര്യ സ്ഥാപനങ്ങള്‍ക്കു ഒരു നിയന്ത്രണവുമില്ലാതെ വഴിപ്പെട്ടതിന്റെ ഫലംകൂടിയാണ്‌. അവയുടെ പുനസംഘടനാ അജണ്ടക്കു നാം തലവെച്ചുകൊടുത്തതാണ്‌. ഇപ്പോള്‍ സാമ്രാജ്യത്വം നമ്മെ പാതാളത്തിലേക്കു ചവിട്ടിത്താഴ്‌ത്തുകയാണ്‌.

2009 സെപ്‌തംബര്‍ 24,25തീയതികളില്‍ അമേരിക്കയിലെ പീറ്റ്‌സ്‌ബര്‍ഗില്‍ ചേര്‍ന്ന ജി-20 രാജ്യങ്ങളുടെ നേതൃയോഗത്തില്‍ ചര്‍ച്ചക്കുവന്ന പ്രധാന വിഷയം ഊര്‍ജ്ജമേഖലയില്‍ സബ്‌സിഡികള്‍ എങ്ങനെ കുറച്ചുകൊണ്ടുവരാമെന്നതായിരുന്നു. ഗുണഭോക്താക്കള്‍ക്ക്‌ ഉപാധികളോടെ നിയന്ത്രിതമായി പണം എത്തിച്ചുകൊണ്ടാണെങ്കിലും സബ്‌സിഡി നിയന്ത്രണം സാദ്ധ്യമാക്കണമെന്നായിരുന്നു ലോകബാങ്ക്‌ നിര്‍ദ്ദേശം. ഇത്‌ അക്ഷരംപ്രതി അനുസരിക്കുകയായിരുന്നു ഇന്ത്യന്‍ ഭരണാധികാരികള്‍. ഡയറക്‌റ്റ്‌ ബെനിഫിറ്റ്‌ ട്രാന്‍സ്‌ഫര്‍ പദ്ധതി എങ്ങനെ ഫലപ്രദമായി നടപ്പാക്കാമെന്നു ചര്‍ച്ചചെയ്യാന്‍ ആസൂത്രണബോര്‍ഡ്‌ 2013 ഏപ്രില്‍ 29ന്‌ ജില്ലാകലക്‌ടര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്തു. 54ജില്ലകളിലെ പരീക്ഷണങ്ങളുടെ കൂടി അടിസ്ഥാനത്തിലായിരുന്നു അത്‌. പാചക വാതക സിലിണ്ടറുകള്‍ ഡയറക്‌റ്റ്‌ ബെനിഫിറ്റ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്യാനുള്ള പദ്ധതികളാരംഭിച്ചു. ഇതിന്‌ ആധാര്‍ രജിസ്‌ത്രേഷന്‍ നിര്‍ബന്ധിതമാക്കി.

ആധാറിന്റെ സാധുതതന്നെ ചോദ്യംചെയ്‌തുകൊണ്ട്‌ സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലാണ്‌. അതില്‍ തീര്‍പ്പുണ്ടായിട്ടില്ല. ആധാറിനു നിയമപ്രാബല്യം നല്‍കാന്‍ ലോകസഭക്കു സാധിച്ചിട്ടില്ലെന്ന ആരോപണം നിലനില്‍ക്കുന്നു. അതുകൊണ്ടാവണം പാര്‍ലമെന്ററി കാര്യമന്ത്രി മെയ്‌ 8നും ആഗസ്‌ത്‌ 23നും ഗ്യാസ്‌ ലഭിക്കാന്‍ ആധാര്‍ രജിസ്‌ത്രേഷന്‍ നിര്‍ബന്ധിതമാക്കില്ലെന്ന്‌ ലോകസഭയില്‍ പ്രസ്‌താവിച്ചത്‌. ലോകസഭയിലെ ഈ ഉറപ്പു ലംഘിച്ചുകൊണ്ട്‌ പെട്രോളിയം പ്രകൃതിവാതക വകുപ്പ്‌ ആഗസ്‌ത്‌ 27ന്‌ പത്രക്കുറിപ്പു പുറത്തിറക്കി.. ലോകസഭയില്ല യജമാനന്മാരിരിക്കുന്നതെന്ന്‌ മന്ത്രിയും ഉദ്യോഗസ്ഥരും വിളിച്ചുപറയുകയാണ്‌. ആധാറിന്റെ ഈ പ്രയോജനം ചൂണ്ടിക്കാട്ടിയത്‌ ഐ.എം.എഫും ലോകബാങ്കുമാണ്‌. മലേഷ്യയിലെ മൈകാഡും തായ്‌ലന്റിലെ സ്‌മാര്‍ട്ട്‌ കാര്‍ഡും പ്രയോജനപ്പെടുത്തിയ രീതി അവരുടെ പഠനങ്ങള്‍ വിശദമാക്കുന്നുണ്ട്‌. മലേഷ്യയിലെ മൈകാഡ്‌ ആള്‍-ഇന്‍ – വണ്‍ കാര്‍ഡാണ്‌. തിരിച്ചറിയല്‍, എ.ടി.എം, ഡ്രൈവിംഗ്‌ ലാസന്‍സ്‌, ആരോഗ്യവിവരം എന്നിങ്ങനെ എല്ലാ ആവശ്യങ്ങള്‍ക്കുമുള്ള ഒറ്റക്കാര്‍ഡാണത്‌. ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യസംരംഭമാണത്രെ അത്‌. ഒരോ വ്യക്തിയുടെയും പരിപൂര്‍ണ വിവരം ലഭ്യമാക്കുന്ന പദ്ധതിയാണിത്‌. ആധാര്‍ ചര്‍ച്ച വന്നപ്പോള്‍ ദുര്‍ബ്ബലമായാണെങ്കിലും ഇന്ത്യയിലുയര്‍ന്ന പ്രധാനവിമര്‍ശം വ്യക്തി സ്വാതന്ത്ര്യവും സ്വകാര്യതയും ഉറപ്പുതരുന്ന ഒരു ഭരണഘടന നമുക്കുണ്ടെന്നതായിരുന്നു. ഭരണഘടന പൊളിച്ചെഴുതിയാണെങ്കിലും പൗരന്മാരുടെ ബയോമെട്രിക്‌ വിവരങ്ങള്‍ ചോര്‍ത്താനിരിക്കുന്ന സാമ്രാജ്യത്വത്തിനു മുന്നില്‍ നമ്മുടെ ഭരണാധികാരികളുടെ മുട്ടു വിറയ്‌ക്കുകയാണ്‌.

തൊഴിലും കിടപ്പാടവും ഭക്ഷണവും ആരോഗ്യവും വിദ്യാഭ്യാസവും സുരക്ഷയുമെല്ലാം മൗലികാവകാശങ്ങളായി കരുതുന്ന ഒരു രാജ്യത്താണ്‌ അതെല്ലാം മത്സരച്ചന്തയിലെറിഞ്ഞ്‌ ഒരു ഗവണ്‍മെന്റ്‌ നോക്കുകുത്തിയായി മാറുന്നത്‌. കയ്യൂക്കുണ്ടെങ്കില്‍ ജീവിച്ചാല്‍ മതി എന്നായിരിക്കുന്നു സര്‍ക്കാര്‍ നിലപാട്‌. ഇന്ത്യയിലെ ദരിദ്രലക്ഷങ്ങളുടെ പിച്ചച്ചട്ടിയില്‍നിന്ന്‌ ബാങ്കുകളിലേക്ക്‌ എന്തുകിട്ടുമെന്നാണ്‌ നോട്ടം. ചില്ലറത്തുട്ടുകളെ കോടികളാക്കുന്ന മായാജാലം മന്‍മോഹന്‌ പ്രിയപ്പെട്ടതായിരിക്കുന്നു. തൊഴിലോ ഭൂമിയോ ഇല്ലാതെ പുറമ്പോക്കില്‍പോലും ഒരാളും ജീവിച്ചുകൂടാ. ഗ്യാസ്‌ സിലിണ്ടറിന്‌ ആയിരവും ആയിരത്തഞ്ഞൂറുമായി വില ഉയരുമ്പോള്‍ ഭക്ഷ്യവസ്‌തുക്കള്‍ക്കെല്ലാം വിലകൂടും. ഹോട്ടലിനെ ആശ്രയിക്കുക പ്രയാസം. സബ്‌സിഡിയുള്ള സിലിണ്ടര്‍തന്നെ സംഘടിപ്പിക്കണമെങ്കില്‍ പ്രതിമാസം വര്‍ദ്ധിക്കുന്ന വില നല്‍കണം. അതു വേണമെങ്കില്‍ ബാങ്കിലേക്കുള്ള വഴിയറിയാത്ത ലക്ഷങ്ങള്‍ക്കു ബാങ്ക്‌ അക്കൗണ്ട്‌വേണം. എന്തിനാണ്‌ ഈ പൊല്ലാപ്പെല്ലാം? സബ്‌സിഡിതുക ഗ്യാസ്‌ ഏജന്‍സിക്കോ ഓയില്‍കമ്പനിക്കോ നല്‍കാം എന്ന വ്യവസ്ഥ പോരേ?

അങ്ങനെ ചോദിക്കുമ്പോഴാണ്‌ പ്രശ്‌നത്തിന്റെ പൊരുള്‍ പുറത്തുചാടുന്നത്‌. സബ്‌സിഡിയോടെ ഗ്യാസ്‌ ലഭിക്കുമ്പോള്‍ അതു പൗരന്മാരുടെ അവകാശമാണെന്നും അങ്ങനെ നല്‍കല്‍ ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തമാണ്‌ എന്നും വരും. അതാണ്‌ നെഹ്‌റുവിയന്‍ ക്ഷേമരാഷ്‌ട്ര സിദ്ധാന്തത്തിന്റെ അടിസ്ഥാന ധാരണ. അതു മന്‍മോഹനന്‌ തിരുത്തണം. മാര്‍ക്കറ്റുവിലയാണ്‌ യാഥാര്‍ത്ഥ്യം. കോര്‍പ്പറേറ്റുകളാണ്‌ വിധാതാക്കള്‍. അവരുടെ തീരുമാനങ്ങളെ ചോദ്യംചെയ്യാനോ തിരുത്താനോ ആര്‍ക്കും അവകാശമില്ല. കുറെ സൗജന്യം അനുഭവിച്ചവരായതുകൊണ്ട്‌ പെട്ടെന്നു നിര്‍ത്തുന്നില്ല. വില കൂടിക്കൊണ്ടിരിക്കും.സൗജന്യസംഖ്യ കുറഞ്ഞുകൊണ്ടും. കിട്ടുന്നത്‌ കിട്ടുന്നകാലം വാങ്ങാമെന്നേ പറയാനാവൂ. കോര്‍പ്പറേറ്റുകള്‍ക്ക്‌ ഗവണ്‍മെന്റ്‌ കൊടുക്കാമെന്നാണ്‌ ധാരണയുണ്ടാക്കുന്നതെങ്കില്‍ സബ്‌സിഡിതുകയ്‌ക്കു ഗ്യാസ്‌ പൗരന്മാര്‍ക്കു കിട്ടുമെന്നത്‌ നേരാണ്‌. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്കുള്ള വിഹിതം കുറയുകയോ നിലയ്‌ക്കുകയോ ചെയ്‌താല്‍ ഗവണ്‍മെന്റ്‌ വിവരമറിയും. ചങ്ങാത്തമുതലാളിത്തത്തില്‍ ചതി പാടില്ലെന്ന്‌ പ്രതിപക്ഷത്തിനുപോലും അറിയാം. അതിനാല്‍ പറ്റിക്കാന്‍ നല്ലത്‌ ജനങ്ങള്‍ എന്ന കഴുതകളെയാണ്‌.

പാചക വാതക വിതരണത്തിലെ ഈ ഡയറക്‌റ്റ്‌ ബെനിഫിറ്റ്‌ ട്രാന്‍സ്‌ഫര്‍ എന്ന ചതി ഏറ്റവും മോശമായി ബാധിക്കുക കേരളത്തിലെ ഇടത്തരക്കാരെയാണ്‌. പുതിയ വിപണിയിലെ പ്രധാന ചാലകശക്തിയാണവര്‍. അവരെ മുച്ചൂടും മുടിക്കാനുള്ള പദ്ധതിപ്പെരുമഴകളിലൊന്നാണിത്‌. പെന്‍ഷന്‍ പദ്ധതിയും മറ്റു വികസന പദ്ധതികളും തിരിച്ചറിയാത്തപോലെ അഥവാ തിരിച്ചറിഞ്ഞെങ്കില്‍തന്നെ എല്ലാം എന്റെ പാര്‍ട്ടി/മതം നോക്കിക്കൊള്ളുമെന്ന നിത്യസമാധാനത്തില്‍ നിസ്സംഗരാവുന്നതാവും സുഖപ്രദം. ഇങ്ങനെ ഇനിയെത്രകാലം എന്നേ നോക്കേണ്ടതുള്ളു.

18 സെപ്‌തംബര്‍ 2013

2 അഭിപ്രായങ്ങള്‍

  1. സര്‍ പറഞ്ഞതൊക്കെ ശരി …വിമര്‍ശിക്കുന്നതോടൊപ്പം നമുക്ക് ബദല്‍ മാര്‍ഗങ്ങള്‍ സമാന്തരമായി പ്രാവര്‍ത്തികമാക്കി കാണിച്ചു കൊടുത്തുകൂടെ ?ഉദാഹരണത്തിന് നമ്മുടെ നാട് പ്രത്യേകിച്ച് കേരളം ഒരു കാര്‍ഷിക മേഖലയെ ആശ്രയിച്ചിരുന്ന ഒന്നായിരുന്നില്ലേ ..ഇന്ന് എന്താണ് സ്ഥിതി …ആഗോളവല്‍ക്കരണവും ,സ്വതന്ത്ര വ്യാപാരക്കരാറും മറ്റും നമുക്ക് എന്തു കൊണ്ടാണ് അല്ല്പമെങ്കിലും ഉപയോഗപ്പെടുത്താന്‍ കഴിയാതെ പോയത് ..എന്ത് കൊണ്ടാണ് നമുക്ക് കരിവേപ്പിലയുഎ കാര്യത്തില്‍ പോലും സ്വയം പര്യാപ്തത നിലനിര്‍ത്താന്‍ കഴിയാതെ പോയത് …

    Like

  2. ഞാന്‍ JE ആയി ജോലി തുടങ്ങിയപ്പോള്‍ 1973 ല്‍ എന്‍റെ ശമ്പളം Rs. 500/- (Pay + allowances) ആയിരുന്നു. അതായത് ഒരു ദിവസത്തെ വേതനം 16 രൂപ 66 പൈസ. അന്ന് LPG വില 20 രൂപ. LPG വാങ്ങാന്‍ ഒരു ദിവസത്തെ ശമ്പളം മതിയായിരുന്നില്ല. ഇന്നു ഒരു JE ക്ക് കിട്ടുന്നത് 30,000/- രൂപ (Including basic pay + other allowances) , ദിവസം 1000/- രൂപ. ഒരു ദിവസത്തെ ശമ്പളം കൊണ്ട് 2 സിലിണ്ടര്‍ വാങ്ങാം. ഒരു Daily wager ക്ക് കിട്ടുന്നത് Rs. 500/- to 650/- ഒരു ദിവസത്തെ കൂലി കൊണ്ട് ഒരു സിലിണ്ടെര്‍ വാങ്ങാന്‍ മതിയാകും. എഴുപതുകളില്‍ ഒരു ഡെയിലി വെജെര്‍ക്ക് മൂന്ന് ദിവസത്തെ കൂലി വേണമായിരുന്നു. ഇനി പറയു LPG യുടെ വില അത്രക്ക് വര്‍ദ്ധിച്ചിട്ടുണ്ടോ എന്ന്.
    ഇതു വെറുമൊരു പൊളിറ്റിക്കല്‍ പ്രോപ്പഗാണ്ട അല്ലെ? Authorised ഗ്യാസ് കണക്ഷ്ണന്‍ ഉള്ള ഒരാള്ക്ക്s‌ 480 രൂപക്ക് ഗ്യാസ് കിട്ടും. (Subsided – Linked with Adhar). ഒരു Daily wager ക്ക് ഒരു ദിവസത്തെ കൂലി കൊണ്ട് ഒരു സിലിണ്ടര്‍ വാങ്ങാം. സാധാരണ ഒരു കുടുംബത്തിനു ഒരു സിലിണ്ടെര്‍ 45 ദിവസം ഉപയോഗിക്കാം. അതായത്, ഒരു ദിവസത്തെ ഗ്യാസ് ഉപയോഗം 16 രൂപ. ഇതില്‍ എന്താ എത്ര “വല്ലാത്ത ചതി”?

    Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )