Article POLITICS

പ്രശ്‌നം പരിഹരിച്ചാല്‍ എക്‌സ്‌പ്രസ്‌ ഹൈവേ എത്രയോ ഭേദം

ഒരു ദശകത്തിനപ്പുറം കൊച്ചിയില്‍ നടന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ്‌ മീറ്റില്‍ വികസനക്കുതിപ്പിന്റെ സുവര്‍ണപാതാ പദ്ധതിയായാണ്‌ എക്‌സ്‌പ്രസ്‌ ഹൈവേ പ്രോജക്‌റ്റ്‌ അവതരിപ്പിക്കപ്പെട്ടത്‌. ആറായിരം കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ തയ്യാറാക്കിയെങ്കിലും അതു പ്രായോഗികമാക്കാനാവശ്യമായ ജനാനുകൂലവും പരിസ്ഥിത്യനുകൂലവുമായ മാര്‍ഗനിര്‍ദ്ദേശം തയ്യാറാക്കുന്നതില്‍ ഗവര്‍മെണ്ട്‌ പരാജയപ്പെട്ടു. കേരളത്തെ രണ്ടായി വിഭജിക്കുന്ന വന്മതിലായി അതു മാറിക്കൂടാ, നീരൊഴുക്കിനും കൃഷിക്കും തൊഴിലിനും സഹജീവിതത്തിനും വിലങ്ങാവാത്ത വിധം നിര്‍വ്വഹിക്കുമ്പോഴേ അതു ജനകീയ വികസനത്തിന്റെ ഭാഗമാകൂ എന്നെല്ലാമുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നു. കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ മാന്യമായ പുനരധിവാസം, മാര്‍ക്കറ്റു വിലയെക്കാള്‍ കുറവല്ലാത്ത നഷ്‌ടപരിഹാരം തുടങ്ങിയ ആവശ്യങ്ങള്‍ക്കും കാതുകൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കാസര്‍കോടുനിന്ന്‌ ആറുമണിക്കൂര്‍കൊണ്ട്‌ തിരുവനന്തപുരത്തെത്താമെന്നത്‌ പലവിധത്തില്‍ അസൗകര്യങ്ങളും പ്രതിസന്ധികളും നേരിടുന്ന ഇരകള്‍ക്ക്‌ ആകര്‍ഷകമായ വാഗ്‌ദാനമാകുന്നില്ല. ജീവനോപാധികള്‍കൂടി നഷ്‌ടമാകുന്നവര്‍ക്ക്‌ വില കൂടിയ ടോള്‍പ്പാത മരണപ്പാതയായേ ബോധ്യമായുള്ളു. സ്വാഭാവികമായും പ്രതിഷേധങ്ങള്‍ രൂപപ്പെട്ടു. വിവിധ സാമൂഹിക, പാരിസ്ഥിതിക സംഘടനകളും ജനകീയ ശാസ്‌ത്ര സാഹിത്യ പ്രസ്ഥാനങ്ങളും ചില യുവജന സംഘടനകളും സമരത്തില്‍ അണിനിരന്നു. വികസനത്തിലേക്കുള്ള കുതിപ്പ്‌ വിനാശത്തിലേക്കുള്ള കുതിപ്പാകരുതെന്ന്‌ അവര്‍ ഒറ്റശബ്‌ദത്തില്‍ മുന്നറിയിപ്പു നല്‍കി.

ഗവര്‍മെണ്ടിന്റെ സ്വപ്‌നപദ്ധതി പൊടുന്നനെ നിര്‍വീര്യമായി. ജനകീയസമരത്തിന്റെ വിജയമായി അതാഘോഷിക്കപ്പെട്ടു. എക്‌സ്‌പ്രസ്‌ ഹൈവേയെ ചെറുത്തു തോല്‍പ്പിച്ചതിന്റെ കീര്‍ത്തി ചൂടാന്‍ ഏറെപ്പേരുണ്ടായി. ഒരു ദശകത്തിനിപ്പുറം പഴയ ഒറ്റപ്പത്തിയുള്ള വിഷനാഗം ഭയാനകമാംവിധം പലപത്തികളുയര്‍ത്തി നൃത്തമാടുമ്പോള്‍,എന്തു സംഭവിക്കുന്നുവെന്ന്‌ തിരിച്ചറിയാന്‍പോലുമാകാത്ത ഒരു ജനതയായി നാം രൂപാന്തരപ്പെട്ടിരിക്കുന്നു. റോഡുവികസനത്തിനെതിരെ കുറെപ്പേര്‍ ഒച്ച വെക്കുന്നുവെന്നോ, ഏതു നല്ല കാര്യത്തിനും ഇങ്ങനെ കുറെ തടസ്സക്കാരുണ്ടാകുമെന്നോ ഒക്കെയുള്ള ഭര്‍ത്സനമാണ്‌ ഉയര്‍ന്നു കേള്‍ക്കുന്നത്‌. എല്ലാവരുടെയും സഹകരണത്തോടെ എല്ലാവര്‍ക്കും സൗകര്യങ്ങള്‍ എന്നതിനു പകരം ദുര്‍ബ്ബലരുടെ ചെലവില്‍ എല്ലാവര്‍ക്കും സൗകര്യങ്ങള്‍ എന്ന ജനാധിപത്യവിരുദ്ധ വികസന സങ്കല്‍പ്പം അധീശത്വം സ്ഥാപിച്ചിരിക്കുന്നു. ചിലര്‍ കുറച്ചൊക്കെ നഷ്‌ടം സഹിക്കാതെ എങ്ങനെ നാടു വികസിക്കും എന്നാണ്‌ ചോദ്യം. ഇതു മറ്റുള്ളവരോടു പറയാന്‍ ഇന്നു നമുക്കൊരു ജാള്യവുമില്ല. പകരം ആ നഷ്‌ടം എല്ലാവരുംകൂടി സഹിക്കാം, പൊതു ഫണ്ടില്‍നിന്നെടുത്ത്‌ നഷ്‌ടപ്പെടുന്നവര്‍ക്ക്‌ ആദ്യം ആശ്വാസമെത്തിക്കൂ എന്നു പറയാനുള്ള ധാര്‍മികതയും നീതിബോധവും നമുക്കെവിടെയോ കൈമോശം വന്നിരിക്കുന്നു. വീടില്‍നിന്നിറക്കിവിടപ്പെട്ടവര്‍ക്കു പകരം വീടു നല്‍കാതെ മറ്റൊരു വികസനത്തിനും തറക്കല്ലിട്ടുകൂടായെന്നോ അങ്ങനെയിടുന്ന കല്ല്‌ ഉറയ്‌ക്കുകയില്ലെന്നോ പറയാന്‍ നമുക്ക്‌ ഇന്നൊരു എകെജിയില്ല.

റോഡോ മൂലധനപ്പൊലിമയോ അല്ല വികസനം. ഒരു ജനതയെ ഒന്നിച്ചു മുന്നോട്ടു നയിക്കുന്നതാകുമ്പോഴേ ഏതു കൃത്യവും രാഷ്‌ട്രത്തിന്റെ വികസനമാവുകയുള്ളു. റോഡുകള്‍ വീതികൂടിയതാകണം, സൗകര്യങ്ങളുള്ളതാകണം എന്നത്‌ എല്ലാവരുടെയും സ്വപ്‌നമാണ്‌. അതു നടപ്പാക്കുക പ്രയാസകരവുമല്ല. നാട്ടിടവഴികള്‍ മിക്കതും റോഡുകളായ സംസ്ഥാനമാണ്‌ നമ്മുടേത്‌. എല്ലായിടത്തും എല്ലാവരും ഏറെ സഹിക്കുകയും അതിന്റെ ഗുണഫലം അനുഭവിക്കുകയും ചെയ്‌തിട്ടുണ്ട്‌. ജില്ലകളേയും സംസ്ഥാനങ്ങളേയും ബന്ധിപ്പിക്കുന്ന പൊതുനിരത്തുകള്‍ മനുഷ്യരുടെ സ്വാഭാവിക സഞ്ചാരത്തിന്റെ മാത്രമല്ല, മൂലധന വ്യാപാര സഞ്ചാരത്തിന്റെകൂടി ജീവനാഡിയാണ്‌. അതിന്റെ വികസനം ഓരങ്ങളില്‍ ജീവിക്കുന്നവരുടെ മാത്രം ബാധ്യതയല്ല. ഇവിടെ രണ്ടുവിധത്തില്‍ അവര്‍ ഇരകളാക്കപ്പെടുന്നു. ജീവന്‍ നല്‍കണം വികസനത്തിന്‌ എന്ന ദയാരഹിതമായ മൂലധന നിശ്ചയമാണ്‌ ഒന്നാമത്തേത്‌. നിര്‍മിക്കപ്പെടുന്ന റോഡില്‍ സ്വതന്ത്ര സഞ്ചാരം നടത്തിക്കൂടാ എന്ന വിലക്കാണ്‌ രണ്ടാമത്തേത്‌. മൂലധനമൂര്‍ത്തികള്‍ക്കു മാത്രം സൈ്വരവിഹാരം നടത്താന്‍ തങ്ങളുടേതെല്ലാം പണയപ്പെടുത്തണമെന്ന നിര്‍ബന്ധമാണ്‌ ഗവര്‍മെണ്ട്‌ അവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്‌. ഇതെങ്ങനെ രാജ്യത്തിന്റെ വികസനമാകും?

എക്‌സ്‌പ്രസ്‌ ഹൈവേ പിഴവുകള്‍ പരിഹരിച്ച്‌ എങ്ങനെ പ്രയോജനകരമായ വിധത്തില്‍ പ്രായോഗികമാക്കാമെന്ന്‌ ചര്‍ച്ചയുണ്ടായില്ല. ചര്‍ച്ച എന്നതിനുതന്നെ മുഖ്യധാരാ രാഷ്‌ട്രീയകക്ഷികള്‍ ഒന്നിച്ചിരുന്നുള്ള കൂട്ടം പറയല്‍ എന്നോ ചായകുടി സല്‍ക്കാരമെന്നോ മാത്രമേ അര്‍ത്ഥമുള്ളു. ഇരകളാക്കപ്പെടുന്നവര്‍ക്ക്‌ അവിടെ ഇടമനുവദിക്കാറില്ല. അഞ്ഞൂറില്‍പ്പരം കിലോമീറ്റര്‍ നീളത്തില്‍ കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെയുള്ള അതിവേഗപാതയായിരുന്നുവല്ലോ എക്‌സ്‌പ്രസ്‌ ഹൈവേ. ആ ദൂരമത്രയും ഇപ്പോഴെടുക്കുന്ന പന്ത്രണ്ട്‌ മണിക്കൂറിനു പകരം ആറു മണിക്കൂര്‍കൊണ്ട്‌ യാത്രചെയ്‌തെത്താമെന്നായിരുന്നു കണക്കുകൂട്ടല്‍. അതിനു നൂറുമീറ്റര്‍ വീതിയിലുള്ള സ്ഥലമെടുപ്പാണ്‌ വിഭാവനം ചെയ്യപ്പെട്ടത്‌. അന്നത്തെ പൊതുമരാമത്തു മന്ത്രി ഡോ.എം.കെ മുനീര്‍ വിശദീകരിച്ചത്‌, ഈ സ്ഥലത്തിനകത്ത്‌ അതിവേഗ തീവണ്ടിപ്പാതയ്‌ക്കും ഗ്യാസ്‌ പൈപ്പുലൈനിനും ഊര്‍ജ്ജ-ജല വിതരണോപാധികള്‍ക്കും സൗകര്യമുണ്ടാകുമെന്നാണ്‌. ഇത്തരത്തിലൊരു തെക്കു വടക്കു വികസനപാത വേണ്ടെന്നുവെയ്‌ക്കുമ്പോള്‍ ഗവര്‍മെണ്ട്‌ ഒരു വിശദീകരണവും നല്‍കിയില്ല. ജനങ്ങളുടെ അസൗകര്യം കണക്കിലെടുത്ത്‌ വേണ്ടെന്നു വെച്ചു എന്നു കരുതുന്നത്‌ അയുക്തികമാണ്‌. ജനങ്ങളുടെ സൗകര്യം കണക്കിലെടുക്കുന്നവരായിരുന്നുവെങ്കില്‍ എത്രയോ മടങ്ങു പ്രതിസന്ധികളുണ്ടാക്കുന്ന പുതിയ പരീക്ഷണങ്ങള്‍ക്ക്‌ ഒരുങ്ങുമായിരുന്നില്ലല്ലോ.

നൂറു മീറ്ററിനകത്ത്‌ അതിവേഗ ഹൈവേ, തീവണ്ടിപ്പാത, ഗ്യാസ്‌പൈപ്പ്‌ലൈന്‍ എന്നിവയെല്ലാം എന്ന പദ്ധതി പിളര്‍ത്തി ഓരോന്നിനും ഓരോ ഭാഗത്തുകൂടി സ്ഥലമെടുപ്പും നിര്‍മ്മാണയത്‌നവുമാരംഭിക്കുമ്പോള്‍ ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഗവര്‍മെണ്ടിനും പ്രയാസംകൂടുന്നേയുള്ളു. ഇപ്പോള്‍ ഇവ മൂന്നിനുമുള്ള സ്ഥലമെടുപ്പ്‌ സമാന്തരമായി നടക്കുകയാണ്‌. കച്ചവട-നിര്‍മ്മാണപ്രവര്‍ത്തന ലോബികള്‍ക്കല്ലാതെ ഇതു മറ്റാര്‍ക്കാണ്‌ ആഹ്ലാദമുണ്ടാക്കുന്നത്‌? അപ്പോള്‍പിന്നെ എക്‌സ്‌പ്രസ്‌ ഹൈവേ വിഭജിച്ച്‌ അതിലെ ഉപദംശങ്ങളോരോന്നും ഓരോ വന്‍കിടസംരംഭങ്ങളായി മാറുന്നത്‌ ജനകീയ വികസനത്തിന്റെ ഭാഗമായല്ല എന്നു വ്യക്തം. എക്‌സ്‌പ്രസ്‌ ഹൈവേ ചുങ്കപ്പാതയായി നിലനിന്നാലും നമ്മുടെ പരമ്പരാഗത ദേശീയപാതകള്‍ ജനങ്ങളുടെ സൗജന്യയാത്രക്കുതകുമായിരുന്നു. ജനങ്ങളുടെ സഞ്ചാരാവകാശമെങ്കിലും സംരക്ഷിക്കപ്പെടുമായിരുന്നു. പഴയതിലും വലിയ നരകമാണ്‌ തുറന്നിരിക്കുന്നത്‌. പാളിച്ചകള്‍ പരിഹരിച്ച്‌ ഒരു എക്‌സ്‌പ്രസ്‌ ഹൈവേ നമ്മുടെ തലയ്‌ക്കു മുകളിലൂടെ നിര്‍മിക്കാന്‍ ഇത്രയേറെ ചെലവോ ശ്രമമോ വേണ്ടിവരുമായിരുന്നില്ല. അതിവേഗ തീവണ്ടിപ്പാതയ്‌ക്കുമാത്രം ഇപ്പോള്‍ കണക്കാക്കിയിരിക്കുന്ന ചെലവ്‌ ഒന്നര ലക്ഷം കോടിരൂപയാണ്‌. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ്‌ അത്‌ ഭയാനകമാംവിധം പെരുപ്പിക്കുമെന്നും തീര്‍ച്ച.

തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോഴാണെങ്കിലും കേന്ദ്രമന്ത്രി ഓസ്‌ക്കാര്‍ ഫെര്‍ണാണ്ടസ്‌ മുപ്പതു മീറ്ററിലും ദേശീയപാതയാവാമെന്നു സമ്മതിച്ചിരിക്കുന്നു. നേരത്തേ വി.എസ്‌ സര്‍ക്കാറും സര്‍വ്വകക്ഷിയോഗവും ഒറ്റശബ്‌ദത്തിലാവശ്യപ്പെട്ടതും പിന്നീട്‌ അവര്‍തന്നെ വിഴുങ്ങിയതുമായ ആവശ്യമാണ്‌ ഓസ്‌ക്കാര്‍ ഫര്‍ണാണ്ടസ്‌ അംഗീകരിച്ചിരിക്കുന്നത്‌. എക്‌സ്‌പ്രസ്‌ ഹൈവേ പദ്ധതിയുടെ രൂപരേഖയുണ്ടാക്കുന്നതിനു മുന്നോടിയായി നടത്തിയ പഠനങ്ങളില്‍ ചൂണ്ടിക്കാണിച്ച വിഷയംതന്നെ വീണ്ടും പുറത്തു വന്നിരിക്കുന്നു. എന്തുകൊണ്ട്‌ എക്‌സ്‌പ്രസ്‌ ഹൈവേ എന്നു വിശദീകരിക്കുന്നതിന്‌ ഗവര്‍മെണ്ട്‌ അവലംബിച്ച ആ റിപ്പോര്‍ട്ടില്‍ കേരളത്തിലെ ദേശീയപാതകള്‍ വീതികൂട്ടുന്നത്‌ അപ്രായോഗികമാണെന്ന്‌ സമര്‍ത്ഥിക്കുന്നുണ്ട്‌. ജനസാന്ദ്രത മാത്രമല്ല, ജീവനോപാധികളുടെ നഷ്‌ടത്തിന്റെ കണക്കും അങ്ങനെ നിര്‍മിക്കുന്ന റോഡുകളുടെ വളവുതിരിവുകളുണ്ടാക്കുന്ന ഊര്‍ജ്ജവ്യയവും അതില്‍ എടുത്തുകാണിക്കുന്നു. സാധ്യമാകാവുന്ന എക്‌സ്‌പ്രസ്‌ ഹൈവേയുടെ സ്ഥാനത്ത്‌ അപ്രായോഗികമായ പാതവികസനത്തിനാണ്‌ സര്‍ക്കാറും മൂലധനക്കോയ്‌മകളും ഹിംസാത്മക ഇടപെടല്‍ നടത്തുന്നത്‌. ജനങ്ങളെ കൊള്ളയടിക്കാന്‍ ജനങ്ങളുടെ പ്രതിനിധികള്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു.

എക്‌സ്‌പ്രസ്‌ ഹൈവേയുണ്ടാക്കുന്ന ബുദ്ധിമുട്ടുകളേക്കാള്‍ അപായം വിതക്കുകയാണ്‌ പുതിയ സംരംഭങ്ങള്‍. ജനങ്ങളോടുള്ള യുദ്ധത്തിന്റെ മുഖങ്ങളാണ്‌ തുറക്കപ്പെടുന്നത്‌. ഇവിടെ നിസ്സംഗതയ്‌ക്കിനി സമയമില്ല.

1 അഭിപ്രായം

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )