Article POLITICS

കുഞ്ഞനന്തന്റെ കട പൊളിക്കുന്നത്‌ ആരൊക്കെയാണ്‌?

ആദാമിന്റെ മകന്‍ അബു നല്‍കിയ പ്രതീക്ഷകളോടെയാണ്‌ കുഞ്ഞനന്തന്റെ കടയിലെത്തിയത്‌. പുതിയ സിനിമാബഹളങ്ങള്‍ക്കിടയിലും സലിംഅഹമദിന്റെ സ്വരം വേറിട്ടു കേള്‍ക്കുമെന്ന്‌ അഥവാ കേള്‍ക്കണമെന്ന്‌ എന്തുകൊണ്ടോ ഞാനാശിച്ചിരുന്നു. പുറത്തിറങ്ങുമ്പോള്‍തന്നെ സിനിമകള്‍ കാണുന്ന ശീലമില്ലാത്ത ഞാന്‍ രണ്ടാംദിവസംതന്നെ കുഞ്ഞനന്തന്റെ കട കാണാനെത്തി. മധു അമ്പാട്ടിന്റെ വിദഗ്‌ധമായ ഛായാപകര്‍പ്പുകളില്‍ ജീവിതത്തിന്റെ സൂക്ഷ്‌മനേരുകള്‍ വിടരുന്നത്‌ ആരംഭത്തെ ഗംഭീരമാക്കി. മലയാളിയുടെ വര്‍ത്തമാനത്തെ അതിന്റെ സങ്കീര്‍ണ വൈവിദ്ധ്യങ്ങളോടെ പകര്‍ത്താനുള്ള ശേഷി തീര്‍ച്ചയായും ആദ്യപാതിയില്‍ സലിം അഹമദ്‌ ശ്ലാഘനീയമാംവിധം നിര്‍വ്വഹിച്ചിട്ടുണ്ട്‌.

ടാറിടാത്ത ചെമ്മണ്‍നിരത്തിലൂടെ കടന്നുപോകുന്ന ചുരുക്കംചില വാഹനങ്ങള്‍, ചായക്കടയിലെ ചര്‍ച്ചകള്‍, ഭൂതകാല സമരങ്ങളുടെ സ്‌മൃതി പ്രഭാവം, സ്‌മൃതിമണ്‌ഡപത്തിനും കൊടിമരത്തിനുമിടയില്‍ മുളപൊട്ടുന്ന പുതിയകാലപ്രശ്‌നങ്ങള്‍, ഒരോ പ്രശ്‌നത്തെയും ഇതരപ്രശ്‌നത്തിനു വിപരീതമാക്കുന്ന കാലവൈഭവം, ഓരോ മനുഷ്യനെയും അവനിലേക്കു അഥവാ അവളിലേക്കു ചുഴറ്റിയെറിയുന്ന ആഗോളവല്‍ക്കരണാനുഭവങ്ങള്‍, ഫേസ്‌ബുക്ക്‌ എന്ന സൈബര്‍ ചായക്കടയില്‍ ഒത്തുചേരുന്ന മോഹങ്ങളും ആധികളും, വലിയതായി കരുതിയ പ്രശ്‌നങ്ങളെ നിസ്സാരമാക്കുന്ന അപ്രതീക്ഷിതാഘാതങ്ങള്‍ എന്നിങ്ങനെ സിനിമയില്‍ ജ്വലിക്കുന്നുണ്ട്‌ നമ്മുടെ ഗ്രാമീണ അനുഭവലോകം . ചായക്കടയില്‍ വന്നുവീഴുന്ന ആഗോളവല്‍ക്കരണം എന്ന വാക്ക്‌, ചെമ്മണ്‍പാതയില്‍ കടന്നുപോകുന്ന ജെസിബി, മൊബൈല്‍ഫോണിനകത്ത്‌ കുത്തിക്കുത്തിയുണര്‍ത്താവുന്ന മോഹലോകങ്ങള്‍ ജീവിതസംഘര്‍ഷങ്ങളെ തീവ്രമാക്കുന്ന ഹേതുക്കളോരോന്നും അതിനിപുണതയോടെ അടയാളപ്പെടുത്തുന്നുണ്ട്‌ സലിം അഹമദ്‌.

എന്നിട്ടും ഒരു പതിവുസിനിമയുടെ പരിഹാരത്താക്കോല്‍ അന്വേഷിക്കുകയാണ്‌ അവസാനം. പുതിയകാലത്തിന്റെ സംഘര്‍ഷങ്ങള്‍ക്കു മുഴുവന്‍ ഒറ്റമൂലി മൂലധനവികസനമാണെന്ന്‌ കഥാസാരം. അതിനു നായകന്റെ മകന്‍ മാവില്‍നിന്നു വീഴണം. നഗരത്തിലേക്കു തിരക്കാര്‍ന്ന റോഡിലൂടെ ജീപ്പുയാത്ര. വഴിയില്‍ പ്രതിബന്ധങ്ങള്‍.. കുഞ്ഞനന്തനു ബോധ്യപ്പെട്ടതു ഗ്രാമത്തില്‍ ആശുപത്രി വേണമെന്നല്ല. യാത്ര സുഖകരമാകണമെന്നാണ്‌. അയാള്‍തന്നെ അയാളുടെ ജീവനോപാധിയായ കട പൊളിച്ചുമാറ്റുന്നു. അഹോ ഭയങ്കരം എന്നേ പറയേണ്ടതുള്ളു. രാജ്യത്തിന്റെ വികസനം ജീവിച്ചരിക്കുന്നവരുടെയും വരാനിരിക്കുന്നവരുടെയും പുരോഗതിതന്നെയാണ്‌. അതിനു പക്ഷേ ചിലരുടെ മരണംകൂടിയേ കഴിയൂ എന്നു വാശി പിടിക്കരുത്‌. കോടികളുടെ വികസന പ്രവര്‍ത്തനം നടത്തുമ്പോള്‍ വീടും തൊഴിലും നഷ്‌ടപ്പെടുന്നവര്‍ക്ക്‌ സര്‍ക്കാര്‍ ചെലവില്‍ പകരം സംവിധാനമൊരുക്കണം എന്നു പറയാനുള്ള ബാധ്യത മനുഷ്യസ്‌നേഹികള്‍ക്കുണ്ട്‌. ദരിദ്രജനകോടികളുടെ ജീവിതത്തെ മുന്നോട്ടു നയിക്കാത്ത ഒന്നിനെയും വികസനമായിക്കാണാനാവില്ലെന്നു പറഞ്ഞതു ഗാന്ധിജിയാണ്‌. ദരിദ്രരുടെയും നിരാലംബരുടെയും ജീവിതവും ദേശീയ വികസനത്തിന്റെ അജണ്ടയാണെന്നു ഇഎംഎസ്സും എകെജിയും ഓര്‍മ്മിപ്പിച്ചിട്ടുണ്ട്‌. നല്ല ചലച്ചിത്രകാരന്മാര്‍ക്കു ഇതോര്‍ക്കാനെന്താണ്‌ തടസ്സം?

ആരുടെ പിടിവാശിയാണ്‌ നല്ലൊരു സിനിമയെ നശിപ്പിച്ചുകളഞ്ഞത്‌? മൂലധനമൂര്‍ത്തികളോടുള്ള സന്ധിതന്നെയാവണം മമ്മുട്ടിയെ നായകനാക്കിയതും. ആദാമിന്റെ മകന്‍ അബു ഇങ്ങനെയായിരുന്നില്ല. നമ്മുടെ ചുറ്റുമുള്ള വികസനത്തിന്റെ ഇരകളായിത്തീര്‍ന്ന പാവം മനുഷ്യരുടെ സഹനങ്ങളിലേക്കും സമരങ്ങളിലേക്കും ഞാന്‍ കുഞ്ഞനന്തനെയും സലിം അഹമദിനെയും ക്ഷണിക്കുന്നു. നിങ്ങളുടെ പരിഹാരപൊള്ളത്തരങ്ങള്‍ക്ക്‌ അവര്‍ മാപ്പു നല്‍കട്ടെ.

1 അഭിപ്രായം

  1. ആസാദിന്‍റെ അഭിപ്രായം ഈ സിനിമയുടെ ആത്മാവ് തൊട്ടു കാണിക്കുന്നു…സാങ്കേതികമായി നല്ല മേന്മ പുലര്‍ത്തുന്നുണ്ട്- . രംഗാവിഷ്ക്കാരങ്ങള്‍ കുറ്റമറ്റതാണ്… ആശയതലത്തില്‍ വന്നുഭവിച്ച വൈരുദ്ധ്യങ്ങള്‍ ആണ് അദ്ദേഹം പിന്നെ പ്രത്യേകമായി സൂചിപ്പിക്കുന്നത്…. ആശയമാണ് വലുത് എന്ന സത്യം തള്ളികളയാന്‍ ആര്‍ക്കും കഴിയില്ല,,,തെറ്റായ ആശയ സ്വാധീനത്തെ അദ്ദേഹം വിമര്‍ശിക്കുന്നു ….

    Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )