Article POLITICS

മുഖ്യധാരാ ഇടതുപക്ഷത്തിന്റെ ബദല്‍നയം അഥവാ പത്തു കല്‍പ്പനകള്‍

Image

സി.പി.ഐ.എം, സി.പി.ഐ, ഫോര്‍വേഡ്‌ ബ്ലോക്ക്‌, ആര്‍.എസ്‌.പി എന്നീ നാല്‌ ഇടതുപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ജൂലായ്‌ ഒന്നിന്‌ ദില്ലിയില്‍ ചേര്‍ന്ന ദേശീയ കണ്‍വന്‍ഷന്‍ കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കുമെതിരെ മതനിരപേക്ഷ ജനാധിപത്യ കക്ഷികള്‍ ബദല്‍നയത്തിന്റെ അടിസ്ഥാനത്തില്‍ അണിചേരണമെന്ന്‌ ആഹ്വാനം ചെയ്‌തിരിക്കുന്നു. കണ്‍വന്‍ഷന്‍ മുന്നോട്ടുവെച്ച ഇടതുപക്ഷ ബദല്‍നയം പ്രധാനമായും പത്തു വിഷയങ്ങളത്രെ. സി.പി.എം മുഖപത്രമായ ദേശാഭിമാനി അവ ഇങ്ങനെ അക്കമിട്ടെഴുതുന്നു.

1. ഭൂപരിഷ്‌ക്കരണം നടപ്പാക്കുക, മിച്ചഭൂമി ഭൂരഹിതര്‍ക്കു നല്‍കുക, എല്ലാവര്‍ക്കും വീടുവെക്കാനുള്ള ഭൂമി നല്‍കുക, ബലം പ്രയോഗിച്ചുള്ള ഭൂമി ഏറ്റെടുക്കല്‍ അവസാനിപ്പിക്കുക, സ്വാമിനാഥന്‍ കമീഷന്‍ ശുപാര്‍ശപ്രകാരം കര്‍ഷകര്‍ക്കു ന്യായവില നല്‍കുക, കുറഞ്ഞ പലിശക്കു വായ്‌പ്പ ലഭ്യമാക്കുക,

2. പശ്ചാത്തല സൗകര്യ വികസനം വര്‍ധിപ്പിക്കുക, കൂടുതല്‍ തൊഴില്‍ ലഭ്യമാക്കുന്ന നിര്‍മാണ വ്യവസായങ്ങളും മറ്റും പ്രോത്സാഹിപ്പിക്കുക, ഖനിജ – എണ്ണ വിഭവങ്ങള്‍ ദേശസാല്‍ക്കരിക്കുക.

3. നികുതിപിരിവിലെ പഴുതടച്ചു ന്യായമായ എല്ലാ നികുതിയും പിരിച്ചെടുക്കുക, ഊഹാധിഷ്‌ഠിത ധനമൊഴുക്കിന്‌ നിയന്ത്രണം ഏര്‍പ്പെടുത്തുക, ധനമേഖല വിദേശ നിക്ഷേപത്തിനു തുറന്നു കൊടുക്കാതിരിക്കുക, ചില്ലറ വില്‍പ്പനമേഖലയില്‍ വിദേശ നിക്ഷേപം അരുത്‌.

4. സാര്‍വ്വത്രിക പൊതു വിതരണ സമ്പ്രദായം ഏര്‍പ്പെടുത്തുക, എല്ലാ കുടുംബത്തിനും മുപ്പത്തിയഞ്ചു കിലോ ഭക്ഷ്യധാന്യം കിലോക്കു രണ്ടുരൂപ നിരക്കില്‍ നല്‍കുക, ഇത്‌ ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാ ബില്‍ പാസ്സാക്കുക.

5.മതവും രാഷ്‌ട്രവും തമ്മിലുള്ള വേര്‍തിരിവ്‌ അടിസ്ഥാനനയമായുള്ള മതനിരപേക്ഷതക്കായി നിലകൊള്ളുക,വര്‍ഗീയ ശക്തികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക.

6. ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തുക, സ്വകാര്യവല്‍ക്കരണം തടയുക, വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുമെന്ന്‌ ഉറപ്പുവരുത്തുക.

7. ഉന്നതമേഖലയിലെ അഴിമതി തടയാന്‍ കര്‍ക്കശ നടപടി സ്വീകരിക്കുക, അന്വേഷണത്തിന്‌ സ്വതന്ത്ര ചുമതലയുള്ള ലോക്‌പാല്‍ നിയമം പാസ്സാക്കുക, തെരഞ്ഞെടുപ്പു പരിഷ്‌ക്കരണം നടപ്പാക്കുക.

8. എല്ലാ മേഖലയിലും വനിതകള്‍ക്കു തുല്യത ഉറപ്പാക്കുക, പാര്‍ലമെന്റിലും നിയമസഭകളിലും മൂന്നിലൊന്ന്‌ സീറ്റ്‌ വനിതകള്‍ക്ക്‌ സംവരണം ചെയ്യുക, ദളിതരുടെ അവകാശം സംരക്ഷിക്കുക, സ്വകാര്യമേഖലയിലും പട്ടികജാതി-വര്‍ഗ സംവരണം ഏര്‍പ്പെടുത്തുക, ന്യൂനപക്ഷങ്ങള്‍ക്ക്‌ സംവരണം ശുപാര്‍ശ ചെയ്യുന്ന രംഗനാഥമിശ്ര കമീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കുക, ആദിവാസി ക്ഷേമം ഉറപ്പാക്കുന്ന ഭരണഘടനയിലെ അഞ്ചും ആറും ഷെഡ്യൂളുകളും സംരക്ഷിക്കുക.

9. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുക, മിനിമംകൂലിയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കുക, തൊഴില്‍ രംഗത്തെ കരാര്‍വല്‍ക്കരണവും കാഷ്വല്‍ സമ്പ്രദായവും അവസാനിപ്പിക്കുക.

10. സ്വതന്ത്ര വിദേശനയം അംഗീകരിക്കുക
(ദേശാഭിമാനി ദിനപത്രം 2013 ജൂലായ്‌ 2 ചൊവ്വ മലപ്പുറം എഡിഷന്‍ പുറം 7 )

കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കുമെതിരെ മതനിരപേക്ഷ ജനാധിപത്യ കക്ഷികളുടെ ഐക്യനിര ഉയര്‍ന്നു വരേണ്ടതുതന്നെ. നാല്‌ ഇടതുപക്ഷ കക്ഷികളുടെ കൂട്ടായ്‌മ അതിനു മുന്‍കൈയെടുക്കുന്നത്‌ നല്ലകാര്യം. ലോകസഭയില്‍ പങ്കാളിത്തമുള്ള നാല്‌ ഇടതുപാര്‍ട്ടികള്‍ക്കൊപ്പം ഇതര ഇടതുപ്രസ്ഥാനങ്ങളെയും മുന്നേറ്റങ്ങളെയും ഈ ശ്രമത്തിന്റെ ഭാഗമാക്കേണ്ടതായിരുന്നു. കണ്‍വന്‍ഷനില്‍ പങ്കെടുപ്പിച്ചില്ലെന്നു മാത്രമല്ല, കണ്‍വന്‍ഷന്റെ പ്രമേയം അവരെ അഭിസംബോധന ചെയ്യുന്നുപോലുമില്ല . ഈ പരിമിതി പരിഹരിക്കാന്‍ സി.പി.എം നേതൃത്വം തയ്യാറുണ്ടോ?

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നയം വ്യക്തമാക്കിയിരിക്കുകയാണ്‌ കണ്‍വന്‍ഷന്‍. തെരഞ്ഞെടുപ്പിനു മുമ്പുള്ള സഖ്യം പ്രായോഗികമല്ലെന്നു കാണുകയും തെരഞ്ഞെടുപ്പിനു ശേഷം ഇടതുപക്ഷബദല്‍ നയത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപീകരണ സാധ്യതകള്‍ തെളിയുകയാണെങ്കില്‍ അങ്ങനെയൊരു ശ്രമം ആകാമെന്നുമാണ്‌ കണ്‍വന്‍ഷന്‍ ധാരണയിലെത്തിയത്‌. കേവലമായ കൂട്ടുകെട്ടിന്റെ സ്ഥാനത്തു ബദല്‍നയം അടിസ്ഥാനമാക്കിയുള്ള കൂട്ടുകെട്ട്‌ എന്ന നിലപാട്‌ ഇടതുപക്ഷോചിതമാണ്‌.

മുകളില്‍ പറഞ്ഞ പത്തു കല്‍പ്പനകള്‍ ഇടതുപക്ഷത്തിന്റെ പുതിയ കണ്ടെത്തലല്ല. ഇതേ ആവശ്യങ്ങളുന്നയിച്ചു രാജ്യത്തു ബഹുജന സമരമുന്നണി രൂപപ്പെടുത്തി മുന്നേറണമെന്നതാണ്‌ പ്രഖ്യാപിത ഇടതുപക്ഷലൈന്‍. സി.പി.എം ഉള്‍പ്പെടെയുള്ള മുഖ്യധാരാ ഇടതുപക്ഷം പതിറ്റാണ്ടുകളായി ശ്രമിക്കുന്നത്‌ ഇത്തരമൊരു സമരമുന്നണി കെട്ടിപ്പടുക്കാനാണ്‌. മൂന്നു സംസ്ഥാനങ്ങള്‍ക്കപ്പുറത്തേക്കു ഒരിഞ്ചുപോലും കടന്നു കയറാനായില്ലെന്നു മാത്രമല്ല, നിലവിലുണ്ടായിരുന്ന കോട്ടകളില്‍പ്പോലും വിള്ളലുകള്‍ വീഴുന്ന അനുഭവമാണുണ്ടായത്‌. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്‌ എന്നൊരു വീണ്ടുവിചാരവും ഏറ്റുപറച്ചിലും അനിവാര്യമായിരിക്കുന്നു.

മുന്‍കാലങ്ങളിലും ഇതേ നയം പ്രഖ്യാപിക്കുകയും പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സുമായിപ്പോലും തെരഞ്ഞെടുപ്പു സഖ്യം രൂപപ്പെടുത്തുകയുമുണ്ടായിട്ടുണ്ട്‌. ഉദാഹരണം 2004ലെ ലോകസഭാ തെരഞ്ഞെടുപ്പുതന്നെ. തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന്‌ കോമണ്‍ മിനിമം പ്രോഗ്രാം തയ്യാറാക്കി യു. പി. എ ഗവണ്‍മെന്റിനു പിന്തുണ നല്‍കിയതും നാം മറന്നിട്ടില്ല. ഇടതുപക്ഷ ബദല്‍ നയങ്ങള്‍ ചിലതെങ്കിലും നടപ്പാക്കാമെന്ന ഉടമ്പടിയില്‍ കോണ്‍ഗ്രസ്സുമായിത്തന്നെ ഉണ്ടാക്കാനിടയുള്ള സഖ്യത്തിന്റെ സൂചനകള്‍കൂടി ഇതിലുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

പരിമിതമായ അധികാരമുള്ള സംസ്ഥാനഭരണത്തിനു നേതൃത്വം കൊടുക്കുന്ന ഘട്ടങ്ങളില്‍ മുകളിലെ പത്തു കല്‍പ്പനകളിലെ മുഖ്യ ഘടകങ്ങള്‍ മറന്നുപോയതും മൂലധനശക്തികള്‍ക്കു അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചതും വലിയ തിരിച്ചടികള്‍ക്കിടവരുത്തി. ഭരണവും സമരവുമെന്ന വിഖ്യാതമായ കൗശലം കൈവിട്ടതോടെ വലതുപക്ഷ പ്രസ്ഥാനങ്ങളുടെ ജീര്‍ണതകള്‍കൂടി ശിരസ്സിലേറ്റാന്‍ നിര്‍ബന്ധിതമാവുകയും ചെയ്‌തു.

ഭൂപരിഷ്‌ക്കരണം നടപ്പാക്കുകയെന്നത്‌ ഇന്ത്യനവസ്ഥയില്‍ വിപ്ലവകരമായ മുദ്രാവാക്യമാണ്‌. നാലരപ്പതിറ്റാണ്ടുമുമ്പു കേരളത്തിലും പിന്നീട്‌ ബംഗാളിലും നടപ്പാക്കിയ പരിമിതമായ കാര്‍ഷിക – ഭൂപരിഷ്‌ക്കരണ നടപടികളുടെ ഇന്നത്തെ അവസ്ഥയെന്താണ്‌? കൃഷിഭൂമി കര്‍ഷകനു കിട്ടിയോ? കുടികിടപ്പെങ്കിലും ഉറപ്പാക്കാനായോ? അതേസമയം അങ്ങനെയൊരാവശ്യം മുന്‍നിര്‍ത്തിയുള്ള സമരമെന്ന മുഖ്യ അജണ്ട കൈവിട്ടുപോയത്‌ എങ്ങനെയാണ്‌? ഭൂപരിഷ്‌ക്കരണനിയമം വികസനത്തിനു തടസ്സമാണെന്നതിനാല്‍ അതിന്റെ പൂര്‍ത്തീകരണം വിഷയമല്ലെനന്ന നിലപാടിലേക്ക്‌ തലയൊതുക്കുകയായിരുന്നില്ലേ ഇടതുപക്ഷം? ചെങ്ങറ സമരത്തോടു സ്വീകരിച്ച തെറ്റായ സമീപനമല്ലേ വയനാട്ടിലെ ഭൂസമരങ്ങള്‍ക്ക്‌ വേണ്ട പിന്തുണ ലഭിക്കുന്നതിനു തടസ്സമായത്‌? ഭൂവിനിയോഗം സംബന്ധിച്ച നിലവിലുള്ള നിയമത്തിന്റെ അന്തസ്സത്തപോലും മനസ്സിലാക്കാന്‍ കഴിയാത്ത ദൗര്‍ബല്യമാണല്ലോ എച്ച്‌.എം.ടി ഭൂപ്രശ്‌നം തെളിയിക്കുന്നത്‌.

ഭൂപരിഷ്‌ക്കരണം നടപ്പാക്കുക എന്ന ഒറ്റവാക്യത്തില്‍ നിലവിലെ പരിമിതികളും വീഴ്‌ച്ചകളും മറച്ചുവെക്കാനാവില്ല. പുതിയ പാഠങ്ങള്‍കൂടി ഉള്‍ക്കൊണ്ട്‌ ഭൂപരിഷ്‌ക്കരണം എവ്വിധം നടപ്പാക്കണം എന്നുകൂടി വിശദീകരിക്കാനാവണം. ആഗോളവല്‍ക്കരണ സാഹചര്യത്തിന്റെ സവിശേഷതകള്‍കൂടി കണക്കിലെടുക്കുകയും വേണം. മിച്ചഭൂമി ഭൂരഹിതര്‍ക്കു നല്‍കുക എന്നെഴുതിയാല്‍ മതിയാവില്ല. നിയമവിരുദ്ധമായി പലയിടത്തും കേനന്ദ്രീകരിച്ചോ ചിതറിയോ കിടക്കുന്ന ഭൂമി ഏറ്റെടുക്കുന്നതോടൊപ്പം, ദുരുപയോഗം ചെയ്യപ്പെടുന്ന ഭൂമി ഏറ്റെടുക്കാനുള്ള പുതിയ നിയമനിര്‍മ്മാണവും ഉണ്ടാവണം . കാര്‍ഷികോത്‌പ്പന്നങ്ങള്‍ക്കു വില ഉറപ്പാക്കുന്നതോടൊപ്പംതന്നെ കാര്‍ഷികവൃത്തിയെ പ്രതികൂലമായി ബാധിക്കുംവിധം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന പുതിയ മുതലാളിത്തത്തിന്റെ കടന്നുകയറ്റങ്ങളെ ചെറുക്കുകയും വേണം. വികസന മുദ്രാവാക്യത്തിന്റെ മറവില്‍ ഇത്തരം തെറ്റായ പ്രവണതകള്‍ക്ക്‌ ഇടയാകുംവിധമുള്ള വീഴ്‌ച്ചകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന്‌ മുഖ്യധാരാ ഇടതുപക്ഷം സ്വയംപരിശോധന നടത്തുകയും വേണം.

ബലം പ്രയോഗിച്ചുള്ള ഭൂമി ഏറ്റെടുക്കല്‍ അവസാനിപ്പിക്കണം എന്ന ആവശ്യം ആത്മാര്‍ത്ഥമാണെങ്കില്‍ കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യവല്‍ക്കരണ സംരംഭമായ ദേശീയപാതാ ബി.ഒ.ടി വല്‍ക്കരണത്തെ എതിര്‍ക്കാനും അതിന്റെ പേരിലുള്ള ഭൂമിയേറ്റെടുക്കല്‍ തടയാനും ഇടതുപക്ഷം മുന്നോട്ടുവരണം. ആ സമരരംഗത്തുള്ള ബഹുജനങ്ങളുമായും ജനകീയ പ്രസ്ഥാനങ്ങളുമായും സഹകരിച്ചുകൊണ്ടാവണം പുതിയ ബദല്‍ ആഹ്വാനം നടപ്പാക്കേണ്ടത്‌. അല്ലെങ്കില്‍, ചുരുങ്ങിയത്‌ കേരളത്തിലെങ്കിലും പത്തു കല്‍പ്പനകള്‍ പരിഹാസ്യമായിത്തീരും.

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )