മുഖ്യമന്ത്രിയുടെയും മുന്മുഖ്യമന്ത്രിയുടെ (പ്രതിപക്ഷനേതാവ്)യും വിശ്വസ്ത സേവകര്‍ പുറത്താവുകയോ പുറത്താക്കപ്പെടുകയോ ചെയ്യുന്നതാണ് സമീപകാലത്തു പ്രധാന ചര്‍ച്ചാവിഷയമായത്. മുഖ്യമന്ത്രിയുടെ ഓഫീസ് കോടികളുടെ അഴിമതി ഇടപാടിനാണ് വേദിയായത്. പ്രതിപക്ഷനേതാവിന്റെ വിശ്വസ്തരാകട്ടെ അദ്ദേഹത്തിന്റെ പാര്ട്ടിഘടകമെടുക്കുന്ന തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തുന്നു എന്നതു മാത്രമായിരുന്നു ആരോപണം. താരതമ്യേന വളരെ നിസ്സാരമായ പ്രശ്നം. എന്നിട്ടും അവര്‍ക്കു ഓഫീസില്‍നിന്ന് ഇറങ്ങേണ്ടിവന്നു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ അഴിമതിയോ മറ്റു കുറ്റകൃത്യങ്ങളോ നടന്നാല്‍ അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുതന്നെയാണ്. അദ്ദേഹത്തിനു നേരിട്ടു പങ്കുണ്ടോ എന്നതല്ല പ്രാഥമിക വിഷയം. തന്റെ ഇത്തിരിവട്ടത്തിലുള്ള ഓഫീസ് നേരെ നടത്താനാവാത്ത ഒരാള്‍ക്ക് സംസ്ഥാനത്തെ രക്ഷിക്കാനാവില്ല. ധാര്‍മികത ഒരു പ്രസംഗവിഷയം മാത്രമല്ലെങ്കില്‍ അദ്ദേഹം സ്ഥാനമൊഴിയണം. അതിനു തയ്യാറാവുന്നില്ലെങ്കില്‍ അതു ജനവഞ്ചനകൂടിയാണ്. ചെയ്യുന്നതു ശരിയായാല്പോരാ അതു ജനങ്ങളെ ബോധ്യപ്പെടുത്തുകകൂടിവേണമെന്നു പല ഘട്ടത്തിലും ഉപദേശിച്ചുപോന്ന മുഖ്യമന്ത്രിക്ക് ഇപ്പോള്‍ അതോര്ക്കാവുന്നതാണ്.
പ്രതിപക്ഷ നേതാവിന്റെ ഓപീസില്‍ നടന്ന നിസ്സാരമായ പുറത്താക്കലിനും മുഖ്യമന്ത്രിയുടെ ഓഫീസില്‍നടന്ന സാരമായ പുറത്താക്കലിനും ഒരു സമാനതയുണ്ട്. രണ്ടിടത്തും മുഖ്യ പ്രതികള്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. തന്റെ ഓഫീസില്‍ നടക്കുന്ന ഇടപാടുകളില്‍ മുഖ്യമന്ത്രിക്കുള്ള ഉത്തരവാദിത്തം പ്രതിപക്ഷനേതാവിന്റെ ഓഫീസില്‍ പ്രതിപക്ഷനേതാവിനുമുണ്ട്. പ്രതിപക്ഷ നേതാവ് പങ്കെടുത്ത പാര്‍ട്ടിയോഗത്തിന്റെ മിനുട്സ് ഓഫീസ് സ്റ്റാഫ് പുറത്തുവിട്ടു എന്നു പറഞ്ഞാല്‍ കുറ്റം ചെയ്തതു പ്രതിപക്ഷനേതാവാണെന്നു വ്യക്തം. എന്നിരിക്കെ സ്റ്റാഫിനെ പറഞ്ഞുവിടുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഏതു ധാര്മികനിലപാടാണ് അദ്ദേഹത്തെയും പാര്‍ട്ടിയെയും നയിക്കുന്നതെന്നു മനസ്സിലാകുന്നില്ല. തെറ്റായ ഇതേ നിലപാട് അത്യന്തം ഗുരുതരമായ ഒരു കേസില്‍ മുഖ്യമന്ത്രിയും യു.ഡി.എഫും സ്വീകരിച്ചിരിക്കുന്നു.
പ്രതിപക്ഷനേതാവിന്റെ പേഴ്സണല്സ്റ്റാഫിനു വിനയായത് അദ്ദേഹത്തോടുള്ള മമതാബന്ധവും പ്രതിബദ്ധതയുമാവണം. അതുതന്നെയല്ലേ മുഖ്യമന്ത്രിയുടെ സ്റ്റാഫിനും സംഭവിച്ചത്? മുഖ്യമന്ത്രിയുടെ മനസ്സറിഞ്ഞു പ്രവര്ത്തിക്കുന്നതുകൊണ്ടാണല്ലോ ദീര്‍ഘകാലമായി അവര്‍ വിശ്വസ്തരായി തുടര്‍ന്നത്. ഒരു പ്രഭാതത്തില്‍ പൊടുന്നനെ കാല്‍തെറ്റി വീണു എന്ന നാട്യം കാപട്യമാണ്. വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോഴുണ്ടായിരുന്ന അതേ ജീവനക്കാരെയാണ് വിശ്വസ്തര്‍ എന്ന കുറ്റത്തിനു പുറത്താക്കിയത്. പക്ഷെ അവര്‍ രാജ്യത്തെ വഞ്ചിച്ചില്ല. ജനങ്ങളെ കൊള്ളയടിച്ചില്ല. അഴിമതിയും കൊള്ളയും ചൂഷണവും പീഡനവും തുറന്നുകാണിക്കാന്‍ സഹായിച്ചുകൊണ്ടിരുന്നു. അതു പാര്‍ട്ടിക്കുപോലും ഹിതകരമായില്ല. എന്നാല്‍ പ്രതിപക്ഷനേതാവിനു അതായിരുന്നു വേണ്ടിയിരുന്നത്. പ്രതിപക്ഷനേതാവിനെ സഹായിച്ചിരുന്നവരെ നിയമിച്ചതു പാര്‍ട്ടിയായിരുന്നതിനാല്‍ പാര്‍ട്ടി അവരെ പുറത്താക്കി.
മുഖ്യമന്ത്രിയുടെ സേവകരെ നിയമിച്ചതു അദ്ദേഹത്തിന്റെ പാര്‍ട്ടിയല്ല.മുഖ്യമന്ത്രി നേരിട്ടാണ്. എത്രയോ കാലമായി അദ്ദേഹത്തിന്റെ നിഴലുകളാണവര്. അവര്‍ ചെയ്ത തെറ്റുകളില്‍ മുഖ്യമന്ത്രിയുടെ മനസ്സറിഞ്ഞു പ്രവര്‍ത്തിച്ചു എന്ന തെറ്റായിരിക്കുമോ ഏറ്റവും വലിയ തെറ്റെന്നു കേരളം ഭയപ്പെടുന്നു.