Article POLITICS

എഡ്വേര്‍ഡ്‌ സ്‌നോഡന്‍ തുറന്നുവിട്ട ഭൂതം

സാമ്രാജ്യത്വ-വികസിത രാജ്യങ്ങളില്‍ തൊഴിലാളികളും ഇതര പ്രാന്തവല്‍കൃത വിഭാഗങ്ങളും സമീപകാലത്തായി പ്രക്ഷോഭരംഗത്തേക്കു കുതിച്ചെത്തുന്ന അനുഭവമാണ്‌ നമ്മുടെ മുന്നിലുള്ളത്‌. തൊണ്ണൂറ്റൊമ്പതു ശതമാനത്തിന്റെ ദുരിതങ്ങള്‍ക്കു കാരണം ഒരു ശതമാനം ധനാഢ്യമൂലധന കോയ്‌മകളാണെന്ന തിരിച്ചറിവിനു ശക്തി വര്‍ദ്ധിച്ചിരിക്കുന്നു. ഒരു ശതമാനത്തെ തുറന്നു കാട്ടാനുള്ള വ്യഗ്രത വന്‍കിടമുതലാളിത്ത രാജ്യങ്ങളിലെ സമരബോധത്തിന്റെ ഭാഗമായിട്ടുണ്ട്‌. വിവരസാങ്കേതിക വിദ്യാ വികാസത്തിലൂന്നിയുള്ള ജ്ഞാന സമ്പദ്‌ഘടനയാണു പുതിയ മൂലധനകൗശലങ്ങളുടെ അടിസ്ഥാനമെങ്കില്‍ വിജ്ഞാന വിസ്‌ഫോടനത്തിന്റെ ജനകീയോപയോഗം വികസിപ്പിച്ചുകൊണ്ടാവണം സമകാല സാമ്രാജ്യത്വ വിരുദ്ധസമരം രൂപപ്പെടുത്തേണ്ടതെനന്ന്‌ ഏറെക്കുറെ വ്യക്തമായിരിക്കുന്നു. കോര്‍പ്പറേറ്റു ഭീമന്മാര്‍ക്ക്‌ എതിരായി പുതിയ സ്വതന്ത്ര സോഫ്‌റ്റുവെയര്‍ രൂപപ്പെടുത്തിയാരംഭിച്ച സമരത്തിനു പുതിയ രൂപഭാവങ്ങള്‍ കൈവന്നിരിക്കുന്നു.

ആശയാധിനിവേശത്തിന്റെ (ശീത)യുദ്ധമുഖം തുറന്നുകൊണ്ട്‌ അമേരിക്ക ആറു പതിറ്റാണ്ടു മുമ്പാരംഭിച്ച കടന്നാക്രമണങ്ങളില്‍ ലോകജനതയ്‌ക്കു വലിയ വില നല്‍കേണ്ടിവന്നിട്ടുണ്ട്‌. തങ്ങളുടെ സൈനിക സാമ്പത്തിക താല്‍പ്പര്യങ്ങള്‍ ലോകജനതക്കുമേല്‍ സ്ഥാപിക്കാനുള്ള സാധൂകരണബോധ നിര്‍മ്മിതി അമേരിക്കയുടെ യുദ്ധ തന്ത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ്‌. അതിനുവേണ്ടിയുള്ള സ്ഥാപനങ്ങളെ തീറ്റിപ്പോറ്റാനാണ്‌ ബജറ്റില്‍ വലിയൊരു സംഖ്യ അവര്‍ നീക്കിവെക്കുന്നത്‌. ഏതു രാജ്യത്തിനുമേലും കടന്നുകയറാന്‍ പ്രചാരണ വ്യവഹാര വലയങ്ങള്‍ രൂപപ്പെടുത്തുകയാണ്‌ പതിവ്‌. കള്ളക്കഥകളും സംഭവങ്ങളുടെ വിപരീത വ്യാഖ്യാനങ്ങളും ചമക്കുകയാണ്‌ മാധ്യമധര്‍മ്മം എന്നുവരുത്തിയത്‌ അവരാണ്‌. ബോധരൂപങ്ങളെ കീഴ്‌പ്പെടുത്തി മൂലധന താല്‍പ്പര്യങ്ങളുടെ കടന്നുകയറ്റം എളുപ്പമാക്കുകയായിരുന്നു അവര്‍. ഈ കൗശലങ്ങള്‍ക്കു വലിയ ആഘാതമേല്‍പ്പിക്കാന്‍ ഏകദേശം അതേ കൗശലങ്ങളുടെ വഴിപറ്റിത്തന്നെ ജൂലിയന്‍ അസാന്‍ജിന്റെ വിക്കിലീക്‌സിനു കഴിഞ്ഞു. സെപ്‌തംബര്‍ 11ന്റെ ആഘാതത്തെക്കാള്‍ കനത്ത നടുക്കമാണ്‌ അത്‌ യു.എസ്‌ നയതന്ത്ര വിഭാഗത്തിനു ഏല്‍പ്പിച്ചത്‌. അസാഞ്‌ജെ എന്ന മനുഷ്യനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്‌ അമേരിക്ക.

ഇതിനിടയിലാണ്‌ അമേരിക്കയെ കൂടുതല്‍ പ്രതിരോധത്തിലാക്കുംവിധം അവരുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ യുടെ ജീവനക്കാരില്‍ ഒരാള്‍, തന്റെ രാഷ്‌ട്രം ചെയ്യുന്ന അധാര്‍മിക കടന്നുകയറ്റങ്ങളെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടിരിക്കുന്നത്‌. അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി അമേരിക്കന്‍ പൗരന്മാരുടെ ഫോണുകള്‍ ചോര്‍ത്തിയതായും വിദേശികളുടെ ഇന്റര്‍നെറ്റ്‌ നിരന്തരം നിരീക്ഷണത്തിനു വിധേയമാക്കിയതായുമുള്ള വിവരം വെളിപ്പെടുത്തിയത്‌ എഡ്വേര്‍ഡ്‌ സ്‌നോഡന്‍ എന്ന മുന്‍ സി.ഐ.എ ജീവനക്കാരനാണ്‌. തന്റെ നാട്ടില്‍ നില്‍ക്കാനാവാതെ, ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ അഭയമന്വേഷിച്ചിരിക്കുകയാണ്‌ സ്‌നോഡന്‍. ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലെത്തിയ ജൂലിയന്‍ അസാഞ്‌ജെക്കെന്നപോലെ സ്‌നോഡനും അഭയം നല്‍കാനുള്ള സന്നദ്ധത അവിടത്തെ ഇടതുപക്ഷാഭിമുഖ്യമുള്ള ഭരണകൂടം പ്രകടിപ്പിച്ചിരിക്കുന്നു. അസാഞ്‌ജെയെ വിട്ടു നല്‍കാന്‍ അമേരിക്ക പുറപ്പെടുവിക്കുന്ന ആജ്ഞകളെയും ഭീഷണികളെയും സമ്മര്‍ദ്ദങ്ങളെയും നിശ്ചയദാര്‍ഢ്യത്തോടെ നേരിടുന്നതിനിടയിലാണ്‌ സ്‌നോഡനെക്കൂടി അവര്‍ക്കു ഏറ്റെടുക്കേണ്ടിവന്നിരിക്കുന്നത്‌.

സ്വാതന്ത്ര്യത്തിന്റെ പറുദീസയെന്നാണ്‌ മുതലാളിത്ത ലോകത്തെക്കുറിച്ച്‌,പ്രത്യേകിച്ചും അമേരിക്കയെപ്പറ്റി മുഖ്യധാരാ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു പോന്നിട്ടുള്ളത്‌. ഇത്തരം കെട്ടുകഥകള്‍ ഒന്നൊന്നായി തകര്‍ന്നു വീഴുകയാണ്‌. ലോകരാഷ്‌ട്രങ്ങളുടെ സ്വാതന്ത്ര്യത്തിലും പരമാധികാരത്തിലും അക്രമിച്ചു കയറുന്ന രാജ്യാന്തര ചട്ടമ്പിയാണ്‌ അമേരിക്കയെന്ന്‌ ഇന്ന്‌ എല്ലാവര്‍ക്കുമറിയാം. രാഷ്‌ട്രങ്ങളുടെ സ്വാതന്ത്ര്യത്തിലും അധികാരത്തിലുമുള്ള നുഴഞ്ഞു കയറ്റത്തിന്റെ രേഖാസാക്ഷ്യമാണ്‌ വിക്കിലീക്‌സ്‌ പുറത്തുവിട്ടത്‌. ലോകത്തെങ്ങുമുള്ള മനുഷ്യരുടെ സ്വകാര്യതകളിലേക്കു സൂക്ഷ്‌മാധിനിവേശം നടത്തുന്ന പുതിയ മുതലാളിത്ത ക്രൗര്യമാണ്‌ സ്‌നോഡന്‍ തുറന്നു കാട്ടിയത്‌. സോഷ്യലിസ്റ്റു ലോകത്തില്‍ വ്യക്തിസ്വാതന്ത്ര്യമില്ലെന്നു വിലപിച്ചിരുന്നവര്‍ക്ക്‌ തങ്ങളുടെ രഹസ്യാനുഭൂതികളെപ്പോലും കൊള്ളയടിക്കുന്ന പുതിയ അധിനിവേശത്തെയാണു നേരിടേണ്ടി വന്നിരിക്കുന്നത്‌.

മനുഷ്യരുടെ ഇച്ഛകളും പ്രതീക്ഷകളും കൗതുകങ്ങളും നിരാശകളുമെല്ലാം ഒരേ അച്ചില്‍ വാര്‍ത്തു വിതച്ചു വിളവെടുത്തപോലെ ഒന്നാക്കി മാറ്റുന്ന രാസ പരിണാമ തന്ത്രം പുതിയ മുതലാളിത്തത്തിന്റെ സംഭാവനയാണ്‌. പ്രത്യക്ഷത്തില്‍ വിരുദ്ധങ്ങളോ അന്യോന്യ ഭിന്നങ്ങളോ ആയ സ്വത്വ -സ്വര മേഖലകളില്‍ തളക്കപ്പെടുന്ന മനുഷ്യര്‍ക്കാകെ പുതിയ മുതലാളിത്തത്തിനു ചേര്‍ന്ന ഒരൊറ്റ അകമേയുള്ളു എന്നു വന്നിരിക്കുന്നു. അഭിരുചിയുടെ ഈ ഏകലോകത്തിന്റെ കടിഞ്ഞാണാണ്‌ അമേരിക്കക്കു വേണ്ടത്‌. അഥവാ അതാണവരുടെ കയ്യിലുള്ളത്‌. ഇത്‌ ഒട്ടും തൃപ്‌തികരമല്ലെന്നു കരുതുന്ന പോരാളികളെ ചാപ്പകുത്തി ഭൂമികടത്താനുള്ള കൗശലങ്ങളാണ്‌ ഇപ്പോള്‍ പരീക്ഷിക്കുന്നത്‌. അത്തരമൊരു ശ്രമത്തെയാണ്‌ സ്‌നോഡന്‍ തുറന്നുകാട്ടിയിരിക്കുന്നത്‌.

ഒരു ഭാഗത്തു ബഹുസ്വരതകളുടെ ഉത്സവമാഘോഷിക്കുന്ന ഉദാര മുതലാളിത്ത സംരംഭങ്ങള്‍ അതിന്റെ കേന്ദ്രത്തില്‍ ഏകസ്വരകോയ്‌മയുടെ കൊടിയടയാളം പതിച്ചിരിക്കുന്നു. നെറുകയില്‍ ചുമക്കുന്ന ഈ ഭാരം എല്ലാ വര്‍ഗ – ഗോത്ര വീര്യങ്ങളെയും നിര്‍വീര്യമാക്കാന്‍ പോന്നതാണ്‌. അതു കുടഞ്ഞെറിയാന്‍ നമ്മെത്തന്നെ പുതുക്കിയെടുക്കേണ്ട കാലത്തു നാമതു തിരിച്ചറിയുന്നുപോലുമില്ല. അമേരിക്കന്‍ വിനോദ വ്യവസായത്തിന്റെ വിസര്‍ജ്യങ്ങളാണ്‌ നമ്മുടെ രാഷ്‌ട്രീയ സാമൂഹിക വ്യവഹാരങ്ങളില്‍ തിമര്‍ത്താടുന്നത്‌. നേതാക്കള്‍ ക്ലിന്റണും മോണിക്കയും കളിക്കുകയാണ്‌. മൂലധനശക്തികള്‍ ജനങ്ങളെ ചവിട്ടിമെതിച്ചു മണ്ണില്‍താഴ്‌ത്തുമ്പോള്‍ ജനങ്ങളുടെ പ്രസ്ഥാനങ്ങളും ജനപ്രതിനിധികളും ഏതോ ആലസ്യത്തിലാണ്‌.

ഇത്തരമൊരു സാഹചര്യത്തില്‍ അമേരിക്കയില്‍നിന്നുതന്നെ എതിര്‍നീക്കങ്ങളുണ്ടാകുന്നുവെന്നത്‌ ശുഭപ്രതീക്ഷയുണ്ടാക്കുന്നു. സ്‌കോഡനെ സഹായിക്കുന്നുവെന്ന ആരോപണത്തിനു ചൈനയും റഷ്യയും ഇക്വഡോറും വിധേയമാകുമ്പോള്‍ അമേരിക്കക്കു വിധേയപ്പെടാത്ത ഒരു രാഷ്‌ട്രീയത്തിന്റെ ധ്രുവീകരണംകൂടി നമ്മെ മോഹിപ്പിക്കുന്നു.ഈ അവസരത്തിലെങ്കിലും മുതലാളിത്തത്തിന്റെ ജീര്‍ണ രാഷ്‌ട്രീയത്തോടു കണക്കുതീര്‍ക്കാന്‍ നമുക്കു കഴിയേണ്ടതുണ്ട്‌. സ്‌കോഡനെ പിന്തുണക്കുമ്പോള്‍ അത്തരമൊരു തീര്‍ച്ചയായിരിക്കും നമ്മെ നയിക്കുന്നത്‌.Image

1 അഭിപ്രായം

  1. “സ്‌കോഡനെ സഹായിക്കുന്നുവെന്ന ആരോപണത്തിനു ചൈനയും റഷ്യയും ഇക്വഡോറും വിധേയമാകുമ്പോള്‍ അമേരിക്കക്കു വിധേയപ്പെടാത്ത ഒരു രാഷ്‌ട്രീയത്തിന്റെ ധ്രുവീകരണംകൂടി നമ്മെ മോഹിപ്പിക്കുന്നു.ഈ അവസരത്തിലെങ്കിലും മുതലാളിത്തത്തിന്റെ ജീര്‍ണ രാഷ്‌ട്രീയത്തോടു കണക്കുതീര്‍ക്കാന്‍ നമുക്കു കഴിയേണ്ടതുണ്ട്‌.”-ആഗോളതലത്തില്‍ ഒരു യഥാര്‍ത്ഥ ഇടതുപക്ഷം രൂപപ്പെടുന്ന ഒരു പ്രതീതി തീര്‍ച്ചയായും സ്വാഗതം ചെയ്യേനടെത് തന്നെ….

    Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )