Article POLITICS

വിവരാവകാശവും ഇടതുപക്ഷവും

Image

നിങ്ങള്‍ക്ക്‌ കമ്യൂണിസ്റ്റുപാര്‍ട്ടിയെപ്പറ്റി ഒരു ചുക്കും അറിയുകയില്ല എന്നു സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞത്‌, ആ പാര്‍ട്ടിയുടെ വ്യതിരിക്തത ചൂണ്ടിക്കാട്ടാനാണ്‌. മുതലാളിത്ത കാലത്തെ മറ്റു രാഷ്‌ട്രീയ കക്ഷികളെപ്പോലെ, മുതലാളിത്ത സാമൂഹികക്രമത്തെ അരക്കിട്ടുറപ്പിക്കലല്ല കമ്യൂണിസ്റ്റു കക്ഷി ലക്‌ഷ്യമാക്കുന്നത്‌. ആ ക്രമം പൊളിച്ചെഴുതലാണ്‌. അതിനു സന്നദ്ധമായ രാഷ്‌ട്രീയ ദൃഢനിശ്ചയത്തോടെ പാര്‍ട്ടിയിലേക്കു കടന്നു വരുന്നവര്‍ ഒരാഭ്യന്തര അച്ചടക്കത്തിലേക്കു സ്വയം പരുവപ്പെടുത്തുന്നുണ്ട്‌. ചുറ്റുമുള്ള എല്ലാ വ്യാവഹാരിക വലയങ്ങളും മുതലാളിത്താധികാര ഘടനയുടെ ജീര്‍ണതകള്‍ പ്രസരിപ്പിക്കുന്നതും വ്യക്തിജീവിതത്തെ അതില്‍ അലിയിച്ചു ചേര്‍ക്കുന്നതുമാണ്‌. അതിനോടെല്ലാം പൊരുതിവേണം വര്‍ഗബോധനിഷ്‌ഠമായ ബദലുകള്‍ രൂപപ്പെടുത്താന്‍. അങ്ങനെയൊരു കഠിനയത്‌നത്തിലൂടെ സഞ്ചരിക്കുന്ന കമ്യൂണിസ്റ്റുകാരനെ തിരിച്ചറിയാന്‍ മുതലാളിത്ത പൊതുബോധത്തിന്റെ യുക്തികള്‍ മതിയാവുകയില്ല. ഈ അര്‍ത്ഥത്തില്‍ പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്‌താവന സ്വീകാര്യമാകേണ്ടതാണ്‌. എന്നാല്‍, മാധ്യമങ്ങളും ജനങ്ങളും പരിഹാസ്യമായ ഒരു വീരവാദമായേ അതെടുക്കുകയുണ്ടായുള്ളു. പിണറായിയുടെ പാര്‍ട്ടിയെ ഒരു കമ്യൂണിസ്റ്റു പാര്‍ട്ടിയായി കാണുന്നതെങ്ങനെ എന്ന സന്ദേഹംകൊണ്ടായിരിക്കാമത്‌.

ജനാധിപത്യം അതിന്റെ എല്ലാ പരിമിതികളുമിരിക്കെ, മുതലാളിത്ത ഘട്ടത്തിലെ ഏറ്റവും വികസിച്ച സാമൂഹിക വ്യവസ്ഥയായി ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്‌. ഓരോ വ്യക്തിയുമനുഭവിക്കുന്ന സ്വാതന്ത്ര്യബോധത്തിന്റെയും അവകാശബോധത്തിന്റെയും വളര്‍ച്ചതന്നെയാണ്‌ ഈ നിരീക്ഷണത്തിനു നിദാനം. സൂക്ഷ്‌മോദാരമായ മുതലാളിത്ത സ്വാതന്ത്ര്യത്തിന്റെ മറുവശം ശക്തിപ്പെടുന്ന മൂലധനാധികാര കേന്ദ്രീകരണമാണ്‌. പക്ഷെ, സ്വാതന്ത്ര്യത്തിന്റെ മോഹവെളിച്ചത്തില്‍ അപ്പുറത്തെ യാഥാര്‍ത്ഥ്യം മറയ്‌ക്കപ്പെട്ടിരിക്കുന്നു. ജനാധിപത്യ രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്‌ ഈ മോഹവെളിച്ചത്തില്‍ അഭിരമിക്കുകയേ വേണ്ടൂ എന്നുവരാം. എന്നാല്‍, കമ്യൂണിസ്റ്റുകാര്‍ക്ക്‌ അപ്പുറത്തെ ഇരുട്ടു കീറി യാഥാര്‍ത്ഥ്യത്തെ പുറത്തുകാണിക്കേണ്ടി വരും.

വിശ്വാസങ്ങളും ആചാരങ്ങളും കീഴ്‌ വഴക്കങ്ങളും സാധൂകരിച്ചു താങ്ങിനിര്‍ത്തുന്നത്‌ അധസ്ഥിതരെ കൂടുതല്‍ വിധേയരാക്കുന്ന സാമൂഹികക്രമത്തെയാണെന്ന്‌ അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. എങ്കിലും ഇവയുടെ നടപ്പുക്രമങ്ങള്‍ നമ്മെ അതിന്റെ ഭാഗമാക്കിത്തീര്‍ക്കുന്നു. ഭാഷയിലും ഭക്ഷണത്തിലും വേഷത്തിലും ആചാരത്തിലും ചിന്തയിലും എന്നിങ്ങനെ എല്ലായിടത്തും കൂടിക്കുഴയുകയാണ്‌ വിപ്ലവകാരിയുടെ സദാചാരവും ബൂര്‍ഷ്വാ സദാചാരവും. ഈ സങ്കടകരമായ സങ്കീര്‍ണതക്കു പ്രതിവിധി കാണാനാവുക വിമോചനോപകരണമാകുന്ന പാര്‍ട്ടിക്കാണ്‌. ബഹുജനങ്ങള്‍ക്കിടയില്‍ മത്സ്യമെന്നപോലെ കൂടിക്കലരുകയും അതേസമയം ബഹുജനങ്ങളെ മുന്നില്‍നിന്നു നയിക്കുകയും ചെയ്യുക എന്നതാണ്‌ അതിന്റെ ധര്‍മം.

ജനങ്ങളുടെ പ്രസ്ഥാനത്തിനു ജനങ്ങളില്‍നിന്നു ഒന്നും മറച്ചുവെക്കേണ്ടതില്ല. എന്നാല്‍ ജനങ്ങളെ വലയിലൊതുക്കി പിറകിലെ ഇരുട്ടില്‍ ഒളിച്ചിരിക്കുന്ന മുതലാളിത്താധികാര കോയ്‌മകളോട്‌ ഒട്ടും ഉദാരത കാണിക്കേണ്ടതുമില്ല. ജനങ്ങളുടെ അറിയാനുള്ള അവകാശം ജനാധിപത്യാവകാശമാണ്‌. ജനകീയ പ്രസ്‌ഥാനങ്ങളുടെ സമരോര്‍ജ്ജം അപഹരിക്കുന്ന കൗശലം അധികാരത്തിന്റെ മുഷ്‌കുമാണ്‌. നന്മയുടെ നിറനിലാവും തിന്മയുടെ കാകോളവും വേര്‍തിരിച്ചെടുക്കാനുള്ള സാമാന്യയുക്തിയെങ്കിലും നമുക്കു കൈമോശം വന്നുകൂടാ.

ജനങ്ങളുടെ മുന്നില്‍ വെളിപ്പെടുത്താനാവാത്ത ചിലതൊക്കെ തങ്ങള്‍ക്കുണ്ടെന്നു ആവര്‍ത്തിച്ചു പ്രഖ്യാപിക്കുംവിധമാണ്‌ നമ്മുടെ മുഖ്യധാരാ കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ പെരുമാറുന്നത്‌. ഉള്‍പാര്‍ട്ടി ചര്‍ച്ച വെളിപ്പെടുത്താനാവില്ല, പൊതു അധികാരകേന്ദ്രമെന്ന നിര്‍വ്വചനത്തില്‍ പാര്‍ട്ടി ഉള്‍പ്പെടുകയില്ല എന്നെല്ലാമുള്ള മുടന്തന്‍ ന്യായങ്ങള്‍ കേട്ടാലറിയാം,ഏതൊരു വലതുപക്ഷ പ്രസ്ഥാനത്തിനും പറയാനുള്ളതേ ഇവര്‍ക്കും പറയാനുള്ളുവെന്ന്‌. വലത്തോട്ടു വളഞ്ഞു വളഞ്ഞു ഒളിച്ചുവെക്കാന്‍ ഏറെയുണ്ട്‌ എന്നൊരവസ്ഥ വന്നു കാണണം. ജനങ്ങളുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ പകച്ചു നില്‍ക്കുന്ന പ്രസ്ഥാനത്തിനു അധികാരശക്തിയോടു പൊരുതാനാവില്ല. സാമ്രാജ്യത്വ ഏജന്‍സികളുമായും കോര്‍പറേറ്റു ഭീമന്മാരുമായും മത�സാമുദായിക പിന്തിരിപ്പന്മാരുമായും അധോലോക-ക്വട്ടേഷന്‍ ചട്ടമ്പികളുമായും സഖ്യം പുലര്‍ത്തുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കു ഭയം കാണും. ജനങ്ങളെ ഭയം. മൂലധനാധികാരത്തിന്റെ സഖ്യ ശക്തികളാണവര്‍.

ജനാധിപത്യത്തിന്റെ മുതലാളിത്താധികാര ജീര്‍ണതകള്‍ക്കാകെയും വഴങ്ങി, ആഗോളവല്‍ക്കരണ നയ സമീപനങ്ങളുടെ നടത്തിപ്പുകാരാകുന്ന ഇടതുപക്ഷത്തിനു മുതലാളിത്താധികാരികളില്‍നിന്നല്ല മറച്ചുവെക്കാനുണ്ടാവുക: ജനങ്ങളില്‍നിന്നാണ്‌. ജനകീയ ഇടതുപക്ഷത്തിനാകട്ടെ, മൂലധനാധികാരത്തിനു മുന്നില്‍ അവരുടെ സംശയം തീര്‍ത്ത്‌ നട്ടെല്ലു കുനിച്ചു നില്‍ക്കാന്‍ ബാധ്യതയില്ല. ജനങ്ങള്‍ക്കുമുന്നിലാകട്ടെ, നഗ്നമാവുകയുമാവാം.

5 അഭിപ്രായങ്ങള്‍

  1. വിവരാവകാശനിയമതിനുള്ളില്‍ പാര്‍ട്ടി വരുന്നതിനെ പേടിക്കുന്നത് എന്തിനെന്നു മനസ്സിലാകുന്നില്ല..എത്ര വലിയ രഹസ്യസ്വഭാവം വച്ച് പുലര്‍ത്തുന്ന രേഖകളും പുതിയ സാങ്കേതികവിദ്യയുടെ മുന്നില്‍ നിഷ്പ്രഭമാകുന്നു…

    Like

  2. ഒരു രാഷ്ട്രീയ കക്ഷിയുടെ ഉള്‍പാര്‍ട്ടി ചര്‍ച്ചകളും ആഭ്യന്തര സംഘടനാ കാര്യങ്ങളിലെ തീരുമാനങ്ങളും ആ പാര്‍ട്ടിയിലെ അംഗങ്ങള്‍ക്ക് മാത്രമേ അറിയണമെന്ന് അവകാശപ്പെടാനാവൂ.. ഒരു കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള തീരുമാനം ഒരു കൊണ്ഗ്രെസ്സുകാരാണോ ബി ജെ പി ക്കാരനോ അറിയണമെന്ന് പറയുന്നതിലെ യുക്തി എന്താണ്…പ്രത്യേകിച്ച് വീറും വാശിയുമേറിയ തെരഞ്ഞെടുപ്പ്‌ നടക്കുന്ന ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്‌…..

    Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )